ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ച് അവന്‍റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍. അവന്‍ ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.’ (സങ്കീര്‍ത്തനങ്ങള്‍1:1-3)
ഏറ്റവും അനുഗ്രഹീതമായ ഈ സങ്കീർത്തന പുസ്തകം,ഭാഗ്യവാനായ ഒരു വ്യക്തിയിൽ കാണുന്ന ലക്ഷണങ്ങളോടെ ആരംഭിക്കുന്നത് എന്നെ വളരെ അധികം ചിന്തിപ്പിച്ച വിഷയമാണ്. എന്നാൽ ആഴത്തിൽ പഠിക്കുകയാണെങ്കിൽ, ഈ പുസ്തകം ആരംഭിക്കുന്നതിന് ഇതിലും ഉത്തമമായ ഇതിവൃത്തം കണ്ടെത്തുക അസാധ്യമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. നമ്മുടെ പല വായനക്കാർക്കും അറിയാവുന്നതുപോലെ, “സങ്കീർത്തനങ്ങൾ” സ്തുതിയും ആരാധനയുമായി ബന്ധപ്പെട്ടതാണ്. ഭാഗ്യവാനായ ഒരു വ്യക്തി മാത്രമാണ് ദൈവത്തെ സ്തുതിക്കുവാൻ യോഗ്യതയുള്ളവൻ. അവൻ അർപ്പിക്കുന്ന സ്തുതികൾ മാത്രമാണ് ദൈവത്തിന് സ്വീകാര്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് സങ്കീർത്തനം “ഭാഗ്യവാൻ” എന്ന ഈ വിഷയത്തോടെ ആരംഭിക്കുന്നത്. മത്തായി 5:3,11 പോലെയുള്ള മറ്റ് വേദഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതുപോലെ ഇവിടെയും “ഭാഗ്യവാൻ” എന്ന വാക്ക് രണ്ട് അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു. ദൈവകോപത്തിനു പകരം അവന്‍റെ മേൽ ദൈവത്തിന്‍റെ അനുഗ്രഹങ്ങൾ ചൊരിയപ്പെടും എന്നതാണ് ആദ്യത്തെ അർത്ഥം. അതുമുഖാന്തരം അവന്‍ ദൈവത്തിലുള്ള സന്തോഷം അനുഭവിക്കുമെന്ന അർത്ഥം കൂടെ അതിനുണ്ട്.
ഇവിടെ ‘ഭാഗ്യവാന്മാര്‍’ എന്നല്ല, ‘ഭാഗ്യവാൻ,’ എന്ന ഏക വചനമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രായോഗിക വിശുദ്ധി പൂർണ്ണമായും വ്യക്തിപരമാണെന്ന് ഇത് സൂചിപ്പിക്കുന്നു. എങ്ങനെയുള്ള വ്യക്തി ചെയ്യുന്ന സ്തുതിയാണ് ദൈവം അംഗീകരിക്കുന്നത് എന്ന് വിവരിച്ചു കൊണ്ടാണ് ഈ സങ്കീർത്തനം ആരംഭിക്കുന്നത് എന്നത് ശ്രദ്ധേയമായ വിഷയമാണ്. ഈ ആദ്യത്തെ മൂന്ന് വാക്യങ്ങളിൽ, ദൈവത്തിന്‍റെ അനുഗ്രഹം സ്വീകരിക്കാനും അവനെ സ്തുതിക്കാനും യോഗ്യനായ വ്യക്തിയുടെ ഒരു ചിത്രം പരിശുദ്ധാത്മാവ് നമുക്കായി വരച്ചുകാണിക്കുന്നു . അതുവഴി നമുക്ക് നമ്മെ സത്യസന്ധമായി സ്വയം പരിശോധന ചെയ്യാൻ കഴിയും. ഈ ചിത്രത്തിലെ ഭാഗ്യവാനായ വ്യക്തിയുടെ സവിശേഷതകൾ മൂന്ന് വാക്കുകളിൽ സംഗ്രഹിക്കാം: ‘അവന്‍റെ വേർപാട്’, ‘(1:1) അവന്‍റെ ‘വചനധ്യാനം’, (1:2) അവന്‍റെ ‘ഫലപ്രദമായ ജീവിതം’. (1:3).
- അവന്‍റെ വേർപാട്
“ദുഷ്ടന്മാരുടെ ആലോചന പ്രകാരം നടക്കാതയും പാപികളുടെ വഴിയിൽ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും... ”
ഈ വാക്യം ദുഷ്ടന്മാർ പടി പടിയായി വീണു പോകുന്ന ക്രമത്തെ സൂചിപ്പിക്കുന്നതായി വിവിധ ബൈബിൽ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നു. ആദ്യം അവര്‍ ദുഷ്ടതയില്‍ നടക്കുന്നു; അതിനുശേഷം, നില്ക്കുന്നു, അതായത് അതിൽ കൂടുതൽ സ്ഥിരപ്പെടുന്നു; അവസാനം ഇരിക്കുന്നു, അതായത് ശാശ്വതമായി അതിൽ മുഴുകിപോകുന്നു. ഇങ്ങനെ ഒരു ക്രമം ഇവിടെ പ്രസ്താവിക്കപ്പെടുന്നതായിട്ട് അവർ വ്യാഖ്യാനിക്കുന്നു. ‘ആലോചന’, ‘വഴി’,’ഇരിപ്പിടം’ ഇവ എല്ലാം ആ ക്രമത്തെ സൂചിപ്പിക്കുന്നു എന്നും, അതുപോലെ ‘ദുഷ്ടമാർ’, ‘പാപികൾ’, ‘പരിഹാസികൾ’ എന്നീ സംബോധനകളും ഈ ആശയത്തെ കൂടുതൽ ബലപ്പെടുത്തുന്നു എന്നും അവർ വാദിക്കുന്നു.
പക്ഷേ ഈ വാക്യത്തിൽ പ്രകടിപ്പിച്ച ആശയം ഇതല്ലെന്നും അത്തരമൊരു വ്യാഖ്യാനം വാചകത്തിന്‍റെ സന്ദർഭത്തിന് അനുയോജ്യമല്ലെന്നും ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു. പരിശുദ്ധാത്മാവ് ഇവിടെ ദുഷ്ടന്മാരുടെ അധഃപതനത്തെ കുറിച്ചല്ല, മറിച്ച് ഭാഗ്യവാനായ ഒരു വ്യക്തിയുടെ ലക്ഷണങ്ങൾ ആണ് വിവരിക്കുന്നത്. ഭാഗ്യവാനായ ഒരു വ്യക്തിയുടെ നടപ്പിലേയ്ക്കാണ് പരിശുദ്ധാത്മാവ് ആദ്യം നമ്മുടെ ശ്രദ്ധയെ തിരിക്കുന്നത്. ഭാഗ്യവാനായ ഒരു വ്യക്തിയുടെ നടപ്പ് ദുഷ്ടന്മാരിൽ നിന്ന് വേർപെട്ട നടപ്പാണ്. ഇത് ആത്മ പരിശോധന ചെയ്യാൻ നമ്മെ സഹായിക്കുന്ന അനുഗ്രഹീതമായ ഒരു ചിന്തയാണ്. പ്രിയ വായനക്കാരാ, വ്യക്തിപരമായ വിശുദ്ധി ഇവിടെ നിന്നാണ് ആരംഭിക്കുന്നത്, മറ്റൊരിടത്തുനിന്നുമല്ല. ലോകത്തിൽ നിന്ന് നമ്മെത്തന്നെ വേർപെടുത്തുകയും പാപത്തിന്‍റെ പാതയിൽ നിന്ന് പിന്തിരിയുകയും ചെയ്തില്ലെങ്കിൽ, നമുക്ക് ദൈവത്തോടൊപ്പം നടക്കാനും, ക്രിസ്തുവിനെ പിന്തുടരാനും, ആ സമാധാനത്തിന്‍റെ പാതയിൽ നടക്കാനും കഴിയില്ല.
‘ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാത്തവൻ ഭാഗ്യവാൻ’. ഈ ആശയം എങ്ങനെ വ്യക്തമാക്കിയിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. “ദുഷ്ടതയിൽ പരസ്യമായി ഏർപ്പെടാത്തവൻ” എന്നോ “ഭോഷത്വത്തിൽ നടക്കാത്തവൻ” എന്നോ അല്ല, “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാത്തവൻ” എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് സ്വയം പരിശോധന ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന വാക്കാണ്. ഒരു പ്രത്യേക വീഷയത്തെക്കുറിച്ച് ഇതു നമുക്ക് മുന്നറിയിപ്പ് നൽകുന്നു.
ദുഷ്ടന്മാർ വിശ്വാസിക്ക് കൂടക്കൂടെ ഉപദേശം നൽകാൻ ശ്രമിക്കുന്നത് നാം കാണാറുണ്ട്. അവർ വിശ്വാസിയുടെ അഭ്യുദയകാംക്ഷികളായതു കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് നമുക്ക് തോന്നും. അത്രത്തോളം ഭക്തി നല്ലതല്ലെന്നും അവർ അവനെ ഉപദേശിക്കും. എന്നാൽ ദൈവം അവരുടെ ജീവിതത്തിൽ ഇല്ലാത്തതിനാൽ, അവർക്ക് ദൈവഭയമില്ലാത്തതിനാല്‍ അവരുടെ നടപ്പും രീതികളും സ്വന്ത ഇച്ഛയും സ്വസംതൃപ്തിയും അനുസരിച്ചാണ് നിർണ്ണയിക്കപ്പെടുന്നത്, കൂടാതെ അവർ ‘ബൗദ്ധിക ജ്ഞാനം’ പറയുന്നതു പോലെ നയിക്കപ്പെടുന്നവരാണ്. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരിൽ പലരും ഇപ്പോഴും അവരുടെ അഭക്തരായ ബന്ധുക്കളോടും സ്നേഹിതരോടും ആലോചിച്ച് കാര്യങ്ങൾ ചെയ്യുകയും, അവരുടെ ഉപദേശമനുസരിച്ച് ജീവിതം ക്രമീകരിക്കുകയും ചെയ്യുന്നത് എത്രയോ കഷ്ടമാണ്. ബിസിനസ്സ് കാര്യങ്ങളിലും, സാമൂഹിക വിഷയങ്ങളിലും, വീടിന്‍റെ അലങ്കാരത്തിലും, വസ്ത്രധാരണത്തിലും, ഭക്ഷണകാര്യങ്ങളിലും, കുട്ടികളെ അയയ്ക്കുന്ന സ്കൂളിനെക്കുറിച്ചുള്ള തീരുമാനങ്ങളിലും ദൈവത്തെ അറിയാത്തവരുടെ ആലോചനകൾ പിന്തുടരുന്നത് നാം പലപ്പോഴും കാണുന്നു. എന്നാൽ ഇവിടെ പറയുന്ന ‘ഭാഗ്യവാൻ’ തികച്ചും വ്യത്യസ്തനാണ്. അവരുടെ ആലോചന കേൾക്കാൻ അവൻ ഭയപ്പെടുന്നു. അവൻ അവരുടെ വാക്കുകൾ നിരസിച്ചുകൊണ്ട്, “സാത്താനേ, എന്നെ വിട്ടു പോകൂ” നീ എനിക്ക് ഇടർച്ച വരുത്തുന്നു; നീ ദൈവത്തിന്‍റെ കാര്യങ്ങളെയല്ല, മനുഷ്യരുടെ കാര്യങ്ങളെയാണ് ശ്രദ്ധിക്കുന്നത്.” എന്ന് പറയും.
എന്തുകൊണ്ട്? കാരണം, തനിക്കു വഴി കാണിക്കാൻ എല്ലാറ്റിലും മെച്ചപ്പെട്ട വേറൊന്ന് ഉണ്ടെന്ന് ദൈവത്തിന്‍റെ കൃപ അവനെ പഠിപ്പിക്കുന്നു. മാറ്റമില്ലാത്തതും, തെറ്റില്ലാത്തതും ദൈവത്തിന്‍റെ ജ്ഞാനത്താൽ എഴുതപ്പെട്ടതും, തന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യവുമായ ദൈവവചനം ആണത്. അത് അവന്‍റെ കാലുകൾക്ക് ദീപവും പാതയ്ക്ക് പ്രകാശവുമായി നൽകപ്പെട്ടതാണ്. അവന്‍റെ ഹൃദയത്തിന്‍റെ ആഗ്രഹവും ദൃഢനിശ്ചയവും ദുഷ്ടന്മാരുടെ ഉപദേശം പിന്തുടരാതെ, ദൈവത്തിന്‍റെ ഉപദേശം പിന്തുടരുക എന്നതാണ്. ഈ പാപം നിറഞ്ഞ ലോകത്തിൽ നീതിയുടെ വഴിയിൽ നടക്കുകയും നമ്മുടെ ഹൃദയങ്ങളെ ദൈവത്തിന് സമർപ്പിക്കുകയും ചെയ്യുക എന്നതാണ് മാനസാന്തരത്തിന്‍റെ ശരിയായ അർത്ഥം. ഭാഗ്യവാനായ ഒരു മനുഷ്യന്‍റെ ഈ ലോകത്തില്‍ നിന്നുള്ള വേർപാട് മൂന്ന് വിധങ്ങളിൽ പ്രകടിപ്പിക്കപ്പെടുന്നു. ഒന്നായതായി, അവൻ “ദുഷ്ടന്മാരുടെ ആലോചന അനുസരിച്ച് നടക്കുന്നില്ല”; അതായത്, അവൻ ഈ ലോകത്തിന്‍റെ മോഹങ്ങൾ അനുസരിച്ച് നടക്കുന്നില്ല. ഹവ്വാ, ഹെരോദിയയുടെ മകൾ തുടങ്ങിയവർ ദുഷ്ടന്മാരുടെ ഉപദേശം അനുസരിച്ച് നടന്നവർക്ക് ഉദാഹരണങ്ങളാണ്. ഇതിനു വിരുദ്ധമായി, പോത്തീഫറിന്‍റെ ഭാര്യയുടെ ദുരാലോചന യോസേഫ് നിരസിച്ചതും, ഗൊല്യാത്തിനെ നേരിടാൻ ആയുധം ധരിക്കാനുള്ള ശൗലിന്‍റെ ഉപദേശത്തെ ദാവീദ് നിരസിച്ചതും, ദൈവത്തെ ശപിച്ച് മരിക്കാൻ തന്നെ പ്രേരിപ്പിച്ച തന്‍റെ ഭാര്യയുടെ വാക്ക് ഇയ്യോബ് എതിർത്തതും ദുഷ്ടന്മാരുടെ ആലോചനകൾ അനുസരിക്കാത്തതിന് ഉദാഹരണങ്ങളാണ്.
രണ്ടാമതായി, അവൻ പാപികളുടെ വഴിയിൽ നില്കുന്നില്ല. ഭാഗ്യവാനായ ഒരു വ്യക്തിയുടെ കൂട്ടുകെട്ട് എത്തരത്തിലുള്ളതാണെന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. അവൻ പാപികളോടല്ല, നീതിമാന്മാരോടാണ് കൂട്ടായ്മ ആചരിക്കുന്നത് . അബ്രഹാം കൽദയരുടെ ഊർ വിട്ടുപോയതും, മോശെ ഈജിപ്തിലെ സമ്പത്ത് ഉപേക്ഷിച്ചതും, രൂത്ത് മോവാബ് വിട്ട് നവോമിയെ പിന്തുടരാൻ പോയതുമെല്ലാം ഇതിന് നല്ല ഉദാഹരണങ്ങളാണ്.
മൂന്നാമതായി, പരിഹാസികൾ ഇരിക്കുന്നിടത്ത് അവൻ ഇരിക്കുന്നില്ല. ഇവിടെ “ഇരിക്കുക” എന്ന വാക്ക് വിശ്രമിക്കുന്നതിനെയോ ഏതെങ്കിലും കാര്യത്തിൽ മുഴുകി പോകുന്നതിനെയോ സൂചിപ്പിക്കുന്നു. പരിഹാസികൾ യഥാർത്ഥത്തിൽ വിശ്രമം നൽകുന്നവനെ പുച്ഛിക്കുകയും പാപത്തിന്‍റെ വഴികളിൽ വിശ്രമം കണ്ടെത്തുകയും ചെയ്യുന്നു. അതിനാൽ, ‘പരിഹാസികൾ ഇരിക്കുന്നിടത്ത് ഇരിക്കാതിരിക്കുക’ എന്നതിന്‍റെ അർത്ഥം ഭാഗ്യവാനായ വ്യക്തി ലോകം നൽകുന്ന സുഖങ്ങളിലും ആനന്ദങ്ങളിലും വിശ്രമം കണ്ടെത്തുന്നില്ല എന്നതാണ്. പാപത്തിന്‍റെ ക്ഷണികമായ ആനന്ദങ്ങൾ അവനെ തൃപ്തിപ്പെടുത്തുന്നില്ല. “നിന്‍റെ സന്നിധിയില്‍ സന്തോഷപരി പൂർണ്ണതയുണ്ട്” എന്ന് പറഞ്ഞുകൊണ്ട് മറിയയെപോലെ അവൻ കർത്താവിന്‍റെ പാദസന്നിധിയില്‍ ഇരിക്കാൻ ആഗ്രഹിക്കുന്നു.
- അവന്‍റെ വചനധ്യാനം:
ഭാഗ്യവാനായ വ്യക്തിയുടെ ജീവിതം പ്രധാനമായും വചന ധ്യാനത്താൽ നിറഞ്ഞ ജീവിതമാണ്. അവൻ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു. ആത്മീയവിഷങ്ങളെ പരിഹസിക്കുന്നവർ നൽകുന്ന വിനോദങ്ങളിൽ ലൗകിക മനുഷ്യൻ ആനന്ദിക്കുന്നു. എന്നാൽ ഭാഗ്യവാൻ തികച്ചും വ്യത്യസ്തനാണ്. ഈ ലോകത്തിന് നൽകാൻ കഴിയാത്ത ഏറ്റവും മികച്ചതായ ദൈവവചനത്തിൽ ആണ് അവൻ ആനന്ദം കണ്ടെത്തുന്നത്. ദൈവവചനത്തിന്‍റെ പര്യായമായി ദാവീദ് പലപ്പോഴും "യഹോവയുടെ ന്യായപ്രമാണം" എന്ന പദപ്രയോഗം ഉപയോഗിക്കുന്നതായി നാം കാണുന്നു (സങ്കീർത്തനങ്ങൾ 19 ഉം 119 ഉം കാണുക). “യഹോവയുടെ ന്യായപ്രമാണം" എന്ന പ്രയോഗം ആ നിയമത്തിന് അധികാരം നൽകുന്നത് ദൈവത്തിന്‍റെ ഇഷ്ടമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. അതിൽ ആനന്ദിക്കുന്നത് വീണ്ടും ജനിച്ച വ്യക്തിയുടെ ലക്ഷണമാണ്. "ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല." (റോമർ 8:7) യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നത് നമുക്ക് ക്രിസ്തുവിന്‍റെ ആത്മാവിനെ ലഭിച്ചു എന്നതിന്‍റെ ഉറച്ച തെളിവാണ്. കാരണം അവൻ പറയുന്നു, “എന്‍റെ ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്‍റെ ന്യായപ്രമാണം എന്‍റെ ഉള്ളിൽ ഇരിക്കുന്നു.”(സങ്കീർത്തനം 40:8). ദൈവവചനം ഭാഗ്യവാനായ ഒരു വ്യക്തിയുടെ ദൈനംദിന ആഹാരമാണ്. പ്രിയ വായനക്കാരാ, ഇത് നിങ്ങളെ സംബന്ധിച്ചിടത്തോളം സത്യമാണോ? വീണ്ടും ജനിക്കാത്ത ഒരു മനുഷ്യൻ തന്നെത്തന്നെ പ്രസാദിപ്പിക്കുന്നതിൽ സന്തോഷിക്കുന്നു; എന്നാൽ യഥാർത്ഥ ക്രിസ്ത്യാനി ദൈവത്തെ പ്രസാദിപ്പിക്കുന്നതിൽ സന്തോഷിക്കുന്നു. ഇവിടെ അവൻ യഹോവയുടെ ന്യായപ്രമാണത്തിൽ ഉത്സാഹമുള്ളവനാണെന്നു പറയുന്നില്ല, മറിച്ച് അവൻ അതിൽ ആനന്ദിക്കുന്നവനാണ്. ആയിരക്കണക്കിന് യഹോവയുടെ സാക്ഷികള്‍ പോലുള്ള വിഭാഗങ്ങളില്‍ ഉൾപ്പെട്ടിരിക്കുന്നവർ പോലും തിരുവെഴുത്തുകളിലെ പ്രവചനങ്ങൾ, ഉപമകൾ, രഹസ്യങ്ങൾ, വാഗ്ദത്തങ്ങള്‍ മുതലായവ ശ്രദ്ധാപൂർവ്വം പഠിക്കുന്നതിൽ ആനന്ദിക്കുന്നു. എന്നിരുന്നാലും, അവർ ദൈവത്തിന്‍റെ അധികാരത്തിന് വിധേയപ്പെടുന്നതിലോ അതിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവഹിതത്തിന് കീഴടങ്ങുന്നതിലോ സന്തോഷിക്കുന്നില്ല. ഭാഗ്യവാനായ വ്യക്തി ദൈവത്തിന്‍റെ കൽപ്പനകളിൽ ആനന്ദിക്കുന്നു. മറ്റൊന്നിലും ലഭിക്കാത്ത ശുദ്ധവും നിലനിൽക്കുന്നതുമായ ആത്മീയ സന്തോഷവും സമാധാനവും സംതൃപ്തിയും ദൈവത്തിന്‍റെ കൽപ്പനകൾ പാലിക്കുന്നതിൽ അവൻ കണ്ടെത്തുന്നു. യോഹന്നാൻ പറയുന്നതുപോലെ, “അവന്‍റെ കല്പനകൾ ഭാരമുള്ളവയല്ല” (1യോഹന്നാൻ 5:3), അതുപോലെ ദാവീദ് പറയുന്നു “അവ (ന്യായപ്രമാണം) പ്രമാണിക്കുന്നതിനാൽ വലിയ പ്രതിഫലമുണ്ട്” (സങ്കീർത്തനം 19:11).
അവൻ യഹോവയുടെ ന്യായപ്രമാണത്തിൽ “രാപകൽ” ആനന്ദിക്കുന്നു. ഒരു മനുഷ്യന്‍റെ നിക്ഷേപം എവിടെയാണോ അവിടെയാണ് അവന്‍റെ ഹൃദയവും ഇരിക്കുന്നത്. അതിനാൽ, ഭാഗ്യവാനായ മനുഷ്യൻ ദൈവവചനത്തിൽ “രാവും പകലും” മുഴുകിയിരിക്കുന്നു. ആഡംബരപൂർണ്ണമായ ജീവിതം നയിക്കുന്ന മനുഷ്യൻ ഇന്ദ്രിയസുഖങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. ലൗകികനായ മനുഷ്യൻ തന്‍റെ എല്ലാ ഊർജ്ജവും, സമ്പത്തും ബഹുമാനവും നേടുന്നതിൽ ചെലവഴിക്കുന്നു. എന്നാൽ ഭാഗ്യവാനായ മനുഷ്യന്‍റെ ആത്മാർത്ഥമായ ആഗ്രഹം എല്ലായ്‌പ്പോഴും എല്ലാ കാര്യങ്ങളിലും ദൈവത്തെ പ്രസാദിപ്പിക്കുക എന്നതാണ്. അതിനാൽ, ദൈവഹിതം അറിയാൻ, അവൻ ദൈവത്തിന്‍റെ വിശുദ്ധ ന്യായപ്രമാണത്തെ രാവും പകലും ധ്യാനിക്കുന്നു. അങ്ങനെ അവൻ വചനത്തിന്‍റെ വെളിച്ചം സ്വീകരിച്ച്, അതിന്‍റെ മധുരം ആസ്വദിച്ച്, അതിനാൽ പോഷിപ്പിക്കപ്പെടുന്നു. അവന്‍റെ വചന ധ്യാനം ഇടയ്ക്കിടെയല്ല; അത് ക്രമേണയും തുടർമാനമായും സംഭവിക്കുന്ന ഒന്നാണ്. സമൃദ്ധിയുടെ വെളിച്ചത്തിൽ മാത്രമല്ല, ദാരിദ്ര്യത്തിന്‍റെ ഇരുട്ടിലും, ഊർജ്ജസ്വലമായ യൗവനത്തിന്‍റെ നാളുകളിൽ മാത്രമല്ല, ദുർബലമായ വാർദ്ധക്യത്തിന്‍റെ നാളുകളിലും യഹോവയുടെ ന്യായപ്രമാണത്തിൽ അവൻ ആനന്ദിക്കുന്നു.
യിരെമ്യാവ് 15:16 “ഞാൻ നിന്‍റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്‍റെ വചനങ്ങൾ എനിക്കു സന്തോഷവും എന്‍റെ ഹൃദയത്തിന് ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്‍റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.”
“വചനത്തെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു” എന്നതിന്‍റെ അർത്ഥമെന്താണ്? പ്രായോഗികമാക്കുക, അയവിറക്കുക, ദഹിപ്പിക്കുക. എന്നൊക്കെയാണ്. “ചവയ്ക്കുക” എന്നത് ഭക്ഷണത്തെക്കുറിച്ച് പറയുന്നതുപ്പോലെയാണ് വചനത്തെക്കുറിച്ച് ‘ധ്യാനിക്കുക’ എന്നു പറയുന്നത്. വായിച്ച വചനത്തെക്കുറിച്ച് മനസ്സിൽ,ധ്യാനിച്ച് അതിനെക്കുറിച്ച് വീണ്ടുംവീണ്ടും ചിന്തിക്കുമ്പോൾ, വിശ്വാസത്താൽ അത് സ്വീകരിക്കുമ്പോൾ, അത് നമ്മുടെ ഉള്ളിൽ ദഹനമാകുന്നു. ഏതു വചനമാണോ നമ്മുടെ ഭാഗമായി നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നത് നമ്മുടെ മനസ്സിനെ ഉൾക്കൊള്ളുന്ന ആ കാര്യങ്ങളിൽ നാം ആനന്ദിക്കുന്നു. ഏകാന്തതയ്ക്കുള്ള ഏറ്റവും നല്ല പ്രതിവിധി ഇതാണ്, അതായത്, രാവും പകലും കർത്താവിന്‍റെ വചനത്തെ ധ്യാനിക്കുക. (ഇത് രചയിതാവിന്‍റെ സ്വന്ത അനുഭവവും കൂടെയാണ്) എന്നാൽ ധ്യാനിക്കുന്നത് അനുസരണം കാണിക്കാനാണ് എന്നത് മറന്ന് പോകരുത്. “ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്‍റെ വായിൽ നിന്നു നീങ്ങിപ്പോകരുത്; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം...” (യോശുവ1:8). “യഹോവേ, എന്‍റെ വാക്കുകൾക്ക് ചെവി തരേണമേ; എന്‍റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ (സങ്കീര്‍ത്തനം5 :1) എന്ന് സങ്കീർത്തനക്കാരൻ അപേക്ഷിച്ചതുപോലെ നിങ്ങൾക്കും ചെയ്യാൻ കഴിയുമോ?
- അവന്‍റെ ഫലഭൂയിഷ്ഠമായ ജീവിതം
“അവന്‍ ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.” (സങ്കീര്‍ത്തനങ്ങള്‍1:3) ഭാഗ്യവാനായ മനുഷ്യന്‍റെ ഫലപ്രദമായ ജീവിതത്തെക്കുറിച്ച് ഇവിടെ നാം വായിക്കുന്നു. എന്നാൽ ഇത് ഉണ്ടാകണമെങ്കിൽ എന്തുചെയ്യണമെന്ന് മുന്നമേ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ലോകത്തിൽ നിന്ന് വേർപെട്ട ജീവിതം നയിക്കുക; ലോകത്തിന്‍റെ വഴികളിൽ നിന്നും ആചാരങ്ങളിൽ നിന്നും അകന്നു നില്ക്കുക, ലോകത്തെ പിന്തുണയ്ക്കുന്നവരുമായുള്ള കൂട്ടായ്മയിൽ പങ്കെടുക്കാതിരിക്കുക. അതിന്‍റെ സുഖങ്ങളെ ത്യജിക്കുക; ദൈവത്തിന്‍റെ അധികാരത്തിന് കീഴ്പ്പെട്ട്, മന:പൂര്‍വമായി അവന്‍റെ കൽപ്പനകളെ അനുസരിക്കുക; ഇവ ഒന്നും ചെയ്യാതെ അവനുവേണ്ടി ഫലം കായ്ക്കുക അസാധ്യമാണ്. "വൃക്ഷം പോലെ" എന്ന താരതമ്യം പല വാക്യ ഭാഗങ്ങളിലും കാണപ്പെടുന്നു. കാരണം ദൈവത്തിന്‍റെ പൈതലിനും വൃക്ഷത്തിനും ധാരാളം സാമ്യങ്ങളുണ്ട്. അവൻ കാറ്റിൽ ആടുന്ന ഒരു ഞാങ്ങണ പോലെയല്ല; അതുപോലെ നിലത്തുകൂടെ ഇഴയുന്ന വള്ളിച്ചെടി പോലെയുമല്ല. ആകാശത്തേക്ക് നേരെ വളരുന്ന, ആറ്റരികത്തുള്ള വൃക്ഷമാണ് അവൻ. പല മരങ്ങളും നട്ടുപിടിപ്പിക്കുന്നതല്ല, മറിച്ച് സ്വയം വളരുന്നതാണ്. നട്ട ഒരു വൃക്ഷം അതിന്‍റെ ഉടമയുടെ പരിചരണത്തിലും പോഷണത്തിലും വളരുന്നു. അതുകൊണ്ട്, യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നവർ ദൈവത്തിന്‍റെ വകയാണെന്നും അവർ അവന്‍റെ സംരക്ഷണത്തിലും പോഷണത്തിലലുമാണെന്നും ഈ ഉപമ നമുക്ക് ഉറപ്പു നൽകുന്നു.
“ആറ്റരികത്ത് നട്ടിരിക്കുന്നതും” (സങ്കീ.1:3) ഇത് ആശ്വാസം പകരുന്ന, നവീകരിക്കുന്ന കൃപയുടെ നദികൾ ഒഴുകുന്ന കൂട്ടായ്മയുടെ സ്ഥലത്തെ സൂചിപ്പിക്കുന്നു. ഒരുപക്ഷേ കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഇത് യെശയ്യാവ് 32:2-ലെ വിവരണത്തെ സൂചിപ്പിക്കുന്നു. “...കാറ്റിന് ഒരു മറവും പിശറിന് ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്ത് ഒരു വന്‍ പാറയുടെ തണൽപോലെയും ഇരിക്കും.” ഇത് ക്രിസ്തുവിനെ സൂചിപ്പിക്കുന്നു. നീരൊഴുക്കുകളുടെ അരികെ നട്ടിരിക്കുന്ന വൃക്ഷം ആ അരുവിയിൽ നിന്ന് പോഷണം സ്വീകരിക്കുന്നതുപോലെ, ഒരു വിശ്വാസി ക്രിസ്തുവിൽ വസിക്കുകയും അവന്‍റെ വളർച്ചയ്ക്ക് ആവശ്യമായതെല്ലാം അവനിൽ നിന്ന് സ്വീകരിക്കുകയും ചെയ്യുന്നു. “അവൻ തക്കസമയത്ത് ഫലം കായ്ക്കുന്ന ഒരു വൃക്ഷം പോലെയാകും.” കൃപക്ക് പാത്രമാക്കപ്പെട്ടവനിൽ ഈ ലക്ഷണം അനിവാര്യമാണ്. യഥാർത്ഥ മുന്തിരിവള്ളിയിൽ, ഫലം കായ്ക്കാത്ത ഒരു ശാഖയുമില്ല.
“തക്കകാലത്തു ഫലം കായ്ക്കുന്ന വൃക്ഷം…”. എല്ലാ ഫലങ്ങളും ഒരേ സമയം കായ്ക്കുന്നില്ല. അതുപോലെ തന്നെ ആത്മാവിന്‍റെ ഫലവും ഒരേ സമയം ഉത്പാദിപ്പിക്കപ്പെടുന്നില്ല. പ്രതികൂലത വിശ്വാസത്തെയും, കഷ്ടപ്പാടുകൾ സഹിഷ്ണുതയെയും, നിരാശകൾ സൗമ്യതയെയും, അപകടങ്ങൾ ധൈര്യത്തേയും, അനുഗ്രഹങ്ങൾ സ്തുതിയേയും, നന്മകൾ സന്തോഷത്തെയും വിളിച്ചു വരുത്തുന്നു. ഈ വാക്കുകൾ സമയോചിതമാണ്. നവജാത ശിശുക്കളിൽ നിന്ന് പക്വതയുടെ ഫലങ്ങൾ നാം പ്രതീക്ഷിക്കരുത്. “ഇല വാടാത്ത......”എന്ന വാക്ക് അവന്‍റെ ക്രിസ്തീയ വിശ്വാസം ശോഭയുള്ളതും ജീവനുള്ളതുമാണെന്ന് കാണിക്കുന്നു. ജീവിക്കുന്നു എന്ന പേര് മാത്രമുള്ള ഒരു മരിച്ച മനുഷ്യനല്ല അവന്‍ . അവന്‍റെ പ്രവൃത്തികൾ അവന്‍റെ വിശ്വാസത്തെ തെളിയിക്കുന്നു. അതുകൊണ്ട് അവന്‍ ഇല വാടാത്ത വൃക്ഷം മാത്രമല്ല, ഫലം കായ്ക്കുന്ന വൃക്ഷവുമാണ്. ദൈവമഹത്വത്തിനായി നാം ഫലം കായ്ക്കുന്നില്ലെങ്കിൽ വിശ്വാസികളാണെന്ന് അവകാശപ്പെടുന്നത് ഒരു പരിഹാസം മാത്രമാണ്. ക്രിസ്തുവിനെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക, “അവൻ പ്രവൃത്തിയിലും വാക്കിലും ശക്തനായിരുന്നു” (ലൂക്കോസ് 24:19). “അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങി...” (പ്രവൃത്തികൾ 1:2) എന്ന വാക്കുകളിലും നമുക്ക് ഇതേ ക്രമം കാണാൻ കഴിയും.
“അവൻ ചെയ്യുന്നതൊക്കയും സാധിക്കും…”(സങ്കീ.1:3). ഭാഗ്യവാനായ ഒരു വ്യക്തിക്ക് ഇത് സംഭവിക്കുമെന്നത് ഉറപ്പാണ്. എന്നിരുന്നാലും, അത് ഇപ്പോൾ നമ്മുടെ ദൃഷ്ടിയിൽ കാണുന്ന അഭിവൃദ്ധി ആയിരിക്കണമെന്നില്ല. ക്രിസ്തുവിന്‍റെ നാമത്തിൽ കുടിക്കാൻ ഒരു കപ്പ് വെള്ളം കൊടുക്കുന്നവർക്കു പോലും പ്രതിഫലം ലഭിക്കാതിരിക്കില്ല; ഇവിടെ ഇല്ലെങ്കിൽ, വരാനിരിക്കുന്ന ജീവിതത്തിൽ തീർച്ചയായും അവന് അത് ലഭിക്കും.
പ്രിയ വായനക്കാരാ! ഇവിടെ പറഞ്ഞിരിക്കുന്ന ഭാഗ്യവാനായ മനുഷ്യനോട് നിങ്ങൾക്ക് എത്രമാത്രം സാമ്യമുണ്ട്! ഈ മൂന്ന് വാക്യങ്ങളുടെ ക്രമം ഒരിക്കൽ കൂടി ശ്രദ്ധിക്കാം. ആദ്യ വാക്യത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം പാപത്തിന് ഇടം നൽകുമ്പോൾ, യഹോവയുടെ ന്യായപ്രമാണത്തിലുള്ള നമ്മുടെ ആനന്ദം കുറഞ്ഞു പോകും. അവന്‍റെ വചനത്തിന്‍റെ ഇഷ്ടത്തിന് നാം കീഴടങ്ങാത്തപ്പോൾ, നാം ഫലശൂന്യരായിത്തീരുന്നു. എന്നാൽ ലോകത്തിൽ നിന്ന് പൂർണ്ണമായും വേർപെട്ട് പൂർണ്ണഹൃദയത്തോടെ ദൈവത്തിൽ വസിക്കുകയാണെങ്കിൽ അവന്‍റെ മഹത്വത്തിനായി ഫലം കായിക്കുന്ന വ്യക്തികളായി നാം മാറും.
Copyright Notice
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.