Hits: 157
Print
രചയിതാവ്.: എ.ഡബ്ള്യു.പിങ്ക്
വിവർത്തനം: ഡോ. വത്സല സാം

   

പിശാച് ഒരു തുടക്കക്കാരനല്ല, മറിച്ച് അനുകരിക്കുന്നവനാണ്. കർത്താവായ യേശുക്രിസ്തു ദൈവത്തിന്‍റെ  ഏകജാതനായ പുത്രൻ എന്ന പോലെ പിശാചിന് നാശത്തിന്‍റെ പുത്രൻ ഉണ്ട്.(2 തെസ്സ.2:3)
ഒരു പരിശുദ്ധ ത്രിത്വമുള്ളതുപോലെ ഒരു തിന്മയുടെ ത്രിത്വവുമുണ്ട്(വെളി.20:10) ദൈവത്തിന്‍റെ മക്കൾ എന്നു നാം വായിക്കുന്നതു പോലെ ദുഷ്ടന്‍റെ പുത്രന്മാർ എന്നും വായിക്കുന്നു. (മത്താ.13:38; യോഹന്നാന്‍ 8:44) 'ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത്' (ഫിലിപ്പി 2:13) എന്ന്  പറയുന്നതുപോലെ  അനുസരണക്കേടിന്‍റെ  മക്കളിൽ പ്രവർത്തിക്കുന്ന ആത്മാവ് പിശാചാണ് എന്നും പറയുന്നു. (എഫെ.2:2) 'ദൈവഭക്തിയുടെ മര്‍മ്മം'  ഉള്ളത് പോലെ തന്നെ  (1തിമൊ.3:16) 'അധര്‍മ്മത്തിന്‍റെ മര്‍മ്മ'വുമുണ്ട്. (2 തെസ്സ.2:7) ദൈവം തന്‍റെ ദാസന്മാരുടെ നെറ്റിയിൽ മുദ്രയിടുവാനായി തന്‍റെ ദൂതന്മാരെ നിയോഗിക്കുന്നതു പോലെ തന്നെ (വെളി.7:3) പിശാചും തന്‍റെ  ഭക്തന്മാരുടെ നെറ്റിയിൽ  മുദ്രയിടുവാനായി തന്‍റെ  പ്രതിനിധികളെ നിയോഗിക്കുന്നു എന്ന് വചനം പഠിപ്പിക്കുന്നു.(വെളി.13:16) 'ദൈവത്തിന്‍റെ ആത്മാവ്'  സകലത്തേയും 'ദൈവത്തിന്‍റെ ആഴങ്ങളെയും'  ആരായുന്നു എന്ന് നാം വായിക്കുന്നില്ലേ.(1കൊരി.2:10) അതുപോലെ സാത്താനും അവന്‍റെ  'ആഴത്തിലുള്ള സത്യങ്ങള്‍' അറിയിക്കുന്നു എന്ന് ബൈബിള്‍ പറയുന്നു.(വെളി.2:24) ക്രിസ്തു അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതുപോലെ തന്നെ സാത്താനും പ്രവർത്തിക്കാൻ കഴിയും(2തെസ്സ.2:9). ക്രിസ്തു സിംഹാസനത്തിൽ ഇരിക്കുന്നതുപോലെ സാത്താനും സിംഹാസനത്തിൽ ഇരിക്കുന്നു. (വെളി.2:13) ക്രിസ്തുവിന് ഒരു സഭ ഉള്ളതുപോലെ  സാത്താനും പള്ളിയുണ്ട്. (വെളി.2:9) 'ക്രിസ്തു ലോകത്തിന്‍റെ വെളിച്ചമാണ്'. അതുപോലെ സാത്താനും 'പ്രകാശത്തിന്‍റെ  ദൂതനായി' രൂപാന്തരപ്പെട്ടു.(2കൊരി.11:14) ക്രിസ്തു അപ്പോസ്തലന്മാരെ നിയമിച്ചതുപോലെ സാത്താനും അപ്പോസ്തലന്മാർ ഉണ്ട് (2 കൊരി.11:13).  സാത്താന്‍റെ സുവിശേഷത്തെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കാനും അവബോധമുള്ളവരായിരിപ്പാനും ഇവയെല്ലാം നമ്മെ പ്രേരിപ്പിക്കുന്നു.

തെറ്റായ കാര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിശാച് അതിവിദഗ്ദനാണ്. ക്രിസ്തു വിത്ത് വിതച്ച അതേ വയലിൽ പിശാച് ഇപ്പോൾ ജോലിയിൽ തിരക്കിലാണ്. അവൻ ഗോതമ്പിന്‍റെ ഇടയിൽ കളകൾ മുളപ്പിച്ച് ഗോതമ്പിന്‍റെ വളർച്ച തടയാൻ ശ്രമിക്കുന്നു.(മത്താ.13:25) ചുരുക്കിപ്പറഞ്ഞാൽ  ദൈവത്തിന്‍റെ പ്രവർത്തികളെ നിർവീര്യമാക്കുവാന്‍ അവന്‍ ക്രിസ്തുവിനെ അനുകരിക്കുന്നു. അതുകൊണ്ട് ക്രിസ്തുവിന് ഒരു സുവിശേഷം ഉള്ളതുപോലെ തന്നെ പിശാചിനും ഒരു സുവിശേഷം ഉണ്ട്. സാത്താന്‍റെ  സുവിശേഷം എന്നത്  ഒരു വ്യാജ സുവിശേഷമാണ്. അതിന്  ക്രിസ്തുവിന്‍റെ  സുവിശേഷത്തോട് വളരെ സാമ്യമുള്ളതിനാൽ രക്ഷിക്കപ്പെടാത്ത ജനങ്ങൾ വഞ്ചിക്കപ്പെടുന്നു. ഈ പിശാചിന്‍റെ  സുവിശേഷത്തെക്കുറിച്ച്  പൌലോസ് ഗലാത്യർക്കെഴുതിയ ലേഖനത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ക്രിസ്തുവിന്‍റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്ര വേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചരൃപ്പെടുന്നു. അത് വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്‍റെ  സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ."(ഗലാ.1:6,7) ഈ വ്യാജ സുവിശേഷം അപ്പോസ്തലന്മാരുടെ കാലത്തും പ്രസംഗിക്കപ്പെട്ടിരുന്നു. അത് പ്രസംഗിക്കുന്നവരുടെ മേൽ ഭയങ്കര ശാപം വരും എന്ന് പൌലോസ് പറയുന്നു "എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ഞങ്ങൾ ആകട്ടെ, സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ"(ഗലാ.1:8).  നമുക്ക് ഇപ്പോൾ പരിശുദ്ധാത്മാവിന്‍റെ  സഹായത്താൽ ഈ തെറ്റായ സുവിശേഷത്തെ വിശദമായി പരിശോധിക്കാം.

  സാത്താന്‍റെ  സുവിശേഷം വിപ്ളവ തത്വങ്ങളുടെ ഒരു സംവിധാനമല്ല. അത് ഒരു അരാജകത്വ പരിപാടിയുമല്ല. അത് കലഹവും യുദ്ധവും പ്രോത്സാഹിപ്പിക്കുന്നില്ല. അതിന്‍റെ  ലക്ഷ്യം സമാധാനവും ഐക്യവുമാണ്. അത് അമ്മയ്ക്കെതിരായി മകളെയും അപ്പനെതിരായി മകനെയും എഴുന്നേല്‍പ്പിക്കുന്നില്ല. അത് എല്ലാ മനുഷ്യരും സഹോദരന്മാരാണ് എന്ന് പറയുന്നു. അത് ലൗകിക വ്യക്തിയെ താഴ്ത്തുകയല്ല, മറിച്ച് അവനെ മെച്ചപ്പെടുത്തുകയും ഉയർത്തുകയും ചെയ്യുന്നു. അത് വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി വാദിക്കുന്നു. മനുഷ്യനിലുള്ള നന്മയെ പ്രോത്സാഹിപ്പിക്കുന്നു. ഈ ലോകത്തെ സുഖപ്രദവും അനുകൂലവുമായ ഒരു വാസസ്ഥലമാക്കി മാറ്റി, ക്രിസ്തുവിന്‍റെ അഭാവത്തെയും ,ദൈവത്തിന്‍റെ ആവശ്യകതയെയും ഇല്ലാതാക്കുക എന്നതാണ് അതിന്‍റെ ലക്ഷ്യം. അത് മനുഷ്യനെ ലൗകിക കാര്യങ്ങളിൽ കൂടുതലായി വ്യാപൃതനാക്കുന്നു.ആകയാൽ അവന് വരാനിരിക്കുന്ന ലോകത്തെക്കുറിച്ച് ചിന്തിക്കാൻ സമയമോ താല്പര്യമോ ഇല്ല. ഇത് ത്യാഗം,  ധർമ്മം എന്നീ  തത്വങ്ങൾ പ്രചരിപ്പിക്കുകയും മറ്റുള്ളവര്‍ക്കു വേണ്ടി  ജീവിക്കുകയും എല്ലാവരോടും ദയ  കാണിക്കുകയും ചെയ്യണമെന്ന്  പഠിപ്പിക്കുകയും ചെയ്യുന്നു. അത് ജഡീക മനസ്സിനെ ശക്തമായി ആകർഷിക്കുന്നതിന്നാൽ അനേക ആളുകള്‍ അതില്‍ താല്പര്യം കാണിക്കുന്നു. കാരണം, മനുഷ്യന്‍  പാപത്തില്‍  മരിച്ചു എന്നും നിത്യജീവനില്‍ നിന്നും അകന്നു പോയി എന്നും  വീണ്ടും ജനിക്കുന്നതിൽ മാത്രമാണ് മനുഷ്യന് പ്രതീക്ഷയുള്ളത് എന്നും ഉള്ള സത്യങ്ങളെ അത് അവഗണിക്കുന്നു.


           സല്‍പ്രവൃത്തികള്‍ രക്ഷയുടെ ഫലമാണ് എന്ന ദൈവത്തിന്‍റെ നിയമത്തിനു വിരുദ്ധമായി, 'സല്‍പ്രവർത്തികളാൽ രക്ഷ 'എന്നതാണ് സാത്താന്‍റെ സുവിശേഷം പഠിപ്പിക്കുന്നത്.  നമ്മുടെ യോഗ്യതകളുടെ  അടിസ്ഥാനത്തിലാണ് നാം  നീതീകരിക്കപ്പെടുന്നതെന്ന് അത് പഠിപ്പിക്കുന്നു. "നല്ലവരായിരിക്കുക, നന്മ ചെയ്യുക," എന്നതാണ് അതിന്‍റെ നിയമം. എന്നാൽ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്ന വസ്തുത അത് തിരിച്ചറിയുന്നില്ല. “രക്ഷയുടെ ഫലമാണ് നല്ല നടപ്പ്"എന്ന് ദൈവവചനം പഠിപ്പിക്കുമ്പോള്‍ ‘നല്ല സ്വഭാവത്താൽ രക്ഷ ലഭിക്കുന്നു’ എന്ന് ഇത് പറയുന്നു. ഇതിന് നിരവധി ശാഖകളും സംഘടനകളുമുണ്ട് . സംയമനം, പരിഷ്കരണ പ്രസ്ഥാനങ്ങൾ, ക്രിസ്തീയ സാമൂഹിക സംഘടനകൾ, ധാർമ്മിക സാംസ്കാരിക സംഘടനകൾ, സമാധാന സമ്മേളനങ്ങൾ മുതലായവയെല്ലാം "പ്രവർത്തികളിലൂടെയാണ്  രക്ഷ"എന്ന ഈ സാത്താന്‍റെ സുവിശേഷത്തെ അറിഞ്ഞോ അറിയാതെയോ പ്രഖ്യാപിക്കുന്നു.  ക്രിസ്തുവിന്‍റെ സ്ഥാനത്തെ ആശംസാ കാര്‍ഡുകളും, വ്യക്തിഗത മാനസാന്തരത്തിന്‍റെ സ്ഥാനത്തെ സാമൂഹ്യവിശുദ്ധിയും,  ഉപദേശത്തിന്‍റെയും ദൈവഭക്തിയുടെയും സ്ഥാനത്തെ രാഷ്ട്രീയവും തത്വചിന്തയും  ആക്രമിക്കുന്നു. ക്രിസ്തുവിൽ ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാൾ പഴയ മനുഷ്യനെ മെച്ചപ്പെടുത്തുന്നതാണ് കൂടുതൽ പ്രായോഗികം എന്ന് അവര്‍ ചിന്തിക്കുന്നു. സമാധാന പ്രഭുവിനെ കൂടാതെ തന്നെ സാർവത്രിക സമാധാനത്തിനായി അവര്‍ ശ്രമിക്കുന്നു.


  സാത്താന്‍റെ അപ്പോസ്തലന്മാർ മദ്യശാല നടത്തിപ്പുകാരോ, വേശ്യക്കച്ചവടക്കാരോ അല്ല, അവര്‍  ഭൂരിഭാഗവും സഭയിലെ തന്നെ തെറ്റായ ഉപദേശം പഠിപ്പിക്കുന്നവരാണ്.  ഇന്ന് അനേക പ്രാസംഗികര്‍  ക്രിസ്തീയ വിശ്വാസത്തിന്‍റെ  അടിസ്ഥാന സത്യങ്ങൾ അല്ല പ്രസംഗിക്കുന്നത്. മറിച്ച് അവർ സത്യത്തിൽ നിന്ന് വ്യതിചലിച്ച് കെട്ടുകഥകൾ പഠിപ്പിക്കുകയാണ്. പാപത്തിന്‍റെ തീവ്രതയോ അതിന്‍റെ ശാശ്വതമായ അനന്തരഫലങ്ങളോ അവതരിപ്പിക്കാതെ അതിന്‍റെ തീവ്രത കുറയ്ക്കുകയും  പാപം കേവലം അറിവില്ലായ്മയോ അല്ലെങ്കിൽ നന്മയുടെ അഭാവമോ മാത്രമാണ് എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. "വരുവാനിരിക്കുന്ന ക്രോധത്തിൽ നിന്ന് ഓടിപ്പോകാനായി"  മുന്നറിയിപ്പു നൽകുന്നതിനു പകരം ദൈവം വളരെ സ്നേഹവും കരുണയും ഉള്ളവനായതു കൊണ്ട് തന്‍റെ സൃഷ്ടിയെ നിത്യമായ ദണ്ഡനത്തിലേക്ക് അയക്കില്ല എന്നു പറഞ്ഞ് ദൈവത്തെ നുണയനാക്കുന്നു. ‘രക്തം ചൊരിയാതെ പാപമോചനമില്ല’ എന്ന് പഠിപ്പിക്കുന്നതിനു പകരം ക്രിസ്തുവിനെ മഹത്തായ മാതൃകയാക്കി ക്രിസ്തുവിന്‍റെ  ചുവടുകൾ പിന്തുടരുവാൻ  പ്രബോധിപ്പിക്കുന്നു. "അവർ ദൈവത്തിന്‍റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ  അന്വേഷിച്ചു  കൊണ്ട് ദൈവത്തിന്‍റെ  നീതിക്കു കീഴ്പ്പെട്ടില്ല."(റോമ.10:3) അവരുടെ സന്ദേശം ന്യായമാണെന്ന് തോന്നിയേക്കാം. അവരുടെ ലക്ഷ്യം പ്രശംസനീയമായി തോന്നിയേക്കാം. എന്നിട്ടും അവരെക്കുറിച്ച് നാം തിരുവചനത്തിൽ വായിക്കുന്നത് -" ഇങ്ങനെയുള്ളവർ കള്ള അപ്പോസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്‍റെ അപ്പോസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അത് ആശ്ചര്യവുമല്ല. സാത്താൻ താനും വെളിച്ചദൂതന്‍റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്‍റെ ശുശ്രൂഷക്കാർ നീതിയുടെ  ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല. അവരുടെ അവസാനം അവരുടെ പ്രവർത്തികൾക്കു ഒത്തതായിരിക്കും."(2കൊരി.11:13-15)


       ഇന്ന് നൂറു കണക്കിന് സഭകളിൽ ദൈവത്തിന്‍റെ  മുഴുവൻ ആലോചനകളും വിശ്വസ്തതയോടെ പ്രഖ്യാപിക്കുകയും ദൈവത്തിന്‍റെ രക്ഷാമാർഗം അവതരിപ്പിക്കുകയും ചെയ്യുന്ന  നേതാക്കന്മാര്‍ കുറഞ്ഞുപോയി എന്ന വസ്തുതക്കു പുറമെ, ഈ സഭകളിലെ ഭൂരിഭാഗം ആളുകളും സത്യം സ്വയം പഠിക്കാൻ ഉത്സാഹമില്ലാത്തവരാണ് എന്ന വസ്തുതയും നാം അഭിമുഖീകരിക്കേണ്ടതുണ്ട്. ഇന്ന് ക്രിസ്തീയ കുടുംബങ്ങളിൽ പോലും വചനപഠനം ഇല്ല. സഭകളിന്‍ വചനം ശരിയായി പഠിപ്പിക്കുന്നില്ല. ലോകപ്രകാരമുള്ള പുരോഗതിക്കായുള്ള ജനങ്ങളുടെ തിരക്ക് വളരെയധികമായതിനാൽ ദൈവവുമായുള്ള കൂടിക്കാഴ്ചക്ക് ഉള്ള സമയമോ താല്പര്യമോ ആളുകളില്‍ കാണുന്നില്ല. വചനം അന്വേഷിക്കാൻ മടിയുള്ള പലരും പ്രസംഗകരിലേക്ക് തിരിയുന്നു. എന്നാൽ ദൈവവചനത്തിനു പകരം സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ പഠിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തുകൊണ്ട് അവരുടെ വിശ്വാസത്തെ വഞ്ചിക്കുകയാണ് ഈ പ്രസംഗകർ.  "ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും. അതിന്‍റെ  അവസാനമോ മരണവഴികൾ അത്രേ" എന്ന് സദൃശ്യവാക്യങ്ങള്‍.14:12 ൽ നാം വായിക്കുന്നു. മരണത്തിൽ അവസാനിക്കുന്ന ഈ വഴി പിശാചിന്‍റെ  വഞ്ചനയാണ് - അതാണ്‌ സാത്താന്‍റെ സുവിശേഷം. മനുഷ്യന്‍റെ പ്രയത്നങ്ങളിലൂടെ രക്ഷ നേടാന്‍ സാധിക്കുമെന്ന് ഇത് പഠിപ്പിക്കുന്നു. മനുഷ്യന്‍റെ മുമ്പില്‍ ശരിയായി തോന്നുന്ന മാര്‍ഗം. ഒരു ലൌകിക വ്യക്തിയെ ആകർഷിക്കുന്ന തരത്തിൽ വിശ്വസനീയമായ രീതിയിലാണ് അത് അവതരിപ്പിച്ചിരിക്കുന്നത്. അത് കേള്‍വിക്കാരുടെ മനസ്സിനെ ആകര്‍ഷിക്കുന്ന രീതിയില്‍ വളരെ സൂഷ്മവും ആകർഷകവുമായ വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നു. അതില്‍ ക്രിസ്തീയ പദങ്ങള്‍ തന്നെ ഉപയോഗിക്കുന്നു. ചിലപ്പോൾ അവയെ അനുകൂലിക്കുന്ന വിധത്തിലുള്ള വേദപുസ്തക വാക്കുകള്‍ ഉപയോഗിക്കുന്നു. അത് ഉന്നതമായ ആലോചനകള്‍ മനുഷ്യരുടെ മുമ്പില്‍ വയ്ക്കുന്നു. അത് ദൈവശാസ്ത്ര സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവരാൽ പ്രസംഗിക്കപ്പെടുന്നു. ആകയാൽ എണ്ണിയാലൊടുങ്ങാത്ത ജനക്കൂട്ടം അതുവഴി വഞ്ചിക്കപ്പെടുന്നു.


             ഒരു കള്ള നാണയം യഥാർത്ഥ നാണയവുമായി എത്രത്തോളം സാമ്യമുള്ളതാണോ അത്രത്തോളം ആളുകള്‍ വഞ്ചിക്കപ്പെടുകയും ചെയ്യും. അതുപോലെ തെറ്റായ പഠിപ്പിക്കല്‍ എന്നത് സത്യത്തിന്‍റെ പൂർണമായ നിഷേധമല്ല,  അതിന്‍റെ വളച്ചൊടിക്കലാണ്, അതുകൊണ്ട് പകുതി സത്യം എന്നത് സത്യത്തിന്‍റെ നിഷേധത്തെക്കാൾ അപകടകരമാണ്. അതുകൊണ്ട് നുണയൻ(പിശാച്) പ്രസംഗ പീഠത്തിൽ കയറുമ്പോൾ ക്രിസ്തുമതത്തിന്‍റെ  അടിസ്ഥാന സത്യങ്ങളെ പാടെ നിഷേധിക്കുന്നത് അവന്‍റെ നയമല്ല, മറിച്ച് തന്ത്രപൂർവ്വം അവയെ അംഗീകരിക്കുന്നു. അതിനെ തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റായി പ്രയോഗിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ദൈവത്തിന്‍റെ അസ്തിത്വത്തെ ധൈര്യപൂർവം എതിര്‍ക്കാന്‍  അവൻ അത്ര വിഡ്ഢിയല്ല. അവൻ ദൈവത്തിന്‍റെ അസ്തിത്വത്തെ അംഗീകരിക്കുകയും അവന്‍റെ ഗുണഗണങ്ങളെ വളച്ചൊടിക്കയും ചെയ്യുന്നു. "ക്രിസ്തു യേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്‍റെ  മക്കൾ ആകുന്നു"(ഗലാ.3:26) ; "ദൈവത്തെ കൈക്കൊണ്ടു അവന്‍റെ  നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ ദൈവം അധികാരം കൊടുത്തു."(യോഹ:1:12)  എന്ന് വചനം പറയുമ്പോള്‍ ദൈവം മനുഷ്യര്‍ക്കെല്ലാവര്‍ക്കും ആത്മീയ പിതാവാണെന്ന് പിശാച് പറയുന്നു. "ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും."(വെളി.20:15) എന്ന് ദൈവം പറയുമ്പോള്‍ മേലും ദൈവം ഏറ്റവും കരുണയുള്ളവനാകയാൽ ഒരു മനുഷ്യനേയും നരകത്തിലേക്ക് അയക്കുകയില്ല എന്ന് അവൻ പ്രഖ്യാപിക്കുന്നു. അതുപോലെതന്നെ, മനുഷ്യ ചരിത്രത്തിന്‍റെ കേന്ദ്ര വ്യക്തിത്വമായ യേശുക്രിസ്തുവിനെ അവഗണിക്കാൻ സാത്താൻ അത്ര വിഡ്ഢിയല്ല. മറിച്ച്, ക്രിസ്തു ജീവിച്ചിരുന്ന ഏറ്റവും നല്ല മനുഷ്യൻ എന്ന് സാത്താന്‍റെ സുവിശേഷം അംഗീകരിക്കുന്നു. ക്രിസ്തുവിന്‍റെ  അനുകമ്പ നിറഞ്ഞ പ്രവർത്തികൾ, കാരുണ്യ പ്രവർത്തികൾ, സ്വഭാവ സൗന്ദര്യം, പഠിപ്പിക്കലിന്‍റെ മഹത്വം എന്നിവയിലേക്ക് അവരുടെ ശ്രദ്ധയെ  ആകര്‍ഷിക്കുന്നു.

 ക്രിസ്തുവിന്‍റെ ജീവിതത്തെ സ്തുതിക്കുന്നു. എന്നാൽ മാനവരാശിയെ പാപത്തിൽ നിന്നു വീണ്ടെടുക്കാനായുള്ള അവന്‍റെ മരണത്തെ അവഗണിക്കുന്നു. കുരിശിലൂടെ നിർവഹിച്ച പ്രായശ്ചിത പ്രവർത്തിയെ  അത് വിസ്മരിക്കുകയും അവന്‍റെ പുനരുത്ഥാനത്തെ ഒരു അന്ധവിശ്വാസമായി കാണുകയും ചെയ്യുന്നു. അത് ഒരു രക്ത രഹിത സുവിശേഷം. അത് ഒരു കുരിശില്ലാത്ത ക്രിസ്തുവിനെ അവതരിപ്പിക്കുന്നു. ക്രിസ്തുവിനെ ജഡത്തിൽ പ്രത്യക്ഷനായ ദൈവമായിട്ടല്ല, മറിച്ച് ഒരു അനുയോജ്യമായ മാതൃകാ പുരുഷനായി മാത്രം അത് അവതരിപ്പിക്കുന്നു.  2 കൊരി.4:3,4, നമ്മുടെ ഇന്നത്തെ വിഷയത്തിലേയ്ക്ക് വളരെയധികം വെളിച്ചം വീശുന്നു.  അവിടെ ഇങ്ങനെ പറയുന്നു. "എന്നാൽ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നു.  ദൈവപ്രതിമയായ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി". അവന്‍ ഈ കാര്യം ചെയ്യുന്നത് ക്രിസ്തുവിന്‍റെ സുവിശേഷത്തിന് പകരം തന്‍റെ സ്വന്ത സുവിശേഷത്തെ പ്രസംഗിച്ചുകൊണ്ടാണ്. അതുകൊണ്ടാണ് അവന്  "ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും " (വെളി.12:9) എന്ന നാമം നല്‍കപ്പെട്ടത്‌. മനുഷ്യന്‍റെ ഉള്ളിലെ ഏറ്റവും മികച്ച നന്മയിലേക്ക് അവനെ ആകർഷിക്കുകയും ഉത്തമമായ ജീവിതം നയിക്കാൻ അവനെ പ്രബോധിപ്പിക്കുകയും ചെയ്തുകൊണ്ട് വ്യത്യസ്ത അഭിപ്രായങ്ങളുള്ള എല്ലാ ആളുകൾക്കും യോജിക്കാൻ കഴിയുന്ന ഒരു വേദി അവൻ ഒരുക്കുന്നു.

       സദൃ.14:12 ഞാന്‍ വീണ്ടും ഉദ്ധരിക്കുന്നു." ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്‍റെ അവസാനമോ മരണവഴികൾ അത്രേ."നല്ല ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന പലതും നരകത്തിലേക്കുള്ള വഴിയായി മാറും എന്നത്  സത്യമാണ്. നല്ല ഉദ്ദേശ്യത്തോടെ ജീവിതത്തെ ആരംഭിച്ചവർ, സത്യസന്ധമായ തീരുമാനങ്ങൾ എടുത്തവർ, ഉന്നതമായ ആദർശങ്ങൾ ഉള്ളവർ എന്നിവരിൽ അനേകം പേർ തീപ്പൊയ്കയിൽ കാണപ്പെടും.  ഇവരാരെന്നാൽ, തങ്ങളുടെ ഇടപാടുകളിൽ നീതിയുള്ളവർ, ഇടപാടുകളിൽ ന്യായമായി പ്രവർത്തിച്ചവർ, അവരുടെ എല്ലാ വഴികളിലും ദാനധർമ്മം ചെയ്യുന്നവർ; തങ്ങളുടെ നിർമ്മലതയിൽ അഭിമാനിക്കുന്ന മനുഷ്യർ, എന്നാൽ സ്വന്തം നീതിയാൽ ദൈവ മുമ്പാകെ തങ്ങളെത്തന്നെ നീതീകരിക്കാൻ ശ്രമിച്ചവർ;  ധാർമ്മികതയുള്ളവരും കരുണയുള്ളവരും മഹാമനസ്കരുമായ മനുഷ്യർ, എന്നാൽ ഒരിക്കലും തങ്ങളെ കുറ്റക്കാരായി കാണാത്തവർ, നഷ്ടപ്പെട്ടവരായി കാണാത്തവർ, നരകത്തിന് അർഹരായവർ, ഒരു രക്ഷകനെ ആവശ്യമുള്ള പാപികൾ, എന്നിവർ തന്നെ .  മനുഷ്യനു ശരിയെന്നു തോന്നുന്ന വഴികള്‍ ഇവയെല്ലാമാണ്.നമ്മുടെ സ്വന്തം നീതി പ്രവർത്തികളാൽ രക്ഷിക്കപ്പെടാന്‍ സാധിക്കും എന്നത്  പിശാചിന്‍റെ വഞ്ചനയാണ്. എന്നാൽ, "കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല. "(എഫെ.2:8,9) എന്നും  "ദൈവം നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്‍റെ  കരുണപ്രകാരമത്രേ രക്ഷിച്ചത്"(തീത്തൊ.3:5) എന്നും വചനം പറയുന്നു. ഏതാനും വർഷങ്ങൾക്കു മുൻപ്  ഞാന്‍ ഒരു കര്‍തൃദാസനെ പരിചയപ്പെട്ടു. അദ്ദേഹം ഏഴ് വർഷങ്ങളായി കര്‍ത്താവിന്‍റെ വേല ഉത്സാഹത്തോടെ ചെയ്യുന്ന വ്യക്തിയായിരുന്നു. എന്നാൽ അദ്ദേഹം ഉപയോഗിച്ച ചില പദപ്രയോഗങ്ങളും ശൈലികളും കേട്ടപ്പോൾ അദ്ദേഹം വീണ്ടും ജനനം പ്രാപിച്ച ആളാണോ എന്ന് എനിക്ക് സംശയം തോന്നി. ചോദിച്ചപ്പോൾ അദ്ദേഹത്തിന് തിരുവെഴുത്തുകൾ ശരിയായി അറിയില്ല എന്നും പാപികൾക്കു വേണ്ടിയുള്ള ക്രിസ്തുവിന്‍റെ പ്രവർത്തനത്തെ ക്കുറിച്ച് വ്യക്തമായ ആശയം ഇല്ല എന്നും മനസ്സിലായി. കുറച്ചുനാളുകൾ ഞാൻ രക്ഷയുടെ വഴി വളരെ ലളിതമായ രീതിയിൽ അദ്ദേഹത്തോട് അവതരിപ്പിച്ചു. അദ്ദേഹം അപ്പോഴും രക്ഷിക്കപ്പെട്ടിട്ടില്ലെങ്കിൽ അദ്ദേഹത്തിന് ആവശ്യമായ രക്ഷകനെ ദൈവം വെളിപ്പെടുത്തിക്കൊടുക്കും എന്ന് പ്രതീക്ഷിച്ചുകൊണ്ട് തിരുവചനം വായിക്കാൻ ഞാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.

 അനേക വർഷങ്ങൾ സുവിശേഷം പ്രസംഗിച്ചു കൊണ്ടിരുന്ന അദ്ദേഹം, കഴിഞ്ഞ രാത്രി മാത്രമാണ് താൻ ക്രിസ്തുവിനെ കണ്ടെത്തിയതെന്ന് ഒരു രാത്രിയിൽ എന്നോട് പറഞ്ഞത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു. ഇത്രയും വർഷം താൻ ക്രിസ്തുവിന്‍റെ ആദർശമാണ് പ്രസംഗിച്ചതെന്നും ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയല്ല എന്നും അദ്ദേഹം സമ്മതിച്ചു. ഈ പ്രാസംഗികനെപ്പോലെ ആയിരക്കണക്കിന് പ്രാസംഗികർ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവര്‍ ക്രിസ്തുവിന്‍റെ ജനനം, ജീവിതം, പഠിപ്പിക്കലുകൾ എന്നിവയെക്കുറിച്ച് സൺഡേ സ്കൂളിൽ പഠിച്ചു വളർന്നവരും, ക്രിസ്തുവിന്‍റെ ചരിത്രത്തിൽ വിശ്വസിക്കുന്നവരും, ക്രിസ്തുവിന്‍റെ  പ്രമാണങ്ങൾ അനുഷ്ഠിക്കാൻ ശ്രമിക്കുന്നവരും തങ്ങളുടെ രക്ഷക്ക് ഈ കാര്യങ്ങൾ മാത്രം മതി എന്ന്  ചിന്തിക്കുന്നവരുമാണ്. പലപ്പോഴും ഇങ്ങനെയുള്ളവർ വളർന്നു യൗവന പ്രായമായി ലോകത്തിലേക്ക് പുറപ്പെട്ടു പോകുമ്പോൾ, നിരീശ്വരവാദികളെയും അവിശ്വാസികളെയും കണ്ടുമുട്ടുകയും,  യേശു എന്ന വ്യക്തി ജീവിച്ചിട്ടില്ല എന്ന് കേൾക്കുകയും ചെയ്യുന്നു. ഏന്നാൽ അവർ  ക്രിസ്തു യേശുവിൽ വിശ്വസിക്കുന്നു  കാരണം, കുട്ടിക്കാലം മുതൽ അവരുടെ മനസ്സിൽ ക്രിസ്തുവിനെപ്പറ്റി പതിഞ്ഞ മുദ്ര അത്ര എളുപ്പം മായ്ക്കപ്പെടുന്നില്ല. എങ്കിലും  നാം അവരുടെ വിശ്വാസത്തെ  പരിശോധിച്ചാല്‍, യേശുക്രിസ്തുവിനെക്കുറിച്ച് പല കാര്യങ്ങളും അവർ വിശ്വസിക്കുന്നെങ്കിലും അവർ യഥാർത്ഥത്തിൽ ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല എന്ന് മനസ്സിലാക്കാം. ക്രിസ്തു എന്ന ഒരു വ്യക്തി ചരിത്രത്തില്‍ ജീവിച്ചിരുന്നു എന്ന് അവർ വിശ്വസിക്കുകയും ആ വിശ്വാസത്താല്‍ തങ്ങൾ രക്ഷിക്കപ്പെട്ടെന്ന് അവർ കരുതുകയും ചെയ്യുന്നു.പക്ഷേ അവര്‍ ഒരിക്കലും അവന് ഇഷ്ടമല്ലാത്ത കാര്യങ്ങളെ ഉപേക്ഷിച്ചിട്ടില്ല,പൂര്‍ണ ഹൃദയത്തോടെ അവന് കീഴ്പെട്ടിട്ടില്ല.         

നമ്മുടെ ജീവിതങ്ങളെ സമര്‍പ്പിക്കാതെ ക്രിസ്തുവിന്‍റെ ഉപദേശങ്ങളെ അംഗീകരിക്കുന്നത്,  “ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്‍റെ അവസാനമോ മരണവഴികൾ അത്രേ” എന്നതുപോലെയാണ്.  ക്രിസ്തു എന്ന വ്യക്തിത്വത്തെ ബുദ്ധികൊണ്ട് സമ്മതിക്കുകയും എന്നാൽ അതിനപ്പുറം വളരാതിരിക്കുകയും ചെയ്യുന്നത് ചിലപ്പോൾ മനുഷ്യന് ചൊവ്വായി തോന്നുന്ന വഴിയാണ്. എന്നാല്‍ അതിന്‍റെ അവസാനമോ മരണവഴികളാണ്. ഇത്  തീര്‍ച്ചയായും സാത്താന്‍റെ സുവിശേഷമാണ്.  

           നിങ്ങൾ ഇപ്പോൾ എവിടെയാണ് നിൽക്കുന്നത് ? ശരിയെന്നു തോന്നുമെങ്കിലും അവസാനം മരണത്തിലേക്ക് നയിക്കുന്ന പാതയിലാണോ നില്ക്കുന്നത്? അതോ നിങ്ങളെ ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ പാതയിലാണോ?  മരണത്തിലേക്ക് നയിക്കുന്ന വിശാലമായ പാത നിങ്ങൾ യഥാർത്ഥമായി ഉപേക്ഷിച്ചുവോ? നിങ്ങളിലുള്ള  ക്രിസ്തുവിന്‍റെ സ്നേഹം അവന് ഇഷ്ടപ്പെടാത്ത എല്ലാറ്റിനെയും വെറുക്കാന്‍ സഹായിക്കുന്നുണ്ടോ? കർത്താവ് ‘നിങ്ങളുടെ മേൽ വാഴണമെന്ന്’ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? (ലൂക്കോ.19:14) ദൈവ മുമ്പാകെയുള്ള നിങ്ങളുടെ അംഗീകാരത്തിനായി നിങ്ങൾ ക്രിസ്തുവിന്‍റെ നീതിയിലും രക്തത്തിലും ആശ്രയിക്കുന്നുണ്ടോ?  ബാഹ്യമായ  ദൈവഭക്തിയിൽ വിശ്വസിക്കുന്നവർ, സ്നാനം, കര്‍ത്താവിന്‍റെ മേശ എന്നിവയില്‍ ആശ്രയിക്കുന്നവര്‍,  അംഗീകാരത്തിനായി മതപരമായ കാര്യങ്ങളില്‍ ഉത്സാഹത്തോടെ പങ്കെടുക്കുന്നവര്‍, പേരിനുമാത്രം ആരാധനായോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ , ക്രിസ്ത്യാനികളാകാനായി ചില വിഭാഗങ്ങളുമായി ഐക്യപ്പെടുന്നവർ, ഇവരെല്ലാം മരണത്തിലേയ്ക്ക്, അതായത് ആത്മീയ  നിത്യമരണത്തിലേയ്ക്കാണ് പോകുന്നത്. നമ്മുടെ ഉദ്ദേശ്യങ്ങൾ  എത്ര ശുദ്ധമായിരുന്നാലും, കാരണങ്ങള്‍  മാന്യമായിരുന്നാലും,  ആലോചനകള്‍ എത്ര അർത്ഥവത്തായാലും, നമ്മുടെ ശ്രമങ്ങൾ എത്ര ആത്മാർത്ഥമായതായിരുന്നാലും, നാം ദൈവത്തിന്‍റെ പുത്രനെ അംഗീകരിക്കുന്നതുവരെ ദൈവം നമ്മെ അവന്‍റെ മക്കളായി അംഗീകരിക്കുകയില്ല.

   സാത്താന്‍റെ സുവിശേഷത്തിന്‍റെ വേറൊരു വിശിഷ്ടമായ നയം എന്തെന്നാൽ, ക്രിസ്തുവിന്‍റെ പ്രായശ്ചിത്ത യാഗത്തെക്കുറിച്ച് പ്രസംഗിക്കാൻ പ്രസംഗകരെ പ്രേരിപ്പിക്കുകയും  ദൈവപുത്രനിൽ വിശ്വസിക്കുക മാത്രമാണ് ദൈവം അവരിൽ നിന്ന് ആവശ്യപ്പെടുന്നത് എന്ന് കേൾവിക്കാരോട് പറയുകയും ചെയ്യുന്നു. അങ്ങനെ ആയിരക്കണക്കിന് ആത്മാക്കൾ തങ്ങൾ രക്ഷിക്കപ്പെട്ടുവെന്നു കരുതി വഞ്ചിക്കപ്പെടുന്നു. ഏന്നാൽ യേശു പറഞ്ഞു, "അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു (ലൂക്കൊ.13:3). മാനസാന്തരപ്പെടുക എന്നാല്‍ പാപത്തെ വെറുത്ത്,  അതിനെക്കുറിച്ച് ദുഃഖിച്ച്,  അതിൽ നിന്നു പിന്തിരിയുക എന്നതാണ്. ഇത് പരിശുദ്ധാത്മാവ് നമ്മിൽ തകർന്നു നുറുങ്ങിയ ഹൃദയം സൃഷ്ടിക്കുന്നതിന്‍റെ ഫലമാണ്. തകർന്ന ഹൃദയമുള്ളവര്‍ക്കല്ലാതെ മറ്റാർക്കും കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്കാൻ കഴിയില്ല.  യേശുവിനെ കർത്താവായി സ്വീകരിക്കാത്ത ആയിരങ്ങൾ ക്രിസ്തുവിനെ വ്യക്തിപരമായി രക്ഷകനായി അംഗീകരിച്ചു എന്ന മിഥ്യാധാരണയിൽ വഞ്ചിക്കപ്പെടുന്നു. ദൈവപുത്രൻ വന്നത് തന്‍റെ  ജനത്തെ അവരുടെ പാപത്തിൽ തുടരുന്നവിധത്തില്‍ രക്ഷിക്കാൻ അല്ല, മറിച്ച് “അവരുടെ പാപങ്ങളിൽ നിന്ന് അവരെ വിടുവിച്ച് രക്ഷിക്കാനാണ്. (മത്താ.1:21) പാപങ്ങളിൽ നിന്ന് രക്ഷിക്കപ്പെടുക എന്നത് ദൈവത്തിന്‍റെ                                                                                                                                അധികാരത്തെ അവഗണിക്കുന്നതിൽ നിന്നും നിന്ദിക്കുന്നതിൽ നിന്നും രക്ഷിക്കപ്പെടുന്നതാകുന്നു. അത് സ്വന്ത ഇഷ്ടവും സ്വയം പ്രീതിപ്പെടുത്തുന്നതുമായ രീതി ത്യജിക്കുന്നതാണ്. സ്വന്ത വഴി ഉപേക്ഷിക്കുന്നതാണ് (യെശ.55:7). അത് ദൈവത്തിന്‍റെ അധികാരത്തിന് കീഴടങ്ങി  അവന്‍റെ ആധിപത്യത്തിന് വഴങ്ങി,  ദൈവത്താൽ ഭരിക്കപ്പെടാൻ നമ്മെത്തന്നെ ഏൽപ്പിക്കുന്നതാണ്. കർത്താവിന്‍റെ ‘നുകം’ ഒരിക്കലും എടുക്കാതെയും എല്ലാ വിഷയങ്ങളിലും കർത്താവിനെ പ്രസാദിപ്പിക്കാൻ ശ്രമിക്കാതെയും  തങ്ങള്‍ ക്രിസ്തുവിന്‍റെ ക്രൂശു മരണത്തിൽ വിശ്രമിക്കുകയാണ് എന്ന് കരുതുന്നവർ സാത്താനാൽ വഞ്ചിക്കപ്പെടുകയാണ്.

  ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെയും  സാത്താന്‍റെ തെറ്റായ സുവിശേഷത്തിന്‍റെയും അനന്തരഫലങ്ങളെ പരാമർശിക്കുന്ന രണ്ട് ഭാഗങ്ങൾ മത്തായി  7-ല്‍  നാം കാണുന്നു. ഒന്നാമത്തേത് മത്താ.7:13,14 വചനങ്ങളിൽ വായിക്കുന്നു."ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ." രണ്ടാമത്തേത് മത്താ.7:22,23 വചനങ്ങളിൽ വായിക്കുന്നു." കർത്താവേ, കർത്താവേ, നിന്‍റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്‍റെ  നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോട്: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും." അതേ പ്രിയ വായനക്കാരാ! കര്‍ത്താവിനെ അറിയാതെ തന്നെ കര്‍ത്താവിന്‍റെ നാമത്തില്‍ പ്രവർത്തിക്കാനും, അവന്‍റെ നാമത്തില്‍ പ്രസംഗിക്കാനും സഭയിലും ലോകത്തിലും പ്രശസ്തി സമ്പാദിക്കുവാനും സാധിക്കും. അതിനാൽ നാം യഥാർത്ഥത്തിൽ എവിടെയാണെന്ന് അറിയേണ്ടതും, നാം വിശ്വാസത്തിലാണോ എന്ന് പരിശോധിക്കേണ്ടതും, വചനത്തിന്‍റെ  അടിസ്ഥാനത്തിൽ നാം ശോധന ചെയ്യേണ്ടതും, ശത്രുവിനാല്‍ നാം വഞ്ചിക്കപ്പെടുകയാണോ എന്ന് തിരിച്ചറിയേണ്ടതും, നമ്മുടെ ജീവിതങ്ങളെ മണലിന്മേലാണോ അതോ ക്രിസ്തു എന്ന പാറമേലാണോ പണിതിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടതും ആവശ്യമാണ്‌.  നമ്മുടെ ഹൃദയങ്ങളെ ശോധന ചെയ്‌വാനും, നമ്മുടെ  സ്വന്ത ഇഷ്ടങ്ങളെ തകർക്കാനും, ദൈവത്തോടുള്ള നമ്മുടെ ശത്രുതയെ ഇല്ലാതാക്കുവാനും,  രക്ഷയിലേയ്ക്ക് നയിക്കുന്നതായ  പശ്ചാത്താപം നമ്മിൽ ഉണ്ടാക്കുവാനും, ലോകത്തിന്‍റെ  പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടിലേക്ക് നമ്മുടെ ശ്രദ്ധയെ  പരിശുദ്ധാത്മാവ് തിരിക്കുമാറാകട്ടെ.