യഥാർത്ഥ ക്രിസ്തീയ ജീവിതം

രചയിതാവ്.: ആര്‍ധര്‍ ഡബ്ലു പിങ്ക്
വിവർത്തനം: ഷിബു ബാബു &ഷൈനി

 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: ഒരുത്തൻ എന്‍റെ   പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്, തന്‍റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ.” (മത്തായി 16:24 )

പിന്നെ യേശു ശിഷ്യന്മാരോട്  "ഒരുത്തൻ എന്‍റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ", ഇവിടെ "ഇച്ഛിക്കുക" എന്ന വാക്ക് ദൃഢനിശ്ചയത്തെ സൂചിപ്പിക്കുന്നു.  “തന്നെത്താൻ ത്യജിച്ച് തന്‍റെ ക്രൂശ് എടുത്ത്.. (ക്രൂശ് എന്നല്ല “തന്‍റെ ക്രൂശ്”) എന്നെ അനുഗമിക്കട്ടെ”. അതുപോലെ ലൂക്കൊസ് 14:27-ൽ “തന്‍റെ ക്രൂശ് എടുത്തുകൊണ്ട് എന്‍റെ പിന്നാലെ വരാത്തവനും എന്‍റെ ശിഷ്യനായിരിപ്പാൻ കഴികയില്ല” എന്നും ക്രിസ്തു അരുളിച്ചെയ്തു. അതുകൊണ്ട് നമ്മുടെ ഇഷ്ടാനുസാരം ചെയ്യേണ്ട ഒരു കാര്യമല്ല ഇത്. മറിച്ച്, ക്രിസ്തീയ ശിഷ്യത്വത്തില്‍ നിശ്ചയമായും പാലിക്കേണ്ട ഒന്നാണ്. ക്രിസ്തീയത എന്നത് ഒരു സത്യം അംഗീകരിക്കുന്നതോ, ഒരു കൂട്ടം നിയമങ്ങൾ പാലിക്കുന്നതോ, ഒരു മതം പിന്തുടരുന്നതോ അല്ല; അതിലും അപ്പുറമാണ്. ഒന്നാമതായി, ക്രിസ്തീയ ജീവിതം എന്നത് ഒരു വ്യക്തിയുടെ ക്രിസ്തുവുമായുള്ള കൂട്ടായ്മയാണ്. അതിനാൽ നിങ്ങൾക്ക് ക്രിസ്തുവുമായി എത്രത്തോളം അടുത്ത ബന്ധം ഉണ്ടോ അത്രത്തോളം നിങ്ങൾ ഒരു ക്രിസ്ത്യാനിയാണ്!

ക്രിസ്തീയ ജീവിതം യേശുവിനെ അനുഗമിക്കുന്ന ജീവിതമാണ്. “ആരെങ്കിലും എന്നെ അനുഗമിക്കാൻ ഇച്ഛിച്ചാൽ, അവൻ തന്നെത്താൻ ത്യജിച്ച്, തന്‍റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ.” ക്രിസ്തുവിനോടൊപ്പമുള്ള നമ്മുടെ നടപ്പിൽ നാം വളരുന്നവർ ആകാം. “കുഞ്ഞാട് പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു”, എന്ന് തിരുവെഴുത്തുകളിൽ ചിലരെ വിശേഷിപ്പിച്ചിട്ടുണ്ട് (വെളിപ്പാട് 14:4), എന്നാൽ ഏറ്റവും ദുഃഖകരമായ കാര്യം, അപൂർണ്ണമായ ഹൃദയത്തോടെ, ഇടയ്ക്കിടെ, ഇവിടെയും അവിടെയും, ആലോചനയില്ലാതെ, അകലത്തില്‍  കർത്താവിനെ അനുഗമിക്കുന്ന മറ്റു ചിലരും ഉണ്ട് എന്നതാണ്. അവർ കർത്താവിനെ പിന്തുടരുന്നതായി നമുക്ക് തോന്നുന്നു. എന്നാല്‍ തങ്ങളുടെ ജീവിതത്തിൽ സ്വയത്തിനും ലോകത്തിനും കൂടുതൽ സ്ഥാനം നൽകുകയും ക്രിസ്തുവിന് കുറച്ച് സ്ഥാനം നൽകുകയും ചെയ്യുന്നു. എന്നാൽ കാലേബിനെപ്പോലെ, കർത്താവിനെ “പൂർണ്ണഹൃദയത്തോടെ” (സംഖ്യാ. 14:24) പിന്തുടരുന്നവർ പൂർണ്ണമായ സന്തോഷം കണ്ടെത്തകയും ചെയ്യും.

അതുകൊണ്ട് പ്രിയമുള്ളവരേ, ക്രിസ്തുവിനെ അനുഗമിക്കുക എന്നതായിരിക്കണം നമ്മുടെ പ്രധാന ലക്ഷ്യം. എന്നാൽ ഈ പാതയിൽ പ്രയാസങ്ങളുണ്ട്, ഈ പാതയിൽ തടസ്സങ്ങളുണ്ട്. തുടക്കത്തിൽ നമ്മൾ വായിച്ച വാക്യത്തിന്‍റെ ആദ്യ ഭാഗം ഇതാണ് നമ്മോട് പറയുന്നത്. "എന്നെ അനുഗമിക്കുക" എന്ന വാക്ക് ആ വാക്യത്തിന്‍റെ അവസാനം ആണ് ഉള്ളത് എന്ന് ശ്രദ്ധിക്കുക. അവനെ പിന്തുടരുന്നതിൽ ‘സ്വയം’ ഒരു തടസ്സമായി നിൽക്കുന്നു. ലോകം എണ്ണമറ്റ ആകർഷണങ്ങളും പ്രതി ബന്ധങ്ങളും കൊണ്ട് ശക്തമായി നമ്മെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് ക്രിസ്തു പറയുന്നത്, “ആരെങ്കിലും എന്‍റെ പിന്നാലെ വരുവാൻ ഇച്ഛിക്കുന്നുവെങ്കിൽ, അവൻ (ആദ്യമായി ) തന്നെത്താൻ ത്യജിച്ച്, (രണ്ടാമതായി) തന്‍റെ ക്രൂശ് എടുത്ത്, (മൂന്നാമതായി) എന്നെ അനുഗമിക്കട്ടെ.” ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെടുന്നവരിൽ ചുരുക്കം ചിലർ മാത്രം അവനെ അടുത്തും, വ്യക്തമായും, ഏകമനസ്സോടെയും പിന്തുടരുന്നതിനുള്ള കാരണം ഇവിടെ നമുക്ക് കാണാൻ കഴിയും. ക്രിസ്തുവിനെ അനുഗമിക്കുന്നതിനുള്ള ആദ്യപടി എല്ലാ ദിവസവും തന്നെത്താൻ (സ്വയത്തെ, സ്വാർത്ഥതയെ) ത്യജിക്കുക എന്നതാണ്.

‘സ്വയം ത്യജിക്കലും’ ‘തന്നെത്താൻ ത്യജിക്കലും’ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ‘സ്വയം ത്യജിക്കുക’ എന്നാൽ ‘തനിക്ക് ഇഷ്ടമുള്ളത് ഉപേക്ഷിക്കുക’ എന്നാണ് ലോകത്തിലും ക്രിസ്ത്യാനികള്‍ക്കിടയിലും പൊതുവെ കരുതപ്പെടുന്നത്. എന്നാൽ എന്ത് ഉപേക്ഷിക്കണം എന്നതിനെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ചിലർ ഈ 'ഉപേക്ഷിക്കലിനെ' ,  സിനിമകൾ,  അക്രമാസക്തമായ ഗെയിമുകൾ, ചൂതാട്ടം തുടങ്ങിയ ലൗകിക കാര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുന്നു. മറ്റു ചിലർ വർഷത്തിലെ ഒരു പ്രത്യേക സമയത്ത് (ഉദാഹരണത്തിന്, നോമ്പ് കാലം Lent Days) ചില ആനന്ദങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ‘സ്വയം ത്യജിക്കലാ’യി കണക്കാക്കുന്നു.  എന്നാൽ, ഈ നിയന്ത്രണങ്ങളും, രീതികളും ആത്മീയ അഹങ്കാരം വളർത്തുക മാത്രമാണ് ചെയ്യുന്നത്. ഇത്രയും കാര്യങ്ങൾ ഞാൻ ത്യജിച്ചതിന് എനിക്ക് അംഗീകാരം ലഭിക്കണം എന്ന മനോഭാവം അവ സൃഷ്ടിക്കുന്നു. എന്നാല്‍, ക്രിസ്തു തന്നെ അനുഗമിക്കുന്നതിനായി നിശ്ചയിച്ച ആദ്യത്തെ നിയമം, ഒരു വ്യക്തി സ്വയം ചില ആഗ്രഹങ്ങൾ ഉപേക്ഷിക്കുക മാത്രമല്ല, സ്വയത്തെ തന്നെ ത്യജിക്കുക എന്നതാണ്,  അതായത്, സ്വന്തം ഇഷ്ടങ്ങൾ ഉപേക്ഷിക്കുക എന്നല്ല, തന്നെത്തന്നെ ത്യജിക്കുക എന്നാണ്.

“ആരെങ്കിലും എന്‍റെ പിന്നാലെ വരുവാൻ ഇച്ഛിക്കുന്നുവെങ്കിൽ, അവൻ തന്നെത്താൻ ത്യജിക്കട്ടെ” എന്ന വാക്കുകളുടെ അർത്ഥമെന്താണ്? ഒന്നാമതായി, ആ വ്യക്തി സ്വനീതിയെ ത്യജിക്കട്ടെ എന്നതാണ് ഇതിനർത്ഥം. എന്നാൽ ഈ വാക്കുകൾ ഈ അർത്ഥത്തിൽ മാത്രം ഒതുങ്ങുന്നില്ല. അവയ്ക്ക് പിന്നിൽ ആഴത്തിലുള്ള ഒരു അർത്ഥമുണ്ട്. ഇത് അവയുടെ പ്രാഥമിക ഉദ്ദേശം മാത്രമാണ്. എന്‍റെ സ്വന്തം അറിവിൽ ആശ്രയിക്കാൻ വിസമ്മതിക്കുക എന്നതാണ് ഇതിനുള്ള മറ്റൊരർത്ഥം. എന്‍റെ  സ്വന്തം അവകാശങ്ങളിൽ ആശ്രയിക്കുന്നത് ഉപേക്ഷിക്കുക എന്നും കൂടെ ഇതിനർത്ഥമുണ്ട്. അതായത് സ്വയത്തെ സ്വയം ത്യജിക്കുക എന്നതാണ് ഇതിന്‍റെ അര്‍ത്ഥം.  നമ്മുടെ സുഖസൗകര്യങ്ങൾ, ആനന്ദങ്ങൾ, ആഗ്രഹങ്ങൾ, പദവി, സ്വാർത്ഥതാൽപ്പര്യങ്ങൾ എന്നിവയെക്കുറിച്ച് ചിന്തിക്കുന്നത് ഉപേക്ഷിക്കുക. ചുരുക്കത്തിൽ പറഞ്ഞാല്‍, സ്വയത്തെ പൂർണ്ണമായും ത്യജിക്കുക എന്നതാണ് ഇതിനർത്ഥം.

അതായത്, പ്രിയമുള്ളവരേ! എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും, മരിക്കുന്നത് ലാഭവും (ഫിലിപ്പിയർ 1:21) എന്ന് നമുക്കും അപ്പോസ്തലനോട് ചേര്‍ന്ന് പറയാന്‍ സാധിക്കണം. “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവാണ്” എന്നതുകൊണ്ട്, ക്രിസ്തുവിനെ അനുസരിക്കുക, ക്രിസ്തുവിനെ സേവിക്കുക, ക്രിസ്തുവിനെ ബഹുമാനിക്കുക, ക്രിസ്തുവിന് തന്നെത്തന്നെ സമർപ്പിക്കുക എന്നോക്കെയാണ് അർത്ഥമാക്കുന്നത്. മാത്രമല്ല,  “ആരെങ്കിലും എന്‍റെ  പിന്നാലെ വരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്താൻ ത്യജിക്കണം” എന്ന് കര്‍ത്താവ് പറയുന്നു. അവൻ സ്വയത്തെ ത്യജിച്ചു കൊണ്ട് അതിനെ പൂർണ്ണമായും ഉപേക്ഷിക്കണം. റോമർ 12:1-ൽ, ഇതേ വിഷയത്തെ മറ്റൊരു വിധത്തിൽ പറഞ്ഞിരിക്കുന്നു: “നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള  യാഗമായി സമർപ്പിപ്പിൻ ” എന്ന് ഇവിടെ നമുക്ക് കാണുവാന്‍ സാധിക്കും.  

രണ്ടാമതായി, ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ "ക്രൂശ് എടുക്കൽ" എന്നത് അത്യാവശ്യമാണ്. ക്രിസ്തീയ ജീവിതം ഉത്തരവാദിത്തമില്ലാത്ത ഒരു ആഡംബര ജീവിതമല്ല. അത് വളരെ ഗൗരവമേറിയ ഒരു പ്രതിബദ്ധതയാണ്. അത് അച്ചടക്കത്തിന്‍റെയും ത്യാഗത്തിന്‍റെയും ജീവിതമാണ്. ശിഷ്യത്വത്തിന്‍റെ  ജീവിതം ആത്മത്യാഗത്തോടെ ആരംഭിച്ച് സ്വാർത്ഥതയെ അവസാനിപ്പിക്കുന്നതു വരെ തുടരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ വാക്യം കുരിശിനെ ഒരു വിഗ്രഹമായിട്ടല്ല, മറിച്ച് ജീവിതത്തിന്‍റെ മൂലതത്വമായും, ശിഷ്യത്വത്തിന്‍റെ  പ്രതീകമായും, ഒരു ആത്മീയ അനുഭവമായും ചിത്രീകരിക്കുന്നു. ക്രിസ്തു കുരിശിലൂടെ ആണ് പിതാവിന്‍റെ  സിംഹാസനത്തിലേക്ക് ആരോഹണം ചെയ്തത് എന്നത് എത്ര വാസ്തവമാണോ,  ഒരു ക്രിസ്ത്യാനിക്ക് ദൈവവുമായി കൂട്ടായ്മയിൽ നടക്കാനും  ഒടുവിൽ കിരീടം പ്രാപിക്കാനുമുള്ള വഴി കുരിശാണെന്നതും അതുപോലെ വാസ്തവമായ കാര്യമാണ്.  വിശ്വാസത്തിലൂടെ പാപമോചനം പ്രാപിക്കുമ്പോഴാണ് ക്രിസ്തുവിന്‍റെ  ബലിമരണത്തിലൂടെയുള്ള  നിയമപരമായ പ്രയോജനങ്ങൾ നമുക്ക് ലഭ്യമാകുന്നതെങ്കിലും,  ക്രൂശ് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു അനുഭവമായി മാറുമ്പോഴാണ്,  അത് പാപസ്വഭാവത്തിന്മേൽ നമുക്ക് വിജയം നേടിത്തരുന്നത്.

ഈ വാക്യത്തിന്‍റെ  സന്ദർഭം മനസ്സിലാക്കാൻ നമുക്ക് മത്തായി 16:21-22 വായിക്കാം: “അന്നുമുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ട്, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും വേണ്ടത് എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചുതുടങ്ങി.  പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അത് അരുതേ; നിനക്ക് അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.” പത്രോസ് വിറച്ചു കൊണ്ട്, “കർത്താവേ, നീ നിന്നോടുതന്നെ കരുണ കാണിയ്ക്കൂ “എന്നതു പോലെ സംസാരിക്കുന്നു. പക്ഷേ അതൊരു ലൗകിക ചിന്തയാണ്. ലൗകിക തത്ത്വചിന്തയുടെ സാരാംശം സ്വയസംരക്ഷണവും സ്വയസംതൃപ്തിയുമാണ്. എന്നാൽ സ്വയസംരക്ഷണമല്ല, സ്വയത്യാഗമാണ് ക്രിസ്തുവിന്‍റെ  സന്ദേശത്തിന്‍റെ കാതൽ. പത്രോസ് നൽകിയ ഈ ഉപദേശത്തിൽ സാത്താന്‍റെ  പ്രലോഭനം ക്രിസ്തു വ്യക്തമായി കണ്ടു, അതുകൊണ്ട് അവനെ അവൻ ശാസിച്ചു. പിന്നെ അവൻ തന്‍റെ  ശിഷ്യന്മാരിലേക്ക് തിരിഞ്ഞു, " ഒരുത്തന്‍ എന്‍റെ പിന്നാലെ വരുവാന്‍ ഇച്ചിച്ചാല്‍,  തന്നെത്താൻ ത്യജിച്ച്, തന്‍റെ  ക്രൂശെടുത്ത് എന്നെ അനുഗമിക്കട്ടെ" എന്ന്  പറഞ്ഞു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ വാക്കുകളുടെ സാരാംശം ഇതാണ്: ഞാൻ ക്രൂശിക്കപ്പെടാൻ യെരൂശലേമിലേക്ക് പോകുന്നു. എന്നെ അനുഗമിക്കുന്നവനും ഒരു കുരിശുണ്ട്. അതുകൊണ്ട്, ലൂക്കോസ് 14:27-ൽ പറയുന്നതുപോലെ, “തന്‍റെ  ക്രൂശ് എടുത്തു കൊണ്ട് എന്നെ അനുഗമിക്കാത്തവന് എന്‍റെ ശിഷ്യനായിരിപ്പാൻ കഴിയില്ല.” എന്ന് ക്രിസ്തു പറയുന്നു. അവൻ കുരിശു ചുമന്നു കൊണ്ട് യെരുശലേമിൽ പോയി മരിക്കേണ്ടത് എത്രത്തോളം അത്യാവശ്യമാണോ അതുപോലെ തന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവരും തങ്ങളുടെ കുരിശ് എടുക്കേണ്ടത് അത്യാവശ്യമാണ്. (ഈ ‘ആവശ്യകത’ ആദ്യ (ക്രിസ്തു )വിഷയത്തിലും രണ്ടാമത്തേതിലും (അനുഗമിക്കുന്നവർ)  ഒരുപോലെ ആവശ്യമാണ്). മധ്യസ്ഥത വിഷയത്തിൽ ക്രിസ്തു മാത്രമാണ് കുരിശ് അനുഭവിച്ചതെങ്കിലും, നിത്യജീവനിലേക്ക് പ്രവേശിക്കുന്ന എല്ലാവരും അനുഭവപരമായി അതിൽ പങ്കുചേരുന്നു. അപ്പോൾ കുരിശ് എന്തിനെയാണ് സൂചിപ്പിക്കുന്നത്?  “ആരെങ്കിലും എന്നെ അനുഗമിക്കാൻ ഇച്ഛിച്ചാൽ തന്‍റെ കുരിശ് എടുത്തു കൊണ്ട്” എന്ന് പറഞ്ഞപ്പോൾ ക്രിസ്തു എന്താണ് ഉദ്ദേശിച്ചത്?  പ്രിയപ്പെട്ടവരേ, ഇന്ന് നമ്മൾ ഈ ചോദ്യം ചോദിക്കേണ്ടി വരുന്നത് എത്ര ദുഃഖകരമാണ്! “കുരിശ്” എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതിനെക്കുറിച്ച് ദൈവമക്കളിൽ പലർക്കും വചനപ്രകാരമുള്ള ഗ്രാഹ്യമില്ലെന്നത് അതിലും ദുഃഖകരമാണ്. ഈ വാക്യത്തിലെ “കുരിശ്” എന്നത് താൻ നേരിടേണ്ടിവരുന്ന എല്ലാത്തരം കഷ്ടങ്ങളെയും പരീക്ഷകളെയും  സൂചിപ്പിക്കുന്നുവെന്ന് ഒരു സാധാരണ ക്രിസ്ത്യാനി കരുത്തുന്നു. സമാധാനം കെടുത്തുന്ന വിഷയങ്ങൾ, ശരീരത്തിന് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ,  മനസ്സിനെ അസ്വസ്ഥമാക്കുന്ന എന്തും ഒരു കുരിശായി നാം കരുതും. “ഇതാ, ഇതാണ് എന്‍റെ കുരിശ് “എന്ന്  ചിലരും, “അതാ, അതാണ് എന്‍റെ കുരിശ്” എന്നും ചിലരും “ഇത് അവരുടെ കുരിശാണ്” എന്ന് മറ്റു ചിലരും പറയുന്നത് നാം പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ സുഹൃത്തുക്കളേ,  ഈ വാക്ക് പുതിയനിയമത്തിൽ ഒരിക്കലും ഈ അർത്ഥത്തിൽ ഉപയോഗിച്ചിട്ടില്ല.

ഈ വാക്ക് ഒരിക്കലും ബഹുവചന രൂപത്തിൽ, അതായത് “കുരിശുകൾ” എന്ന രൂപത്തിൽ ഉപയോഗിച്ചിട്ടില്ല. “ഒരു കുരിശ്” എന്ന പ്രയോഗവും ഒരിടത്തും നമുക്ക് കാണാൻ കഴിയില്ല; മാത്രമല്ല, “കുരിശ് എടുത്തുകൊണ്ടു” എന്ന ക്രിയ (verb), കർത്തരി പ്രയോഗത്തിൽ (Active Voice) ആണ് കർമ്മണി പ്രയോഗത്തിൽ (Passive Voice) അല്ല. അതായത്, കുരിശ് നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുകയല്ല, മറിച്ച് നമ്മൾ തന്നെ അത് വഹിക്കണം. ക്രിസ്തു നേരിട്ട കഷ്ടാനുഭവങ്ങളെ വിവരിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്ന കൃത്യമായ പ്രതീകമാണ് കുരിശ്.

മറ്റു ചിലർ കരുതുന്നത് കുരിശ് എന്നത് തങ്ങൾ നിറവേറ്റാൻ മടിക്കുന്ന ചില അസുഖകരമായ കടമകളെയോ ഉപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ള ചില ശാരീരിക ആഗ്രഹങ്ങളെയോ പ്രതിനിധീകരിക്കുന്നു എന്നാണ്. അത്തരം ആളുകൾ പലപ്പോഴും മറ്റുള്ളവരെ ആക്രമിക്കാൻ തങ്ങളുടെ “കുരിശ്” ഒരു ആയുധമായി ഉപയോഗിക്കുന്നു. അതായത്, അവർ തങ്ങളുടെ ത്യാഗങ്ങളെ വലുതായി കാണിക്കുകയും തങ്ങളെ പിൻപറ്റുവാൻ മറ്റുള്ളവരുടെ മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. കുരിശിനെക്കുറിച്ചുള്ള അത്തരം സങ്കൽപ്പങ്ങൾ പരീശന്മാരുടെ തീക്ഷ്ണതയെപ്പോലെ തന്നെ വഞ്ചനാപരവും അപകടകരവുമാണ്.

ഇനി കർത്താവിന്‍റെ സഹായത്താൽ, കുരിശ് പ്രതീകമായിരിക്കുന്ന മൂന്ന് വിഷയങ്ങൾ നിങ്ങളുടെ മുമ്പിൽ വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, കുരിശ് ഈ ലോകം പ്രകടിപ്പിക്കുന്ന വെറുപ്പിനെയാണ് സൂചിപ്പിക്കുന്നത്. ലോകം ദൈവത്തെയും ക്രിസ്തുവിനെയും വെറുത്തു, അവനെ ക്രൂശിച്ചുകൊണ്ട് ആ വെറുപ്പ് പ്രകടമാക്കുകയും ചെയ്തു. യോഹന്നാൻ പതിനഞ്ചാം അധ്യായത്തിൽ, ലോകം തന്നെയും തന്‍റെ ജനത്തെയും വെറുക്കുന്നുവെന്ന് ക്രിസ്തു കുറഞ്ഞത് ഏഴു തവണയെങ്കിലും പരാമർശിക്കുന്നുണ്ട്. അതുകൊണ്ട് നാം അവൻ ജീവിച്ചതുപോലെ ജീവിക്കുന്തോറും, അവന്‍റെ കാൽച്ചുവടുകളിൽ നാം കൂടുതൽ നടക്കും തോറും, ലോകത്തിൽ നിന്ന് നാം നമ്മെത്തന്നെ വേർപെടുത്തുകയും അവനുമായുള്ള കൂട്ടായ്മയിൽ നടക്കുകയും ചെയ്യുന്നിടത്തോളം, ഈ ലോകം നമ്മെ കൂടുതൽ വെറുക്കുന്നു.

ശിഷ്യനാകാൻ ആഗ്രഹിച്ചു കൊണ്ട് കർത്താവിന്‍റെ അടുക്കല്‍ വന്ന ഒരു മനുഷ്യനെ കുറിച്ച് നാം സുവിശേഷങ്ങളിൽ വായിക്കുന്നു,  എന്നാൽ അയാൾ അപേക്ഷിച്ചത്, “കർത്താവേ,  ഞാൻ ആദ്യം പോയി എന്‍റെ പിതാവിനെ അടക്കം ചെയ്യാൻ അനുവദിക്കണമേ” എന്നാണ്. ഈ ആഗ്രഹം സ്വാഭാവികമല്ലേ? അത് വളരെ പ്രശംസനീയവുമാണ്! എന്നാൽ ഇതിന് നമ്മുടെ കർത്താവ് നൽകിയ ഉത്തരം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. അവൻ അവനോടു: “നീ എന്നെ അനുഗമിക്ക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ” എന്നു പറഞ്ഞു. ആ യുവാവ് ആ വാക്കുകൾ അനുസരിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?  അവന്‍ അത് അനുസരിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ അനുസരിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?  അവന്‍റെ  ബന്ധുക്കളും അയൽക്കാരും അവനെ കുറിച്ച് എന്തു വിചാരിക്കുമായിരുന്നു?  ലോകം ഒരു മകന്‍റെ കടമയായി കണക്കാക്കുന്നതിനെ അവഗണിച്ചുകൊണ്ട്, ക്രിസ്തുവിനെ ഈ വിധത്തിൽ അനുഗമിക്കാനുള്ള അവന്‍റെ  സദുദ്ദേശ്യത്തെയും ഭക്തിയെയും അവര്‍ വിലമതിക്കുമായിരുന്നോ?  ഓ, എന്‍റെ സുഹൃത്തേ, നിങ്ങൾ ക്രിസ്തുവിനെ അനുഗമിച്ചാൽ, ലോകം നിങ്ങളെ ഒരു ഭ്രാന്തനായി കാണും. ചില വ്യക്തിത്വങ്ങൾക്കും മാനസികാവസ്ഥകൾക്കും ഇതിലെ വിവേകം മനസ്സിലാക്കാൻ കഴിയാത്തതാണ്. ചിലർക്ക്, ഈ ലോകം അവരുടെ മേൽ ചൊരിയുന്ന അപവാദങ്ങളെ നേരിടുന്നത് ഒരു വലിയ പരീക്ഷയാണ്.

ക്രിസ്തുവിന്‍റെ അടുക്കൽ ശിഷ്യത്വം സ്വീകരിക്കാൻ വന്ന മറ്റൊരു യുവാവിനെ നാം കാണുന്നു, കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം, പക്ഷേ ആദ്യം ഞാൻ പോയി എന്‍റെ വീട്ടിലുള്ളവരോട് വിടപറയാൻ അനുവദിക്കണം.” എന്ന് അവന്‍ ചോദിക്കുന്നു. ഈ ആഗ്രഹവും സ്വാഭാവികമല്ലേ? എന്നാൽ ഇവിടെയും തന്നെ അനുഗമിക്കാൻ അവൻ  ചുമക്കേണ്ടിവരുന്ന കുരിശിനെ കുറിച്ച് കർത്താവ് അവനെ ഓർമ്മിപ്പിച്ചു കൊണ്ട്, “കലപ്പയ്ക്ക്  കൈ വച്ചശേഷം പുറകോട്ടു നോക്കുന്ന ആരും ദൈവ രാജ്യത്തിന് കൊള്ളാകുന്നവനല്ല” (ലൂക്കോസ് 9:62) എന്ന് പറയുന്നു. സ്നേഹിക്കുന്ന സ്വഭാവമുള്ളവർ തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം വേർപെടുത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമാണ്. നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നിങ്ങള്‍ അവരെ കണക്കിലെടുക്കുന്നില്ലെന്ന് തോന്നുന്നത് അതിലും വേദനാജനകമാണ്. അതെ, ക്രിസ്തുവിനെ നാം അടുത്തു പിൻപറ്റുമ്പോൾ, ഈ ലോകത്തിന്‍റെ  വെറുപ്പ് എത്രത്തോളം യഥാർത്ഥ്യമാണെന്ന് നമുക്ക് മനസ്സിലാകും. ഒരാൾക്ക് ലോകവുമായി സ്നേഹത്തിൽ കഴിഞ്ഞു കൊണ്ട്  അവനോട് അടുക്കാനും കഴികയില്ല.

മറ്റൊരു യുവാവ് ക്രിസ്തുവിന്‍റെ  അടുക്കൽ വന്ന് അവന്‍റെ  കാൽക്കൽ വീണ്  “കർത്താവേ, നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്ത് നന്മ ചെയ്യണം?” എന്ന് ചോദിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും.  ക്രിസ്തു അവനെ കുരിശിനെക്കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ട്, “... പോയി, നിനക്കുള്ളത് വിറ്റു ദരിദ്രർക്ക് കൊടുക്കുക, എന്നാൽ നിനക്ക് സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്കുക.” എന്ന് പറഞ്ഞതായി നാം കാണുന്നു. “എന്നാൽ ആ യുവാവ് ആ വചനം കേട്ടപ്പോൾ ദുഃഖിതനായി  മടങ്ങി പോയി, കാരണം അവന് വളരെ സമ്പത്തുണ്ടായിരുന്നു.” ഇപ്പോഴും ക്രിസ്തു നിങ്ങളോടും എന്നോടും സംസാരിക്കുന്നു. തന്‍റെ കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന് എന്‍റെ  ശിഷ്യനാകാൻ കഴികയില്ല എന്ന് അവൻ വ്യക്തമായി പറയുന്നു. ലോകം പ്രകടിപ്പിക്കുന്ന വെറുപ്പിനെയും നിന്ദയെയും കുരിശ് സൂചിപ്പിക്കുന്നു. എന്നാൽ ക്രിസ്തുവിനെപ്പോലെ,  അവന്‍റെ ശിഷ്യന്മാരും ഈ കുരിശ് സ്വമേധയാ വഹിക്കണം. നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ ഈ കുരിശ് തള്ളിക്കളയുമോ അതോ സ്വീകരിക്കുമോ?  അത് അവഗണിക്കുമോ അതോ നിങ്ങൾ അത് ഏറ്റെടുത്ത് അവനെ അനുഗമിക്കുമോ?

രണ്ടാമതായി, ദൈവഹിതത്തിനു സ്വമേധയാ കീഴടങ്ങുന്ന ഒരു ജീവിതത്തെ ക്രൂശ് സൂചിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ കുരിശിലെ മരണം ഇത് വ്യക്തമാക്കുന്നു. യോഹന്നാൻ 10:17-ൽ, “എന്‍റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു.ആരും അതിനെ എന്നില്‍ നിന്ന് എടുത്തുകളയുന്നില്ല: ഞാന്‍ തന്നെ അതിനെ കൊടുക്കുന്നു”. എന്തുകൊണ്ടാണ് ക്രിസ്തു ഈ വിധത്തിൽ തന്‍റെ ജീവൻ ബലിയർപ്പിക്കുന്നത്?  പതിനെട്ടാം വാക്യത്തിന്‍റെ  അവസാന ഭാഗത്തിൽ ഉത്തരം കാണാം. “ഈ കല്പന എന്‍റെ പിതാവിങ്കൽ നിന്ന് എനിക്ക് ലഭിച്ചിരിക്കുന്നു.” തന്‍റെ  പുത്രന്‍റെ  അനുസരണത്തെ പൂർത്തിയാക്കിയ പിതാവിന്‍റെ അവസാനത്തെ കല്പനയായിരുന്നു ക്രൂശ്. അതുകൊണ്ടാണ് ഫിലിപ്പിയർ രണ്ടാം അധ്യായത്തിൽ നാം ഇങ്ങനെ  വായിക്കുന്നത്,  “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലിപ്പിയർ 2:6-8)  ക്രിസ്തുവിന്‍റെ  അനുസരണത്തിന്‍റെ പാതയിലെ അവസാന ഘട്ടമാണിത്.

നാം അവന്‍റെ  കാൽച്ചുവടുകൾ പിന്തുടരാൻ കഴിയും വിധം ക്രിസ്തു നമുക്ക് ഒരു മാതൃക വച്ചേച്ചു പോയി. ക്രിസ്തുവിന്‍റെ  അനുസരണം പോലെ, ഒരു ക്രിസ്ത്യാനിയുടെ അനുസരണവും നിർബന്ധത്താൽ ആയിരിക്കരുത്,  മറിച്ച് സ്വമേധയാ ഉള്ളതും, അചഞ്ചലവും, യാതൊരു ഒഴികഴുവും പറയാതെ, മരണം വരെ വിശ്വസ്തത പുലർത്തുന്നതുമായിരിക്കണം. അങ്ങനെയെങ്ങില്‍, കുരിശ് അനുസരണത്തിന്‍റെയും സമർപ്പണത്തിന്‍റെയും  ദൈവത്തിനായി വേർതിരിക്കപ്പെട്ടതും അവന്‍റെ ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ തയ്യാറായതുമായ ഒരു ജീവിതത്തിന്‍റെയും പ്രതീകമാണ്. "ആരെങ്കിലും എന്‍റെ പിന്നാലെ വരാൻ ഇച്ഛിക്കുന്നുവെങ്കിൽ... അവൻ തന്‍റെ  കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ."  "തന്‍റെ  ക്രൂശ്എടുത്തുകൊണ്ടു എന്‍റെ പിന്നാലെ വരാത്തവനും എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല." മറ്റൊരു വിധത്തിൽ പറഞ്ഞാൽ,  ശിഷ്യത്വത്തിന്‍റെ നിയമത്തിന്‍റെ, അതായത് ക്രിസ്തു എങ്ങനെ ജീവിച്ചോ അതേ നിയമത്തെ പിൻതുടരുന്ന ജീവിതത്തിന്‍റെ പ്രതീകമാണ് ക്രൂശ്. ക്രിസ്തു ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ തന്നെത്തന്നെ പ്രസാദിപ്പിച്ചില്ല. അതുകൊണ്ട് ഞാനും എന്നെതന്നെ പ്രസാദിപ്പിക്കാൻ നോക്കരുത്. അവൻ തന്നെത്തന്നെ ശൂന്യമാക്കിയതുപോലെ ഞാനും എന്നെത്തന്നെ ശൂന്യമാക്കണം. അവൻ നന്മ ചെയ്തുകൊണ്ട് സഞ്ചരിച്ചതുപോലെ  ഞാനും അങ്ങനെ തന്നെ ചെയ്യണം. ക്രിസ്തു വന്നത് ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിക്കാനാണ്. നാമും അതേ രീതിയിൽ ജീവിക്കണം. ക്രിസ്തു മരണത്തോളം, ക്രൂശിലെ മരണത്തോളം  അനുസരണമുള്ളവനായിത്തീർന്നു. ക്രൂശ് പ്രതീകമായിരിക്കുന്നത് ഇങ്ങനെയുള്ള ജീവിതത്തിനാണ്.

നമ്മൾ നേരത്തെ കണ്ടതുപോലെ, കുരിശ് ലോകത്താൽ നിന്ദക്കപ്പെടുന്ന ജീവിതത്തെ സൂചിപ്പിക്കുന്നു. ലോകത്തിൽ നിന്ന് നാം വേർപെട്ടു നിൽക്കുന്നതിനാലും,  അതിന്‍റെ വഴികൾ ഉപേക്ഷിക്കുന്നതിനാലും, അതിന്‍റെതല്ലാത്ത ഒരു നിയമത്താൽ ഭരിക്കപ്പെടുന്നതിനാലും ലോകം നമ്മെ എതിർപ്പോടും  കോപത്തോടും കൂടെ കാണുകയും നമ്മെ നിന്ദിക്കുകയും ശപിക്കുകയും ചെയ്യും.രണ്ടാമതായി, കുരിശ് ദൈവത്തിന് സമർപ്പിക്കപ്പെട്ട ജീവിതത്തിന്‍റെ  പ്രതീകമാണ്.

മൂന്നാമതായി, മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗം ചെയ്യുന്നതിന്‍റെയും അവര്‍ക്കുവേണ്ടി നിന്ദ സഹിക്കുന്നതിന്‍റെയും പ്രതീകമാണ് ക്രൂശ്.                         1 യോഹന്നാൻ 3:16 കാണുക, അവൻ നമുക്കുവേണ്ടി തന്‍റെ പ്രാണനെ വച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്ന് അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കുവേണ്ടി പ്രാണനെ വച്ചുകൊടുക്കേണ്ടതാകുന്നു.” ഇതാണ് കാൽവരിയുടെ യുക്തി. ക്രിസ്തുവുമായി കൂട്ടായ്മ ആചരിക്കുവാനും  അവന്‍റെ ജീവിതനിയമം അനുസരിച്ച് ജീവിക്കുവാനും ദൈവത്തോട് അനുസരണമുള്ളവരായും, മറ്റുള്ളവർക്കുവേണ്ടി ത്യാഗം ചെയ്യുന്നവരായും   ജീവിക്കുവാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. നാം ജീവിക്കേണ്ടതിന് അവൻ മരിച്ചു. അതുകൊണ്ട് സുഹൃത്തുക്കളേ, നമ്മൾ ജീവിക്കേണ്ടതിന് നാമും മരിക്കണം. മത്തായി 16:25-ലെ വാക്കുകൾ ശ്രദ്ധിക്കുക: "ആരെങ്കിലും തന്‍റെ  ജീവനെ രക്ഷിക്കാൻ ഇച്ഛിച്ചാൽ  അതിനെ കളയും"; കർത്താവിന്‍റെ  ഈ വാക്കുകൾ ശിഷ്യന്മാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് പറഞ്ഞത്, അതിനാൽ അവ ഓരോ ക്രിസ്ത്യാനിക്കും ബാധകമാണ്. സ്വന്തം സന്തോഷം, സ്വന്തം മനസ്സമാധാനം, സ്വന്തം ക്ഷേമം, സ്വന്തം താല്പര്യങ്ങൾ എന്നിവ മാത്രം പരിഗണിച്ച് സ്വാർത്ഥതയോടെ ജീവിക്കുന്ന ഓരോ ക്രിസ്ത്യാനിയും എന്നെന്നേക്കുമായി തങ്ങളുടെ ജീവനെ കളയുകയാണ് ചെയ്യുന്നത്. നിത്യതയെ സംബന്ധിച്ചിടത്തോളം, അതെല്ലാം മായയാണ്; അതെല്ലാം മരം പോലെയോ പുല്ലു പോലെയോ വൈക്കോൽ പോലെയോ കത്തിയെരിയും. എന്നാൽ, “...എനിക്കുവേണ്ടി ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതിനെ കണ്ടെത്തും.” അതായത്, സ്വന്തം ക്ഷേമം, സ്വന്തം താൽപ്പര്യങ്ങൾ, സ്വന്തം അഭിവൃദ്ധി സ്വന്തം സുഖങ്ങൾ എന്നിവ കണക്കിലെടുക്കാതെ, ക്രിസ്തുവിനു വേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും നിസ്വാർത്ഥമായി തന്‍റെ ജീവനെ ത്യജിക്കുന്ന ഓരോ ക്രിസ്ത്യാനിയും അത് “കണ്ടെത്തും”. അവന്‍ എന്താണ് കണ്ടെത്തുന്നത്? “അതാണ്” അത്, ആ ജീവനാണ്, അല്ലാതെ മറ്റൊന്നല്ല.  അതായത്, അവൻ ക്രിസ്തുവിനുവേണ്ടി ചെലവഴിച്ച അതേ ജീവൻ, അക്ഷയവും, അഗ്നിയുടെ പരീക്ഷയെ നേരിടാൻ കഴിയുന്ന വസ്തുക്കളാൽ നിർമ്മിക്കപ്പെട്ടതും, ശാശ്വതമായി മാറ്റപ്പെട്ടതുമായി അവന് അനുഗ്രഹിക്കപ്പെടും. അതാണ് അവൻ കണ്ടെത്തുന്നത്. നാം ജീവിക്കേണ്ടതിന് അവൻ മരിച്ചു. അതുകൊണ്ട് നാമും ജീവിക്കേണ്ടതിന് നാമും  മരിക്കണം.

          “...എന്‍റെ  നിമിത്തം ആരെങ്കിലും തന്‍റെ  ജീവനെ കളഞ്ഞാൽ അവൻ അതിനെ കണ്ടെത്തും.” യോഹന്നാൻ 20:21-ലെ വാക്കുകളും ശ്രദ്ധിക്കുക. “...പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.” ക്രിസ്തു എന്തിനാണ്  അയക്കപ്പെട്ടത്? പിതാവിനെ മഹത്വപ്പെടുത്താൻ, ദൈവസ്നേഹം കാണിക്കാൻ, ദൈവമഹത്വം പ്രഖ്യാപിക്കാൻ, യെരൂശലേമിനെ ഓർത്ത് കരയാൻ, ഭക്ഷണം കഴിക്കാൻ പോലും സമയമില്ലാത്ത വിധം അദ്ധ്വാനിക്കാൻ, സ്വന്തം കുടുംബം പോലും “അവന് ഭ്രാന്താണ്” (മർക്കോസ് 3:21) എന്ന് പറയുന്ന വിധം ത്യാഗപൂർണ്ണമായ ജീവിതം നയിക്കാൻ ആണ് അയക്കപ്പെട്ടത്.  ഇപ്പോൾ ക്രിസ്തു പറയുന്നു, പിതാവ് എന്നെ അയച്ചതുപോലെ, ഞാനും നിങ്ങളെ അയയ്ക്കുന്നു” എന്ന്. അതായത്, ഞാൻ നിങ്ങളെ മോചിപ്പിച്ച് രക്ഷിച്ച ലോകത്തിലേക്ക് ഞാൻ നിങ്ങളെ തിരികെ അയയ്ക്കുന്നു. കുരിശിന്‍റെ  അടയാളത്തോടെ ജീവിക്കാൻ ഞാൻ നിങ്ങളെ ആ ലോകത്തിലേക്ക് തിരിച്ചയക്കുന്നു എന്നാണ് അതിന്‍റെ അര്‍ത്ഥം. പ്രിയ സഹോദരീ സഹോദരന്മാരേ, ക്രിസ്തുവിന്‍റെ  മരണത്തിന്‍റെ അനുഭവം (2 കൊരിന്ത്യർ 4:10) നമ്മുടെ ജീവിതത്തിൽ എത്രമാത്രം നഷ്ടപ്പെട്ടു പോയിരിക്കുന്നു!

നാം നമ്മുടെ കുരിശ് എടുക്കാൻ തുടങ്ങിയോ?  ഇല്ലെങ്കിൽ, നാം അവനെ അനുഗമിക്കുന്നില്ല എന്ന് പറയുന്നതിൽ അതിശയിക്കാനില്ല. പാപത്തെ മറികടക്കാൻ നമുക്ക് കഴിയാത്തതിൽ അതിശയിക്കാനില്ല. ഇതിന് ഒരു കാരണമുണ്ട്. മധ്യസ്ഥതയുടെ കാര്യത്തിൽ ക്രിസ്തുവിന്‍റെ  കുരിശ് ഒറ്റയ്ക്ക് നിലകൊള്ളുന്നുണ്ടെങ്കിലും, അവന്‍റെ എല്ലാ ശിഷ്യന്മാരും ക്രൂശ് എടുത്തു കൊണ്ട് അതിൽ അനുഭവപരമായി പങ്കുചേരണം. കാൽവരിയിലെ കുരിശ് പാപത്തിന്‍റെ ശിക്ഷയിൽ നിന്നുള്ള പൂർണ്ണമായ വിടുതൽ നൽകി. എന്നിരുന്നാലും, പാപത്തിന്‍റെ ശക്തിയിൽ നിന്ന് മോചനം നേടാനും പഴയ മനുഷ്യന്‍റെ  മേൽ വിജയം നേടാനുമുള്ള ഏക മാർഗം കുരിശ് നമ്മുടെ ജീവിതത്തിൽ അനുഭവപരമായി ചേർക്കപ്പെടുക എന്നതാണ്. നിയമപരമായി പാപം കുരിശിൽ ഇല്ലാതാക്കപ്പെട്ടു. എന്നിരുന്നാലും അനുഭവപരമായി, ഒരു ശിഷ്യൻ തന്‍റെ  ക്രൂശ് വഹിക്കാൻ തുടങ്ങുമ്പോൾ മാത്രമേ അവന്‍റെ മേലുള്ള  പാപത്തിന്‍റെ  ആധിപത്യവും മാലിന്യവും ഇല്ലാതാക്കാൻ കഴിയൂ.

 

പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: ഒരുത്തൻ എന്‍റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്, തന്‍റെ  ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ.” മത്തായി 16:24

ഈ വാക്കുകളുടെ വെളിച്ചത്തിൽ സ്വയം പരിശോധിച്ച് തന്‍റെ  ജീവിതം കർത്താവിനു സമർപ്പിക്കേണ്ടത് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്തമാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Add comment

Security code
Refresh

 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.