Hits: 158
Print
രചയിതാവ്.: ജോനഥന്‍ എഡ്വേഡ്സ്
വിവർത്തനം: ഷിബു ബാബു &ഷൈനി

               ദൈവിക അനുഷ്ടാനങ്ങളെ അശുദ്ധമാക്കുന്ന
                നാമധേയ ക്രിസ്ത്യാനികൾക്കുള്ള മുന്നറിയിപ്പ്
 
 
                             
 നാമധേയ ക്രിസ്ത്യാനികള്‍ക്കുള്ള മുന്നറിയിപ്പ്
                                                                   (അല്ലെങ്കിൽ)
 ദൈവത്തെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട  അനുഷ്ഠാനങ്ങളിൽ പങ്കെടുത്തുകൊണ്ടു തന്നെ
   അറിയപ്പെടുന്ന   ഏതെങ്കിലും ദുഷ്ടതയിൽ ജീവിക്കുന്നത് മഹാപാപം

 

                         വിഷയ സൂചിക

ഭാഗം – 1 ദൈവം നിയമിച്ച അനുഷ്ഠാനങ്ങൾ വിശുദ്ധമാണ്.ആ ദൈവിക അനുഷ്ടാനങ്ങൾ പരിശുദ്ധമാകുന്നത് താഴെ പറയുന്ന കാരണങ്ങളാല്‍  ആണ്.

ഭാഗം – 2 ദൈവത്തെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട അനുഷ്ടാനങ്ങളില്‍  പങ്കെടുക്കുബോഴും ദുഷ്ടമായ വഴികളിൽ ജീവിക്കുന്നവർ അവയെ ഭയങ്കരമായി മലിനമാക്കുന്നു.

ഭാഗം – 3 ആത്മപരിശോധനയ്ക്കുള്ള ആഹ്വാനം

ഭാഗം – 4 ദൈവിക അനുഷ്ഠാനങ്ങളിൽ പങ്കുടുക്കുമ്പോഴും അറിഞ്ഞുകൊണ്ട് പാപത്തിൽ ജീവിക്കുന്നവരോട് ഒരു വാക്ക്

ജോനാഥൻ എഡ്വേർഡ്സിന്‍റെ  മരണശേഷം താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങളുടെ അടിസ്ഥാനത്തില്‍  പ്രസിദ്ധീകരിച്ച രണ്ട് പ്രസംഗങ്ങളുടെ സംഗ്രഹമാണ് ഈ ലഘുലേഖ. 1788-ൽ എഡിൻബർഗിൽ ഇത് അച്ചടിക്കപ്പെട്ടു.

യെഹെസ്കേൽ 23:37-39

അവർ വ്യഭിചാരം ചെയ്തു, അവരുടെ കൈയിൽ രക്തം ഉണ്ട്; തങ്ങളുടെ വിഗ്രഹങ്ങളോട് അവർ വ്യഭിചാരം ചെയ്തു; അവർ എനിക്കു പ്രസവിച്ച മക്കളെ അവയ്ക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.  ഒന്നുകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നാളിൽ തന്നെ അവർ എന്‍റെ  വിശുദ്ധമന്ദിരത്തെ തീണ്ടിച്ച് എന്‍റെ  ശബ്ബത്തുകളെ അശുദ്ധമാക്കി. അവർ തങ്ങളുടെ മക്കളെ വിഗ്രഹങ്ങൾക്കുവേണ്ടി കൊന്നശേഷം അന്നുതന്നെ അവർ എന്‍റെ  വിശുദ്ധ മന്ദിരത്തെ അശുദ്ധമാക്കേണ്ടതിന് അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്‍റെ ആലയത്തിന്‍റെ  നടുവിൽ ചെയ്തത്.

വിഷയം

ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പങ്കെടുത്തുകൊണ്ടു തന്നെ, അറിഞ്ഞു കൊണ്ട് ഏതെങ്കിലും ദുഷ്ടതയിൽ ജീവിക്കുമ്പോൾ, ആ അനുഷ്ഠാനങ്ങളെ ഏറ്റവും ഭയാനകമായ രീതിയിൽ അശുദ്ധവും മലിനവും ആക്കി കുറ്റക്കാരാവുകയാണ് ചെയ്യുന്നത്.  ഇവിടെ ശമര്യയെയും യെരൂശലേമിനെയും (അല്ലെങ്കിൽ) യിസ്രായേലിനെയും യഹൂദയെയും  ഒഹൊലാ, ഒഹൊലീബ എന്നീ രണ്ട് സ്ത്രീകളുമായി താരതമ്യം ചെയ്തിരിക്കുന്നു. ഈ രണ്ട് രാജ്യങ്ങളിലെയും ആളുകൾ അവരോട് ഉടമ്പടി ചെയ്ത ദൈവത്തിനെതിരായി നടത്തിയ വിഗ്രഹാരാധനയെയും വഞ്ചനയെയും ഈ രണ്ട് സ്ത്രീകള്‍ ചെയ്ത  വ്യഭിചാരമായി സൂചിപ്പിച്ചിരിക്കുന്നു. അവർ തങ്ങളുടെ യൗവനത്തിൽ വഴികാട്ടിയായിരുന്ന തങ്ങളുടെ ഭർത്താവായ ദൈവത്തെ ഉപേക്ഷിച്ച് മറ്റുള്ളവരുമായി വ്യഭിചാരം ചെയ്തു. ഒഹൊലായും ഒഹൊലീബയും അവരുടെ ഭർത്താവായ ദൈവത്തിനെതിരായി കാണിച്ച ദുഷ്ടതയെ വ്യഭിചാരം”, “രക്തച്ചൊരിച്ചിൽ എന്നീ രണ്ട് പാപങ്ങളാൽ സൂചിപ്പിച്ചിരിക്കുന്നു. അവർ വ്യഭിചാരം ചെയ്തു, അവരുടെ കൈകൾ രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നു. 1.അവർ തങ്ങളുടെ  കാമുകന്മാരുമായി, അതായത് വിഗ്രഹങ്ങളുമായി, വ്യഭിചാരം ചെയ്തു.

  1. അവർ വ്യഭിചാരം ചെയ്യുക മാത്രമല്ല, ദൈവത്തിനു വേണ്ടി ജനിപ്പിച്ച തങ്ങളുടെ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് പോയി, തങ്ങളുടെ കാമുകന്മാർക്കുവേണ്ടി കൊന്നുകളഞ്ഞു. അവരുടെ ഹൃദയങ്ങൾ ഭർത്താവായ ദൈവത്തിൽ നിന്നും, വളരെ അകന്നു പോയി. കാമുകന്മാരുടെ കാമവികാരത്താൽ വഞ്ചിക്കപ്പെട്ട അവർ, തങ്ങളുടെ ഭർത്താവിനു പ്രസവിച്ച സ്വന്തം കുട്ടികളെ എടുത്തുകൊണ്ടുപോയി, അവരെ വിരുന്നിനായി ക്രൂരമായി കൊന്നു. 37-ാം വാക്യം പറയുന്നതുപോലെ,”… അവർ എനിക്കു പ്രസവിച്ച മക്കളെ അവയ്ക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു. അവർ ചെയ്ത കാര്യങ്ങളിലുള്ള ദുഷ്ടതയുടെ രണ്ടു മടങ്ങ് ഈ വാക്കുകളിൽ കാണുന്നു.

അവർ ചെയ്തത് ദുഷ്ക്രിയകൾ ആയിരുന്നു. അവരുടെ ഭർത്താവായ ദൈവത്തിനെതിരെ അവർ ചെയ്ത ഭയങ്കരമായ ദുഷ്ടത ആർക്കാണ് പ്രകടിപ്പിക്കാൻ കഴിയുക? അതു പോരാഞ്ഞിട്ട്, ഈ ദുഷ്ക്രിയകളെ അവര്‍ വിശുദ്ധ കാര്യങ്ങളുമായി കൂട്ടിക്കലർത്തി, അവയെ ഇരട്ടി ദുഷ്ടതയാക്കി മാറ്റി. കാരണം, ഈ ദുഷ്ക്രിയകൾ ചെയ്തതിനു പുറമേ, അവർ അതേ ദിവസം തന്നെ ദൈവത്തിന്‍റെ  വിശുദ്ധമന്ദിരത്തിന്‍റെ പ്രാകാരത്തിലേക്ക്  പ്രവേശിച്ചു; അത് അവരുടെ ദോഷത്തെ ഏറ്റവും വർദ്ധിപ്പിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ ദുഷ്ടതയിൽ ജീവിക്കുമ്പോൾ തന്നെ ദൈവാലയത്തിൽ പ്രവേശിക്കുകയും അവിടെ നടക്കുന്ന വിശുദ്ധ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. അവർ അവനെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നതായി നടിച്ചുകൊണ്ട് അവനെ ഏറ്റവും മോശമായ രീതിയിൽ അപമാനിച്ചു. അങ്ങനെ അവർ വിശുദ്ധമായ കാര്യങ്ങളെ അശുദ്ധമാക്കി. അങ്ങനെ വിശുദ്ധമായവ മലിനമായി പോയി. ഇതിനെ കുറിച്ച് യെഹെസ്കേൽ 23:38,39- ൽ എഴുതിയിരിക്കുന്നു: ഒന്നുകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നാളിൽ തന്നെ അവർ എന്‍റെ  വിശുദ്ധമന്ദിരത്തെ തീണ്ടിച്ച് എന്‍റെ  ശബ്ബത്തുകളെ അശുദ്ധമാക്കി. അവർ തങ്ങളുടെ മക്കളെ വിഗ്രഹങ്ങൾക്കുവേണ്ടി കൊന്നശേഷം അന്നുതന്നെ അവർ എന്‍റെ  വിശുദ്ധ മന്ദിരത്തെ അശുദ്ധമാക്കേണ്ടതിന് അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്‍റെ  ആലയത്തിന്‍റെ  നടുവിൽ ചെയ്തത്.

ഉപദേശം :-

ദൈവാരാധനയ്ക്കു സംബന്ധിക്കുന്ന അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുകയും ഗുരുതരമായ ദുഷ്ടതയിൽ തുടരുകയും ചെയ്യുന്നവർ, ആ അനുഷ്ഠാനങ്ങളെ ഏറ്റവും ഭയാനകമായി അശുദ്ധമാക്കുന്നവരും, അപ്രകാരം മലിനമാക്കിയതിനാൽ അവർ കുറ്റക്കാരുമാണ്.

ദൈവം സ്ഥാപിച്ചതോ നിയമിച്ചതോ ആയ ആചാരങ്ങളെയാണ് പവിത്രമായ അനുഷ്ഠാനങ്ങൾ (ordinances) എന്ന് പറയുന്നത്. ഉദാഹരണത്തിന്, വിവാഹം എന്ന വ്യവസ്ഥയെ സ്ഥാപിച്ചത് ദൈവമായതുകൊണ്ട് അതിനെ നാം ഒരു പവിത്രമായ അനുഷ്ഠാനം (കൂദാശ) എന്ന് വിളിക്കുന്നു. എന്നാൽ ആരാധനയ്ക്കായീ നിർദ്ദേശിക്കപ്പെടുന്ന രീതികളെ (ആരാധനാക്രമം)  സൂചിപ്പിക്കാനാണ്  നമ്മൾ സാധാരണയായി ഈ പദം ഉപയോഗിക്കുന്നത്. കർത്താവിന്‍റെ മേശയിൽ പങ്കെടുക്കൽ, പരസ്യ പ്രാർത്ഥന, സ്തുതിഗീതങ്ങൾ ആലപിക്കൽ, വചനം പ്രസംഗിക്കൽ, വചനം കേൾക്കൽ എന്നിവ വിശുദ്ധ അനുഷ്ഠാനങ്ങളാണ്, കാരണം ഇവയെല്ലാം ദൈവത്താൽ നിയമിക്കപ്പെട്ടവയാണ്.

സഭയിലെ ചില ശുശ്രൂഷകരെ വേർതിരിക്കൽ, സഭാ ക്രമം നിലനിർത്തൽ, തെറ്റുകൾ പരസ്യമായി ഏറ്റുപറയൽ, ശിക്ഷണം, ശിക്ഷണത്തിന് വിധേയരാകാത്തവരെ പുറത്താക്കൽ എന്നിവയെല്ലാം ദൈവത്താല്‍ നിയമിക്കപ്പെട്ട  അനുഷ്ഠാനങ്ങളാണ്. ഇവയെ ദൈവ ഭവനത്തെ സംബന്ധിക്കുന്ന കൽപ്പനകൾ എന്നും പൊതു ആരാധനയെക്കുറിച്ചുള്ള നിയമങ്ങൾ എന്നോ ആരാധനാക്രമം എന്നോ വിളിക്കുന്നു. അത്തരം പവിത്രമായ അനുഷ്ഠാനങ്ങൾ അശുദ്ധമാകുന്നതിനെ കുറിച്ച് ഈ വാക്യ ഭാഗം സംസാരിക്കുന്നു. “അവർ എന്‍റെ വിശുദ്ധ മന്ദിരത്തെ അശുദ്ധമാക്കേണ്ടതിന് അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്‍റെ  ആലയത്തിന്‍റെ നടുവിൽ ചെയ്തത്. എന്ന് ദൈവം പറയുന്നു (യെഹെസ്കേൽ 23:39) ഈ ഉപദേശത്തിന് രണ്ട് ഭാഗങ്ങളുണ്ട്.

                                 ഭാഗം 1

ദൈവം  നിയമിച്ച  അനുഷ്ഠാനങ്ങൾ (കൂദാശകൾ)     വിശുദ്ധമാണ്.ആ ദൈവിക അനുഷ്ഠനങ്ങൾ പരിശുദ്ധമായിരിക്കുന്നത് ദൈവിക അനുഷ്ടാനങ്ങൾ പരിശുദ്ധമാകുന്നത്   താഴെ പറയുന്ന കാരണങ്ങളാൽ ആണ് .

  1. അവ പൂർണ്ണമായും പ്രത്യേകിച്ചും ദൈവത്തെയും ദൈവിക വിഷയങ്ങളെയും കുറിച്ചുള്ളതാണ്. ദൈവാരാധനയുടെ അനുഷ്ഠാനളിൽ നാം പങ്കെടുക്കുമ്പോൾ, നാം ദൈവത്തിന്‍റെ  പ്രത്യേക സാന്നിധ്യത്തിലാണ് ഉള്ളത്.  ദൈവിക അനുഷ്ഠാനങ്ങളിൽ ആളുകൾ വന്ന് പങ്കെടുക്കുമ്പോൾ, അവർ ദൈവത്തിന്‍റെ മുമ്പാകെ വന്ന് അവന്‍റെ സന്നിധിയിൽ പ്രവേശിക്കുന്നുവെന്ന് വചനം പറയുന്നു. പിന്നെ വന്ന് എന്‍റെ  നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്‍റെ  സന്നിധിയിൽ നിന്നുകൊണ്ട്…” യിരെമ്യാവ് 7:10 “... സംഗീതത്തോടെ അവന്‍റെ  സന്നിധിയിൽ വരുവിൻ.സങ്കീർത്തനങ്ങൾ 100:2

ദിവ്യ അനുഷ്ഠാനങ്ങളിലൂടെ ആളുകൾ ദൈവവുമായി നേരിട്ട് ബന്ധപ്പെടുന്നു. പ്രാർത്ഥനകളിലൂടെയും സ്തുതിഗീതങ്ങളിലൂടെയും അവനോട് സംസാരിക്കുന്നതിലൂടെയും, അതുപോലെതന്നെ വചനം ഭക്തിയോടെ നിശബ്ദമായി ശ്രവിക്കുന്നതുമൂലം അവനിൽ നിന്ന് ആത്മീയ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിലൂടെയുമാണ് ഇത് സാധ്യമാകുന്നത്. ഇങ്ങനെ മനുഷ്യർക്ക് ദൈവവുമായി ആശയവിനിമയം നടത്തുന്നതിനും  കൂട്ടായ്മ ആചരിക്കുന്നതിനും വേണ്ടിയാണ് അവൻ ഈ അനുഷ്ഠാനങ്ങൾ (കൂദാശകൾ)  നിയമിച്ചത്. നാം ദരിദ്രരും, അജ്ഞരും, അന്ധരും,  പുഴുക്കളെ പോലെയുള്ളവരുമാണ്. നമുക്ക് ഇഷ്ടമുള്ളതുപോലെ ഈ ദൈവവുമായി ആശയവിനിമയം നടത്തുന്നത് ശരിയാണെന്ന് ദൈവം കരുതിയില്ല, അതിനാൽ അവൻ ആ അവസരം നമുക്ക് നൽകിയില്ല. എന്നാൽ ദൈവവുമായി ആശയവിനിമയം നടത്താനുള്ള വഴികളായി അവൻ തന്നെ ചില അനുഷ്ഠാനങ്ങൾ നിശ്ചയിച്ചു.

ഈ അനുഷ്ഠാനങ്ങളിലൂടെ (ആരാധനാ ക്രമത്തിലൂടെ)  ദൈവം നമ്മെ വിശുദ്ധവും ആത്മീയവുമായ കാര്യങ്ങൾ കാണിച്ചുതരികയും പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവവചനത്തിന്‍റെ പ്രസംഗത്തിലൂടെ, അവൻ തന്‍റെ വിശുദ്ധ കല്പനകളും തന്‍റെ ഹിതവും നമുക്ക് കാണിച്ചുതരുന്നു. അതുപോലെ, കർത്താവിന്‍റെ മേശയിൽ പങ്കെടുക്കുന്നതിലൂടെ, നമുക്ക് ഉണ്ടായിരിക്കേണ്ട വിശ്വാസം, വിശുദ്ധി സ്നേഹം, അനുസരണം തുടങ്ങിയവ നമ്മെ പഠിപ്പിക്കുന്നു.

  1. ദൈവം നിശ്ചയിച്ച അനുഷ്ഠാനങ്ങളുടെ ഉദ്ദേശ്യം വിശുദ്ധമാണ്. അവയുടെ ഉടനടി ലക്ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുക എന്നതാണ്. വിശ്വാസം, സ്നേഹം, ഭയം, അനുസരണം, കൃതജ്ഞത, വിശുദ്ധമായ സന്തോഷങ്ങളും ദുഃഖങ്ങളും, വിശുദ്ധമായ ആഗ്രഹങ്ങളും, തീരുമാനങ്ങളും, പ്രത്യാശ തുടങ്ങിയ വിശുദ്ധ കാര്യങ്ങളെ  വളർത്തിയെടുക്കുന്നതിനാണ് ദൈവം ഈ അനുഷ്ഠാനങ്ങളെ നിയമിച്ചത്. യഥാർത്ഥ ആരാധനയിൽ വിശുദ്ധമായ, ആത്മീയമായ ഈ പരിശീലനങ്ങൾ (practices) ഉണ്ട് . ഈ ദൈവിക അനുഷ്ഠാനങ്ങൾ ആരാധനയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ ആരാധനയിൽ നമ്മെ സഹായിക്കാനും നയിക്കാനും അവ ഉതകുന്നു.
  2. ദൈവവുമായി ആശയവിനിമയം നടത്താനും, ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കാനും, ദിവ്യവും വിശുദ്ധവുമായ ആരാധനയിൽ നമ്മെ നയിക്കാനും സഹായിക്കാനും മാത്രമല്ല ഈ അനുഷ്ഠാനങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നത്, മറിച്ച് അവയ്ക്ക്  ദിവ്യനും പരിശുദ്ധനുമായ ഒരു കാരണക്കാരന്‍ ഉണ്ട്. അനന്തനും മഹാനും പരിശുദ്ധനും  ത്രിയേകനുമായ ദൈവത്താൽ അവ നിയോഗിക്കപ്പെട്ടിരിക്കുന്നു. ത്രിത്വത്തിലെ ഓരോ വ്യക്തിക്കും അവയുടെ നിയമനത്തിൽ  പങ്കുണ്ട്. പിതാവായ ദൈവം തന്‍റെ  സ്വന്തം പുത്രനിലൂടെ അവയെ നിയോഗിച്ചു. പുത്രൻ പിതാവിൽ നിന്ന് അവ സ്വീകരിച്ചു, അതിനാൽ ക്രിസ്തു തന്നെ  സ്വയമായി അവയെ നിയോഗിച്ചു.  എന്നെ അയച്ച പിതാവു തന്നെ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. യോഹന്നാൻ 12:49  പിതാവും പുത്രനും  പരിശുദ്ധാത്മാവിനാൽ അവയെ പൂർണ്ണമായി വെളിപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്തു. പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താൽ അവ തിരുവെഴുത്തുകളായി എഴുതപ്പെട്ടു.

ദൈവം തന്നെ അവയെ  വിശുദ്ധീകരിച്ച് സ്ഥാപിച്ചിരിക്കുന്നതിനാൽ അവ വിശുദ്ധമാണ്. അവ വിശുദ്ധമായ കാര്യങ്ങളെക്കുറിച്ചാണ്. നാം വിശുദ്ധമായ കാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരിക്കേണ്ടതിനാണ്  ദൈവം അവയെ നിയമിച്ചിരിക്കുന്നത്. അവ വിശുദ്ധ ഉപയോഗത്തിനുള്ളതാണ്. ദൈവം തന്നെ സ്വന്തം അധികാരത്താൽ അവയെ വിശുദ്ധ കാര്യങ്ങൾക്കായി നിയോഗിച്ചിരിക്കുന്നതിനാൽ അവയെ വിശുദ്ധമായി കണക്കാക്കണം. ദൈവത്തിന്‍റെ കൈ ഇല്ലായിരുന്നെങ്കിൽ അവ സാധാരണമായി കണക്കാക്കപ്പെടുമായിരുന്നു.

  1. ഈ അനുഷ്ഠാനങ്ങളെല്ലാം ദൈവത്തിന്‍റെ നാമത്തിലാണ് നിർവ്വ ഹിക്കപ്പെടുന്നത്. വാക്കിലോ പ്രവൃത്തിയിലോ നാം എന്തു ചെയ്താലും ക്രിസ്തുവിന്‍റെ നാമത്തിൽ ചെയ്യണമെന്ന് തിരുവെഴുത്ത് നമ്മോട് പറയുന്നു (കൊലൊസ്സ്യർ 3:17). ഈ നിയമം പ്രത്യേകിച്ച് ഈ അനുഷ്ഠാനങ്ങൾക്ക് ബാധകമാണ്. സഭയിലെ നിയുക്ത ശുശ്രൂഷകർ ദൈവവചനം ശുശ്രൂഷിക്കുമ്പോൾ, ക്രിസ്തുവിന്‍റെ സ്ഥാനപതികളായും ക്രിസ്തുവിനോടൊപ്പം സഹപ്രവർത്തകരായും ദൈവത്തിന്‍റെ നാമത്തിൽ അവര്‍ സംസാരിക്കുന്നു. ആകയാൽ ഞങ്ങൾ ക്രിസ്തുവിനുവേണ്ടി സ്ഥാനാപതികളായി ....” (2 കൊരിന്ത്യർ 5:20)  “ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.( 2 കൊരിന്ത്യർ 6:1). ഒരു യഥാർത്ഥ ശുശ്രൂഷകൻ പ്രസംഗിക്കുമ്പോൾ, അവൻ ദൈവത്തിന്‍റെ വാക്കുകൾ സംസാരിക്കുന്നതുപോലെയാണ് പ്രഖ്യാപിക്കുന്നത് (1 പത്രോസ് 4:11). ആ ശുശ്രൂഷകനെ ക്രിസ്തുവിന്‍റെ പ്രതിനിധിയായി കണക്കാക്കി എല്ലാവരും അദ്ദേഹം പ്രസംഗിക്കുന്നത് ശ്രദ്ധിക്കണം.

അനുഷ്ഠാനങ്ങൾ നടത്തുന്ന ശുശ്രൂഷകൻ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു. അവൻ ക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനം കഴിപ്പിക്കുന്നു. കർത്താവിന്‍റെ മേശ ആചരിക്കുന്ന സമയത്ത് കര്‍ത്താവിനു പകരക്കാരനായി അവന്‍ ആ ശുശ്രൂഷയ്ക്ക് അധ്യക്ഷത വഹിക്കുന്നു. ക്രിസ്തുവിന്‍റെ നാമത്തിൽ സഭയിൽ ശിക്ഷണ നടപടികൾ നിവഹിക്കുകയും ചെയ്യുന്നു (2 കൊരിന്ത്യർ 2:10). അതുപോലെ, സഭയും മധ്യസ്ഥനായ ക്രിസ്തുവിന്‍റെ നാമത്തിൽ ദൈവത്തിന് പ്രാർത്ഥനകളും സ്തുതികളും അർപ്പിക്കുന്നു, കാരണം ക്രിസ്തു ദൈവമുമ്പാകെ സഭയെ പ്രതിനിധീകരിക്കുന്നു. അവനിലൂടെ  മാത്രമേ സഭയ്ക്ക് ദൈവത്തിന്‍റെ അടുക്കലേയ്ക്ക്  വരുവാൻ കഴിയുകയുള്ളൂ.

 ഭാഗം 2

ദൈവത്തെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട  അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുമ്പോഴും  ദുഷ്ടമായ വഴികളിൽ ജീവിക്കുന്നവർ അവയെ ഭയങ്കരമായി മലിനമാക്കുന്നു.

ദൈവ ഭവനത്തിലേക്ക്, ദൈവത്തിന്‍റെ വിശുദ്ധ സന്നിധിയിലേക്ക് വന്ന്, ദൈവത്തെ വിളിച്ചപേക്ഷിച്ചും, അവനെ സ്തുതിച്ചും, അവന്‍റെ വചനം കേട്ടും, ക്രിസ്തുവിന്‍റെ മരണത്തെ സ്മരിച്ചും, ദൈവിക നിയമപ്രകാരം പൊതു ആരാധനയിൽ തങ്ങളുടെ കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നവർ, മറ്റുള്ളവരുമായി കൂട്ടായ്മയിൽ ആണെന്ന് നടിക്കുകയും, അതേ സമയം ദൈവവചനത്തിലെ വ്യക്തമായ നിയമങ്ങൾക്ക് വിരുദ്ധമായി ദുഷ്ടമായ വഴികളിൽ മനഃപൂർവ്വം നടക്കുകയും ചെയ്യുമ്പോൾ, ദൈവികമായ വിശുദ്ധ ആരാധനയെ അങ്ങേയറ്റം അശുദ്ധമാക്കുകയാണ് ചെയ്യുന്നത്. അവർ ദൈവാലയത്തെയും ദൈവികമായ കാര്യപരിപാടിളെയും മലിനമാക്കുന്നു. ഈ പ്രസ്താവനയിലുള്ള സത്യത്തെക്കുറിച്ച് നമുക്ക് താഴെപ്പറയുന്ന രീതിയിൽ ധ്യാനിക്കാം.

  1. ദൈവാരാധനയുമായി ബന്ധപ്പെട്ട കാര്യപരിപാടികളിൽ പങ്കെടുത്തു കൊണ്ട് ദുഷ്ടതയിൽ ജീവിക്കുന്നവർ ആ പവിത്രമായ അനുഷ്ഠാനങ്ങളോട് വലിയ അനാദരവും അവഹേളനവുമാണ് കാണിക്കുന്നത്. ദുഷ്ടതയിൽ ജീവിക്കുകയും വിശുദ്ധവും ഉന്നതവുമായ ആരാധനയിലും, ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പങ്കെടുക്കുകയും, ആ ദിവസം തന്നെ എന്നപോലെ ദൈവത്തിന്‍റെ ഭവനത്തിൽ നിന്ന് നേരെ പോയി വീണ്ടും ദുഷ്കാര്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർ, വിശുദ്ധമായ കാര്യങ്ങളോട് ഏറ്റവും അനാദരവോടു കൂടിയ മനോഭാവം ആണ് പ്രകടിപ്പിക്കുന്നത്. ദൈവത്തിന്‍റെ  വിശുദ്ധമായ നിയമങ്ങളോട് അവർ ഭയങ്കരമായ വെറുപ്പാണ് കാണിക്കുന്നത്.

ഈ നിയമങ്ങളെ വിശുദ്ധീകരിച്ച ദൈവത്തോട് തങ്ങൾക്ക് ലവലേശം ആദരവ് ഇല്ലെന്ന് അവർ തെളിയിക്കുകയാണ് ചെയ്യുന്നത്. അവയെ സ്ഥാപിച്ച ദിവ്യ അധികാരത്തോടുള്ള ധിക്കാരമാണ് അവർ കാണിക്കുന്നത്. ഏത്  ദൈവത്തിന്‍റെ  അടുത്തേയ്ക്കാണോ അവര്‍  വരുന്നത്, ഈ അനുഷ്ഠാനങ്ങളുടെ പേരില്‍ അവര്‍ ആരോടാണോ   കണക്കു ബോധിപ്പിക്കേണ്ടത്, ഏത് ദൈവത്തിന്‍റെ പേരിലാണോ അവര്‍ ഈ അനുഷ്ടാനങ്ങള്‍ നിര്‍വ്വഹിക്കുന്നത്, ആ ദൈവത്തോട്   അവർ ഏറ്റവും അനാദരവുള്ള മനോഭാവം ആണ് പ്രകടിപ്പിക്കുന്നത്. ദൈവത്തിന്‍റെ  നിയമങ്ങളോടും, ദൈവത്തോട് ആരാധനാ മനോഭാവം, വിശ്വാസം, സ്നേഹം, സൗമ്യത, അനുസരണം, സ്തുതി എന്നിവ പ്രകടിപ്പിക്കാൻ ദൈവം നിശ്ചയിച്ചിട്ടുള്ള അനുഷ്ഠാനങ്ങളോടും അവർ വെറുപ്പ് കാണിക്കുന്നു.

അവർ ദൈവത്തിന്‍റെ അടുത്തേക്ക് വളരെ അശ്രദ്ധയോടെ കടന്നു വരുന്ന രീതി തന്നെ അവരുടെ അനാദരവുള്ള മനോഭാവത്തെ എടുത്തു കാണിക്കുന്നു. ദൈവമുമ്പാകെ യോഗ്യമായി വരുന്നതിനായി  തങ്ങളെ തന്നെ ശുദ്ധീകരിക്കാനും വിശുദ്ധീകരിക്കാനും ഉള്ള യാതൊരു ശ്രമവും അവര്‍ നടത്തുന്നില്ല. അവർ കൂടുതൽ അശുദ്ധരും മലിനീകരിക്കപ്പെട്ടവരുമായി തീരുന്നത് തടയാൻ  യാതൊരു  ശ്രമവും നടത്തുന്നില്ല. ദൈവം തിന്മ കാണാൻ കഴിയാതവണ്ണം നിർമല ദൃഷ്ടിയുള്ളവനാണെന്നും, ദോഷത്തെ കണ്ട് സഹിക്കാൻ കഴിയില്ലെന്നും, പാപത്തെ അവൻ ഏറ്റവും വെറുക്കുന്നു എന്നും അവരെ പലതവണ പഠിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, അവർ എത്രമാത്രം അശുദ്ധരും നീചന്മാരുമായി അവന്‍റെ സന്നിധിയിൽ വന്നാലും അവർക്ക് അതൊരു വിഷയമേ അല്ല. അങ്ങനെ, ദൈവസന്നിധിയിൽ വരാനുള്ള അവരുടെ ഭയമില്ലായ്മയിൽ നിന്നും വിശുദ്ധമായ കാര്യങ്ങളിൽ പങ്കെടുത്തതിനു ശേഷവും  ദൈവസന്നിധിയിൽ നിന്ന് നേരിട്ട് പാപകരമായ ജീവിതത്തിലേക്ക് മടങ്ങി പോകാനുള്ള  അവരുടെ ധൈര്യത്തിൽ നിന്നും അവർ എത്രമാത്രം ധിക്കാരികളും മര്യാദയില്ലാത്തവരുമാണെന്ന്  വ്യക്തമാകുന്നു.

അവർക്ക് ദൈവത്തോടും, പവിത്രമായ കാര്യങ്ങളോടും, അവന്‍റെ  സന്നിധിയിൽ പ്രവേശിക്കുന്നതിനോടും, പവിത്രമായ അനുഷ്ഠാനങ്ങ ളിൽ പങ്കെടുക്കുന്നതിനോടും ഏതെങ്കിലും തരത്തിലുള്ള ബഹുമാനമുണ്ടായിരുന്നെങ്കിൽ, അത് അവരുടെ മനസ്സിൽ ഒരുതരം ഭയം ഉളവാക്കുമായിരുന്നു. അതുകൊണ്ട് തന്നെ, അത്തരം ആത്മീയ കാര്യങ്ങളിൽ നിന്ന് നേരിട്ട് പോയി ദുഷ്പ്രവൃത്തികളിൽ പങ്കെടുക്കാൻ അവർ ധൈര്യം കാണിക്കുമായിരുന്നില്ല. ഒരു രാജാവിന്‍റെ സന്നിധിയിൽ അനാദരവോടെയും തരംതാണ പെരുമാറ്റത്തോടെയും പ്രവേശിക്കുന്നത് അദ്ദേഹത്തെ അപമാനമാനിക്കുന്നതിന് തുല്യമായിരിക്കും. ദൈവം ഏറ്റവും  വെറുക്കുന്ന അശുദ്ധിയാൽ സ്വമേധയാ തങ്ങളെത്തന്നെ മലിനമാക്കി കൊണ്ട്  അവന്‍റെ സന്നിധിയിൽ കൂടക്കൂടെ പ്രവേശിക്കുന്നത് ഭയങ്കരമായ നിലയിൽ  അവനെ അപമാനിക്കുന്നതിനു തുല്യമാണ്!

  1. ദൈവത്തിന്‍റെ അനുഷ്ഠാനങ്ങളെ ബഹുമാനിക്കുന്നതായി നടിക്കുകയും എന്നാൽ ജീവിതത്തിൽ അവയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നവർ ദൈവത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്. ദൈവാരാധനക്കു സംബന്ധിക്കുന്ന കാര്യ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് അവർ ദൈവത്തോട് ആദരവ് ഉള്ളതായി കാണിക്കുന്നു. പ്രാർത്ഥനയിലും, പൊതു ആരാധനയിലും, പാപങ്ങളുടെ ഏറ്റുപറച്ചിലിലും, പ്രാർത്ഥനകളിലും, നന്ദിപ്രകടനങ്ങളിലും അവർ ദൈവത്തോട് ഭക്തി ഉള്ളതായി നടിക്കുകയും അവന്‍റെ മുമ്പാകെ തങ്ങളെത്തന്നെ താഴ്ത്തുകയും, അവരുടെ പാപങ്ങളിൽ ദുഃഖിക്കുകയും, അവന്‍റെ കരുണയ്ക്ക് നന്ദി പറയുകയും, അവനെ അനുസരിക്കുകയും സേവിക്കുകയും ചെയ്യാന്‍   അവന്‍റെ കൃപയുടെ സഹായം തേടുന്നതായി കാണിക്കുകയും  ചെയ്യുന്നു. ദൈവവചനം കേൾക്കാൻ സന്നിഹിതർ ആയിരിക്കുന്നതിലൂടെ പഠിക്കാൻ മനസ്സുള്ളവരാണെന്നും ദൈവം നൽകിയ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ജീവിക്കാൻ തയ്യാറാണെനും  നടിക്കുകയാണ് ചെയ്യുന്നത്. കർത്താവിന്‍റെ  അത്താഴത്തിൽ പങ്കുചേരുന്നതിലൂടെ അവർ കർത്താവിൽ വിശ്വസിക്കുന്നവരാണെന്നും, കർത്താവിനെ തങ്ങളുടെ ഭാഗമാക്കിയവരാണെന്നും, അവനെ ആത്മീയ ആഹാരമായി ഭുജിക്കുന്നൊരണെന്നും നടിക്കുകയാണ്  ചെയ്യുന്നത്. എന്നിരുന്നാലും, അവരുടെ പ്രവൃത്തികളിലൂടെ അവർ നേരെ വിപരീതമായ കാര്യങ്ങളാണ് ചെയ്യുന്നത്.

വാസ്തവത്തിൽ, അവർ തങ്ങളുടെ പ്രവൃത്തികളിലൂടെ ദൈവത്തോട് വലിയ ബഹുമാനമില്ലെന്നും ഹൃദയത്തിൽ അവനെ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും പ്രഖ്യാപിക്കുന്നു. തങ്ങളുടെ പാപങ്ങളെക്കുറിച്ച് യഥാർത്ഥ പശ്ചാത്താപമില്ലെന്നും പാപങ്ങളിൽ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ പ്രഖ്യാപിക്കുന്നു. അവർ എപ്രകാരമാണോ വിശുദ്ധ ജീവിതം നയിക്കാനുള്ള ദൈവകൃപയ്ക്കും സഹായത്തിനും വേണ്ടി പ്രാർത്ഥിക്കുന്നത് അപ്രകാരം ജീവിക്കാൻ തങ്ങൾക്ക് ആഗ്രഹമില്ലെന്നും മറിച്ച്, ദുഷ്ടതയിൽ ജീവിക്കാനാണ് അവർ ഇഷ്ടപ്പെടുതെന്നും പ്രഖ്യാപിക്കുന്നു. ഇതാണ് അവർ തിരഞ്ഞെടുത്തിരിക്കുന്നത്, ഇതാണ് അവരുടെ ഇപ്പോഴത്തെ തീരുമാനം. പ്രസംഗിക്കപ്പെടുന്ന വചനം കേൾക്കുന്നതായും ദൈവത്തിന്‍റെ വഴിയിൽ നടക്കുന്നതിനും അവന്‍റെ  ഇഷ്ടം അറിയുന്നതിനും ആഗ്രഹം ഉള്ളതായും അവർ നടിക്കുന്നു, എന്നാൽ അതിൽ സത്യമില്ലെന്ന് അവർ തങ്ങളുടെ പ്രവൃത്തികളിലൂടെ പ്രഖ്യാപിക്കുന്നു. ദൈവഹിതം ചെയ്യാനുള്ള ആഗ്രഹമോ ഉദ്ദേശ്യമോ തങ്ങള്‍ക്ക് ഇല്ലെന്ന് അവർ ക്രിയകളിലൂടെ പ്രഖ്യാപിക്കുന്നു. നേരെമറിച്ച്, അവനെ അനുസരിക്കുക എന്ന  ഉദ്ദേശ്യമാണ് തങ്ങള്‍ക്കുള്ളതെന്നു അവർ നടിക്കുന്നു. ദൈവത്തിന്‍റെ  അധികാരത്തേക്കാളും മഹത്വത്തേക്കാളും ജഡമോഹങ്ങളാണ് തങ്ങൾക്ക് പ്രധാനമെന്ന് അവർ കാണിക്കുന്നു.

അനുഷ്ഠാനങ്ങളിൽ പങ്കുചേരുമ്പോഴും ആത്മീയ ആഹാരം കഴിച്ച് തൃപ്തരാകാനുള്ള ആഗ്രഹവും, ക്രിസ്തുവിന്‍റെ സ്വരൂപത്തിലേക്ക് രൂപാന്തരപ്പെടാനുള്ള വാഞ്ചയും, അവനുമായി കൂട്ടായ്മ നടത്താനുള്ള ആഗ്രഹവും ഉള്ളതായി അവര്‍ നടിക്കുന്നു. എന്നാൽ അവരുടെ ക്രിയകളിലൂടെ അതിൽ സത്യമില്ലെന്ന് അവർ പ്രഖ്യാപിക്കുന്നു. ക്രിസ്തുവിനോട് അവർക്ക് ഒട്ടും തന്നെ ബഹുമാനമില്ലെന്നും അവൻ നൽകുന്ന ആത്മീയ ആഹാരം കൊണ്ട് അവരുടെ ഹൃദയങ്ങൾ നിറയ്ക്കുന്നതിനുപകരം  പാപം ചെയ്യാനുള്ള ആഗ്രഹങ്ങൾ നിറവേറ്റാൻ അവർ ഇഷ്ടപ്പെടുന്നുവെന്നും അവർ അവരുടെ ക്രിയകളിലൂടെ കാണിക്കുന്നു. ക്രിസ്തുവിനെപ്പോലെ ആകുന്നതിനുപകരം, അവന്‍റെ സ്വഭാവത്തിന് വിരുദ്ധമായ ഒരു സ്വഭാവം ഉള്ളവരാകാൻ ആഗ്രഹിക്കുന്നതുപോലെയാണ് അവർ ജീവിക്കുന്നത്. ക്രിസ്തുവിനോട്  സ്നേഹം ചെയ്യുന്നതിനു പകരം അവനോട് അനാദരവ് കാണിക്കുകയും അവന്‍റെ വിരോധിയായ  സാത്താന്‍റെ  ആഗ്രഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവന്‍റെ  ശത്രുക്കളാകാനാണ് ആഗ്രഹിക്കുന്നതെന്നും അവർ തങ്ങളുടെ ജീവിതത്തിലൂടെ കാണിക്കുന്നു.

ക്രിസ്തുവിനോട് വലിയ ബഹുമാനവും, ആദരവും, സ്നേഹവും, അനുസരണവും ഉണ്ടെന്ന് നടിക്കുകയും, അതേ സമയം നമ്മുടെ പ്രവൃത്തികളിലൂടെ അവയ്ക്ക് തികച്ചും വിരുദ്ധമായി പെരുമാറുകയും ചെയ്താൽ അവനെ പരിഹസിക്കുക അല്ലാതെ മറ്റെന്താണ്? ഒരു കലാപകാരിയോ  രാജ്യദ്രോഹിയോ തന്‍റെ രാജാവിനോട് വലിയ വിശ്വസ്തതയും വിശ്വാസവും ഉള്ളതായി  കാണിക്കുന്ന സന്ദേശങ്ങൾ അയയ്ക്കുകയും, രാജാവിന്‍റെ  അസാന്നിധ്യത്തിൽ അദ്ദേഹത്തെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്താൽ, ആ രാജ്യദ്രോഹിയുടെ സന്ദേശങ്ങൾ പരിഹാസമല്ലാതെ മറ്റെന്താണ്? ഒരു മനുഷ്യൻ തന്‍റെ  മേലുദ്യോഗസ്ഥന്‍റെ  മുമ്പിൽ മുട്ടുകുത്തി, തല കുനിച്ച്, ബഹുമാനപൂർവ്വം ധാരാളം വാക്കുകൾ സംസാരിച്ചുകൊണ്ടുതന്നെ അദ്ദേഹത്തെ അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്താൽ, അയാളുടെ നമസ്കാരവും ബഹുമാനത്തോടെയുള്ള വാക്കുകളും പരിഹാസമല്ലാതെ മറ്റേത് വിധത്തിൽ ആണ് കാണപ്പെടുന്നത്?

റോമൻ പടയാളികൾ ക്രിസ്തുവിന്‍റെ മുമ്പിൽ മുട്ടുകുത്തി, യഹൂദന്മാരുടെ രാജാവേ, ജയജയ എന്ന് പറഞ്ഞു, അതേ സമയം അവന്‍റെ മുഖത്ത് തുപ്പുകയും ഒരു ഞാങ്ങണ എടുത്ത് അവന്‍റെ  തലയിൽ അടിക്കുകയും ചെയ്തു. അപ്പോൾ അവരുടെ പ്രണാമങ്ങളും അഭിവാദ്യങ്ങളും പരിഹാസമല്ലാതെ മറ്റെന്താണ്?

ദൈവാരാധനക്കു സംബന്ധിക്കുന്ന അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുകയും മനപ്പൂർവ്വം ദുഷ്ടമായ വഴികളിൽ ജീവിക്കുകയും ചെയ്യുന്നവർ, റോമൻ പടയാളികൾ ക്രിസ്തുവിനോട് കാണിച്ച അതേ മനോഭാവം തന്നെയാണ് കാണിക്കുന്നത്. അവർ സഭാ യോഗങ്ങൾക്കു വരുകയും ശുശ്രൂഷകളിൽ പങ്കെടുത്തുകൊണ്ട്,  പ്രാർത്ഥിക്കുന്നതായും,  സ്തുതിഗീതങ്ങൾ പാടുന്നതായും, വചനം കേൾക്കുന്നതായും നടിക്കുകയും ചെയ്യുന്നു. അവർ കർത്താവിന്‍റെ  മേശയിൽ പങ്കെടുക്കുകയും അവന്‍റെ  മരണത്തെ അനുസ്മരിക്കുന്നതായി നടിക്കുകയും ചെയ്യുന്നു. ഇങ്ങനെ അവർ റോമൻ പട്ടാളക്കാരെപ്പോലെ അവന്‍റെ മുമ്പിൽ മുട്ടുകുത്തി, “യഹൂദന്മാരുടെ രാജാവേ, ജയ ജയ എന്ന് പറഞ്ഞുകൊണ്ട് തെറ്റായ വഴിയില്‍ ജീവിക്കുന്നു. ഈ തെറ്റായ വഴി ദൈവം നിരോധിക്കുന്ന കാര്യമാണെന്ന് അവര്‍ക്കറിയാം. ഈ മാര്‍ഗം അവന്‍ ഏറ്റവും വെറുക്കുന്നതാനെന്നും അതു അവനെ അപമാനപ്പെടുത്തുന്നതാണെന്നും അവര്‍ക്ക് അറിയാം. അങ്ങനെ അവര്‍ അവനെ അപഹസിക്കുകയും അവന്‍റെ മുഖത്ത്‌ തുപ്പുകയും ചെയ്യുന്നു. യൂദാ യേശുവിന്‍റെ അടുക്കല്‍ വന്ന് “റബ്ബീ വന്ദനം” എന്നു പറഞ്ഞുകൊണ്ട് അവനെ ചുംബിക്കുകയും അതേ സമയം അവനെ കൊല്ലുവാന്‍ ശ്രമിച്ചവര്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തതുപോലെയാണ് അവരും ചെയ്യുന്നത്.   

ആളുകൾ ആരാധനക്ക്  വരുകയും ദിവ്യാനുഷ്ഠാനങ്ങളിൽ  പങ്കെടുക്കുകയും അതേ സമയം മദ്യപന്മാരായും കള്ളസാക്ഷ്യം പറയുന്നവരായും കാമവികാരത്തിലും അനീതിയിലും മറ്റ് ദുഷ്പ്രവൃത്തികളിലും ജീവിക്കുകയും ചെയ്യുമ്പോൾ മറ്റെന്താണ് അർത്ഥമാക്കേണ്ടത്? മദ്യത്തിൽ നിന്ന് മോചനം ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും അവനോട് അപേക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, ഒരു കുപ്പി മദ്യമെടുത്ത് അത്യാഗ്രഹത്തോടെ കുടിക്കുന്നത് സങ്കൽപ്പിക്കുക; അയാളുടെ അജ്ഞതയും പെരുമാറ്റത്തിലെ കടുത്ത ദുഷ്ടതയും എല്ലാവർക്കും വ്യക്തമാകുന്നു! ദൈവത്തോട് വലിയ ബഹുമാനമുണ്ടെന്ന് നടിക്കുകയും, പാപത്തിൽ നിന്ന് രക്ഷിക്കാൻ ആവർത്തിച്ച് ദൈവത്തോട് പ്രാർത്ഥിക്കുകയും, എന്നാൽ പാപങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനുപകരം, പാപങ്ങളിൽ തന്നെ തുടരാൻ ദൃഢനിശ്ചയം ചെയ്യുകയും ചെയ്യുന്നവർ, മുകളിൽ സൂചിപ്പിച്ച മദ്യപാനികളെപ്പോലെയാണ്. പക്ഷേ അവ നമുക്ക് വ്യക്തമായി കാണാൻ കഴിയില്ല. അവരുടെ തന്ത്രങ്ങളും തീരുമാനങ്ങളും നമുക്ക് കാണാൻ കഴിയുന്നതിനേക്കാൾ വളരെ വ്യക്തമായി ദൈവത്തിന് കാണാൻ കഴിയും. അതുകൊണ്ട്, പാപത്തിൽ നിന്ന് രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും അതേ സമയം ആ പാപം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും ദൈവത്തെ പരിഹസിക്കുകയാണ്.  പക്ഷേ ദൈവം  ആ പാപത്തെ വ്യക്തമായി കാണുന്നു.

ദൈവിക അനുഷ്ഠാനങ്ങളെ ഗുരുതരമായി മലിനമാക്കിയതിൽ അവർ കുറ്റക്കാരാണ്. ഈ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ, അവർ ദൈവത്തിന് വലിയ അപമാനം വരുത്തിവയ്ക്കുകയും അവരുടെ അഹങ്കാരത്തെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ദൈവാരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അനുഷ്ഠാനങ്ങളിലും  പങ്കെടുക്കുമ്പോൾ തന്നെ ദുഷ്ടതയിൽ ജീവിക്കുന്നവന്‍റെ പാപം, ഈ അനുഷ്ഠാനങ്ങൾ പങ്കെടുക്കാതെ ദുഷ്ടതയിൽ ജീവിക്കുന്നവന്‍റെ  പാപത്തേക്കാ‍ൾ ഭയങ്കരമാണ്. ദൈവത്തെക്കുറിച്ച് അറിഞ്ഞതിനു ശേഷവും ദുഷ്ടതയിൽ ജീവിക്കുന്ന വ്യക്തി അവനെ അപമാനിക്കാൻ ആണ് അവന്‍റെ സന്നിധിയിൽ വരുന്നത്. അവൻ കൂടക്കൂടെ ദൈവഹിതത്തെക്കുറിച്ച് കേൾക്കാനായ് വരുന്നു, എന്നാൽ അതേ സമയം, അവൻ അനുസരണക്കേടിൽ ജീവിക്കാൻ തീരുമാനിച്ചു കൊണ്ട് ദൈവസന്നിധിയിൽ നിന്ന് പുറത്തുപോകുകയും അവന്‍റെ  ഇഷ്ടത്തിന് വിരുദ്ധമായി ജീവിക്കുകയും ചെയ്യുന്നു.

യജമാനന്‍റെ ആജ്ഞകൾ മനഃപൂർവ്വം അനുസരിക്കാത്ത ഒരു ദാസൻ യജമാനനെ പരസ്യമായി അപമാനിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ആ ദാസൻ തന്‍റെ  യജമാനന്‍റെ ഇഷ്ടം അറിയാൻ യജമാനന്‍റെ  അടുക്കൽ ആവർത്തിച്ച് വരികയും, യജമാനൻ കല്പിക്കുന്നത് ചെയ്യാൻ തയ്യാറാണെന്ന് നടിക്കുകയും, ഉടനെ പുറത്തുപോയി യജമാനന്‍റെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ, അവൻ തന്‍റെ യജമാനനെ കൂടുതൽ കഠിനമായി അപമാനിക്കുകയാണ് ചെയ്യുന്നത്.

  1. ദൈവത്തിന്‍റെ കല്പ്പനകളെയും ആചാര അനുഷ്ഠാനങ്ങളെയും അവര്‍ അശുദ്ധമായ രീതിയിൽ ഉപയോഗിക്കുന്നു. ദൈവം അവയെ ഒരു വിശുദ്ധ ഉദ്ദേശ്യത്തിനായി വേർതിരിച്ചതിനാൽ ദൈവാരാധനക്കു സംബന്ധിക്കുന്ന അനുഷ്ഠാനങ്ങൾ വിശുദ്ധമാണ്. അവ ആരാധനയ്ക്കുള്ളതാണ്. നമ്മളെ കൃപയിൽ വളർത്തുന്നതിനും, ദൈവത്തിന് മഹത്വം കൊടുക്കുന്നതിനും, നമുക്ക് ആവശ്യമായ ആത്മീയമായ ആഹാരം നല്‍കുന്നതിനുമാണ് ദൈവം അവയെ സ്ഥാപിച്ചത്. എന്നാൽ ഈ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുകയും ദുഷ്ടതയിൽ ജീവിക്കുകയും ചെയ്യുന്നവർ ദൈവത്തിന്‍റെ ഈ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഒട്ടും തന്നെ ആലോചിക്കുന്നില്ല. ഈ അനുഷ്ഠാനങ്ങളോട് അവർ യോജിക്കുമെങ്കിലും, അവർ ദൈവത്തെ ബഹുമാനിക്കുന്നവരോ, അവനോട് സ്നേഹമോ ബഹുമാനമോ നന്ദിയോ പ്രകടിപ്പിക്കുന്നവരോ അല്ല. ഒടുവിൽ, അവർ തങ്ങളുടെ ആത്മാക്കളുടെ ക്ഷേമം പോലും ആത്മാർത്ഥമായി  ആഗ്രഹിക്കുന്നവരല്ല. കൃപ പ്രാപിക്കുകയോ വിശുദ്ധീകരിക്കപ്പെടുകയോ അല്ല അവരുടെ  ലക്ഷ്യം. അവരുടെ ക്രിയകൾ അവരുടെ ആഗ്രഹം ഇതല്ലന്നു വ്യക്തമാക്കുന്നു. അവർ ദുഷ്ടന്മാരാകാൻ തീരുമാനം എടുത്തവരാണ്.

അതുകൊണ്ട്, ദൈവത്തിന്‍റെ വിശുദ്ധമായ അനുഷ്ഠാനങ്ങളിൽ ശുദ്ധമായ ഉദ്ദേശ്യത്തോടെ പുരോഗതി കൈവരിക്കാൻ അവർ ശ്രമിക്കുന്നില്ല. മറിച്ച് തെറ്റായ ഉദ്ദേശത്തോടെ അവയെ  ഉപയോഗിക്കുന്നു. ഈ അനുഷ്ഠാനങ്ങളിൽ അവർ സ്വമേധയാ, പതിവായി പങ്കെടുക്കുന്നില്ലെങ്കിൽ, അവർ ആരുടെ ഇടയിൽ ജീവിക്കുന്നുവോ അവരിൽ നിന്ന് അവർക്ക് അപമാനം നേരിടേണ്ടിവരും. അതുകൊണ്ട്  ആ അപമാനത്തിൽ നിന്ന് രക്ഷപ്പെടാനോ അല്ലെങ്കിൽ സ്വന്തം ലൗകിക നേട്ടത്തിനായോ തങ്ങളുടെ ദുഷ്ടതയെ മറയ്ക്കാനോ വേണ്ടി അവർ പലപ്പോഴും ഈ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്നു. അശുദ്ധമായ ഉദ്ദേശ്യത്തോടെ ദൈവികമായ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ അവർ അവയെ മലിനമാക്കുകയാണ് ചെയ്യുന്നത്.

  1. ദൈവത്തിന്‍റെ വിശുദ്ധ അനുഷ്ഠാനങ്ങളിൽ (കൂദാശകളിൽ) ആളുകൾ അശ്രദ്ധമായി പങ്കെടുക്കുമ്പോൾ, മറ്റുള്ളവരിലും അവയോട് അലക്ഷ്യ ഭാവം ഉളവാകുന്നു. വിശുദ്ധമായ ഈ അനുഷ്ഠാനങ്ങളെ ഇത്രയധികം അനാദരവോടും അവജ്ഞയോടും കൂടെ കണക്കാക്കുമ്പോൾ, അവയിൽ വളരെയധികം അവജ്ഞയോടെ പങ്കെടുക്കുമ്പോൾ, യാതൊരു പവിത്രമയ ഉദ്ദേശവും ഇല്ലാതെ അവ കൈകാര്യം ചെയ്യപ്പെടുമ്പോൾ,  ഭയമോ ഭക്തിയോ ലവലേശം ഇല്ലാതെവരുമ്പോൾ, മറ്റുള്ളവർ ഇത് കാണുകയും ആ അനുഷ്ഠാനങ്ങളുടെ മൂല്യത്തെ വിലകുറച്ചുകാണുകയും ചെയ്യുന്നു. അങ്ങനെ, കാണുന്നവർ കൂടെ ദൈവത്തിന്‍റെ  വിശുദ്ധ അനുഷ്ഠാനങ്ങളെ അശുദ്ധമാക്കാൻ ധൈര്യപ്പെടുന്നു.

 ദേവാലയത്തിലെയും സമാഗമന കൂടാരത്തിലെയും പവിത്രമായ പാത്രങ്ങളും വസ്തുക്കളും ഒരിക്കലും സാധാരണ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നില്ല. വലിയ ശ്രദ്ധയും ആദരവും കൂടാതെ അവ ഉപയോഗിച്ചിരുന്നില്ല. അവ സാധാരണ ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ, അവയുടെ പവിത്രത നിലനിർത്താനോ, മറ്റുള്ളവയേക്കാൾ പവിത്രമായി കാണാനോ കഴിയുമായിരുന്നില്ല. ക്രിസ്തീയ ആരാധനയ്ക്കു  സംബന്ധിക്കുന്ന അനുഷ്ഠാനങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി.

            ഭാഗം – 3

     ആത്മപരിശോധനയ്ക്കുള്ള ആഹ്വാനം

നിങ്ങൾ അറിഞ്ഞു കൊണ്ട് ഏതെങ്കിലും ദുഷ്ടതയിലാണോ ജീവിക്കുന്നതെന്ന് ഈ സന്ദേശത്തിലൂടെ സ്വയം പരിശോധിക്കുക.

നിങ്ങള്‍ ദൈവത്തെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസ്വാദിക്കുന്നവര്‍ ആയിരിക്കാം.  ദൈവത്തിന്‍റെ വിശുദ്ധ സന്നിധിയിലേയ്ക്ക് നിങ്ങള്‍ വരുന്നു. ദൈവവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും, അവനെ ആരാധിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനും, അവന്‍റെ  മുമ്പാകെ താഴ്മയും  വിശുദ്ധവും, ഉന്നതവുമായ ആദരവ് പ്രകടിപ്പിക്കുന്നതിനും, അവനിൽ നിന്ന് നേരിട്ട് സന്ദേശങ്ങൾ സ്വീകരിക്കുന്നതിനും ദൈവം  തന്‍റെ സര്‍വ്വാധികാരത്തിൽ നിയമിച്ച  ആ അനുഷ്ഠാനങ്ങളിൽ നിങ്ങള്‍ പങ്കെടുക്കുന്നു ( നിശ്ചിതമായ ആരാധനാ ക്രമത്തെ പിൻതുടരുന്നു).

നിങ്ങൾ ദൈവാലയത്തിലേക്ക് വന്ന്  ദൈവത്തോട് സംസാരിക്കുന്നത് ദൈവം എത്ര മഹത്വമുള്ളവനും യോഗ്യനുമാണെന്ന് കാണിക്കാനും,  നിങ്ങൾക്ക് താൽക്കാലിക സുഖങ്ങളെക്കാൾ ഉപരി ദൈവത്തോട്  ഭയവും സ്നേഹവുമാണ് ഉള്ളതെന്നും, അവന്‍റെ മുമ്പാകെ താഴ്മയുള്ളവരും  അനുസരണയുള്ളവരുമാണെന്നും , അവന്‍റെ കൽപ്പനകളോടും അവന്‍റെ മഹത്വത്തോടും ആദരവ് ഉള്ളവരാണെന്നും കാണിക്കുന്നതിനാണ്. യഥാർത്ഥത്തിൽ നിങ്ങളുടെ കഴിഞ്ഞ കാല പാപങ്ങൾ നിമിത്തം നിങ്ങൾ എത്രമാത്രം അയോഗ്യരായി പോയെന്ന് നിങ്ങൾ മനസ്സിലാക്കുന്നുവെന്നും, ഭാവിയിൽ അത്തരം പാപങ്ങൾ ചെയ്യരുതെന്ന് നിങ്ങൾക്ക് ശക്തമായ ആഗ്രഹമുണ്ടെന്നും നടിക്കുകയാണ് നിങ്ങൾ  ഇവിടെ ചെയ്യുന്നത്.   നിങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്നതായും പാപവിഷയത്തിൽ  നിങ്ങൾ നിങ്ങളെത്തന്നെ താഴ്ത്തുന്നതായും നടിക്കുന്നു. ദോഷികളാകാൻ കാരണമായ കഴിഞ്ഞ കാലത്തു ചെയ്ത പാപങ്ങളിൽ നിന്ന് പിന്തിരിയാൻ തീവ്രമായ ആഗ്രഹം ഉണ്ടെന്നമട്ടിൽ  പാപത്തിനെതിരെ പോരാടാനും, പ്രലോഭനങ്ങളെ മറികടക്കാനും, നിങ്ങളുടെ എല്ലാ പെരുമാറ്റത്തിലും വിശുദ്ധരായിരിക്കാനും അവന്‍റെ  ആത്മാവിന്‍റെ സഹായത്തിനായി നിങ്ങൾ ഇവിടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു. വചനം കേൾക്കുക, സ്തുതിഗീതങ്ങൾ ആലപിക്കുക തുടങ്ങിയ മറ്റ് ആരാധനാക്രമങ്ങളിൽ പങ്കെടുക്കുമ്പോഴും നിങ്ങൾ ഇതുപോലെ തന്നെ നടിക്കുകയാണ് ചെയ്യുന്നത്.

 

എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ, നിങ്ങൾ പൊതു പ്രാർത്ഥനകൾ  പോലുള്ള  മറ്റ് അനുഷ്ഠാനങ്ങളെ ഗുരുതരമായി അശുദ്ധമാക്കുകയല്ലേ ചെയ്യുന്നതെന്ന് ആലോചിക്കേണ്ടതുണ്ട്. നിങ്ങൾ  എത്ര അഭിനയിച്ചാലും, ആ കാര്യ പരിപാടികളിൽ പങ്കെടുത്തു കൊണ്ട് എത്ര ഗംഭീരമായി സംസാരിച്ചാലും, ദൈവത്തിന് വിരുദ്ധമായി ദുഷ്ടതയിലല്ലേ നിങ്ങള്‍ ജീവിക്കുന്നത്?  ദൈവത്തോട് വലിയ ബഹുമാനം ഉണ്ടെന്നും, പാപത്തെക്കുറിച്ച് ലജ്ജിക്കുന്നുവെന്നും, അതിൽ നിന്ന് പിന്തിരിയാൻ ആഗ്രഹിക്കുന്നുമെന്നൊക്കെ  ഗംഭീരമായി സംസാരിക്കും. അതേസമയം, പാപപ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ട് തന്നെ ആരാധനയില്‍ പങ്കെടുക്കുന്നു. ചെയ്ത പാപത്തെക്കുറിച്ച്  പശ്ചാത്താപം ഒട്ടുമില്ലതാനും. ദൈവമുമ്പാകെ നിൽക്കുമ്പോൾ, ആ ദുഷ്ടതയെക്കുറിച്ച്  യാതൊരു ദുഖവും കാണിക്കുന്നുമില്ല. മാനസാന്തരപ്പെടുവാൻ  ഒരു ശ്രമവും നടത്താതെ, ദൈവസന്നിധി വിട്ടാലുടൻ ആ പാപത്തിലേക്ക് വീണ്ടും മടങ്ങാൻ അവർ ഉദ്ദേശിക്കുന്നു. അത് ശരിയാണോ? അല്ലയോ? നിങ്ങൾ പലപ്പോഴും ആരാധനാക്രമങ്ങളിൽ പങ്കെടുക്കാൻ  വരുന്നത്, ഇങ്ങനെ എന്ന് ഞാൻ ചോദിക്കുകയാണ്. ഇന്നും നിങ്ങൾ ഈ രീതിയിൽ ആരാധനാക്രമങ്ങളിൽ പങ്കെടുക്കുന്നത് സാധാരണമല്ലേ? ദൈവം മഹാനായ ദൈവമാണെന്നും, നിങ്ങൾ ചെയ്ത പാപങ്ങൾ നിമിത്തം അവന്‍റെ കോപത്തിന് അർഹരായ ദരിദ്രരും, ദോഷികളും, അയോഗ്യരുമാണെന്നും പറഞ്ഞുകൊണ്ട് നിങ്ങൾ ദൈവത്തോട് കള്ളം പറയുകയല്ലേ? വരും ദിവസങ്ങളിൽ അത്തരം പാപങ്ങളിൽ നിന്ന് നിങ്ങളെ വിടുവിക്കാൻ ദൈവത്തോട് ആത്മാർത്ഥമായി അപേക്ഷിക്കുന്നതായി നടിക്കുകയും അതേ സമയം അതിനായി ഒരു ശ്രമവും നടത്താതിരിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങൾ ദൈവത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്? അപ്പോൾ നിങ്ങൾ  കുറ്റക്കാരല്ലേ?

ദൈവത്തിന്‍റെ ഭവനത്തിൽ പ്രവേശിച്ചു കൊണ്ട്  ആരാധനക്കു സംബന്ധിക്കുന്ന അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്ന ദിവസം തന്നെ നിങ്ങൾ നിങ്ങളെത്തന്നെ വലിയ ദുഷ്ടതയ്ക്ക് ഏല്പിച്ചു കൊടുക്കുകയല്ലേ ചെയ്യുന്നത്? കഴിഞ്ഞ ആഴ്ചയിൽ നിങ്ങൾ ചെയ്ത പാപപ്രവൃത്തികളെക്കുറിച്ചും, നിങ്ങൾ ചെയ്യാൻ സ്വയം ഏൽപ്പിച്ചു കൊടുത്ത തിന്മകളെക്കുറിച്ചും ഇഷ്ടമായും അനുകൂലമായും  ചിന്തിക്കുന്നില്ലേ? ദിവ്യാനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്ന ദിവസം തന്നെ ഏതെങ്കിലും ദുഷ്ട ചിന്ത മനസ്സിൽ താലോലിച്ച് അതിൽ ആസ്വദിക്കാൻ നിങ്ങൾ ധൈര്യം കാണിക്കുന്നില്ലേ? നിങ്ങളുടെ ചിന്തകളിൽ തിന്മ ചെയ്തുകൊണ്ട്  തിന്മ നടപ്പിലാക്കാൻ വേണ്ടി കൂടുതൽ സമയം ചെലവഴിക്കുന്നില്ലേ? ദൈവസന്നിധിയിൽ ആയിരിക്കുമ്പോൾ തന്നെ ദിവ്യമായ അനുഷ്ഠാനങ്ങളിൽ (കർത്താവിന്‍റെ മേശപോലുള്ള) പങ്കുചേരുമ്പോഴും ചില സമയങ്ങളില്‍ നിങ്ങൾ ഇത്തരം കാര്യങ്ങളിൽ കുറ്റക്കാരാകാറില്ലേ? മറ്റുള്ളവർ ദൈവവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതുപോലെ  തന്നെ  നിങ്ങളും ദൈവവുമായി ആശയവിനിമയം നടത്തുന്നതായി അഭിനയിക്കാറില്ലേ? ഇത്തരം സാഹചര്യങ്ങളിൽപ്പോലും, നിങ്ങൾ ദുഷ്ടചിന്തകളിലും ദുഷ്ട ഭാവനകളിലും സ്വയം മുഴുകിപ്പോകാറില്ലേ ?

ചിന്തകളുടെ മേൽ നിയന്ത്രണം വയ്ക്കാതെ, എന്തിനെ കുറിച്ച് ചിന്തിക്കാനും യാതൊരു മടിയുമില്ലാതെ ലൗകിക കാര്യങ്ങളെക്കുറിച്ച് വിപുലമായി സംസാരിച്ചും കൊണ്ട് ദൈവത്തിന്‍റെ  വിശുദ്ധ ശബ്ബത്ത് (കർത്താവിന്റെ ദിവസം) ലംഘിച്ചുകൊണ്ടു നിങ്ങളിൽ ചിലർ കുറ്റക്കാരാകാറില്ലേ? ദൈവത്തിന്‍റെ  വിശുദ്ധ ദിവസത്തിൽ  അപവിത്രമായ രീതിയില്‍, സംസാരിക്കാൻ പാടില്ലാത്ത വിധം സംസാരിക്കുകയും, ചില സന്ദര്‍ഭങ്ങളില്‍ സാധാരണ ദിവസങ്ങളിൽ പോലും സംസാരിക്കാന്‍ പാടില്ലാത്ത വിധത്തിൽ സംസാരിക്കുകയും,   വളരെ മോശമായ സംഭാഷണങ്ങളിൽ മുഴുകുകയും. അതിൽ ആനന്ദിക്കുകയും ചെയ്യുന്നില്ലേ? ആരാധനാക്രമങ്ങളിൽ പങ്കെടുക്കുമ്പോൾ അത്തരം ദോഷങ്ങൾ സ്വരുക്കൂട്ടാതിരിക്കന്നതാണ് നല്ലത്.

നിങ്ങളുടെ സാഹചര്യം എങ്ങനെയാണെന്ന് സ്വയം പരീക്ഷിച്ചു നോക്കൂ. ആരാധനയുമായി ബന്ധപ്പെട്ട നിരവധി കാര്യ പരിപാടികളിൽ നിങ്ങൾ പങ്കെടുക്കുന്നുണ്ട്. നിങ്ങൾ ദൈവത്തിന്‍റെ  ആലയത്തിൽ വന്ന് പൊതു പ്രാർത്ഥനയിലും, പാട്ടുപാടുന്നതിലും, വചനം പ്രസംഗിക്കുന്നതിലും പങ്കുചേരുന്നു. നിങ്ങളിൽ പലരും വിശുദ്ധ അനുഷ്ഠാനമായ (കൂദാശയായ) കർത്താവിന്‍റെ മേശയെ സമീപിക്കുന്നു. മനുഷ്യവർഗത്തിനുവേണ്ടിയുള്ള തന്‍റെ  എല്ലാ പ്രവൃത്തികളിലും ഏറ്റവും വലുതും അത്ഭുതകരവുമായ പ്രവർത്തിയുടെ  ഒരു പ്രത്യേക സ്മാരകമായിട്ടാണ് ദൈവം കർത്താവിന്‍റെ  അത്താഴത്തെ സ്ഥാപിച്ചത്. നമ്മുടെ വിശ്വാസത്തെ ഏറ്റവും മഹത്വമേറിയതും അത്ഭുതകരവും പ്രത്യേകവുമായ രീതിയിൽ പ്രകടിപ്പിക്കാനുള്ള അനുഷ്ഠാനമാണ് ഇത്. ദൈവവുമായുള്ള നിങ്ങളുടെ ഉടമ്പടി ബന്ധത്തെ പുതുക്കുന്നതിനും യേശുക്രിസ്തുവുമായി ഒരു പ്രത്യേക നിലയിൽ കൂട്ടായ്മയിൽ പ്രവേശിക്കുന്നതിനും വേണ്ടി ദൈവം നിയോഗിച്ച അനുഷ്ഠാനമാണിത്. ഇത്തരമൊരു പവിത്രമായ അനുഷ്ഠാനത്തെ നാം എന്തെങ്കിലും ഗൗരവമായ പാപത്തില്‍ തുടരുന്നതിലൂടെ അപവിത്രപ്പെടുത്തുന്നുണ്ടോ, മലിനമാക്കുന്നുണ്ടോ എന്ന് എല്ലാവരും സ്വയം പരിശോധിക്കണം.

പാപമാണെന്ന് വ്യക്തമായി അറിയാവുന്ന ഒരു കാര്യത്തിനുവേണ്ടി നിങ്ങളെത്തന്നെ ഏൽപ്പിച്ചു കൊടുക്കുകയും നിങ്ങളുടെ സഹവിശ്വാസികൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുകയും പരീക്ഷിക്കയും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ മനോഭാവത്തിലും പെരുമാറ്റത്തിലും വാക്കുകളിലും നിങ്ങളുടെ ഭർത്താവിനോടോ ഭാര്യയോടോ കുട്ടികളോടോ ദാസന്മാരോടോ അയൽക്കാരോടോ മോശമായി പെരുമാറുകയും എന്തെങ്കിലും ദുഷ്ടതയിൽ ജീവിക്കുകയും  ചെയ്യുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുക.

നിങ്ങളുടെ സംഭാഷണങ്ങളിലാകട്ടെ, ഭാവനയിലാകട്ടെ നിങ്ങൾ മന:പൂര്‍വ്വമായി അശുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുക. അമിതമായ മദ്യപാനത്തിനു ശേഷം നിങ്ങൾ കാമവികാരങ്ങൾക്ക് വഴങ്ങാറില്ലേ? മാംസം കഴിച്ചും മദ്യം കുടിച്ചും ശരീരാഭിലാഷങ്ങൾ തൃപ്തിപ്പെടുത്താൻ ശ്രമിച്ചും കൊണ്ട് നിങ്ങൾ ഭക്ഷണപ്രിയരും മദ്യപാനികളുമായി മാറുന്നില്ലേ? നിങ്ങളുടെ സംഭാഷണങ്ങളിൽ വ്യര്‍ത്ഥമായ കാര്യങ്ങൾ മനഃപൂർവ്വം പറയുന്നതിൽ നിങ്ങൾ കുറ്റക്കാരല്ലേ?

ദിവ്യമായ എല്ലാ അനുഷ്ഠാനങ്ങളിലും പങ്കെടുക്കുമ്പോഴും നിങ്ങൾ ഏകാന്ത പ്രാർത്ഥനയും വ്യക്തിപരമായി ഉള്ള ഉത്തരവാദിത്തങ്ങളും ലംഘിക്കുകയല്ലേ ചെയ്യുന്നത്? ഇങ്ങനെ കർത്താവിന്‍റെ  ദിവസത്തെ നിങ്ങള്‍ അവഗണിക്കുകയല്ലേ ചെയ്യുന്നത്? ദൈവികമായ വിശുദ്ധ ആരാധനയുടെ എല്ലാ അനുഷ്ഠാനങ്ങളേയും  ഈ വിധത്തിൽ നിങ്ങൾ അശുദ്ധമാക്കുകയും മലിനമാക്കുകയും ചെയ്യുന്നു.

ആത്മപരിശോധനയുടെ കാര്യത്തിൽ ആളുകൾ വഞ്ചനാപരമായും വികൃതമായും പെരുമാറുന്നു. സ്വയം പരിശോധനയുടെ കാര്യത്തിൽ ആളുകൾ പലപ്പോഴും സത്യസന്ധതയില്ലാത്തവരാണ്. ആത്മപരിശോധനയെക്കുറിച്ചുള്ള ഉപദേശം കേൾക്കുന്നെങ്കിലും  അത് തങ്ങൾക്കല്ല  മറ്റുള്ളവർക്കു വേണ്ടിയുള്ളതാണ് എന്ന് കണക്കാക്കി തങ്ങളുടെ ജീവിതത്തിൽ പ്രയോഗിക്കാനുള്ള ശ്രമം സത്യസന്ധമായി ആരും ചെയ്യുന്നില്ല. ഒരു പക്ഷെ അവർ സ്വയം പരിശോധിക്കാൻ ശ്രമിച്ചാലും, തങ്ങളുടെ കാര്യത്തിൽ  മുൻവിധിയോടെ പ്രവർത്തിക്കുന്നത് കാണാം. അവർ സ്വയം പല ഒഴികഴുവുകളും സൃഷ്ടിക്കുന്നു. സത്യത്തിനനുസരിച്ച് സ്വയം പരിശോധന നടത്താനോ, വിധി പറയാനോ ശ്രമിക്കാറില്ല. തങ്ങളെ തന്നെ സഹായിക്കാനും ന്യായീകരിക്കാനും വേണ്ടി  അനുചിതമായ രീതിയിൽ വിധി പറയുന്നു. ദൈവിക അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുകയും അതേ സമയം തിന്മയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചു കൊടുക്കുകയും ചെയ്യുന്നവർ നിഷ്പക്ഷമായി ആത്മപരിശോധന ചെയ്യാറില്ല. തങ്ങൾ ഒരു തരത്തിലുള്ള തിന്മയിലും ഏർപ്പെട്ടിട്ടില്ലെന്ന് സ്വയം പുകഴാൻ ശ്രമിക്കുന്നു. എന്നാൽ തങ്ങളുടെ മനസ്സാക്ഷിക്ക് ശരിയാംവണ്ണം ഉത്തരം നൽകുന്ന നിലയിൽ ആത്മപരിശോധന നടത്താറില്ല. ഈ കാര്യത്തിൽ പലപ്പോഴും തെറ്റായതും നിയമവിരുദ്ധവുമായ നിലയിൽ പെരുമാറുന്നതിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങളുണ്ട്.

  1. മനുഷ്യർ ചെയ്യുന്ന പാപത്തിന്‍റെ ദോഷം അവർക്ക് അറിയാത്തതായി നടിച്ചു കൊണ്ട് വഞ്ചനാത്മകമായി പ്രവർത്തിക്കുന്നു. മനുഷ്യർ ഏത് ദുഷ്ടതയില്‍ ആണോ ജീവിക്കുന്നത്, അത് വളരെ നിസ്സാരമായ പാപമാണെന്നും സാധാരണമായ ഒരു കാര്യമാണെന്നും പറഞ്ഞ് ന്യായീകരിക്കുന്നു. എത്ര ഗുരുതരമായ പാപമാണെങ്കിലും, അതിൽ തിന്മയോ അപകടമോ ഇല്ലെന്ന് അവർ മനസ്സാക്ഷിയെ ബോധ്യപ്പെടുത്തുകയും അവയെ മയപ്പെടുത്താൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് തങ്ങൾക്ക് ശീലമാണെന്ന് അവരുടെ മനസ്സാക്ഷി തന്നെ അവരോട് പറയുന്നു. ആളുകൾ ചെയ്യുന്ന ഏത് പാപത്തിനും ഒഴികഴിവ് പറയുന്നത് സ്വാഭാവികമാണ്. അങ്ങനെ അവർ തങ്ങളുടെ വഞ്ചനക്ക് അന്യായം ചെയ്യുന്നതിന് , അയൽക്കാരോടുള്ള വെറുപ്പിന്, ദുഷിച്ച സംസാരങ്ങൾക്ക്, പ്രതികാരദാഹത്തിന്, അമിതമായ മദ്യപാനത്തിന്, കള്ളം പറയുന്നതിന്, ഏകാന്ത പ്രാർത്ഥന അവഗണിക്കുന്നതിന്,  കാമ വികാരങ്ങൾക്ക്, അവിഹിത ബന്ധങ്ങൾക്ക് എല്ലാം  ഒഴികഴിവുകൾ കണ്ടെത്തുന്നു. പരസംഗം, വ്യഭിചാരം തുടങ്ങിയ കടുത്ത പാപ പ്രവൃത്തികൾക്ക് കൂടെ അവർ ന്യായീകരണങ്ങൾ കണ്ടെത്തുന്നു. അവരുടെ എല്ലാ ദുഷ്പ്രവൃത്തികളെയും ന്യായീകരിക്കാൻ അവർക്ക് ധാരാളം പൊള്ളയായ ഒഴികഴിവുകളും ജഡികമായ ന്യായീകരണങ്ങളുമുണ്ട്. ഇതിൽ എന്ത് നഷ്ടമാണുള്ളത്? ഇതിൽ എന്ത് തിന്മയാണ് ഒളിഞ്ഞിരിക്കുന്നത്? എന്ന് അവർ ചോദിക്കുന്നു. നമ്മൾ വ്യക്തമായ ഒരു നിയമം ചൂണ്ടിക്കാണിച്ചാൽ,  “ഞങ്ങളുടെ സാഹചര്യങ്ങൾ വളരെ വ്യത്യസ്തമാണ്, എല്ലാവർക്കും ബാധകമായ നിയമം ഞങ്ങൾക്ക് ബാധകമല്ല, ഞങ്ങളുടെ പ്രലോഭനം വളരെ വലുതാണ്, അതുകൊണ്ടു ഞങ്ങൾ ക്ഷമ അർഹിക്കുന്നവരാണ്.”  എന്ന് അവർ പറയും.

ആരെങ്കിലും/എന്തെങ്കിലും അവരുടെ പാപകരമായ ആഗ്രഹങ്ങളെ കഠിനമായി ആക്രമിച്ചാലും, ആ ആക്രമണത്താൽ അവരുടെ മനസ്സാക്ഷി അസ്വസ്ഥമായാലും, അവരുടെ മനസ്സാക്ഷിയെ ശാന്തമാക്കുന്ന എന്തെങ്കിലും കാരണമോ ഒഴികഴിവോ കണ്ടെത്തുന്നതുവരെ അവർ വിശ്രമിക്കുകയില്ല. മുടന്തൻ ഒഴികഴിവുകൾ കണ്ടെത്തുന്നതിൽ അവർക്കുള്ള കഴിവിനെ അവര്‍ നന്നായി ഉപയോഗിക്കുന്നു. തങ്ങളുടെ മനസ്സാക്ഷിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാലും ഇല്ലെങ്കിലും, അവരുടെ വാദം നല്ലതാണെന്നും അത് പാപമല്ലെന്നും അവർ വാദിച്ചുകൊണ്ടേയിരിക്കും. പാപം ചെയ്തുവെന്ന് അവർ സമ്മതിച്ചാലും, അത് അജ്ഞതയിൽ സംഭവിച്ച ഒരു കാര്യം മാത്രമാണെന്ന് അവർ അവകാശപ്പെടുന്നു. ഇരുട്ടിൽ ചെയ്ത പാപങ്ങളെ ഇങ്ങനെ അവര്‍ ന്യായീകരിച്ചു കൊണ്ടേയിരിക്കും. പാപികൾ അവരുടെ മനസ്സാക്ഷിയുമായി വാദിക്കുന്നത് ഇങ്ങനെയാണ്. അവരുടെ ഹൃദയങ്ങളെ സൂക്ഷ്മമായി പരിശോധിക്കാൻ കഴിഞ്ഞാൽ നമുക്ക് അത് കാണാൻ കഴിയും.

അതിൽ ദോഷമില്ല എന്ന് പറയാൻ അവർ ഉപയോഗിക്കുന്ന വളരെ ശക്തമായ ഈ വാദങ്ങൾ, ആ പാപത്തോടുള്ള അവരുടെ അതിരുകടന്ന അത്യാഗ്രഹവും അതിൽ തുടരാനുള്ള അവരുടെ അടങ്ങാത്ത ആശയും വെളിപ്പെടുത്തുന്നു. തെറ്റല്ലെന്ന് നാം കരുതുന്ന പാപങ്ങൾ മൂലമാണ് നാമെല്ലാവരും നശിക്കുന്നതെന്ന് ഒരിക്കൽ ഒരാള്‍ പറഞ്ഞു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആളുകൾ സ്വാഭാവികമായും ദുഷ്ടതയിൽ ജീവിക്കുകയും നരകത്തിൽ പോകുകയും ചെയ്യുന്നത് “ഇത് ഒരു പാപമല്ല” എന്ന് പറഞ്ഞുകൊണ്ട് അവർ സ്വയം ന്യായീകരിക്കുന്നതിനാലാണ്.  അജ്ഞത കൊണ്ട് ചെയ്തതാണെന്നും അത് വലിയ തെറ്റൊന്നുമല്ലെന്നും പറഞ്ഞുകൊണ്ട് അവര്‍ തങ്ങളെത്തന്നെ  ന്യായീകരിക്കുന്നു. ആരെങ്കിലും അവരെ ആത്മപരിശോധന നടത്താൻ നിർബന്ധിച്ചാൽ അവർ അതു തന്നെ ചെയ്യുമെന്ന് എനിക്ക് സംശയമില്ലാതെ പറയാൻ കഴിയും. രഹസ്യ പ്രാർത്ഥന അവഗണിക്കുന്ന കാര്യത്തിലും, മദ്യത്തോടുള്ള അടങ്ങാത്ത ആസക്തി കാണിക്കുന്നതിലും, മറ്റുള്ളവരെ വഞ്ചിക്കുന്നതിലും പീഡിപ്പിക്കുന്നതിലും, നിങ്ങളുടെ അയൽക്കാരോട് പ്രതികാരവും വിദ്വേഷവും പുലർത്തുന്നതിലും നിങ്ങൾ ഇപ്രകാരം സ്വയം ന്യായീകരിക്കുന്നുണ്ടോ എന്ന് നിങ്ങളുടെ മനസ്സാക്ഷി തന്നെ സംസാരിക്കട്ടെ. ഇവിടെ രണ്ടോ മൂന്നോ വിഷയങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഒന്നാമതായി, ചില പ്രവൃത്തികൾ പാപകരമാണെന്ന് ഒരു വ്യക്തിക്ക് ഉറപ്പായി അറിയില്ലെങ്കിൽപോലും, അവയെല്ലാം അജ്ഞതയിലും നിഷ്കളങ്കതയിലും ചെയ്യുന്ന  പാപങ്ങൾ എന്ന് സ്വയം വിളിക്കാൻ കഴിയില്ല. ഈ പ്രവൃത്തികളും ശീലങ്ങളും, പാപമാണെന്ന് അറിയാതെയാണ്  ചെയ്തതെന്ന് പറഞ്ഞുകൊണ്ട് ആളുകൾ സ്വയം ന്യായീകരിക്കുന്നു. അത് പാപമാണെന്ന് അവർക്ക് വ്യക്തമായി അറിയാം, വചനത്തിന്‍റെ വെളിച്ചത്തിലൂടെ അവർക്ക് അത് അറിയാൻ കഴിയും. ആ പ്രവൃത്തികൾ ദൈവം  വെറുക്കുന്നതാണെന്ന് തിരിച്ചറിയാൻ വേണ്ടത്ര വെളിച്ചം അവര്‍ക്ക് വചനത്തിലൂടെ നൽകപ്പെട്ടിട്ടുണ്ട്. അത് പാപമാണെന്ന് അവരുടെ മനസ്സാക്ഷിക്ക് അറിയാം. അത് പാപമാണെന്ന് രഹസ്യമായി അവര്‍ സമ്മതിക്കുകയും ചെയ്യും. എന്നാൽ അവർ അതിൽ നിന്നും വ്യത്യസ്തമായി നടിക്കുകയാണ് ചെയ്യുന്നത്, സ്വയം വഞ്ചിക്കാനാണ്  ശ്രമിക്കുന്നത്. തങ്ങളുടെ പ്രവൃത്തികളിൽ  പാപമില്ലെന്ന് സ്വയം ഏറ്റു പറയുകയാണ് ചെയ്യുന്നത്.

 മതിയായ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും എതിരായി, സ്വന്തം മനസ്സാക്ഷിയുടെ വാസ്തവമായ സൂചനകൾക്ക് എതിരായി, സ്വന്തം മനസ്സിന്‍റെ വിധിന്യായത്തിന് എതിരായി ചെയ്യുന്ന പാപങ്ങൾ ഏറ്റവും ഹീനവും ഭയങ്കരവുമാണ്. ഇവ അറിഞ്ഞുകൊണ്ട് ചെയ്യുന്ന പാപങ്ങളാണെന്ന് ഞാൻ പറയും. ആളുകൾ ഈ പാപങ്ങൾക്ക് സ്വയം ഏൽപ്പിക്കുമ്പോൾ, അവർ ദൈവത്തിന്‍റെ  വിശുദ്ധ അനുഷ്ഠാനങ്ങളെയും ആരാധനാ ക്രമത്തേയും അങ്ങേയറ്റം മലിനവും അശുദ്ധവും ആക്കുന്നു.

രണ്ടാമതായി, ഈ പാപങ്ങൾക്കെതിരായ മുന്നറിയിപ്പുകൾ ദൈവവചനത്തിൽ നിന്ന് കൂടക്കൂടെ വ്യക്തമായി കേൾക്കുന്നതു കൊണ്ട് അജ്ഞതകൊണ്ടോ നിഷ്കളങ്കതകൊണ്ടോ ചെയ്യുന്ന പാപങ്ങളാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നത് നിരർത്ഥകവും അസംബന്ധവുമാണ്. അന്ത്യദിനത്തില്‍ ഈ വിഷയം എല്ലാവരും അറിയുന്നു. സുവിശേഷത്തിന്‍റെ വെളിച്ചത്തിൽ ജീവിച്ചവർ, എല്ലാ പാപങ്ങൾക്കുമെതിരെ വചനം സാക്ഷ്യപ്പെടുത്തുമ്പോൾ വചനം കേട്ടവർ, ദുഷ്ടതയിലും ആകാത്ത വഴികളിലും ജീവിച്ചിട്ട്, അറിയാതെ ആ പാപങ്ങൾ ചെയ്തതാണെന്നു  പറയുന്നത് വെറുതെയാകും, കാരണം ദൈവം അവയെ തുറന്നുകാട്ടും.

മൂന്നാമതായി, അറിയാതെ പാപം  ചെയ്തതാണെന്നും  നിങ്ങൾ നിരപരാധിയാണെന്നും വാദിക്കുന്നത് വ്യർത്ഥമാണ്, കാരണം ഇന്ന് രാത്രി ദൈവം നിങ്ങളുടെ ജീവൻ എടുക്കുമെന്ന് നിങ്ങൾക്കറിയാമെങ്കിൽ നിങ്ങൾ  അങ്ങനെ ചെയ്യാൻ ധൈര്യപ്പെടില്ലല്ലോ? 24 മണിക്കൂറിനുള്ളിൽ നിങ്ങൾ ക്രിസ്തുവിന്‍റെ  ന്യായാസനത്തിനു മുന്നിൽ നിൽക്കേണ്ടി വരുമെന്ന് നിങ്ങൾക്കറിയാമെങ്കിൽ, ഏതൊക്കെ പാപങ്ങൾക്കുവേണ്ടിയാണോ നിങ്ങളെ തീപ്പൊയ്കയിലേക്ക് എറിയുന്നതെന്ന് നിങ്ങൾക്കറിയാമെങ്കിൽ, അവയിൽ ഒരു ദോഷവും ഇല്ലെന്ന മട്ടിൽ  തുടരുന്നത് ഭോഷത്തമാണ്. അറിയാതെ പാപം ചെയ്യുന്നുവെന്ന് വാദിക്കുന്ന ആളുകൾ കൂടുതൽ കുറ്റക്കാരാണന്നാണ്  തെളിയുന്നത്.

  1. ഈ വിഷയത്തിൽ ആളുകൾ വ്യാജമായും നിയമവിരുദ്ധമായും ചെയ്യുന്ന രണ്ടാമത്തെ കാര്യം, അവർ പതിവായി ചെയ്യുന്ന പാപങ്ങൾക്ക് സ്വയം ഏല്പിച്ചു കൊടുത്തിട്ടില്ലെന്ന് വാദിക്കുന്നതാണ്.

എന്നാൽ തങ്ങളുടെ ക്രിയകൾ പാപമാണെന്ന് തങ്ങൾക്കറിയില്ലെന്നവർ വാദിക്കും, ഒരു പക്ഷെ തങ്ങൾ പാപികളാണെന്ന് സമ്മതിക്കേണ്ടി വന്നാൽ, അവർ സ്വയം അവയ്ക്ക്  ഏല്പിച്ചു കൊടുത്തിട്ടില്ലന്നും പറയും. അതുകൊണ്ട് അവരുടെ പ്രവൃത്തികൾ ദൈവത്തെ വളരെയധികം കോപിഷ്ഠനാക്കില്ലെന്ന് അവർ കരുതുന്നു. അവർ ആ പാപങ്ങൾ ചെയ്തുകൊണ്ടിരിക്കബോൾ തന്നെ തങ്ങൾക്ക് ഒന്നും അറിയാത്തതുപോലെ നടിക്കുകയാണ് ചെയ്യുന്നത്. അവർ തങ്ങളുടെ കഴിഞ്ഞകാല പാപങ്ങളെക്കുറിച്ച് ആത്മാർത്ഥമായി അനുതപിക്കുകയോ  ഭാവിയിൽ അവ ചെയ്യില്ലെന്ന് തീരുമാനം എടുക്കുകയോ ചെയ്യുന്നില്ല. എന്നാൽ  ഒന്നിനു പുറകെ ഒന്നായി പാപം ചെയ്‌തുകൊണ്ടേയിരിക്കും. എന്നാൽ ഈ കാര്യത്തിൽ സ്വയം വഞ്ചിക്കപ്പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരം നാട്യങ്ങളും വാദങ്ങളും ഇപ്പോൾ നിങ്ങളുടെ മനസ്സാക്ഷിയെ ശാന്തമാക്കാൻ സഹായിച്ചേക്കാം, എന്നാൽ  നീതിമാനും വിശുദ്ധനുമായ ന്യായാധിപന്‍റെ മുമ്പാകെ നിൽക്കുമ്പോൾ അവ നിങ്ങൾക്ക് ഒരു പ്രയോജനവും ചെയ്യില്ല.

 ഭാഗം 4

ദൈവിക അനുഷ്ഠാനങ്ങളിൽ പങ്കുടുക്കുമ്പോഴും അറിഞ്ഞുകൊണ്ട് പാപത്തിൽ ജീവിക്കുന്നവരോട് ഒരു വാക്ക്

ദൈവം നിയമിച്ച അനുഷ്ഠാനങ്ങൾ (ആരാധനാക്രമം) എത്ര പവിത്രമാണെന്ന് ചിന്തിക്കുക. അത്തരം അനുഷ്ഠാനങ്ങളിൽ  പങ്കെടുത്തു കൊണ്ട് മനസ്സോടെ അവയ്ക്ക്  നിരക്കാത്ത നിലയിൽ ഇഷ്ടം പോലെ പ്രവർത്തിക്കുന്നതിലൂടെ നിങ്ങൾ ദൈവത്തെ എത്രമാത്രം പരിഹസിക്കുകയും കുറ്റക്കാരായിതീരുകയും ചെയ്യുന്നുവെന്ന് ഓർക്കുക. ദൈവം നിശ്ചയിച്ച അനുഷ്ഠാനങ്ങളെ അശുദ്ധമാക്കുന്നവരെക്കാൾ അധികം അവന് കോപം ജനിപ്പിക്കാനും അവന്‍റെ  മുമ്പാകെ കുറ്റക്കാരായി നില്‍ക്കാനും മറ്റാര്‍ക്കും കഴികയില്ല. വിശുദ്ധമായതിനെ അശുദ്ധമാക്കുന്നവരെക്കാൾ കൂടുതൽ ആർക്കും ദൈവത്തിന് കോപം ജ്വലിപ്പിക്കാൻ കഴിയില്ല. തന്‍റെ  നാമം വൃഥാ എടുക്കുന്നവനെ കർത്താവ് ശിക്ഷിക്കാതെ വിടുകയില്ല എന്ന മൂന്നാമത്തെ കല്പന പ്രകാരം, ദൈവമുമ്പാകെ കുറ്റക്കാരായി നിൽക്കുന്നവർ അവൻ നിയമിച്ച അനുഷ്ഠാനങ്ങളെ അശുദ്ധമാക്കുന്നവരാണ്. പത്തു കല്‍പനകളിൽ ഒന്നിനോട് ഈ മുന്നറിയിപ്പിനെ എന്തിനാണ് ബന്ധിപ്പിച്ചിരിക്കുന്നത്? ഈ കല്പന ലംഘിക്കുന്നത് ഒരു വ്യക്തിയെ ദൈവമുമ്പാകെ കൂടുതൽ കുറ്റക്കാരനാക്കുന്നു.

  ദൈവം നിയമിച്ചിട്ടുള്ള പവിത്രമായ കാര്യപരിപാടികളെയും അനുഷ്ഠാനങ്ങളെയും അശുദ്ധമാക്കുന്നതും അവഹേളിക്കുന്നതും ദൈവത്തിന്‍റെ നാമം വൃഥാ എടുക്കുന്നതിനു തുല്യമാണ്. ദൈവം നിയമിച്ചിട്ടുള്ള പവിത്രമായ കാര്യപരിപാടിളിൽ പങ്കെടുക്കുകയും ഗുരുതരമായ പാപത്തിൽ ജീവിക്കുകയും ചെയ്യുന്നവർ  ഗുരുതരമായ രീതിയിൽ ദൈവത്തിന്‍റെ  നാമം വൃഥാ എടുക്കുകയാണ് ചെയ്യുന്നത്. കാരണം അവർ അവനോട് അങ്ങേയറ്റം അനാദരവും, ദൈവത്തെ  സംബന്ധിക്കുന്ന വിഷയങ്ങളെ കുറച്ചു കാണുന്ന മനോഭാവവും ഉള്ളവരാണ്. നമ്മൾ ഇതിനോടകം  പറഞ്ഞതുപോലെ, ദൈവത്തിന്‍റെ  അധികാരത്തോടും, അവന്‍റെ  നിയുക്ത അനുഷ്ഠാങ്ങൾക്ക് പിന്നിലെ അവന്‍റെ  ഉദ്ദേശ്യങ്ങളോടും, ദൈവവുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരം നൽകുന്ന കാര്യപരിപാടികളോടും ഏറ്റവും അശ്രദ്ധമായ മനോഭാവം അവർ കാണിക്കുന്നു. ദൈവത്തിന്‍റെ നാമത്തിൽ ആണ് ഈ അനഷ്ടാനങ്ങളിൽ പങ്കെടുക്കേണ്ടത്. അതിനാൽ, അശുദ്ധമായ രീതിയിൽ അവയിൽ പങ്കെടുക്കുന്നതിലൂടെ ആളുകൾ ദൈവത്തിന്‍റെ  നാമത്തെ വളരെ മോശമായ രീതിയിൽ അശുദ്ധമാക്കുന്നു. ദൈവികമായ  അനുഷ്ഠാനങ്ങളിൽ ഈ രീതിയിൽ പങ്കെടുത്തുകൊണ്ട് ദൈവത്തിന്‍റെ നാമത്തെ വൃഥാ എടുക്കുന്നവർ  പരിഹസിക്കാൻ വേണ്ടി മാത്രം ഈ അനുഷ്ഠാനങ്ങളിൽ പങ്കുചേരുന്നവരും ദൈവികമായ അനുഷ്ഠാനങ്ങൾക്ക് വലിയ അപമാനം വരുത്തി വയ്ക്കുന്നവരുമാണ്. ഈ രീതിയിൽ ദൈവത്തിന്‍റെ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്നത് പവിത്രമായ കാര്യങ്ങളെ ചവിട്ടിമെതിക്കുന്നതിനു തുല്യമാണ്.

     വിശുദ്ധ കാര്യങ്ങളെ അശ്രദ്ധമായി അവജ്ഞയോടെ കൈകാര്യം ചെയ്ത വ്യക്തികളുടെ മേൽ ദൈവം ഉടനടി തന്‍റെ കോപം ചൊരിഞ്ഞ ചില ഭയാനകമായ സന്ദർഭങ്ങളുണ്ട്. തന്‍റെ മുമ്പിൽ അന്യാഗ്നി പ്രയോഗിച്ചതിന് ദൈവം നാദാബിനെയും അബീഹൂവിനെയും അവിടെത്തന്നെ ദഹിപ്പിച്ചു കളഞ്ഞു. നിയമപെട്ടകത്തെ അബദ്ധവശാൽ തൊട്ടതിന് ദൈവം ഉസ്സയെ ഉടൻ തന്നെ കൊന്നു കളഞ്ഞു (2 ശമുവേൽ 6:6,7). ബേത്ത്-ശേമശ്യര്‍ യഹോവയുടെ പെട്ടകത്തെ നോക്കുകകൊണ്ട് അവന്‍ അവരെ സംഹരിച്ചു. ദൈവം ഒരു മഹാസംഹാരം വരുത്തി അവരില്‍  അന്‍പതിനായിരത്തി എഴുപത് പേരെ കൊന്നും കളഞ്ഞു (1 ശമുവേൽ 6:19).

ദൈവത്തിന്‍റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും. ദൈവത്തിന്‍റെ  മന്ദിരം വിശുദ്ധമല്ലോ (1 കൊരിന്ത്യർ 3:17) എന്ന് പറഞ്ഞുകൊണ്ട് ദൈവം പുതിയനിയമത്തിലും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ വാക്കുകളിൽ വളരെ ഗൗരവമേറിയ ഒരു സന്ദേശമുണ്ട്. ആളുകൾ ചെയ്യുന്നത് ഏതു പാപമായാലും അല്ലെങ്കിൽ അവർ ഏത്  പാപത്തിൽ തുടർന്നാലും, ആ പാപികളെയെല്ലാം ദൈവം നശിപ്പിക്കും. ആരെങ്കിലും ദൈവത്തിന്‍റെ  മന്ദിരം നശിപ്പിച്ചാൽ ദൈവം അവനെ നശിപ്പിക്കുമെന്ന് വചനം പ്രത്യേകമായി മുന്നറിയിപ്പ് നൽകുന്നു. എന്നുപറഞ്ഞാല്‍  ഈ പാപത്തിൽ കൂടുതൽ  ദോഷമുണ്ടെന്നും, ആ പാപം ചെയ്ത് പ്രത്യേകിച്ച് ദൈവത്തിന്‍റെ ക്രോധത്തില്‍ നശിക്കുവാന്‍ തക്കവണ്ണം അവന് കോപം  ജനിപ്പിക്കുകയാണെന്നും നമുക്ക് മനസ്സിലാകുന്നു. ദൈവം അവരെ ഏറ്റവും ഭയാനകമായ രീതിയിൽ നശിപ്പിക്കുന്നതാണ്.

ദൈവത്തെ പരിഹസിച്ചുകൂടഎന്ന് ഗലാത്യർ 6:7 ൽ പറഞ്ഞിട്ടുണ്ട്. നിങ്ങൾ അവനെ പരിഹസിക്കാൻ ശ്രമിച്ചാൽ, അവൻ അത്ര നിസ്സാരനല്ലെന്ന് ആ വ്യക്തിക്ക് മനസ്സിലാകും. തന്നെ പരിഹസിക്കാൻ ധൈര്യപ്പെടുന്നവർക്ക് ദൈവം തന്‍റെ  മഹത്വത്തെ ശക്തമായി തന്നെ കാണിച്ചു കൊടുക്കും. അവന്‍റെ നാമത്തെ അശുദ്ധമാക്കാൻ അല്ലെങ്കിൽ മലിനമാക്കാൻ ധൈര്യപ്പെടുന്നവർക്ക് അവൻ എത്ര ഭയങ്കരനാണെന്ന് പൂർണ്ണമായും മനസ്സിലാകും. നികൃഷ്ടമായ പാപത്തിൽ ജീവിക്കുകയും, ദുഷ്ടതയ്ക്കായി സ്വയം ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തു കൊണ്ട്, ദൈവം നിയമിച്ച അനുഷ്ഠാനങ്ങളെ മലിനമാക്കുന്നവർ, അവരെ പോലെ വിശുദ്ധമായ അനുഷ്ഠാനങ്ങളോ ദൈവിക നിയമങ്ങളോ ഇല്ലാത്ത ജാതികളെക്കാൾ ദൈവത്തിന് ഏറ്റവും കൂടുതൽ കോപം ജ്വലിപ്പിക്കുന്നവരാണ്. അതുകൊണ്ടാണ്, സൊദോം നിവാസികൾ എല്ലാ ജനതകളിലും വെച്ച് ഏറ്റവും ദുഷ്ടരായിരുന്നിട്ടും, യൂദാ രാജ്യത്തിന്‍റെ  ദുഷ്ടതയും യെരൂശലേമിന്‍റെ  ദുഷ്ടതയും സോദോമിന്‍റെ ദുഷ്ടതയെക്കാൾ വെറുപ്പുളവാക്കുന്നതായിരുന്നു എന്ന് തിരുവെഴുത്ത് പറയുന്നത്. യെഹെസ്കേൽ 16:46,47 കാണുക. ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നത് സൊദോമിലെ ജനങ്ങളുടെ പാപങ്ങൾ യഹൂദയിലെ ജനങ്ങളുടെ പാപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിസ്സാരമായിരുന്നു എന്നാണ്. അതിനുള്ള കാരണം എന്താണ്? ഏതു വിശുദ്ധമായ കാര്യങ്ങള്‍ ആണോ യഹൂദയിലെ ജനങ്ങൾ ആസ്വദിച്ചത്, എന്തിനെയാണോ അവർ മലിനമാക്കി അശുദ്ധമാക്കിയത് അവയെ   സ്വീകരിക്കാൻ സോദോമിലെ ആളുകൾക്ക് ഒരിക്കലും അവസരം ലഭിച്ചില്ല.

ഭയങ്കരമായ ദുഷ്ടതയ്ക്ക് നിങ്ങളെ തന്നെ ഏല്പിച്ചു കൊടുത്തു കൊണ്ട്, ആ ദുഷ്ടതയിൽ ജീവിക്കുകയും ദൈവത്തിന്‍റെ ആലയത്തിൽ വന്ന്, അവൻ നിയമിച്ച അനുഷ്ഠാനങ്ങളിൽ പതിവായി പങ്കുചേരുകയും, പാപങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കാതെ, അവയിൽ തുടരാനുള്ള ഉദ്ദേശത്തോടെ കൂടൂക്കൂടെ ദൈവാലയത്തിൽ നിന്ന് പുറത്തുപോയി  ദുഷ്ടക്രിയകൾ  തുടർച്ചയായി ചെയ്യുകയും നിങ്ങളെ തന്നെ ദൈവ മുമ്പാകെ കുറ്റക്കാരാക്കുകയും ചെയ്യുമ്പോൾ ദൈവം നിങ്ങളുടെ വിഷയത്തിൽ എത്രമാത്രം കോപം പ്രദർശിപ്പിക്കുന്നു വെന്ന് ആലോചിക്കുക. ദൈവം പെട്ടെന്ന് നിങ്ങളുടെ മേൽ തന്‍റെ  ശക്തി പ്രയോഗിച്ച് നിങ്ങളെ മരണത്തിലേക്ക് നയിക്കുന്നില്ല എന്നത് അവന്‍റെ അത്ഭുതകരമായ ക്ഷമയുടെ തെളിവാണ്. നിയമപെട്ടകത്തിൽ തൊട്ടതിന് ദൈവം ഉസ്സയെ തൽക്ഷണം ശിക്ഷിച്ചു. അവൻ ചെയ്തതിനേക്കാൾ കൂടുതലായി വിശുദ്ധ കാര്യങ്ങളെ  നിങ്ങൾ അശുദ്ധമാക്കുന്നു. എല്ലാ ദിവസവും, എല്ലാ ആഴ്ചയും അതേ പാപം ചെയ്തു കൊണ്ട് പോകുന്നു.

ഒരു ഇടിമിന്നൽ പോലെ നിങ്ങളുടെ മേൽ തന്‍റെ  കോപം അയയ്ക്കാതെയും, അനന്തമായ ഒരു അഗാധത്തിലേക്ക് നിങ്ങളെ തള്ളിവിടാതെയും ദൈവം നിങ്ങളെ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കുന്നത് ഒരു അത്ഭുതം തന്നെയാണ്. ഇനിയും നിങ്ങളെ തന്‍റെ ആലയത്തിൽ വസിക്കാനും ഈഭൂമിയിൽ ജീവനോടെ ഇരിക്കാനും അവസരം നൽകുന്നതും,  സർവ്വശക്തനായ ദൈവം  നിങ്ങളുടെ മേൽ തന്‍റെ  ഇടിയും മിന്നലും അഴിച്ചുവിടാത്തതും ഒരു അത്ഭുതമാണ്. ഭൂമി ഇപ്പോഴും നിങ്ങളെ വഹിക്കുന്നതും, പാതാളം ഇനിയും നിങ്ങളെ വിഴുങ്ങാത്തതും ഒരു അത്ഭുതമാണ്.

സ്വർഗ്ഗത്തിൽ നിന്നുള്ള തീ നിങ്ങളുടെ മേൽ ഇറങ്ങുന്നില്ല  എന്നതും, പാതാളത്തിൽ നിന്നുള്ള ജ്വാലകൾ നിങ്ങളെ ഭസ്മമാക്കാത്തതും, നരകത്തിന്‍റെ അഗ്നി നിങ്ങളുടെ അടുത്തേക്ക് എത്തുന്നില്ല എന്നതും അനന്തമായ അഗാധത നിങ്ങളെ വിഴുങ്ങാത്തതും ഒരു വലിയ അത്ഭുതമാണ്. എന്നാൽ ദൈവം  നിങ്ങളെ ഇപ്പോഴും സഹിക്കുന്നു എന്നതുകൊണ്ട് നിങ്ങളുടെ നാശം മയങ്ങി ഉറങ്ങിപ്പോയെന്ന് അർത്ഥമാക്കേണ്ടതില്ല. മനുഷ്യന്‍റെ  കോപം പെട്ടെന്നാണ്, അത് പെട്ടെന്ന്  പൊട്ടിതെറിക്കും. ദൈവത്തിന്‍റെ  കോപം അങ്ങനെയല്ല. കോപപാത്രങ്ങളെ ശിക്ഷിക്കുന്നതിനും അവരുടെ ക്രിയകൾക്ക് അർഹമായത് നൽകുന്നതിനും ദൈവം ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. ആ ദിവസം വരുമ്പോൾ മനുഷ്യവർഗത്തിന്‍റെ  പാപങ്ങൾ പൂർണ്ണമാകും. പിന്നെ ആർക്കും ദൈവത്തിന്‍റെ കൈയിൽ നിന്ന് രക്ഷപ്പെടാൻ കഴികയില്ല. അപ്പോൾ നിങ്ങളുടെ എല്ലാ പാപങ്ങൾക്കും അർഹമായ ശിക്ഷ ദൈവം നിങ്ങൾക്കു  നൽകും