ജോനാഥൻ എഡ്വേർഡ്സ് 1741 ജൂലൈ 8 ന് മസാച്യുസെറ്റ്സിൽ നടത്തിയ അത്ഭുതകരമായ പ്രസംഗമാണ് ഇത്.
ആവർത്തനം 32:35 "അവരുടെ കാൽ വഴുതും കാലത്തേക്ക്..."
അവിശ്വാസികളും ദുഷ്ടരുമായ യിസ്രായേല്യരുടെ മേൽ ദൈവകോപം വരുമെന്നാണ് ഈ വാക്യം മുന്നറിയിപ്പ് നൽകുന്നത്. ദൈവത്തിന്‍റെ ഉടമ്പടി ജനതയായി ജീവിച്ചിട്ടും, ദൈവത്തിന്‍റെ കൃപയുടെ എല്ലാ മാർഗങ്ങളും ഉണ്ടായിരുന്നിട്ടും, ദൈവം അവർക്കുവേണ്ടി ചെയ്ത നിരവധി അത്ഭുതങ്ങൾ കണ്ടിട്ടും, അവർ "ആലോചനയില്ലാത്ത ജാതി" യായി (ആവർത്തനം 32:28), തിരിച്ചറിവില്ലാത്ത ഒരു ജനതയായി തുടർന്നു.
ഈ ഭാഗത്തിന് മുമ്പുള്ള രണ്ട് വാക്യങ്ങളിൽ പറഞ്ഞതുപോലെ, അവർ ദൈവത്തിന്‍റെ കൃഷിക്ക് കീഴിലായിരുന്നിട്ടും, അവർ കയ്പുള്ളതും വിഷമുള്ളതുമായ മുന്തിരിങ്ങകൾ ആണ് കായ്ച്ചത്. ഈ ദുഷ്ടരായ യിസ്രായേല്യരുടെ മേൽ വരാനിരിക്കുന്ന ശിക്ഷയെയും നാശത്തെയും സംബന്ധിച്ച്, ഈ വാക്യത്തിൽ നിന്ന് ഞാൻ എടുത്തിട്ടുള്ള "അവരുടെ കാൽ വഴുതുമ്പോൾ" എന്ന പ്രയോഗത്തിന് താഴെപ്പറയുന്ന അർത്ഥങ്ങളുണ്ട്.
1) വഴുവഴുപ്പുള്ള സ്ഥലത്ത് നിൽക്കുകയോ നടക്കുകയോ ചെയ്യുന്ന ഒരാളെപ്പോലെ അവർ എപ്പോഴും നാശത്തിന് വിധിക്കപ്പെട്ടവരാണ്. അവർക്ക് വരാനിരിക്കുന്ന നാശത്തെ കാൽ വഴുതുന്നതിനോട് താരതമ്യം ചെയ്യുന്നതിലൂടെ ഇത് സൂചിപ്പിക്കുന്നു. സങ്കീർത്തനം 73:18-ലും ഇതേ കാര്യം സൂചിപ്പിക്കപ്പെട്ടിരിക്കുന്നു – “നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിര്‍ത്തിയിരിക്കുന്നു.”
2) വഴുവഴുപ്പുള്ള സ്ഥലത്ത് കൂടി നടക്കുന്ന ഒരാൾ ഏത് നിമിഷവും വീഴാൻ സാധ്യതയുള്ളതുപോലെ, അവർ എപ്പോഴും അപ്രതീക്ഷിതവും പെട്ടെന്നുള്ളതുമായ നാശത്തിന് വിധേയരാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അടുത്ത നിമിഷം താൻ നില്ക്കുമോ വീഴുമോ എന്ന് പ്രവചിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് അയാൾ; വീഴുമ്പോൾ, മുന്നറിയിപ്പില്ലാതെ പെട്ടെന്ന് വീഴുകയും ചെയ്യും. സമാനമായ ആശയമാണ് സങ്കീർത്തനം 73:18-ലും കാണുന്നത് – “നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിര്‍ത്തിയിരിക്കുന്നു.”
3) ഇവിടെയുള്ള മറ്റൊരു അർഥം, മറ്റാരുടെയും ഇടപെടല്‍ ഇല്ലാതെ അവർ സ്വയം വീണു എന്നതാണ്; കാരണം വഴുവഴുപ്പുള്ള പ്രതലത്തിൽ നിൽക്കുകയോ നടക്കുകയോ ചെയ്യുന്ന ഒരാൾക്ക് വീഴാൻ തന്‍റെ സ്വന്തം ഭാരം മാത്രം മതിയാകും.
4) "അവരുടെ കാൽ വഴുതും കാലേത്ത്ക്ക്" എന്ന് പറയപ്പെടുന്നതിനാൽ, അവർ ഇതുവരെ വീഴാത്തതിന്‍റെ കാരണം, അവരുടെ 'കാലം' ഇതുവരെ വന്നിട്ടില്ല എന്നതാണ്; എന്നാൽ ആ സമയം വരുമ്പോൾ, അവർ സ്വന്തം ഭാരത്താൽ വീഴും. അപ്പോൾ ഈ കാൽ വഴുതുന്ന പ്രദേശത്ത് ദൈവം അവരെ വീഴുന്നതിൽ നിന്ന് തടയുന്നില്ല, മറിച്ച് അവരെ കൈവിട്ടു കളയുന്നു. ഒരു കുഴിയുടെ വക്കിൽ വഴുതി പോകുന്ന നിലത്ത്, ഒരു മനുഷ്യന് സ്വയമായി നിൽക്കാൻ കഴിയാത്തതുപോലെ, കൈവിടുമ്പോൾ അവന്‍ വീണു നശിച്ചുപോകുന്നതുപോലെ, നിശ്ചിത സമയം വരുമ്പോള്‍ ആ ക്ഷണം തന്നെ അവർ നാശത്തിലേക്ക് വീണു പോകും.
ഈ വാക്കുകളിലൂടെ ഞാൻ ഊന്നിപ്പറയാൻ ഉദ്ദേശിക്കുന്നത് ദുഷ്ടന്മാരെ ഏത് നിമിഷവും നരകത്തിൽ പോകുന്നതിൽ നിന്ന് തടയുന്നത് ദൈവത്തിന്‍റെ ഇഷ്ടമല്ലാതെ മറ്റൊന്നുമല്ല എന്നതാണ്. ദൈവത്തിന്‍റെ ഇഷ്ടം എന്ന് ഞാൻ പറയുമ്പോൾ, ഒന്നിന്റെയും സ്വാധീനത്തിന് വിധേയപ്പെടാത്ത, ഒന്നിന്മേലും ആധാരപ്പെടാത്ത ദൈവത്തിന്‍റെ പരമാധികാര ഇച്ഛ എന്നതാണ് എന്‍റെ അഭിപ്രായം. അതായത്, അവർ സുരക്ഷിതരായിരിക്കുന്ന ഏത് നിമിഷവും, അവരെ നരകത്തിൽ പോകുന്നതിൽ നിന്നും തടയാൻ ഒരു പ്രതിബന്ധവും കാരണമാവുകയില്ല, മറിച്ച് അവന്‍റെ ഇഷ്ടം മാത്രമാണെന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഈ വാക്കുകൾ സത്യമാണെന്ന് താഴെപ്പറയുന്ന നിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കാൻ കഴിയും.
- ദുഷ്ടന്മാരെ നരകത്തിലേക്ക് തള്ളിവിടാനുള്ള ദൈവത്തിന്‍റെ ശക്തിക്ക് ഒരു കുറവുമില്ല. ദൈവം എഴുന്നേൽക്കുമ്പോൾ, മാനുഷ കരങ്ങള്‍ക്ക് ‘ശക്തി’ പ്രയോഗിക്കാൻ കഴിയില്ല. ഏറ്റവും ശക്തരായവർക്ക് പോലും അവനോട് എതിർക്കാൻ കഴിയില്ല, അവന്‍റെ കൈയിൽ നിന്ന് വിടുവിക്കാൻ ആരുമില്ല. ദുഷ്ടന്മാര തള്ളിക്കളയാൻ അവനു കഴിയുമെന്ന് മാത്രമല്ല, അത് വളരെ എളുപ്പത്തിൽ ചെയ്യാനും അവന് കഴിയും. ഒരു കോട്ട പണിയുകയും അനുയായികളെ ഉപയോഗിച്ച് തന്‍റെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്ത ഒരു വിപ്ലവകാരിയെ അടിച്ചമർത്താൻ ഈ ലോകത്തിലെ ഭരണാധികാരികൾക്ക് ചിലപ്പോൾ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. പക്ഷേ ദൈവത്തിന് അങ്ങനെയൊരു പ്രശ്നമില്ല. അവന്‍റെ ശക്തിയോട് എതിർക്കാൻ കഴിയുന്ന ഒരു കോട്ടയുമില്ല. എത്ര കൈകൾ ഒന്നിച്ചാലും, എത്ര ആളുകൾ ഒന്നിച്ചാലും, അവ എളുപ്പത്തിൽ ചിതറിപ്പോകും. അവ ഒരു ചുഴലിക്കാറ്റിനു മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന പതിർ പോലെയോ, കത്തുന്ന തീയ്ക്കു മുന്നിൽ വലിയ അളവിൽ കൂട്ടിയിട്ടിരിക്കുന്ന വൈക്കോൽ പോലെയോ ആണ്. നിലത്തു ഇഴയുന്ന ഒരു പുഴുവിനെ കാലുകൊണ്ട് ചതച്ചരയ്ക്കുന്നത് നമുക്ക് എത്ര സുലഭമാണോ, ഒരു നേർത്ത നൂൽ മുറിക്കുന്നത് എത്ര സുലഭമാണോ, അതുപോലെ ദൈവം ഇച്ഛിക്കുമ്പോൾ, തന്‍റെ ശത്രുക്കളെ അതേ എളുപ്പത്തിൽ നരകത്തിലേക്ക് തള്ളിവിടുകതന്നെ ചെയ്യും. ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന, പർവ്വതങ്ങളെ നടുക്കുന്ന ദൈവത്തിന്‍റെ മുമ്പാകെ നിൽക്കാൻ നമ്മൾ ആരാണ്?
- അവർ നരകത്തിലേക്ക് എറിയപ്പെടാൻ അർഹരാണ്. അതിനാൽ, ദൈവത്തിന്‍റെ നീതി വഴിയിൽ തടസ്സമായി നിൽക്കുന്നില്ല, ഏത് നിമിഷവും അവരെ നശിപ്പിക്കാൻ തന്‍റെ ശക്തി ഉപയോഗിക്കുന്നതിൽ നിന്ന് ദൈവത്തിന്‍റെ നീതി തടസ്സം പറയുന്നതുമില്ല. പകരം, ദൈവത്തിന്‍റെ നീതി അവരുടെ പാപങ്ങൾക്ക് നിത്യമായ ശിക്ഷയാണ് ആവശ്യപ്പെടുന്നത്. സോദോമിന്‍റെതായ മുന്തിരിപ്പഴം കായ്ക്കുന്ന വൃക്ഷത്തെക്കുറിച്ച് ദൈവത്തിന്‍റെ നീതി പറയുന്നത് , “അതിനെ വെട്ടിക്കളക, അതു നിലത്തെ നിഷ്ഫലമാക്കുന്നത് എന്തിന്” എന്നാണ്. ലൂക്കോസ് 13:7. ദൈവത്തിന്‍റെ കാരുണ്യവും അവന്‍റെ ഇച്ഛയും അവരുടെ ശിക്ഷയെ നീക്കിവയ്ക്കുമ്പോഴും ദൈവത്തിന്‍റെ നീതിയുടെ വാള്‍ ഓരോ നിമിഷവും അവരെ ശിക്ഷിക്കുവാനാണ് പറയുന്നത്.
- ഇതിനോടകം അവർക്ക് നരക ശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞു. നരകത്തിലേക്ക് എറിയപ്പെടുന്നത് അവർക്ക് കിട്ടേണ്ട ന്യായമായ ശിക്ഷ മാത്രമല്ല, ദൈവത്തിന്‍റെ നിയമപരമായ ന്യായവിധി കൂടെ ആണ്. അതായത്, ദൈവത്തിനും മനുഷ്യർക്കും ഇടയിൽ ശാശ്വതമായി സ്ഥാപിക്കപ്പെട്ട നീതിയുടെ നിയമം, അവർക്കെതിരായി നിലകൊള്ളുന്നു. തീർച്ചയായും അവർ നരകത്തിലെ ആളുകളാണ്.വിശ്വസിക്കാത്തവന് ന്യായവിധി വന്നു കഴിഞ്ഞു എന്ന് യോഹന്നാന്‍ 3:18 ല്‍ നാം കാണുന്നു. അതുകൊണ്ട് ദൈവത്തെ അംഗീകരിക്കാത്ത ഓരോ വ്യക്തിയും ന്യായമായി നരകത്തിലേയ്ക്കാണ് പോകുന്നത്. അവർ “കീഴിൽനിന്ന് ഉള്ളവരാണ്” – യോഹന്നാൻ 8:23. അവർ നരകത്തിലെ ആളുകളാണ്. ദൈവത്തിന്‍റെ നീതിയും, അവന്‍റെ വചനവും, അവന്‍റെ മാറ്റമില്ലാത്ത നിയമവും അവർക്കായി വിധിച്ചത് ഈ സ്ഥലമാണ്.
- നരകത്തിൽ പ്രകടിപ്പിക്കപ്പെടുന്ന ദൈവത്തിന്‍റെ കോപത്തിനും ക്രോധത്തിനും ഇവർ പാത്രങ്ങളാണ്. അവർ ഇതുവരെ നരകത്തിൽ പോയിട്ടില്ല എന്നതുകൊണ്ട്, ഇതിനോടകം നരകത്തിൽ പോയി ശിക്ഷ അനുഭവിക്കുന്ന അനേകരെ അപേക്ഷിച്ച് ദൈവം ഇവരോട് കുറച്ചു കോപമേ കാണിക്കുന്നുള്ളൂ എന്ന് അർത്ഥമാക്കേണ്ടതില്ല. അതെ, ഈ ഭൂമിയിലുള്ള നിരവധി ആളുകളോട് ദൈവം വളരെയധികം കോപിക്കുന്നു. ഇപ്പോൾ ഇത്ര ചിന്താശൂന്യമായി എന്‍റെ വാക്കുകള്‍ കേൾക്കുന്ന നിങ്ങളിൽ ചിലരോടെങ്കിലും അവന് ഇപ്പോള്‍ നരകത്തിലുള്ളവരെക്കാള്‍ കൂടുതൽ കോപമുണ്ടാകാം. താൻ കൈവിട്ടവരെ നശിപ്പിക്കുന്നതിൽ നിന്നും അവൻ വിട്ടുനില്ക്കുന്നതിന്‍റെ കാരണം, അവരുടെ ദുഷ്ടതയെക്കുറിച്ച് അവന് ശ്രദ്ധ ഇല്ലാത്തതുകൊണ്ടോ, അതിൽ അവന് കോപം ഇല്ലാത്തതുകൊണ്ടോ അല്ല. അവർ കരുതുന്നതുപോലെ ദൈവം അവരെപ്പോലെയല്ല. ദൈവക്രോധം അവർക്കെതിരെ ജ്വലിക്കുന്നു, അവരുടെ നാശം ഉറങ്ങുകയോ മയങ്ങുകയോ ചെയ്യുന്നില്ല. അവർക്കായി പാതാളം ഒരുക്കപ്പെട്ടിരിക്കുന്നു; തീ നാളങ്ങൾ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു; തീച്ചൂളയുടെ ചൂട് കൂട്ടിക്കൊണ്ടു അവരെ സ്വീകരിക്കാനായി ഒരുക്കപ്പട്ടിരിക്കുന്നു; തീജ്വാലകൾ ഉയർന്നു പൊങ്ങിക്കൊണ്ടിരിക്കുന്നു. ജ്വലിക്കുന്ന വാൾ മൂർച്ചകൂട്ടി അവരുടെ നേരെ നീട്ടപ്പെട്ടിരിക്കുന്നു; പാതാളം അവരുടെ കീഴിൽ അതിന്‍റെ വായ തുറന്നിരിക്കുന്നു.
- സാത്താൻ അവരെ കീഴടക്കാൻ തയ്യാറായി ഇരിക്കുകയാണ്. ദൈവം അനുവദിക്കുന്ന നിമിഷം അവർ അവന്‍റെ കീഴിലേക്കു വരും. അവരുടെ ആത്മാക്കൾ അവന്‍റെ കൈകളില്‍ അവന്‍റെ സ്വത്ത് ആകുന്നു. അവ അവന്‍റെതാണെന്ന് വചനം പറയുന്നു (ലൂക്കോസ് 11:21). ഭൂതങ്ങൾ അവരെ നിരീക്ഷിച്ചുകൊണ്ട്, അവരുടെ വലതുവശത്ത്, വിശക്കുന്ന സിംഹങ്ങളെപ്പോലെ, ഇരയെ പറിച്ചെടുക്കാൻ തയ്യാറായി നിൽക്കുന്നു. എന്നാൽ ഇപ്പോൾ അവയെ തടഞ്ഞു വച്ചിരിക്കുകയാണ്. ദൈവം അവയെ തടയുന്ന തന്‍റെ കൈ നീക്കം ചെയ്താൽ, ഒരു നിമിഷം കൊണ്ട് അവ അവരുടെ ആത്മാക്കൾക്ക് മേൽ പറന്നുവീഴും. ആദിമ സർപ്പം അവർക്കുവേണ്ടി ഗർജ്ജിക്കുന്നു. അവരെ വിഴുങ്ങാൻ നരകം അതിന്‍റെ വായ വിശാലമായി തുറന്നിരിക്കുന്നു. ദൈവം അനുവദിച്ചാൽ, അവർ ഉടൻ തന്നെ വിഴുങ്ങപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യും.
- ദൈവം തന്നെ തടഞ്ഞില്ലെങ്കിൽ, ദുഷ്ടന്മാരുടെ ഹൃദയങ്ങളിലെ നരക നിയമങ്ങൾ ജ്വലിച്ച് ദഹിക്കുന്ന നരകാഗ്നിയായി പോലെ മാറും. ജഡികന്മാരുടെ സ്വഭാവത്തില്‍ തന്നെ നരകയാതനയ്ക്കുള്ള അടിത്തറ ഇട്ടു കിടക്കുകയാണ്. നരകാഗ്നിയുടെ ആ വിത്തുകൾ അവരെ ഭരിക്കുന്ന ദുഷിച്ച നിയമങ്ങളായി അവരുടെ ഉള്ളിൽ തന്നെ കിടന്നു കൊണ്ട് അവരെ കീഴടക്കി വച്ചിരിക്കയാണ്. ദൈവം തന്നെ തടയുന്നില്ലെങ്കിൽ,നശിച്ചുപോകുന്നവരുടെ ഹൃദയങ്ങളിൽ നിലനിൽക്കുന്ന അക്രമാസക്തവും സജീവവും, ശക്തവുമായ നിയമങ്ങൾ, അതേ തരത്തിലുള്ള പീഡനത്തോടെയും, അതേ ശത്രുതയോടെയും, അവരുടെ ഉള്ളിൽ കത്തുന്ന അതേ ദുഷ്ടതയോടെയും ഉടൻ തന്നെ പൊട്ടിത്തെറിക്കും. തിരുവെഴുത്തുകളിൽ ദുഷ്ടന്മാരെ ക്ഷോഭിക്കുന്ന കടലിനോട് ഉപമിച്ചിരിക്കുന്നു. “ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുത്;” (ഇയ്യോബ് 38:11), എന്ന് പറഞ്ഞുകൊണ്ട് ദൈവം കടലിലെ ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളെ നിയന്ത്രിക്കുന്നതുപോലെ, ദൈവം ഇപ്പോൾ തന്‍റെ ശക്തിയാൽ അവരുടെ ദുഷ്ടതയെ നിയന്ത്രിക്കുന്നു. ദൈവം തന്‍റെ നിയന്ത്രിക്കുന്ന കരം നീക്കിയാൽ, സമുദ്രത്തിനു മുമ്പില്‍ അഗ്നി തുടച്ചുനീക്കപ്പെടും. ആത്മാവിന് നാശവും ദുരിതവും വരുത്തുന്നത് പാപമാണ്. അതിന്‍റെ സ്വഭാവം തന്നെ വിനാശകരമാണ്. ദൈവം അതിനെ നിയന്ത്രിക്കുന്നില്ലെങ്കിൽ, ആത്മാവിനെ നശിപ്പിക്കുന്ന സ്ഥിതിയിലെത്തിക്കാൻ മറ്റൊന്നും ആവശ്യമില്ല. മനുഷ്യന്‍റെ ഹൃദയത്തിലെ ദുഷ്ടത അതിന്‍റെ ആവേശത്തിൽ അതിരറ്റതും അനന്തവുമാണ്. ദുഷ്ടന്മാർ ഭൂമിയിൽ ജീവിക്കുമ്പോൾ അവരിൽ കാണുന്ന പാപം പ്രകൃതിയാൽ നിയന്ത്രിക്കപ്പെടുന്ന ഒരു തീ പോലെയാണ്. ഹൃദയം പാപത്തിൽ മുഴുകിയിരിക്കുന്നതിനാൽ, പാപത്തെ നിയന്ത്രിക്കുന്നില്ലെങ്കിൽ, അത് ഉടൻ തന്നെ ആത്മാവിനെ ഒരു തീച്ചൂളയോ അല്ലെങ്കിൽ ഒരു ഗന്ധകച്ചൂളയോ ആക്കും.
- മരണം പെട്ടന്ന് സംഭവിക്കും എന്ന് തോന്നുന്നില്ല, അതുകൊണ്ട് ദുഷ്ടന്മാർ എല്ലായ്പ്പോഴും സുരക്ഷിതരാണെന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. ഒരാള്‍ ഇപ്പോൾ ആരോഗ്യവാനാണ് എന്നതുകൊണ്ട്, ഏതെങ്കിലും അപകടത്താൽ ഈ ലോകം വിട്ടുപോകുന്നതിന്‍റെ ഒരു ലക്ഷണവും കാണാത്തതുകൊണ്ട്, ദൃശ്യമായ ആപത്തോ അപകടമോ ഒന്നും ഇല്ലാത്തതുകൊണ്ട്, അയാളുടെ നിലവിലുള്ള സാഹചര്യങ്ങൾ അയാൾക്ക് ഒരു നിലയിലും സുരക്ഷിതത്വം നൽകുന്നില്ല. മനുഷ്യരുടെ സാധാരണ അനുഭവം വച്ച് നോക്കുമ്പോൾ നിലവിലുള്ള ആരോഗ്യവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും ആളുകളെ മറുക്ഷണം നരകത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുമെന്നതിന് ഒരു തെളിവുമില്ല. നമുക്ക് കാണാനോ സങ്കൽപ്പിക്കാനോ കഴിയാത്ത പല വിധങ്ങളിൽ നമ്മൾ പെട്ടെന്ന് ഈ ലോകം വിട്ടു പോകേണ്ടിവരും. രക്ഷിക്കപ്പെടാത്ത ആളുകൾ നരകത്തെ മൂടിയ ഒരു ദ്രവിച്ച മേൽക്കൂരയിലൂടെയാണ് നടക്കുന്നത്. ഈ മേൽക്കൂരയിലെ എണ്ണമറ്റ സ്ഥലങ്ങൾ വളരെ ദുർബലമാണ്, അവയ്ക്ക് ഒരു വ്യക്തിയുടെ ഭാരം താങ്ങാൻ കഴിയില്ല, ആർക്കും അവയെ കാണാൻ കഴിയില്ല. പകൽ വെളിച്ചത്തിൽ അദൃശ്യമായി പറക്കുന്ന അമ്പുകൾ ഉണ്ട്. എത്ര സൂക്ഷ്മമായ ദൃഷ്ടിക്കും അവയെ കാണാൻ കഴിയില്ല; മാത്രമല്ല ദുഷ്ടന്മാരെ ലോകത്തിൽ നിന്ന് നീക്കി നരകത്തിലേക്ക് അയയ്ക്കാൻ നമുക്ക് പരിശോധിക്കാവുന്നതിലും അപ്പുറമുള്ള നിരവധി മാർഗങ്ങൾ ദൈവത്തിനുണ്ട്. അത് ചെയ്യുന്നതിന് ദൈവത്തിന് ഒരു അത്ഭുതമോ അവന്‍റെ സാധാരണ ക്രമീകരണത്തിൽ നിന്ന് വ്യത്യസ്തമായ മറ്റെന്തെങ്കിലുമോ ചെയ്യേണ്ട ആവശ്യമില്ല. പാപികളെ ഈ ലോകത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള എല്ലാ മാർഗങ്ങളും ദൈവത്തിന്‍റെ കൈകളിലാണ് ഉള്ളത്. അവ കർശനമായും അവന്‍റെ ശക്തിക്കും ഇച്ഛയ്ക്കും വിധേയപ്പെട്ടാണ് ഇരിക്കുന്നത്.
- സ്വയം സംരക്ഷിക്കാൻ മനുഷ്യർ കാണിക്കുന്ന വിവേകവും കരുതലും, അല്ലെങ്കില്‍ മറ്റുള്ളവർ അവരെ സംരക്ഷിക്കാൻ കാണിക്കുന്ന കരുതലും ഒരു നിമിഷത്തേയ്ക്കുപോലും അവരെ രക്ഷിക്കില്ല. ദൈവത്തിന്‍റെ കരുതലും സാർവ്വത്രിക അനുഭവവും ഇതിന് സാക്ഷ്യം വഹിക്കുന്നു. മനുഷ്യന്‍റെ സ്വന്ത ജ്ഞാനം അവനെ മരണത്തിൽ നിന്ന് സംരക്ഷിക്കുന്നില്ല എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. അങ്ങനെ ഇല്ലെങ്കിൽ, പെട്ടെന്നുള്ളതും അകാലവുമായ മരണം ഒഴിവാക്കുന്നതിൽ ജ്ഞാനികൾക്കും അല്ലാത്തവർക്കും ഇടയിൽ വ്യത്യാസം ഉണ്ടാകുമായിരുന്നു. “… അയ്യോ ഭോഷൻ മരിക്കുന്നതുംപോലെ ജ്ഞാനിയും മരിക്കുന്നു” (സഭാപ്രസംഗി 2:16). ഇത് എങ്ങനെ സംഭവിക്കുന്നു?
- ദുഷ്ടന്മാർ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ എത്രമാത്രം പ്രയാസപ്പെട്ടാലും എത്ര തന്ത്രങ്ങള്‍ മെനഞ്ഞാലും അവർ ക്രിസ്തുവിനെ തള്ളികളഞ്ഞതിനാൽ ഇപ്പോഴും ദുഷ്ടരായി തന്നെ തുടരും; അതിനാൽ, അവയ്ക്കൊന്നിനും തന്നെ അവരെ നരകത്തിൽ നിന്ന് ഒരു നിമിഷത്തേയ്ക്ക് പോലും രക്ഷിക്കാൻ കഴിയില്ല. നരകത്തെക്കുറിച്ച് കേൾക്കുന്ന ഓരോ സ്വാഭാവിക മനുഷ്യനും തനിക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് സ്വയം ബോധ്യപ്പെടുത്തുന്നു. അവൻ താൻ ചെയ്തതും ചെയ്യുന്നതും ചെയ്യാൻ പോകുന്നതുമായ കാര്യങ്ങളെക്കുറിച്ച് വീമ്പിളക്കുകയും തന്‍റെ രക്ഷക്കായി അവയിൽ ആശ്രയിക്കുകയും ചെയ്യുന്നു. നാശത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് അവർ മനസ്സിൽ ആസൂത്രണം ചെയ്യുകയും അവരുടെ തന്ത്രങ്ങളും പദ്ധതികളും പരാജയപ്പെടില്ലെന്ന് സ്വയം ആശ്വസിക്കുകയും ചെയ്യുന്നു. കുറച്ചുപേർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളുവെന്നും, മുൻകാലങ്ങളിൽ മരിച്ചവരിൽ ബഹുഭൂരിപക്ഷം പേരും നരകത്തിൽ പോയിട്ടുണ്ടെന്നും അവർ കേട്ടിട്ടുണ്ട്. എന്നാൽ ഓരോരുത്തരും ചിന്തിക്കുന്നത് മറ്റുള്ളവരെക്കാൾ നന്നായി തന്‍റെ പദ്ധതികൾ നടപ്പിലാക്കി രക്ഷപ്പെടാൻ കഴിയുമെന്നാണ്. ആ യാതന അനുഭവിക്കുന്ന സ്ഥലത്തേക്ക് പോകാൻ അയാൾ ആഗ്രഹിക്കുന്നില്ല. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും, എല്ലാം ക്രമീകരിച്ചിട്ടുണ്ടെന്നും, പരാജയപ്പെടാതിരിക്കാൻ വേണ്ട എല്ലാ ശ്രദ്ധയും എടുത്തിട്ടുണ്ടെന്നും അയാൾ കരുതുന്നു. എന്നാൽ വിഡ്ഢികളായ മനുഷ്യർ സ്വന്തം പദ്ധതികളിലും, സ്വന്ത ജ്ഞാനത്തിലും, സ്വന്തം ശക്തിയിലും ആശ്രയിച്ചു കൊണ്ട് സ്വയം വഞ്ചിതരാകുന്നു. അവർ നിഴലിനെ പിന്തുടരുന്നവരാണ്. നമുക്ക് ലഭ്യമായ അതേ കൃപാ മാദ്ധ്യമങ്ങൾ ഉണ്ടായിരുന്നിട്ടും, മരിച്ചവരിൽ പലരും ഇപ്പോൾ നരകത്തിലേക്ക് പോയിരിക്കുന്നു. അവർ നമ്മളെക്കാൾ ബുദ്ധിശക്തി കുറഞ്ഞവരല്ല; രക്ഷപ്പെടാൻ വേണ്ട എല്ലാ മുൻകരുതലുകളും എടുക്കാത്തവരുമല്ല. അവരോട് സംസാരിക്കാൻ നമുക്ക് അവസരം ലഭിക്കുകയും, അവരിർ ഓരോരുത്തരോടും, "നിങ്ങളുടെ ജീവിതകാലത്ത് നരകത്തെക്കുറിച്ച് കേട്ടപ്പോൾ, ഇത്രയും പീഡനത്തിന് വിധേയരാകേണ്ടിവരുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും കരുതിയിരുന്നോ?" എന്ന് ചോദിക്കുകയും ചെയ്താല്‍ അവർ തീർച്ചയായും, "ഇല്ല, ഇല്ല, ഇവിടെ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ എന്‍റെ മനസ്സിൽ എല്ലാം വ്യത്യസ്തമായാണ് ആലോചിച്ചിരുന്നത്. ഞാൻ വേണ്ടത്ര ശ്രദ്ധ എടുത്തിട്ടുണ്ടെന്നും, എന്‍റെ പദ്ധതികൾ നല്ലതാണെന്നും, ഞാൻ ശരിയായ നിലയിൽ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും കരുതി, പക്ഷേ അത് പെട്ടെന്ന് എന്‍റെ മേൽ വന്നു, ഇങ്ങനെ ആകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഒരു കള്ളനെപ്പോലെയാണ് അത് വന്നത്, മരണം എന്നെയും എന്‍റെ പ്രതീക്ഷകളെയും തകിടം മറിച്ചിരിക്കുന്നു. അയ്യോ! എന്‍റെ വിഡ്ഢിത്തം! ദൈവക്രോധം എന്‍റെ മേൽ വന്നിരിക്കുന്നു. ഈ ജീവിതത്തിനുശേഷം ഞാൻ ഇങ്ങനെ ആകും അങ്ങനെ ആകും എന്ന് വ്യർത്ഥമായ സ്വപ്നങ്ങൾ കണ്ടുകൊണ്ട് ഞാൻ എന്നെത്തന്നെ വഞ്ചിച്ചു. ഞാൻ സമാധാനത്തെയും നിർഭയത്വത്തെയും കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ പെട്ടെന്ന് എനിക്ക് നാശം സംഭവിച്ചു,” എന്ന് അവരെല്ലാം വിലപിച്ചു കൊണ്ട് പറയും.
- സ്വാഭാവിക മനുഷ്യനെ ക്ഷണനേരത്തേക്കെങ്കിലും നരകത്തിൽ നിന്ന് രക്ഷിക്കാമെന്ന് ദൈവം തന്നെ ബാദ്ധ്യസ്ഥനാക്കുന്ന വാഗ്ദാനം ഒന്നും ചെയ്തിട്ടില്ല. ക്രിസ്തുവിലുള്ള കൃപാ ഉടമ്പടിയിലുള്ള വാഗ്ദാനങ്ങൾ ക്രിസ്തുവിൽ നമുക്ക് നൽകപ്പെട്ട വാഗ്ദാനങ്ങൾ അല്ലാതെ, നിത്യജീവൻ നൽകാമെന്നോ, നിത്യമരണത്തിൽ നിന്ന് രക്ഷിക്കാമെന്നോ, ദൈവം ഒരിക്കലും എവിടെയും വാഗ്ദാനം ചെയ്തിട്ടില്ല. ആ കൃപയുടെ ഉടമ്പടിയിൽ അടങ്ങിയിരിക്കുന്ന വാഗ്ദാനങ്ങളൊന്നും വിശ്വസിക്കാത്തവർക്ക്, ആ ഉടമ്പടിയെയും അതിന്‍റെ മധ്യസ്ഥനെയും അവഗണിക്കുന്നവർക്ക്, ആ ഉടമ്പടിയിൽ ഭാഗവുമില്ല, ആ വാഗ്ദാനങ്ങളുടെ പ്രയോജനം അവര്‍ക്ക് ലഭിക്കയുമില്ല. ചിലർ കണക്കുകുട്ടുന്നതുപോലെ ആത്മാർത്ഥമായി അന്വേഷിച്ചും, വാതില്ക്കൽ മുട്ടിയും സ്വാഭാവിക മനുഷ്യനും വാഗ്ദാനങ്ങൾ അവകാശപ്പെടാമെന്ന് വാദിക്കാറുണ്ടെങ്കിലും, അവൻ എത്രമാത്രം ദൈവഭക്തിയിൽ ജീവിച്ചാലും, എത്ര പരിശ്രമിച്ചാലും, പ്രാർത്ഥനകൾ കഴിച്ചാലും ക്രിസ്തുവിൽ വ്യക്തിപരമായി വിശ്വാസം അർപ്പിക്കാത്തടുത്തോളം കാലം, അവനെ നിത്യനാശത്തിൽ നിന്ന് രക്ഷിക്കാൻ ദൈവം ബാധ്യസ്ഥനല്ല. ദൈവം സ്വാഭാവിക മനുഷ്യനെ നരകക്കുഴിയിലേക്ക് തള്ളിക്കളയും. അവർ ആ നരകാഗ്നിക്ക് അർഹരാണ്, അവർക്ക് ഇതിനകം തന്നെ ആ ന്യായവിധി ലഭിച്ചു കഴിഞ്ഞു. ദൈവത്തിന്‍റെ ക്രോധം അവർക്കെതിരെ അതിശക്തമായി ജ്വലിക്കുന്നു. ഇതുവരെ നരകത്തിൽ തന്‍റെ കോപം അനുഭവിക്കുന്നവരോട് അവൻ കാണിക്കുന്ന അതേ കോപം തന്നെയാണ് അവരോടും അവൻ കാണിക്കുന്നത്. ആ കോപം ശമിപ്പിക്കാനോ കുറയ്ക്കാനോ ഒന്നുമില്ല. ഒരു നിമിഷത്തേക്ക് എങ്കിലും അവരെ സംരക്ഷിക്കുന്നതിന് സ്വയം ഉത്തരവാദിയാകുമെന്ന് ദൈവം ഒരു വാഗ്ദാനവും നൽകിയിട്ടില്ല. സാത്താൻ അവർക്കായി കാത്തിരിക്കുന്നു. നരകം അവർക്കായി വായ പിളർന്നിരിക്കുന്നു. അഗ്നിജ്വാലകൾ അവരുടെ മേൽ ഉയര്‍ന്നുപൊങ്ങുന്നു. അവരെ പിടിച്ച് വിഴുങ്ങാൻ തയ്യാറായി സന്തോഷത്തോടെ ഇരിക്കയാണ്. അവരുടെ ഹൃദയങ്ങളിലെ അടക്കിവച്ച തീ ആളിക്കത്താൻ ശ്രമിക്കുന്നു. അവരെ രക്ഷിക്കാൻ ഒരു മാർഗവുമില്ല. ചുരുക്കത്തിൽ, അവർക്ക് അഭയമില്ല, പിടിച്ചുനിൽക്കാൻ ഒന്നുമില്ല. ഏത് നിമിഷവും അവരെ രക്ഷിക്കുന്നത്, കോപാകുലനായ, ഒരു ഉടമ്പടിയാലോ വാഗ്ദാനത്താലോ ബന്ധിക്കപ്പെടാതെ, തന്‍റെ സ്വതന്ത്ര ഇച്ഛാശക്തിയിൽ മാത്രം ആധാരപ്പടുന്ന ദൈവത്തിന്‍റെ ദീർഘക്ഷമ മാത്രമാണ്.
സങ്കടകരമായ ഈ വിഷയം മാനസാന്തരപ്പെടാത്തവര്‍ക്ക് ഒരു ഉണർവിന് ഉപയോഗപ്പെടുന്നു. നിങ്ങൾ ഇതുവരെ കേട്ടത് ക്രിസ്തുവിന് പുറത്തുള്ള എല്ലാവരുടെയും അവസ്ഥയാണ്. ആ വേദനയുടെ ലോകം, ആ ഗന്ധകം കത്തുന്ന തീപ്പൊയ്ക, അത് നിങ്ങളുടെ കീഴിൽ വ്യാപിച്ചിരിക്കുന്നു. അത് ദൈവക്രോധത്തിന്‍റെ കത്തുന്ന ജ്വാലയുടെ പൊയ്കയാണ്. ആ നരകം വിശാലമായി വായ തുറന്നിരിക്കുന്നു. നിങ്ങൾക്ക് നിൽക്കാൻ ഒരു ആധാരവുമില്ല. നിങ്ങൾക്കും നരകത്തിനും ഇടയിൽ വായു അല്ലാതെ മറ്റൊന്നുമില്ല. നിങ്ങളെ താങ്ങിനിർത്തുന്നത് ദൈവത്തിന്‍റെ ശക്തിയും അവന്‍റെ ഇച്ഛയുടെ പ്രസാദവും മാത്രമാണ്.
നിങ്ങൾക്ക് ഇത് അറിയില്ലായിരിക്കാം. നിങ്ങൾ ഇപ്പോൾ നരകത്തിലല്ലെന്ന് നിങ്ങൾക്കറിയാം എന്നാൽ അതിൽ ദൈവത്തിന്‍റെ കരം കാണുന്നതുമില്ല; പക്ഷേ നിങ്ങളുടെ ആരോഗ്യം, നിങ്ങൾ സ്വയം എടുക്കുന്ന ജാഗ്രതകൾ, നിങ്ങൾ സ്വയം സംരക്ഷിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ, എന്നീ മറ്റ് കാര്യങ്ങൾ നിങ്ങൾ കാണുന്നു. എന്നാൽ ഇതുകൊണ്ട് എന്ത് ഉപയോഗമാണുള്ളത്? വായുവിൽ തൂങ്ങിക്കിടക്കുന്ന ഒരാളെ കാറ്റിന് ഉയർത്താൻ കഴിയാത്തതുപോലെ, ദൈവം തന്‍റെ കൈ പിൻവലിച്ചാൽ വീഴുന്നതിൽ നിന്ന് നിങ്ങളെ തടയാൻ യാതൊന്നിനും കഴിയില്ല.
നിങ്ങളുടെ ദുഷ്ടത നിങ്ങളെ ഈയം പോലെ ഭാരമുള്ളതാക്കുന്നു. ആ വലിയ ഭാരവും സമ്മർദ്ദവും നിങ്ങളെ നരകത്തിലേക്ക് ബലമായി തള്ളിവിടും. ദൈവം തീരുമാനിക്കുമ്പോൾ, നിങ്ങൾ ഉടനെ വേഗത്തിൽ താഴേയ്ക്ക് അടിത്തട്ടിലെ അഗാധത്തിലേക്ക് മുങ്ങി പോകുക തന്നെ ചെയ്യും. ഒരു ചിലന്തിവലയ്ക്ക് ഒരു വലിയ പാറക്കല്ലിനെ തടയാൻ കഴിയാത്തതുപോലെ, നിങ്ങളുടെ ആരോഗ്യം, നിങ്ങൾ എടുക്കുന്ന ശ്രദ്ധ, ജാഗ്രതകൾ, പദ്ധതികൾ, സ്വയനീതി ഇവയ്ക്കൊന്നും നിങ്ങളെ നരകത്തിൽ വീഴുന്നതിൽ നിന്ന് രക്ഷിക്കാൻ കഴികയില്ല. ദൈവത്തിന്‍റെ പരമാധികാര ഹിതത്തിന്‍റെ പ്രസാദം ഇല്ലെങ്കിൽ ഭൂമിക്ക് നിങ്ങളെ ഒരു നിമിഷം പോലും താങ്ങാൻ കഴിയില്ല. നീ ഭൂമിക്ക് ഒരു ഭാരമാണ്. സൃഷ്ടി നിന്നോടൊപ്പം ഞരങ്ങുന്നു. എല്ലാ സൃഷ്ടികളും മനസ്സില്ലാമനസ്സോടെ നിന്‍റെ ദുഷ്ടതയ്ക്ക് കീഴടങ്ങിയിരിക്കുന്നു. നിന്‍റെ പാപത്തിനും സാത്താനും വെളിച്ചം കൊടുത്തു കൊണ്ട് നിന്നെ സേവിക്കുവാൻ സൂര്യനും ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ ഭൂമി അതിന്‍റെ ഫലം നൽകാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ദുഷ്പ്രവൃത്തികൾ സ്വയം വഹിക്കാൻ ഭൂമി ആഗ്രഹിക്കുന്നില്ല. നീ ദൈവത്തിന്‍റെ ശത്രുക്കളെ സേവിക്കുന്നതു കൊണ്ട് നിന്നെ ജീവനോടെ നിലനിർത്താനും ശ്വാസം നൽകാനും കാറ്റിനു പോലും ആഗ്രഹമില്ല. ദൈവത്തിന്‍റെ സൃഷ്ടി വളരെ നല്ലതാണ്. മനുഷ്യന് അവയെ ഉപയോഗിച്ച് ദൈവത്തെ സേവിക്കാവുന്ന വിധത്തിലാണ് അവ സൃഷ്ടിക്കപ്പെട്ടത്. അവയുടെ സ്വഭാവത്തിന് വിരുദ്ധമായി, മറ്റു യാതൊരു ഉദ്ദേശ്യവും അവ നിറവേറ്റുകയുമില്ല . ദൈവത്തിന്‍റെ പരമാധികാര കരം ഇല്ലായിരുന്നുവെങ്കിൽ, ഈ ലോകം നിങ്ങളെ പുറത്തേയ്ക്ക് തുപ്പികളയുമായിരുന്നു. ദൈവക്രോധത്തിന്‍റെ കറുത്ത മേഘങ്ങൾ, മുഴങ്ങികൊണ്ട് ഒരു ഭയാനകമായ കൊടുങ്കാറ്റ് പോലെ നിങ്ങളുടെ തലയ്ക്ക് മുകളിൽ തങ്ങി നിൽക്കുന്നു. ദൈവത്തിന്‍റെ കൈ അവയെ തടഞ്ഞില്ലായിരുന്നുവെങ്കിൽ, അവ ഉടനെ തന്നെ നിങ്ങളുടെ മേൽ വീഴുമായിരുന്നു. ദൈവത്തിന്‍റെ പരമാധികാര ഹിതം ശക്തമായ ആ കാറ്റിനെ തടഞ്ഞില്ലായിരുന്നെങ്കിൽ, അത് നിങ്ങളുടെ മേൽ ക്രോധത്തോടെ വരുമായിരുന്നു. നാശം ഒരു ചുഴലിക്കാറ്റുപോലെ നിങ്ങളുടെ മേൽ വരും. അതിന്‍റെ മുമ്പില്‍ നിങ്ങൾ മെതിക്കളത്തിലെ, കാറ്റു പാറ്റിക്കളയുന്ന പതിർ പോലെയാകും.
ദൈവകോപം ഇപ്പോൾ നിശ്ചലമായി കിടക്കുന്ന വലിയ വെള്ളങ്ങൾ പോലെയാണ്. പുറത്തേയ്ക്ക് ഒഴുകാൻ ഒരു വഴിയുമില്ലാത്തിടത്തോളം അവയുടെ സമ്മർദ്ദവും നിരപ്പും വർദ്ധിച്ചുകൊണ്ടിരിക്കും. അവയെ എത്രത്തോളം കൂടുതൽ നേരം പിടിച്ചുനിർത്തുന്നുവോ അത്രതന്നെ വേഗത്തിലും ശക്തിയിലും അത് പുറത്തേക്ക് പ്രവഹിക്കാൻ വെമ്പുന്നു. നിങ്ങളുടെ ദുഷ്ടതയ്ക്ക് ഇതുവരെ ന്യായവിധി നടപ്പിലാക്കിയിട്ടില്ല എന്നത് സത്യമാണ്. ദൈവത്തിന്‍റെ ശിക്ഷയുടെ പ്രവാഹം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, നിങ്ങളുടെ അതിക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഓരോ ദിവസവും കോപം കുന്നുകൂട്ടുകയാണ്. കോപത്തിന്‍റെ ആ ജലാശയങ്ങൾ നിരന്തരം ഉയർന്നുവരുകയും കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. നിശ്ചലമായി കിടക്കാൻ വിസമ്മതിച്ചു കൊണ്ട് മുന്നോട്ടു മാത്രം നീങ്ങുന്ന പ്രക്ഷുബ്ധമായ ആ ജലപ്രവാഹത്തെ തടയാൻ ദൈവഹിതത്തിന് മാത്രമേ കഴിയൂ. വെള്ളം ശക്തമായി ഒഴുകി വരുന്ന കവാടങ്ങളിൽ നിന്ന് ദൈവം തന്‍റെ കൈ പിൻവലിച്ചാൽ, അവ ഉടനടി തുറക്കപ്പെടുകയും ദൈവത്തിന്‍റെ കോപത്തിന്‍റെയും ക്രോധത്തിന്‍റെയും ഭയാനകമായ വെള്ളപ്പൊക്കങ്ങൾ സങ്കൽപ്പിക്കാനാവാത്ത തീവ്രതയോടെ പ്രവഹിക്കുകയും, അവയുടെ എല്ലാ ശക്തിയും ഉപയോഗിച്ച് നിങ്ങളുടെ മേൽ പതിക്കുകയും ചെയ്യും. നരകത്തിലെ ഏറ്റവും ശക്തിയുള്ള ദുരാത്മാക്കളെക്കാൾ പതിനായിരം മടങ്ങ് ശക്തി നിങ്ങൾക്ക് ഉണ്ടെന്ന് വന്നാലും, ആ കോപപ്രവാഹത്തെ തടയുന്നതിനോ സഹിക്കുന്നതിനോ അത് ഒട്ടും തന്നെ സഹായിക്കുന്നതല്ല.
ദൈവം തന്‍റെ കോപത്തിന്‍റെ വില്ല് എടുത്ത് പിടിച്ചിരിക്കുന്നു; അമ്പ് എയ്യാൻ ഒരുങ്ങിയിരിക്കുന്നു. നീതി അതിനെ നിങ്ങളുടെ ഹൃദയത്തിന്‍റെ നേർക്ക് ഉന്നം പിടിപ്പിച്ചിരിക്കുന്നു. ഒരു വാഗ്ദാനവും നൽകാത്ത, ഒന്നിനാലും ബന്ധിതനല്ലാത്ത ആ കോപാകുലനായ ദൈവത്തിന്‍റെ ഇച്ഛയ്ക്ക് മാത്രമേ ആ അമ്പ് ഇപ്പോൾ നിങ്ങളുടെ രക്തം കുടിക്കുന്നതിൽ നിന്ന് തടയാൻ കഴിയൂ. ദൈവത്തിന്‍റെ ശക്തമായ ആത്മാവ് വരുത്തിയ വലിയ ഹൃദയമാറ്റം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത നിങ്ങള്‍, വീണ്ടും ജനിച്ച് പുതിയ സൃഷ്ടിയായി മാറാത്ത നിങ്ങള്‍, പാപത്തിൽ മരിച്ച് ഉയിർത്തെഴുന്നേല്‍ക്കാതെയും, പുതിയ അവസ്ഥയിലേക്ക് വരാതെയും, ഇതുവരെ പുതിയ ജീവിതവും പുതിയ വെളിച്ചവും അനുഭവിക്കുകയും ചെയ്തിട്ടില്ലാത്ത നിങ്ങള്‍ എല്ലാവരും, കോപാകുലനായ ദൈവത്തിന്‍റെ കൈകളിലാണ് ഉള്ളത്. നിങ്ങൾ നിങ്ങളുടെ ജീവിതത്തെ പലവിധത്തിൽ മാറ്റം വരുത്തിയിട്ടുണ്ടാകാം, വിശ്വാസവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും നിങ്ങൾക്ക് താൽപ്പര്യമുണ്ടായിരിക്കാം, നിങ്ങളുടെ കുടുംബത്തിലും, വീട്ടിലും, ദൈവഭവനത്തിലും ഒരു ദൈവഭക്തനായി നടക്കുന്നുണ്ടാകാം. എന്നിരുന്നാലും, ദൈവഹിതത്തിന്‍റെ പ്രസാദത്തിനല്ലാതെ മറ്റൊന്നിനും നിങ്ങളെ നിത്യനാശത്തിൽ നിന്ന് രക്ഷിക്കാൻ കഴിയില്ല. ഇപ്പോൾ നിങ്ങൾക്ക് ഇതിനെക്കുറിച്ച് ബോധ്യമായില്ലെങ്കിലും, പിന്നീട് നിങ്ങൾ അത് മനസ്സിലാക്കും. നിങ്ങളെപ്പോലെ ചിന്തിച്ചിരുന്ന പലരും ഇപ്പോൾ ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നു. കാരണം, നാശം തങ്ങൾക്ക് വരില്ല, സമാധാനത്തിലാണെല്ലോ എന്ന് കരുതിയപ്പോൾ തന്നെ, പെട്ടെന്ന് നാശം അവരുടെ മേൽ വന്നു. അവർ ആശ്രയിച്ചിരുന്നതെല്ലാം കാറ്റും വെറും നിഴലുമാണെന്ന് അവർക്ക് വ്യക്തമായി.
തീയിൽ നിന്ന് ഒരു ചിലന്തിയെയോ ഒരു നീച പ്രാണിയെയോ പിടിക്കുന്നതുപോലെ, നിങ്ങളെ നരകക്കുഴിയിൽ പിടിക്കുന്ന ദൈവം നിങ്ങളെ വെറുക്കുകയും കഠിനമായ കോപത്തോടെ നിങ്ങളുടെ നേരെ കോപിക്കുകയും ചെയ്യുന്നു. നിന്നോടുള്ള അവന്‍റെ കോപം തീപോലെ ജ്വലിക്കുന്നു. നരകത്തിനല്ലാതെ മറ്റൊന്നിനും യോഗ്യനല്ലെന്ന നിലയിൽ അവൻ നിന്നെ കാണുന്നു. നിന്‍റെ ദുഷ്ടത കാണാൻ പറ്റാതെവണ്ണം അവന്‍റെ കണ്ണുകൾ ഏറ്റവും പരിശുദ്ധമാണ്.
നമ്മുടെ കണ്ണിൽ ഏറ്റവും വെറുപ്പുള്ളതും വിഷമുള്ളതുമായ പാമ്പിനെക്കാൾ പതിനായിരം മടങ്ങ് വെറുക്കപ്പെട്ടവനാണ് നീ ദൈവത്തിന്‍റെ ദൃഷ്ടിയിൽ. ഒരു രാജാവിനെ ഏറ്റവും ശക്തമായി എതിർക്കുന്ന ഒരു മത്സരിയെക്കാൾ എത്രയോ മടങ്ങ് നിങ്ങൾ അവനെ ദുഃഖിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഓരോ തവണയും ആ തീയിൽ വീഴുന്നതിൽ നിന്ന് നിന്നെ തടയുന്നത് ആ ദൈവത്തിന്‍റെ കൈ മാത്രമാണ് എന്ന് ഓർക്കുക. ഇന്നലെ രാത്രി നീ നരകത്തിൽ വീഴാതിരിക്കാനുള്ള കാരണവും, ഉറങ്ങിയതിനു ശേഷം നീ നരകത്തിൽ വീഴാതിരിക്കുവാനുള്ള കാരണവും, ഉണർന്നതിനുശേഷവും നീ നരകത്തിൽ വീഴാതിരിക്കാനുള്ള കാരണവും നിന്നെ താങ്ങി നിർത്തുന്ന ദൈവത്തിന്‍റെ കൈ മാത്രമാണ്. അവന്‍റെ കൃപയല്ലാതെ മറ്റൊരു കാരണവുമില്ല. ഈ നിമിഷം നിങ്ങൾ നരകത്തിൽ തള്ളപ്പെടാത്തതിന്‍റെ കാരണവും അവന്‍റെ കൃപ ഒന്നു മാത്രമാണ്.
ഓ പാപി, നീ എത്ര ഭയങ്കരമായ അപകടത്തിലാണ് എന്ന് തിരിച്ചറിയുക. ഇതാണ് ദൈവകോപത്തിന്‍റെ വലിയ തീച്ചൂള. ഇത് വിശാലമായ, അടിത്തട്ടില്ലാത്ത അഗാധ ഗർത്തമാണ്. ഇപ്പോൾ നരകത്തിൽ എരിയുന്നവരോട് ദൈവം എത്ര കോപം കാണിക്കുന്നുവോ, ആ തീയുടെ മുകളില്‍ നിന്നെ പിടിച്ചുകൊണ്ട് അത്രതന്നെ കോപം അവന്‍ നിന്നോടും കാണിക്കുന്നു. നീ ഒരു നേർത്ത നൂലിൽ തൂങ്ങിക്കിടക്കുന്നു, അതിനെ പൊട്ടിച്ച് നിന്നെ ദഹിപ്പിക്കുവാന്‍ തയ്യാറായി ദൈവക്രോധത്തിന്‍റെ ജ്വാലകൾ എപ്പോഴും നിനക്കു ചുറ്റും ഉയര്‍ന്നുപൊങ്ങിക്കൊണ്ടിരിക്കുന്നു. നീ ഒരു ശുപാർശയ്ക്കും യോഗ്യനല്ല. നിന്‍റെ രക്ഷക്കായി എന്തിനെപിടിച്ചു നിന്നാലും, നിനക്ക് രക്ഷപ്പെടാൻ കഴിയില്ല. ആ തീജ്വാലകളിൽ നിന്ന് നിന്നെ രക്ഷിക്കാൻ യാതൊന്നിനും കഴിയില്ല. നിങ്ങളുടെ കൈവശമുള്ളതോ, നിങ്ങൾ ചെയ്തിട്ടുള്ളതോ, ചെയ്യാൻ കഴിയുന്നതോ ആയ യാതൊന്നിനും നിങ്ങളെ ദൈവത്തിന്‍റെ കൈയിൽ നിന്ന് രക്ഷിക്കാൻ കഴിയില്ല; പ്രത്യേകിച്ച് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക :-
- ഇത് ആരുടെ ക്രോധമാണ്? ഇത് അനന്തനായ ദൈവത്തിന്‍റെ ക്രോധമാണ്. ഇത് വെറും ഒരു മനുഷ്യന്‍റെ കോപമാണെങ്കിലോ, അതിശക്തനായ ഒരു രാജാവിന്‍റെ കോപം ആണെങ്കിൽ പോലും ദൈവത്തിന്‍റെ കോപവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. രാജാക്കന്മാരുടെ കോപം, പ്രത്യേകിച്ച് തന്‍റെ പ്രജകളുടെ ജീവൻ കൈയ്യിൽ എടുത്തു കൊണ്ട്, അവരുടെ ജീവൻ ഇഷ്ടാനുസരണം എടുക്കാൻ അധികാരമുള്ള ഒരു സ്വേച്ഛാധിപതിയുടെ കോപം, എത്ര ഭയാനകമായ ഒന്നാണ്. “രാജാവിന്‍റെ ഭീഷണം സിംഹഗർജനം പോലെ; അവനെ കോപിപ്പിക്കുന്നവൻ തന്‍റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.” (സദൃശവാക്യങ്ങൾ 20:2). ഒരു സ്വേച്ഛാധിപതിയായ രാജാവിന്‍റെ കോപത്തിന് പാത്രമാകുന്നവൻ, മനുഷ്യർക്ക് സങ്കൽപ്പിക്കാവുന്നതും നൽകാവുന്നതുമായ ഏറ്റവും ക്രൂരമായ ശിക്ഷക്ക് സ്വയം വിധേയനാകുകയാണ്. ഭൂമിയിലെ ഏറ്റവും ശക്തരായ രാജാക്കന്മാർ, അവരുടെ അത്യുന്നതമായ മഹത്വത്തിലും, ശക്തിയിലും, ഏറ്റവും ക്രൂരമായ സ്വഭാവം പ്രകടിപ്പിക്കുന്നവര്‍ പോലും, സ്വർഗ്ഗത്തിന്‍റെയും ഭൂമിയുടെയും നാഥനും രാജാവും പരമോന്നതനും, സർവ്വശക്തനുമായ സൃഷ്ടി കർത്താവിനോട് താരതമ്യപ്പെടുത്തുമ്പോൾ, ഭൂമിയിൽ പുഴുക്കളെപ്പോലെ ദുർബലരും നിസ്സാരന്മാരുമാണെന്ന് ഓർക്കണം. അവർ വളരെ ദേഷ്യപ്പെടുമ്പോഴും, പരമാവധി കോപത്തെ കാണിക്കുമ്പോൾ പോലും, അവർക്ക് ചെയ്യാൻ കഴിയുന്നത് വളരെ കുറച്ചു മാത്രമാണ്. ഭൂമിയിലെ രാജാക്കന്മാര്‍ എല്ലാവരും ദൈവമുമ്പാകെ വെട്ടുക്കിളികളെപ്പോലെയാണ്. അവർ ശൂന്യവും ഏതുമില്ലാത്തവരുമാണ്. അവരുടെ സ്നേഹത്തിനും വെറുപ്പിനും ഒരു വിലയുമില്ല. രാജാക്കന്മാരുടെ രാജാവായവന്‍റെ മഹത്വം അവരുടെ മഹത്വത്തെക്കാള്‍ വലുതായിരിക്കുന്നതു പോലെ തന്നെ അവന്‍റെ കോപവും അവരുടെ കോപത്തേക്കാൾ വളരെ വലുതാണ്. “ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിക്കാൻ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിൻ” (മത്തായി 10:28).
- നിങ്ങൾ അവന്‍റെ ഉഗ്രമായ കോപത്തിന് വിധേയരായിരിക്കുന്നു, അതിന്‍റെ തീവ്രതയെക്കുറിച്ച് നാം തിരുവെഴുത്തുകളിൽ വായിക്കുന്നു –“അവരുടെ ക്രിയകൾക്കു തക്കവണ്ണം അവൻ പകരം ചെയ്യും; തന്‍റെ വൈരികൾക്കു ക്രോധവും തന്‍റെ ശത്രുക്കൾക്കു പ്രതികാരവും തന്നെ; ദ്വീപുവാസികളോട് അവൻ പ്രതിക്രിയ ചെയ്യും” (യെശയ്യാവ് 59:18). കേള്‍ക്കുവിന്‍, മഹാകോപത്തോടെ പ്രതികാരം ചെയ്യുവാനും അഗ്നിജ്വാലകള്‍ കൊണ്ട് ശാസിക്കുന്നതിനുമായി യഹോവ അഗ്നിയുടെ രൂപത്തില്‍ വരുന്നു. “…സർവശക്തിയുള്ള ദൈവത്തിന്‍റെ കോപവും ക്രോധവുമായ മദ്യത്തിന്‍റെ ചക്ക് അവൻ മെതിക്കുന്നു” (വെളിപ്പാട് 19:15), എത്രയോ ഭയാനകരമായ വാക്കുകളാണിത്. “കോപം” എന്നു പറയുമ്പോൾ തന്നെ ഭയാനകമാണ്; പക്ഷേ അത് പോരാഞ്ഞിട്ട് ഇവിടെ പറഞ്ഞിരിക്കുന്നത് യഹോവയുടെ കോപമെന്നും ക്രോധമെന്നുമാണ്, അത് എത്ര ഭയങ്കരമായിരിക്കും! ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്ന വികാരങ്ങൾ ആർക്കാണ് പ്രകടിപ്പിക്കാനോ സങ്കൽപ്പിക്കാനോ കഴിയുക? എന്നാല്‍, ഇവിടെ “ഉഗ്രമായ” “ക്രോധം” എന്നീ വാക്കുകൾ മാത്രമല്ല ഉപയോഗിച്ചിട്ടുള്ളത്, മറിച്ച് സർവ്വശക്തന്‍റെ “ഉഗ്രമായ” ക്രോധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മനുഷ്യർ തങ്ങളുടെ കോപത്തിൽ തങ്ങളുടെ ശക്തിയെ എങ്ങനെയാണോ പ്രയോഗിക്കുന്നത്, സർവ്വശക്തനായ ദൈവവും തന്‍റെ കോപത്തിൽ തന്‍റെ സർവ്വശക്തി പ്രയോഗിക്കുന്നു. എന്തായിരിക്കും പരിണിത ഫലം? നിസ്സഹായരും പുഴുക്കളുമായ മനുഷ്യർ അത് എങ്ങനെ സഹിക്കും? ആരുടെ ശക്തമായ കൈകൾക്കാണ് ഇതിനെ ചെറുക്കാൻ കഴിയുക, ആരുടെ ഹൃദയത്തിനാണ് ഇത് സഹിക്കാനുള്ള ശക്തിയുള്ളത്? ദുർബലരായ മനുഷ്യർക്ക് എങ്ങനെയാണ് ഈ ഭയാനകവും സങ്കൽപ്പിക്കാനാവാത്തതും വിവരണാതീതവുമായ കഷ്ടപ്പാട് സഹിക്കാൻ കഴിയുക? ഇനിയും വീണ്ടും ജനിച്ചിട്ടില്ലാത്തവർ ഇതിനെക്കുറിച്ച് ചിന്തിക്കുക. ദൈവം യാതൊരു കരുണയുമില്ലാതെ തന്‍റെ ഉഗ്രകോപം പ്രകടിപ്പിക്കുന്നു. ദൈവം നിങ്ങളുടെ നിസ്സഹായാവസ്ഥ കാണുമ്പോൾ, നിങ്ങളുടെ കഷ്ടപ്പാടുകൾ നിങ്ങളുടെ കഴിവിനപ്പുറമാണെന്ന് അവൻ കാണുമ്പോൾ, നിങ്ങളുടെ നിസ്സഹായ ആത്മാവ് തകർന്നിരിക്കുന്നുവെന്നും, അനന്തമായ ദുഃഖത്തിൽ നിങ്ങൾ മുങ്ങിപ്പോയിരിക്കയാണെന്നും കാണുമ്പോള്‍, അവൻ തന്‍റെ കോപം കാണിക്കുന്നത് ലേശം പോലും നിർത്തുന്നില്ല, ഒരു നിമിഷം പോലും തന്‍റെ ഭാരമുള്ള കൈ പിൻവലിക്കുന്നതുമില്ല. യാതൊരു ആശ്വാസമോ കരുണയോ നിങ്ങള്‍ക്ക് ലഭിക്കുന്നില്ല. തന്‍റെ കോപത്തിന്‍റെ കൊടുങ്കാറ്റിനെ അവൻ തടയുന്നില്ല. നിങ്ങളുടെ ക്ഷേമത്തെ കുറിച്ച് ആശങ്കയൊട്ടില്ലതാനും. മറ്റേതെങ്കിലും വിധത്തില്‍ പ്രയാസപ്പെട്ടുകൊള്ളും എന്ന്പറഞ്ഞ് തന്‍റെ കോപം പ്രകടിപ്പിക്കാൻ അവൻ ഒട്ടും സങ്കോജിക്കുന്നില്ല. ന്യായം ആവശ്യപ്പെടുന്നതെല്ലാം നിങ്ങൾ സഹിക്കണം എന്നല്ലാതെ, നിങ്ങൾക്ക് അത് സഹിക്കാൻ കഴിയുന്നില്ല എന്ന കാരണത്താൽ കാഠിന്യം ഒട്ടും കുറയ്ക്കുന്നില്ല. “ആകയാൽ ഞാനും ക്രോധത്തോടെ പ്രവർത്തിക്കും; എന്‍റെ കണ്ണ് ആദരിക്കില്ല; ഞാൻ കരുണ കാണിക്കയുമില്ല; അവർ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കയില്ല എന്ന് അരുളിച്ചെയ്തു” (യെഹെസ്കേൽ 8:18). ഇപ്പോൾ ദൈവം നിങ്ങളോട് കരുണ കാണിക്കാൻ തയ്യാറാണ്. ഇത് കൃപയുടെ കാലമാണ്, ഇപ്പോൾ അവൻ കരുണ കാണിക്കുമെന്ന പ്രതീക്ഷയോടെ നിങ്ങൾക്ക് അവനോട് നിലവിളിക്കാം. ഈ കൃപാകാലം കഴിഞ്ഞാൽ, നിങ്ങൾ എത്ര കരഞ്ഞാലും വിലപിച്ചാലും, അതെല്ലാം വെറുതെയാകും. ദൈവം നിങ്ങളെ പൂർണ്ണമായും നശിപ്പിക്കും, നിങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അവൻ ഒട്ടും തന്നെ ശ്രദ്ധിക്കില്ല. അവനാൽ വേദനയും കഷ്ടവും അനുഭവിക്കാനല്ലാതെ മറ്റൊന്നിനും പിന്നെ നിന്നെ കൊള്ളില്ല. നിന്‍റെ നിലനിൽപ്പിന് വേറൊരു കാരണവുമില്ല. നാശത്തിന് വിധിക്കപ്പെട്ട, കോപത്തിന്‍റെ പാത്രമായി നീ തുടരും. അവന്‍റെ കോപം പ്രകടിപ്പിക്കാൻ അല്ലാതെ മറ്റൊന്നിനും ഈ പാത്രം ഉപയോഗപ്പെടുന്നില്ല. നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യുമ്പോൾ, അവൻ കരുണ കാണിക്കുന്നില്ലന്ന് മാത്രമല്ല മറിച്ച് ചിരിക്കുകയും പരിഹസിക്കുകയും ചെയ്യും. “ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും നിങ്ങൾ എന്‍റെ ആലോചനയൊക്കെയും ത്യജിച്ചുകളകയും എന്‍റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ട് ഞാനും നിങ്ങളുടെ അനർഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും. നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റു പോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നെ. അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. അവർ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല. അവർ എന്‍റെ ആലോചന അനുസരിക്കാതെ എന്‍റെ ശാസനയൊക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ട് അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും. ബുദ്ധിഹീനരുടെ പിൻമാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും”. (സദൃശവാക്യങ്ങൾ 1:24-32). ആ മഹാനായ ദൈവത്തിന്‍റെ ഈ വാക്കുകൾ എത്ര ഭയങ്കരമാണ്. “ഞാൻ ഏകനായി മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്‍റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എന്‍റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്‍റെ വസ്ത്രത്തിൽ തെറിച്ചു; എന്‍റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു.” (യെശയ്യാവ് 63:3). നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്ന്, അറപ്പ്, വെറുപ്പ്, കോപം, ഈ വാക്കുകളുടെ തീവ്രതയെ വ്യക്തമാക്കുന്ന വാക്കുകൾ കണ്ടെത്തുക അസാധ്യമാണ്. ദൈവത്തോട് കരുണയ്ക്കു വേണ്ടി അപേക്ഷിച്ചാൽ, അവൻ ഇനി നിങ്ങളുടെ കഷ്ടപ്പാടുകളിൽ ഇനി നിങ്ങളോട് കരുണ കാണിക്കില്ല, മറിച്ച് അവൻ നിങ്ങളെ തന്‍റെ കാൽക്കീഴിൽ ചവിട്ടിമെതിക്കും. അവന്‍റെ കാലുകളുടെ ഭാരം നിങ്ങൾക്ക് വഹിക്കാൻ കഴിയില്ലെന്ന് അവനറിയാമെങ്കിലും, സർവ്വശക്തൻ ഒരു കരുണയും കൂടാതെ നിങ്ങളെ ചവിട്ടിമെതിക്കും. നിന്‍റെ രക്തം ചീറ്റിച്ച് വസ്ത്രത്തിൽ രക്ത കറപുരളുവോളം അവൻ നിന്നെ ചതയ്ക്കും. അവൻ നിന്നെ വെറുക്കുക മാത്രമല്ല, അത്യധികം അവജ്ഞയോടെ നിന്നെ കാണുകയും ചെയ്യും. തെരുവിലെ ചെളി പോലെ അവന്‍റെ കാൽക്കീഴിൽ നിന്നെ ചവിട്ടിക്കളയുന്നതിനല്ലാതെ മറ്റൊന്നിനും നീ കൊള്ളില്ലെന്ന് കണക്കാക്കപ്പെടും.
- നിങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് നിങ്ങളെ വിധേയരാക്കുന്നത് ദൈവമാണ്, അങ്ങനെ ചെയ്യുന്നതിലൂടെ, യഹോവയുടെ ക്രോധം എന്താണെന്ന് ദൈവം കാണിക്കുന്നു. ദൈവം തന്‍റെ സ്നേഹം എത്ര വലുതാണെന്നും തന്‍റെ കോപം എത്ര ഭയങ്കരമാണെന്നും മനുഷ്യരെയും ദൂതന്മാരെയും കാണിക്കാൻ ആഗ്രഹിക്കുന്നു. ചിലപ്പോഴൊക്കെ ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ കോപം എത്ര ഭയങ്കരമാണെന്ന് കാണിക്കാൻ ആഗ്രഹിക്കുകയും, കഠിനമായ ശിക്ഷകളിലൂടെ തങ്ങളെ പ്രകോപിപ്പിക്കുന്നവർക്കെതിരെ അവർ കോപം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഷദ്രക്കിനും മേശക്കിനും അബേദ്നെഗോവിനും എതിരെ കോപിച്ച കല്ദയ സാമ്രാജ്യത്തിന്‍റെ ശക്തനായ അഹങ്കാരചക്രവര്‍ത്തി നെബൂഖദ്നേസർ, തന്‍റെ കോപം പ്രകടിപ്പിക്കാൻ വേണ്ടി കത്തുന്ന തീച്ചൂളയുടെ ചൂട് ഏഴ് മടങ്ങ് വർദ്ധിപ്പിക്കാൻ കൽപ്പിച്ചു; മനുഷ്യർക്ക് ചെയ്യാൻ കഴിയുന്നത്രയും ചൂട് വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ സർവ്വശക്തനായ ദൈവം, തന്‍റെ ശത്രുക്കൾ അനുഭവിക്കാൻ പോകുന്ന കഠിനമായ പീഡനത്തിലൂടെ തന്‍റെ കോപം പ്രകടിപ്പിച്ച് , തന്‍റെ മഹത്വവും ശക്തിയും വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. “എന്നാൽ ദൈവം തന്‍റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും,
തന്‍റെ തേജസ്സിന്‍റെ ധനം വെളിപ്പെടുത്തുവാനും.... ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്?” (റോമർ 9:22-24). യഹോവയുടെ കട്ടിയുള്ളതും, ആഴമുള്ളതും, അനിയന്ത്രിതവുമായ കോപം പ്രകടിപ്പിക്കുക എന്നത് ദൈവത്തിന്‍റെ ഉദ്ദേശ്യമായതിനാൽ, അവൻ നിശ്ചയിച്ചതുപോലെ തന്നെ ചെയ്യും. അവിടെ സംഭവിക്കുന്നത് കാണാൻ തന്നെ ഭയങ്കരമാണ്. പാപിയുടെ മേൽ തന്‍റെ ഭയങ്കരമായ പ്രതികാരം നടപ്പിലാക്കാൻ ഈ മഹാനായ ദൈവം കോപത്തോടെ എഴുന്നേൽക്കുമ്പോൾ, ആ ഭാഗ്യഹീനൻ ആ കോപത്തിന്‍റെ അനന്തമായ ശക്തിയും ഭാരവും അനുഭവിക്കുമ്പോൾ, ദൈവം തന്‍റെ മഹത്വവും ശക്തിയും കാണിക്കാൻ മുഴുവൻ പ്രപഞ്ചത്തെയും വിളിക്കുന്നു.
“ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; ഇപ്പോൾ ഞാൻ എന്നെത്തന്നെ ഉയർത്തും; ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. നിങ്ങൾ വൈക്കോലിനെ ഗർഭം ധരിച്ചു താളടിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും. വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും. ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾപ്പിൻ; സമീപസ്ഥന്മാരേ, എന്‍റെ വീര്യപ്രവൃത്തികൾ ഗ്രഹിപ്പിൻ. സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; നമ്മിൽ ആർ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ പാർക്കും? നമ്മിൽ ആർ നിത്യദഹനങ്ങളുടെ അടുക്കൽ പാർക്കും?” (യെശയ്യാവ് 33:10-14). നിങ്ങൾ മാനസാന്തരമില്ലാത്ത അവസ്ഥയിൽ തുടർന്നാൽ, സർവ്വശക്തനായ ദൈവത്തിന്‍റെ അനന്തമായ മഹത്വവും വല്ലഭത്വവും നിങ്ങളുടെ മേൽ ശക്തിയോടെ പ്രദർശിപ്പിക്കപ്പെടും. ദൂതന്മാരുടെയും കുഞ്ഞാടിന്‍റെയും സാന്നിധ്യത്തിൽ നിങ്ങൾ ഈ പീഡനം അനുഭവിക്കും. നിങ്ങൾ ഇങ്ങനെ പീഡിപ്പിക്കപ്പെടുമ്പോൾ സർവ്വശക്തനായ ദൈവത്തിന്‍റെ കോപം എത്ര ഭയങ്കരമാണെന്ന് അറിയാൻ, സ്വർഗ്ഗത്തിൽ മഹത്വത്തിൽ ഉള്ളവരെല്ലാം വന്ന് ഭയാനകമായ ആ കാഴ്ച കാണും. അവർ ആ മഹിമയുടെ മുന്നിൽ കുമ്പിട്ട് ആരാധിക്കും.
“പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകല ജഡവും എന്‍റെ സന്നിധിയിൽ നമസ്കരിപ്പാൻ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു. അവർ പുറപ്പെട്ടുചെന്ന്, എന്നോട് അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ സകല ജഡത്തിനും അറപ്പായിരിക്കും” യെശയ്യാവ് 66:23-24.
അത് നിത്യകോപമാണ്. സർവ്വശക്തന്‍റെ കോപം ഒരു നിമിഷം പോലും സങ്കൽപ്പിക്കാൻ കഴിയാത്തത്ര ഭയാനകമാണ്. പക്ഷേ നിങ്ങൾ അത് എന്നെന്നേക്കുമായി അനുഭവിക്കേണ്ടിവരും. ഈ ഭയാനകമായ യാതന്യ്ക്ക് അവസാനമുണ്ടാകയില്ല. നിങ്ങൾ മുന്നോട്ട് നോക്കുമ്പോൾ, അത് നിരന്തരം തുടരുമെന്ന് നിങ്ങൾ കാണുന്നു, അത് എന്നെന്നേക്കുമായി നിലനിൽക്കും, എന്ന് കാണുമ്പോൾ അത് നിങ്ങളുടെ ആലോചചനകളെ വിഴുങ്ങികളയുന്നു, നിങ്ങളുടെ ആത്മാവിനെ അമ്പരപ്പിക്കുന്നു. വിടുതലിന്‍റെ ഒരു പ്രതീക്ഷയുമില്ല. അവസാനവുമില്ല, ആശ്വാസവുമില്ല, വിശ്രമവുമില്ല. സർവ്വശക്തന്‍റെ കരുണയില്ലാത്ത പ്രതികാരം നേരിട്ടുകൊണ്ട് നിങ്ങൾ ദീർഘമായ യുഗങ്ങൾ, കോടിക്കണക്കിന് യുഗങ്ങൾ കഴിക്കേണ്ടി വരുമെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. ഇതെല്ലാം അനുഭവിച്ചു കഴിഞ്ഞാലും, ഈ രീതിയിൽ നിരവധി യുഗങ്ങൾ കടന്നുപോയാലും, നിങ്ങൾ ഇതുവരെ അനുഭവിച്ചത്, ഇനിയും അനുഭവിക്കുവാൻ ബാക്കിയുള്ളതിന്‍റെ ഒരു അംശം മാത്രമാണെന്ന് മനസ്സിലാക്കുന്നു . അതായത്, നിങ്ങളുടെ ശിക്ഷ യഥാർത്ഥത്തിൽ നിത്യമാണെന്ന് സാരം. അത്തരം സാഹചര്യങ്ങളിൽ ഒരാളുടെ മാനസികാവസ്ഥ എങ്ങനെയുള്ളതാണെന്ന് ആർക്കാണ് വിവരിക്കാൻ കഴിയുക? അതിനെക്കുറിച്ച് നമുക്ക് നൽകാൻ കഴിയുന്നത് ദുർബലവും മങ്ങിയതുമായ ഒരു വിവരണം മാത്രമാണ്. അത് വിവരണാതീതമാണ്, സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്. ദൈവകോപത്തിന്‍റെ ശക്തി ആർക്കാണ് അറിയാൻ കഴിയുക? എല്ലാ ദിവസവും, ഓരോ മണിക്കൂറിലും ഈ അനന്തമായ കോപവും പീഡനവും അനുഭവിക്കുന്നവരുടെ അവസ്ഥ ആർക്കാണ് വിശദീകരിക്കാൻ കഴിയുക? എത്ര നീതിമാനും, ആത്മാർത്ഥയള്ളവനും, സദുദ്ദേശ്യമുള്ളവനും, അറിവുള്ളവനും ആയിരുന്നാലും, വീണ്ടും ജനിച്ചില്ലെങ്കിൽ എല്ലാവരുടെയും ദയനീയമായ അവസ്ഥ ഇതാണ്!
ചെറുപ്പക്കാരയാലും പ്രായമായവരായാലും ഇതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. ഈ മഹത്തായ സുവിശേഷം കേട്ടതിനുശേഷവും നിങ്ങളിൽ ചിലർ ഈ ഭയങ്കരമായ കോപത്തിന് വിധേയരാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അവർ ആരാണെന്ന് നമുക്കറിയില്ല, അവർ ഇപ്പോൾ എന്താണ് ചിന്തിക്കുന്നതെന്ന് നമുക്കറിയില്ല, പക്ഷേ അവർ വലിയ ആശങ്കയില്ലാതെ ശാന്തമായി ഇതെല്ലാം കേൾക്കുകയായിരിക്കാം. ഇത് തങ്ങളെ കുറിച്ചല്ലെന്നും തങ്ങൾ എങ്ങനെയെങ്കിലും രക്ഷപ്പെടുമെന്നും അവർ സ്വയം വിശ്വസിക്കുന്നുമുണ്ടാകാം. ഏതെങ്കിലും ഒരു വ്യക്തിയെ കുറിച്ച് അദ്ദേഹം ഈ പീഡനത്തിന് ഇരയാകുമെന്ന് നമുക്ക് അറിയാമെങ്കിൽ, ആ ചിന്ത തന്നെ എത്ര ഭയാനകമായിരിക്കും! ആ വ്യക്തി ആരാണെന്ന് നിങ്ങൾക്കറിയാമെങ്കിൽ, അയാളെ കാണുന്നത് പോലും വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാഴ്ചയായിരിക്കും. ഓരോ ക്രിസ്ത്യാനിയും അവനെയോർത്ത് എത്രമാത്രം ദുഃഖിക്കുകയും കരയുകയും ചെയ്യും! പക്ഷേ, അയ്യോ! ഒരാളല്ല! മറിച്ച് അനേകരാണ് ഇവിടെ പറഞ്ഞതുപോലെ ഉള്ള ആലോചനകൾ നരകത്തിൽ ഓർക്കാൻ പോകുന്നത്! വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, ഈ വർഷം അവസാനിക്കുന്നതിന് മുമ്പ്, ചിലർ നരകത്തിലായേക്കാം, ഇവിടെ ആരോഗ്യമുള്ള, സുരക്ഷിതരായിട്ടുള്ള ചില ശ്രോതാക്കൾ നാളെ രാവിലെ നരകത്തിലായേക്കാം. നിങ്ങൾ ഇതുവരെ ആ നരകത്തിൽ പോയിട്ടില്ലെങ്കിൽ, വളരെ വേഗം നിങ്ങൾ അവിടെ എത്താൻ സാധ്യതയുണ്ട്. “നിങ്ങളുടെ നാശം മയങ്ങുകയോ ഉറങ്ങുകയോ ചെയ്യാതെ” പെട്ടെന്ന് നിങ്ങളുടെ മേൽ വരും.” നിങ്ങളെ ഇതുവരെ നരകത്തിലേക്ക് വലിച്ചെറിയാത്തതിൽ നിങ്ങളിൽ പലരും അത്ഭുതപ്പെട്ടേക്കാം. കാരണം, നിങ്ങളെക്കാൾ നരകത്തിന് അർഹത കുറഞ്ഞവരും, ഇന്നും ജീവിച്ചിരിക്കേണ്ടവരുമായവർ, നിങ്ങൾക്ക് മുമ്പ് നിത്യനരകത്തിലേക്ക് പോയി, യാതൊരു പ്രത്യാശയും ഇല്ലാത്ത സ്ഥിതിയിലേയ്ക്ക് മാറ്റപ്പെട്ടിട്ടുണ്ട്. അവർ അഗാധമായ ദുഃഖത്തിലും കടുത്ത നിരാശയിലും കരയുകയാണ്. എന്നാല്‍ നിങ്ങള്‍ ഇന്നും ബൈബിളുകൾ, കർത്തൃദിനങ്ങൾ, ശുശ്രൂഷക്കാർ തുടങ്ങിയ രക്ഷയിലേയ്ക്ക് നയിക്കുന്ന മാർഗ്ഗങ്ങൾ ലഭ്യമായിരിക്കുന്ന ജീവനുള്ളവരുടെ ദേശത്താണ് ഉള്ളത്. ഇപ്പോൾ താങ്കൾക്ക് ലഭ്യമായ അവസരങ്ങളിൽ ഒരു ദിവസമെങ്കിലും അനുഭവിക്കാൻ എന്തും നൽകാൻ ആ ദുരിതപൂർണ്ണമായ നഷ്ടപ്പെട്ട ആത്മാക്കൾ മടിക്കില്ല. അതുകൊണ്ട് ഈ ദിവസം നിങ്ങൾക്ക് വളരെ സവിശേഷമായ ഒരു അവസരമാണ്, ക്രിസ്തു തന്‍റെ കാരുണ്യത്തിന്‍റെ വാതിലുകൾ വിശാലമായി തുറന്നിട്ടു കൊണ്ട് പാപികളെ തന്‍റെ അടുക്കലേക്ക് വിളിക്കുന്ന ദിവസം. അനേകർ അവന്‍റെ അടുക്കലേക്ക് ഓടിച്ചെന്ന് ദൈവരാജ്യത്തിലേക്ക് ബലപ്രയോഗത്തിലൂടെ പ്രവേശിക്കുന്ന ദിവസം. കിഴക്കുനിന്നും പടിഞ്ഞാറു നിന്നും വടക്കുനിന്നും തെക്കുനിന്നും അനേകർ ദിനംപ്രതി അവന്‍റെ അടുക്കലേക്ക് വരുന്നു. നിങ്ങളെപ്പോലെ ഒരുകാലത്ത് ദുരവസ്ഥയിൽ ആയിരുന്ന പലരും, ഇപ്പോൾ തങ്ങളെ സ്നേഹിക്കുകയും സ്വന്തം രക്തത്തിൽ പാപങ്ങൾ കഴുകി കളയുകയും ചെയ്തവനെ ഹൃദയപൂര്‍വ്വം സ്നേഹിക്കുകയും ദൈവമഹത്വത്തിന്‍റെ പ്രത്യാശയിൽ പ്രശംസിക്കുകയും ചെയ്യുന്നു. അവർ സന്തോഷത്തോടെ വിരുന്നിൽ പങ്കെടുക്കുമ്പോൾ നിങ്ങൾ പിന്തിരിഞ്ഞ് നശിച്ചുപോകുന്നത് എത്ര ദുഃഖകരമാണ്. അവർ ഹൃദയാനന്ദം കൊണ്ട് ഘോഷിക്കുമ്പോള്‍ നിങ്ങൾ എന്തിനാണ് മനോവ്യസനം കൊണ്ട് നിലവിളിച്ച് മനോവ്യഥയാല്‍ മുറയിടുന്നത്? (യെശയ്യാവ് 65:14) ഒരു നിമിഷത്തേക്ക് പോലും നിങ്ങൾക്ക് അത്തരമൊരു അവസ്ഥയിൽ എങ്ങനെ തുടരാൻ കഴിയും? ക്രിസ്തുവിനെ ദിനംപ്രതി സമീപിക്കുന്ന ആത്മാക്കളെപ്പോലെ നിങ്ങളുടെ ആത്മാക്കളും വിലപ്പെട്ടതല്ലേ? ഈ ലോകത്തിൽ വളരെക്കാലം ജീവിച്ചിട്ടും, വീണ്ടും ജനിക്കാതെ യിസ്രായേല്യരോടൊപ്പം സഹപൗരന്മാരായി മാറുന്നവരും, ജീവിതകാലം മുഴുവൻ ക്രോധത്തെ മാത്രം ശേഖരിക്കുകയും ചെയ്യുന്നവരുമായ ധാരാളം ആളുകള്‍ ഈ ലോകത്തിലില്ലേ?
യജമാനന്മാരേ, നിങ്ങളുടെ സ്ഥിതി കൂടുതൽ അപകടകരമായിരിക്കുന്നു, നിങ്ങളുടെ കുറ്റബോധവും ഹൃദയകാഠിന്യവും വളരെ വലുതാണ്. നിങ്ങളെപ്പോലെ ദൈവത്തിന്‍റെ കരുണ ലഭിക്കാതെ നിങ്ങളുടെ എത്രയോ സമപ്രായക്കാർ ഉപേക്ഷിക്കപ്പെടുന്നത് നിങ്ങൾ കാണുന്നില്ലേ? ഉറക്കത്തിൽ നിന്ന് ഉണർന്ന് നിങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അനന്തനായ ദൈവത്തിന്‍റെ ഉഗ്രമായ കോപത്തെ നിങ്ങൾക്ക് സഹിക്കാൻ കഴിയില്ല. ഓ യുവജനങ്ങളേ, നിങ്ങളുടെ പ്രായത്തിലുള്ള നിരവധി ആളുകൾ വ്യർത്ഥമായ യൌവ്വന മോഹങ്ങളെല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് തിരിയുമ്പോൾ, ഈ അവസരം നിങ്ങൾ നഷ്ടപ്പെടുത്തുകയാണോ? ഇപ്പോൾ നിങ്ങൾക്ക് മികച്ച അവസരം ലഭിച്ചിരിക്കുകയാണ്. എന്നാൽ നിങ്ങൾ അത് അവഗണിച്ചാൽ, തങ്ങളുടെ യൗവനം മുഴുവൻ പാപത്തിൽ ചെലവഴിച്ച്, ഇപ്പോൾ ഭയങ്കരമായ അന്ധതയ്ക്കും ഹൃദയകാഠിന്യത്തിനും വിധേയരയവരെ പോലെ ആയിരിക്കും നിങ്ങളുടേയും അവസാനം. മാനസാന്തരപ്പെടാത്ത കുഞ്ഞുങ്ങളേ, രാവും പകലും നിങ്ങളോടു കോപിക്കുന്ന ദൈവത്തിന്‍റെ ക്രോധത്തിന് ഇരയാകാൻ നിങ്ങൾ നരകത്തിലേക്ക് പോകുകയാണെന്ന് നിങ്ങൾക്കറിയില്ലേ? എത്രയോ കുഞ്ഞുങ്ങള്‍ രാജാധിരാജാവിന്‍റെ സന്തോഷത്താൽ നിറഞ്ഞവരായി വിശുദ്ധന്മാരായ മക്കളായി മാറുമ്പോള്‍, നിങ്ങൾ മാത്രം ഇപ്പോഴും സാത്താന്‍റെ മക്കളായി തുടരുകയാണോ? നിങ്ങൾ വൃദ്ധരോ, ചെറുപ്പക്കാരോ, കുട്ടികളോ, പുരുഷന്മാരോ, സ്ത്രീകളോ, ആരായാലും ക്രിസ്തുവിന് പുറത്ത് നരകക്കുഴിയുടെ മേൽ തൂങ്ങിക്കിടക്കുന്നവരായ നിങ്ങൾ, ദൈവവചനത്തിന്‍റെയും അവന്‍റെ കരുതലുകളുടെയും ഉച്ചത്തിലുള്ള ആഹ്വാനത്തിനു ചെവികൊടുക്കുക. അനേകരോട് കരുണ കാണിക്കുകയും കർത്താവിന്‍റെ കൃപയുടെ വർഷം പ്രഖ്യാപിക്കുകയും ചെയ്യുന്ന ഈ ദിവസം, നിസ്സംശയമായും ബാക്കിയുള്ളവർക്ക് ദൈവത്തിന്‍റെ പ്രതികാര ദിവസമാണ്. ഇത്തരമൊരു ദിവസം, സ്വന്തം ആത്മീയ സ്ഥിതിയെ അവഗണിക്കുന്നവരുടെ ഹൃദയങ്ങള്‍ കഠിനമാകുകയും അവരുടെ കുറ്റം ഇരട്ടിയാകുകയും ചെയ്യും. മുമ്പൊരിക്കലും രക്ഷ പ്രാപിക്കാനുളെള അവസരങ്ങൾ ഇത്രയധികം ലഭ്യമായിട്ടില്ല. അവ അവഗണിച്ചാൽ, നിങ്ങളുടെ ജന്മദിനത്തെ എന്നെന്നേക്കുമായി ശപിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല നിങ്ങൾക്ക്. സംശയമില്ല, ഈ ദിവസവും സ്നാപക യോഹന്നാന്‍റെ നാളുകൾ പോലെ, “ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു”- മത്തായി 3:10. അതുകൊണ്ട് ക്രിസ്തുയേശുവിൽ വിശ്വസിക്കാത്ത എല്ലാവരും ഉറക്കത്തിൽ നിന്ന് ഉണരുക, വരാനിരിക്കുന്ന കോപത്തിൽ നിന്ന് രക്ഷപ്പെടുക. മാനസാന്തരപ്പെടാത്ത എല്ലാ പാപികളുടെയും മേൽ സർവ്വശക്തനായ ദൈവത്തിന്‍റെ കോപം തൂങ്ങിക്കിടക്കുന്നു. സൊദോമിൽ നിന്ന് ഓടിപ്പോകുക. ജീവനെ സംരക്ഷിക്കാൻ ഓടിപ്പോയ്ക്കൊൾക. തിരിഞ്ഞു നോക്കരുത്. നശിച്ചുപോകാതിരിക്കാൻ ആ പർവ്വതത്തിലേക്ക് ഓടുക.
Copyright Notice
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.