ഉല്പത്തി 6-ാം അദ്ധ്യായത്തിൽ നാം കാണുന്ന “ദൈവത്തിന്‍റെ പുത്രന്മാരും മനുഷ്യരുടെ പുത്രിമാരും” എന്ന വിഷയത്തെക്കുറിച്ച് ക്രൈസ്തവ സമൂഹത്തിൽ രണ്ട് പ്രധാന അഭിപ്രായവ്യത്യാസങ്ങളുണ്ട്.യഹൂദന്മാർക്കും ഇതൊരു വിവാദ വിഷയമാണ്. ഇത് നമ്മുടെ രക്ഷയുമായോ, വിശ്വാസവുമായോ, ദൈവത്തിന്‍റെ ഗുണങ്ങളുമായോ, തിരുവെഴുത്തുകളുടെ ആധികാരികതയുമായോ ബന്ധമുള്ള കാര്യമല്ലെങ്കിലും, തിരുവെഴുത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ (കഴിയുന്നിടത്തോളം) ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും ശരിയായത് വിശ്വസിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമായതിനാൽ ഞാൻ ഇതിനെക്കുറിച്ച് അല്‍പം വിശദമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു.അതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ചുള്ള രണ്ട് അഭിപ്രായങ്ങളും, അവയിൽ ഞാൻ ശ്രദ്ധിച്ച പോരായ്മകളും പങ്കുവെച്ചതിനു ശേഷം, ഒടുവിൽ ഞാൻ എന്താണ് വിശ്വസിക്കുന്നതെന്ന് നിങ്ങളെ അറിയിക്കാൻ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ ഞാന്‍ മൂന്നാമത്തെ അഭിപ്രായമാണ് വിശ്വസിക്കുന്നത്.
“മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ ദൈവത്തിന്‍റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.(ഉൽപത്തി 6:1-2)
ഈ ദൈവപുത്രന്മാരെക്കുറിച്ചുള്ള ആദ്യത്തെ അഭിപ്രായമനുസരിച്ച്; എബ്രായ ഭാഷയിൽ അവിടെ בני האלהים (ബെനേ ഹാ എലോഹിം) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയനിയമത്തിൽ, ഈ പദം ദൂതന്മാരെ ഉദ്ദേശിച്ച് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്; ഇയ്യോബ് 1:6, 2:1, 38:7. ഇക്കാരണത്താൽ, ഇവിടെ നാം കാണുന്ന ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് അവർ വിശ്വസിക്കുന്നു. എന്നിരുന്നാലും, ഈ വാദത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവരാൻ സാധ്യതയുണ്ട്. പ്രധാനമായും, ദൂതന്മാർ സ്വർഗ്ഗത്തിൽ വിവാഹം കഴിക്കുന്നില്ലെന്ന് കർത്താവായ യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട് (മർക്കോസ് 12:25).
എന്നാല്‍ ആ ചോദ്യത്തിന് ഉല്‌പത്തി 18-ാം അധ്യായത്തിൽ, യഹോവ രണ്ട് ദൂതന്മാരോടൊപ്പം അബ്രാഹാമിനെ സന്ദർശിച്ച് അവന്‍റെ വീട്ടിൽ ഭക്ഷണം കഴിച്ച സന്ദർഭം ചൂണ്ടികാണിച്ചു കൊണ്ട് അവർ എളുപ്പത്തിൽ ഉത്തരം നൽകുന്നു. അവിടെ ദൂതന്മാർ മനുഷ്യശരീരാകാരത്തിൽ വന്നു, ഭക്ഷണം പോലും കഴിച്ചു. അതുപോലെ അവർ (ദൂതന്മാർ), മനുഷ്യശരീരം സ്വീകരിച്ച് മനുഷ്യ സ്ത്രീകളെ വിവാഹം കഴിച്ചു എന്നതാണ് ആ ഉത്തരം.
ഈ ഉത്തരത്തിൽ എനിക്ക് ഒരു പ്രശ്‌നമായി തോന്നുന്നത്, അബ്രഹാമിന്‍റെ വീട്ടിൽ വന്ന ദൂതന്മാർ ദൈവത്തോടൊപ്പമാണ് വന്നത്. അതുകൊണ്ട് അവർ മനുഷ്യശരീരം ധരിച്ച് അവനോടൊപ്പം ഭക്ഷണം കഴിച്ചതിൽ അതിശയിക്കാനില്ല. എന്നാൽ ദൈവത്തിനെതിരെ മത്സരിച്ച ദൂതന്മാർക്കുപോലും തങ്ങളുടെ ഇഷ്ടാനുസരണം മനുഷ്യശരീരം ധരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നു എന്നതിന് തിരുവെഴുത്തിൽ ആധാരമൊന്നുമില്ല. മാത്രമല്ല, ആ ദൂതന്മാർക്ക് മനുഷ്യ സ്ത്രീകളുടെ സൗന്ദര്യം കാണാനും അനുഭവിക്കാനും വേണ്ടി മനുഷ്യശരീരം സ്വീകരിക്കേണ്ട ആവശ്യം എന്താണുള്ളത്? യേശുക്രിസ്തു അവരെക്കുറിച്ച് പറഞ്ഞതനുസരിച്ച്, അവർ വിവാഹിതരാകുന്നില്ല, അതായത് അവർക്ക് നമ്മെപ്പോലെ ലൈംഗികപരമായ ആഗ്രഹങ്ങൾ ഇല്ല എന്നാണ്. ആ ആഗ്രഹങ്ങള്‍ ‘നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി ഭൂമിയെ നിറയ്ക്കുക’ എന്ന ഉദ്ദേശ്യമനുസരിച്ച്, നമുക്കും (മനുഷ്യർക്കും) മൃഗങ്ങൾക്കും മാത്രമേ നൽകപ്പെട്ടിട്ടുള്ളൂ (ഉല്പത്തി 1:21,22, 1:27,28).
ലൈംഗികാഭിലാഷങ്ങള്‍ ഇല്ലാത്ത ദൂതന്മാർക്ക് മനുഷ്യ സ്ത്രീകളുടെ സൗന്ദര്യത്തിൽ എങ്ങനെയാണ് ആകൃഷ്ടരാകാൻ കഴിയുക? ഉദാഹരണത്തിന്, വിശക്കുമ്പോൾ ഞാൻ ആഹാരം കഴിക്കുന്നു, അത് എന്‍റെ സ്വഭാവമാണ്. ഒരുപക്ഷെ എന്‍റെ സ്വഭാവത്തിൽ വിശപ്പേ ഇല്ലായിരുന്നുവെങ്കിൽ, ഞാൻ വിശപ്പ് സൃഷ്ടിച്ച് ആഹാരം കഴിക്കേണ്ട ആവശ്യം എനിക്കില്ലല്ലോ! കാരണം അതിനായി ഞാൻ വീണ്ടും അദ്ധ്വാനിക്കേണ്ടതുണ്ട്. മനുഷ്യ സ്ത്രീകളെ വിവാഹം കഴിച്ച ദൈവപുത്രന്മാർ കുട്ടികളെ ജനിപ്പിച്ചതായും നാം വായിക്കുന്നു (ഉൽപത്തി 6:4). ഒരു പുരുഷന്‍റെയും സ്ത്രീയുടെയും സംയോഗത്തിലൂടെ കുട്ടികൾ ജനിക്കണമെന്ന് ദൈവം നിശ്ചയിച്ചു. ആ പ്രക്രിയ ദൂതന്മാർ മനുഷ്യശരീരം സ്വീകരിച്ചാൽ തുടരുമോ? ഞാൻ ഇതിനോട് യോജിക്കുന്നില്ല. ദൈവം മാത്രമാണ് സൃഷ്ടാവെങ്കിൽ, ദുതന്മാർക്ക് എങ്ങനെയാണ് മനുഷ്യശരീരങ്ങള്‍, അതും പ്രത്യുൽപാദന ശേഷിയുള്ള ശരീരങ്ങൾ സ്വന്തമായി സൃഷ്ടിക്കാൻ കഴിയുക? ദൂതന്മാരും സൃഷ്ടിതാക്കളാണോ? അല്ല.
എങ്കില്‍ ദൂതന്മാർ എന്തുകൊണ്ടാണ് അങ്ങനെ ചെയ്‌തത്? അവർക്ക് അതിന്‍റെ ആവശ്യം എന്താണ്? മുകളിൽ ഞാൻ സൂചിപ്പിച്ച ചോദ്യത്തിന് മറുപടിയായി, ദൈവം സൃഷ്ടിച്ച മനുഷ്യരെ (സൃഷ്ടിയെ) നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവർ അങ്ങനെ ചെയ്തതെന്ന് ചിലർ പറയുന്നു. എന്നാൽ വചനം പരിശോധിക്കുമ്പോൾ, അവർ മനുഷ്യരുടെ പുത്രിമാരെ വിവാഹം കഴിച്ചതിന്‍റെ കാരണം അവരുടെ സൗന്ദര്യം (സൗന്ദര്യമുള്ളവരെന്നു കണ്ടിട്ട്) കൊണ്ടാണെന്ന് വ്യക്തമായി എഴുതിയിരിക്കുന്നു. അവർ എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് തിരുവെഴുത്തുകൾ വളരെ വ്യക്തമായി പറയുമ്പോൾ, അവയെ അവഗണിച്ച് മറ്റെന്തെങ്കിലും കാരണം കണ്ടെത്തുന്നത് യുക്തമല്ല.
മറ്റു ചിലര്‍, ഇവിടെ പറയപ്പെടുന്ന ദൂതന്മാർ അതിനു മുമ്പുതന്നെ വീണുപോയ ദൂതന്മാർ ആണെന്നും അവർ ദൈവത്തോടുള്ള കോപം നിമിത്തമാണ് അങ്ങനെ ചെയ്തതെന്നുമാണ് പറയുന്നത്. യഹൂദ ചരിത്രകാരനായ പ്ലാവിയസ് ജോസഫസിന്‍റെ "ജ്യൂവിസ് ആന്ററിക്യുറ്റീസിലും"(The Antiquities of Jews), ഹാനോക്കിന്‍റെ പുസ്തകത്തിലും, മറ്റ് ചില ജൂത രചനകളിലും, ഈ ദൈവപുത്രന്മാർ ദൂതന്മാർ ആണെന്നും പുരാതന കാലത്തെ വീരന്മാർ (നെഫിലിമുകൾ) അവരുടെ സന്തതികളാണെന്നും എഴുതപ്പെട്ടിട്ടുണ്ട്. അത് സത്യമാണെങ്കിൽ, വീണുപോയ ദൂതന്മാരും ദൈവപുത്രന്മാർ എന്ന് വിളിക്കപ്പെടുമോ? വീണുപോയ ആ ദൂതന്മാർക്ക്, അബ്രഹാമിന്‍റെയും ലോത്തിന്‍റെയും അടുക്കൽ പോയതുപോലെ മനുഷ്യശരീരം ധരിക്കാൻ സാധിക്കുമോ? മുകളിൽ പറഞ്ഞതുപോലെ, തിരുവെഴുത്തിൽ ഇതിന് യാതൊരു തെളിവുമില്ല. ഞാൻ വീണ്ടും ആവർത്തിക്കുന്നു. തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതനുസരിച്ച്; ദൈവപുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ വിവാഹം കഴിച്ചതിന്‍റെ കാരണം അവരുടെ സൗന്ദര്യമാണ്, മറിച്ച് ദൈവത്തിന്മേലുള്ള കോപമല്ല.
എന്നാൽ, ഈ ദൈവപുത്രന്മാർ ദൂതന്മാർ ആണെന്ന് വാദിക്കുന്നവർ അതിന് പ്രധാന അടിസ്ഥാനമായി യൂദായുടെ ലേഖനത്തിൽ നിന്ന്, “തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻകീഴിൽ സൂക്ഷിച്ചിരിക്കുന്നു. അതുപോലെ സൊദോമും ഗൊമോറായും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പ് ആചരിച്ച് അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി തീര്‍ന്നിരിക്കുന്നു (യൂദാ 6-7), എന്ന വാക്യഭാഗം നമുക്ക് കാണിച്ചു തരും.
ഇവിടെ യൂദാ, ദൂതന്മാർ ചെയ്ത പാപത്തെക്കുറിച്ച് പറഞ്ഞു കൊണ്ട്, “അതുപോലെ, സോദോമും ഗൊമോറയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പ് ആചരിച്ച് അന്യജഡം മോഹിച്ചു” എന്ന് പറഞ്ഞിരിക്കുന്നു. ഇതിനർത്ഥം ദൂതന്മാർ ചെയ്ത പാപവും സോദോമും ഗൊമോറയും ചെയ്ത പാപവും (പരസംഗം) ഒന്നു തന്നെയാണെന്നാണ്. ദൈവപുത്രന്മാർ (ദൂതന്മാർ) ചെയ്തതിനേക്കുറിച്ചാണ് യൂദാ തന്‍റെ ലേഖനത്തിൽ പരാമർശിക്കുന്നതെന്ന് അവർ പറയുന്നു.എന്നാൽ നാം സംസാരിക്കുന്ന ദൈവപുത്രന്മാർ വ്യഭിചാരം ചെയ്തോ? വിവാഹം ചെയ്തോ? വിവാഹമല്ലേ ചെയ്തത്?
"ദൈവപുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്ന് കണ്ടിട്ട്; തങ്ങൾക്ക് ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു”.
അതുകൊണ്ട്, യൂദയുടെ വാക്കുകള്‍ക്ക് ഇവര്‍ പറയുന്ന വ്യാഖ്യാനമനുസരിച്ച് ദൂതന്മാർ പരസംഗം ചെയ്തുവെന്ന് അവർ വിശ്വസിച്ചാലും, യൂദാ പറയുന്ന ദൂതന്മാർ ഈ ദൈവപുത്രന്മാരാണെന്ന് അവർക്ക് തെളിയിക്കാൻ കഴിയില്ല. എന്തുകൊണ്ടെന്നാൽ അവർ വിവാഹം കഴിച്ചു. വ്യഭിചാരം ചെയ്തില്ല. തിരുവെഴുത്തിൽ ഒരിടത്തും വിവാഹത്തെ വ്യഭിചാരവുമായി താരതമ്യം ചെയ്തിട്ടില്ല. വിവാഹം ദൈവം നിശ്ചയിച്ച ഒരു വിശുദ്ധ സംയോജനമാണ്, അതേസമയം വ്യഭിചാരം വീണുപോയ സ്വഭാവത്തിൽ നിന്ന് ഉളവാകുന്ന പാപകരമായ ആഗ്രഹമാണ് (എബ്രായർ 13:4).
യൂദാ തന്‍റെ ലേഖനത്തിൽ സോദോമിലെയും ഗൊമോറയിലെയും നിവാസികളെക്കുറിച്ച് "അവർക്കു സമമായി" എന്ന് പറയുമ്പോൾ, അവൻ ദൂതന്മാരെയല്ല, മറിച്ച് ഒന്നാം വാക്യം മുതൽ അവൻ ആരെക്കുറിച്ചാണോ സംസാരിക്കുന്നത് അവരെ ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്.
“നമ്മുടെ ദൈവത്തിന്‍റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ “ചില മനുഷ്യർ” നുഴഞ്ഞു വന്നിരിക്കുന്നു; “അവരുടെ” ഈ ശിക്ഷാവിധി പണ്ടുതന്നെ എഴുതിയിരിക്കുന്നു. നിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓർപ്പിപ്പാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവ് ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻകീഴിൽ സൂക്ഷിച്ചിരിക്കുന്നു. അതുപോലെ സൊദോമും ഗൊമോറായും ചുറ്റുമുള്ള പട്ടണങ്ങളും “അവർക്കു സമമായി” ദുർന്നടപ്പ് ആചരിച്ച് അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു. അങ്ങനെതന്നെ “ഇവരും” സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു” (യൂദാ 1:4-8)
ഈ സന്ദർഭം മൊത്തം നാം പരിശോധിക്കുമ്പോൾ, അക്കാലത്തെ സഭയിൽ കൃപയെ കാമത്തിനായി ദുർവിനിയോഗം ചെയ്യുന്നവരെ (വ്യഭിചാരം ചെയ്യുന്നവർ) ഉദ്ദേശിച്ച് സംസാരിച്ചുകൊണ്ട് ദൈവത്തിന്‍റെ ന്യായവിധിയെക്കുറിച്ച് യൂദാ മുന്നറിയിപ്പ് നൽകുന്നു. അവന്‍റെ ദൃഷ്ടിയിൽ പാപം ചെയ്ത യിസ്രായേൽ മക്കളെ അവൻ കൈവിട്ടില്ല, തങ്ങളുടെ വാഴ്ച കാത്തുകൊള്ളാത്ത ദൂതന്മാരെ അവൻ വെറുതെ വിട്ടില്ല. അതുപോലെ, “ഇവരെപ്പോലെ” (കൃപയെ കാമത്തിനായി ദുരുപയോഗം ചെയ്ത) പരസംഗം ചെയ്ത സോദോം, ഗൊമോറ എന്നീ പട്ടണങ്ങളെയും അവൻ വെറുതെ വിട്ടില്ല. അങ്ങനെ അവൻ ഇവരേയും വെറുതെ വിടുകയില്ല എന്നതാണ് തന്‍റെ ഈ വാക്കുകളുടെ സാരം. അതല്ലാതെ, അവൻ ദൂതന്മാർ വ്യഭിചാരം ചെയ്‌തുവെന്നു പറയുന്നില്ല.
ഇനിയും ഈ ദൈവപുത്രന്മാർ ദുതന്മാരാണെന്ന് പറയുന്നവർ, അവർക്കും മനുഷ്യ സ്ത്രീകൾക്കും ജനിച്ച മക്കളെ മറ്റൊരു പ്രധാന ആധാരമായിട്ടെടുക്കുന്നു. എന്തുകൊണ്ടെന്നാൽ അവരെക്കുറിച്ച്, “അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്‍റെ ശേഷവും ദൈവത്തിന്‍റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർതന്നെ (ഉൽപത്തി 6:4) എന്ന് എഴുതപ്പെട്ടു.
ദൈവപുത്രന്മാർക്കും മനുഷ്യരുടെ പുത്രിമാർക്കും ജനിച്ച നെഫിലിമുകളെ ഇംഗ്ലീഷ് ബൈബിളിൽ ജയന്റസ് (Giants) എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. എബ്രായ ഭാഷയിൽ "നെഫിലിം" נְפִילִים എന്ന വാക്കിന്‍റെ അർത്ഥം "വീഴ്ച." (Fall) എന്നാണ്. സാധാരണ മനുഷ്യരെക്കാൾ വലിയ ശരീരമുള്ളവരാണ് ഇവർ. അങ്ങനെ, ദൈവപുത്രന്മാർ ദൂതന്മാരായതുകൊണ്ട് അവരുടെ സന്തതികൾ വലിയ ശരീരമുള്ളവരായി ജനിച്ചുവെന്ന് അവർ വാദിക്കുന്നു. ഈ നെഫിലിമുകൾ വലിയ ശരീരമുള്ളവർ (രാക്ഷസന്മാരെ പോലെ) എന്നതിൽ നമുക്ക് സംശയമില്ല, പക്ഷേ ദൈവപുത്രന്മാർക്കും മനുഷ്യപുത്രിമാർക്കും ജനിച്ച എല്ലാവരും വലിയ ശരീരമുള്ളവർ ആയിരുന്നോ (നെഫിലിമുകൾ) അതോ അവരിൽ ചിലർ മാത്രമായിരുന്നോ എന്നതാണ് എന്‍റെ ചോദ്യം. കൂടാതെ, ഈ നെഫിലിമുകൾ "പിന്നീടും" (ജലപ്രളയത്തിനു ശേഷവും) ഭൂമിയിൽ ഉണ്ടായിരുന്നുവെന്ന് എഴുതപ്പെട്ടിരിക്കുന്നു (ഉൽപത്തി 6:4). ആ സന്ദർഭങ്ങൾ സംഖ്യാപുസ്തകം 13:32,33, ആവർത്തനപുസ്തകം 2:10, 9:2 തുടങ്ങിയ വേദഭാഗങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. ദാവീദിന്‍റെ കാലത്തും, ഗോല്യാത്തിനെയും റഫായീമുകളുടെ പിൻഗാമികളെയും മല്ലന്മാരായി (ദീർഘകായൻ) പരാമർശിച്ചിട്ടുണ്ട് (2 ശമുവേൽ 21:20). ഒരുപക്ഷെ ഈ നെഫിലിമുകൾ ദൂതന്മാർക്കും മനുഷ്യരുടെ പുത്രിമാർക്കും ജനിച്ചവരാണെങ്കിൽ, അവരെല്ലാം ജലപ്രളയത്തിൽ നശിപ്പിക്കപ്പെട്ടതിനുശേഷവും അവർ പിന്നെയും ഉണ്ടായിരുന്നു എന്ന് എങ്ങനെ പറയാൻ കഴിയും? ഇതിന് ചിലർ നൽകുന്ന സമാധാനം നോഹയുടെ മകനായ ഹാമിന്‍റെ ഭാര്യയിൽ നിന്ന് പാരമ്പര്യമായി പകർന്നു കിട്ടിയ ജീനുകൾ വഴിയാണ് എന്നതാണ്. എന്നാൽ ഇത് വിശ്വസിക്കാൻ പറ്റാത്ത സമാധാനമാണ്.
ഈ ദൈവപുത്രന്മാരെയും മനുഷ്യരുടെ പുത്രിമാരേയും സംബന്ധിക്കുന്ന രണ്ടാമത്തെ വീക്ഷണമനുസരിച്ച്; ദുഷ്ടനായ കയീന്‍റെ സന്തതി എങ്ങനെ പെരുകിയെന്ന് ഉല്പത്തി നാലാം അദ്ധ്യായത്തിൽ രേഖപ്പെടുത്തുന്നു, ആ സന്തതിയില്‍ കൊലപാതകികളെയും ബഹുഭാര്യത്വമുള്ളവരെയും (ലാമെക്ക്) നമുക്ക് കാണാം. അഞ്ചാം അദ്ധ്യായത്തിൽ വിശ്വാസിയായ ശേത്തിന്‍റെ സന്തതിയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു, അവരിൽ ദൈവത്തോടൊപ്പം നടന്നവരെയും (ഹാനോക്ക്, നോഹ) കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിച്ചവരെയും (ഏനോശ്) നാം കാണുന്നു. ഈ രണ്ട് വംശാവലിയും എഴുതപ്പെട്ടതിനു ശേഷം അടുത്ത അദ്ധ്യായത്തിൽ (അദ്ധ്യായം 6) ഇതു സംഭവിക്കുന്നതിനാൽ, ദൈവപുത്രന്മാർ ശേത്തിന്‍റെ സന്തതികളാണെന്നും മനുഷ്യപുത്രിമാർ കയീന്‍റെ സന്തതികളാണെന്നും അവർ കരുതുന്നു. തിരുവെഴുത്തുകളിൽ വിശ്വാസികളെ ദൈവപുത്രന്മാർ എന്ന് പരാമർശിക്കുന്നത് നാം സാധാരണയായി കാണുന്നു (റോമർ 8:14).
എന്നാൽ ആ ദൈവപുത്രന്മാർ ആത്മീയതയെക്കാൾ സൗന്ദര്യത്തിന് പ്രാധാന്യം നൽകി കയീന്‍റെ സന്തതികളെ വിവാഹം കഴിച്ചത് പാപമായിത്തീർന്നു. അങ്ങനെ അവർ ദുഷിച്ചു പോയെന്നു മാത്രമല്ല, അവർക്ക് ജനിച്ച മക്കളും മല്ലന്മാരായി (അതികായമാർ) മാറി എന്നതാണ് അവരുടെ വാദം. കാരണം അത്തരം മിശ്രവിവാഹങ്ങൾ കാരണം അവരുടെ കുടുംബവ്യവസ്ഥ തീർച്ചയായും തകർക്കപ്പെട്ടു.
അവരുടെ മക്കൾ എങ്ങനെയാണ് വലിയ ശരീരത്തോടെ ജനിച്ചതെന്ന ചോദ്യത്തിന്, അന്നത്തെ ആളുകളുടെ ആയുർദൈർഘ്യവും ഉദാഹരണമായി എടുത്ത് പറഞ്ഞുകൊണ്ട്, അവരിൽ ചിലർക്ക് വലിയ ശരീരവും ഉണ്ടായിരുന്നു (ജനിതക മാറ്റങ്ങൾ കാരണം) എന്ന് അവർ ഉത്തരം നൽകുന്നു. അതുകൊണ്ടാണ് പോലും ജലപ്രളയത്തിനു ശേഷവും അങ്ങനെയുള്ളവർ ഉണ്ടായിരുന്നു എന്ന് പറഞ്ഞിരിക്കുന്നത് (സംഖ്യാപുസ്തകം 13:32,33, ആവർത്തനപുസ്തകം 2:10, 9:2). എന്നാല്‍ ശേത്തിന്‍റെ സന്താനവും മനുഷ്യര്‍ തന്നെ ആകുമ്പോള്‍, ദൈവം തന്നെ ജനത്തെ മനുഷ്യന്‍ എന്ന് നാമകരണം ചെയ്തപ്പോൾ, മോശെ ഈ ആറാം അധ്യായത്തിൽ കയീന്‍റെ സന്തതികളെ മനുഷ്യരുടെ പുത്രിമാരെന്നും ശേത്തിന്‍റെ സന്തതികളെ ദൈവപുത്രന്മാരെന്നും പ്രത്യേകം വിളിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഇവിടെ ഉയർന്നുവരുന്നു. എന്നാൽ ഈ വാദത്തെ നിരാകരിക്കാൻ തക്കവണ്ണം ശക്തിയുള്ളതല്ല ഈ ചോദ്യം. കാരണം മനുഷ്യന്‍ എന്നത് എല്ലാവരെയും ഉദ്ദേശിച്ച് സാധാരണയായി ഉപയോഗിക്കുന്ന വാക്ക് ആണെങ്കിലും (മനുഷ്യന്‍ ഭൂമിയില്‍ പെരുകിത്തുടങ്ങി) അവരില്‍ നിന്നും വിശ്വാസികളെ പ്രത്യേകമായി കാണിക്കാന്‍ മോശെ അവരെ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്ന് വിളിച്ചു എന്ന് വിചാരിക്കാമല്ലോ! പക്ഷേ, ഈ വാദത്തോട് എനിക്കുള്ള യഥാർത്ഥ എതിർപ്പ്, എന്തുകൊണ്ടാണ് നെഫീലീമുകള്‍ വലിയ ശരീരം ഉള്ളവരായിരിക്കുന്നത് എന്ന ചോദ്യത്തിന് അക്കാലത്തെ ആളുകളുടെ ആയുർദൈർഘ്യം അടിസ്ഥാനമാക്കി പറയുന്ന ഉത്തരം ശരിയാണെങ്കില്‍ ആ സംഭവം നടക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് അത്തരം ആളുകൾ ജനിക്കാതിരുന്നത്? അതുപോലെ വിശ്വാസികളായ ഇവർ ശേത്തിന്‍റെ വംശത്തിൽ സൗന്ദര്യവതികളായ സ്ത്രീകൾ ഇല്ലാത്തതു കൊണ്ടാണോ കയീന്‍റെ വംശത്തിൽ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിച്ചത്?
അതുകൊണ്ടാണ് ഞാൻ ഈ രണ്ടു അഭിപ്രായങ്ങളെക്കാളും മൂന്നാമത്തെ അഭിപ്രായത്തെ അധികമായി വിശ്വസിക്കുന്നത്. അതായത്; ഉല്പത്തി 6-നെക്കുറിച്ചുള്ള തന്‍റെ വ്യാഖ്യാനത്തിൽ ഡോ. ജോൺ ഗിൽ പറയുന്നത്, ഓങ്കെലോസിന്‍റെയും ജോനാഥാന്‍റെയും, ജാർക്കിയുടെയും ആബെൻ എസ്രയുടെയും ജൂത ടാർഗൂമുകളിൽ, ഈ “ദൈവപുത്രന്മാരെ” മഹാവ്യക്തികൾ, ന്യായാധിപന്മാർ, ശക്തരായ ഭരണാധികാരികൾ എന്നിങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു എന്നാണ്. അതുകൊണ്ട് പുരാതന യഹൂദന്മാർ “ബെനേ ഹാ എലോഹിം” (Benay ha Elohim) എന്ന് പറഞ്ഞപ്പോൾ അത്തരം ആളുകളെയും കൂടെ പരിഗണിച്ചിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. അങ്ങനെ “ബെനേ ഹാ എലോഹിം” (ദൈവപുത്രന്മാർ) എന്നത് അക്കാലത്ത് ചിലർ വഹിച്ചിരുന്ന ഒരു സ്ഥാനപ്പേരായിരുന്നു. അതുകൊണ്ട് എനിക്ക് ദൈവപുത്രന്മാര്‍ എന്ന് പറയുമ്പോള്‍, തിരുവെഴുത്തുകൾ അനുസരിച്ചുള്ള വിശ്വാസികളെന്ന് വിശ്വസിക്കുന്നതിലും ചരിത്രത്തെ അടിസ്ഥാനമാക്കി ചില ആളുകൾ വഹിക്കുന്ന ഒരു സ്ഥാനപ്പേരായി (title) വിശ്വസിക്കുന്നതാണ് ഉചിതമെന്ന് തോന്നി. “അവന്‍ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു: അതുകൊണ്ട് യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരന്‍ എന്ന് പഴഞ്ചൊല്ലായി" (ഉല്‍പ്പത്തി 10:9) എന്നാണ് നിമ്രോദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വാസ്തവത്തിൽ, യഹൂദ ചരിത്രമനുസരിച്ച്, അവൻ നല്ലവനായിരുന്നില്ല. അതുകൊണ്ട്, ഈ ദൈവപുത്രന്മാരെ വിശ്വാസികളായി കണക്കാക്കേണ്ട ആവശ്യമില്ല. ഇവർ ആ ജനങ്ങളിൽ ഏറ്റവും വലിയവരും ശക്തരുമായിരുന്നതിനാൽ അവർ "ബെനേ ഹാ എലോഹിം" എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. അതുപോലെ തങ്ങൾക്കുള്ള അധികാരവും ശക്തിയും പ്രകടിപ്പിച്ചു കൊണ്ട് ഇഷ്ടാനുസരണം അവർ വിവാഹം കഴിച്ചുകൊണ്ടിരുന്നു. അത്തരം വിവാഹങ്ങൾ ദൈവഹിതമായിരുന്നില്ല, അതുകൊണ്ടാണ് അവൻ അവയെ കുറ്റകൃത്യമായി കണ്ടത്. ഒരുപക്ഷേ, അവന്‍റെ ശാപം കൊണ്ടായിരിക്കാം അവരുടെ മക്കൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരും വിനാശകരവുമായി ജനിച്ചത്. പിൽക്കാലങ്ങളിലും ശപിക്കപ്പെട്ട ജാതികളിൽ, അത്തരം വലിയ ശരീരമുള്ളവരെ നാം കാണുന്നു.(ആ വാക്യഭാഗങ്ങൾ ഞാൻ ഇതിനോടകം പരാമർശിച്ചു കഴിഞ്ഞു).
എങ്ങനെയാണെങ്കിലും, ഈ ദൈവപുത്രന്മാർ മനുഷ്യരാണെന്നത് മാത്രം സത്യമാണ്. “അപ്പോൾ യഹോവ, മനുഷ്യനിൽ എന്‍റെ ആത്മാവ് സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല” (ഉല്പത്തി 6:3) എന്ന വാക്കുകളും ഇതിന് ആധാരമായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ അവിടെ പാപം ചെയ്ത രണ്ടു പേരും മനുഷ്യരായതിനാൽ, ദൈവം മനുഷ്യരെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് വിശ്വസിക്കുന്നവർ, ഹാനോക്കിന്‍റെ പുസ്തകത്തിൽ (Book of Enoch) എഴുതിയിരിക്കുന്ന ചില വാക്കുകളെ അടിസ്ഥാനമാക്കി, ഈ വാക്യത്തിനും മുകളിലുള്ള രണ്ട് വാക്യങ്ങൾക്കും ഇടയിൽ വളരെക്കാലം കടന്നുപോയി എന്നും, ദൈവപുത്രന്മാർ (ദൂതന്മാർ) മനുഷ്യ സ്ത്രീകളെ വിവാഹം കഴിച്ചപ്പോൾ ജനിച്ച നെഫിലിമുകൾ അക്കാലത്ത് മുഴുവൻ മനുഷ്യരാശിയെയും ദുഷിപ്പിച്ചുവെന്നും ദൈവത്തിനെതിരായ നിരവധി കാര്യങ്ങൾ മനുഷ്യരാശിയെ പഠിപ്പിച്ചുവെന്നും വാദിക്കുന്നു. ഈ സന്ദർഭത്തിൽ, നെഫിലിമുകളാൽ ദുഷിപ്പിക്കപ്പെട്ട മനുഷ്യരെക്കുറിച്ചാണ് ദൈവം സംസാരിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്.
എന്നാൽ 4-ാം വാക്യത്തിൽ, “അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്‍റെ ശേഷവും ദൈവത്തിന്‍റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർതന്നെ”, എന്ന വാക്കുകൾ അനുസരിച്ച്, ദൈവം ഈ വാക്കുകൾ പറയുമ്പോൾ, നെഫിലിമുകലും ഈ ഭൂമിയിൽ ഉണ്ടായിരുന്നു. ദൈവം അവരെയും മനുഷ്യര്‍ എന്നാണ് സംബോധന ചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ 5-ാം വാക്യം അനുസരിച്ച്, അവൻ “ഭൂമിയിൽ മനുഷ്യന്‍റെ ദുഷ്ടത വലിയതെന്നും അവന്‍റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും…”അവൻ മനുഷ്യരുടെ ദുഷ്ടതയെക്കുറിച്ച് പരാമർശിക്കുകയും 7-ാം വാക്യത്തിൽ ആ മനുഷ്യരെ നശിപ്പിക്കുമെന്ന് പറയുകയും ചെയ്തിരിക്കുന്നു.
“ഞാൻ സൃഷ്‍ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു” (ഉൽപത്തി 6:7).
നെഫിലിമുകൾ ദൂതന്മാർക്കും മനുഷ്യർക്കും ജനിച്ച സന്തതികളാണെങ്കിൽ, അവർ എങ്ങനെ പൂർണ്ണമായും മനുഷ്യരാകും? ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് പറയുന്നവരുടെ വാദമനുസരിച്ച്, അവർ ഒരു തരത്തിൽ രാക്ഷസവംശമല്ലേ!
വായനക്കാരോടുള്ള അഭ്യർത്ഥന: ഇത്തരം വിവാദ വിഷയങ്ങൾക്ക് വിശദീകരണങ്ങളും, എതിരാളികളുടെ ആരോപണങ്ങൾക്ക് നിഷേധിക്കാനാവാത്ത മറുപടികളും, സംശയങ്ങൾക്കുള്ള ഉത്തരങ്ങളും ഞങ്ങളുടെ വ്യാഖ്യാനങ്ങളിൽ ഞങ്ങൾ പ്രസ്താവിച്ചു കൊണ്ടേയിരിക്കും. അതുകൊണ്ട്, ഞങ്ങളുടെ വെബ്‌സൈറ്റായ വചനപ്രഭയിലെ വ്യാഖ്യാന വിഭാഗത്തിൽ ഇതുവരെ ഞങ്ങൾ അഭിപ്രായം പറഞ്ഞ പുസ്തകങ്ങൾ അവലോകനം ചെയ്യാനും ഏതെങ്കിലും തിരുവെഴുത്ത് ഭാഗത്തെക്കുറിച്ച് നിങ്ങൾക്ക് ഉണ്ടാകാവുന്ന എതിർപ്പുകൾ പരിഹരിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പരമ്പരയിലെ ശേഷിക്കുന്ന എല്ലാ പുസ്തകങ്ങളെക്കുറിച്ചും ഇതേ വീക്ഷണത്തില്‍ നിന്നാണ് ഞങ്ങൾ അഭിപ്രായം പറയാൻ പോകുന്നത്. അതിനാൽ ഞങ്ങളുടെ വെബ്സൈറ്റ് കൂടെക്കൂടെ സന്ദർശിക്കുക.
Copyright Notice
ഈ ലേഖനം/പുസ്തകം വാണിജ്യപരമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഞങ്ങളുടെ രേഖാമൂലമുള്ള അനുമതി നേടണം. സൗജന്യ പ്രസിദ്ധീകരണത്തിന് ഞങ്ങളുടെ അനുമതി ആവശ്യമില്ല. എന്നിരുന്നാലും, ഈ ലേഖനം/പുസ്തകം പൂർണ്ണമായോ ഭാഗികമായോ പ്രസിദ്ധീകരിക്കുന്ന ഏതൊരാളും ഇനിപ്പറയുന്ന പകർപ്പവകാശ അറിയിപ്പ് ഉൾപ്പെടുത്തണം:
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.