അവനോട് കൂട്ടായ്മ ഉണ്ട് എന്ന് പറയുകയും ഇരുട്ടില്‍ നടക്കുകയും ചെയ്താല്‍ നാം ഭോഷ്കു പറയുന്നു. സത്യം പ്രവര്‍ത്തിക്കുന്നതുമില്ല. (1 യോഹന്നാന്‍ 1:6)
കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരും രക്ഷിക്കപെട്ടവരാണോ? ഈ ചോദ്യം വിവാദപരമാണെന്ന് എനിക്കറിയാം. എങ്കിലും ഇത് അനേകരുടെ രക്ഷയെക്കുറിച്ചായതുകൊണ്ടാണ് ഞാന്‍ ചോദിക്കുന്നത്. കാരണം യഥാര്‍ത്ഥ വിശ്വാസമായി തോന്നുമെങ്കിലും വഞ്ചിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്ന വ്യാജ വിശ്വാസവും ഉണ്ടെന്ന് ബൈബിള്‍ മുന്നറിയിപ്പ് നല്‍കുന്നു. “കര്‍ത്താവേ, കര്‍ത്താവേ” എന്ന് പറയുന്ന എല്ലാവരും സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ലെന്നും, പലരെയും പഠിപ്പിക്കുന്നവര്‍ വിശ്വാസം വിട്ട് ഉഴലാന്‍ സാധ്യത യുണ്ടെന്നും, അവന്‍റെ നാമത്തില്‍ പ്രവചിക്കുന്നതും, ഭൂതങ്ങളെ പുറത്താക്കുന്നതും, നിരവധി അത്ഭുതങ്ങള്‍ ചെയ്യുന്നതും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനുള്ള യോഗ്യതകളല്ലെന്ന് ബൈബിള്‍ സ്ഥിരീകരിക്കുന്നു.
അതിനാല്‍ വിശ്വസിക്കുന്നത് യേശുവിലാണെങ്കിലും രക്ഷിക്കുന്നതും രക്ഷിക്കാത്തതും എന്നിങ്ങനെ രണ്ട് തരത്തിലുള്ള വിശ്വാസമുണ്ടെന്ന് നാം മനസ്സിലാക്കണം. എല്ലാ വിശ്വാസവും രക്ഷയിലേയ്ക്ക് നയിക്കുന്നില്ല. ഗേഹസി, യൂദാസ്, ദേമാസ് എന്നിവരെല്ലാം ഒരുകാലത്ത് വിശ്വാസികളായിരുന്നു. ഇന്ന് സഭകളിലും അത്തരം വ്യാജ വിശ്വാസികള്‍ക്ക് ഒരു കുറവുമില്ല.
വ്യാജം എന്നാല്‍ യഥാര്‍ത്ഥമായതിനോട് സാമ്യമുള്ളതും വഞ്ചിക്കുന്നതുമായത് എന്നാണ് അര്‍ത്ഥം. ഈ വ്യാജ വിശ്വാസത്തിന് യഥാര്‍ത്ഥ വിശ്വാസവുമായി നിരവധി സാമ്യങ്ങളുണ്ട്. ഈ സാമ്യങ്ങളാണ് വിശ്വാസം യഥാര്‍ത്ഥമാണെന്ന് ചിന്തിക്കത്തക്കവണ്ണം നമ്മെ ഭ്രമിപ്പിക്കുന്നത്. അതിനാല്‍ ആ സാമ്യങ്ങള്‍ എന്താണെന്ന് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്.
ഞാന്‍ ദൈവത്തിന്‍റെ നാമത്തില്‍ വിശ്വസിച്ചതുകൊണ്ട് ഞാന്‍ അവന്‍റെ മകനാണ് (യോഹന്നാന് 1:12) എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? പലരും അവന്‍റെ (യേശുവിന്‍റെ) നാമത്തില്‍ വിശ്വസിച്ചു, പക്ഷെ അവന്‍ (യേശു) അവരെ വിശ്വസിച്ചില്ല , കാരണം അവന്‍ അവരുടെ ഹൃദയങ്ങളെ അറിഞ്ഞിരുന്നു എന്ന് യോഹന്നാന്‍ 2:23,24 ല്‍ നാം വായിക്കുന്നു. അവര്‍ വിശ്വസിച്ചു,പക്ഷെ അവന് അവരുടെ വിശ്വാസത്തില്‍ വിശ്വാസമില്ലായിരുന്നു. അതുപോലെ നാം വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുമ്പോള്‍ പോലും നമ്മെ വിശ്വസിക്കുന്നതില്‍ നിന്ന് അവനെ തടയുന്ന പലതും നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്.
എന്നാല്‍ ഞാന്‍ കേട്ടതിലൂടെ വിശ്വസിച്ചു എന്ന് താങ്കള്‍ പറയുമായിരിക്കും(റോമര്‍ 10 :17). വിത്തിന്‍റെ ഉപമയില്‍ ഒരു മനുഷ്യനെ പാറയില്‍ വീണ വിത്തിനോട് ഉപമിച്ചു പറയുന്നുണ്ട്. വചനം കേട്ടതിലൂടെ വിശ്വസിച്ചു എന്നിരുന്നാലും, പരീക്ഷ സമയങ്ങളില്‍ മങ്ങിപ്പോകുന്ന തരത്തിലുള്ള വിശ്വാസമായിരുന്നു അവന്‍റെത്. അത് അവസാനം വരെ നിലനില്‍ക്കുന്ന വിശ്വാസമായിരുന്നില്ല. (മത്തായി 13: 20,21)
കര്‍ത്താവില്‍ എനിക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം ഉണ്ട്. ഇത് യഥാര്‍ത്ഥ രക്ഷയുടെ തെളിവല്ലേ? (റോമര്‍ 14 :17) എന്ന് നിങ്ങള്‍ ചോദിച്ചേക്കാം . എന്നാല്‍ , പാറയോട് ഉപമിക്കപ്പെട്ട വ്യക്തിയെക്കുറിച്ചു പോലും വചനം കേട്ടപ്പോള്‍ ഉടനെ സന്തോഷത്തോടെ സ്വീകരിച്ചുവെന്ന് എഴുതിയിരിക്കുന്നു . നമ്മുടെ വികാരങ്ങള്‍ രക്ഷയുടെ തെളിവുകളാവില്ല.
“പരിശുദ്ധാത്മാവിൽ ഞാന്‍ പങ്കാളിയാണെന്ന് എനിക്കറിയാം അതുകൊണ്ട് ഞാൻ യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ടിരിക്കുന്നു” എന്ന് പറയുന്നതിലൂടെ നിങ്ങൾക്ക് ആശ്വാസം ലഭിക്കുന്നുണ്ടോ? എങ്കില്‍ പരിശുദ്ധാത്മാവിൽ പങ്കാളികളായതിനുശേഷം, വീണുപോകുകയും വീണ്ടും മാനസാന്തരപ്പെടാൻ കഴിയാതിരിക്കുകയും ചെയ്യുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പ് ഓർമ്മിക്കുക (എബ്രായർ 6:4-6).
‘കർത്താവിന്‍റെ രണ്ടാം വരവിനായി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ, അതിനാൽ എനിക്ക് ഭയമില്ല’ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? മണവാളനെ കാത്തിരുന്ന അഞ്ച് ബുദ്ധിയുള്ള കന്യകമാരോടൊപ്പം, ഒടുവില്‍ ഉപേക്ഷിക്കപ്പെട്ട അഞ്ച് ബുദ്ധിയില്ലാത്ത കന്യകമാരും ഉണ്ടായിരുന്നുവെന്നത് മറക്കരുത് (മത്തായി 25:1-12, ആമോസ് 5:18).
യഥാർത്ഥ വിശ്വാസത്തിന്‍റെ ഈ അഞ്ച് സവിശേഷതകൾ പലപ്പോഴും വ്യാജ വിശ്വാസത്തിലും കാണപ്പെടുന്നുവെന്ന് തിരുവെഴുത്ത് മുന്നറിയിപ്പ് നൽകുന്നു. രണ്ടുകൂട്ടരും യേശുവിന്‍റെ നാമത്തിൽ വിശ്വസിച്ചവരും രണ്ടുകൂട്ടരും വചനം കേട്ടതിലൂടെ വിശ്വസിച്ചവരുമാണ്. രണ്ടുകൂട്ടരും സന്തോഷിച്ചു എന്നും, രണ്ടുകൂട്ടരും പരിശുദ്ധാത്മാവിൽ പങ്കാളികളാണ് എന്നും, രണ്ടു കൂട്ടരും കർത്താവിന്‍റെ രണ്ടാം വരവിനായി കാത്തിരിക്കുന്നതായി നാം കാണുന്നു.
ഇത്രയധികം സമാനതകൾ ഉള്ളപ്പോൾ, നമുക്കുള്ളത് യഥാർത്ഥ വിശ്വാസമാണോ അതോ തെറ്റായ വിശ്വാസമാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും?
അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. യഥാർത്ഥ വിശ്വാസവും തെറ്റായ വിശ്വാസവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത് നമ്മെ ആത്മപരിശോധന ചെയ്യുന്നത് സുലഭമാക്കുന്നു. അതിനാൽ ആ വ്യത്യാസം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ടതുണ്ട്.
ഒരു വ്യാജ വിശ്വാസി തന്നെ നരകത്തിൽ നിന്ന് രക്ഷിക്കുന്ന ഒരു രക്ഷകനെ ആഗ്രഹിക്കുന്നു. എന്നാൽ തിരുവെഴുത്തുകൾ യേശുവിനെ എന്തിൽ നിന്ന് രക്ഷിക്കുന്ന ഒരു രക്ഷകനായി അവതരിപ്പിക്കുന്നു? തിരുവെഴുത്തുകൾ യേശുവിനെ തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കുന്ന ഒരു രക്ഷകനായി അവതരിപ്പിക്കുന്നു (മത്തായി 1:21). യേശു നിങ്ങളെ യഥാർത്ഥത്തിൽ രക്ഷിക്കുന്നുവെങ്കിൽ, അവൻ നിങ്ങളെ നിങ്ങളുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും. പാപത്തിന്‍റെ മാലിന്യത്തിൽ നിന്നും, പാപത്തിന്‍റെ അടിമത്തത്തിൽ നിന്നും, പാപത്തിന്‍റെ ആധിപത്യത്തിൽ നിന്നും, അതിനാൽ പാപത്തിന്‍റെ ശിക്ഷയിൽ നിന്നും, അതായത് നരകത്തിൽ നിന്നും അവൻ നിങ്ങളെ രക്ഷിക്കും. എന്നാൽ പാപത്തിന്‍റെ ശിക്ഷയിൽ നിന്ന് മാത്രം രക്ഷിക്കുകയും പാപത്തിന്‍റെ മാലിന്യത്തിൽ തുടരാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു രക്ഷ ബൈബിൾ പഠിപ്പിക്കുന്നില്ല. നിങ്ങളുടെ പാപങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്ന രക്ഷകനാണ് യേശുക്രിസ്തു. യേശു നിങ്ങളെ രക്ഷിക്കുകയും പാപത്തിൽ തുടരാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നതിന്‍റെ അർത്ഥം യേശു ദൈവത്തിനെതിരായ നിങ്ങളുടെ മത്സരത്തിൽ നിങ്ങളോടൊപ്പം ചേരുന്നു എന്നാണ്. അത്തരം ദൈവദൂഷണം നമ്മിൽ നിന്ന് വളരെ ദൂരെയായിപോകട്ടെ. യേശു പാപത്തിന്‍റെ ശുശ്രൂഷകനല്ല.
യേശു നിങ്ങളെ പാപങ്ങളിൽ നിന്ന് രക്ഷിച്ചിട്ടുണ്ടോ? പാപത്തോടുള്ള നിങ്ങളുടെ മനോഭാവം മാറിയിട്ടുണ്ടോ? എല്ലാ പാപങ്ങളെയും വെറുക്കുന്ന ഒരു മാനസികാവസ്ഥ നിങ്ങളിൽ ഉരുവായിട്ടുണ്ടോ, അത് ചില കാര്യങ്ങൾ ചെയ്യുന്നത് നിർത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് ദൈവം സ്നേഹിക്കുന്നതിനെ സ്നേഹിക്കുകയും അവൻ വെറുക്കുന്നതിനെ വെറുക്കുകയും ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? രക്ഷിക്കപ്പെട്ടവർക്ക് പാപം ചെയ്യാൻ കഴിയില്ലെന്ന് ഞാൻ പറയുന്നില്ല (1 യോഹന്നാൻ 1:8). എന്നാൽ മനഃപൂർവ്വം പാപം ചെയ്യുകയും ആ അവസ്ഥയിൽ തുടരുകയും ചെയ്യുന്നവർക്ക് രക്ഷ എന്താണെന്ന് അറിയില്ല (1 യോഹന്നാൻ 3:9).
‘രക്ഷ കൃപയാലാണെന്നും വിശ്വാസത്താലാണെന്നും പ്രവൃത്തികളാലല്ലെന്നും (എഫെസ്യർ 2:8-9) നിങ്ങൾ പറഞ്ഞേക്കാം, പിന്നെ എന്തിനാണ് നമ്മൾ പാപത്തിൽ തുടർന്നാൽ രക്ഷയില്ലെന്ന് ചിന്തിക്കുന്നത് ?’ രക്ഷ എങ്ങനെ വരുന്നു എന്നതിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്, രക്ഷ വരുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് ഞാൻ പറയുന്നത്. (എഫെസ്യർ 2:10). രക്ഷ പ്രവൃത്തികളാൽ വരുന്നില്ല, മറിച്ച് പ്രവൃത്തികൾ രക്ഷയാൽ വരുന്നു (തീത്തോസ് 2:14). നല്ല പ്രവൃത്തികൾ നമ്മുടെ രക്ഷയുടെ ഉറവിടമല്ല. രക്ഷിക്കുന്ന വിശ്വാസം മരിച്ചതല്ല, മറിച്ച് പ്രവൃത്തികളാൽ അതിന്‍റെ അസ്തിത്വം തെളിയിക്കപ്പെടുന്നു. (യാക്കോബ് 2:14-19). രക്ഷ സൗജന്യമാണ്, നമ്മൾ അത് വെറുംകൈയോടെ സ്വീകരിക്കണം. പാപത്തെയും സ്വയത്തെയും ലോകത്തെയും ത്യജിക്കാത്ത കൈകളാൽ രക്ഷ സ്വീകരിക്കാൻ കഴിയില്ല. നമ്മൾ വെളിച്ചത്തിൽ നിന്നുള്ളവരാണെങ്കിൽ, വെളിച്ചത്തിന്‍റെ ഫലങ്ങൾ നമ്മിൽ ദൃശ്യമാകും (എഫെസ്യർ 5:8-14). അപ്പോൾ നമ്മൾ ലോകത്തിന് ഒരു വെളിച്ചമായിരിക്കും, വെളിച്ചമുള്ളവരോടൊപ്പം നമുക്ക് സ്ഥിരമായ ഒരു വാസസ്ഥലം ലഭിക്കും. അത്തരം ഉറപ്പ് നൽകാൻ കഴിയുന്ന ഒരു വിശുദ്ധ ജീവിതം ദൈവം നമുക്കെല്ലാവർക്കും നൽകട്ടെ, ആമേൻ.
Copyright Notice
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.