Hits: 63
Print
രചയിതാവ്.: ആര്‍തര്‍ ഡബ്യു. പിങ്ക്
വിവർത്തനം: Shibu Babu & N Shiny
                       
ഉള്ളടക്കം

 അദ്ധ്യായം ഒന്ന്  - തിരുവെഴുത്തുകളും പാപവും
അദ്ധ്യായം രണ്ട് - തിരുവെഴുത്തുകളും ദൈവവും
അദ്ധ്യായം മൂന്ന്‍  - തിരുവെഴുത്തുകളും ക്രിസ്തുവും

അദ്ധ്യായം നാല്  - തിരുവെഴുത്തുകളും പ്രാർത്ഥനയും

അദ്ധ്യായം അഞ്ച്  – തിരുവെഴുത്തുകളും സൽപ്രവൃത്തികളും

അദ്ധ്യായം ആറ്  – തിരുവെഴുത്തുകളും അനുസരണവും

അദ്ധ്യായം ഏഴ്  - തിരുവെഴുത്തുകളും ലോകവും

അദ്ധ്യായം എട്ട്  – തിരുവെഴുത്തുകളും വാഗ്ദാനങ്ങളും

അദ്ധ്യായം ഒൻപത്  – തിരുവെഴുത്തുകളും സന്തോഷവും

അദ്ധ്യായം  പത്ത് - തിരുവെഴുത്തുകളും സ്നേഹവും

 

മുഖവുര

നിരീശ്വരവാദിയായ ഒരു  പ്രൊഫസർ ഒരിക്കൽ തന്‍റെ ക്ലാസ് മുറിയിൽ ഒരു യുവാവായ ക്രിസ്ത്യാനിയോട് ഇങ്ങനെ പറഞ്ഞു, "ഞാൻ ബൈബിൾ ആദ്യ പേജ് തുടങ്ങി അവസാനത്തെ പേജ് വരെ വായിച്ചു. പക്ഷേ അതിൽ മഹത്തായതൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല!" പ്രൊഫസറുടെ വാക്കുകൾക്ക് മറുപടിയായി, ക്രിസ്ത്യാനിയായ ആ വിദ്യാർത്ഥി "മറ്റൊരാൾക്ക് എഴുതിയ ഒരു കത്തിൽ നിന്ന് താങ്കൾക്ക് എന്ത് കിട്ടാനാണ്?" എന്നു പറഞ്ഞു.

ഇന്ന് പല ക്രിസ്ത്യാനികളുടെ കാര്യത്തിലും  ഇതുതന്നെയാണ് സത്യം. ദുഃഖകരമെന്നു പറയട്ടെ, ബൈബിൾ അവർക്കായിട്ടല്ല മറ്റാർക്കോ വേണ്ടി എഴുതിയ ഒരു കത്തായി മാറിയിരിക്കുന്നു. അവർ അത് പതിവായി വായിക്കാറുണ്ട് എന്നത് ശരിയാണ്, പക്ഷേ അവരുടെ ജീവിതം അതിനാൽ നിയന്ത്രിക്കപ്പെടുന്നില്ല. അവർ അത് ഒരു ചടങ്ങ് പോലെ വായിക്കുന്നു എന്നാല്‍, അവരുടെ ഹൃദയങ്ങള്‍ അതിൽ സന്തോഷിക്കുന്നില്ല. മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താൻ ദിവസേന ഒരു അദ്ധ്യായം വായിച്ചാൽ മതിയാകും എന്നതിനാൽ ചിലർ എങ്ങനെയെങ്കിലും  ദിവസവും ബൈബിൽ വായിക്കാൻ പരിശ്രമിക്കും. എന്നാൽ വായിക്കുന്ന കാര്യങ്ങൾ അവരുടെ ജീവിതത്തെ സ്വാധീനിക്കാൻ അവർ അനുവദിക്കുന്നില്ല, അതിനാൽ അവരുടെ ആത്മാവിന് ഒരു പ്രയോജനവും കിട്ടുന്നില്ല.

ദൈവം തന്‍റെ വചനം ഏത്  ഉദ്ദേശത്തോടെയാണോ  നമുക്ക് നൽകിയത് ആ ഉദ്ദേശ്യം കണക്കിലെടുത്തുകൊണ്ട് നാം അത് വായിക്കുന്നില്ലെങ്കിൽ, അതിൽ നിന്ന് ഒരു ആത്മീയ പ്രയോജനവും നേടാൻ കഴിയില്ലെന്ന് ബൈബിളിനെ അടിസ്ഥാനമാക്കി ആർതർ ഡബ്ല്യു. പിങ്ക് ഈ പുസ്തകത്തിൽ വ്യക്തമായി വിശദീകരിക്കുന്നു. നമ്മുടെ ദൈനംദിന വചന ധ്യാനത്തിൽ നിന്ന് നാം എത്രത്തോളം ആത്മീയമായി പ്രയോജനം നേടുന്നുണ്ടെന്നും, എത്രത്തോളം പ്രായോഗിക ജീവിതം നയിക്കുന്നുണ്ടെന്നും വിലയിരുത്താൻ സഹായിക്കതക്കവിധം  ഏഴ് വിഷയങ്ങളുള്ള പത്ത് അധ്യായങ്ങളായി  70 തിരുവചനാനുസൃതമായ പ്രമാണങ്ങൾ ഉൾക്കൊള്ളിച്ചാണ്  ഈ പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിൽ സഭയുടെ ആത്മീയ അഭിവൃദ്ധിക്കായി  ദൈവം ഉപയോഗിച്ച എഴുത്തുകാരിൽ വച്ച്  ആർതർ ഡബ്ല്യു. പിങ്കിനെ അഗ്രഗണ്യനാക്കുന്നതിൽ  ഈ പുസ്തകം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. ഉപദേശപരമായും അനുഭവപരമായും ദൈവത്തോട് അദ്ദേഹത്തിന് എങ്ങനെയുള്ള ബന്ധം ആണ് ഉണ്ടായിരുന്നത് എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. 1952-ൽ  കര്‍തൃസന്നിധിയില്‍ ചെര്‍ക്കപ്പെടുന്നതിനു മുന്‍പ് ഏകദേശം 30 വർഷക്കാലം “സ്റ്റഡീസ് ഇൻ സ്ക്രിപ്ചേഴ്സ്” (തിരുവെഴുത്തുകളുടെ പഠനം) എന്ന മാസികയുടെ എഡിറ്ററായിരിക്കെ അദ്ദേഹം എഴുതിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ നിന്ന് സമാഹരിച്ച നിരവധി പുസ്തകങ്ങളിൽ ഒന്നാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ വാക്കുകൾ വിമർശനാത്മക മനോഭാവത്തോടെയല്ല, മറിച്ച് വചനത്തിന്‍റെ അടിസ്ഥാനത്തിൽ നാം  നമ്മെത്തന്നെ പരിശോധിക്കതക്കവണ്ണം നമ്മെ നയിക്കാൻ വേണ്ടി മാത്രമാണ് എഴുതിയിട്ടുള്ളതെന്ന് നാം മനസിലാക്കണം. ക്രിസ്തുവിന്‍റെ  വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ വസിക്കതക്കവണ്ണം (കൊലൊസ്സ്യർ 3:16), ദൈവജനം വചനം ധാരാളമായി സ്വീകരിക്കാൻ ഈ പുസ്തകം പ്രോത്സാഹിപ്പിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന. അതുപോലെ, എല്ലാവർക്കും വ്യക്തമായി കാണാൻ കഴിയും വിധം അവരുടെ വിശ്വാസവും, പ്രായോഗിക ജീവിതവും ദൈവവചനത്തിന്‍റെ  നിയന്ത്രണത്തിൽ മാത്രം ആയിരിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം.

അധ്യായം ഒന്നാം

            തിരുവെഴുത്തുകളും പാപവും

വചന  ധ്യാനത്തിൽ ഉണ്ടായിരിക്കേണ്ട ഉദ്ദേശ്യങ്ങൾ.

അനേക വർഷങ്ങളായി ദൈവവചന ധ്യാനത്തിലും പഠനത്തിലും മുഴികിയിരിക്കുന്ന പലർക്കും അതിൽ നിന്ന് ഒരു ആത്മീയ പ്രയോജനവും ലഭിച്ചിട്ടില്ല എന്ന് പറയുന്നതിന് ഒരു വലിയ കാരണമുണ്ട്. എന്നു മാത്രമല്ല, പല സന്ദർഭങ്ങളിലും അത് അനുഗ്രഹത്തേക്കാൾ ശാപമായി മാറിയിട്ടുണ്ടോ എന്ന് ഞാൻ ഭയപ്പെടുന്നു. ഇത് ശക്തമായ ഭാഷയാണെന്ന് എനിക്കറിയാം. പക്ഷേ ഇത് സന്ദർഭോചിതമാണ്. ദൈവത്തിന്‍റെ ദാനങ്ങളും ദൈവത്തിന്‍റെ കൃപകളും ദുരുപയോഗം ചെയ്യപ്പെടാന്‍  സാധ്യതയുണ്ട്. വചന ധ്യാനത്തിന്‍റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി എന്നതിന്‍റെ തെളിവ് അതിൽ നിന്ന് ലഭിക്കുന്ന ഫലങ്ങളാണ്. പ്രാകൃത മനുഷ്യനും മറ്റ് വിഷയങ്ങൾ വായിക്കാൻ കാണിക്കുന്ന അതേ ഉത്സാഹവും സന്തോഷവും ദൈവവചനം  ധ്യാനിക്കുന്നതിലും  കാണിക്കാൻ കഴിയും (കാണിക്കുകയും ചെയ്യും). അങ്ങനെ അവന്‍റെ  അറിവ് വർദ്ധിക്കുന്നു. അതോടൊപ്പം അവന്‍റെ  അഹങ്കാരവും വർദ്ധിക്കുന്നു. ഒരു ശാസ്ത്രജ്ഞൻ രസകരമായ പരീക്ഷണങ്ങൾ നടത്തുന്നതിൽ മുഴുകുന്നതുപോലെ, വചനത്തെ  ഭൗതികമായി അന്വേഷിക്കുന്ന ഒരാൾ എതെങ്കിലും പുതിയ വിഷയം കണ്ടെത്തുമ്പോൾ ആവേശഭരിതനാകുന്നു. എന്നാൽ ആ ശാസ്ത്രജ്ഞന് കിട്ടിയ ആനന്ദത്തിൽ ആത്മീയത എന്നത് ഇല്ലാത്തതു പോലെ ആ വ്യക്തിയുടെ സന്തോഷത്തിലും ആത്മീയത ഒട്ടും തന്നെ ഉണ്ടാകില്ല. അതുമല്ല ആ ശാസ്ത്രജ്ഞന്‍റെ  വിജയങ്ങൾ അവന്‍റെ  പ്രാമുഖ്യതയെ ഉയർത്തുവാനും  അവനെക്കാൾ കുറഞ്ഞ ബുദ്ധിയുള്ളവരെ അവഹേളിക്കാനും കാരണമാകും. അതിശയകരമായ വിഷയം എന്തെന്നാല്‍,  ദൈവവചനത്തിലെ സംഖ്യാപരമായ വിഷയങ്ങൾ, പ്രവചനങ്ങൾ, ഉപമകൾ  തുടങ്ങിയ നിരവധി കാര്യങ്ങൾ പഠിച്ചവരിൽ പലരും ഈ രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

ആളുകൾ ദൈവവചനം വായിക്കുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. ചിലർ തങ്ങളുടെ സാഹിത്യ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ ആണ് വായിക്കുന്നത്. ചില സഭകളിൽ, ബൈബിൾ വിഷയങ്ങളിൽ അവബോധം ഉണ്ടാകുന്നത് വളരെ ഗൗരവമുള്ള കാര്യമായി കണക്കാക്കപ്പടുന്നു. അതിന്‍റെ  അഭാവം സാംസ്കാരികമായ  ഒരു കുറച്ചിലായി കണക്കാക്കപ്പെടും, അതിനാൽ അവർ ബൈബിൾ വായിക്കുന്നു. ചിലർ പ്രശസ്തമായ ഒരു പുസ്തകം വായിക്കുന്നതു പോലെ തങ്ങളുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താൻ വേണ്ടി വായിക്കുന്നു. മറ്റു ചിലർ തങ്ങളുടെ സഭാ വിഭാഗത്തോടുള്ള അഭിമാനം കൊണ്ടാണ് ബൈബിൾ വായിക്കുന്നത് കാരണം, അവരുടെ  ആ സമൂഹം ‘ഞങ്ങളുടെ വിശ്വാസങ്ങൾ’ (our beliefs) എന്ന് കരുതുന്ന ചില ഉപദേശങ്ങൾ സ്ഥാപിക്കുന്ന വാക്യങ്ങൾ അന്വേഷിച്ച് കണ്ടെത്തി അവയിൽ പ്രാവീണ്യം നേടേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അവർ കരുതുന്നു. ഇനിയും ചിലർ തങ്ങളോട് വിയോജിക്കുന്നവരുമായി വിജയകരമായി വാദിക്കാൻ വേണ്ടി ബൈബിൾ വായിക്കുന്നു. പക്ഷേ, ഇതിലൊന്നും ദൈവത്തെ കുറിച്ചുള്ള ആലോചനയോ, ആത്മീയ വളർച്ചയ്ക്കുള്ള ആഗ്രഹമോ ഒന്നുമില്ല. അതുകൊണ്ട് ആത്മാവിന് വലിയ പ്രയോജനമൊന്നും കിട്ടുന്നില്ല.

അപ്പോൾ, വചനത്തിൽ നിന്ന് യഥാർത്ഥമായ പ്രയോജനം നേടുക എന്നതിന്‍റെ അർത്ഥമെന്താണ്? 2 തിമോത്തി 3:16,17-ൽ ഈ ചോദ്യത്തിന് ശരിയായ ഉത്തരം നൽകുന്നില്ലേ? “ദൈവത്തിന്‍റെ  മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്  ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു.” എന്ന് നമ്മൾ വായിക്കുന്നു. ഇവിടെ എന്താണ് പറയാത്തതെന്ന് ശ്രദ്ധിക്കുക. വിശുദ്ധ തിരുവെഴുത്തുകൾ നമുക്ക് നൽകപ്പെട്ടിരിക്കുന്നത് ബൗദ്ധിക ആസ്വാദനത്തിനോ ജഡിക ഊഹാപോഹത്തിനോ വേണ്ടിയല്ല. മറിച്ച് ഉപദേശിക്കുന്നതിലൂടെയും ശാസിക്കുന്നതിലൂടെയും തെറ്റ് തിരുത്തുന്നതിലൂടെയും “സകല സൽപ്രവൃത്തിക്കും” വേണ്ടി പൂർണ്ണമായും സജ്ജരാക്കുന്നതിനാണ്. ഇനിയും നമുക്ക് മറ്റു ചില വേദഭാഗങ്ങളുടെ സഹായത്തോടെ ഈ വിഷയത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ ശ്രമിക്കാം.

  1. വചനം പാപത്തെ സ്ഥിരീകരിക്കുമ്പോൾ ഒരു വ്യക്തി   ആത്മീയമായി  പ്രയോജനം നേടുന്നു.

ഇതാണ് വചനം ചെയ്യുന്ന ആദ്യത്തെ പ്രവൃത്തി, അതായത് നമ്മുടെ ദുഷ്ടത കാണിച്ചുതരുക, നമ്മുടെ നീചമായ സ്ഥിതി തുറന്നു കാട്ടുക, നമ്മുടെ ദുഷ്ടതയെ കുറിച്ച് അറിയിക്കുക. ഒരു മനുഷ്യന്‍റെ  ധാർമ്മിക ജീവിതം കളങ്കരഹിതമായിരിക്കാം, സഹമനുഷ്യരോടുള്ള അവന്‍റെ  ഇടപെടലുകൾ കുറ്റമറ്റതായിരിക്കാം, എന്നാൽ എപ്പോഴാണോ പരിശുദ്ധാത്മാവ് അവന്‍റെ  ഹൃദയത്തിലും മനസ്സാക്ഷിയിലും വചനം പ്രാവര്‍ത്തികമാക്കുന്നത്, എപ്പോഴാണോ ദൈവവുമായുള്ള അവന്‍റെ ബന്ധവും മനോഭാവവും  കാണാൻ കഴിയുംവിധം പാപത്താൽ അന്ധമായ കണ്ണുകള്‍ തുറക്കപ്പെടുന്നത്, അപ്പോള്‍ “എനിക്ക് അയ്യോ കഷ്ടം! ഞാൻ നശിച്ചു!” എന്ന് അവന്‍ നിലവിളിക്കുന്നു. ഇങ്ങനെ യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ട ഓരോ വ്യക്തിയും ക്രിസ്തുവിന്‍റെ ആവശ്യകത തിരിച്ചറിയാൻ ഇടയാകും. "രോഗികൾക്കല്ലാതെ ആരോഗ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല" (ലൂക്കോസ് 5:31). എന്നിരുന്നാലും, പരിശുദ്ധാത്മാവ് തന്‍റെ ശക്തിയാൽ വചനത്തെ അവന്‍റെ ജീവിതത്തിൽ പ്രയോഗിക്കുന്നതുവരെ, ഒരു വ്യക്തിക്കും താൻ രോഗിയാണെന്നോ, അത് മാരകമായ ഒരു രോഗമാണന്നോ ചിന്തിക്കാൻ കഴിയില്ല. മനുഷ്യനെ  ഭയങ്കരമായ നാശത്തിലേക്ക് തള്ളിവിടുന്ന പാപത്തെ ക്കുറിച്ച്  ഹൃദയത്തിൽ ഉണ്ടാകുന്ന ഈ ബോദ്ധ്യം, അവന്‍ "മാനസാന്തരപ്പെട്ട" ഉടനെ ഉണ്ടാകുന്ന പ്രാരംഭ അനുഭവം മാത്രമായി പരിമിതപ്പെടുത്തരുത്. ദൈവം തന്‍റെ വചനത്താൽ എന്‍റെ ഹൃദയത്തെ സ്പർശിക്കുമ്പോഴെല്ലാം, നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാ നടപ്പിലും വിശുദ്ധരാകുവിൻ.” (1 പത്രൊസ് 1:15) എന്ന ഉയർന്ന നിലവാരം പുലർത്തുന്നതിൽ ഞാൻ എത്രത്തോളം പുറകിലാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ, ഇവിടെ പ്രായോഗികമാക്കേണ്ട ആദ്യത്തെ പരീക്ഷ, തിരുവെഴുത്തിലെ വിവിധ ആളുകളുടെ ഭയങ്കരമായ  പരാജയങ്ങളെക്കുറിച്ച് വായിക്കുമ്പോൾ, ഞാനും അവരെപ്പോലെ വളരെ സങ്കടകരമായ അവസ്ഥയിലാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടോ? ക്രിസ്തുവിന്‍റെ അനുഗ്രഹീതവും പരിപൂർണ്ണവുമായ ജീവിതത്തെക്കുറിച്ച് വായിക്കുമ്പോൾ, ഞാൻ അവനെപ്പോലെയല്ല എന്ന കഠിനമായ യാഥാർത്ഥ്യം തിരിച്ചറിയാൻ എനിക്ക് കഴിയുന്നുണ്ടോ?

  1.  വചനം പാപത്തെ കുറിച്ച് ദുഃഖം ഉളവാക്കുമ്പോൾ ഒരു വ്യക്തി ആത്മീയമായി പ്രയോജനം നേടുന്നു .

പാറസ്ഥലത്തു വീണ വിത്തിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു, അവൻ വചനം കേട്ട ഉടനെ സന്തോഷത്തോടെ അത് സ്വീകരിക്കുന്നു; എന്നാൽ അവനിൽ വേരില്ല’ (മത്തായി 13:20,21). എന്നാൽ പത്രോസിന്‍റെ  പ്രസംഗം കേട്ട് കുറ്റം ഏറ്റു പറഞ്ഞവരുടെ  ഹൃദയത്തിൽ കുത്തുകൊണ്ടു” എന്നാണ് എഴുതിയിരിക്കുന്നത്. (പ്രവൃത്തികൾ 2:37). ഈ വ്യത്യാസം ഇന്നും നമുക്ക് കാണുവാന്‍ സാധിക്കും. പലരും രസകരമായ ഒരു പ്രസംഗം കേൾക്കുകയോ അല്ലെങ്കിൽ പ്രഭാഷകന്‍റെ  ഭാഷാ പാടവവും ബൗദ്ധിക വൈദഗ്ധ്യവും പ്രകടിപ്പിക്കുന്ന ‘വ്യവസ്ഥാകാല സിദ്ധാന്തം’ (Dispensationalism) പോലുള്ള ഒരു വിഷയത്തെ കുറിച്ചുള്ള ഒരു പ്രസംഗം കേൾക്കുകയോ ചെയ്യുന്നു. എന്നാൽ സാധാരണയായി അതിൽ മനസ്സാക്ഷിയെ പരിശോധിക്കുന്ന ഒരു വാക്കുകളും അടങ്ങിയിട്ടില്ല. അതിനാൽ അത് സന്തോഷത്തോടെ സ്വീകരിക്കപ്പെടുന്നു, പക്ഷേ ആരും അതിനാൽ താഴ്മയുള്ളവരാകുകയോ  ദൈവവുമായുള്ള അടുത്ത കൂട്ടായ്മയിലേക്ക് നയിക്കപ്പെടുകയോ ചെയ്യുന്നില്ല. എന്നാൽ വിശ്വസ്തനായ ഒരു കർത്താവിന്‍റെ ദാസൻ (തന്‍റെ 'ജ്ഞാന’ത്തിന് പ്രശംസ കിട്ടണമെന്ന് ആഗ്രഹിക്കാത്ത കൃപയുള്ള ദൈവദാസൻ) നടപ്പിനേയും പെരുമാറ്റത്തേയും ശരിയാക്കുന്ന  ദൈവത്തിന്‍റെ  തിരുവെഴുത്തുകൾ  പഠിപ്പിക്കുകയും, ശ്രേഷ്ഠന്മാരായ ദൈവദാസന്മാരുടെ  ഗുരുതരമായ പരാജയങ്ങൾ പോലും തുറന്നുകാണിക്കുകയും ചെയ്യുമ്പോൾ, ആളുകൾ അവനെ നിരസിച്ചാലും, യഥാർത്ഥത്തിൽ മാനസാന്തരപ്പെട്ടവർ മാത്രം  ദൈവമുമ്പാകെ വിലപിക്കാനും "എനിക്ക് അയ്യോ കഷ്ടം! ഞാൻ എത്ര അരിഷ്ടമനുഷ്യൻ!" എന്ന് നിലവിളിക്കാനും സഹായിച്ച വാക്യ സന്ദേശത്തിന്‍റെ കാര്യത്തിൽ നന്ദിയുള്ളവരായിരിക്കും. വ്യക്തിപരമയി വാക്യം പഠിക്കുന്നതിലൂടെയും  ഇതുതന്നെ സംഭവിക്കുന്നു. എന്നാൽ പരിശുദ്ധാത്മാവ് വചനത്തെ പ്രയോഗിച്ചു കൊണ്ട് എന്‍റെ  ഉള്ളിലെ ദുഷ്ടതയെ എനിക്ക് കാണിച്ചുതരികയും അത് എന്നെ ബോധ്യപ്പെടുത്തുകയും ചെയ്യുമ്പോൾ മാത്രമേ ഞാൻ യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെടുകയുള്ളൂ.

 യിരെമ്യാവ് 31:19 ൽ ഞാൻ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേൽ അടിച്ചു നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു;” എന്ന് കാണുന്നു. പ്രിയ വായനക്കാരാ, നിങ്ങൾക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടോ? നിങ്ങളുടെ വചന പഠനം നിങ്ങളുടെ ഹൃദയത്തിൽ  തകർച്ച ഉളവാക്കി നിങ്ങളെ ദൈവമുമ്പാകെ സ്വയം താഴ്ത്തുന്നതിലേക്ക് നയിച്ചിട്ടുണ്ടോ? നിങ്ങളുടെ വചന ധ്യാനം, എല്ലാ ദിവസവും ദൈവമുമ്പാകെ നിങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ചു കൊണ്ട്, അവയെ ഏറ്റുപറയുന്നതിലേക്ക് നയിക്കുന്നുണ്ടോ? കുഞ്ഞാടിന്‍റെ മാംസം "കയ്പ് ചീരയോടു കൂടെ അത് തിന്നേണം" (പുറപ്പാട് 12:8). നാം യഥാർത്ഥത്തിൽ വചനം ഭക്ഷിക്കുമ്പോൾ, പരിശുദ്ധാത്മാവ് അതിനെ നമുക്ക് "കയ്പേറിയത്" ആക്കുകയും പിന്നീട് അതിനെ മധുരമുള്ളതാക്കുകയും ചെയ്യുന്നു. വെളിപാട് 10:9 ലെ ക്രമം ശ്രദ്ധിക്കുക, ''ഞാൻ ദൂതന്‍റെ അടുക്കൽ ചെന്ന് ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോട്: നീ ഇതു വാങ്ങി തിന്നുക; അത് നിന്‍റെ വയറ്റിനെ കയ്പിക്കും എങ്കിലും വായിൽ തേൻപോലെ മധുരിക്കും എന്നു പറഞ്ഞു. എപ്പോഴും പരിശീലിക്കേണ്ട ക്രമമാണ്  ഇത് – ആശ്വാസത്തിനു മുമ്പ് ദുഃഖം (മത്തായി 5:4), ഉയർത്തപ്പെടുന്നതിനു മുമ്പ് താഴ്മ (1 പത്രൊസ് 5:6).

  1. വചനം പാപത്തെക്കുറിച്ച് ബോധ്യപ്പെടുത്തുമ്പോൾ ഒരു വ്യക്തി ആത്മീയമായി പ്രയോജനം നേടുന്നു.

തിരുവെഴുത്തുകൾ “ശാസന” ത്തിന് പ്രയോജനകരമാണ് (2 തിമോത്തി 3:16); അങ്ങനെ ശാസിക്കപ്പെടുമ്പോൾ, സത്യസന്ധനായ ഒരു വ്യക്തി തന്‍റെ  തെറ്റുകൾ സമ്മതിക്കും. ജഡത്തിന്‍റെ മോഹങ്ങൾ അനുസരിച്ച് നടക്കുന്നവരെക്കുറിച്ച് ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു: തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു; തന്‍റെ  പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല” (യോഹന്നാൻ 3:20).   “ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ (ലൂക്കോസ് 18:13) എന്നത് മാനസാന്തരപ്പെടുന്ന ഒരു വ്യക്തിയുടെ ഹൃദയംഗമമായ നിലവിളിയാണ്. ദൈവവചനത്താൽ നാം ഉണർത്തപ്പെടുന്ന ഓരോ പ്രാവശ്യവും (സങ്കീർത്തനം 119:50), നമ്മുടെ ലംഘനങ്ങളെക്കുറിച്ച് ഒരു പുതിയ ഗ്രാഹ്യമുള്ളവരായി ദൈവമുമ്പാകെ ഒരു പുതിയ ഏറ്റുപറച്ചില്‍ നടക്കുന്നു. തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.” (സദൃശവാക്യങ്ങൾ 28:13). നമ്മുടെ രഹസ്യ പാപങ്ങൾ ഹൃദയത്തിൽ മറച്ചുവെക്കുന്നിടത്തോളം കാലം, ആത്മീയ വളർച്ചയോ ഫലമോ (സങ്കീർത്തനം 1:3) ഉണ്ടാകില്ല. ദൈവവചനത്താൽ നമ്മുടെ പാപങ്ങൾ പൂർണ്ണമായി ബോധ്യപ്പെടുമ്പോൾ മാത്രമേ നമുക്ക് അവന്‍റെ കൃപ അനുഭവിക്കാൻ നമുക്ക് കഴിയൂ.

 

ഏറ്റുപറയാത്ത പാപത്തിന്‍റെ ഭാരം നാം വഹിക്കുന്നിടത്തോളം കാലം നമ്മുടെ മനസ്സാക്ഷിക്ക് യഥാർത്ഥ സമാധാനമോ ഹൃദയത്തിന് യഥാർത്ഥ വിശ്രമമോ ഉണ്ടാകില്ല. ദൈവമുമ്പാകെ അത് പൂർണ്ണമായി ഏറ്റുപറയുമ്പോൾ മാത്രമേ ആശ്വാസം ലഭിക്കൂ. ദാവീദിന്‍റെ അനുഭവം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക, ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്‍റെ അസ്ഥികൾ ക്ഷയിച്ചുപോയി; രാവും പകലും നിന്‍റെ  കൈ എന്‍റെമേൽ ഭാരമായിരുന്നു; എന്‍റെ മജ്ജ വേനൽക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി” (സങ്കീർത്തനങ്ങൾ 32:3-4). ഇത് നിങ്ങൾക്ക് മനസ്സിലാകാത്ത ഒരു ആലങ്കാരിക പ്രയോഗമാണോ? അതോ നിങ്ങളുടെ സ്വന്തം അനുഭവം തന്നെയാണോ? നമ്മുടെ സ്വന്തം അനുഭവത്തിലൂടെയല്ലാതെ മറ്റൊരു വ്യാഖ്യാനത്തിലൂടെയും തിരുവെഴുത്തിലെ പല വാക്യങ്ങളെയും തൃപ്തികരമായി വിശദീകരിക്കാൻ കഴിയില്ല. എന്നാൽ അടുത്ത വാക്യം വളരെ അനുഗ്രഹീതമാണ്, ഞാൻ എന്‍റെ പാപം നിന്നോടറിയിച്ചു; എന്‍റെ  അകൃത്യം മറച്ചതുമില്ല. എന്‍റെ ലംഘനങ്ങളെ യഹോവയോട് ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്‍റെ പാപത്തിന്‍റെ  കുറ്റം ക്ഷമിച്ചുതന്നു” (സങ്കീർത്തനങ്ങൾ 32:5).

  1. വചനം പാപത്തോടുള്ള ആഴമായ വെറുപ്പ് ഉളവാക്കുമ്പോൾ ഒരു വ്യക്തി ആത്മീയമായി പ്രയോജനം നേടുന്നു.

 യഹോവയെ സ്നേഹിക്കുന്നവരെ ദോഷത്തെ വെറുപ്പിൻ (സങ്കീർത്തനങ്ങൾ 97:10). “ദൈവം വെറുക്കുന്നതിനെ വെറുക്കാതെ നമുക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല. നാം തിന്മയെ ഒഴിവാക്കുക മാത്രമല്ല, അതിൽ തുടരുന്നത് വിസമ്മതിക്കുകയും വേണം. നാം അതിനെതിരെ പ്രക്ഷോഭം നടത്തുകയും അതിനോട് യഥാർത്ഥ വെറുപ്പ് പുലർത്തുകയും വേണം” (ചാൾസ് എച്ച്. സ്പർജൻ). ഒരു വ്യക്തി യഥാർത്ഥത്തിൽ മാനസാന്തരപ്പെട്ടിട്ടുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനുള്ള ഏറ്റവും ഉറപ്പുള്ള പരിശോധന പാപത്തോടുള്ള അവന്‍റെ ഹൃദയത്തിന്‍റെ നിലപാടാണ്. വിശുദ്ധിയുടെ നിയമം എവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നുവോ, അവിടെ അശുദ്ധമായതെല്ലാം തീർച്ചയായും അസഭ്യമായിരിക്കും. തിന്മയോടുള്ള നമ്മുടെ വെറുപ്പ് യഥാർത്ഥമാണെങ്കിൽ, നാം മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത തിന്മയെ വചനം കുറ്റം വിധിക്കുകയും ശാസിക്കുകയും ചെയ്യുമ്പോൾ പോലും നാം നന്ദിയുള്ളവരായിരിക്കും.

സങ്കീർത്തനക്കാരന്‍റെ അനുഭവവും ഇതുതന്നെയാണ്, ആകയാൽ നിന്‍റെ  സകല പ്രമാണങ്ങളും ഒത്തതെന്ന് എണ്ണി, ഞാൻ സകല വ്യാജമാർഗത്തെയും വെറുക്കുന്നു” (സങ്കീർത്തനങ്ങൾ 119:128). ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക, ഇവിടെ സങ്കീർത്തനക്കാരൻ പറയുന്നത് ‘ഞാൻ മാറിനിൽക്കും’ എന്നല്ല, മറിച്ച് ‘എനിക്ക് അത് വെറുപ്പാണ്’ എന്നാണ്; അതുപോലെ, അവൻ 'ചിലത്' അല്ലെങ്കിൽ 'പലത്' എന്നല്ല, മറിച്ച് 'സകല വ്യാജ മാർഗവും’ എന്നാണ് പറഞ്ഞിരിക്കുന്നത്. ആകയാൽ നിന്‍റെ സകല പ്രമാണങ്ങളും ഒത്തതെന്ന് എണ്ണി, ഞാൻ സകല വ്യാജമാർഗത്തെയും വെറുക്കുന്നു”. എന്നാല്‍ ദുഷ്ടന്മാരുടെ കാര്യം നേരെ വിപരീതമാണ്. നീ ശാസനയെ വെറുത്ത് എന്‍റെ വചനങ്ങളെ നിന്‍റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ” (സങ്കീർത്തനങ്ങൾ 50:17); കൂടാതെ സദൃശവാക്യങ്ങൾ 8:13 ൽ യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു എന്ന് നാം വായിക്കുന്നു; ദൈവികമായ ഈ ഭയഭക്തി വചനം വായിക്കുന്നതിലൂടെയാണ് നമുക്ക് ഉണ്ടാകുന്നത്. ആവർത്തനം 17:18,19 കാണുക.

  1. വചനം പാപം ഉപേക്ഷിക്കാൻ തക്കവണ്ണം പ്രേരിപ്പിക്കുമ്പോൾ  ഒരു വ്യക്തി ആത്മീയമായി പ്രയോജനം നേടുന്നു.

കർത്താവിന്‍റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നു കൊള്ളട്ടെ  (2 തിമോത്തിയോസ് 2:19). എന്താണ് കർത്താവിനെ പ്രസാദിപ്പിക്കുന്നത് എന്താണ് അവനെ അപ്രീതിപ്പെടുത്തുന്നത് എന്ന് കണ്ടെത്തുക എന്ന പ്രത്യേക ഉദ്ദേശ്യത്തോടെ നാം വചനം എത്രയധികം വായിക്കുന്നുവോ അത്രയധികം നാം അവന്‍റെ ഹിതം മനസ്സിലാക്കുന്നു. നമ്മുടെ ഹൃദയങ്ങൾ അവനോട് എത്രത്തോളം ശരിയായ ബന്ധത്തിൽ ആയിരിക്കുന്നുവോ അത്രത്തോളം നമ്മുടെ വഴികൾ അവന്‍റെ ഹിത പ്രകാരമായിരിക്കും. അപ്പോഴാണ്  നാം "സത്യത്തിൽ നടക്കുന്നവർ" (3 യോഹന്നാൻ 4) ആകുന്നത്. 2 കൊരിന്ത്യർ 6-ാം അധ്യായത്തിന്‍റെ  അവസാന ഭാഗത്ത്, അവിശ്വാസികളിൽ നിന്ന് സ്വയം വേർപെടുത്തുന്നവർക്ക് ചില വിലയേറിയ വാഗ്ദാനങ്ങൾ നൽകപ്പെട്ടിരിക്കുന്നു. അവിടെ പരിശുദ്ധാത്മാവ് അവയെ എങ്ങനെയാണ് പ്രയോഗിച്ചിരിക്കുന്നുവെന്ന് ശ്രദ്ധിക്കുക- “നമുക്ക് ഈ വാഗ്ദാനങ്ങൾ ഉള്ളതിനാൽ, നമുക്ക് സുഖമായി ഇരുന്ന് സംതൃപ്തരാകാം” എന്ന് എഴുതിയിട്ടില്ല, പക്ഷേ, പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്ക് ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക. (2 കൊരിന്ത്യർ 7:1) എന്നാണ് എഴുതിയിരിക്കുന്നത്.

ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു” (യോഹന്നാൻ 15:3). നാം നമ്മെത്തന്നെ  കൂടെക്കൂടെ പരിശോധിക്കേണ്ടതിന് മറ്റൊരു പ്രധാന നിയമം ഇവിടെ കാണാം. ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതുകൊണ്ട് എന്‍റെ വഴികളില്‍ നിന്ന് ഏതെങ്കിലും മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടോ? ബാലൻ തന്‍റെ നടപ്പിനെ നിർമ്മലമാക്കുന്നത് എങ്ങനെ?” എന്ന ചോദ്യം ഇതിന് മുൻപും ചോദിച്ചിട്ടുണ്ട്. ദൈവാത്മാവിന്‍റെ  പ്രേരണയാൽ അതിനുളള മറുപടി ഇങ്ങനെയായിരുന്നു, നിന്‍റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നെ” (സങ്കീർത്തനങ്ങൾ 119:9). അതെ, വാക്യം വായിച്ചു മനഃപാഠമാക്കിയതുകൊണ്ടു മാത്രം കാര്യമില്ല, ആ വാക്യം നമ്മുടെ ‘വ്യക്തിപരമായ ജീവിത’ത്തിൽ പ്രായോഗികമാക്കുന്നതിലൂടെയാണ് ഇതു സാധിക്കുന്നത്. “പരസംഗം വിട്ട് ഓടുവിൻ" (1 കൊരിന്ത്യർ 6:18), “വിഗ്രഹാരാധന വിട്ട് ഓടുവിൻ" (1കൊരിന്ത്യർ 10:14), "ഇവ വർജ്ജിക്കുക" (ധനികനാകാനുള്ള ആഗ്രഹം) (1 തിമോത്തി 6:11), “യൗവനമോഹങ്ങളിൽ നിന്ന് ഓടുവിൻ" (2 തിമോത്തി 2:22) തുടങ്ങിയ പ്രബോധനങ്ങൾ ശ്രദ്ധിക്കാൻ നാം പ്രേരിപ്പിക്കപ്പെടുന്നു. കാരണം പാപം ഏറ്റുപറയുക മാത്രമല്ല, അതിനെ "ഉപേക്ഷിക്കുകയും" വേണം (സദൃശവാക്യങ്ങൾ 28:13).

  1. വചനം പാപത്തിനെതിരെ സംരക്ഷണം നല്‍കുമ്പോള്‍ ഒരു വ്യക്തി ആത്മീയമായി പ്രയോജനം നേടുന്നു.

നമ്മുടെ ആന്തരിക പാപസ്വഭാവത്തെ തുറന്നുകാണിക്കുന്നതിനും "ദൈവതേജസ്" ഇല്ലാത്തവരായി തീർന്നതിനുള്ള കാരണങ്ങൾ കാണിച്ചുതരാനും മാത്രമല്ല, പാപത്തിൽ നിന്ന് എങ്ങനെ വിടുതൽ പ്രാപിക്കണമെന്നും, ദൈവത്തിന് ഇഷ്ടമല്ലാത്ത കാര്യങ്ങളില്‍ നിന്ന് എങ്ങനെ ദൂരമാകാമെന്നും കാണിച്ചുതരാനും വേണ്ടിയാണ് വിശുദ്ധ തിരുവെഴുത്തുകൾ നമുക്ക് നൽകപ്പെട്ടിരിക്കുന്നത്. ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിനു നിന്‍റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു” (സങ്കീർത്തനങ്ങൾ 119:11). നമ്മളെല്ലാവരും ചെയ്യേണ്ട ഒരു കാര്യമുണ്ട്, അവന്‍റെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; അവന്‍റെ വചനങ്ങളെ നിന്‍റെ ഹൃദയത്തിൽ സംഗ്രഹിക്ക” (ഇയ്യോബ് 22:22). പ്രത്യേകിച്ച്, കല്പനകളും മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും സ്വന്തമാക്കിക്കൊണ്ട് നാം നമ്മെത്തന്നെ പരിശോധിക്കണം; നാം അവ മനഃപാഠമാക്കുകയും ധ്യാനിക്കുകയും പ്രാർത്ഥനാപൂർവ്വം അവ പ്രായോഗികമാക്കുകയും വേണം. ഒരു വയലിൽ കളകൾ വളരാതിരിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം അതിൽ നല്ല വിത്തുകൾ വിതയ്ക്കുക എന്നതാണ് – തിന്മയെ നന്മയാൽ ജയിക്കുക (റോമർ 12:21). “ക്രിസ്തുവിന്‍റെ വചനം നമ്മിൽ സമൃദ്ധമായി വസിക്കുവാൻ” (കൊലൊസ്സ്യർ 3:16) നാം എത്രത്തോളം അനുവദിക്കുന്നുവോ, അത്രത്തോളം പാപത്തിന് നമ്മുടെ ഹൃദയങ്ങളിലും ജീവിതത്തിലും വളരാനുള്ള അവസരം കുറയും.

തിരുവെഴുത്തുകളുടെ സത്യസന്ധത അംഗീകരിച്ചാൽ മാത്രം പോരാ; അവയെ സ്നേഹത്തോടെ സ്വീകരിക്കുന്നവരാകണം. അവർ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽതന്നെ അങ്ങനെ ഭവിക്കും” (2 തെസ്സലൊനീക്യർ 2:10). ഇതാണ് വിശ്വാസത്യാഗത്തിന് കാരണമെന്ന് പരിശുദ്ധാത്മാവ് പ്രത്യേകം പറയുന്നത് വിശദീകരിക്കാൻ കഴിയാത്തതും ആഴമേറിയതുമായ സത്യമാണ്. ‘വചനം നാവിലോ മനസ്സിലോ മാത്രമാണെങ്കിൽ, അത് ഭാവനകാണാനോ നേരമ്പോക്കിനോ മാത്രമായി ഒതുങ്ങി പോകുകയാണെങ്കിൽ, അത് പെട്ടെന്ന് കടന്നുപോകും; പക്ഷികൾ വഴിയരികിൽ വീണ വിത്തുകൾ വിഴുങ്ങി കളയുന്നതു പോലെ. അത് എപ്പോള്‍ നമ്മുടെ ഹൃദയത്തെ സ്വാധീനിക്ക തക്കവണ്ണം നമ്മെ ഭരിക്കുന്നുവോ, അപ്പോള്‍ നാം അതിനെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു – അത് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹങ്ങളേക്കാൾ പ്രിയപ്പെട്ടതാകുമ്പോള്‍ വചനം നമ്മില്‍ നിലനിൽക്കുന്നു.                        (തോമസ് മാന്‍ടൺ).

ദൈവവചനം സ്നേഹപൂർവ്വം സ്വീകരിക്കുന്നതല്ലാതെ മറ്റൊന്നിനും ഈ ലോകത്തിലെ മോഹങ്ങളിൽ നിന്നും സാത്താന്‍റെ പ്രലോഭനങ്ങളിൽ നിന്നും നമ്മെ വിടുവിക്കാനോ പാപത്തിന്‍റെ ശക്തിയിൽ നിന്ന് നമ്മെ സംരക്ഷിക്കാനോ കഴിയില്ല. തന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം അവന്‍റെ ഹൃദയത്തിൽ ഉണ്ട്; അവന്‍റെ കാലടികൾ വഴുതുകയില്ല” (സങ്കീർത്തനങ്ങൾ 37:31). വചനം നമ്മിൽ പ്രവർത്തനനിരതമായിരിക്കുന്നിടത്തോളം, നാം അതിനെ യഥാർത്ഥത്തിൽ സ്നേഹിക്കുകയും, അത് നമ്മുടെ മനസ്സാക്ഷിയെ ഉണർത്തുകയും ചെയ്യുന്നിടത്തോളം, വീഴ്ചയിൽ നിന്ന് നമ്മെ രക്ഷിക്കാൻ അതിന് കഴിയും. പോത്തീഫറിന്‍റെ ഭാര്യയാൽ പരീക്ഷിക്കപ്പെട്ടപ്പോൾ യോസേഫ് പറഞ്ഞത്, ഞാന്‍ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ” (ഉൽപ. 39:9) എന്നാണ്. വചനം അവന്‍റെ ഹൃദയത്തിലുണ്ടായിരുന്നു, അത് അവന്‍റെ  കാമവികാരങ്ങളെ നിയന്ത്രിച്ചു. ദൈവത്തിന്‍റെ അവർണ്ണനീയമായ വിശുദ്ധി, മഹത്തായ ശക്തി - രക്ഷിക്കാനും നശിപ്പിക്കാനും തയ്യാറായിരിക്കുന്നു. നാം എപ്പോൾ പരീക്ഷിക്കപ്പെടുമെന്ന് നമുക്കറിയില്ല. അതിനാൽ അതിനെതിരെ തയ്യാറെടുക്കേണ്ടത് ആവശ്യമാണ്. നിങ്ങളിൽ ആർ അതിനു ചെവി കൊടുക്കും? ഭാവികാലത്തേക്ക് ആർ ശ്രദ്ധിച്ചു കേൾക്കും?” (യെശയ്യാവ് 42:23). അതുകൊണ്ട്, വരാൻ പോകുന്ന കാലത്തെ  മുൻകൂട്ടിക്കാണുകയും അതിനെതിരെ ശക്തി പ്രാപിക്കുകയും ചെയ്യാം, വരാനിരിക്കുന്ന അടിയന്തര സാഹചര്യങ്ങളെ എതിരിടാൻ നമ്മുടെ ഹൃദയങ്ങളിൽ വചനം സംഹരിച്ചുവെക്കുകയും ചെയ്യാം.

  1. വചനം പാപത്തിന് വിപരീതമായതിനെ അംഗീകരിക്കാൻ പഠിപ്പിക്കുമ്പോൾ  ഒരു വ്യക്തി ആത്മീയമായി പ്രയോജനം നേടുന്നു.

“പാപം അധര്‍മ്മമാണ്” (1 യോഹന്നാൻ 3:4). 'നീ ഇത് ചെയ്യണം' എന്ന് ദൈവം പറയുമ്പോൾ, 'ഞാൻ അത് ചെയ്യില്ല' എന്ന് പാപം പറയുന്നു; 'നീ ഇത് ചെയ്യരുത്' എന്ന് ദൈവം പറയുമ്പോൾ, 'ഞാൻ അത് ചെയ്യും' എന്ന് പാപം പറയുന്നു. അതുകൊണ്ട്, പാപം ദൈവത്തിനെതിരായ മത്സരമാണ്, ഞാൻ ഇച്ഛിക്കുന്ന പാതയിലേക്ക് തിരിയാനുള്ള ദൃഢനിശ്ചയമാണ്  (യെശയ്യാവ് 53:6). ആത്മീയ ലോകത്തിലെ ഒരു അരാജകത്വമാണ് പാപം, ദൈവത്തിന്‍റെ ദൃഷ്ടിയിൽ ഒരു ചുമന്ന കൊടി വീശുന്നതിനോട് അതിനെ ഉപമിക്കാന്‍ സാധിക്കും. നിയമം അനുസരിച്ചു ജീവിക്കുന്നതാണ്  അരാജകത്വത്തിന് വിപരീതം എന്ന് പറയുന്നതുപോലെ, ദൈവത്തിന് എതിരായി പാപം ചെയ്യുന്നതിനു വിപരീതമാണ് ദൈവത്തിന് കീഴടങ്ങുന്നത്. തിരുവെഴുത്തുകൾ നൽകപ്പെട്ടതിന്‍റെ മറ്റൊരു പ്രധാന കാരണം ഇതാണ്: ദൈവത്തിന് ഇഷ്ടമുള്ള വഴി നമ്മെ അറിയിക്കാനും, നമ്മെ ശാസിക്കാനും, തിരുത്താനും മാത്രമല്ല, “നീതിയിൽ നമ്മെ അഭ്യസിപ്പിക്കാനും” അവ പ്രയോജനമുള്ളതാണ്.

എന്നാല്‍, ഇവിടെ നാം നമ്മെത്തന്നെ കൂടെക്കൂടെ പരിശോധിക്കേണ്ട ഒരു പ്രധാന പ്രമാണം ഉണ്ട്. എന്‍റെ ചിന്തകളും, എന്‍റെ ഹൃദയവും, എന്‍റെ വഴികളും, പ്രവൃത്തികളും ദൈവവചനത്താൽ നിയന്ത്രിക്കപ്പെടുന്നുണ്ടോ? ഇതാണ് കർത്താവ് ആഗ്രഹിക്കുന്നത് – എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.” (യാക്കോബ് 1:22). ക്രിസ്തുവിനോടുള്ള നന്ദിയും സ്നേഹവും ഈ വിധത്തിൽ ആണ് പ്രകടിപ്പിക്കേണ്ടത് – നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്‍റെ കല്പനകളെ കാത്തുകൊള്ളും” (യോഹന്നാൻ 14:15). ഇതിന് ദൈവത്തിന്‍റെ സഹായം ആവശ്യമാണ്, നിന്‍റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ” (സങ്കീർത്തനങ്ങൾ 119:35) എന്നാണ് സങ്കീർത്തനക്കാരൻ പ്രാർത്ഥിച്ചത്. “അവന്‍റെ പാതയിൽ നടക്കാൻ, നമുക്ക് വെളിച്ചം മാത്രമല്ല, നടക്കാനുള്ള മനസ്സും ഉണ്ടായിരിക്കണം. നമ്മുടെ മനസ്സിന്‍റെ അന്ധത കൊണ്ടാണ് മാർഗനിർദേശം ആവശ്യമായി വരുന്നത്; നമ്മുടെ ഹൃദയങ്ങളിലെ ദുഷ്ടത നിമിത്തം കൃപയുടെ ശക്തമായ സ്വാധീനവും ആവശ്യമാണ്. അനുസരണമുള്ളവരായിരിക്കാൻ നമ്മുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുക മാത്രമല്ല, മറിച്ച് അവയെ നമ്മോട് ചേർത്തു പിടിച്ചു കൊണ്ട് ചെയ്യുന്നവരായിരിക്കണം” (തോമസ് മാന്‍ടൻ). “നിന്‍റെ കല്പനകളുടെ പാത” എന്ന് പറയുന്നത് ശ്രദ്ധിക്കുക. സ്വയം തിരഞ്ഞെടുത്ത പാതയല്ല, മറിച്ച് നാം തീർച്ചയായും പോകേണ്ട പാത; ഒരു പൊതു ‘വഴി’യല്ല, മറിച്ച് ഒരു വ്യക്തിപരമായ ‘പാത’.

ഇവിടെ പരാമർശിച്ചിരിക്കുന്ന ഏഴ് കാര്യങ്ങളെ അടിസ്ഥാനമാക്കി, എഴുത്തുകാരനും വായനക്കാരനും ദൈവമുമ്പാകെ സത്യസന്ധമായും ജാഗ്രതയോടെയും സ്വയം വിലയിരുത്തണം. നിന്‍റെ വചന ധ്യാനം നിങ്ങളെ എളിമയുള്ളവനാക്കിയോ, അതോ നിങ്ങൾ നേടിയെടുത്ത അറിവ് നിങ്ങളെ അഹങ്കാരിയാക്കി മാറ്റിയോ? വചനധ്യാനം കൂടെയുള്ളവരുടെ  ദൃഷ്ടിയിൽ നിങ്ങളുടെ അന്തസ്സ് വർദ്ധിപ്പിച്ചോ അതോ ദൈവമുമ്പാകെ നിങ്ങളെത്തന്നെ താഴ്ത്താൻ പ്രേരിപ്പിച്ചോ? അത് നിങ്ങൾക്ക് നിങ്ങളോട് തന്നെ കൂടുതൽ നീരസമോ, അറപ്പോ ഉളവാക്കിയോ അതോ ദുരഭിമാനം വളർത്തിയോ? നിങ്ങൾ കണ്ടുമുട്ടുന്നവരോടോ, ഉപദേശിക്കുന്നവരോടോ ദൈവവചനത്തെക്കുറിച്ച് നിങ്ങൾക്ക് ഉള്ള അത്രയും അറിവ് എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു എന്ന് പറയാൻ പ്രേരിപ്പിച്ചോ? അതോ കർത്താവേ, എന്‍റെ  സുഹൃത്തിനും ഉപദേഷ്ടാവിനും നീ നൽകിയ വിശ്വാസവും കൃപയും വിശുദ്ധിയും എനിക്കും നൽകണമേ എന്ന് പ്രാർത്ഥിക്കാൻ പ്രേരിപ്പിച്ചോ? നിന്‍റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന് ഇതു കരുതുക, ഇതിൽ തന്നെ ഇരുന്നുകൊൾക.(1 തിമൊഥെയൊസ് 4:15)

 

അദ്ധ്യായം രണ്ട്

               തിരുവെഴുത്തുകളും ദൈവവും

 

തിരുവെഴുത്തുകളിലെ ദൈവത്തെ അറിയുക.

വിശുദ്ധ തിരുവെഴുത്തുകൾ പൂർണ്ണമായും പ്രകൃത്യാതീതമാണ്. അവ ദൈവിക വെളിപ്പെടുത്തലുകളാണ്. “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്” (2 തിമോത്തി 3:16),  അതായത് തിരുവെഴുത്തുകൾ എഴുതുന്നതിൽ ദൈവം പ്രവാചകന്മാരുടെ ചിന്തകളെ പ്രചോദിപ്പിക്കുക മാത്രമല്ല,  അതിനു വേണ്ട മാര്‍ഗ്ഗനിര്‍ദേശം നല്‍കുകയും ചെയ്തു. ദൈവം അവർക്ക് ഭാവനകൾ മാത്രമല്ല നൽകിയത്, മറിച്ച് അവർ ഉപയോഗിച്ച ഓരോ വാക്കും അവൻ തന്നെയാണ് എഴുതിപ്പിച്ചത്. “പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രെ” (2 പത്രൊസ് 1:21). തിരുവെഴുത്തിലെ ഓരോ വചനവും ദൈവശ്വാസീയമാണ് എന്ന സത്യത്തെ നിഷേധിക്കുന്ന ഏതൊരു ‘മാനുഷിക ഉപദേശവും’ സാത്താന്‍റെ  തന്ത്രവും ദൈവത്തിന്‍റെ സത്യത്തിന്മേലുള്ള കടന്നാക്രമണവുമാണ്. ബൈബിളിന്‍റെ എല്ലാ പേജുകളിലും ദൈവത്തിന്‍റെ മുദ്ര പതിഞ്ഞിരിക്കുന്നു. ഇത്രയും വിശുദ്ധവും സ്വര്‍ഗ്ഗീയഭീതി ഉളവാക്കുന്നതുമായ ഒരു എഴുത്തും മനുഷ്യനു സൃഷ്ടിക്കാൻ കഴിയില്ല.

തിരുവെഴുത്തുകൾ പ്രകൃത്യാതീതനായ ദൈവത്തെ വെളിപ്പെടുത്തുന്നു. ഇത് വളരെ ലളിതമായ ഒരു പ്രസ്താവനയായിരിക്കാം, പക്ഷേ ഇക്കാലത്ത് ഇത് കൂടുതൽ ഊന്നി പറയേണ്ട ആവശ്യമുണ്ട്. പല ക്രിസ്ത്യാനികളും പ്രായോഗികമായി വിശ്വസിക്കുന്ന ‘ദൈവം’ കൂടുതൽ കൂടുതൽ അപരിഷ്കൃതമാക്കപ്പെടുന്നു. ഒരു രാജ്യത്തിന്‍റെ സംസ്കാരത്തിൽ ‘സ്പോർട്സി’ന്‍റെ പ്രാധാന്യം, ആഡംബരത്തോടുള്ള അമിതമായ സ്നേഹം, കുടുംബജീവിതത്തിന്‍റെ തകർച്ച, സ്ത്രീകളുടെ മ്ലേച്ഛമായ ആർഭാടം, ഇതെല്ലാം ഒരേ രോഗത്തിന്‍റെ നിരവധി ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളാണ് ബാബിലോണിയൻ, പേർഷ്യൻ, ഗ്രീക്ക്, റോമൻ സാമ്രാജ്യങ്ങളുടെ പതനത്തിനും ഒടുവിൽ അവരുടെ മരണത്തിനും കാരണമായത്. നാമധേയ ‘ക്രിസ്തീയ’ രാജ്യങ്ങളിലെ ബഹുഭൂരിപക്ഷവും വിശ്വസിച്ചിക്കുന്നതുപോലെ,  ഇരുപതാം നൂറ്റാണ്ടിലെ ദൈവസങ്കല്പം, വളരെ പെട്ടന്ന് തന്നെ പുരാതന ദൈവങ്ങൾക്ക് ആരോപിക്കപ്പെട്ട ഗുണവിശേഷങ്ങളുമായി സാമ്യമുള്ളതായി തീര്‍ന്നിരിക്കുന്നു. ഇതിനു കടകവിരുദ്ധമായി, പരിശുദ്ധനായ ദൈവം  ഒരു മനുഷ്യനും ഒരിക്കലും വെളിപ്പെടുത്താൻ കഴിയാത്ത പൂർണതയും ഗുണലക്ഷണങ്ങളും ഉള്ളവനാണ്.

ദൈവം പ്രകൃത്യാതീതമായി തന്നെത്തന്നെ വെളിപ്പെടുത്തുന്നില്ലെങ്കിൽ നമുക്ക് ദൈവത്തെ അറിയാൻ കഴിയില്ല. വചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നതിനപ്പുറം സിദ്ധാന്തപരമായി അവനെ അറിയുക അസാധ്യവുമാണ്. ‘ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയുന്നില്ല’  (1 കൊരിന്ത്യർ 1:21) എന്നത് ഇപ്പോഴും സത്യമാണ്. തിരുവെഴുത്തുകൾ അവഗണിക്കപ്പെടുന്നിടത്ത്, ദൈവം ‘ഒരു അജ്ഞാത ദൈവം’ (പ്രവൃത്തികൾ 17:23) ആണ്. ദൈവത്തെ യഥാർത്ഥമായും, ആധികാരികമായും, വ്യക്തിപരമായും, അനുഭവപരമായും അറിയണമെങ്കിൽ നമ്മുടെ ആത്മാവിന് തിരുവെഴുത്തുകൾക്കപ്പുറം  ഉള്ളത് ഒന്ന് ആവശ്യമാണ്. ഇന്ന് വളരെ കുറച്ച് ആളുകൾ മാത്രമേ ഇത് തിരിച്ചറിയുന്നുള്ളൂ. രസതന്ത്ര പാഠ്യപുസ്തകങ്ങൾ പഠിച്ചുകൊണ്ട് അറിവ് നേടുന്നതുപോലെ, കേവലം ബൈബിൾ  പഠനം കൊണ്ടു മാത്രം ദൈവത്തെക്കുറിച്ചുള്ള അറിവ് നേടാമെന്ന ഒരു തോന്നൽ ഇക്കാലത്ത് നിലവിലുണ്ട്. അങ്ങനെ ഒരാൾക്ക് ബൗദ്ധികമായ അറിവ് നേടാൻ കഴിയും, പക്ഷേ ആത്മീയമായ അറിവ് നേടാൻ കഴിയില്ല.  പ്രകൃത്യാതീതനായ ദൈവത്തെ നമുക്ക് പ്രകൃത്യാതീതമായി മാത്രമേ അറിയാൻ കഴിയൂ (അതായത്, നാം സ്വാഭാവികമായി നേടുന്ന അറിവിനപ്പുറം), എന്നുപറഞ്ഞാൽ ഹൃദയത്തിന് ദൈവം തന്നെത്തന്നെ  വെളിപ്പെടുത്തുന്ന പ്രകൃത്യാതീതമായ വെളിപ്പാടിലൂടെ മാത്രമേ അറിയാൻ കഴിയൂ. “ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്ന് അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്‍റെ മുഖത്തിലുള്ള ദൈവതേജസ്സിന്‍റെ  പരിജ്ഞാനം വിളങ്ങിക്കേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു(2 കൊരിന്ത്യർ 4:6). അത്തരമൊരു പ്രകൃത്യാതീതമായ അനുഭവം ലഭിച്ച ഒരാൾ, “നിന്‍റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു” (സങ്കീർത്തനം 36:9), എന്ന് തിരിച്ചറിയുന്നു.

പ്രകൃതിക്ക് അതീതമായ ഒരു ശക്തിയിലൂടെ മാത്രമേ നമുക്ക് ദൈവത്തെ അറിയാൻ കഴിയൂ. “പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണാൻ ആർക്കും കഴിയുകയില്ല” (യോഹന്നാൻ 3:3) എന്ന ക്രിസ്തുവിന്‍റെ  വാക്കുകളിൽ  നിന്നും  ഇത് വ്യക്തമാണ്. വീണ്ടും ജനിക്കാത്തവർക്ക് ദൈവത്തെക്കുറിച്ചുള്ള ആത്മീയ അറിവ് ഉണ്ടാകില്ല.

എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്‍റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവനു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല” (1 കൊരിന്ത്യർ 2:14). വെള്ളത്തിന്  സ്വയം അതിന്‍റെ നിലയില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തതുപോലെ, ഒരു പ്രാകൃതമനുഷ്യന് ഈ പ്രകൃതിക്കതീതമായ കാര്യങ്ങള്‍ സ്വയം മനസ്സിലാക്കാൻ കഴിയില്ല. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു” (യോഹന്നാൻ 17:3). ‘സത്യദൈവത്തെ’ അറിയണമെങ്കിൽ നിത്യജീവൻ ഉള്ളവരായിരിക്കണം (രക്ഷിക്കപ്പെടണം). 1യോഹന്നാൻ 5:20-ൽ ഇതിനെ കുറിച്ച് വ്യക്തമാക്കികൊണ്ട് ഇങ്ങനെ പറഞ്ഞിരിക്കുന്നു, ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു…”. ദൈവത്തെ ആത്മീയമായി അറിയുന്നതിന് വീണ്ടും ജനനത്തിലൂടെ 'വിവേകം', അല്ലെങ്കിൽ ‘ആത്മീയ ജ്ഞാനം' നൽകപ്പെടേണ്ടതുണ്ട്.

ദൈവത്തെക്കുറിച്ചുള്ള പ്രകൃത്യാതീതമായ അറിവ് ഒരു അസ്വാഭാവികമായ അനുഭവം ഉളവാക്കുന്നു. ഇത് പല സഭാംഗങ്ങൾക്കും പരിചയമില്ലാത്ത ഒന്നാണ്. ഇക്കാലത്ത്, 'ക്രിസ്തീയത' എന്നത് 'പഴയ ആദാമിനെ' (പഴയ സ്വഭാവം) മെച്ചപ്പെടുത്തുന്ന ഒരു വിഷയമായി  മാറിയിരിക്കുന്നു. അതായത്, ഉള്ളിലെ ദുഷ്ടതയ്ക്ക് പുറമേ ചില  മെച്ചപ്പെടുത്തലുകൾ വരുത്തുക. ഇത് വെറും പുറമെയുള്ളത് മാത്രമാണ്. മതവിശ്വാസം എത്ര ശക്തമാണെങ്കിലും, അത് പാരമ്പര്യങ്ങളിൽ മുങ്ങിക്കുളിച്ചിരിക്കുന്നു. ഇതിൽ അതിശയിക്കാനൊന്നുമില്ല കാരണം  അത് പണ്ടുമുതലേ അങ്ങനെ തന്നെ ആയിരുന്നു. ക്രിസ്തു ഭൂമിയിലായിരുന്നപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. യഹൂദന്മാർ വളരെ മത ഭക്തരായിരുന്നു. ആ കാലത്ത് അവർ വിഗ്രഹാരാധനയെ ഒഴിവാക്കിയിരുന്നു. യെരൂശലേമിൽ ഒരു ആലയം ഉണ്ടായിരുന്നു, അവിടെ ന്യായപ്രമാണം വിശദീകരിക്കപ്പെട്ടിരുന്നു. യഹോവയെ ആരാധിച്ചിരുന്നു. എന്നിട്ടും ക്രിസ്തു അവരോട് പറഞ്ഞു, “എന്നെ അയച്ചവൻ സത്യവാനാണ്, നിങ്ങൾ അവനെ അറിയുന്നില്ല” (യോഹന്നാൻ 7:28) എന്ന്. “നിങ്ങൾ എന്നെ ആകട്ടെ എന്‍റെ  പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്‍റെ  പിതാവിനെയും അറിയുമായിരുന്നു” (യോഹന്നാൻ 8:19).  എന്നെ മഹത്വപ്പെടുത്തുന്നതു എന്‍റെ പിതാവാകുന്നു, അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു, അവനെ നിങ്ങൾ അറിയുന്നില്ല” (യോഹന്നാൻ 8:54,55). നാം ശ്രദ്ധിക്കേണ്ടത്, തിരുവെഴുത്തുകൾ കൈവശം വച്ചിരിക്കുന്നവരും, അവയെ ശ്രദ്ധാപൂർവ്വം പരിശോധിച്ചവരും, ദൈവവചനമായി അവയെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്തവരുമായ ആളുകളോടാണ് ഈ വാക്കുകൾ പറഞ്ഞിരിക്കുന്നത് എന്നാണ്! ബുദ്ധിപരമായി അവർക്ക് ദൈവത്തെക്കുറിച്ച് നല്ല പരിചയമുണ്ട്, പക്ഷേ അവർക്ക് ദൈവത്തെക്കുറിച്ചുള്ള ആത്മീയമായ അറിവില്ല.

അന്നത്തെ യഹൂദന്മാരുടെ സ്ഥിതി തന്നെയാണ് ഇന്നത്തെ ‘ക്രിസ്തീയത’ യിലും ഉള്ളത്. "വിശ്വസിക്കുന്ന" വരില്‍പോലും ദൈവത്തെക്കുറിച്ചുള്ള  അസ്വാഭാവികമായ അല്ലെങ്കിൽ ആത്മീയമായ ഈ അറിവ് പൂർണ്ണമായും കുറഞ്ഞുപോയിട്ടുണ്ട്. ഇത് എങ്ങനെ നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും?  ഒരു പഴത്തിന്‍റെ സ്വഭാവം അത് കായിക്കുന്ന  വൃക്ഷത്തിന്‍റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. ജലത്തിന്‍റെ സ്വഭാവം അത് ഒഴുകി വരുന്ന നീരുറവയുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. അതുപോലെ, ദൈവത്തെക്കുറിച്ചുള്ള പ്രകൃത്യാതീതമായ അറിവ് ഒരു  പ്രകൃത്യാതീതമായ അനുഭവം ഉളവാക്കുന്നു. ഈ  പ്രകൃത്യാതീതമായ  അനുഭവം പ്രകൃത്യാതീതമായ ഫലങ്ങൾ ഉളവാക്കുന്നു. അതായത്, ഹൃദയത്തിൽ വസിക്കുന്ന ദൈവം ജീവിതത്തെ മാറ്റുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. സ്വാഭാവികമായി ചെയ്യാൻ കഴിയാത്തതും, അതിന്‍റെ  നേർ വിപരീതവുമായ കാര്യങ്ങൾ ആണ് അപ്പോൾ സംഭവിക്കുന്നത്. ഇന്ന്, ദൈവമക്കളെന്ന് അവകാശപ്പെടുന്ന നൂറിൽ തൊണ്ണൂറ്റഞ്ച് പേരുടെയും ജീവിതത്തിലും ഇത് വ്യക്തമായി കാണാന്‍ സാധിക്കുന്നില്ല. ഒരു സാധാരണ ക്രിസ്ത്യാനിയുടെ ജീവിതത്തിൽ സ്വാഭാവികമായ കാര്യങ്ങൾ അല്ലാതെ എടുത്തു പറയത്തക്കതായി  ഒന്നുമില്ല. എന്നാൽ ഒരു യഥാർത്ഥ ദൈവപൈതലിന്‍റെ ജീവിതം തികച്ചും വ്യത്യസ്തമാണ്. വാസ്തവത്തിൽ, ആ വ്യക്തി ദൈവകൃപയുടെ ഒരു അത്ഭുതമാണ്! അവൻ “ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടി” (2 കൊരിന്ത്യർ 5:17) യാണ്. അവന്‍റെ ജീവിതവും അവന്‍റെ അനുഭവവും അസ്വാഭാവികമാണ്.

ഒരു ക്രിസ്ത്യാനിയുടെ അസ്വാഭാവികമായ അനുഭവം ദൈവത്തോടുള്ള അവന്‍റെ മനോഭാവത്തിൽ കാണാൻ കഴിയും. ദൈവാത്മാവുള്ള ഒരാൾ എന്ന നിലയിൽ,  “ദിവ്യസ്വഭാവത്തിന് കൂട്ടാളിയാ” ക്കപ്പെട്ട (2പത്രോസ് 1:4) ആളെന്ന നിലയിൽ, അവൻ ദൈവത്തെ സ്നേഹിക്കുന്നു. ദൈവീക   കാര്യങ്ങളെ സ്നേഹിക്കുന്നു, ദൈവം സ്നേഹിക്കുന്നതിനെ സ്നേഹിക്കുന്നു, ദൈവം വെറുക്കുന്നതിനെ വെറുക്കുന്നു. ഈ അസ്വാഭാവിക അനുഭവം അവനിൽ ഉളവാക്കുന്നത് ദൈവാത്മാവും ദൈവവചനവുമാണ്. പരിശുദ്ധാത്മാവ് ഒരിക്കലും വചനത്തിന് അതീതമായി  പ്രവർത്തിക്കുന്നില്ല. ദൈവാത്മാവ് വചനത്താൽ ആണ് നമ്മെ ജീവിപ്പിക്കുന്നത്, ആ വചനത്താൽ ആണ് പാപ ബോധം വരുത്തുന്നത്, ആ വചനത്താൽ ആണ് നമ്മെ വിശുദ്ധീകരിക്കുന്നത്, ആ വചനത്താൽ ആണ് നമുക്ക് സംരക്ഷണം തരുന്നത്,  ആ വചനത്താൽ ആണ് വിശുദ്ധിയിൽ വളരാനുള്ള പ്രാപ്തി നല്‍കുന്നത്. പരിശുദ്ധാത്മാവിനാൽ വചനം പ്രയോഗിക്കപ്പെടുന്നതിലൂടെ, വചന പഠനം നമ്മിൽ ഉളവാക്കുന്ന ഫലങ്ങളെ അടിസ്ഥാനമാക്കി, വചനത്തിൽ നിന്ന് എത്രത്തോളം പ്രയോജനം നേടിയിട്ടുണ്ടെന്ന് നമുക്ക് വിലയിരുത്താൻ കഴിയും. ഇനി നമുക്ക് വിശദാംശങ്ങളിലേക്ക് കടക്കാം. തിരുവെഴുത്തുകളിൽ നിന്ന് യഥാർത്ഥമായും ആത്മീയമായും പ്രയോജനം നേടുന്ന ഒരാളിൽ താഴെപ്പറയുന്ന കാര്യങ്ങള്‍ കാണപ്പെടുന്നു.

  1. ദൈവത്തിന്‍റെ അധികാരത്തെക്കുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ്.

സൃഷ്ടി കർത്താവിനും മനുഷ്യർക്കും തമ്മിലുള്ള വലിയ തർക്കം, ദൈവം ആരായിരിക്കണം എന്നതിനെ കുറിച്ചാണ്. അവനാണോ അതോ അവരാണോ?  അവന്‍റെ ജ്ഞാനമാണോ അതോ അവരുടെ ജ്ഞാനമാണോ അവരുടെ പ്രവൃത്തികളെ നിർദ്ദേശിക്കേണ്ടത്? അവന്‍റെ ഇച്ഛയാണോ അതോ അവരുടെ ഇച്ഛയാണോ പരമോന്നതമായിരിക്കുന്നത്? സൃഷ്ടികർത്താവിന്  വിധേയപ്പെട്ടിരിക്കാനുള്ള ലൂസിഫറിന്‍റെ  വിമുഖതയാണ് അവനെ പതനത്തിലേക്ക് നയിച്ചത്. “ഞാൻ സ്വർഗത്തിൽ കയറും; എന്‍റെ സിംഹാസനം ദൈവത്തിന്‍റെ  നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും… ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞത്. (യെശയ്യാവ്  14:13-14). നമ്മുടെ ആദ്യ മാതാപിതാക്കളെ നാശത്തിലേക്ക് പ്രലോഭിപ്പിച്ച സർപ്പത്തിന്‍റെ നുണയും ഇതാണ് – “നിങ്ങൾ ദൈവത്തെപ്പോലെയാകും” (ഉൽപ. 3:5). ആ നിമിഷം മുതൽ,  പ്രാകൃതമനുഷ്യന്‍റെ ഹൃദയത്തിന്‍റെ പ്രവൃത്തി ഇങ്ങനെയാണ്-   “ഞങ്ങളെ വിട്ടുപോക; നിന്‍റെ  വഴികളെ അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ഞങ്ങൾ സർവശക്തനെ സേവിപ്പാൻ അവൻ ആർ?” (ഇയ്യോബ് 21:14-15), ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ” (സങ്കീർത്തനങ്ങൾ 12:4), ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്‍റെ അടുക്കൽ വരികയില്ല എന്ന് എന്‍റെ ജനം പറയുന്നത് എന്ത്?” (യിരെമ്യാവ് 2:31).

അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നെ, ദൈവത്തിന്‍റെ ജീവനിൽനിന്ന് അകന്നു മനം തഴമ്പിച്ചുപോയവർ ആകയാൽ” (എഫെസ്യർ 4:18-19). അവന്‍റെ ഹൃദയം ദൈവത്തിന് പ്രതികൂലമാണ്,  അവന്‍റെ ഇച്ഛ ദൈവത്തിന്‍റെ ഇച്ഛയ്ക്ക് വിരുദ്ധമാണ്, അവന്‍റെ മനസ്സ് ദൈവത്തിന് വിരോധമാണ്. എന്നാൽ രക്ഷ ഇതിന് നേരെ വിപരീതമാണ്. അത് ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നതാണ്: “ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിനു നീതിമാനായി നീതികെട്ടവർക്കുവേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏല്ക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു” (1 പത്രൊസ് 3:18).  ദൈവത്തിന്‍റെ നിയമപ്രകാരം രക്ഷ ഇതിനകം പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു, എന്നാൽ പ്രായോഗികമായി അത് പൂർത്തീകരിക്കപ്പെടുന്ന പ്രക്രിയയിലാണ്. രക്ഷ എന്നാൽ തിരികെ ദൈവത്തിലേക്ക് വരിക എന്നതാണ്. നമ്മുടെ മേലുള്ള പാപത്തിന്‍റെ  ആധിപത്യം തകർക്കുക, നമ്മുടെ ഉള്ളിലെ ശത്രുത അവസാനിപ്പിക്കുക, നമ്മുടെ ഹൃദയങ്ങളെ ദൈവത്തിനായി കീഴടക്കുക എന്നിവ അതിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. യഥാർത്ഥമായി മാനസാന്തരപ്പെടുക എന്നാല്‍: എല്ലാ വിഗ്രഹങ്ങളെയും തകർക്കുക, വഞ്ചനാപരമായ ലോകത്തിന്‍റെ കെണികൾ ഉപേക്ഷിക്കുക, ദൈവത്തെ നമ്മുടെ ഭരണാധികാരിയായി, നമ്മുടെ സർവ്വസ്വമായി അംഗീകരിക്കുക എന്നതാണ്. കൊരിന്ത്യരെക്കുറിച്ച് നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ് – “അവർ മുമ്പേ തങ്ങളെത്തന്നെ കർത്താവിനു ഏല്പിച്ചു (2 കൊരിന്ത്യർ 8:5). അതുകൊണ്ട് “ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർത്തവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണയിച്ചിരിക്കുന്നു. (2 കൊരിന്ത്യർ 5:15). യഥാർത്ഥത്തിൽ മാനസാന്തരപ്പെട്ടവരുടെ ആഗ്രഹവും ദൃഢനിശ്ചയവും അതാണ്.

ദൈവത്തിന്‍റെ സത്യങ്ങൾ ഇപ്പോൾ തിരിച്ചറിയപ്പെടുന്നു , നമ്മുടെ മേലുള്ള അവന്‍റെ നീതിയുള്ള ഭരണം അംഗീകരിക്കപ്പെട്ടിരിക്കുന്നു. അവൻ നമ്മുടെ ദൈവമായി മാറിയിരിക്കുന്നു. രക്ഷിക്കപ്പെട്ടവർ ‘തങ്ങളെത്തന്നെ മരിച്ചിട്ടു ജീവിക്കുന്നവരായി ദൈവത്തിനു സമർപ്പിക്കുന്നു’. അവർ തങ്ങളുടെ അവയവങ്ങളെ ‘നീതിയുടെ ആയുധങ്ങളായി ദൈവത്തിന്’ സമർപ്പിക്കുന്നു (റോമർ 6:13). അവന്‍ നമ്മുടെ ദൈവമായിരിക്കുവാനും, അങ്ങനെ  നമ്മളാൽ സേവിക്കപ്പെടുവാനും, അവന്‍ നമ്മില്‍ നിന്ന് എന്ത് ആവശ്യപ്പെടുന്നുവോ, നാം അങ്ങനെ ആയിരുന്ന്  അവന്‍ ആഗ്രഹിക്കുന്നത് ചെയ്യുവാന്‍   പൂർണ്ണമായി നമ്മെത്തന്നെ സമർപ്പിക്കുകയും ചെയ്യുവാനാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. ലൂക്കോസ് 14:26,27,33 കാണുക. ദൈവത്തിന് തന്‍റെ  ഇഷ്ടപ്രകാരം നമ്മെ ഭരിക്കുവാനും, നമ്മോട് ആജ്ഞാപിക്കുവാനും,  നമുക്ക് നിർദ്ദേശങ്ങൾ നൽകാനും, നമ്മെ നയിക്കുവാനും,  അധികാരം ഉണ്ട്; അവന്‍റെ  ഇഷ്ടപ്രകാരം ഭരിക്കപ്പെടുവാനും, കൈകാര്യം ചെയ്യപ്പെടുവാനും, ഉപയോഗിക്കപ്പെടുവാനും നമ്മെത്തന്നെ സമർപ്പിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ദൈവത്തെ നമ്മുടെ ദൈവമാക്കുക എന്നാൽ നമ്മുടെ ഹൃദയമാകുന്ന സിംഹാസനം അവന് നൽകുക എന്നാണ് അർത്ഥമാക്കേണ്ടത്. യെശയ്യാവ് 26:13ന്‍റെ വെളിച്ചത്തിൽ അതിന്‍റെ  അർത്ഥം, ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറേ കർത്താക്കന്മാർ ഞങ്ങളുടെൽ കർത്തൃത്വം നടത്തിയിട്ടുണ്ട്; എന്നാൽ നിന്നെ മാത്രം, നിന്‍റെ  നാമത്തെ തന്നെ, ഞങ്ങൾ സ്വീകരിക്കുന്നു” (യെശയ്യാവ് 26:13,14). സങ്കീർത്തനക്കാരനോടൊപ്പം ആത്മാർത്ഥമായും കപടതയില്ലാതെയും ഇങ്ങനെ പ്രഖ്യാപിക്കുക , “ദൈവമേ, നീ എന്‍റെ ദൈവം; അതിരാവിലെ ഞാൻ നിന്നെ അന്വേഷിക്കും” (സങ്കീർത്തനം 63:1). നമ്മുടെ അനുഭവവും  യഥാർത്ഥത്തിൽ ഇതുപോലെയാണെങ്കിൽ, നമുക്ക് തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം ലഭിച്ചു എന്ന് അർത്ഥം. തിരുവെഴുത്തുകളിൽ മാത്രമേ ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ വെളിപ്പെടുത്തപ്പെടുകയും  നിവൃത്തിയാക്കപ്പെടുകയും ചെയ്യുന്നുള്ളൂ. നാം ദൈവത്തിന്‍റെ അധികാരത്തെ എത്രത്തോളം വ്യക്തമായും പൂർണ്ണമായും കാണുകയും അതിനു നമ്മെത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നുവോ അത്രത്തോളം നാം യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെടും.‍‍

  1. ദൈവ മഹത്വത്തോടുള്ള അധികമായ ഭയം

സകല ഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ” (സങ്കീർത്തനങ്ങൾ 33:8). ദൈവം നമ്മെക്കാൾ വലിയവനാണ്, അവന്‍റെ മഹത്വത്തെക്കുറിച്ചുള്ള ചിന്ത നമ്മെ വിറപ്പിക്കുന്നതാകണം. അവന്‍റെ ശക്തി എത്ര വലുതാണെന്ന് മനസ്സിലാക്കുമ്പോൾ നമുക്ക് ഭയം ഉളവാകണം. അവന്‍റെ വിശുദ്ധി നമുക്ക്  സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണെന്നും പാപത്തോടുള്ള അവന്‍റെ  അനിഷ്ടം എത്ര വലുതാണെന്നും നാം മനസ്സിലാക്കുമ്പോള്‍, പാപം ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്ത തന്നെ നമ്മെ ഭയപ്പെടുത്തും. “ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്‍റെ ചുറ്റുമുള്ള എല്ലാവർക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു” (സങ്കീർത്തനങ്ങൾ 89:7).

യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു” (സദൃശവാക്യങ്ങൾ 9:10). - 'ബുദ്ധിയുടെ ശരിയായ ഉപയോഗമാണ് ജ്ഞാനം'. നാം ദൈവത്തെ എത്രത്തോളം യഥാർത്ഥമായി അറിയുന്നുവോ അത്രത്തോളം മാത്രമേ അവനെ കുറിച്ചുള്ള ഭയം നമ്മിൽ ഉളവാകുകയുള്ളൂ. ദുഷ്ടന്മാരെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു, അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല” (റോമർ 3:18). അവന്‍റെ മഹത്വത്തെക്കുറിച്ച് ഒരു ധാരണയുമില്ല, അവൻ അവരെ ന്യായം വിധിക്കുമെന്ന ഭയവുമില്ല. എന്നാൽ താൻ  അംഗീകരിച്ച ജനത്തിന് ദൈവം ഇങ്ങനെ വാഗ്ദാനം ചെയ്തു, അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും” (യിരെമ്യാവ് 32:40). “യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷത്തെ വിട്ടകലുന്നു” (സദൃശവാക്യങ്ങൾ 16:6). ദൈവഭയത്തിൽ ജീവിക്കുന്ന ഒരാൾ ഉണർന്നിരിക്കുന്നവൻ ആണ് –“യഹോവയുടെ കണ്ണ് എല്ലാടവും ഉണ്ട്; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു” (സദൃശവാക്യങ്ങൾ 15:3). അതുകൊണ്ട് തന്നെ, ദൈവഭയം ഉള്ള വ്യക്തി തന്‍റെ വ്യക്തഗത ജീവിതത്തിലും സഭാജീവിതത്തിലും ജാഗ്രത പാലിക്കുന്നു. ആളുകൾ ശ്രദ്ധിക്കുമ്പോൾ പാപം ചെയ്യാതിരിക്കുകയും ആരും കാണാത്തപ്പോൾ പാപം ചെയ്യാൻ മടിക്കാതിരിക്കുകയും ചെയ്യുന്നവൻ ദൈവത്തെ ഭയപ്പെടാത്തവനാണ്. അതുപോലെതന്നെ,  തനിക്കു ചുറ്റും വിശ്വാസികൾ ഉള്ളപ്പോൾ നാവിനെ നിയന്ത്രിക്കുകയും മറ്റു സമയങ്ങളിൽ അങ്ങനെ ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരാൾ ദൈവത്തെ ഭയപ്പെടുന്നില്ല. ദൈവം എപ്പോഴും തന്നെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്ന ഭയഭക്തി അവനില്ല. യഥാർത്ഥത്തിൽ വീണ്ടും ജനിച്ച ഒരാൾ ദൈവത്തെ തിരസ്കരിക്കാനും അനുസരണക്കേട് കാണിക്കാനും ഭയപ്പെടുന്നു, മാത്രമല്ല അങ്ങനെ ചെയ്യാൻ ഇഷ്ടപ്പെടുന്നുമില്ല. എല്ലാ കാര്യങ്ങളിലും, എല്ലാ സ്ഥലങ്ങളിലും, എല്ലാ സമയങ്ങളിലും ദൈവത്തെ പ്രസാദിപ്പിക്കുക എന്നതായിരിക്കും അദ്ദേഹത്തിന്‍റെ യഥാർത്ഥവും ആഴമേറിയതുമായ ആഗ്രഹം. അവന്‍റെ പ്രാർത്ഥന ഇങ്ങനെ ആയിരിക്കും, നിന്‍റെ നാമത്തെ ഭയപ്പെടുവാൻ എന്‍റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ” (സങ്കീർത്തനം 86:11).

എന്നാൽ രക്ഷിക്കപ്പെട്ട ഓരോ വ്യക്തിക്കും ദൈവത്തിലുള്ള ഭയം പഠിപ്പിക്കേണ്ടതുണ്ട് (സങ്കീർത്തനം 34:11). എല്ലായ്‌പ്പോഴും എന്നപോലെ, ഈ പഠിപ്പിക്കൽ തിരുവെഴുത്തുകളിലൂടെയാണ് നമുക്ക് നൽകപ്പെടുന്നത് (സദൃശവാക്യങ്ങൾ 2:5). ആ തിരുവെഴുത്തുകളിലൂടെയാണ് ദൈവത്തിന്‍റെ  കണ്ണുകൾ നമ്മുടെ മേലുണ്ടെന്നും, അവൻ നമ്മുടെ പ്രവൃത്തികളെ തിരിച്ചറിയുന്നുണ്ടെന്നും, അവൻ നമ്മുടെ ഉദ്ദേശ്യങ്ങളെ തൂക്കിനോക്കുന്നുണ്ടെന്നും നാം മനസ്സിലാക്കുന്നത്. പരിശുദ്ധാത്മാവ് ആ തിരുവെഴുത്തുകൾ നമ്മുടെ ഹൃദയങ്ങളിൽ പ്രയോഗിക്കുമ്പോൾ, നീ എല്ലായിപ്പോഴും യഹോവാഭക്തിയോടിരിക്ക” (സദൃശവാക്യങ്ങൾ 23:17) എന്ന കൽപ്പനയോട് നാം കൂടുതൽ അനുസരണമുള്ളവരായിരിക്കും. അതുകൊണ്ട് ദൈവത്തിന്‍റെ ഉന്നതമായ മഹത്വത്തെ നാം എത്രത്തോളം ഭയപ്പെടുന്നുവോ എത്രത്തോളം നാം ജാഗരൂകരായിരിക്കുന്നുവോ, “എന്നെ കാണുന്ന ദൈവം”(ഉല്പത്തി 16:13) എന്ന ചിന്തയോടെ എത്രത്തോളം ഉണർന്നിരിക്കുന്നുവോ,  “ഭയത്തോടും വിറയലോടും കൂടെ” (ഫിലിപ്പിയർ 2:12)  എത്രത്തോളം രക്ഷയിൽ തുടരുന്നുവോ അത്രത്തോളം നാം വചന പഠനത്തിൽ നിന്ന് യഥാർത്ഥത്തിൽ പ്രയോജനം നേടുന്നവരാണ്.

  1. ദൈവത്തിന്‍റെ കൽപ്പനകളോടുള്ള അതിയായ ബഹുമാനം

ആദാം ദൈവകല്പനയെ ലംഘിച്ചതിലൂടെ പാപം ഈ ലോകത്തിൽ പ്രവേശിക്കുകയും,  വീണുപോയ അവന്‍റെ മക്കളെല്ലാം അവന്‍റെ സ്വരൂപത്തിൽ, അവന്‍റെ ദുഷ്ടസ്വഭാവം ഉള്ളവരായി ജനിക്കുകയും ചെയ്തു. (ഉൽപ. 5:3). “പാപം അധര്‍മ്മമാണ്” (1 യോഹന്നാൻ 3:4).  രാജ്യദ്രോഹവും ആത്മീയമായ അരാജകത്വവും ഇങ്ങനെയുള്ള അധര്‍മ്മങ്ങളാണ്. അത് ദൈവത്തിന്‍റെ ഭരണത്തെ തിരസ്കരിക്കുന്നതും, അവന്‍റെ അധികാരത്തെ നിരസിക്കുന്നതും,  അവന്‍റെ ഇഷ്ടത്തിനെതിരെയുള്ള മത്സരവും, നമ്മുടെ സ്വന്തം വഴി പിന്തുടരുന്നതുമാണ്. എന്നാൽ രക്ഷ എന്നത് പാപത്തിന്‍റെ  ദോഷത്തിൽ നിന്നും, പാപത്തിന്‍റെ ശക്തിയിൽ നിന്നും ശിക്ഷയിൽ നിന്നുമുള്ള മോചനമാണ്. ദൈവകൃപയുടെ ആവശ്യകത നമുക്ക് കാണിച്ചുതരുന്ന പരിശുദ്ധാത്മാവ് തന്നെ, ദൈവത്തിന്‍റെ രാജത്വം നമ്മെ ഭരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും  ബോധ്യപ്പെടുത്തുന്നു. “ഞാൻ എന്‍റെ  ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും” (എബ്രായർ 8:10). ദൈവം തന്‍റെ ജനവുമായി ചെയ്ത ഉടമ്പടിയാണിത്. വീണ്ടും ജനിച്ച ഓരോ വ്യക്തിക്കും ഒരു അനുസരണത്തിന്‍റെ  ആത്മാവ് നൽകപ്പെട്ടിരിക്കുന്നു.എന്‍റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു” (യോഹന്നാൻ 14:21) എന്ന് യേശു പറഞ്ഞു . ഇവിടെ നാം പ്രയോഗികമാക്കേണ്ട ഒരു വസ്തുത ഉണ്ട് – “നാം അവന്‍റെ കല്പനകളെ പ്രമാണിക്കുന്നുവെങ്കിൽ, നാം അവനെ അറിയുന്നു എന്നു അതിനാൽ നമുക്കു അറിയാം” (1 യോഹന്നാൻ 2:3). നമ്മിൽ ആർക്കും ഈ കല്പനകളെല്ലാം പൂർണ്ണമായി പാലിക്കാൻ കഴിയില്ല, എന്നുവരികിലും ഓരോ യഥാർത്ഥ ക്രിസ്ത്യാനിയും അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യും. അവൻ പൗലോസിനോട് ചേർന്ന്, ഉള്ളംകൊണ്ട് ഞാൻ ദൈവത്തിന്‍റെ ന്യായപ്രമാണത്തിൽ രസിക്കുന്നു” (റോമർ 7:22), എന്നും, സങ്കീർത്തനക്കാരനോട് ഒപ്പം, ഞാൻ സത്യത്തിന്‍റെ  വഴി തിരഞ്ഞെടുത്തിരിക്കുന്നു” (സങ്കീർത്തനം 119:30), എന്നും “നിന്‍റെ  ചട്ടങ്ങളെ ഞാൻ ശാശ്വതാവകാശമായി കണക്കാക്കുന്നു” (സങ്കീർത്തനം 119:111). എന്നും പറയും. ദൈവത്തിന്‍റെ അധികാരത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍, അവന്‍റെ കൽപ്പനകളെ അവഗണിക്കുന്ന വിധത്തില്‍,  ഒരു ക്രിസ്ത്യാനിക്ക്  ഒരു തരത്തിലും ന്യായപമാണത്തിന് വിധേയനാകാൻ കഴിയില്ലെന്ന് ഉറപ്പിച്ച് പറയുന്നതായ ഏതൊരു പഠിപ്പിക്കലും, അത് എത്ര മധുരമുള്ളതാണെങ്കിലും ദൂഷകനായ പിശാചിൽ നിന്നുള്ളതാണ്. ക്രിസ്തു തന്‍റെ ജനത്തെ ന്യായപ്രമാണത്തിന്‍റെ ശാപത്തിൽ നിന്ന് വീണ്ടെടുത്തു, എന്നാൽ അതിന്‍റെ കല്‍പനയിൽ നിന്നല്ല. അവൻ അവരെ ദൈവത്തിന്‍റെ ക്രോധത്തിൽ നിന്നാണ് വിടുവിച്ചത്, അവന്‍റെ വാഴ്ചയിൽ  നിന്നല്ല. "നിന്‍റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കണം" എന്ന കൽപ്പന ഒരിക്കലും റദ്ദാക്കപ്പെട്ടിട്ടില്ല,  റദ്ദാക്കപ്പെടുകയുമില്ല. 1 കൊരിന്ത്യർ 9:21-ൽ പൌലോസ് "ഞാൻ ക്രിസ്തുവിനുവേണ്ടി ന്യായപ്രമാണത്തിൻ കീഴിലാണ്" എന്ന് വ്യക്തമായി പറയുന്നു.   “അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു” (1 യോഹന്നാൻ 2:6). ക്രിസ്തു എങ്ങനെയാണ് "നടന്നത്"?  അവൻ ദൈവത്തോടുള്ള പൂർണ്ണമായ അനുസരണത്തിൽ നടന്നു,  അവന്‍റെ നിയമങ്ങൾ പൂർണ്ണമായും അനുസരിച്ചു, അവയെ ആദരിക്കുകയും, ചിന്തയിലും, വാക്കിലും, പ്രവൃത്തിയിലും അവയെ പ്രമാണിക്കുകയും ചെയ്തു. യേശു വന്നത് ന്യായപ്രമാണം നീക്കം ചെയ്യാനല്ല, നിവർത്തിക്കാനാണ് (മത്തായി 5:17). നമുക്ക് ക്രിസ്തുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത് വികാര പ്രകടനങ്ങൾ കൊണ്ടോ, മധുരമായ വാക്കുകൾ ഉപയോഗിച്ചോ അല്ല മറിച്ച് അവന്‍റെ കല്പനകൾ പ്രമാണിക്കുന്നതിലൂടെയാണ് (യോഹന്നാൻ 14:15). ക്രിസ്തുവിന്‍റെ കല്പനകൾ ദൈവത്തിന്‍റെ കല്പനകളാണ് (പുറപ്പാട് 20:6). ഒരു യഥാർത്ഥ ക്രിസ്ത്യാനി ആത്മാർത്ഥമായി ഇങ്ങനെ പ്രാർത്ഥിക്കുന്നു;  "നിന്‍റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ" (സങ്കീർത്തനങ്ങൾ 119:35). പരിശുദ്ധാത്മാവിന്‍റെ  പ്രവർത്തനത്തിലൂടെ തിരുവെഴുത്തുകളുടെ പഠനം, നമ്മില്‍ എത്രത്തോളം ദൈവകല്പനകളോടുള്ള ആഴമായ ആദരവും, അവയോടുള്ള കൂടുതൽ സ്നേഹവും, അവയോടുള്ള കൂടുതൽ സജീവമായ അനുസരണവും  ഉളവാക്കുന്നുവോ, അത്രത്തോളം പ്രയോജനം നമുക്കു  വചനത്തിൽ നിന്നും   നേടുവാന്‍ സാധിക്കും.

  1. ദൈവത്തിന്‍റെ കഴിവിലുള്ള ശക്തമായ വിശ്വാസം

ഒരു വ്യക്തി ഏതാണോ വിശ്വസിക്കുന്നത്, ആരിലാണോ ആശ്രയിക്കുന്നത് അതാണ് അവന്‍റെ ദൈവം. ചിലർ അവരുടെ ആരോഗ്യത്തിലും, ചിലർ അവരുടെ പണത്തിലും, ചിലർ അവരുടെ ആത്മവിശ്വാസത്തിലും, ചിലർ അവരുടെ സുഹൃത്തുക്കളിലും വിശ്വാസം അർപ്പിക്കുന്നു. വീണ്ടും ജനിക്കാത്ത എല്ലാവരുടെയും സവിശേഷത, അവർ മനുഷ്യനിൽ വിശ്വസിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യുന്നു എന്നതാണ്. എന്നാൽ കൃപയാൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഹൃദയങ്ങൾ  ‘സൃഷ്ടിക്കപ്പെട്ട എന്തിനെയെങ്കിലും’ ആശ്രയിക്കില്ല, മറിച്ച് ജീവനുള്ള ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നു. “എന്‍റെ ദൈവമേനിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാന്‍  ലജ്ജിച്ചുപോകരുതേ” (സങ്കീർത്തനം 25:2) , അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നെ  കാത്തിരിക്കും” (ഇയ്യോബ് 13:15) എന്നിങ്ങനെയാണ് ദൈവജനത്തിന്‍റെ ഹൃദയാഭിലാഷം. അവർ തങ്ങളുടെ ആവശ്യങ്ങൾക്കും, സുരക്ഷയ്ക്കും, അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തില്‍  ആശ്രയിക്കുന്നു. അവർ അദൃശ്യമായ ഉറവിടത്തിലേക്ക് നോക്കുന്നു, അദൃശ്യനായ ദൈവത്തിൽ വിശ്വസിക്കുന്നു, അവന്‍റെ മറഞ്ഞിരിക്കുന്ന കരങ്ങളില്‍ ചാരുന്നു.

ശരിയാണ്, അവരുടെ വിശ്വാസം ചിലപ്പോഴൊക്കെ പതറിപ്പോയേക്കാം, പക്ഷേ വീണുപോയാലും അവർ വീണ്ടും എഴുന്നേൽക്കാതിരിക്കില്ല (സങ്കീർത്തനം 37:24).  അവരുടെ എല്ലാവരുടെയും ഒരേ അനുഭവമല്ലെങ്കിലും, സങ്കീർത്തനം 56:11-ലെ വാക്കുകൾ അവരുടെ ആത്മാക്കളുടെ പൊതുവായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. “ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്‍വാൻ കഴിയും?” (സങ്കീർത്തനങ്ങൾ 56:11). കർത്താവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ” (ലൂക്കോസ് 17:5) എന്നതായിരിക്കും അവരുടെ ഏക പ്രാർത്ഥന. “ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്‍റെ  വചനത്താലും വരുന്നു” (റോമർ 10:17). നാം തിരുവെഴുത്തുകൾ പഠിക്കുകയും അവയിലെ വാഗ്ദാനങ്ങൾ ഹൃദയത്തിൽ സ്വീകരിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ വിശ്വാസം ശക്തിപ്പെടുന്നു, ദൈവത്തിലുള്ള നമ്മുടെ ആശ്രയം  വര്‍ദ്ധിക്കുന്നു, അവനിലുള്ള നമ്മുടെ ആത്മവിശ്വാസം ആഴമുള്ളതാകുന്നു. നമ്മുടെ വചന പഠനത്തിൽ നിന്ന് നമുക്ക് പ്രയോജനം ലഭിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ ഇത് നമ്മെ സഹായിക്കും.

  1. ദൈവത്തിന്‍റെ പൂർണതയിൽ സംതൃപ്തി കണ്ടെത്തൽ

ഒരു വ്യക്തി അധികമായി സന്തോഷിക്കേണ്ടത് തന്‍റെ “ദൈവത്തിൽ” തന്നെയാണ്. നിർഭാഗ്യവശാൽ, ഒരു ലൗകിക വ്യക്തി തന്‍റെ  അന്വേഷണങ്ങളിലും, സുഖഭോഗങ്ങളിലും, അധികാരത്തിനായുള്ള തന്‍റെ  പരിശ്രമത്തിലും സംതൃപ്തി കണ്ടെത്തുന്നു. അവൻ യഥാർത്ഥമായതിനെ അവഗണിക്കുകയും,  നിഴലുകൾക്കായി വെറുതെ തിരയുകയും ചെയ്യുന്നു. എന്നാൽ ഒരു ക്രിസ്ത്യാനി ദൈവത്തിന്‍റെ അത്ഭുതകരമായ പൂർണ്ണതയിൽ സന്തോഷിക്കുന്നു. ദൈവത്തെ നമ്മുടെ ദൈവമായി യഥാർത്ഥത്തിൽ സ്വന്തമാക്കുക എന്നാൽ അവന്‍റെ പരമാധികാരത്തിന് കീഴടങ്ങുക മാത്രമല്ല, ഈ ലോകത്തേക്കാൾ അവനെ സ്നേഹിക്കുകയും, എല്ലാറ്റിനുമുപരി അവനെ ആദരിക്കുകയും ചെയ്യുക എന്നതാണ്. “എന്‍റെ ഉറവുകള്‍ ഒക്കെയും നിന്നില്‍ ആകുന്നു” (സങ്കീർത്തനം 87:7) എന്ന അനുഭവപരമായ തിരിച്ചറിവ് സങ്കീർത്തനക്കാരനെപ്പോലെ നമുക്കും ഉണ്ടായിരിക്കണം. രക്ഷിക്കപ്പെട്ടവർ ഈ ലോകത്തിന് നൽകാൻ കഴിയാത്ത സന്തോഷം അനുഭവിക്കുക മാത്രമല്ല,  ദൈവത്തിൽ പ്രശംസിക്കുകയും” ചെയ്യുന്നു (റോമർ 5:11). പക്ഷേ കഷ്ടം! ലൗകിക മനുഷ്യന് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. “യഹോവ എന്‍റെ  ഓഹരി”  (വിലാപങ്ങൾ 3:24)   എന്നത് രക്ഷിക്കപ്പെട്ടവരുടെ ഹൃദയത്തിന്‍റെ നിലപാടാണ്.

ആത്മീയ അഭ്യാസങ്ങൾ  ശരീരത്തിന് മടുപ്പുളവാക്കുന്നവയാണ്, എന്നാൽ ഒരു യഥാർത്ഥ ക്രിസ്ത്യാനി പറയുന്നത് - "ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്കു നല്ലത്"  (സങ്കീർത്തനം 73:28) എന്നാണ്. ഒരു  ജഡികന് ധാരാളം തീവ്രമായ ആഗ്രഹങ്ങളും അഭിലാഷങ്ങളുമുണ്ട്, എന്നാൽ വീണ്ടും ജനിച്ച ഹൃദയം ഇങ്ങനെ പ്രഖ്യാപിക്കുന്നു - “ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാൺമാനും അവന്‍റെ  മന്ദിരത്തിൽ ധ്യാനിപ്പാനും എന്‍റെ  ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നെ” (സങ്കീർത്തനങ്ങൾ 27:4). എന്തുകൊണ്ടാണ് അങ്ങനെ? കാരണം അവന്‍റെ ഹൃദയത്തിന്‍റെ യഥാർത്ഥ സ്വഭാവം ഇങ്ങനെയാണ്-  “സ്വർഗത്തിൽ എനിക്ക് ആരുള്ളൂ? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല” (സങ്കീർത്തനങ്ങൾ 73:25). അയ്യോ, പ്രിയ വായനക്കാരാ, ദൈവത്തെ സ്നേഹിക്കാനും അവനിൽ ആനന്ദിക്കാനും നിങ്ങളുടെ ഹൃദയം ഇനിയും ആഗ്രഹിക്കുന്നില്ലെങ്കിൽ, അത് ഇപ്പോഴും ദൈവികവിഷയത്തില്‍ മരിച്ച അവസ്ഥയിൽ തന്നെയാണ്.

വിശുദ്ധന്മാരുടെ മനോഭാവം ഇങ്ങനെയാണ് – “അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്‍റെ  പ്രയത്നം നിഷ്ഫലമായിപ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്‍റെ  രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും” (ഹബക്കൂക് 3:17-18). ഓ! എന്തൊരു അസ്വാഭാവികമായ  അനുഭവം! അതെ, ഒരു ക്രിസ്ത്യാനിക്ക് തന്‍റെ എല്ലാ ഭൗമിക സ്വത്തുക്കളും നഷ്ടപ്പെട്ടാലും സന്തോഷിക്കാൻ കഴിയും. എബ്രായർ 10:34 കാണുക. തടവറകളുടെ ഇരുട്ടിൽ അടയ്ക്കപ്പെടുമ്പോഴും അവർക്ക് ദൈവത്തിന് സ്തുതി പാടാൻ കഴിയും. പ്രവൃത്തികൾ 16:25. അതുകൊണ്ട്, ഈ ലോകത്തിലെ വ്യർത്ഥമായ ആനന്ദങ്ങളിൽ നിന്ന് നിങ്ങൾ എത്രത്തോളം അകന്നു നില്ക്കുന്നുവോ, എത്രത്തോളം എല്ലാ ശ്രേഷ്ഠതകളുടെയും അടിസ്ഥാനവും സാരാംശവുമായി നിങ്ങൾ അവനെ കണ്ടെത്തുന്നുവോ, നിങ്ങളുടെ ഹൃദയം എത്രത്തോളം അവനിലേക്ക് കൂടുതൽ  ആകർഷിക്കപ്പെടുന്നുവോ,  എത്രത്തോളം നിങ്ങളുടെ മനസ്സ് അവനിൽ  നിലനിൽക്കുന്നുവോ,  എത്രത്തോളം നിങ്ങളുടെ ആത്മാവ്  അവനിൽ സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്നുവോ,  അത്രത്തോളം നിങ്ങൾ തിരുവെഴുത്തുകളിൽ നിന്ന് യഥാർത്ഥമായ പ്രയോജനം നേടുന്നവരാണ്.

  1. ദൈവത്തിന്‍റെ പദ്ധതികളോടുള്ള കൂടുതൽ അനുസരണം

പ്രതികൂല സാഹചര്യങ്ങളിൽ പരാതിപ്പെടുന്നത് സ്വാഭാവികമാണ്, എന്നാൽ ക്ഷമയോടെ സഹിക്കുന്നത് അസ്വാഭാവികമാണ് (ലേവ്യപുസ്തകം 10:3). നമ്മുടെ പദ്ധതികൾ തകിടംമറിയുമ്പോൾ നിരാശ തോന്നുക സ്വാഭാവികമാണ്, എന്നാൽ അവന്‍റെ ഹിതത്തിന് കീഴടങ്ങുന്നത് അസ്വാഭാവികകമാണ്. നമ്മുടെ സ്വന്തം വഴികളിലൂടെ നടക്കുന്നത് സ്വാഭാവികമാണ്, എന്നാൽ “എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഇഷ്ടം നിറവേറട്ടെ” എന്ന് പറയുന്നത് അസ്വാഭാവികമാണ്. മരണം പ്രിയപ്പെട്ട ഒരാളെ നമ്മിൽ നിന്ന് വേർപെടുത്തുമ്പോൾ നാം പിന്മാറി എതിരുതിരിയുന്നത് സ്വാഭാവികമാണ്, എന്നാൽ നമ്മുടെ ഹൃദയത്തിന്‍റെ ആഴങ്ങളിൽ നിന്ന് “യഹോവ തന്നു, യഹോവ എടുത്തു; യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (ഇയ്യോബ് 1:21) എന്ന് പറയുന്നത് കൂടുതൽ അസ്വാഭാവികമാണ്. നാം ദൈവത്തോട് കൂടുതൽ അടുക്കുന്നതിനനുസരിച്ച്, അവന്‍റെ ജ്ഞാനത്തെ കീർത്തിക്കാൻ  പഠിക്കുകയും അവൻ സകലവും നന്മയ്ക്കായിട്ടാണ് ചെയ്യുന്നതെന്ന്  മനസ്സിലാക്കുകയും ചെയ്യും. അങ്ങനെ ദൈവത്തിൽ ആശ്രയിച്ച് ഉറച്ചിരിക്കുന്നവരെ അവൻ “പൂർണ്ണ സമാധാനത്തിൽ” കാക്കും (യെശയ്യാവ് 26:3).  ഇതാ മറ്റൊരു ഉറപ്പായ പരീക്ഷ: നിങ്ങളുടെ ബൈബിൾ പഠനം ദൈവത്തിന്‍റെ വഴി മികച്ചതാണെന്ന തിരിച്ചറിവിലേക്ക് നിങ്ങളെ നടത്തുന്നുവെങ്കിൽ, അത് നിങ്ങളെ അവന്‍റെ അധികാരത്തിന് കീഴ്പ്പെട്ടിരിക്കാൻ പഠിപ്പിക്കുന്നുവെങ്കിൽ, എല്ലായ്പ്പോഴും എല്ലാറ്റിനും നന്ദി പറയാൻ അത് നിങ്ങളെ പ്രേരിപ്പിക്കുന്നുവെങ്കിൽ (എഫെസ്യർ 5:20), നിങ്ങൾ യഥാർത്ഥമായി വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവരാണ്.

  1. ദൈവത്തിന്‍റെ നന്മയ്ക്കായി കൂടുതൽ മനപ്പൂർവ്വമായുള്ള സ്തുതി

ദൈവത്തിൽ സംതൃപ്തി കണ്ടെത്തിയവരുടെ ഹൃദയത്തിൽ നിന്ന് പ്രവഹിക്കുന്നതാണ് സ്തുതി. “ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും; അവന്‍റെ സ്തുതി എപ്പോഴും എന്‍റെ നാവിന്മേൽ ഇരിക്കും” (സങ്കീർത്തനങ്ങൾ 34:1). ദൈവജനം അവനെ സ്തുതിക്കുന്നതിന് ഇത് എത്ര വലിയ കാരണമാണ്! അവൻ അവരെ നിത്യമായ സ്നേഹത്തോടെ സ്നേഹിക്കുകയും, അവരെ തന്‍റെ പുത്രന്മാരും അവകാശികളുമാക്കി, അവരുടെ നന്മയ്ക്കായി കരുതി, അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി,  നിത്യമായ ആനന്ദം അവരുടെ സ്വന്തമാക്കിയപ്പോൾ, അവരുടെ  സന്തോഷത്തിന്‍റെ വീണകൾ ഒരിക്കലും നിന്നുപോകരുത്. “ഇത്രയും സുന്ദരനായ” ആ ദൈവത്തിന്‍റെ കൂട്ടായ്മ ആസ്വദിക്കുമ്പോൾ അവയ്ക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല. ദൈവത്തെക്കുറിച്ചുള്ള അറിവിൽ നാം വളരുന്നതനുസരിച്ച്,  നാം അവനെ സ്തുതിക്കുക തന്നെ ചെയ്യണം (കൊലൊസ്സ്യർ 1:10). ക്രിസ്തുവിന്‍റെ വചനം നമ്മിൽ ഐശ്വര്യമായി  വസിക്കുമ്പോൾ മാത്രമേ നാം ആത്മീയ ഗീതങ്ങളാൽ നിറയപ്പെടുകയുള്ളൂ (കൊലൊസ്സ്യർ 3:16), അപ്പോൾ മാത്രമേ നമ്മുടെ ഹൃദയങ്ങൾ കർത്താവിനുവേണ്ടി സന്തോഷത്താൽ നൃത്തം ചെയ്യുകയുള്ളൂ. നമ്മുടെ ഹൃദയങ്ങൾ എത്രത്തോളം യഥാർത്ഥമായ ആരാധനയിലേക്ക് ആകർഷിക്കപ്പെടുന്നുവോ,   എത്രത്തോളം നമ്മുടെ മഹാനായ ദൈവത്തിന്  നന്ദി പറയുന്നുവോ അത്രത്തോളം ദൈവവചനം ധ്യാനിക്കുന്നതിൽ നിന്ന് നാം പ്രയോജനം നേടുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും.

 

          അദ്ധ്യായം മൂന്ന്

     തിരുവെഴുത്തുകളും ക്രിസ്തുവും

തിരുവെഴുത്തുകൾ ക്രിസ്തുവിനെ വെളിപ്പെടുത്തുന്നു

ഈ അദ്ധ്യായങ്ങളിൽ നാം ക്രമമായി പ്രായോഗിക വിഷയങ്ങളെക്കുറിച്ച് ആണ് ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന് തന്നോടുതന്നെ പൂർണ്ണമായി വെറുപ്പ് ഉളവാകുന്നതുവരെ അവൻ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങുന്നില്ല. സാത്താനാൽ വഞ്ചിക്കപ്പെട്ട് വീണുപോയ ഈ മനുഷ്യൻ, പാപത്താൽ കുരുടായിപ്പോയ അവന്‍റെ കണ്ണുകൾ തുറക്കപ്പെടുകയും അവന്‍റെ യഥാർത്ഥ സ്വഭാവം അവന് വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്നതുവരെ തന്നിൽത്തന്നെ സംതൃപ്തി കണ്ടെത്തുന്നവനാണ്. പരിശുദ്ധാത്മാവ് ആദ്യം നമ്മിൽ  പ്രവർത്തിക്കുകയും നമ്മുടെ അജ്ഞതയെയും, കാപട്യത്തെയും, ദാരിദ്ര്യത്തെയും, വീണുപോയ നമ്മുടെ സ്ഥിതിയെയും  നമുക്ക് കാണിച്ചുതരികയും, ദൈവത്തിൽ മാത്രമേ യഥാർത്ഥ ജ്ഞാനം, യഥാർത്ഥ സന്തോഷം, പൂർണ്ണമായ നന്മ, കളങ്കമില്ലാത്ത നീതി എന്നിവയുള്ളൂ എന്ന് മനസ്സിലാക്കി  അംഗീകരിക്കാൻ നമ്മെ സഹായിക്കയും ചെയ്യുന്നു. ദൈവത്തിന്‍റെ പൂര്‍ണതകളെ നാം യഥാർത്ഥത്തിൽ തിരിച്ചറിയുന്നതിനുമുമ്പ്, നമ്മുടെ അപൂർണതകളെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. ദൈവത്തിന്‍റെ പൂർണതകളെക്കുറിച്ച് ധ്യാനിക്കുന്ന ഒരു വ്യക്തി, തനിക്കും സർവ്വോന്നതനായ ദൈവത്തിനും മദ്ധ്യേ അനന്തമായ ദൂരം ഉണ്ട് എന്ന വിഷയത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കും. തന്നെക്കുറിച്ചുള്ള ദൈവത്തിന്‍റെ കർശനമായ കല്പനകളെക്കുറിച്ച് അവൻ മനസ്സിലാക്കുകയും അവ നിറവേറ്റാൻ തനിക്ക് കഴിയില്ലെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ, വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി മറ്റൊരു "വ്യക്തി" അവയെല്ലാം പൂർണ്ണമായി നിറവേറ്റി എന്ന് കേൾക്കുമ്പോൾ അവൻ ആ സുവിശേഷം വിശ്വസിക്കാൻ തയ്യാറാകുന്നു.

നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു... അവ എനിക്കു സാക്ഷ്യം പറയുന്നു” എന്ന് കർത്താവായ യേശു പറഞ്ഞു (യോഹന്നാൻ 5:39). നശിച്ചു പോകുന്ന പാപികൾക്ക് ക്രിസ്തു മാത്രമാണ് രക്ഷകൻ എന്നും, ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള ഏക മധ്യസ്ഥൻ അവനാണെന്നും, പിതാവിന്‍റെ  അടുത്തേക്കുള്ള ഏക മാർഗം അവനാണെന്നും ആ തിരുവെഴുത്തുകൾ പ്രഖ്യാപിക്കുന്നു. അവന്‍റെ പൂർണതകൾ എത്ര അത്ഭുതകരമാണെന്നും, അവൻ ചെയ്യുന്ന വിവിധ പ്രവൃത്തികൾ എത്ര മഹത്വമുള്ളതാണെന്നും, അവൻ നിവർത്തിച്ച രക്ഷണ്യവേല എത്ര പര്യാപ്തമാണെന്നും തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നു. തിരുവെഴുത്തുകൾ അല്ലാതെ മറ്റൊന്നും അവനെ വെളിപ്പെടുത്തുന്നില്ല. അവയാണ് അവനെ കുറിച്ച് പ്രഖ്യാപിക്കുന്നത്. ക്രിസ്തുവിനെക്കുറിച്ചുള്ള കാര്യങ്ങൾ പരിശുദ്ധാത്മാവ് തന്‍റെ ജനത്തെ അറിയിക്കുമ്പോള്‍, എഴുതപ്പെട്ടതായ കാര്യങ്ങള്‍ അല്ലാതെ  മറ്റൊന്നും അവൻ നമ്മുടെ ആത്മാക്കൾക്ക് വെളിപ്പെടുത്തുന്നില്ല. തിരുവെഴുത്തുകളുടെ താക്കോല്‍ ക്രിസ്തു ആണെന്നത് എത്ര സത്യമാണോ, “ക്രിസ്തുവിന്‍റെ മർമ്മം” (എഫേസ്യർ 3:4)  വിവരിക്കുന്നത്   തിരുവെഴുത്തുകൾ തന്നെയാണെന്നുള്ളതും അത്രതന്നെ സത്യമാണ്.

തിരുവെഴുത്തുകൾ വായിക്കുന്നതിലൂടെയും പഠിക്കുന്നതിലൂടെയും നാം എത്രത്തോളം പ്രയോജനം നേടുന്നുവെന്ന് നിർണ്ണയിക്കാൻ, ക്രിസ്തു നമ്മുടെ ഹൃദയങ്ങൾക്ക് എത്രത്തോളം വാസ്തവവും വിലപ്പെട്ടതുമാണെന്ന് നാം കണ്ടെത്തണം. “കൃപയിൽ വളരുക” എന്ന പ്രയോഗത്തിന്‍റെ അർത്ഥം നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരുക എന്നതാണ് (2 പത്രോസ് 3:18). അപ്പോസ്തലനായ പൗലോസിന്‍റെ ഉന്നതമായ ആഗ്രഹം ക്രിസ്തുവിനെ “അറിയുക” എന്നതായിരുന്നു (ഫിലിപ്പിയർ 3:10,11) – അവൻ കർത്താവിനെ അത്രയധികം വാഞ്ഛിച്ചതിനാൽ, തനിക്ക് ലാഭകരമായതെല്ലാം അപ്രധാനമായി കണക്കാക്കി. എന്നാൽ ഇവിടെ നാം ശ്രദ്ധിക്കേണ്ട വിഷയം, ഇവിടെ പറഞ്ഞിരിക്കുന്ന “അറിവ്” ബൗദ്ധികമോ സൈദ്ധാന്തികമോ ആയ അറിവല്ല, മറിച്ച് ആത്മീയവും അനുഭവപരവുമാണ്, അത് പൊതുവായ അറിവല്ല,  വ്യക്തിപരമായ അറിവാണ്. പരിശുദ്ധാത്മാവിന്‍റെ  പ്രവർത്തനത്തിലൂടെ വീണ്ടും ജനിച്ച ഹൃദയത്തിന് നൽകപ്പെടുന്ന, ഈ ലോകത്തിന് അതീതമായ  “ജ്ഞാനം” ആണിത്. ഇങ്ങനെ ക്രിസ്തുവിനെക്കുറിച്ചുള്ള തിരുവെഴുത്തുകൾ പരിശുദ്ധാത്മാവ് നമുക്ക് വിശദീകരിക്കുകയും അവ പ്രായോഗികമാക്കുവാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

ഒരു വിശ്വാസിക്ക് തിരുവെഴുത്തുകളിലൂടെ ലഭിക്കുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള അറിവ്, അയാളുടെ വ്യത്യസ്ത സാഹചര്യങ്ങൾക്കും, ആവശ്യങ്ങൾക്കും അനുസരിച്ച് പല നിലകളിൽ പ്രയോജനകരമാകുന്നു. ഉദാഹരണമായി, യിസ്രായേല്‍ ജനം മരുഭൂമിയിൽ അലഞ്ഞുനടന്നപ്പോൾ ദൈവം അവർക്ക് നൽകിയ ‘മന്നയെ’ക്കുറിച്ച് “ചിലർ ഏറെയും ചിലർ കുറെയും പെറുക്കി (പുറപ്പാട് 16:17) എന്നാണ് എഴുതിയിരിക്കുന്നത്. മന്ന പ്രതീകമായിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ച് നാം ശേഖരിക്കുന്ന അറിവിന്‍റെ കാര്യത്തിലും ഇത് സത്യമാണ്. നമ്മുടെ എല്ലാ സാഹചര്യങ്ങൾക്കും, എല്ലാ സന്ദര്‍ഭങ്ങൾക്കും, എല്ലാ ആവശ്യങ്ങൾക്കും - ഇപ്പോഴും എല്ലായ്പ്പോഴും - തികച്ചും പര്യാപ്തമായത് ക്രിസ്തുവെന്ന അത്ഭുതവാനായ വ്യക്തിയിലുണ്ട്. പക്ഷേ നമ്മൾ അത് തിരിച്ചറിയാൻ താമസമുള്ളവരും, അതിനുവേണ്ടി പ്രവർത്തിക്കുന്ന കാര്യത്തിൽ മന്ദഗതി ഉള്ളവരുമാണ്. എല്ലാ സാഹചര്യങ്ങളിലും നാം കൃപമേല്‍ കൃപ പ്രാപിക്കുന്നതിനായി  ക്രിസ്തുവിൽ വേണ്ടത്ര സമൃദ്ധിയുണ്ട്; (യോഹന്നാൻ 1:16); എന്നാൽ നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്ക് ഭവിക്കട്ടെ (മത്തായി 9:29) എന്ന വിശ്വാസ പ്രമാണം തന്നെയാണ് ക്രിസ്തുയേശുവിലുള്ള കൃപയിൽ നാം എത്രത്തോളം ശക്തരാണ് എന്നത് നിർണ്ണയിക്കുന്നതും (2 തിമോത്തി 2:1).

  1. ക്രിസ്തുവിന്‍റെ ആവശ്യകത  മനസ്സിലാക്കുമ്പോൾ മാത്രമേ ഒരു വ്യക്തി തിരുവെഴുത്തുകളിൽ നിന്നുള്ള പ്രയോജനം നേടുകയുള്ളൂ.

മനുഷ്യൻ തന്‍റെ സ്വാഭാവിക അവസ്ഥയിൽ താന്‍ സ്വയം പര്യാപ്തനാണെന്ന് കരുതുന്നു. ദൈവവുമായുള്ള തന്‍റെ ബന്ധം അത്ര നല്ലതല്ലെന്ന തിരിച്ചറിവ് അവന് ഉണ്ട് എന്നത് വാസ്തവമാണ്. എന്നിരുന്നാലും, ദൈവവുമായി സമാധാനത്തിലാകാൻ ഒരാൾക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് സ്വയം ബോധ്യപ്പെടുത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കയീൻ സ്ഥാപിച്ച ഈ മതപരമായ "വഴിയിൽ" (യൂദാ 11) ഇപ്പോഴും പലരും നടക്കുന്നു. മതപരമായ കാര്യങ്ങളിൽ മുഴുകിയിരിക്കുന്ന ഒരു വ്യക്തിയോട്, ജഡസ്വഭാവമുള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല (റോമർ 8:8) എന്ന് പറഞ്ഞാൽ ആ വ്യക്തി കോപിക്കാന്‍ സാദ്ധ്യതയുണ്ട്. നമ്മുടെ എല്ലാ നീതിപ്രവൃത്തികളും കറ പുരണ്ട തുണിപോലെയാണ് (യെശയ്യാവ് 64:6) എന്ന സത്യം ആ വ്യക്തിയുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ, അവന്‍റെ കപട നാഗരികത ഉടൻ തന്നെ കോപത്തിന് വഴിമാറും. ക്രിസ്തു ഈ ഭൂമിയിലായിരുന്നപ്പോഴും ഇതുതന്നെ ആണ് സംഭവിച്ചത്.  മതപരമായ ആചാരങ്ങളിൽ ഏറ്റവും ഉത്സുകരായിരുന്ന യഹൂദന്മാർക്ക് പോലും, തങ്ങൾ “നശിച്ചവരാ”ണെന്നുള്ള തിരിച്ചറിവോ, ശക്തനായ ഒരു രക്ഷകന്‍റെ ആവശ്യം ഉണ്ടെന്നുള്ള ബോദ്ധ്യമോ ഉണ്ടായിരുന്നില്ല.

ദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല (മത്തായി 9:12). തിരുവെഴുത്തുകളുടെ പ്രയോഗത്തിലൂടെ, പാപികളുടെ ദാരുണമായ അവസ്ഥയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുന്നതും, അവരിൽ ഒരു നന്മയുമില്ലെന്നും,അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉളളൂ”, (യെശയ്യാവ് 1:6), എന്നും കാണിച്ചുകൊടുക്കുന്നതും പരിശുദ്ധാത്മാവാണ്. നമ്മുടെ പാപങ്ങൾ, ദൈവത്തോടുള്ള നമ്മുടെ നന്ദിയില്ലായ്മ, നമ്മുടെ പിറുപിറുപ്പ്, അവനിൽ നിന്ന് നാം അകന്നുപോയത്, അവന്‍റെ കൽപ്പനകൾ, നമ്മുടെ സ്നേഹം, അനുസരണം, ആരാധന ഇവ സ്വീകരിക്കാനുള്ള അവന്‍റെ അവകാശം, അവനു അർഹമായ മഹത്വം എന്നിവയെക്കുറിച്ച് പരിശുദ്ധാത്മാവ് നമ്മെ ബോധ്യപ്പെടുത്തുമ്പോൾ മാത്രമേ, ക്രിസ്തു നമ്മുടെ ഏക പ്രത്യാശയാണെന്നും, നാം അവന്‍റെ അടുക്കൽ അഭയം കണ്ടെത്തുന്നില്ലെങ്കിൽ, ദൈവത്തിന്‍റെ  നീതിയുള്ള കോപം നമ്മുടെ മേൽ പതിക്കുമെന്നും നമുക്ക് മനസ്സിലാക്കാൻ കഴിയൂ.

ഈ തിരിച്ചറിവ് മാനസാന്തരത്തിന്‍റെ ആദ്യ അനുഭവത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. വീണ്ടും ജനിച്ച ആത്മാവിൽ പരിശുദ്ധാത്മാവ് തന്‍റെ  കൃപാകര പ്രവൃത്തി എത്രത്തോളം ആഴത്തിൽ ചെയ്യുന്നുവോ, അത്രയധികം ആ വ്യക്തി തന്‍റെ ഉള്ളിലെ മാലിന്യം, പാപം, കാപട്യം എന്നിവയെക്കുറിച്ച് ബോധമുള്ളവനായിരിക്കും; അത്ര അധികമായി, തന്നെ എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്ന ആ അതിവിശുദ്ധ രക്തത്തിന്‍റെ മൂല്യവും ആവശ്യകതയും അവൻ കണ്ടെത്തുകയും ചെയ്യുന്നു. ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയാണ് പരിശുദ്ധാത്മാവിന്‍റെ പണി. അതിനായി അവന്‍ ചെയ്യുന്നത്, ക്രിസ്തു ആർക്കുവേണ്ടിയാണോ മരിച്ചത് അവരുടെ കണ്ണുകൾ തുറക്കുകവഴി ദുഷിച്ച് നാറിയതും, നരകപ്രാപ്തരുമായ, ഭാഗ്യഹീനർക്ക് അവൻ എങ്ങനെ മതിയായവൻ ആകുന്നു എന്ന് കാണിച്ചുകൊടുക്കുക എന്നതാണ്. ക്രിസ്തുവിനെ നമുക്ക് എത്രത്തോളം ആവശ്യമാണെന്ന് നാം തിരിച്ചറിയുന്നുവോ അത്രത്തോളം നാം തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നവരാണ്.

  1. തിരുവെഴുത്തുകൾ മൂലം ഒരു വ്യക്തിക്ക് ക്രിസ്തു കൂടുതൽ യാഥാർത്ഥ്യമാക്കുമ്പോൾ ആണ് ആ വ്യക്തി അവയിൽ നിന്ന് പ്രയോജനം നേടുന്നത്.

ദൈവം കല്പിച്ച ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പുറമെയുള്ള  കാര്യങ്ങൾ മാത്രമേ യിസ്രായേൽ ജനതയിൽ ഭൂരിഭാഗവും കണ്ടുള്ളൂ. എന്നാല്‍ അവരില്‍ നിന്നും വീണ്ടും ജനിച്ച ഒരു ശേഷിപ്പിന് മാത്രം അവയില്‍ ക്രിസ്തുവിനെ കാണുവാന്‍ സാധിച്ചു. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്, “അബ്രഹാം എന്‍റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു” (യോഹന്നാൻ 8:56) എന്ന്. മോശെ ഈജിപ്തിലെ നിക്ഷേപങ്ങളെക്കാൾ വലിയ ധനമായി "ക്രിസ്തുവിന്‍റെ നിന്ദ" തിരഞ്ഞെടുത്തു (എബ്രായർ 11:26). ക്രൈസ്തവലോകത്തിലും ഇതുതന്നെയാണ് സ്ഥിതി. പലരും ക്രിസ്തുവിനെ കേവലം ഒരു വ്യക്തിയായി മാത്രം കാണുന്നു, കൂടിപ്പോയാൽ അവന്‍ ഒരു ചരിത്രപുരുഷനാണെന്നു പറയും. അവർക്ക് അവനുമായി വ്യക്തിപരമായ യാതൊരു ബന്ധവുമില്ല. അവർ അവനുമായി ഒരു ആത്മീയ കൂട്ടായ്മയും ആസ്വദിക്കുന്നില്ല. അവന്‍റെ  ശ്രേഷ്ഠതയെക്കുറിച്ച് അനുഭവപരമായി സംസാരിക്കുന്ന, ആരെയും മൗലികവാദിയായോ ഭ്രാന്തനായോ  കണക്കാക്കുന്നു. ക്രിസ്തു അവർക്ക് ഒരു യാഥാർത്ഥ്യമല്ല, മറിച്ച് അവ്യക്തവും അവാസ്തവവും അദൃശ്യവുമാണ്. എന്നാൽ ഒരു യഥാർത്ഥ ക്രിസ്ത്യാനിയുടെ അനുഭവം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ്. അദ്ദേഹത്തിന്‍റെ  ഹൃദയത്തിന്‍റെ  നിലപാട് ഇപ്രകാരമാണ്:

“യേശുവിന്‍റെ ശബ്ദം ഞാൻ കേട്ടു

യേശുവേ നീ മതി എന്നു ഞാൻ പറഞ്ഞു

യേശുവിന്‍റെ മുഖം ഞാൻ കണ്ടു

എന്‍റെ ആത്മാവ് സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു.”

 

എന്നിരുന്നാലും ഈ ആനന്ദകരമായ ദർശനം വിശുദ്ധന്മാർക്ക് മാറ്റമില്ലാത്ത സ്ഥിരമായ ഒരു അനുഭവമാണെന്ന് പറയാനാവില്ല. സൂര്യനും ഭൂമിക്കും ഇടയിൽ മേഘങ്ങൾ വരുന്നതുപോലെ, പരാജയങ്ങൾ ക്രിസ്തുവുമായുള്ള നമ്മുടെ കൂട്ടായ്മയെ തടസ്സപ്പെടുത്തുകയും അവന്‍റെ മുഖപ്രകാശം നമ്മിൽ നിന്ന് അകറ്റുകയും ചെയ്യുന്നു. എന്‍റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതാവ് സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ച് അവന് എന്നെത്തന്നെ വെളിപ്പെടുത്തും” (യോഹന്നാൻ 14:21). കൃപയാൽ അനുസരണത്തിന്‍റെ  മാർഗ്ഗത്തിൽ നടക്കുന്നവർക്കാണ് കർത്താവായ യേശു തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. ഇങ്ങനെയുള്ള വെളിപ്പാട് എത്ര അധികമായി ദീർഘ കാലം നിലനിൽക്കുന്നുവോ അത്രത്തോളം അനുഭവപരമായി നാം അവനെ അറിയുന്നു. അപ്പോഴാണ് നമുക്കും ഇയ്യോബിനോട് ചേർന്ന്,ഞാൻ നിന്നെക്കുറിച്ച് ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളൂ; ഇപ്പോഴോ, എന്‍റെ  കണ്ണാൽ നിന്നെ കാണുന്നു (ഇയ്യോബ് 42:5) എന്ന് പറയാൻ കഴിയുന്നത്. അതുകൊണ്ട് ക്രിസ്തു എനിക്ക് എത്രത്തോളം ജീവിക്കുന്ന ഒരു യാഥാർത്ഥ്യമാകുന്നുവോ അത്രത്തോളം ഞാൻ വചനത്തിൽ നിന്ന് പ്രയോജനം നേടുന്നു എന്ന് പറയാം.

  1. ക്രിസ്തുവിന്‍റെ പൂർണതകളിൽ (ഗുണലക്ഷണങ്ങള്‍) ഒരു വ്യക്തി എത്രത്തോളം മുഴുകിപോകുന്നുവോ അത്രത്തോളം ആ വ്യക്തി തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നു.

ആദ്യം, ഒരു ആവശ്യബോധം നമ്മെ ക്രിസ്തുവിങ്കലേയ്ക്ക് നടത്തുന്നെങ്കിലും,  പിന്നീട് അവന്‍റെ  ശ്രേഷ്ഠതയെക്കുറിച്ചുള്ള തിരിച്ചറിവ് അവനെ അനുഗമിക്കുവാൻ കൂടുതൽ നിർബന്ധിക്കുന്നു. ക്രിസ്തു നമുക്ക് എത്രത്തോളം യാഥാർത്ഥ്യമാകുന്നുവോ അത്രത്തോളം നാം അവന്‍റെ  പൂർണതകളിലേക്ക് ആകർഷിക്കപ്പെടുന്നു. ആദ്യം, നാം അവനെ രക്ഷകനായി മാത്രമേ തിരിച്ചറിയുന്നുള്ളൂ, എന്നാൽ പിന്നീട് പരിശുദ്ധാത്മാവ് നമ്മുടെ കൺമുന്നിൽ ക്രിസ്തുവിനെക്കുറിച്ച് കൂടുതൽ വിഷയങ്ങൾ വെളിപ്പെടുത്തുമ്പോൾ, അവന്‍റെ തലയിൽ "അനേകം കിരീടങ്ങൾ" ഉണ്ടെന്ന് നാം കണ്ടെത്തുന്നു. “അവന്‍ അദ്ഭുതമന്ത്രി എന്ന് പേര്‍ വിളിക്കപ്പെടും” എന്ന് പണ്ടു തന്നെ അവനെക്കുറിച്ച് എഴുതപ്പട്ടിരിക്കുന്നു (യെശയ്യാവ് 9:6). തിരുവെഴുത്തുകളിന്‍ പ്രകാരം അവന്‍ ആരാണെന്നതു മനസ്സിലാക്കുവാന്‍ അവന്‍റെ പേര് നമ്മെ സഹായിക്കുന്നു. അവന്‍റെ അധികാരങ്ങൾ അവയുടെ എണ്ണത്തിലും വൈവിധ്യത്തിലും പര്യാപ്തതയിലും അത്ഭുതകരമാണ്. ആവശ്യസമയത്ത് എപ്പോഴും നിങ്ങളോടൊപ്പമുള്ള ഒരു സഹോദരനെക്കാൾ അടുത്ത് പറ്റിനിൽക്കുന്ന ഒരു സുഹൃത്താണ് അവൻ. നമ്മുടെ ബലഹീനതകളിൽ അനുകമ്പ തോന്നുന്ന മഹാനായ മഹാപുരോഹിതനാണ് യേശു. സാത്താൻ നമ്മെ കുറ്റപ്പെടുത്തുമ്പോഴെല്ലാം നമുക്കുവേണ്ടി പിതാവിനോട് വാദിക്കുന്ന വക്കീലാണ് അവൻ.

ക്രിസ്തുവിൽ തന്നെ മുഴുകുകയും, ‘മറിയ’ യെ പോലെ അവന്‍റെ കാല്കൽ ഇരിക്കുകയും, അവന്‍റെ സമൃദ്ധിയാൽ പോഷിപ്പിക്കപ്പെടുകയും ചെയ്യേണ്ടത് നമുക്ക് എത്രയോ ആവശ്യമായിരിക്കുന്നു. നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശു (എബ്രായർ 3:1) ആയിരിക്കണം നമ്മുടെ സന്തോഷത്തിന്‍റെ പ്രധാന കാരണം. അവനുമായി  നമുക്കുള്ള പല നിലയിലുള്ള ബന്ധങ്ങളെക്കുറിച്ച് ധ്യാനിക്കുക, അവന്‍  വാഗ്ദാനം ചെയ്ത കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുക, നമ്മോടുള്ള അവന്‍റെ അത്ഭുതകരവും മാറ്റമില്ലാത്തതുമായ സ്നേഹത്തിൽ മുഴുകുക എന്നിവ  നമ്മുടെ സന്തോഷത്തിന്‍റെ പ്രധാന കാരണങ്ങളായി മാറണം. അങ്ങനെ ചെയ്യുമ്പോൾ, ഈ ലോകത്തിലെ വശീകരണ ശബ്ദങ്ങൾക്ക് നമ്മുടെ ശ്രദ്ധയെ  ആകർഷിക്കാൻ കഴിയാത്തവിധം നാം കർത്താവിൽ വളരെയധികം ആനന്ദിക്കുന്നവരാകും. ഓ വായനക്കാരാ, നിങ്ങളുടെ സ്വന്തം അനുഭവത്തിൽ എപ്പോഴെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? ക്രിസ്തു നിങ്ങളുടെ ഹൃദയത്തിന് പതിനായിരങ്ങളിൽ ഏറ്റവും സുന്ദരനാണോ? ക്രിസ്തു നിങ്ങളുടെ ഹൃദയത്തെ കീഴടക്കിയിട്ടുണ്ടോ? അവനോടൊപ്പം ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതും അവനിൽ തന്നെ മുഴുകിയിരിക്കുന്നതും നിങ്ങൾക്ക് ഏറ്റവും സന്തോഷം നൽകുന്ന ഒന്നാണോ? അങ്ങനെ അല്ലെങ്കിൽ, തീർച്ചയായും നിങ്ങളുടെ ബൈബിൾ പഠനം കൊണ്ട് നിങ്ങൾക്ക് വലിയ പ്രയോജനമൊന്നും നേടുവാന്‍ സാധിക്കുകയില്ല!

  1. ക്രിസ്തു ഒരു വ്യക്തിക്ക് വിലപ്പെട്ടവനായിരിക്കുമ്പോൾ മാത്രമേ ആ വ്യക്തി തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുകയുള്ളൂ.

വിശ്വസിക്കുന്നവർക്ക് ക്രിസ്തു വിലയേറിയവനാണ് (1 പത്രോസ് 2:7).  എന്‍റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു” (ഫിലിപ്പിയർ 3:8). “അവന്‍റെ നാമം അവർക്ക് സുഗന്ധതൈലം പോലെയാണ് (ഉത്തമഗീതം 1:3). അന്നത്തെ ദേവാലയത്തിന്‍റെ ഭംഗിയിലും ശലോമോന്‍റെ ജ്ഞാനത്തിലും മഹത്വത്തിലും പ്രകടമായ ദൈവത്തിന്‍റെ മഹത്വം ഭൂമിയുടെ അറ്റങ്ങളിൽ നിന്നുള്ള ആരാധകരെ ആകർഷിച്ചതുപോലെ, ആ മഹത്വത്തിന്‍റെ  പ്രതീകമായ ക്രിസ്തുവിന്‍റെ അതുല്യമായ ശ്രേഷ്ഠത അവന്‍റെ ജനത്തിന്‍റെ  ഹൃദയങ്ങളെ കൂടുതൽ ശക്തിയോടെ അവനിലേക്ക് ആകർഷിക്കുന്നു. സാത്താന് ഇത് നന്നായി അറിയാം, അതുകൊണ്ടാണ് ക്രിസ്തുവിനും അവിശ്വാസികള്‍ക്കും ഇടയില്‍ ഈ ലോകത്തിലെ പ്രലോഭനങ്ങളെ  വച്ചുകൊണ്ട് അവരുടെ മനസ്സിനെ കുരുടാക്കുന്നതിൽ അവൻ നിരന്തരം മുഴുകിയിരിക്കുന്നത്.  ഒരു വിശ്വാസിയോട് പോരാടുവാനും ദൈവം അവനെ അനുവദിക്കുന്നു, എന്നാൽ, പിശാചിനോട് എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും (യാക്കോബ് 4:7) എന്ന് എഴുതിയിരിക്കുന്നു. സ്ഥിരതയും, നിർദ്ദിഷ്ടമായ പ്രാർത്ഥനാ ജീവിതവും  ഉള്ളവരായി അവനെ എതിർക്കുകയും, ക്രിസ്തുവിനോടുള്ള നിങ്ങളുടെ സ്നേഹം വർദ്ധിപ്പിക്കാൻ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുകയും ചെയ്യുക.

ക്രിസ്തുവിന്‍റെ പൂർണതകളെക്കുറിച്ച് നാം എത്രത്തോളം ചിന്തിക്കുന്നുവോ  അത്രത്തോളം നാം അവനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങൾ അവനുവേണ്ടി വാഞ്ഛിക്കാത്തതിന്‍റെ കാരണം, അവനുമായി നമുക്ക് അനുഭവപരമായ ബന്ധം ഇല്ലാത്തതാണ്. എന്നാൽ ഒരു ക്രിസ്ത്യാനി ക്രിസ്തുവുമായി ദിവസം തോറും യഥാർത്ഥമായ കൂട്ടായ്മാ ബന്ധം വളർത്തിയെടുക്കുമ്പോൾ, അയാൾക്ക് സങ്കീർത്തനക്കാരനോട് ചേർന്ന് ഇങ്ങനെ പറയാൻ കഴിയും: സ്വർഗത്തിൽ എനിക്ക് ആരുള്ളൂ? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല” (സങ്കീർത്തനങ്ങൾ 73:25). ഇതാണ് യഥാർത്ഥ ക്രിസ്തീയതയുടെ സാരാംശം; ക്രിസ്തീയതയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്ന സവിശേഷതയാണിത്. തീക്ഷ്ണതയുള്ള സ്വയനീതിക്കാരായ ആളുകൾ തുളസി, ചതകുപ്പ, ജീരകം എന്നിവയിൽ ദശാംശം നൽകുന്നതിൽ ഉറ്റിരിക്കാം (മത്തായി 23:23). കൂടാതെ ഒരാളെ അവരുടെ മതത്തിലേക്ക് ചേർക്കാനായി കരയും കടലും ചുറ്റി നടക്കുന്നതിൽ മുഴുകിയിരിക്കാം (മത്തായി 23:15), എന്നിരുന്നാലും അവർക്ക് ക്രിസ്തുവിൽ ദൈവസ്നേഹം ഉണ്ടാകണമെന്നില്ല. ദൈവം ഹൃദയത്തെയാണ് നോക്കുന്നത്. "മകനേ, നിന്‍റെ  ഹൃദയം എനിക്ക് തരിക" (സദൃശവാക്യങ്ങൾ 23:26) എന്നത് ദൈവത്തിന്‍റെ  കല്പനയാണ്. ക്രിസ്തു നമുക്ക് എത്രത്തോളം വിലപ്പെട്ടവനാണോ അത്രത്തോളം നാം അവനിൽ സംതൃപ്തരായിരിക്കും.

  1. തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്ന ഒരാൾക്ക് ക്രിസ്തുവിലുള്ള വിശ്വാസം വര്‍ദ്ധിക്കുന്നു.

വിശ്വാസം രണ്ട് തരത്തിലുണ്ട് - ഒന്ന് ‘അല്പവിശ്വാസം' (മത്തായി 8:26) രണ്ട് 'വലിയ വിശ്വാസം' (മത്തായി 8:10). 'വിശ്വാസത്തിന്‍റെ പൂർണ്ണ നിശ്ചയം' പ്രാപിച്ച് (എബ്രായർ 10:22), 'പൂർണ്ണഹൃദയത്തോടെ കർത്താവിൽ ആശ്രയിച്ച്' (സദൃശവാക്യങ്ങൾ 3:5), 'മേല്കുമേൽ ബലം പ്രാപിച്ച്’ (സങ്കീർത്തനം 84:7), 'വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും’ (റോമർ 1:17) എന്നിങ്ങനെ നാം വായിക്കുന്നു. നമ്മുടെ വിശ്വാസം എത്ര  ശക്തവും സ്ഥിരതയുള്ളതുമാണോ അത്രയും കർത്താവായ യേശുവിന്‍റെ നാമം മഹത്വപ്പെടുന്നു. നാലു സുവിശേഷങ്ങളും നാം സൂക്ഷ്മമായി വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം നമ്മുടെ രക്ഷിതാവിനെ സന്തോഷിപ്പിച്ചത് തന്നിൽ വിശ്വാസം അർപ്പിച്ച ചുരുക്കം ചിലർക്കുള്ള ഉറച്ച വിശ്വാസമല്ലാതെ മറ്റൊന്നുമല്ല എന്നതാണ്. നമ്മുടെ കർത്താവും   വിശ്വാസത്താൽ ആണ് ജീവിക്കുകയും നടക്കുകയും ചെയ്തത്; നാമും എത്രത്തോളം അവനെപ്പോലെ ജീവിക്കുകയും നടക്കുകയും ചെയ്യുന്നുവോ അത്രത്തോളം നാം നമ്മുടെ നേതാവിനെ അനുഗമിക്കുന്നവരാകും. എല്ലാറ്റിനുമുപരി, ശ്രദ്ധയോടെയും ഉണർവോടെയും നിരന്തരമായ പ്രാർത്ഥനയോടെയും നാം അവനോട് അപേക്ഷിക്കേണ്ട ഒരു കാര്യമുണ്ട് – ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചു തരേണമേഎന്ന്. "നിങ്ങളുടെ വിശ്വാസം ഏറ്റവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു" (2 തെസ്സലോനിക്യർ 1:3) എന്ന് തെസ്സലോനിക്യയിലെ വിശുദ്ധന്മാരോട് പൗലോസിന് പറയാൻ കഴിഞ്ഞു.

ക്രിസ്തുവിനെ അറിയുന്നതുവരെ നമുക്ക് അവനെ വിശ്വസിക്കാൻ കഴിയില്ല. അവനെക്കുറിച്ച് നാം കൂടുതൽ അറിയുന്തോറും, അവനിൽ കൂടുതൽ ആശ്രയിക്കുന്നു, നിന്‍റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും (സങ്കീർത്തനം 9:10). ക്രിസ്തു നമ്മുടെ ഹൃദയത്തിന് എത്രത്തോളം യാഥാർത്ഥ്യം ആകുന്നുവോ, അവന്‍റെ വിവിധങ്ങളായ പൂർണതകളെ അംഗീകരിക്കുന്നതിലൂടെ അവൻ നമുക്ക് എത്രത്തോളം വിലപ്പെട്ടവനായി തീരുന്നുവോ, അത്രത്തോളം അവനിലുള്ള നമ്മുടെ വിശ്വാസവും ശക്തി പ്രാപിക്കുന്നു. നമ്മുടെ വിശ്വാസം ശക്തി പ്രാപിക്കുന്നത് നാം ദിവസവും ശ്വസിക്കുന്നതുപോലെ സ്വാഭാവികമായ ഒരു വിഷയമായി മാറും. ക്രിസ്തീയ ജീവിതം വിശ്വാസത്താൽ ജീവിക്കേണ്ട ജീവിതമാണ് (2 കൊരിന്ത്യർ 5:7). ആ വാക്കിന്‍റെ അർത്ഥം തുടർമാനമായ പുരോഗതി, ഭയത്തിൽ നിന്നുള്ള വിടുതൽ, ദൈവം വാഗ്ദാനം ചെയ്തതെല്ലാം നിറവേറ്റുമെന്ന ദൃഢമായ നിശ്ചയം എന്നിവ ഉൾപ്പെടുന്നതാണ്. അബ്രഹാം വിശ്വാസികളുടെ പിതാവായതിനാൽ, കർത്താവിലുള്ള ആഴമായ വിശ്വാസം എന്താണെന്ന് അദ്ദേഹത്തിന്‍റെ ജീവിതം നോക്കിയാണ് നാം പഠിക്കേണ്ടത്. ഒന്നാമതായി, അബ്രഹാം ദൈവത്തിന്‍റെ വചനത്തിന് ചെവികൊടുത്തപ്പോൾ തന്‍റെ ജഡത്തിന് ഇഷ്ടമായ വിഷയങ്ങളിൽ നിന്ന് പിൻതിരിഞ്ഞു. രണ്ടാമതായി, സ്വന്തമായി ഒരു ഏക്കർ ഭൂമി പോലും ഇല്ലാതിരുന്നിട്ടും, അവൻ ദൈവത്തിൽ ആശ്രയിക്കുന്നത് നിർത്താതെ, വാഗ്ദത്ത നാട്ടിൽ ഒരു അന്യനും പരദേശിയുമായി ജീവിച്ചു. മൂന്നാമതായി, തന്‍റെ അവസാന നാളുകളില്‍ ഒരു അവകാശിയെ വാഗ്ദാനം ചെയ്തപ്പോൾ, അതിന്‍റെ നിവൃത്തിക്കുള്ള തടസ്സങ്ങൾ കണക്കിലെടുക്കാതെ, വിശ്വാസത്തിൽ ശക്തമായി നിലനിന്നുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തി. അവസാനമായി, തന്‍റെ  മകൻ യിസ്ഹാക്കിനെ ബലി നൽകാൻ ആജ്ഞാപിച്ചപ്പോഴും, അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കാൻ  ദൈവം ശക്തന്‍ എന്ന്  കണക്കാക്കികൊണ്ട് ഉറച്ചു നില്ക്കുകയാണ് ചെയ്തത്(എബ്രായർ 11:19). അവിശ്വാസമുള്ള ദുഷ്ടഹൃദയത്തെ കൃപ എങ്ങനെയാണ് കീഴടക്കുന്നത്, ആത്മാവ് ജഡത്തിന്മേൽ എങ്ങനെയാണ് വിജയം സാധിക്കുന്നത്,  ദൈവത്താൽ നൽകപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതുമായ വിശ്വാസത്തിന്‍റെ അമാനുഷിക ഫലങ്ങൾ നമ്മളെപ്പോലെ ജഡിക സ്വഭാവമുള്ള ഒരു വ്യക്തിയിൽ എങ്ങനെയാണ്  ഉത്പാദിപ്പിക്കപ്പടുന്നത് തുടങ്ങിയ കാര്യങ്ങൾ അബ്രഹാമിന്‍റെ ചരിത്രത്തിലൂടെ നമുക്ക് വ്യക്തമായി മനസ്സിലാക്കുവാൻ കഴിയും. ഇത് നമ്മെ പ്രോത്സാഹിപ്പിക്കുന്നതിനാണ് എഴുതിയിരിക്കുന്നത്. വിശ്വാസികളുടെ പിതാവായ അബ്രാഹാമിൽ ഉളവാക്കിയ മാറ്റം അവനിലൂടെ നമ്മിലും കൊണ്ടുവരത്തക്കവണ്ണം കർത്താവിന് പ്രസാദകരമാകുവാൻ അവനോടു പ്രാർത്ഥിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്.   പൂര്‍ണ്ണഹൃദയത്തോടെ ശിശുക്കളെപ്പോലെ അവനെ വിശ്വസിക്കുകയും, ആശ്രയിക്കുകയും പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരേക്കാള്‍ ക്രിസ്തുവിനെ തൃപ്തിപ്പെടുത്തുകയും മാനിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന മറ്റാരുമില്ല. നാം തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നുണ്ട് എന്നതിന് ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം വർദ്ധിക്കുന്നതിനെക്കാൾ വലിയ തെളിവുകള്‍ ഇല്ല.

  1. ക്രിസ്തുവിനെ പ്രസാദിപ്പിക്കുക എന്ന ആഴമേറിയ ആഗ്രഹം ഉള്ളപ്പോൾ മാത്രമേ ഒരു വ്യക്തി തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുകയുള്ളൂ.

"നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല"      (1 കൊരിന്ത്യർ 6:19,20) എന്ന  വലിയ സത്യം ക്രിസ്ത്യാനികൾ ആദ്യം മനസ്സിലാക്കണം. "ജീവിക്കുന്നവർ ഇനി തങ്ങൾക്കുവേണ്ടിയല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർത്തെഴുന്നേറ്റവനുവേണ്ടി ജീവിക്കേണ്ടതിന്..." (2 കൊരിന്ത്യർ 5:15) വിളിക്കപ്പെട്ടിരിക്കുന്നു .  സ്നേഹം തന്നെ സ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു. “എന്നെ സ്നേഹിക്കുന്നവന്‍  എന്‍റെ വചനം പ്രമാണിക്കും (യോഹന്നാൻ 14:23). നാം ക്രിസ്തുവിനെ ഏറ്റവും കൂടുതൽ മാനിക്കുന്നത് നമ്മുടെ സന്തോഷകരമായ വികാരങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ടോ, വിശ്വാസത്തിന്‍റെ ബാഹ്യമായ ഏറ്റുപറച്ചിലുകൾ കൊണ്ടോ അല്ല, മറിച്ച് അവന്‍റെ നുകം ഏറ്റെടുത്ത് കൊണ്ട് അവന്‍റെ  കല്പനകൾക്ക് പ്രായോഗികമായി കീഴടങ്ങുന്നതിലൂടെയാണ്.

പ്രത്യേകിച്ച് ഇതിനെ അടിസ്ഥാനമാക്കിയാണ്  നമ്മുടെ വിശ്വാസപ്രഖ്യാപനത്തിന്‍റെ സത്യസന്ധത പരിശോധിക്കപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്യുന്നത്. ക്രിസ്തുവിന്‍റെ ഇഷ്ടം അറിയാൻ പരിശ്രമിക്കാത്തവർക്ക് അവനിൽ യഥാർത്ഥ വിശ്വാസമുണ്ടോ? തന്‍റെ പൌരന്മാര്‍ ഒരു രാജാവിന്‍റെ വിളംബരങ്ങൾ വായിക്കുവാന്‍  വിസമ്മതിക്കുന്നത് എത്ര ധിക്കാരമാണ്! ക്രിസ്തുവിൽ വിശ്വാസം ഉണ്ടാകുമ്പോൾ, അവന്‍റെ കൽപ്പനകൾ പാലിക്കുന്നതിൽ നമുക്ക് സന്തോഷവും  അവ ലംഘിക്കുന്നിടത്ത് ദുഃഖവും ഉണ്ടാകുന്നു. ക്രിസ്തുവിനെ നാം പ്രസാദിപ്പിക്കുന്നില്ലെങ്കിൽ നമ്മുടെ പരാജയങ്ങളെ ഓർത്ത് നാം ദുഃഖിക്കണം. ദൈവപുത്രന്‍റെ വിലയേറിയ രക്തം ചൊരിയപ്പെടാൻ കാരണമായ എന്‍റെ  പാപങ്ങളെ വെറുക്കാതെ എനിക്ക് അവനിൽ വിശ്വസിക്കാൻ കഴിയില്ല. എന്‍റെ പാപങ്ങൾക്കുവേണ്ടി ക്രിസ്തു ഞരങ്ങുന്നുവെങ്കിൽ, ഞാനും അവയെപ്രതി ഞരങ്ങും. നമ്മുടെ നിലവിളികൾ എത്ര ആത്മാർത്ഥമാണോ, അതേ ആത്മാർത്ഥതയോടെ നമ്മുടെ വീണ്ടെടുപ്പുകാരനെ അപ്രീതിപ്പെടുത്തുന്ന എല്ലാത്തിൽ നിന്നും വിടുവിക്കപ്പെടാൻ ആവശ്യമായ കൃപയ്ക്കു വേണ്ടിയും, അവന് ഇഷ്ടമുള്ളത് ചെയ്യാനുള്ള ശക്തിക്കു വേണ്ടിയും നമുക്ക്   യാചിക്കാം.

  1. ക്രിസ്തുവിന്‍റെ രണ്ടാം വരവിനായി  വാഞ്ഛിക്കപ്പെടുമ്പോള്‍  ഒരു വ്യക്തി തിരുവെഴുത്തുകളിൽ നിന്ന്  പ്രയോജനം നേടുന്നു.

സ്നേഹിക്കുന്നവരെ കാണാതെ സ്നേഹത്തിന് തൃപ്തി ഉണ്ടാവില്ല. തീർച്ചയായും, ഇപ്പോള്‍ വിശ്വാസത്താൽ, നാം ക്രിസ്തുവിനെ "കണ്ണാടിയിലെന്നപോലെ" കാണുന്നു. എന്നാൽ, അവന്‍റെ രണ്ടാം വരവിൽ, നാം അവനെ “മുഖാമുഖം കാണും” (1 കൊരിന്ത്യർ 13:12). അപ്പോൾ പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പേ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോടുകൂടെ ഇരിക്കേണം എന്ന് ഞാൻ ഇച്ഛിക്കുന്നു” എന്ന് കർത്താവ് പറഞ്ഞ വാക്കുകൾ നിറവേറും (യോഹന്നാൻ 17:24). ദൈവത്തിന്‍റെ ഹൃദയത്തിന്‍റെ ആഗ്രഹങ്ങളെയും, അവനാൽ വീണ്ടെടുക്കപ്പെട്ടവരുടെ ആഗ്രഹങ്ങളെയും പൂർണ്ണമായി തൃപ്തിപ്പെടുത്തുന്നത് ഇതുമാത്രമാണ്. അപ്പോൾ മാത്രമേ അവൻ തന്‍റെ  പ്രയത്നഫലം കണ്ടു തൃപ്തനാകും (യെശയ്യാവ് 53:11) കൂടാതെ ഞാനോ, നീതിയിൽ നിന്‍റെ മുഖത്തെ കാണും; ഞാൻ ഉണരുമ്പോൾ നിന്‍റെ രൂപം കണ്ടു തൃപ്തനാകും” (സങ്കീർത്തനങ്ങൾ 17:15).

 ക്രിസ്തുവിന്‍റെ വരവോടെ പാപം എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടും. തിരഞ്ഞെടുക്കപ്പെട്ടവർ അവന്‍റെ പുത്രന്‍റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻകൂട്ടി നിർണയിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു തന്‍റെ  ജനത്തെ തന്‍റെ അടുക്കലേക്ക് സ്വീകരിക്കുമ്പോൾ മാത്രമേ ദൈവികമായ ആ ഉദ്ദേശ്യം നിറവേറുകയുള്ളൂ. എന്തെന്നാൽ, നാം അവനെ താൻ ഇരിക്കും പോലെ തന്നെ കാണുന്നതാകയാൽ അവനോടു സദൃശന്മാരാകും (1 യോഹന്നാൻ 3:2). അവനുമായുള്ള നമ്മുടെ കൂട്ടായ്മാബന്ധം ഇനി ഒരിക്കലും തകർക്കപ്പെടുകയില്ല, നമ്മുടെ ആന്തരിക ദുഷ്ടതകളെക്കുറിച്ച് നാം ഒരിക്കലും ഞരങ്ങുകയോ വിലപിക്കുകയോ ചെയ്യില്ല; നമ്മുടെ അവിശ്വാസം നമ്മെ ഒരിക്കലും പീഡിപ്പിക്കുകയില്ല. അവൻ തന്‍റെ  സഭയെ കറ, ചുളുക്കം മുതലായത് ഒന്നും ഇല്ലാതെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുൻനിറുത്തേണ്ടതിനും തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു” (എഫെസ്യർ 5:27). ആ നാഴികക്കായി നാം  ആകാംക്ഷയോടെ നോക്കിപാർത്തിരിക്കുകയാണ്. നമ്മുടെ വീണ്ടെടുപ്പുകാരനു വേണ്ടി നാം സ്നേഹത്തോടെ നോക്കിയിരിക്കുകയാണ്. അവന്‍റെ വരവിനായി നാം എത്രയധികം ആഗ്രഹിക്കുന്നു, എത്രത്തോളം നാം നമ്മുടെ വിളക്കിൽ എണ്ണ ഒഴിച്ചു കൊണ്ട് അവന്‍റെ വരവിനായി ആത്മാർത്ഥമായി കാത്തിരിക്കുന്നു എന്നത്, അത്രത്തോളം നാം നമ്മുടെ വചന പരിജ്ഞാനത്തിൽ നിന്ന് പ്രയോജനം നേടുന്നുണ്ടെന്നതിന് തെളിവാണ്.

വായനക്കാരും എഴുത്തുകാരനും  ദൈവമുമ്പാകെ സത്യസന്ധമായി ഒരു ആത്മപരിശോധന നടത്തണം. നമുക്ക് ഈ ചോദ്യങ്ങൾക്ക് യഥാർത്ഥമായ ഉത്തരങ്ങൾ കണ്ടെത്താം. ക്രിസ്തുവിന്‍റെ ആവശ്യകതയെക്കുറിച്ച് നമുക്ക് ആഴത്തിലുള്ള ധാരണയുണ്ടോ? അവൻ തന്നെ നമുക്ക് ശോഭയുള്ളതും ജീവനുള്ളതുമായ യാഥാർത്ഥ്യമായി മാറുന്നുണ്ടോ? അവന്‍റെ പൂർണതകളിൽ മുഴുകുന്നതിൽ നാം അധികമായി ആനന്ദം കണ്ടെത്തുന്നുണ്ടോ? ക്രിസ്തു മാത്രം നമുക്ക് അനുദിനം കൂടുതൽ വിലപ്പെട്ടവനായി മാറുന്നുണ്ടോ? എല്ലാറ്റിനും അവനിൽ മാത്രം ആശ്രയിക്കാൻ തക്കവണ്ണം അവനിലുള്ള  വിശ്വാസത്തിൽ നാം വളരുന്നുണ്ടോ? നമ്മുടെ ജീവിതത്തിന്‍റെ എല്ലാ വിഷയങ്ങളിലും അവനെ പ്രസാദിപ്പിക്കാൻ നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ? അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അവൻ വരുമെന്ന് നമുക്ക് ഉറപ്പുണ്ടെങ്കിൽ, നാം സന്തോഷത്താൽ നിറയപ്പെട്ട്  അവന്‍റെ വരവിനു വേണ്ടി അധികമായി വാഞ്ഛിക്കുന്നവരാണോ? ഇങ്ങനെയുള്ള ചോദ്യങ്ങളാല്‍ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കട്ടെ!

 അദ്ധ്യായം നാല്

            തിരുവെഴുത്തുകളും പ്രാർത്ഥനയും
 

പ്രാർത്ഥനയാണ് ക്രിസ്ത്യാനിയുടെ "ശ്വാസം"

പ്രാർത്ഥനയില്ലാത്ത ക്രിസ്ത്യാനി” എന്നത് ഒരു പരസ്പര വൈരുദ്ധ്യമാണ്.   ജീവനില്ലാതെ ജനിച്ച ഒരു ശിശു എങ്ങനെ മൃതമായിരിക്കുന്നുവോ, വിശ്വാസിയെന്നു പറയുന്ന പ്രാർത്ഥനയില്ലാത്ത വ്യക്തിയും ആത്മീയമായി മരിച്ചവനാണ്. ഒരു വിശുദ്ധന്‍റെ ഉള്ളിലെ  പുതിയ മനുഷ്യന് ദൈവവചനം ആത്മീയ ആഹാരമായിരിക്കുന്നതു പോലെ പ്രാർത്ഥന അവന് ശ്വാസമാണ്. തർസൊസുകാരനായ പൗലോസ് യഥാർത്ഥത്തിൽ മാനസാന്തരപ്പെട്ടുവെന്ന് കർത്താവ് ദമാസ്ക്കോസിലെ അനന്യാസിന് ഉറപ്പുനൽകിയപ്പോൾ, അവൻ അവനോട് പറഞ്ഞത്, “ഇതാ, അവൻ പ്രാർത്ഥിക്കുന്നു” എന്നാണ് (പ്രവൃത്തികൾ 9:12). സ്വയനീതിക്കാരനായ ആ പരീശൻ തന്‍റെ ഭക്തി പ്രകടിപ്പിക്കാൻ പലതവണ ദൈവമുമ്പാകെ മുട്ടുകുത്തിയിരിക്കാം, എന്നാൽ അവൻ യഥാർത്ഥമായി ഇതുപോലെ പ്രാർത്ഥിച്ചത് ഇതാദ്യമായിരുന്നു. ദൈവഭക്തിയുടെ ശക്തിയെ ആശ്രയിക്കാത്തവർ ഉള്ള ഇന്നത്തെ കാലത്ത് ഈ  പ്രധാന വ്യത്യാസം ഊന്നിപ്പറയേണ്ടതുണ്ട് (2 തിമോത്തി 3:5). ദൈവത്തെ ഔപചാരികമായി അഭിസംബോധന ചെയ്യുന്നതിൽ തൃപ്തിപ്പെടുന്നവർക്ക് യഥാർത്ഥത്തില്‍ ദൈവത്തെ അറിയില്ല, കാരണം "കൃപയുടെ ആത്മാവിനേയും യാചനയുടെ ആത്മാവിനേയും" (സെഖര്യാവ് 12:10) ഒരിക്കലും വേർപെടുത്താനാവില്ല. ദൈവം വീണ്ടും ജനിപ്പിച്ച കുടുംബത്തിൽ, ഊമരായ കുട്ടികൾ ഇല്ലെന്ന് ഓർക്കണം; ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്‍റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?” (ലൂക്കൊസ് 18:7). അതെ, അവനെ വിളിച്ചപേക്ഷിക്കുന്നവരാണ് അവന്‍റെ മക്കള്‍, വ്യർത്ഥമായി പ്രാർത്ഥനകൾ ചൊല്ലുന്നവർ അല്ല.

കർത്താവിന്‍റെ സ്വന്ത ജനം പോലും പ്രാർത്ഥനയുടെ കാര്യത്തിൽ ചെയ്യുന്ന പാപം മറ്റൊരു പ്രവൃത്തിയിലും ചെയ്യുന്നില്ലെന്ന് ഈ എഴുത്തുകാരൻ ഉറപ്പോടെ പറഞ്ഞാൽ താങ്കള്‍ അത്ഭുതപ്പെടുമോ? ആത്മാർത്ഥത ഉണ്ടായിരിക്കേണ്ട ഇടത്ത് എന്തിനാണ് ഈ കാപട്യം? വിനയമുണ്ടാകേണ്ട ഇടത്ത് എന്തിനാണ് ഈ അഹങ്കാരം? തകർന്നും നുറുങ്ങിയുമുള്ള ഹൃദയം ഉണ്ടായിരിക്കേണ്ട ഇടത്ത് എന്തിനാണ് ഈ ആചാരപരമായ ഭക്തി! നാം ഏറ്റുപറയേണ്ട പാപങ്ങളെ ഓർത്ത് കുറച്ചു മാത്രമേ ദുഃഖിക്കുന്നുള്ളൂ, കാരുണ്യത്തിന്‍റെ ആവശ്യകതയെ വളരെ കുറച്ചു മാത്രമേ തിരിച്ചറിയുന്നുള്ളൂ!  ഭയങ്കരമായ പാപങ്ങളിൽ നിന്ന് ദൈവം വിടുവിച്ചിട്ടും, ഇത്ര നിസ്സംഗത, ഇത്ര അവിശ്വാസം, ഇത്ര സ്വേഛാധികാരം, ഇത്ര ആത്മസംതൃപ്തി എന്തുകൊണ്ടാണ്! ഈ കാര്യങ്ങളിൽ ദുഃഖിക്കാത്തവർക്ക് വിശുദ്ധിയുടെ ആലോചന ഒട്ടും തന്നെയില്ലെന്നു പറയാം.

ദൈവവചനം മാത്രമായിരിക്കണം നമ്മുടെ പ്രാർത്ഥനയിൽ നമുക്ക് വഴികാട്ടിയായിരിക്കേണ്ടത്. അയ്യോ, എത്ര തവണ ശരീരത്തിന്‍റെ ആവശ്യങ്ങൾ പ്രാർത്ഥനയിൽ നമുക്ക് വഴികാട്ടികളായി മാറിയിട്ടുണ്ട്! ദൈവത്തിന്‍റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ച് തികഞ്ഞവൻ ആകേണ്ടതിന്നു (2 തിമോത്തി 3:17) വിശുദ്ധ തിരുവെഴുത്തുകൾ നമുക്ക് നൽകപ്പെട്ടിരിക്കുന്നു. നാം പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കണം(യൂദാ 20). അതുകൊണ്ട്, നമ്മുടെ പ്രാർത്ഥനകൾ തിരുവെഴുത്തുകൾ അനുസരിച്ച് ആയിരിക്കണം, കാരണം അവൻ തിരുവെഴുത്തുകളുടെ രചയിതാവാണ്. ഈ വിഷയത്തെ ഇങ്ങനെയും പറയാം. ക്രിസ്തുവിന്‍റെ വചനം നമ്മിൽ എത്രത്തോളം വസിക്കുന്നുവോ അത്രത്തോളം നമ്മുടെ അപേക്ഷകൾ പരിശുദ്ധാത്മാവിന്‍റെ മനസ്സുമായി യോജിക്കുന്നു. കാരണം ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ സംസാരിക്കുന്നത് (മത്തായി 12:34). ദൈവവചനം നമ്മുടെ ഹൃദയങ്ങളിൽ വസിക്കുകയും, ആന്തരിക മനുഷ്യനെ വിശുദ്ധീകരിക്കുകയും, രൂപപ്പെടുത്തുകയും, ക്രമപ്പെടുത്തുകയും ചെയ്യുമ്പോൾ, നമ്മുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിൽ അംഗീകരിക്കപ്പെടുന്നു. അപ്പോൾ മാത്രമേ ഒരിക്കൽ ദാവീദ് പറഞ്ഞതുപോലെ, “നിന്‍റെ കൈയ്യിൽ നിന്ന് വാങ്ങി ഞങ്ങള്‍  നിനക്ക് തന്നതെയുള്ളൂ”   (1 ദിനവൃത്താന്തം 29:14) എന്ന് നമുക്ക് പറയാൻ കഴിയൂ.

തിരുവെഴുത്തുകൾ വായിക്കുന്നതിലൂടെയും പഠിക്കുന്നതിലൂടെയും നാം എത്രമാത്രം പ്രയോജനം നേടുന്നു എന്നതിന്‍റെ മറ്റൊരു സൂചകമാണ് നമ്മുടെ പ്രാർത്ഥനാ ജീവിതത്തിന്‍റെ ശക്തിയും, വിശുദ്ധ ജീവിതവും. പരിശുദ്ധാത്മാവിന്‍റെ  അനുഗ്രഹത്താൽ നാം വചന പഠനം നടത്തുമ്പോൾ, പ്രാർത്ഥനയില്ലായ്മ എന്ന പാപത്തെക്കുറിച്ച് നമുക്ക് ബോധ്യം വരുന്നില്ലെങ്കിൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രാർത്ഥനയുടെ സ്ഥാനവും പ്രാധാന്യവും നാം മനസ്സിലാക്കുന്നില്ലെങ്കിൽ, അത്യുന്നതന്‍റെ നിഴലിൽ കൂടുതൽ സമയം ചെലവഴിക്കാൻ അത് നമ്മെ പ്രേരിപ്പിക്കുന്നില്ലെങ്കിൽ, വചനം ധ്യാനിക്കുവാൻ വേണ്ടി നാം ചിലവഴിക്കുന്ന സമയം ആത്മീയ വളർച്ചയിലേക്ക് നമ്മെ നയിക്കുന്നില്ല എന്ന് അർത്ഥം. ദൈവം  അംഗീകരിക്കുന്ന പ്രാർത്ഥനകൾ എങ്ങനെ ചെയ്യണമെന്നും, ദൈവത്തിന്‍റെ  വാഗ്ദാനങ്ങൾ എങ്ങനെ അവകാശമാക്കണമെന്നും, അവയെ എങ്ങനെ ദൈവ മുമ്പാകെ യാചനകളാക്കി മാറ്റാമെന്നും, അവന്‍റെ കല്പനകൾ എങ്ങനെ പ്രാവർത്തികമാക്കണമെന്നും , അവയെ എങ്ങനെ അപേക്ഷകളാക്കി മാറ്റാമെന്നും മനസ്സിലാക്കുന്നതുവരെ, വചന പഠനത്തിലൂടെ നാം നേടുന്ന അറിവ് വരും ദിവസങ്ങളിൽ നമ്മെ ശിക്ഷയ്ക്ക് യോഗ്യരാക്കുകയേയുയുള്ളൂ. എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ” (യാക്കോബ് 1:22) എന്ന താക്കീത് മറ്റ് വിഷയങ്ങൾക്ക് എന്നപോലെ പ്രാർത്ഥനയ്ക്കും ബാധകമാണ്. ഇനി നമുക്ക് ഏഴ് പ്രമാണങ്ങൾ പരിശോധിക്കാം.

  1. പ്രാർത്ഥനയുടെ ആഴത്തിലുള്ള പ്രാധാന്യം മനസ്സിലാക്കുമ്പോൾ മാത്രമേ നാം തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുകയുള്ളൂ.

ഇന്ന് നമ്മെ ഏറ്റവും ഭയപ്പെടുത്തുന്ന ഒരു വിഷയം, ബൈബിൾ വായിക്കുന്ന ആളുകൾക്ക് (ബൈബിൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക്) ദിവസവും ദൈവത്തോടു കൂടെ നടക്കുന്നതിനും, അവനോടു കൂട്ടായ്മ ആചരിക്കുന്നതിനും കൃത്യമായ ഒരു പ്രാർത്ഥനാ ജീവിതം അനിവാര്യമാണെന്ന ആഴത്തിലുള്ള ബോധ്യമില്ല എന്നതാണ്. നമ്മുടെ ഉള്ളിൽ വസിക്കുന്ന പാപത്തിന്‍റെ ശക്തിയിൽ നിന്നുള്ള മോചനത്തിനും, ഈ ലോകത്തിലെ പ്രലോഭനങ്ങളെ ഒഴിവാക്കുന്നതിനും, സാത്താന്‍റെ  ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനും പ്രാർത്ഥനാ ജീവിതം അനിവാര്യമാണ്. അത്തരമൊരു ബോധ്യം അവരുടെ ഹൃദയങ്ങളെ ശരിക്കും പിടിച്ചുലച്ചാൽ, അവർ ദൈവത്തിനു മുന്നിൽ മുട്ടുമടക്കാന്‍ കൂടുതൽ സമയം കണ്ടെത്തുകയില്ലേ? എന്‍റെ ജോലിയുടെ സമ്മർദ്ദം കാരണം പ്രാർത്ഥനയ്ക്കായി സമയം കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല എന്നതാണ്  ഏറ്റവും നിസ്സാരമായ ഒഴികഴിവ്. നമ്മുടെ രക്ഷിതാവിനെക്കാൾ സമ്മർദ്ദമുള്ള ജീവിതം നയിച്ചത് ആരാണ്? എന്നിട്ടും പ്രാർത്ഥനയ്ക്കായി കൂടുതൽ സമയം ചെലവഴിച്ചത് ആരാണ്? ദൈവമുമ്പാകെ മദ്ധ്യസ്ഥ പ്രാർത്ഥന ചെയ്യാനും ഇപ്പോൾ നമുക്കുള്ള സമയം പരമാവധി പ്രയോജനപ്പെടുത്താനും നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ, അവന്‍ നമ്മുടെ സാഹചര്യങ്ങളെ  അനുകൂലമാക്കുകയും കൂടുതൽ സമയം പ്രാർത്ഥനക്ക് ലഭിക്കത്തക്കവണ്ണം നമ്മെ സഹായിക്കുകയും ചെയ്യും. പ്രാർത്ഥനയുടെ ആഴമായ ആവശ്യകതയെക്കുറിച്ചുള്ള തിരിച്ചറിവിന്‍റെ അഭാവം വിശ്വാസികളുടെ സഭാജീവിതത്തിലും പ്രകടമാണ്. “എന്‍റെ  ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും” (മത്തായി 21:13) എന്ന് കർത്താവ് വ്യക്തമായി പറഞ്ഞു. ദൈവത്തിന്‍റെ ആലയം “വാക്യപഠനത്തിനും പാട്ടുപാടുന്നതിനും മാത്രമുള്ളതല്ല’, മറിച്ച് ‘പ്രാർത്ഥനയ്ക്കും ഉള്ളതാണ്’ എന്ന കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്.  എന്നിരുന്നാലും, വചനപ്രകാരമുള്ള സഭകള്‍ എന്ന് പറയപ്പെടുന്ന സഭകളിൽ പോലും, സുവിശേഷീകരണ സംരഭങ്ങളും ബൈബിൾ പഠന ക്ലാസ്സുകളും  നടക്കുമ്പോൾ തന്നെ പ്രാർത്ഥനാ യോഗങ്ങൾ വളരെ കുറവാണെന്ന് നാം കാണുന്നു. ഒരു പ്രത്യേക പ്രാർത്ഥനയ്ക്കായി രണ്ടാഴ്ചകള്‍ മാറ്റിവച്ചതിന്‍റെ  രേഖകൾ വളരെ വിരളമാണ്. സഭകളിലെ പ്രാർത്ഥനാജീവിതം ശക്തിപ്പെടുത്തുന്നില്ലെങ്കിൽ, ഈ ബൈബിൾ പഠന ക്ലാസ്സുകൾ നടത്തുന്നതിന്‍റെ  അർത്ഥമെന്താണ്? എന്നാൽ ദൈവാത്മാവ് നമ്മുടെ ഹൃദയങ്ങളിൽ ശക്തിയോടെ പ്രവർത്തിക്കുമ്പോൾ, “പരീക്ഷയിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ” (മർക്കോസ് 14:38), “പ്രാർത്ഥനയിൽ  ഉറ്റിരിപ്പിൻ,  സ്തോത്രത്തോടെ അതിൽ  ജാഗരിപ്പിൻ” (കൊലൊസ്സ്യർ 4:2) തുടങ്ങിയ വചനങ്ങളിൽ നിന്ന് നാം പ്രയോജനം നേടുന്നവരാകും.

  1. എങ്ങനെ പ്രാർത്ഥിക്കണമെന്ന് അറിയില്ലെന്ന തോന്നൽ നമ്മിൽ ഉളവാകുമ്പോൾ നാം തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നവരാകുന്നു.

വേണ്ടും പോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്ന് നാം അറിയിന്നില്ലല്ലോ (റോമർ 8:26). എത്ര ക്രിസ്ത്യാനികൾ ഇത് യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ട്! പൊതുവായി ആളുകൾ ചിന്തിക്കുന്നത് തങ്ങള്‍ക്ക് എന്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് നന്നായി അറിയാമെന്നും എന്നാൽ അവർ അശ്രദ്ധയുള്ളവരും, ദുഷ്ടന്മാരുമായി തങ്ങളുടെ കടമ നിറവേറ്റുന്നതിൽ പരാജയപ്പെടുന്നു എന്നുമാണ്. എന്നിരുന്നാലും, ഈ ആശയം റോമർ 8:26-ലെ ദൈവപ്രേരിത പ്രസ്താവനയുമായി പൊരുത്തപ്പെടുന്നില്ല. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം – ജഡത്തിന്‍റെ അഹങ്കാരത്തെ അടിച്ചമർത്തുന്നതിനെക്കുറിച്ചുള്ള ഈ പ്രസ്താവന പൊതുവായി എല്ലാ ആളുകളെക്കുറിച്ച് മാത്രമല്ല, പ്രത്യേകിച്ച് ദൈവത്തിന്‍റെ  വിശുദ്ധന്മാരെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. ഈ അപ്പോസ്തലൻ (പൗലോസ്) അവരുടെ കൂട്ടത്തിൽ തന്നെയും ഉൾപ്പെടുത്താൻ മടിച്ചില്ല. “വേണ്ടും പോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്ന് നാം അറിയിന്നില്ലല്ലോ”. വീണ്ടും ജനിച്ചവരുടെ കാര്യം ഇങ്ങനെ ആണെങ്കിൽ, വീണ്ടും ജനിക്കാത്തവരുടെ കാര്യം എങ്ങനെയായിരിക്കും? ഈ വാക്യത്തിൽ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നത് പ്രാര്‍ത്ഥനയുടെ ഒരു വശമാണെങ്കിൽ, അത് എങ്ങനെ പ്രായോഗികമാക്കാം എന്നത് മറ്റൊരു വശമാണ്. ദൈവം നമ്മിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് നമ്മുടെ ഹൃദയങ്ങൾ മനസ്സിലാക്കണമെങ്കിൽ, അവൻ തന്നെ നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കണം.

ഞാൻ പലതവണ പ്രാർത്ഥന ചൊല്ലിയിട്ടുണ്ട്, പക്ഷേ ഞാൻ യഥാർത്ഥത്തിൽ പ്രാർത്ഥിച്ചിട്ടുണ്ടോ?

എന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ എന്‍റെ വാക്കുകളിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ടോ?

 ജീവനുള്ള ദൈവത്തോടുള്ള പ്രാർത്ഥന വാക്കുകളില്‍ മാത്രം പരിമിതപ്പെടുത്തുന്നത് കൽവിഗ്രഹങ്ങളെ വണങ്ങുന്നതിന് തുല്യമല്ലേ!

 

വർഷങ്ങൾക്ക് മുമ്പ് അമ്മയിൽ നിന്നാണ് രചയിതാവ് ഈ വാക്കുകൾ പഠിച്ചതെങ്കിലും, അവയുടെ അർത്ഥം ഇന്നും അദ്ദേഹത്തിന്‍റെ മനസ്സിനെ സ്പർശിക്കുന്നുണ്ട്. പരിശുദ്ധാത്മാവ് നേരിട്ട് തന്നെ പ്രാപ്തനാക്കുന്നില്ലെങ്കിൽ ഒരു ക്രിസ്ത്യാനിക്ക് പ്രാർത്ഥിക്കാൻ കഴിയില്ല. ഇത് ശരിയാണ്, കാരണം യഥാർത്ഥ പ്രാർത്ഥന എന്നത് പരിശുദ്ധാത്മാവ് നമ്മിൽ ഉണർത്തുന്ന ഒരു ആവശ്യബോധമാണ്. അപ്പോൾ മാത്രമേ, ക്രിസ്തുവിന്‍റെ നാമത്തിൽ, ദൈവത്തിന്‍റെ വിശുദ്ധ ഹിതത്തിന് അനുസൃതമായി നാം പ്രാർത്ഥിക്കുകയുള്ളൂ. "അവന്‍റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും ആപേക്ഷിച്ചാൽ, അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു" (1 യോഹന്നാൻ 5:14). എന്നിരുന്നാലും, ദൈവഹിതത്തിനു നിരക്കാത്ത എന്തെങ്കിലും ആവശ്യപ്പെടുന്നത് പ്രാർത്ഥനയല്ല, മറിച്ച് ഒരാൾ പ്രാർത്ഥിച്ചുവെന്ന് സങ്കൽപ്പിക്കുന്നു എന്നേയുള്ളൂ. ദൈവം, താന്‍ വെളിപ്പെടുത്തിയ തന്‍റെ ഹിതം അവന്‍റെ വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു, എന്നാല്‍ അത് ഒരു പാചകപുസ്തകത്തിലെ പാചക കുറിപ്പ് പോലെയോ, പൊടിക്കൈ പോലെയോ അല്ല. തിരുവെഴുത്തുകൾ നിരവധി പ്രമാണങ്ങളെ കുറിച്ച്  പറയുന്നുണ്ട്, നിരന്തരമായ ഹൃദയ പരിശീലനവും ദൈവത്തിന്‍റെ സഹായവും ഉണ്ടെങ്കില്‍ മാത്രമേ വിവിധ സാഹചര്യങ്ങളില്‍ അവ നമുക്ക് പ്രായോഗികമാക്കുവാന്‍ കഴിയൂ. കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കേണമേ (ലൂക്കോസ് 11:1) എന്ന് നിലവിളിക്കേണ്ടതിന്‍റെ ആഴമായ ആവശ്യം നാം പഠിക്കുമ്പോൾ മാത്രമേ നാം തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നവരാകുകയുള്ളൂ, അപ്പോള്‍ മാത്രമേ പ്രാർത്ഥനയ്ക്കുള്ള പ്രചോദനത്തിനായി യാചിക്കുവാന്‍ നാം നിർബന്ധിതരാകുകയുള്ളൂ.

  1. പ്രാർത്ഥനയിൽ പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാണെന്ന് നാം ബോധവാന്മാരാകുമ്പോൾ മാത്രമേ നാം തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നുള്ളൂ

ഒന്നാമതായി, പരിശുദ്ധാത്മാവ് നമ്മുടെ യഥാർത്ഥ ആവശ്യങ്ങൾ എന്താണെന്ന് വെളിപ്പെടുത്തണം. നമ്മുടെ ലൗകിക ആവശ്യങ്ങളെ ഒരു ഉദാഹരണമായി എടുക്കാം. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നമ്മുടെ മേൽ സമ്മർദ്ദം ചെലുത്തുമ്പോൾ, അവയിൽ നിന്ന് വിടുതൽ പ്രാപിക്കാൻ മാത്രം നാം ആഗ്രഹിക്കുന്നു. ഇവിടെ എന്താണ് പ്രാർത്ഥിക്കേണ്ടതെന്ന് നമുക്ക് വ്യക്തമായി അറിയാമെന്ന് നാം കരുതുന്നു. എന്നാൽ വാസ്തവത്തിൽ നമുക്ക് അത് അറിയില്ല; ഈ പ്രശ്‌നങ്ങളിൽ നിന്ന് മോചനം നേടാനുള്ള  സ്വാഭാവിക ആഗ്രഹം നമുക്ക് ഉണ്ടെങ്കിലും, നാം വളരെ അജ്ഞരും നമ്മുടെ ധാരണയിൽ വളരെ മന്ദബുദ്ധികളുമാണ്, കാരണം, ദൈവം നാം തന്‍റെ  ഇഷ്ടത്തിന് എത്രമാത്രം കീഴടങ്ങി ഇരിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും,  ഈ കഷ്ടതകളും പ്രയാസങ്ങളും നമ്മുടെ ആത്മീയ നന്മയ്ക്കായി  ഉപയോഗിക്കാൻ ദൈവം ഉദ്ദേശിക്കുന്നുവെന്നും നമുക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട്, ഈ കഷ്ടതകളിൽ നിന്ന് വിടുതൽ ലഭിക്കുവാന്‍ മാത്രം ആഗ്രഹിക്കുന്നവരുടെ യാചനകളെ ദൈവം ‘മുറയിടുക’ എന്നാണ് വിളിക്കുന്നത്, ഹൃദയംഗമായ വിളിച്ചപേക്ഷിക്കൽ എന്നല്ല (ഹോശേയ 7:14). മനുഷ്യന്‍റെ ജീവിതകാലത്ത്, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന് എന്താകുന്നു നല്ലത് എന്ന് ആർക്കറിയാം?” (സഭാപ്രസംഗി 6:12). നമ്മുടെ ലൗകിക ആവശ്യങ്ങൾ മനസ്സിലാക്കുകയും അവയെ ദൈവഹിതത്തിന് അനുസൃതമായ പ്രാർത്ഥനകളാക്കി മാറ്റുകയും ചെയ്യാന്‍ സ്വർഗ്ഗീയ ജ്ഞാനം ആവശ്യമാണ്.

മുകളിൽ പറഞ്ഞ കാര്യങ്ങളോട് കുറച്ച് കാര്യങ്ങൾ കൂടി ചേർക്കുന്നത് നന്നായിരിക്കും. മൂന്ന് പരിമിതികളോടെ, ഭൗതിക (താത്കാലിക) വിഷയങ്ങൾക്കായി തിരുവെഴുത്തുകൾ അനുസരിച്ച് പ്രാർത്ഥിക്കുവാന്‍ സാധിക്കും (മത്തായി 6:11). ഒന്നാമതായി, പ്രധാനപ്പെട്ടതായിട്ടല്ല, മറിച്ച്  സന്ദര്‍ഭമനുസരിച്ച് പ്രാര്‍ത്ഥിക്കുക എന്നതാണ്. കാരണം ക്രിസ്ത്യാനികൾ പ്രധാനമായും ഭൗതിക വിഷയങ്ങളെ കുറിച്ച് വിചാരപ്പടുന്നവരല്ല.  (മത്തായി 6:33,34). ലൗകിക വിഷയങ്ങളെക്കാൾ വിലയും പ്രാധാന്യവുമുള്ള സ്വർഗ്ഗീയവും നിത്യവുമായ കാര്യങ്ങൾ ആണ് നാം ആദ്യം അന്വേഷിക്കേണ്ടത് (കൊലൊസ്സ്യർ 3:1). രണ്ടാമതായി, സഹായകരമായി, അതായത് ലക്ഷ്യത്തിലേക്കുള്ള ഒരു മാർഗമായി. ദൈവത്തിൽ നിന്ന് ഭൗതികമായ അനുഗ്രഹങ്ങൾ പ്രാപിച്ച് നാം മാനസികമായി സംതൃപ്തരാകുക എന്നതിനേക്കാൾ ഉപരി, അവനെ കൂടുതൽ  സന്തോഷിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി ഇത് തീരണം എന്ന ലക്ഷ്യത്തോടെയാണ്  നാം ഭൗതിക വിഷയങ്ങളെ ഓർത്ത് പ്രാർത്ഥിക്കേണ്ടത്. മൂന്നാമതായി, സ്വേച്ഛാധിപത്യം കാണിച്ചല്ല ദൈവഹിതത്തിന് കീഴടങ്ങാനുള്ള മനസ്സോടെയാണ് പ്രാർത്ഥിക്കേണ്ടത്, കാരണം, ദൈവം നമ്മോട് ഭൗതികമായി കാണിക്കുന്ന  കാരുണ്യം നമ്മുടെ ആത്യന്തിക നന്മയ്ക്ക് കാരണമാകുമോ എന്ന് നമുക്കറിയില്ലല്ലോ  (സങ്കീർത്തനം 106:18). അതുകൊണ്ട് നാം  ദൈവത്തിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടത്. നമുക്ക് ആന്തരികവും ബാഹ്യവുമായ ആഗ്രഹങ്ങളുണ്ട്. ഇവയിൽ ചിലതിനെ നമുക്ക് മനസ്സാക്ഷിയുടെ വെളിച്ചത്തിൽ പരിശോധിക്കാൻ സാധിക്കും; പാപത്തിന്‍റെ  കുറ്റവും അശുദ്ധിയും സഹജമായ ജ്ഞാനത്തിനും ന്യായപ്രമാണത്തിനും എതിരായ പാപങ്ങളാണെങ്കിലും, നമ്മുടെ മനസ്സാക്ഷിയിലൂടെ നമ്മെക്കുറിച്ച് നാം കണ്ടെത്തുന്ന അറിവ് വളരെ പരിമിതവും ആശയ കുഴപ്പങ്ങളുള്ളതുമാണ്. അതായത്, പരിശുദ്ധാത്മാവിനെ കൂടാതെ വിശുദ്ധീകരണത്തിന്‍റെ യഥാർത്ഥ ഉറവിടം നമുക്ക് കണ്ടെത്താൻ കഴിയില്ല. വിശുദ്ധന്മാർ പ്രത്യേകിച്ച് അവരുടെ ആന്തരികസ്ഥിതിയെ കുറിച്ചും അവരുടെ ആത്മീയസ്ഥിതിയെക്കുറിച്ചും ദൈവത്തോട് അപേക്ഷിക്കുന്നവരായിരിക്കണം. ദാവീദ് താൻ അറിഞ്ഞുകൊണ്ട് ചെയ്ത എല്ലാ ലംഘനങ്ങളും, ജന്മപാപവും ഏറ്റുപറഞ്ഞിട്ടും (സങ്കീർത്തനം 51:1-5) അവൻ തൃപ്തനായിരുന്നില്ല. തന്‍റെ  “മറഞ്ഞിരിക്കുന്ന തെറ്റുകളില്‍” നിന്ന് തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും (സങ്കീർത്തനം 19:12), തന്‍റെ തെറ്റുകൾ ആർക്കും കണ്ടെത്താൻ കഴിയില്ലെന്ന് തൃപ്തനാകുകയല്ല ചെയ്തത്. ദൈവം “അന്തരംഗത്തിലെ സത്യമാണ് ഇച്ചിക്കുന്നത്” (സങ്കീർത്തനം 51:6) എന്ന് അറിയാമായിരുന്ന ദാവീദ്, “തന്‍റെ ഹൃദയത്തിൽ വ്യസനത്തിനുള്ള മാർഗ്ഗം ഉണ്ടോ എന്ന് നോക്കേണമേ” എന്ന് പ്രാർത്ഥിച്ചു (സങ്കീർത്തനം 139:23-24). അതുകൊണ്ട്, 1 കൊരിന്ത്യർ 2:10, 12 അടിസ്ഥാനമാക്കി ദൈവത്തിന് സ്വീകാര്യമായ വിധത്തിൽ പ്രാർത്ഥിക്കുവാന്‍ നമുക്ക് പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാണ്‌.

  1. പ്രാർത്ഥിക്കുന്നതിനുള്ള ശരിയായ ലക്ഷ്യം എന്താണെന്ന് പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുമ്പോൾ നാം തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നവരാകുന്നു.

പ്രാര്‍ത്ഥന എന്ന കല്പനയെ ദൈവം ഒരു ത്രിതല രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഒന്നാമതായി, പ്രാർത്ഥന ത്രിയേക ദൈവത്തെ ആരാധിക്കുന്ന ഒരു പ്രവൃത്തിയാണ്‌, അതായത് നമ്മെ അനുഗ്രഹിക്കുന്ന പിതാവിന്, തന്‍റെ അടുത്തേയ്ക്ക് എത്തുവാനുള്ള ഏക മാർഗ്ഗമായ പുത്രന്‍റെ നാമത്തിൽ, പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിനാൽ, ആ ത്രിയേക ദൈവത്തെ മഹത്വപ്പെടുത്തുന്ന വിധത്തില്‍ അർപ്പിക്കുന്ന ഒരു വഴിപാട്.

രണ്ടാമതായി, അത് നമ്മുടെ ഹൃദയങ്ങളെ താഴ്ത്തുന്നതിനുള്ള ഒരു മാർഗ്ഗമാണ്. കാരണം പ്രാർത്ഥന നമ്മെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരുകയും നമ്മിൽ ഒരു നിസ്സഹായ സ്ഥിതി ഉളവാക്കുകയും ചെയ്യുന്നു. കർത്താവിനെ കൂടാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് നാം അംഗീകരിക്കുകയും, നാം ആരാണെന്നതും, നമുക്കുള്ളതൊക്കെയും  അവന്‍റെ കൃപയുടെ ദാനങ്ങളാണെന്നും നാം അറിയുകയും സമ്മതിക്കുകയും വേണം. എന്നാൽ പരിശുദ്ധാത്മാവ് നമ്മുടെ കൈപിടിച്ച്, നമ്മുടെ അഹങ്കാരം നീക്കിക്കളഞ്ഞ്, നമ്മുടെ ഹൃദയങ്ങളിലും ചിന്തകളിലും ദൈവത്തിന് അർഹമായ സ്ഥാനം നൽകണമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതുവരെ നമുക്ക് ഈ സത്യം മനസ്സിലാക്കാന്‍ കഴിയില്ല.

മൂന്നാമതായി, നമുക്ക് ആവശ്യമുള്ള വിഷയങ്ങള്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗ്ഗമായി. നമ്മുടെ പല പ്രാർത്ഥനകൾക്കും ഉത്തരം ലഭിക്കാത്തതിന്‍റെ ഒരു പ്രധാന കാരണം, നമുക്ക് തെറ്റായതും, അയോഗ്യവുമായ ഒരു ലക്ഷ്യം ഉണ്ട് എന്നുള്ളതാണ്. ഇത് വളരെ ഭയാനകമായ ഒരു കാര്യമാണ്. “ചോദിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും” (മത്തായി 7:7), എന്ന് നമ്മുടെ രക്ഷിതാവ് പറഞ്ഞു; എന്നാൽ ചിലരെ സംബന്ധിച്ച് യാക്കോബ്  പറയുന്നത്, നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കകൊണ്ട് ഒന്നും ലഭിക്കുന്നില്ല” (യാക്കോബ് 4:3) എന്നാണ്. പ്രാർത്ഥന ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾക്ക് അനുസൃതമായിട്ടല്ലാതെ മറ്റ് തെറ്റായ  ഉദ്ദേശ്യങ്ങൾക്കു വേണ്ടിയാണെങ്കിൽ, അത് വ്യർത്ഥമായ പ്രാർത്ഥനയായി മാറുന്നു. നമ്മുടെ സ്വന്തം ജ്ഞാനത്തിലും സത്യസന്ധതയിലും നമുക്ക് എത്ര വിശ്വാസമുണ്ടെങ്കിലും, നാം തനിയെ ആണെങ്കില്‍ (പരിശുദ്ധാത്മാവിന്‍റെ സഹായമില്ലാതെ), നമ്മുടെ ലക്ഷ്യങ്ങൾ ഒരിക്കലും ദൈവഹിതവുമായി പൊരുത്തപ്പെടുന്നത് ആയിരിക്കുകയില്ല. പരിശുദ്ധാത്മാവ് നമ്മുടെ ജഡത്തെ നിഗ്രഹിക്കുന്നതുവരെ, നമ്മുടെ സഹജമായതും രോഗാതുരവുമായ ആഗ്രഹങ്ങൾ നമ്മുടെ പ്രാർത്ഥനകളിൽ കൂടിച്ചേരുകയും അവ വ്യർത്ഥമായ പ്രാർത്ഥനകളായി മാറുകയും ചെയ്യും. “നിങ്ങൾ എന്തു ചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്യുവിന്‍” (1 കൊരിന്ത്യർ 10:31). എന്നാൽ ദൈവത്തിന് മഹത്വം കൊടുക്കുന്ന വിധത്തിൽ നമ്മുടെ എല്ലാ ആഗ്രഹങ്ങളും അവന് സമർപ്പിക്കുന്നതിന് നമ്മെ സഹായിക്കുവാന്‍ പരിശുദ്ധാത്മാവിനല്ലാതെ മറ്റാർക്കും സാധിക്കില്ല.

  1. ദൈവത്തിന്‍റെ  വാഗ്ദാനങ്ങൾ എങ്ങനെ അവകാശമാക്കണമെന്ന് നാം പഠിക്കുമ്പോൾ ആണ്  തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നത്.

നാം വിശ്വാസത്തോടെ പ്രാർത്ഥിക്കണം (റോമർ 10:14). അല്ലെങ്കിൽ, ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കില്ല. വിശ്വാസം എന്നത് ദൈവത്തിന്‍റെ  വാഗ്ദാനങ്ങളോടുള്ള ആദരവാണ് (എബ്രായർ 4:1; റോമർ 10:21). അതുകൊണ്ട് ദൈവം എന്താണ് വാഗ്ദത്തം ചെയ്യുന്നതെന്നും എന്താണ് നമുക്ക് നൽകാൻ പോകുന്നതെന്നും അറിയില്ലെങ്കിൽ, നമുക്ക് യഥാർത്ഥത്തിൽ പ്രാർത്ഥിക്കാൻ കഴിയില്ല. ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ പ്രാർത്ഥനക്കുള്ള വിഷയങ്ങളാൽ നിറഞ്ഞിരിക്കുന്നു, അവ പ്രാർത്ഥനയുടെ വ്യാപ്തിയെ നിർണ്ണയിക്കുന്നു. ദൈവം വാഗ്ദാനം ചെയ്തതല്ലാതെ മറ്റൊന്നിനെക്കുറിച്ചും നാം പ്രാർത്ഥിക്കരുത്. "മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളവയത്രേ" (ആവർത്തനം 29:28), എന്നാൽ പ്രഖ്യാപിക്കപ്പെട്ട അവന്‍റെ ഹിതവും വെളിപ്പെടുത്തപ്പെട്ട അവന്‍റെ കൃപയും നമുക്കുള്ളതാണ്, അവ നമ്മുടെ നിയമവുമാണ്. നമുക്ക് എന്താണ് ആവശ്യമെന്ന് നാം തിരിച്ചറിയുന്നതിനു മുമ്പുതന്നെ നമുക്ക് വേണ്ടത് ദൈവം നമുക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തു, നമുക്ക് ഉപയോഗപ്രദമാകും വണ്ണം ഏറ്റവും മികച്ച രീതിയിൽ തന്നെ, ചില വ്യവസ്ഥകളോടെ അവന്‍ അവയെ  നമുക്ക് നൽകുന്നു. അതുകൊണ്ട് ദൈവത്തിന്‍റെ  വാഗ്ദാനങ്ങളെക്കുറിച്ചുള്ള അറിവ് നാം എത്രത്തോളം നേടുന്നുവോ, അവയിൽ പ്രകടമായിരിക്കുന്ന അവന്‍റെ നന്മ, കൃപ, കരുണ എന്നിവ നാം എത്രത്തോളം മനസ്സിലാക്കുന്നുവോ അത്രത്തോളം നമ്മുടെ പ്രാർത്ഥനകൾ  സ്വീകാര്യമായിരിക്കും.

ദൈവത്തിന്‍റെ വാഗ്ദാനങ്ങളില്‍ ചിലത് പൊതുവായവയാണ്, ചിലത് പ്രത്യേകമായതാണ്; ചിലത് ഉപാധികളോടു കൂടിയതാണ്, ചിലത് ഭാവിയിൽ നിറവേറാനുള്ളതാണ്. ഇപ്പോൾ നാമുള്ള സാഹചര്യത്തിന്, നമ്മുടെ പ്രത്യേക ആവശ്യത്തിന് ഏത് വാഗ്ദാനമാണ് ചേരുന്നത്, അല്ലെങ്കിൽ വിശ്വാസത്താൽ അത് എങ്ങനെയാണ് പ്രായോഗികമാക്കേണ്ടത്, അതിനായി ദൈവത്തോട് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് നമുക്ക് സ്വയം അറിയാൻ  കഴിയാത്ത ഒരു സാഹചര്യത്തിലാണ് നാമുള്ളത്. അതുകൊണ്ടാണ് നമ്മോട്  വ്യക്തമായി ഇങ്ങനെ പറയുന്നത്, മനുഷ്യനിലുള്ളത് അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണംതന്നെ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയത് അറിവിനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചത്” (1 കൊരിന്ത്യർ 2:11-12). പ്രാർത്ഥന സ്വീകരിക്കപ്പെടണമെങ്കിൽ ഇത്രത്തോളം കാര്യങ്ങൾ ഉണ്ടോ? നിങ്ങൾ നിർദ്ദേശിക്കുന്നതിനേക്കാൾ കുറച്ച് കാര്യങ്ങളാൽ നമുക്ക് ദൈവത്തോട് ശരിയാംവണ്ണം അപേക്ഷിക്കാൻ കഴിയില്ലേ? ഇങ്ങനെയാണെങ്കിൽ വളരെ കുറച്ച് ആളുകൾ മാത്രമേ ഇതൊക്കെ സാധിക്കുകയുള്ളൂ എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ, അങ്ങനെ പറയുന്നവര്‍ക്ക് പ്രാർത്ഥനയുടെ അർത്ഥം അറിയില്ലെന്നും, അത് എന്താണെന്ന് പഠിക്കാൻ പോലും അവര്‍ തയ്യാറാകുന്നില്ല എന്നുമാണ് ഞങ്ങളുടെ ഉത്തരം.

  1. ദൈവത്തെ പൂർണ്ണമായി അനുസരിക്കാൻ പഠിക്കുമ്പോൾ മാത്രമേ നാം തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുകയുള്ളൂ.

മുകളിൽ സൂചിപ്പിച്ചതുപോലെ, പ്രാർത്ഥനയെ ഒരു കൽപ്പനയായി നൽകിയതിന്‍റെ ദൈവിക ഉദ്ദേശ്യങ്ങളിലൊന്ന് നമ്മെത്തന്നെ ദൈവമുമ്പാകെ  താഴ്ത്തുക എന്നതാണ് – നാം കർത്താവിന്‍റെ മുമ്പിൽ മുട്ടുകുത്തുന്നത് അതിന്‍റെ ഒരു ബാഹ്യ അടയാളമാണ്. നമ്മുടെ നിസ്സഹായതയെ അംഗീകരിച്ച്, നമുക്ക് എല്ലാ സഹായവും നൽകുന്ന ദൈവത്തിങ്കലേക്ക് നോക്കുന്നതാണ് പ്രാർത്ഥന. നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്ന അവന്‍റെ കരുതലിന് പൂർണ്ണമായും കീഴടങ്ങുന്നതാണ് പ്രാർത്ഥന. നമ്മുടെ “…ആവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തെ അറിയിക്കുക" (ഫിലിപ്പിയർ 4:6). എന്നതാണ് ഇതിന്‍റെ അർത്ഥം. എന്നാൽ ദൈവത്തോട് അപേക്ഷിക്കുന്നതിൽ നിന്നും വ്യത്യസ്തമാണ് ആവശ്യപ്പെടൽ (demanding). ‘ദൈവമുമ്പാകെ നമ്മുടെ വികാരങ്ങളും ആഗ്രഹങ്ങളും പ്രകടിപ്പിക്കാൻ വേണ്ടിയല്ല കൃപയുടെ സിംഹാസനം സ്ഥാപിക്കപ്പെട്ടത്’ (വില്യം ഗുർണാൽ). നമ്മുടെ വേദനകളും പ്രയാസങ്ങളും ദൈവമുമ്പാകെ വ്യക്തമാക്കണം, പക്ഷേ അത് എങ്ങനെ കൈകാര്യം ചെയ്യപ്പെടണം എന്നത് ദൈവത്തിന്‍റെ പരമമായ ജ്ഞാനത്തിന്  ഏല്പിച്ചു കൊടുക്കണം. നാം കല്പ്പിക്കാൻ പാടില്ല,  ദൈവമുമ്പാകെ അവകാശപ്പെടാൻ നമുക്ക് ഒന്നുമില്ല, കാരണം നാം അവന്‍റെ കരുണയിൽ മാത്രം ആശ്രയിക്കുന്ന യാചകരാണ്. നമ്മുടെ ഓരോ പ്രാർത്ഥനയിലും “എങ്കിലും ഞാൻ ഇച്ഛിക്കും പോലെയല്ല, നിന്‍റെ ഇഷ്ടം പോലെ ആകട്ടെ” എന്ന് ചേർക്കാൻ മറക്കരുത്.

എന്നാൽ വിശ്വാസം വാഗ്ദാനങ്ങളെ അവകാശമാക്കുന്നതും ദൈവത്തിൽ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നതും അല്ലേ? തീർച്ചയായും, പക്ഷേ അത് ദൈവത്തിന്‍റെ ഉത്തരമായിരിക്കണം. പൗലോസ് തന്‍റെ ജഡത്തിലെ മുള്ള് നീക്കം ചെയ്യാൻ മൂന്നു പ്രാവശ്യം കർത്താവിനോട് അപേക്ഷിച്ചു, പക്ഷേ അത് നീക്കം ചെയ്യുന്നതിനുപകരം, കർത്താവ് അത് സഹിക്കുന്നതിനുള്ള കൃപയാണ് തനിക്ക് കൊടുത്തത് എന്ന് നമുക്ക് ഓർക്കാം (2 കൊരിന്ത്യർ 12:9). ദൈവത്തിന്‍റെ  ചില വാഗ്ദാനങ്ങൾ വ്യക്തിപരമല്ല. ദൈവം തന്‍റെ  സഭയ്ക്ക് ഇടയന്മാരെയും, ഉപദേഷ്ടാക്കൻമാരേയും, സുവിശേഷകന്മാരേയും വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നിരുന്നാലും പല സഭകളും അത്തരം ആളുകളില്ലാതെ നിരാശാജനകമായ അവസ്ഥയിലാണ്. ചില വാഗ്ദാനങ്ങൾ കേവലവും സാർവത്രികവുമല്ല, മറിച്ച് അനിശ്ചിതവും പൊതുവായതുമാണ്. ഉദാഹരണത്തിന്, എഫെസ്യർ 6:2,3 കാണുക. നാം വിശ്വാസത്തോടെ  ചോദിച്ചാലും, നാം ചോദിക്കുന്ന പ്രത്യേക കാര്യം നമുക്ക് നൽകുവാന്‍ ദൈവം നിര്‍ബന്ധിതനല്ല. മാത്രമല്ല, തന്‍റെ ദയയും കരുണയും നമ്മുടെമേൽ ചൊരിയപ്പെടേണ്ട ശരിയായ സമയവും കാലവും നിർണ്ണയിക്കാനുള്ള അധികാരവും ദൈവത്തിന്‍റെതു തന്നെയാണ്.യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻപക്ഷേ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം” (സെഫന്യാവ് 2:3). എനിക്ക് ഈ ലോകത്തിലെ അനുഗ്രഹങ്ങൾ  നൽകുക എന്നത്  ദൈവത്തിന്‍റെ ഇഷ്ടമായിരിക്കാം, അതിനാൽ ഞാൻ അവനിൽ ആശ്രയിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് എന്‍റെ കടമയാണ്. എന്നിരുന്നാലും, അത് നൽകണോ വേണ്ടയോ എന്ന അവന്‍റെ തീരുമാനത്തിന് വിധേയമായി വേണം ഞാൻ അത് ചെയ്യേണ്ടത്.

  1. പ്രാർത്ഥന യഥാർത്ഥവും ആഴത്തിലുള്ളതുമായ സന്തോഷം ഉളവാക്കുമ്പോൾ മാത്രമേ നാം തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുകയുള്ളൂ.

എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വെറുതെ പ്രാർത്ഥന ‘ചൊല്ലുക’ എന്നത് മടുപ്പളവാക്കുന്ന ഒന്നാണ്, അത് ഒരു കടമയായി കണക്കാക്കി നാം നിർവഹിക്കുമ്പോൾ, ഏതോ ആശ്വാസം കിട്ടിയെന്ന തോന്നൽ ഉളവാകുന്നു എന്നുമാത്രം. എന്നാൽ നാം യഥാർത്ഥമായി ദൈവത്തിന്‍റെ സന്നിധിയിലേക്ക് വരുമ്പോൾ, അവന്‍റെ മഹത്വമുള്ള മുഖപ്രകാശം കണ്ടുകൊണ്ട്, കൃപയുടെ സിംഹാസനത്തിൽ അവനോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, അത് സ്വർഗ്ഗത്തിൽ നമ്മെ കാത്തിരിക്കുന്ന നിത്യമായ സന്തോഷത്തെ മുന്നമേ ആസ്വദിച്ച അനുഭൂതിയാണ് ഉളവാക്കുന്നത്. അത്തരമൊരു അനുഭവം ലഭിച്ച ഒരു വ്യക്തിക്ക് സങ്കീർത്തനക്കാരനെപ്പോലെ പറയാൻ കഴിയും, ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത് (സങ്കീർത്തനം 73:28). ശരിയാണ്, അത് ഹൃദയത്തിന് നല്ലതാണ്, കാരണം ഹൃദയം സമാധാനത്തിലാകുന്നു; അത് വിശ്വാസത്തിന് നല്ലതാണ്, കാരണം വിശ്വാസം ശക്തിപ്പെടുന്നു; അത് ആത്മാവിന് നല്ലതാണ്, കാരണം അത് അനുഗ്രഹിക്കപ്പെടുന്നു. ഉത്തരം ലഭിക്കാത്ത പ്രാർത്ഥനകളുടെ മൂലകാരണം നമ്മുടെ ആത്മാക്കൾ ദൈവവുമായി യോജിപ്പിലല്ല എന്നതാണ്. യഹോവയിൽ തന്നെ രസിച്ചുകൊൾക; അവൻ നിന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും” (സങ്കീർത്തനങ്ങൾ 37:4) പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താൽ, പ്രാർത്ഥനയിൽ നമ്മെ ഇത്രയും സന്തോഷിപ്പിക്കുകയും അതില്‍ വളർത്തുകയും ചെയ്യുന്നത് എന്താണ്? ഒന്നാമതായി, നമ്മുടെ പ്രാർത്ഥനകൾ കേൾക്കുന്നത് ദൈവമാണെന്ന ഹൃദയത്തിന്‍റെ സന്തോഷവും, അതിലും ഉപരി ദൈവം നമ്മുടെ പിതാവാണെന്ന തിരിച്ചറിവും ബോദ്ധ്യവുമാണ്. ശിഷ്യന്മാർ കർത്താവായ യേശുവിനോട് പ്രാർത്ഥിക്കാൻ പഠിപ്പിക്കാൻ അപേക്ഷിച്ചപ്പോൾ, അവൻ, “നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കണം: ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ..”എന്നാണ് പറഞ്ഞത്. “അബ്ബാ, പിതാവേ എന്ന് വിളിക്കുന്ന  സ്വപുത്രന്‍റെ  ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചിരിക്കുന്നു,” (ഗലാത്യർ 4:6); മക്കൾ മാതാപിതാക്കളെ ഏറ്റവും സ്നേഹത്തോടെ അഭിസംബോധന ചെയ്യുന്നതു പോലെ ദൈവത്തെ വിളിക്കുമ്പോൾ അവനിൽ ഉളവാകുന്ന വിശുദ്ധ സംതൃപ്തി ഇവിടെ നാം കാണുന്നു. നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നതിനും വേണ്ടി എഫേസ്യർ 2:18 ല്‍  അവൻ മുഖാന്തരം നമുക്ക് ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്” (എഫെസ്യർ 2:18) എന്നു പറയുന്നു. നമ്മുടെ പിതാവിനെ സമീപിക്കാൻ നമുക്ക് കഴിയുമെന്ന് നാം അറിയുമ്പോൾ നമ്മുടെ ആത്മാക്കൾക്ക് എന്തൊരു സമാധാനവും, എന്തൊരു ആത്മവിശ്വാസവും എന്തൊരു സ്വാതന്ത്ര്യവുമാണ് ഉള്ളത്!

രണ്ടാമതായി, ദൈവം തന്‍റെ കൃപാസനത്തിൽ ഇരിക്കുന്നതായി നമ്മുടെ ആത്മാവ് കാണുകയും, നമ്മുടെ ഹൃദയാന്തർഭാഗങ്ങളിൽ അത് തിരിച്ചറിയുകയും ചെയ്യുമ്പോൾ, പ്രാർത്ഥനയിലുള്ള നമ്മുടെ സന്തോഷം വർദ്ധിക്കുന്നു. ഈ ദർശനമോ പ്രത്യാശയോ ഏതെങ്കിലും ശാരീരിക ഭാവനയിൽ നിന്നല്ല, മറിച്ച് ആത്മീയ വെളിച്ചത്തിൽ നിന്നാണ് ഉളവാകുന്നത്; കാരണം വിശ്വാസ കണ്ണാൽ ആണ് നാം അദൃശ്യനായവനെ കാണുന്നത്” (എബ്രായർ 11:27); വിശ്വസിക്കുന്നവര്‍ക്ക് അവർ ആരാധിക്കുന്നവനെ തെളിയിച്ച് അവരുടെ മുമ്പാകെ വയ്ക്കുന്നത് ആ വിശ്വാസമാണ്. കാരണം, വിശ്വാസം എന്നതോ, ആശിക്കുന്നതിന്‍റെ  ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” (എബ്രായർ 11:1). ദൈവം “സിംഹാസനത്തിൽ” ഇരിക്കുന്ന ദൃശ്യം എത്രമാത്രം നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ്  “..കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക” (എബ്രായർ 4:16) എന്ന് പറഞ്ഞിരിക്കുന്നത്.  മൂന്നാമതായി, മുകളിൽ ഉദ്ധരിച്ച വാക്യത്തില്‍ നാം കാണുന്നതുപോലെ, ദൈവം യേശുക്രിസ്തുവിലൂടെ പാപികളായ നമുക്ക് തന്‍റെ കൃപയും കരുണയും കാണിക്കാൻ തയ്യാറാണെന്ന തിരിച്ചറിവ് നമുക്ക് പ്രാർത്ഥനയിൽ സ്വാതന്ത്ര്യവും സംതൃപ്തിയും നൽകുന്നു. പ്രാർത്ഥനയിലൂടെ നാം  അതിജീവിക്കേണ്ട ഒരു അനിഷ്ടവും ദൈവത്തിലില്ല. നമുക്ക് സ്വീകരിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നൽകാൻ അവൻ എപ്പോഴും സന്നദ്ധനാണ്. അതുകൊണ്ടാണ് യെശയ്യാവ് 30:18 അവനെക്കുറിച്ച് പറയുന്നത്, “നിന്നോട് കരുണ കാണിക്കാൻ അവൻ എഴുന്നേറ്റിരിക്കുന്നു.”(And therefore He will be exalted, that He may have mercy on you) നിങ്ങൾ അവനെ വിളിച്ച് അപേക്ഷിക്കുകയും, അവൻ നിങ്ങളെ അനുഗ്രഹിക്കാൻ തയ്യാറാണെന്ന് വിശ്വസിക്കുകയും ചെയ്യണമെന്നാണ് അവന്‍റെ ആഗ്രഹം. നീതിമാന്മാരുടെ നിലവിളി അവൻ എപ്പോഴും ചെവി ചായിച്ച് കേൾക്കുന്നവനാണ്. അപ്പോൾ, വിശ്വാസത്തിന്‍റെ പൂർണ്ണ നിശ്ചയം പൂണ്ട് പരമാർത്ഥ ഹൃദയത്തോടെ അടുത്തു ചെല്ലുക (എബ്രായ 10:22) യാണ് വേണ്ടത്.“എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6,7).

 

 അദ്ധ്യായം അഞ്ച്  

      തിരുവെഴുത്തുകളും സൽപ്രവൃത്തികളും

സത്യത്തെ വളച്ചൊടിക്കുന്നതു കൊണ്ടുള്ള  അപകടങ്ങൾ

ദൈവത്തിന്‍റെ സത്യത്തെ അപകടകരവും വിനാശകരവുമായ രണ്ട് പാറക്കെട്ടുകൾക്കിടയിലുള്ള ഒരു ഇടുങ്ങിയ പാതയുമായി താരതമ്യം ചെയ്യുവാൻ സാധിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അത് തെറ്റുകളാകുന്ന രണ്ട് അഗാധ ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള ഇടുങ്ങിയ പാതയാണെന്ന് പറയാം. ഒരു അറ്റത്തു നിന്ന് മറ്റൊരു അറ്റത്തേയ്ക്ക് വഴുതിപ്പോകാന്‍ പ്രവണതയുള്ള നമ്മുടെ ബലഹീനതയ്ക്ക് ഈ താരതമ്യം എത്ര ശരിയാണ്. ഒരു സന്തുലിതാവസ്ഥ നിലനിർത്തുന്ന  കാര്യത്തിൽ പരിശുദ്ധാത്മാവിന് മാത്രമേ നമ്മെ സഹായിക്കാൻ കഴിയൂ. അല്ലെങ്കിൽ, നാം തീര്‍ച്ചയായും തെറ്റിലേക്ക് വഴുതി വീഴും. ഇവിടെ തെറ്റ് എന്ന് പറയുന്നത് സത്യത്തിന്‍റെ നിഷേധമല്ല, മറിച്ച് അതിന്‍റെ വളച്ചൊടിക്കലാണ്. അതായത്, സന്തുലിതാവസ്ഥ പാലിക്കാതെ  സത്യത്തിന്‍റെ ഒരു വശത്തെ മറുവശത്തിന് വിരുദ്ധമായി കാണിക്കുക.

ദൈവശാസ്ത്ര ചരിത്രം ഈ സത്യത്തെ ഏറ്റവും ഗൗരവത്തോടെ കാണിച്ചു തരുന്നുണ്ട്. ഒരു തലമുറ അവരുടെ കാലഘട്ടത്തിന് വളരെ ആവശ്യമായിരുന്ന സത്യത്തിന്‍റെ ഒരു വശത്തെ ശരിയായ രീതിയില്‍  ശക്തമായി വാദിച്ചു. പിന്നീടുള്ള തലമുറകൾ അതിൽ തുടരുകയും മുന്നേറുകയും ചെയ്യുന്നതിന് പകരം, തങ്ങളുടെ വിഭാഗത്തെ വ്യത്യസ്തമാക്കുന്ന ആ സിദ്ധാന്തത്തിനു വേണ്ടി വാദിക്കുകയും അതിനായി പോരാടുകയും ചെയ്തു തുടങ്ങി; വളച്ചൊടിക്കലിന് വിധേയമായ ആ സത്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ അതിനെ സന്തുലിതമാക്കുന്ന മറ്റൊരു വീക്ഷണത്തെ അതിന്‍റെ എതിരാളികൾ കൂടക്കൂടെ ഉറപ്പിച്ച് പറഞ്ഞിട്ടും, അവർ അത് കേൾക്കാൻ വിസമ്മതിച്ചു. തൽഫലമായി, അവർക്ക് സമഗ്രമായ അവബോധം നഷ്ടപ്പെടുകയും, തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന  പരിധി മറികടന്ന് തങ്ങൾ വിശ്വസിച്ച കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുകയും ചെയ്തു തുടങ്ങി. തൽഫലമായി, അടുത്ത തലമുറയിലെ  യഥാർത്ഥ ദൈവദാസൻ, അവരുടെ ദൃഷ്ടിയിൽ വളരെ വിലപ്പെട്ടതായി തോന്നിയതിനെ അവഗണിക്കാനും, അവർ പൂർണ്ണമായും നിഷേധിച്ചതല്ലെങ്കിലും, ഏതാണ്ട് പൂർണ്ണമായും നഷ്ടപ്പെട്ടു പോയതിനെ ഊന്നിപ്പറയാനും നിർബന്ധിതനായി. “പ്രകാശകിരണങ്ങൾ, അവ സൂര്യനിൽ നിന്നായാലും, നക്ഷത്രത്തിൽ നിന്നായാലും, മെഴുകുതിരിയിൽ നിന്നായാലും പൂർണ്ണമായ നേർരേഖയിലാണ് സഞ്ചരിക്കുന്നത്; എന്നിരുന്നാലും ദൈവത്തിന്‍റെ പ്രവൃത്തികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ പ്രവൃത്തികള്‍ എത്ര നിസ്സാരമാണ്, ഏറ്റവും ഉറച്ച കൈകൾക്ക് പോലും പൂർണ്ണമായ ഒരു നേർരേഖ വരയ്ക്കാൻ കഴിയില്ല എന്നു മാത്രമല്ല തന്‍റെ എല്ലാ വൈദഗ്ധ്യവും ഉപയോഗിച്ച്, ഇത്രയും ലളിതമായ ഒരു കാര്യം ചെയ്യാൻ കഴിവുള്ള ഒരു ഉപകരണം കണ്ടുപിടിക്കാൻ പോലും മനുഷ്യന് കഴിഞ്ഞിട്ടില്ല”- ടി. ഗുത്രി,1867,(T Guthrie). ഇത് സത്യമാണോ അല്ലയോ എന്നതല്ല വിഷയം, പരസ്പരവിരുദ്ധമെന്ന് തോന്നുന്ന രണ്ട് പഠിപ്പിക്കലുകൾക്കിടയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ തക്കവണ്ണം ഒരു നേർരേഖ വരയ്ക്കാൻ മനുഷ്യർക്ക് കഴിയില്ല എന്നതാണ് വാസ്തവം. ഉദാഹരണത്തിന്: i. ദൈവത്തിന്‍റെ പരമാധികാരവും മനുഷ്യന്‍റെ ഉത്തരവാദിത്തവും; ii. കൃപയാലുള്ള തിരഞ്ഞെടുപ്പും സുവിശേഷത്തിന്‍റെ സാർവത്രിക പ്രഖ്യാപനവും; iii. പൗലോസ് “വിശ്വാസത്താലുള്ള നീതീകരണ”ത്തെക്കുറിച്ച് പറയുന്നത്; യാക്കോബ് “പ്രവൃത്തികളാലുള്ള നീതീകരണ”ത്തെക്കുറിച്ച് പറയുന്നത്. ദൈവത്തിന്‍റെ സമ്പൂർണ്ണ പരമാധികാരം ഊന്നിപ്പറയുന്നിടത്തെല്ലാം, മനുഷ്യന്‍റെ ഉത്തരവാദിത്തം പലപ്പോഴും അവഗണിക്കപ്പെട്ടിട്ടുണ്ട്. ഉപാധികളില്ലാത്ത തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നിടത്തെല്ലാം, രക്ഷിക്കപ്പെടാത്തർക്ക് യാതൊരു ഒഴികഴിവുമില്ലാതെ സുവിശേഷം പ്രസംഗിക്കണമെന്നത് അവഗണിക്കപ്പെടുന്നു. മറുവശത്ത്, മനുഷ്യന്‍റെ ഉത്തരവാദിത്തം അംഗീകരിച്ചുകൊണ്ട് സുവിശേഷീകരണത്തെ ഉയർത്തിപ്പിടിക്കുന്നിടത്തെല്ലാം, ദൈവത്തിന്‍റെ  സർവ്വാധികാരവും തിരഞ്ഞെടുപ്പിന്‍റെ സത്യവും ദുർബലമാക്കപ്പെടുകയോ പൂർണ്ണമായും അവഗണിക്കപ്പെടുകയോ ചെയ്യുന്നു.

മുകളിൽ പറഞ്ഞ സത്യത്തെ വ്യക്തമാക്കുന്ന ഉദാഹരണങ്ങൾ പലതും നമ്മളിൽ പലരും കണ്ടിട്ടുണ്ട്, എന്നാൽ വിശ്വാസവും സൽപ്രവൃത്തികളും തമ്മിലുള്ള കൃത്യമായ ബന്ധം കാണിക്കാൻ ശ്രമിക്കുമ്പോഴും ഇതിന് സമാനമായ ഒരു പ്രശ്നം ഉയർന്നുവരുന്നുണ്ട് എന്നത് ഒരുപക്ഷേ വളരെ ചുരുക്കം ചിലർ മാത്രമേ മനസ്സിലാക്കുന്നുള്ളൂ. ചിലർ തിരുവെഴുത്തുകൾ ഉദ്ദേശിക്കാത്ത സ്ഥാനം സല്‍പ്രവൃത്തികൾക്ക്  നൽകി തെറ്റ് ചെയ്യുമ്പോൾ, മറ്റു ചിലർ തിരുവെഴുത്തുകൾ സൽപ്രവർത്തികൾക്ക് പ്രത്യേകമായി നൽകുന്ന സ്ഥാനം നൽകുന്നതിൽ പരാജയപ്പെടുന്നു. സല്‍പ്രവൃത്തികൾ കൊണ്ട് മാത്രമേ നമുക്ക് ദൈവത്തിൽ നിന്ന് രക്ഷ നേടാൻ കഴിയൂ എന്ന് കരുതുന്നതും, സ്വർഗ്ഗത്തിലെത്താൻ സല്‍പ്രവൃത്തികൾ ആവശ്യമില്ലെന്ന് കരുതുന്നതും ഒരുപോലെ തെറ്റാണ്. ഇപ്പോൾ തന്നെ ഞാൻ കുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണെന്നും, എന്നെ ഒരു ദുരുപദേഷ്ടാവായി  മുദ്രകുത്താനുള്ള സാധ്യതയുണ്ടെന്നും എനിക്ക് അറിയാം. ഈ വിഷമാവസ്ഥയിൽ നിന്ന് കരകയറാൻ ദൈവിക സഹായം അനിവാര്യമാണെന്ന് വിശ്വസിച്ചുകൊണ്ട്, ഞാൻ വ്യക്തിപരമായി ഈ കാര്യങ്ങൾ ദൈവത്തെ ഭരമേൽപ്പിക്കുന്നു.

ചിലർ ഭൂതക്കണ്ണാടിയിലെന്ന പോലെ സല്‍പ്രവൃത്തികളെ വലുതാക്കി കാണിക്കാനുള്ള  തങ്ങളുടെ വ്യഗ്രതയിൽ വിശ്വാസത്തെ കുറച്ചു കാണുന്നു. വചനപ്രകാരം ആലോചിക്കുന്ന മറ്റുചിലർ സൽപ്രവൃത്തികൾക്ക് അപൂർവ്വമായി മാത്രമേ ശരിയായ സ്ഥാനം നൽകാറുള്ളൂ; അതുമല്ല, ക്രിസ്ത്യാനികൾ ആത്മാർത്ഥതയോടെ സല്‍പ്രവൃത്തികളെ പിന്തുടരാനുള്ള ആഹ്വാനം നല്‍കുന്നതു പോലും വളരെ വിരളമാണ്. ഇതിനു കാരണം വിശ്വാസികള്‍ വിശ്വാസത്തെ കുറച്ചുകാണുമോ എന്ന അവരുടെ ഭയവും, പാപികൾ ക്രിസ്തുവിന്‍റെ  നീതിയിലല്ലാതെ, സ്വന്തം പ്രവൃത്തികളിൽ ആശ്രയിക്കുമോ എന്ന അവരുടെ ആശങ്കയുമാണ്. എന്നാൽ ഇതൊന്നും ഒരു പ്രസംഗകനെ “ദൈവത്തിന്‍റെ മുഴുവൻ ആലോചനയും” പ്രഖ്യാപിക്കുന്നതിൽ നിന്നും തടയരുത്. നശിച്ചുപോകുന്നവർ ക്രിസ്തുവിനെ രക്ഷകനായി വിശ്വസിക്കുക എന്നതാണ് അവന്‍റെ വിഷയമെങ്കിൽ, അവൻ ആ സത്യം യാതൊരു മാറ്റവുമില്ലാതെ പ്രഖ്യാപിക്കണം. രക്ഷിക്കപ്പെടാൻ എന്തുചെയ്യണമെന്ന് ഫിലിപ്പിയിലെ കാരാഗൃഹപ്രമാണി അപ്പോസ്തലന്മാരോട് ചോദിച്ചപ്പോൾ അവര്‍ നൽകിയ ഉത്തരം (പ്രവൃത്തികൾ 16:31) തന്നെ അവന്‍  അനുകരിക്കണം. സൽപ്രവൃത്തികളാണ് അവന്‍റെ വിഷയമെങ്കിൽ, തിരുവെഴുത്ത് ആ വിഷയത്തെ കുറിച്ച് പറയുന്നത് പ്രഖ്യാപിക്കാൻ അവൻ മറക്കരുത്; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാന്‍ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചു പറയേണം... തീത്തോസ് 3:2,8 ലെ ദൈവിക കല്പന നാം മറന്നു പോകരുത്.

അലസതയുടെയും, വ്യർത്ഥതയുടെയും, പൊങ്ങച്ചത്തിന്‍റെയും വാക്കുകളാല്‍ നിറയപ്പെട്ട ഈ നാളുകിൽ മുകളിൽ ഉദ്ധരിച്ച തിരുവെഴുത്തുകൾ വളരെ പ്രസക്തമാണ്. “സൽപ്രവൃത്തികൾ” എന്ന വാക്ക് പുതിയ നിയമത്തിൽ ഏകദേശം മുപ്പത് തവണ ഏകവചനത്തിലോ ബഹുവചനത്തിലോ ആയി കാണപ്പെടുന്നു. എന്നിരുന്നാലും, വിശ്വാസം എന്ന വിഷയത്തെ കുറിച്ച് ശക്തമായി പഠിപ്പിക്കുന്ന പല ഉപദേഷ്ടാക്കളും ഈ പദം ഉപയോഗിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതി നോക്കിയാൽ ആ വാക്ക് ദൈവവചനത്തിൽ ഒന്നോ രണ്ടോ തവണയിൽ കൂടുതൽ ഉപയോഗിച്ചിട്ടില്ലെന്ന് തോന്നിപ്പോകും. മറ്റൊരവസരത്തിൽ കർത്താവ് യഹൂദന്മാരോട് പറഞ്ഞു, ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍  വേർപിരിക്കരുത് (മർക്കോസ് 10:9) എന്ന്. നമ്മുടെ ഹൃദയത്തിൽ നിന്നോ മനസ്സിൽ നിന്നോ ഒരിക്കലും വേർപെടുത്താൻ പാടില്ലാത്ത, പ്രാധാന്യമുള്ളതും അനുഗ്രഹീതവുമായ രണ്ട് വിഷയങ്ങളെ എഫെസ്യർ 2:8-10-ൽ ദൈവം ഒരുമിച്ച് പ്രസ്താവിച്ചിരിക്കുന്നു. എന്നിരുന്നാലും, ഇന്നത്തെ പ്രസംഗ വേദികളിൽ, ഇവ രണ്ടും വേർപെടുത്തുപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. 8 ഉം 9 ഉം വാക്യങ്ങളെ ആധാരമാക്കി എത്ര പ്രസംഗങ്ങൾ ആണ് ചെയ്യാറുള്ളത്? എന്നാൽ “രക്ഷ പ്രവൃത്തികളാലല്ല വിശ്വാസത്താലാകുന്നു” എന്ന വാക്കുകളോടെ ആരംഭിക്കുന്ന ഈ വാക്യ ഭാഗം എങ്ങനെയാണ് അവസാനിക്കുന്നതെന്ന് നോക്കുക. നാം അവന്‍റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു” (എഫെസ്യർ 2:10).

ദൈവവചനം വ്യത്യസ്ത കാരണങ്ങളാൽ ആണ് ആളുകൾ പഠിക്കുന്നതെന്നും,  വ്യത്യസ്ത ഉദ്ദേശ്യങ്ങളോടെയാണ് വായിക്കുന്നതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ്  നാം ഈ പുസ്തകം ആരംഭിച്ചത്. എന്നാൽ ഈ തിരുവെഴുത്തുകൾ എന്തിനാണ് “പ്രയോജനകരമെന്ന്” 2 തിമൊഥെയൊസ് 3:16,17 ൽ വെളിപ്പെടുത്തിയിരിക്കുന്നു. ‘അതായത്, ഉപദേശത്തിനും, ശാസനത്തിനും, ഗുണീകരണത്തിനും, നീതിയിലെ അഭ്യാസത്തിനും, ദൈവത്തിന്‍റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും വക പ്രാപിച്ച് തികഞ്ഞവനാകേണ്ടതിനും’ തിരുവെഴുത്തുകൾ നൽകപ്പെട്ടിരിക്കുന്നു. ദൈവവചനം ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ച് എന്താണ് ഊന്നിപ്പറയുന്നത്, പാപത്തെ എങ്ങനെയാണ് കുറ്റം വിധിക്കുകയും തിരുത്തുകയും ചെയ്യുന്നത്, പ്രാർത്ഥനയെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നത് എന്നിവയെല്ലാം നാം കണ്ടുകഴിഞ്ഞു. ഇതെല്ലാം നമ്മെ “സകല സൽപ്രവൃത്തിക്കും” സജ്ജരാക്കുന്നത് എങ്ങനെയാണെന്ന് ഇപ്പോൾ നമുക്കു നോക്കാം. പരിശുദ്ധാത്മാവിന്‍റെ  സഹായത്തോടെ നമ്മുടെ വചന ധ്യാനം പ്രയോജനകരമാണോ അല്ലയോ എന്ന് വിലയിരുത്തുന്നതിനുള്ള മറ്റൊരു ഉരകല്ലാണിത്.

  1. സല്‍പ്രവൃത്തികൾക്കുള്ള യഥാർത്ഥ സ്ഥാനം നാം പഠിക്കുമ്പോൾ മാത്രമേ തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുകയുള്ളൂ.

ഒരു വ്യവസ്ഥ എന്ന നിലയിൽ മൗലികവാദത്തെ ഉയർത്തിപ്പിടിക്കാനുള്ള  തീക്ഷ്ണതയിൽ, പലരും കൃപയാലുള്ള രക്ഷയെക്കുറിച്ച് ഉന്നതമായി സംസാരിക്കുകയും വിശുദ്ധിയെ കുറിച്ചും, ദൈവത്തിന് സമർപ്പിക്കപ്പെട്ട ജീവിതത്തെ കുറിച്ചും നിസ്സാരമായി സംസാരിക്കുകയും ചെയ്യുന്നു. എന്നാൽ വിശുദ്ധ തിരുവെഴുത്തുകളിൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല. ക്രിസ്തുവിന്‍റെ രക്തത്തിലുള്ള വിശ്വാസത്താൽ കൃപയാൽ സൗജന്യമായി  രക്ഷ ലഭിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന സുവിശേഷം, ന്യായപ്രമാണത്തിന്‍റെ  പ്രവൃത്തികൾ കൂടാതെ രക്ഷിതാവിലുള്ള വിശ്വാസത്താൽ, ക്രിസ്തുവിന്‍റെ  നീതി അവര്‍ക്ക് ലഭിക്കുന്നതു മൂലം പാപികൾ നീതീകരിക്കപ്പെടുന്നു എന്ന് ഊന്നിപറയുന്ന സുവിശേഷം, വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ കാണാൻ കഴിയില്ലെന്നും പറയുന്നു. പാപപരിഹാര രക്തത്താലാണ് വിശുദ്ധന്മാര്‍ കഴുകപ്പെടുന്നുവെന്നു പറയുന്ന സുവിശേഷം, സ്നേഹത്താൽ പ്രവർത്തിക്കുന്നതും, “ലോകത്തെ ജയിക്കുന്നതുമായ വിശ്വാസത്താലാണ് അവരുടെ ഹൃദയങ്ങൾ ശുദ്ധീകരിക്കപ്പെടുന്നുവെന്നും നമ്മോടു പറയുന്നു. അതുപോലെ, സകല മനുഷ്യർക്കും രക്ഷ നൽകുന്ന ദൈവകൃപ ലഭിച്ചവരോട്, അഭക്തിയും ലൗകിക മോഹങ്ങളും ഉപേക്ഷിച്ച്, ഈ ലോകത്തിൽ സുബോധത്തോടും, നീതിയോടും, ദൈവഭക്തിയോടും കൂടെ ജീവിക്കണമെന്നും പഠിപ്പിക്കുന്നു (തീത്തോസ് 2:11-13). “തിരുവെഴുത്തുകളെ അടിസ്ഥാനത്തിൽ സൽ പ്രവൃത്തികളെ കുറിച്ച് ശക്തമായി പഠിപ്പിക്കുന്നതിലൂടെ കൃപയുടെ സുവിശേഷം ദുർബലമായി പൊകുമെന്ന ഭയം ദൈവത്തിന്‍റെ സത്യത്തെക്കുറിച്ച് നമുക്കുള്ള അസമഗ്രവും അസംപൂർണ്ണവുമായ അവബോധത്തെ വെളിപ്പെടുത്തുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യഥാർത്ഥ ക്രിസ്തീയ വിശ്വാസത്തിന്‍റെ  ഫലങ്ങളായ സൽപ്രവൃത്തികൾക്ക് അനുകൂലമായി തിരുവെഴുത്തുകൾ നൽകുന്ന തെളിവുകൾ മറച്ചു വയ്ക്കാനുള്ള ഏതൊരു ശ്രമവും ദൈവവചനത്തിന്‍റെ  വളച്ചൊടിക്കലാണ്” (അലക്സാണ്ടർ കാർസൺ).

സല്‍പ്രവൃത്തികളെ കുറിച്ചുള്ള ദൈവത്തിന്‍റെ കല്പന ശ്രദ്ധയോടെ  അനുസരിക്കുന്നതിൽ നാം പരാജയപ്പെടുന്നു എന്ന് മാത്രമല്ല, ക്രിസ്തുവിന്‍റെ നീതി ആരോപിക്കപ്പെട്ടതു കൊണ്ട് നാം നീതീകരിക്കപ്പെടുകയും, രക്ഷിക്കപ്പെടുകയും ചെയ്യുന്നുവല്ലോ, അപ്പോള്‍ സല്‍പ്രവൃത്തികൾ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം എന്താണെന്ന് കൂടെ ചിലർ ചോദിക്കുന്നു. വിശ്വാസിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ദൈവവുമായുള്ള അവന്‍റെ ബന്ധത്തെ കുറിച്ചുമുള്ള പൂർണ്ണമായ അജ്ഞതയുടെ ഫലമാണ് ഇത്തരമൊരു അർത്ഥശൂന്യമായ വാദഗതിക്ക് കാരണം. ഒരുപക്ഷേ ദൈവത്തിന്‍റെ കല്പനകൾ അനുസരിക്കുക എന്നതാണ് നീതീകരിക്കപ്പെടാനുള്ള ഏക മാർഗം എന്ന് പറഞ്ഞിരുന്നെങ്കിൽ, അത് അനുസരണം കാണിക്കത്തക്കവണ്ണം എത്രത്തോളം സ്വാധീനിക്കുമായിരുന്നോ അത്രത്തോളം ശക്തമായും ഫലപ്രദമായും ഇപ്പോൾ വീണ്ടും ജനിച്ചവരെ സ്വാധീനിക്കുന്നില്ലെന്ന് കരുതുന്നത് യഥാർത്ഥ വിശ്വാസത്തിന്‍റെ സ്വഭാവം എന്താണെന്ന് തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നതുകൊണ്ടാണ്; മാത്രമല്ല, ക്രിസ്ത്യാനികളുടെ മനസ്സുകളെ പ്രധാനമായും പ്രചോദിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യുന്ന ഉദ്ദേശ്യങ്ങളും പ്രേരണകളും എന്തായിരിക്കണമെന്ന് മനസ്സിലാക്കുന്നതിലുള്ള പരാജയവും കൂടെയാണ് അത്.  മാത്രമല്ല, നീതീകരണത്തിനും വിശുദ്ധീകരണത്തിനും ഇടയിൽ ദൈവം വച്ചിട്ടുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചുള്ള ഒരു തെറ്റിദ്ധാരണ കൊണ്ടും കൂടെയാണ് ഇങ്ങനെ കരുതുന്നത്. ഈ രണ്ടെണ്ണത്തിൽ, ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽക്കാൻ കഴിയുമെന്ന് കരുതുന്നത് മുഴുവൻ സുവിശേഷത്തെയും ദുർബലപ്പെടുത്തുന്നതിന് തുല്യമാണ്. റോമർ 6:1-3-ൽ അപ്പോസ്തലനായ പൗലോസ് കൈകാര്യം ചെയ്യുന്നത് ഈ വിഷയത്തെക്കുറിച്ചാണ്.

  1. സല്‍പ്രവൃത്തികളുടെ ആവശ്യകത നാം പഠിക്കുമ്പോൾ മാത്രമേ തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുകയുള്ളൂ.

രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രായർ 9:22), വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല (എബ്രായർ 11:6) എന്ന് പറയുന്ന അതേ സത്യവചനം, ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല (എബ്രായർ 12:14) എന്നും കൂടെ പ്രഖ്യാപിക്കുന്നു. വിശുദ്ധന്മാർ സ്വർഗത്തിൽ ജീവിക്കുന്ന ജീവിതം, വീണ്ടും ജനനത്തിനു ശേഷം അവർ ഭൂമിയിൽ ജീവിച്ച ജീവിതത്തിന്‍റെ പൂർത്തീകരണമാണ്. ഈ രണ്ട് ജീവിതങ്ങളും തമ്മിലുള്ള വ്യത്യാസം സ്ഥിതിയിലുള്ളതല്ല , മറിച്ച് സ്ഥാനത്തിലുള്ളതാണ്. നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചം പോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു” (സദൃശവാക്യങ്ങൾ 4:18).  ഇവിടെ നാം ദൈവത്തോടുകൂടെ നടക്കുന്നില്ലെങ്കിൽ, സ്വർഗ്ഗത്തിൽ ദൈവത്തോടുകൂടെ വസിക്കുവാന്‍ സാധിക്കുകയില്ല.  ഇവിടെ നമുക്ക്  അവനുമായി ശരിയായ കൂട്ടായ്മ ഇല്ലെങ്കിൽ, നിത്യതയിൽ ഒട്ടുംതന്നെ ഉണ്ടാകുകയില്ല. മരണം നമ്മുടെ ഹൃദയങ്ങളെ വലിയ തോതിൽ ബാധിക്കുന്നില്ല. ശരിയാണ്, മരണത്തിൽ പാപത്തിന്‍റെ അവശിഷ്ടങ്ങൾ എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെടും, പക്ഷേ പിന്നീട് പുതിയ സ്വഭാവം നൽകപ്പെടുന്നില്ല. അതിനാൽ, മരണത്തിനു മുമ്പേ ഒരു വ്യക്തി പാപത്തെ വെറുക്കുകയും വിശുദ്ധിയെ സ്നേഹിക്കുകയും ചെയ്യുന്നില്ലെങ്കിൽ, പിന്നീട് അവന് അങ്ങനെ ചെയ്യാൻ കഴിയില്ല.

ആരും യഥാർത്ഥത്തിൽ നരകത്തിൽ പോകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അവിടേക്ക് നയിക്കുന്ന ആ വിശാലമായ വഴിയെ വെറുക്കുന്നവർ ചുരുക്കം പേര്‍ മാത്രമാണ്! എല്ലാവരും സ്വർഗ്ഗത്തിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നു, എന്നാൽ യഥാര്‍ത്ഥ ക്രിസ്ത്യാനികൾ മാത്രമേ അവിടേയ്ക്ക് നയിക്കുന്ന ഇടുങ്ങിയ വഴിയിലൂടെ നടക്കുവാന്‍ ഇഷ്ടപ്പെടുന്നുള്ളൂ. രക്ഷാപ്രക്രിയയിൽ സൽപ്രവൃത്തികൾക്ക് നൽകിയിരിക്കുന്ന ശരിയായ സ്ഥാനം നാം ഇവിടെ സൂക്ഷ്മമായി പരിശോധിക്കണം. സൽപ്രവൃത്തികൾ രക്ഷ പ്രാപിക്കാൻ ഒരുനിലയിലും സഹായിക്കുന്നില്ല. എന്നിരുന്നാലും അവയെ രക്ഷയിൽ നിന്ന് വേർപെടുത്താനാവില്ല; സ്വർഗ്ഗത്തിൽ പോകാനുള്ള യോഗ്യത അവ നമുക്ക് നൽകുന്നില്ല, പക്ഷേ അവിടേയ്ക്ക് പോകുന്നവർക്കുള്ള ദൈവത്തിന്‍റെ  മാർഗ്ഗമാണ് സൽപ്രവൃത്തികൾ. എന്തായാലും, സൽപ്രവൃത്തികൾ നിത്യജീവന്‍റെ കാരണങ്ങളല്ല, മറിച്ച് അതിലേയ്ക്കുള്ള മാർഗ്ഗം മാത്രമാണ് (നമ്മിൽ പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനവും, നാം കാണിക്കുന്ന മാനസാന്തരം., വിശ്വാസം, അനുസരണം എന്നിവയും പോലെ). ക്രിസ്തു നമുക്കായി വിലയ്ക്കുവാങ്ങിയ അവകാശം പ്രാപിക്കുന്നതിനായി നാം ഒരു പാതയിൽ നടക്കണമെന്ന് ദൈവം നിശ്ചയിച്ചു. ക്രിസ്തു തന്‍റെ ജനത്തിനു വേണ്ടി വിലയ്ക്കു വാങ്ങിയ അവകാശം പ്രാപിക്കാനുള്ള ഏക മാർഗം ഓരോ ദിവസവും ദൈവത്തോട് അനുസരണമുള്ള ഒരു ജീവിതം നയിക്കുക എന്നതാണ്. ഇപ്പോൾ നാം വിശ്വാസത്താൽ അതിലേയ്ക്ക് പ്രവേശിക്കുന്നു, എന്നാൽ നമ്മുടെ മരണത്തിലോ അല്ലങ്കിൽ അവന്‍റെ രണ്ടാം വരവിലോ നാം  വാസ്തവമായും അതില്‍ പ്രവേശിക്കും.

  1. സല്‍പ്രവൃത്തികളുടെ ഉദ്ദേശ്യം നാം പഠിക്കുമ്പോൾ മാത്രമേ വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുകയുള്ളൂ.

മത്തായി 5:16-ൽ വളരെ വ്യക്തമായി ഇങ്ങനെ പറഞ്ഞിരിക്കുന്നു; മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. ‘സൽപ്രവർത്തികൾ’ എന്ന വാക്ക് പുതിയ നിയമത്തിൽ ആദ്യമായി ഇവിടെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്; സാധാരണയായി, തിരുവെഴുത്തുകളിൽ ഒരു വാക്ക് ആദ്യമായി ഏത് അർത്ഥത്തിലാണോ ഉപയോഗിച്ചിരിക്കുന്നത് തുടർന്നുള്ള സന്ദർഭങ്ങളിലും അതുതന്നെയാണ് ആ പദത്തിന്‍റെ ഉദ്ദേശ്യത്തെയും വ്യാപ്തിയെയും സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്‍റെ ശിഷ്യന്മാർ തങ്ങളുടെ നിശബ്ദമായ ക്രിസ്തിയ ജീവിത സാക്ഷ്യത്തിലൂടെ തങ്ങളുടെ വിശ്വാസത്തിന്‍റെ പ്രഖ്യാപനത്തെ സ്ഥിരീകരിക്കുന്നവരായിരിക്കണം (കാരണം “വെളിച്ചം” പ്രകാശിക്കുമ്പോൾ ശബ്ദമുണ്ടാക്കുന്നില്ല). ഇങ്ങനെ ചെയ്യുന്നതിലൂടെ, മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കാണുകയും (നിങ്ങളുടെ പൊങ്ങച്ചത്തിന്‍റെ  വാക്കുകൾ കേൾക്കാതിരിക്കുകയും) സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തുകയും വേണം. ഇവിടെ പ്രാഥമിക ലക്ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുക എന്നതാണ്.

മത്തായി 5:16 ന്‍റെ അർത്ഥം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് നമുക്ക് അത് കുറച്ചുകൂടി വിശദമായി പരിശോധിക്കാം.  സാധാരണയായി സല്‍പ്രവൃത്തികള്‍ തന്നെയാണ് വെളിച്ചം എന്ന് ആളുകള്‍ വിചാരിക്കുന്നു. എന്നാല്‍, ‘വെളിച്ച’വും ‘സൽപ്രവർത്തികളും’ വേർതിരിക്കാനാവാത്തവയാണെങ്കിലും, രണ്ടും ഒന്നല്ല.  ‘വെളിച്ചം’ ക്രിസ്തുവിനെക്കുറിച്ചുള്ള നമ്മുടെ സാക്ഷ്യമാണ്, എന്നാൽ നമ്മുടെ ജീവിതം അതിനെ പ്രതിഫലിപ്പിക്കുന്നില്ലെങ്കിൽ എന്താണ് പ്രയോജനം?  സൽപ്രവൃത്തികൾ ചെയ്യുന്നതിന്‍റെ ഉദ്ദേശ്യം മറ്റുള്ളവരെ നമ്മിലേയ്ക്ക് ആകർഷിക്കുകയല്ല, മറിച്ച് സൽപ്രവൃത്തികൾ നമ്മുടെ ഉള്ളിൽ ഉളവാക്കിയ ദൈവത്തിങ്കലേയ്ക്ക് അവരെ നയിക്കുക എന്നതാണ്.   ഇവ മനുഷ്യപ്രകൃതിയിൽ നിന്ന് സഹജമായി ഉളവാകുന്നതല്ല, മറിച്ച് ദൈവം അവയെ  ഉളവാക്കുന്നതാണെന്ന് അവിശ്വാസികൾ പോലും തിരിച്ചറിയുന്ന തരത്തിൽ യോഗ്യവും ഗുണനിലവാരമുള്ളതുമായ സല്‍പ്രവൃത്തികൾ നമുക്കുണ്ടാകണം.   ഫലം പ്രകൃത്യാതീതമാകണമെങ്കിൽ, വേര് പ്രകൃത്യാതീതമായി രിക്കണം. ഇത് മനുഷ്യർക്ക് തിരിച്ചറിയാൻ കഴിയുമ്പോൾ മാത്രമേ നമ്മുടെ പിതാവ് മഹത്വപ്പെടുകയുള്ളൂ.   അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് സൽപ്രവൃത്തികളെ കുറിച്ച് പരാമർശിക്കുന്ന തിരുവെഴുത്തിലെ അവസാന വാക്യമായ 1 പത്രോസ് 2:12,  13.  “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു”.   അതുകൊണ്ട് സല്‍പ്രവൃത്തികളെക്കുറിച്ച് തിരുവെഴുത്തിൽ ആദ്യമായും അവസാനമായും ഉപയോഗിച്ചിരിക്കുന്ന വാക്യങ്ങൾ സൽപ്രവൃത്തികളുടെ ഉദ്ദേശ്യത്തെ ഊന്നിപ്പറയുന്നു. ഈ ലോകത്തിൽ ദൈവം തന്‍റെ ജനത്തിലൂടെ ചെയ്യുന്ന  തന്‍റെ പ്രവൃത്തികളിലൂടെയാണ് മഹത്വപ്പേടെണ്ടത്.

  1. സല്‍പ്രവൃത്തികളുടെ യഥാർത്ഥ സ്വഭാവം നാം പഠിക്കുമ്പോൾ മാത്രമേ വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുകയുള്ളൂ.

വീണ്ടും ജനിക്കാത്തവർക്ക് ഇത് പൂർണ്ണമായും അറിവില്ലാത്ത ഒരു വിഷയമാണ്. അവർ ബാഹ്യ കാര്യങ്ങൾ മാത്രം നോക്കുകയും, ലൗകിക മാനദണ്ഡങ്ങൾക്കനുസരിച്ച് വിധിക്കുകയും ചെയ്യുന്നു., ദൈവത്തിന്‍റെ ദൃഷ്ടിയിൽ ഏതാണ് ഉന്നതമായത് ഏതാണ് അല്ലാത്തത് എന്നു നിര്‍ണ്ണയിക്കാൻ പോലും സാമര്‍ത്ഥ്യമില്ലാത്തവരാണ് അവര്‍.   പാപത്താൽ കുരുടാക്കപ്പെട്ട മനുഷ്യർ, തങ്ങൾ നല്ല പ്രവൃത്തികൾ എന്ന് കരുതുന്നതിനെ ദൈവവും അംഗീകരിക്കുന്നു എന്ന് വിചാരിച്ചു കൊണ്ട് അജ്ഞതയിൽ കഴിയുന്നു.   ആർക്കും അവരുടെ തെറ്റുകളെ അവര്‍ക്ക് ബോധ്യപ്പെടുത്താൻ കഴിയില്ല. ആത്യന്തികമായി, അവരുടെ ജീവിതത്തെ പുതുക്കുകയും  ഇരുട്ടിൽ നിന്ന് തന്‍റെ അത്ഭുതകരമായ വെളിച്ചത്തിലേക്ക് അവരെ കൊണ്ടുവരുകയും ചെയ്യേണ്ടത് പരിശുദ്ധാത്മാവാണ്. അപ്പോൾ മാത്രമേ അവർ സല്‍പ്രവൃത്തികളുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയുകയും, അവ ദൈവഹിതത്തോടുള്ള അനുസരണത്തിൽ (റോമർ 6:16), ദൈവത്തോടുള്ള സ്നേഹത്തിൽ  (എബ്രായർ 10:24), ക്രിസ്തുവിന്‍റെ നാമത്തിൽ (കൊലോസ്യർ 3:17), ദൈവമഹത്വത്തിനായി (1 കൊരിന്ത്യർ 10:31) ചെയ്യുന്ന പ്രവൃത്തികൾ മാത്രമാണെന്ന് മനസ്സിലാക്കുകയും ചെയ്യുകയുള്ളൂ.

‘സൽപ്രവൃത്തികളുടെ’ യഥാർത്ഥ സ്വഭാവം കർത്താവായ യേശു പൂർണ്ണമായി പ്രകടമാക്കി. അവന്‍ ചെയ്തതൊക്കെയും പിതാവിനോടുള്ള അനുസരണത്തിലാണ് ചെയ്തത്. അവൻ “സ്വയം പ്രസാദിച്ചില്ല” (റോമർ 15:3) മറിച്ച് തന്നെ അയച്ചവന്‍റെ ഇഷ്ടമാണ് ചെയ്തത് (യോഹന്നാൻ 6:29). ഞാന്‍ എല്ലായ്പ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട്..” (യോഹന്നാൻ 8:29) എന്ന് പറയാൻ അവന് കഴിഞ്ഞു. പിതാവിന്‍റെ ഇഷ്ടത്തിന് കീഴടങ്ങുന്നതിൽ ക്രിസ്തുവിന് യാതൊരു പരിമിധികളുമില്ല. "അവൻ മരണത്തോളം, ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായിത്തീർന്നു" (ഫിലിപ്പിയർ 2:8). അതുപോലെ, ക്രിസ്തു ചെയ്തതെല്ലാം പിതാവിനുവേണ്ടിയും സഹമനുഷ്യനോടുള്ള സ്നേഹത്തിലുമാണ് ചെയ്തത്. ന്യായപ്രമാണം  നിറവേറ്റുന്നതാണ് സ്നേഹം, യഥാർത്ഥ സ്നേഹമില്ലാതെ നിയമം അനുസരിക്കുന്നത്, അടിമകള്‍ കാണിക്കുന്ന അനുസരണത്തിനു തുല്യമാണ്. സ്നേഹവാനായ ദൈവത്തിന് ഇവ സ്വീകാര്യമല്ല. ക്രിസ്തുവിന്‍റെ  അനുസരണം സ്നേഹത്തിൽ നിന്നാണ് പ്രവഹിച്ചത് എന്നതിന്‍റെ തെളിവ് സങ്കീർത്തനം 40:8 ൽ നമുക്ക് കാണാം. എന്‍റെ ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്‍റെ ന്യായപ്രമാണം എന്‍റെ ഉള്ളിൽ ഇരിക്കുന്നു. അതുപോലെ, ക്രിസ്തുവും എല്ലാം ചെയ്തത് പിതാവിനെ മഹത്വപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. പിതാവേ, നിന്‍റെ നാമത്തെ മഹത്വപ്പെടുത്തേണമേ (യോഹന്നാൻ 12:28) എന്ന വാക്കുകൾ എല്ലായ്പ്പോഴും അവന്‍റെ മുമ്പിലുള്ള ലക്ഷ്യത്തെ വെളിപ്പെടുത്തുന്നവയാണ്.

  1. സല്‍പ്രവൃത്തികളുടെ യഥാർത്ഥ ഉറവിടം നാം പഠിക്കുമ്പോൾ മാത്രമേ  വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുകയുള്ളൂ.

വീണ്ടും ജനിക്കാത്ത മനുഷ്യർക്കുപോലും നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും (എന്നാൽ അവ സാമൂഹികവും സ്വാഭാവികവുമായ അർത്ഥത്തിൽ മാത്രമേ നല്ല കാര്യങ്ങളാകൂ, ആത്മീയ അർത്ഥത്തിലല്ല). പുറമെ നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ അവർ ചെയ്തേക്കാം. ഉദാഹരണത്തിന്: ദൈവവചനം പഠിക്കുക, വചനം ശുശ്രൂഷിക്കുക, ദരിദ്രർക്ക് കൊടുക്കുക തുടങ്ങിയവ. എന്നാൽ അവരുടെ പ്രവൃത്തികൾക്ക് പിന്നിൽ ദൈവിക ഉദ്ദേശ്യമില്ലാത്തതിനാൽ, വിശുദ്ധനായ ദൈവമുമ്പാകെ അവ കറപുരണ്ട  തുണിപോലെ കണക്കാക്കപ്പെടുന്നു. വീണ്ടും ജനന അനുഭവം ഇല്ലാത്ത ഇവര്‍ക്ക് ആത്മീയമായി പ്രവർത്തിക്കാനുള്ള ഒരു ശക്തിയുമില്ല. അതുകൊണ്ടാണ് റോമർ 3:12 ല്‍, നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലുമില്ല എന്ന് പറയുന്നത്. കാരണം അവരുടെ മനസ്സ് “ദൈവത്തിന്‍റെ  ന്യായപ്രമാണത്തിന് കീഴ്പ്പെടുന്നില്ല, കീഴ്പ്പെടുവാൻ കഴിയുന്നതുമല്ല (റോമർ 8:7). അതുകൊണ്ടാണ് ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ (സദൃശവാക്യങ്ങൾ 21:4), എന്ന് വായിക്കുന്നത്. വിശ്വാസികൾ പോലും സ്വന്തമായി ആലോചിച്ച് സൽപ്രവൃത്തികൾ ചെയ്യാൻ പ്രാപ്തരല്ല (2 കൊരിന്ത്യർ 3:5). കാരണം, ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവർത്തിക്കുന്നത്” (ഫിലിപ്പിയർ 2:13).

കൂശ്യനു തന്‍റെ ത്വക്കും പുള്ളിപ്പുലിക്കു തന്‍റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? അതുപോലെ ദോഷം ചെയ്‍വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നന്മ ചെയ്‍വാൻ കഴിയുമോ?” (യിരെമ്യാവ് 13:23). വീണ്ടും ജനിക്കാത്തവരുടെ സല്‍പ്രവൃത്തികൾ മുള്ളുകളിൽ നിന്ന്  മുന്തിരിപ്പഴവും, ഞെരിഞ്ഞിലുകളിൽ നിന്ന് അത്തിപ്പഴവും പറിക്കുന്നത് പോലെ ആണ്. നാം “ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാണെങ്കിൽ” (എഫെസ്യർ 2:10), “നമ്മുടെ ഹൃദയങ്ങളിൽ അവന്‍റെ പുത്രന്‍റെ ആത്മാവ് വസിക്കുന്നുണ്ടെങ്കിൽ” (ഗലാത്യർ 4:6), “അവന്‍റെ കൃപ നമുക്ക് ധാരാളമായി ലഭിച്ചിട്ടുണ്ടെങ്കിൽ” (എഫെസ്യർ 4:7; 1 കൊരിന്ത്യർ 15:10) നാം സൽപ്രവൃത്തികൾ ചെയ്യാനുള്ള കഴിവുള്ളവരാണെന്നാണ് അർത്ഥം. അതുകൊണ്ട്, ക്രിസ്തുവിനെ പിരിഞ്ഞ് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല (യോഹന്നാൻ 15:5). “നന്മ ചെയ്യാനുള്ള ആഗ്രഹം പലപ്പോഴും നമുക്കുണ്ട്, പക്ഷേ അത് ചെയ്യാനുള്ള കഴിവ് നമുക്കില്ല” (റോമർ 7:18). അപ്പോഴാണ് നാം മുട്ടുകുത്തി ദൈവത്തോട് അവന്‍റെ ഇഷ്ടം ചെയ്‍വാൻ തക്കവണ്ണം എല്ലാ നന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളത് യേശുക്രിസ്തു മുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ” (എബ്രായർ 13:21)  എന്ന് അപേക്ഷിക്കുന്നത്അപ്പോൾ  നമ്മെ ശക്തരാക്കുന്നവൻ മുഖാന്തരം നമുക്ക് സകലവും ചെയ്യാൻ കഴിയുമെന്ന് നാം കണ്ടെത്തും (ഫിലിപ്പിയർ 4:13).

  1. സൽപ്രവൃത്തികൾക്കുള്ള മഹത്തായ പ്രാധാന്യം നാം പഠിക്കുമ്പോൾ മാത്രമേ തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുകയുള്ളൂ.

മത്തായി 5:16 നെ നാം ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍,  സൽപ്രവൃത്തികൾ മൂലം ദൈവനാമം മഹത്വപ്പെടുന്നതുകൊണ്ട് അത് വളരെ പ്രാധാന്യമുള്ളതാണ്; അതുപോലെ തന്നെ സൽപ്രവൃത്തികൾ നമ്മെ ദൂഷിക്കുന്നവരുടെ വായടപ്പിക്കുന്നു; (1 പത്രോസ് 2:12); മാത്രമല്ല സൽപ്രവൃത്തികൾ നമ്മുടെ വിശ്വാസം യഥാർത്ഥമാണെന്ന് തെളിയിക്കുന്നു (യാക്കോബ് 2:12-17); “നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടത്” ആവശ്യമാണ് (തീത്തോസ് 2:10); ക്രിസ്തുവിന്‍റെ നാമം വഹിച്ച്, അവന്‍റെ ശക്തിയില്‍ ആശ്രയിച്ച്, അവന്‍റെ വഴിയിലും അവന്‍റെ ആത്മാവിലും നിരന്തരം ജീവിക്കുന്നതിനേക്കാൾ മറ്റൊന്നും ക്രിസ്തുവിന് മഹത്വം നൽകുന്നില്ല. പാപികളെ രക്ഷിക്കാൻ ക്രിസ്തു ലോകത്തിൽ വന്നു എന്ന വചനം “വിശ്വാസ്യമാണ്” എന്ന് എഴുതാൻ പൗലോസിനെ പ്രേരിപ്പിച്ച അതേ പരിശുദ്ധാത്മാവ്, ഈ വചനം വിശ്വാസയോഗ്യം, ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചു പറയണം (തീത്തോസ് 3:8) എന്നും എഴുതിച്ചു. അതുകൊണ്ട് നമുക്ക് “സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളവരാകാം” (തീത്തോസ് 2:14). ആമേൻ.

  1. സല്‍പ്രവൃത്തികളുടെ യഥാർത്ഥ പരിധി നാം പഠിക്കുമ്പോൾ തിരുവെഴുത്തുകളിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നു.

ദൈവം നമുക്ക് നൽകിയിട്ടുള്ള എല്ലാ മനുഷ്യബന്ധങ്ങളോടും നമുക്കുള്ള  ഉത്തരവാദിത്തങ്ങള്‍ ഈ സൽപ്രവൃത്തികളുടെ പരിധിയിലാണ് വരുന്നത്. ഇവിടെ രസകരമായ കാര്യം, വിശുദ്ധ തിരുവെഴുത്തുകളിൽ ആദ്യമായി “സൽപ്രവൃത്തി” എന്ന് വിളിക്കപ്പെട്ടിരിക്കുന്നത് മറിയ ബെഥാന്യയിൽ തന്‍റെ  രക്ഷകനെ അഭിഷേകം ചെയ്തതിനെ കുറിച്ചാണ് എന്നതാണ് (മത്തായി 26:10; മനുഷ്യരുടെ പ്രശംസയ്ക്കും കുറ്റപ്പെടുത്തലിനും വഴങ്ങാതെ, അവൾ തന്‍റെ  വിലയേറിയ സുഗന്ധതൈലം “പതിനായിരം പേരിൽ ഏറ്റവും സുന്ദരനായവന്‍റെ” മേൽ ഒഴിച്ചു. മറ്റൊരു സ്ത്രീയായ തബീഥ “സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തു പോന്നവളായിരുന്നു” (പ്രവൃത്തികൾ 9:36) എന്ന് പറഞ്ഞിരിക്കുന്നു; ആരാധന കഴിഞ്ഞാല്‍  പ്രാധാന്യമര്‍ഹിക്കുന്ന ശുശ്രൂഷകളാണ്, മനുഷ്യരുടെ ഇടയിൽ ദൈവത്തെ മഹത്വപ്പെടുത്തൽ, മറ്റുള്ളവർക്ക് നന്മ ചെയ്യൽ എന്നിവ.

“നിങ്ങൾ സകല സൽപ്രവൃത്തികളിലും ഫലം കായിക്കണമെന്നും, എല്ലാവിധത്തിലും കർത്താവിനെ പ്രസാദിപ്പിക്കമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു” (കൊലൊസ്സ്യർ 1:10). കുട്ടികളെ വളർത്തൽ, ആത്മീയരായ  അപരിചിതർക്ക് ആതിഥ്യം കാണിക്കൽ, വിശുദ്ധന്മാരുടെ പാദങ്ങൾ കഴുകൽ, ദുരിതമനുഭവിക്കുന്നവരെ സഹായിക്കൽ എന്നിവ ‘സൽപ്രവൃത്തികൾക്ക്’ ഉദാഹരണങ്ങളാണ് (1 തിമോത്തി 5:10). തിരുവെഴുത്തുകളുടെ ധ്യാനം നമ്മെ യേശുക്രിസ്തുവിന്‍റെ നല്ല പടയാളികളാക്കുന്നില്ലെങ്കിൽ, നാം ജീവിക്കുന്ന രാജ്യത്തെ നല്ല പൗരന്മാരാക്കുന്നില്ലെങ്കിൽ, ഈ ലോകത്തിലെ കുടുംബങ്ങളിൽ  നല്ല അംഗങ്ങളാക്കുന്നില്ലെങ്കിൽ, എല്ലാ നല്ല പ്രവൃത്തികളും ചെയ്യാൻ നമ്മെ സജ്ജരാക്കുന്നില്ലെങ്കിൽ, നമ്മൾ വചനത്തിൽ നിന്ന് യാതൊരു പ്രയോജനവും  നേടുന്നവരല്ല.

   അദ്ധ്യായം ആറ്

      തിരുവെഴുത്തുകളും അനുസരണവും

ലോകത്തിൽ ക്രിസ്തുവിനെ മഹത്വപ്പെടുത്തൽ.

എല്ലാ ക്രിസ്ത്യാനികളും, കുറഞ്ഞപക്ഷം സൈദ്ധാന്തികമായിട്ടാണെങ്കിലും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്.  അവന്‍റെ നാമം വഹിക്കുന്ന എല്ലാവരും ഈ ലോകത്തിൽ ക്രിസ്തുവിനെ മാനിക്കുവാനും മഹത്വപ്പെടുത്തുവാനും ബാധ്യസ്ഥരാണ് എന്ന്. എന്നാൽ ഇത് എങ്ങനെ ചെയ്യണമെന്നതും ഈ കാര്യത്തിൽ അവൻ നമ്മിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്നതും സംബന്ധിച്ച് പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ക്രിസ്തുവിനെ മഹത്വപ്പെടുത്തുക എന്നാൽ ഏതെങ്കിലും ഒരു സഭയിൽ  ചേരുകയും അതിന്‍റെ വിവിധങ്ങളായ  പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുക എന്നാണ് പലരും കരുതുന്നത്. മറ്റു ചിലർ അവനെക്കുറിച്ച് മറ്റുള്ളവരോട് ചിലകാര്യങ്ങള്‍ സംസാരിക്കുകയും പിന്നീട്,  അവരവരുടെ വ്യക്തിപരമായ ജോലികളിൽ മുഴുകുകയും ചെയ്താൽ മതി എന്ന് വിചാരിക്കുന്നു. മറ്റു ചിലരാണെങ്കില്‍, ക്രിസ്തുവിനെ ബഹുമാനിക്കുന്നതിനായി അവന്‍റെ വേലയ്ക്കായി  തങ്ങളുടെ പ്രേരണയ്ക്കൊത്ത് ധാരാളമായി സാമ്പത്തിക സഹായം നൽകിയാല്‍ മതി എന്ന് കരുതുന്നു. എന്നാൽ ക്രിസ്തുവിനുവേണ്ടി നാം വിശുദ്ധ ജീവിതം നയിക്കുന്നതിലൂടെയും അവന്‍റെ വെളിപ്പെടുത്തപ്പെട്ട ഹിതം അനുസരിച്ചു നടക്കുന്നതിലൂടെയും മാത്രമേ ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാൻ കഴിയൂ എന്ന് വളരെ ചുരുക്കം ചിലർ മാത്രമേ മനസ്സിലാക്കുന്നുള്ളൂ. “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്”   (1 ശമൂവേൽ 15:22), എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും കുറവാണ്.

നാം പൂർണ്ണമായി കീഴടങ്ങുകയും "ക്രിസ്തുയേശുവിനെ കർത്താവായി സ്വീകരിക്കുകയും" ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ നാം ക്രിസ്ത്യാനികളാകൂ (കൊലൊസ്സ്യർ 2:6). വചനം ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. രക്ഷിക്കപ്പെടുവാന്‍ ‘ക്രിസ്തുവിന്‍റെ പൂർത്തീകരിക്കപ്പെട്ട പ്രവൃത്തി’യിൽ വിശ്വസിച്ചാൽ മാത്രം മതി എന്ന്  സാത്താൻ പലരെയും വിശ്വസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് അവരുടെ ഹൃദയങ്ങൾ മാറ്റമില്ലാതെ തുടരുകയും അവരുടെ സ്വന്തം ഇച്ഛാശക്തി അവരുടെ ജീവിതത്തെ ഭരിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവവചനം ശ്രദ്ധിക്കുക. “രക്ഷ ദുഷ്ടന്മാരോട്   അകന്നിരിക്കുന്നുഅവർ നിന്‍റെ  ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ” (സങ്കീർത്തനം 119:155). നിങ്ങൾ വാസ്തവമായി അവന്‍റെ ചട്ടങ്ങളെ അന്വേഷിക്കുന്നുവോ? അവൻ എന്താണ് കൽപ്പിക്കുന്നതെന്ന് കണ്ടെത്താൻ നിങ്ങൾ യഥാർത്ഥത്തിൽ അവന്‍റെ വചനം പരിശോധിക്കുന്നുണ്ടോ? “അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്‍റെ  കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല” (1 യോഹന്നാൻ 2:4). ഇതിനേക്കാൾ വ്യക്തമായി മറ്റെന്താണ് പറയാനുള്ളത്?

നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ’ എന്ന് വിളിക്കുകയും ഞാൻ പറയുന്നത് ചെയ്യാതിരിക്കുകയും ചെയ്യുന്നത് എന്ത്‌?” (ലൂക്കോസ് 6:46). ക്രിസ്തു നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് നമ്മുടെ അധരങ്ങളിൽ നിന്നും വരുന്ന പുകഴ്ത്തലിന്‍റെ വെറും വാക്കുകൾ അല്ല, മറിച്ച് കർത്താവിനോട് യഥാർത്ഥത്തിൽ അനുസരണമുള്ള ഒരു ജീവിതമാണ്. യാക്കോബ് 1:22-ൽ എത്ര ഗൗരവമേറിയ പ്രസ്താവനയാണ് ഉള്ളത്: “എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ”. വചനം കേൾക്കുന്നവർ ധാരാളമുണ്ട്. പതിവായി കേൾക്കുന്നവർ, ആദരവോടെ കേൾക്കുന്നവർ, ശ്രദ്ധയോടെ കേൾക്കുന്നവർ; എന്നാൽ ആശ്ചര്യം എന്തെന്നാൽ അവർ കേൾക്കുന്ന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നില്ല എന്നതാണ്. അത് അവരുടെ പാതയെ നിയന്ത്രിക്കുന്നില്ല. കേട്ട വചനപ്രകാരം നടക്കാത്തവർ,  തങ്ങളെത്തന്നെ വഞ്ചിക്കുകയാണെന്നാണ് ദൈവം പറയുന്നത്.

അയ്യോ, ഇന്നത്തെ ക്രിസ്തീയ ലോകത്തിൽ ഇതുപോലുള്ള ധാരാളം ആളുകളുണ്ട്! അവർ കപടനാട്യക്കാരാണെന്നല്ല, പക്ഷെ വഞ്ചിക്കപ്പെടുന്നവരാണ്. കൃപയാലുള്ള രക്ഷ എന്ന വിഷയം വ്യക്തമായി മനസ്സിലാക്കിയതിനാൽ രക്ഷിക്കപ്പെട്ടവരാണെന്ന് അവർ കരുതുന്നു. ബൈബിളിനെ ഒരു പുതിയ പുസ്തകമായി പരിചയപ്പെടുത്തിയ ഒരു വ്യക്തിയുടെ ശുശ്രൂഷയുടെ കീഴിലാണ് അവർ ഉള്ളത്. അതുകൊണ്ട്  കൃപയിൽ വളരുകയാണെന്ന് അവർ കരുതുന്നു. ദൈവവചനത്തെക്കുറിച്ചുള്ള അറിവ് നേടുന്നതിൽ പുരോഗതി പ്രാപിച്ചതിനാൽ അവർ കൂടുതൽ ആത്മീയരായിത്തീർന്നുവെന്ന് അവർ വിചാരിക്കുന്നു. വചനത്താൽ പോഷിപ്പിക്കപ്പെടുക എന്നു പറഞ്ഞാൽ ഒരു ദൈവദാസന്‍റെ വാക്കുകൾ കേൾക്കുന്നതോ അദ്ദേഹത്തിന്‍റെ രചനകൾ വായിക്കുന്നതോ ആണെന്ന് അവർ അഭിപ്രായപ്പെടുന്നു. പക്ഷേ അങ്ങനെയല്ല. നാം വായിക്കുന്നതോ കേൾക്കുന്നതോ ആയ കാര്യങ്ങൾ വ്യക്തിപരമായി സ്വീകരിക്കുകയും അത് നമ്മിൽ ദഹനമാകുകയും നമ്മുടെ ഭാഗമാകുകയും ചെയ്യുമ്പോൾ മാത്രമേ നാം വചനത്താൽ “പോഷിപ്പിക്കപ്പെടു”കയുള്ളൂ. ദൈവവചനം അനുസരിച്ച് നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും വളർച്ച ഉണ്ടാകുന്നില്ലെങ്കിൽ, നേടുന്ന അറിവ് നമ്മെ കൂടുതൽ ശിക്ഷയ്ക്ക് അർഹരാക്കും. “യജമാനന്‍റെ ഇഷ്ടം അറിഞ്ഞിട്ട് ഒരുങ്ങാതെയും അവന്‍റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടി കൊള്ളും” (ലൂക്കൊസ് 12:47).

അത്തരക്കാർ “എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്‍റെ  പരിജ്ഞാനംപ്രാപിപ്പാന്‍ കഴിയാത്തവരാണ്” (2 തിമോത്തി 3:7). നാം ജീവിക്കുന്ന ഭയങ്കരമായ നാളുകളുടെ പ്രധാന സവിശേഷതകളിൽ ഒന്നാണിത്. ഒന്നിനു പുറകെ ഒന്നായി പ്രസംഗകരുടെ വാക്കുകൾ കേൾക്കുകയും, യോഗങ്ങളിൽ പങ്കെടുക്കുകയും, ദൈവവചന വിഷയങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ ഒന്നിനു പുറകെ ഒന്നായി വായിക്കുകയും, എന്നാൽ സത്യവുമായി ജീവനുള്ളതും അനുഭവപരവുമായ ഒരു ബന്ധം നേടിയെടുക്കാൻ കഴിയാത്തതുമായ അനേകം ആളുകൾ ഇന്ന് ഉണ്ട്. അതുകൊണ്ട് അത് അവരുടെ ഹൃദയങ്ങളെ എത്രമാത്രം സ്വാധീനിക്കുമെന്ന് അവർക്കറിയില്ല. ആത്മീയ നീർവീക്കം എന്നൊരു രോഗമുണ്ട്, പലർക്കും ഇത് ബാധിച്ചിട്ടുണ്ട്. കേൾക്കും തോറും കൂടുതൽ കേൾക്കാൻ അവർ ആഗ്രഹിക്കുന്നു; അവർ തീവ്രമായ ആഗ്രഹത്തോടെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും ആസ്വാദിക്കുന്നതിൽ മുഴുകുന്നു, പക്ഷേ അവരുടെ ജീവിതത്തിൽ മാത്രം യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അവർ അറിവിന്‍റെ കാര്യത്തിൽ ഭ്രാന്ത് പിടിച്ചവരെ പോലെ ചീർത്തുവരികയാണ്, പക്ഷേ ദൈവമുമ്പാകെ വിനയമില്ല. “വൃതന്മാരുടെ വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്‍റെ  പരിജ്ഞാനത്തിനുമായി” (തീത്തൊസ് 1:3), എന്നാണ് വചനം പറയുന്നത്. എന്നാൽ പലർക്കും അത് പൂർണ്ണമായും അപരിചിതമാണ്. നമ്മെ പഠിപ്പിക്കാൻ മാത്രമല്ല, വഴികാട്ടാനും കൂടിയാണ് ദൈവം തന്‍റെ വചനം നമുക്ക് നൽകിയിരിക്കുന്നത്. അതിനർത്ഥം,  നാം എന്തു ചെയ്യണമെന്നാണോ അവൻ നമ്മേക്കുറിച്ച് ആഗ്രഹിക്കുന്നത് അത് ചെയ്യുക തന്നെ വേണം എന്ന് ആദ്യം നാം മനസ്സിലാക്കണം. ദൈവം നമ്മിൽ നിന്ന് ആദ്യം പ്രതീക്ഷിക്കുന്നത് നമ്മുടെ കടമയെക്കുറിച്ചുള്ള വ്യക്തമായ അറിവും, ആ അറിവിനനുസരിച്ചുള്ള ജീവിതവുമാണ്. “മനുഷ്യാ, നല്ലത് എന്തെന്ന് അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്‍റെ ദൈവത്തിന്‍റെ  സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?” (മീഖാ 6:8).  “എല്ലാറ്റിന്‍റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്‍റെ കല്പനകളെ പ്രമാണിച്ചുകൊൾക; അത് ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്” (സഭാപ്രസംഗി 12:13). ഇത് സ്ഥിരീകരിച്ചുകൊണ്ട് കർത്താവായ യേശു പറഞ്ഞു, “ഞാൻ നിങ്ങളോടു കല്പിക്കുന്നത് ചെയ്താൽ നിങ്ങൾ എന്‍റെ സ്നേഹിതന്മാർ തന്നെ” (യോഹന്നാൻ 15:14).

  1. ദൈവം തന്നിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് ഒരു വ്യക്തി അറിയുന്നതിലൂടെ ആണ് ആ വ്യക്തി വചനത്തിൽ നിന്ന് പ്രയോജനം നേടുന്നത്.

ഈ കൃപയുടെ കാലത്ത് ദൈവം തന്‍റെ കല്പനകളുടെ നിലവാരം താഴ്ത്തിയെന്ന് കരുതുന്നത് തീവ്രവും ഗുരുതരവുമായ തെറ്റാണ്. അങ്ങനെ പറഞ്ഞാൽ മുൻകാലത്ത് അവന്‍റെ കൽപ്പന കഠിനവും അന്യായവുമായിരുന്നു എന്ന് പറയുതിന് തുല്യമാകും. പക്ഷേ അങ്ങനെയല്ല! “ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതുംതന്നെ” (റോമർ 7:12). ദൈവത്തിന്‍റെ കല്പനകളുടെ സംഗ്രഹം ഇതാണ്: “നിന്‍റെ ദൈവമായ യഹോവയെ നീ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കേണം” (ആവർത്തനപുസ്തകം 6:5). മത്തായി 22:37-ൽ കർത്താവായ യേശു ഇതിനെ കുറിച്ച് വീണ്ടും പറഞ്ഞു. 1 കൊരിന്ത്യർ 16:22-ൽ അപ്പോസ്തലനായ പൗലോസ് ഈ കാര്യം തന്നെ ഊന്നിപ്പറഞ്ഞു, കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ” എന്ന്.

  1. ദൈവകല്പനകൾ നിറവേറ്റുന്നതിൽ ഒരു വ്യക്തി എത്രത്തോളം സംപൂർണ്ണമായും പാപപങ്കിലമായും പരാജയപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോൾ മാത്രമേ ആ വ്യക്തി വചനത്തിൽ നിന്ന് പ്രയോജനം നേടുകയുള്ളൂ.

ദൈവത്തിന്‍റെ ഉന്നതമായ കല്‍പനകള്‍‍ തന്നില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് വ്യക്തമായി അറിയുന്നതുവരെ, ഒരു വ്യക്തിക്ക് താൻ എത്ര പാപിയാണെന്നും, ദൈവത്തിന്‍റെ നിലവാരങ്ങളില്‍ നിന്ന് താനെത്ര താഴെയാണെന്നും അറിയാന്‍ കഴികയില്ല! ദൈവം ഓരോ മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കുന്ന നിലവാരത്തെ പ്രസംഗകർ എത്രത്തോളം താഴ്ത്തുന്നുവോ അത്രത്തോളം അവരുടെ ശ്രോതാക്കൾക്ക് തങ്ങളുടെ സ്വന്തം പാപസ്വഭാവത്തെക്കുറിച്ച് അപൂർണ്ണവും വികലവുമായ കാഴ്ചപ്പാടേ ലഭിക്കുന്നുള്ളൂ. എന്നാൽ ദൈവം തന്നിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്നും അത് ചെയ്യുന്നതിൽ താൻ എത്രത്തോളം പരാജയപ്പെട്ടുവെന്നും ഒരു വ്യക്തിക്ക് യഥാർത്ഥമായ ഒരു ധാരണ ലഭിക്കുമ്പോൾ മാത്രമേ താൻ എത്ര ദയനീയമായ സ്ഥിതിയിലാണെന്ന് അയാൾ മനസ്സിലാക്കുകയുള്ളൂ. അതുകൊണ്ടാണ്,  സുവിശേഷം പ്രസംഗിക്കുന്നതിനുമുമ്പ്,  നാം ന്യായപ്രമാണം പഠിപ്പിക്കേണ്ടതുണ്ട് എന്ന് പറയുന്നത്.

  1. ദൈവം തന്‍റെ അനന്തമായ കൃപയാൽ, തന്‍റെ ജനത്തിന് തന്‍റെ കൽപ്പനകൾ അനുസരിക്കാൻ ആവശ്യമായതെല്ലാം നൽകിയിട്ടുണ്ടെന്ന് ഒരു വ്യക്തി മനസ്സിലാക്കുമ്പോൾ ആ വ്യക്തി വചനത്തിൽ നിന്ന് പ്രയോജനം നേടുന്നു.

ഈ വിഷയത്തിലും ഇന്നത്തെ പഠിപ്പിക്കലുകൾ കുറവുകളോടു കൂടിയതും  വികലവുമാണ്. “അർദ്ധ സുവിശേഷം” (half gospel) എന്ന പേരില്‍  ഇക്കാലത്ത് ഇത് പ്രസംഗിക്കപ്പെടുന്നു, എന്നാൽ വാസ്തവത്തിൽ ഇത് യഥാർത്ഥ സുവിശേഷത്തിന്‍റെ നിഷേധമാണ്. യഥാര്‍ത്ഥത്തില്‍ അവർ ക്രിസ്തുവിനെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. തന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടി ക്രിസ്തു ദൈവത്തിന്‍റെ എല്ലാ കല്പനകളും അനുസരിച്ചു എന്നത് സത്യമാണെങ്കിലും, അത് സത്യത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. ദൈവത്തിന്‍റെ നീതി തന്‍റെ ജനത്തിൽ നിന്ന് എന്തെല്ലാമാണോ ആവശ്യപ്പെട്ടത് അവയെല്ലാം അവരുടെ സ്ഥാനത്ത് കർത്താവായ യേശു നിറവേറ്റി എന്നു മാത്രമല്ല,  അവരും വ്യക്തിപരമായി അവ നിറവേറ്റുന്നതിനായി അതിനെ സാധ്യമാക്കിതീർക്കുകയും ചെയ്തു. അവരുടെ വീണ്ടെടുപ്പുകാരൻ സാധ്യമാക്കിയത് പരിശുദ്ധാത്മാവ് അവരിൽ നിറവേറ്റുന്നതിനുവേണ്ടിയാണ് ക്രിസ്തു അവനെ അയച്ചത്.

രക്ഷിക്കപ്പെട്ടവർ വീണ്ടും ജനിക്കുന്നു എന്നതാണ് രക്ഷയുടെ വലിയതും, മഹത്വപൂർണവുമായ അത്ഭുതം. അവരിൽ രൂപാന്തരപ്പെടുത്തുന്ന പ്രവർത്തനം നടക്കുന്നു. അവരുടെ ഹൃദയ കണ്ണുകള്‍  പ്രകാശിക്കപ്പെടുകയും, അവരുടെ ഹൃദയങ്ങളിൽ മാറ്റം വരുകയും, അവരുടെ തീരുമാനങ്ങള്‍ പുതുക്കപ്പെടുകയും ചെയ്യുന്നു. അവർ “ക്രിസ്തുയേശുവിൽ ഒരു പുതിയ സൃഷ്ടി” ആയിത്തീരുന്നു (2 കൊരിന്ത്യർ 5:17). ഈ കൃപയുടെ അത്ഭുതത്തെ ദൈവം ഇപ്രകാരം വിവരിക്കുന്നു: “ഞാൻ എന്‍റെ  ന്യായ പ്രമാണം അവരുടെ ഉള്ളിലാക്കി; അവരുടെ ഹൃദയങ്ങളിൽ  എഴുതും” (എബ്രായർ 8:10). ഹൃദയം ഇപ്പോൾ ദൈവത്തിന്‍റെ  ന്യായപ്രമാണത്തിലേക്ക് ചാഞ്ഞിരിക്കുന്നു; അത് ഇപ്പോൾ അവന്‍റെ ഇഷ്ടം ചെയ്യാൻ തയ്യാറാണ്; അതാണ് ആത്മാർത്ഥമായി അത് ആഗ്രഹിക്കുന്നത്. ഈ രീതിയിൽ ഉണര്‍ത്തപ്പെടുന്ന ഒരു വ്യക്തിക്ക് ഇങ്ങനെ പറയാൻ കഴിയും: “എന്‍റെ മുഖം അന്വേഷിപ്പിൻ എന്ന് നിങ്കൽനിന്നു കല്പന വന്നു എന്ന് എന്‍റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്‍റെ മുഖം അന്വേഷിക്കുന്നു” (സങ്കീർത്തനങ്ങൾ 27:8).

തന്നിൽ വിശ്വസിക്കുന്നവർ നീതീകരിക്കപ്പെടേണ്ടതിന് ക്രിസ്തു ന്യായപ്രമാണത്തോട് പൂർണ്ണമായ അനുസരണം കാണിച്ചു എന്നു മാത്രമല്ല, അവർ വിശുദ്ധീകരിക്കപ്പെടേണ്ടതിന് പരിശുദ്ധാത്മാവിന്‍റെ സഹായവും അവർക്കായി ഏർപ്പെടുത്തി കൊടുത്തു. അങ്ങനെ മാത്രമേ ജഡത്തെ അനുസരിച്ച് നടക്കുന്നവരെ രൂപാന്തരപ്പെടുത്തുവാനും, ദൈവത്തിന് സ്വീകാര്യമായ അനുസരണം കാണിക്കത്തക്കവണ്ണം അവരെ പ്രാപ്തരാക്കുവാനും കഴിയൂ. ക്രിസ്തു “അഭക്തർ”ക്കുവേണ്ടിയാണ് മരിച്ചത് (റോമർ 5:6), അവൻ അവരെ നീതീകരിച്ചപ്പോഴും, അവൻ അവരെ അഭക്തരായി കണ്ട് ആണ് അങ്ങനെ ചെയ്തത് (റോമർ 4:5), എങ്കിലും  അവൻ അവരെ ആ മ്ലേച്ഛമായ സ്ഥിതിയിൽ വിട്ടുകളയുന്നില്ല. മറിച്ച്, അഭക്തിയും ലൗകിക മോഹങ്ങളും ഉപേക്ഷിക്കണമെന്ന് അവൻ തന്‍റെ  ആത്മാവിലൂടെ നമ്മെ പഠിപ്പിക്കുന്നു (തീത്തോസ് 2:12). കല്ലിൽ നിന്ന് ഭാരമോ തീയിൽ നിന്ന് ചൂടോ വേർതിരിക്കാൻ കഴിയാത്തതുപോലെ, നീതീകരണത്തിൽ നിന്ന് വിശുദ്ധീകരണം എന്ന പ്രക്രിയയെ  വേർതിരിക്കാനാവില്ല.

ദൈവം ഒരു പാപിയോട് അവന്‍റെ മനസ്സാക്ഷിയുടെ കോടതിയിൽ യഥാർത്ഥത്തിൽ ക്ഷമിക്കുമ്പോൾ, ആ അത്ഭുതകരമായ കൃപയുടെ ആത്മാവിനാൽ ആ  മനുഷ്യന്‍റെ ഹൃദയം ശുദ്ധീകരിക്കപ്പെടുകയും, ജീവിതം നന്നാക്കപ്പടുകയും, ആ മനുഷ്യൻ പൂർണ്ണമായും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. “അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിനു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു” (തീത്തൊസ് 2:14). ഒരു വസ്തു അതിന്‍റെ ഗുണങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ, ദൈവത്തോടുള്ള നമ്മുടെ അനുസരണവും വിശ്വാസത്താലുള്ള രക്ഷയിൽ നിന്ന് വേർതിരിക്കാനാവില്ല. അതുകൊണ്ടാണ് റോമർ 16:25  ല്‍ “വിശ്വാസത്തിന്‍റെ അനുസരണം” എന്ന് നാം വായിക്കുന്നത്.

"എന്‍റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവന്‍ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു” എന്ന് കർത്താവായ യേശു പറഞ്ഞു (യോഹന്നാൻ 14:21).  തന്‍റെ കല്പനകൾ പ്രമാണിക്കുന്നവർക്കല്ലാതെ മറ്റാർക്കും തന്നെ സ്നേഹിക്കുന്നവരാകാൻ കഴിയില്ല എന്ന് ദൈവം പഴയനിയമത്തിലും സുവിശേഷങ്ങളിലും ലേഖനങ്ങളിലും പറയുന്നു. സ്നേഹം എന്നത് വെറുമൊരു മനോഭാവമോ വികാരമോ അല്ല, അതൊരു പ്രവൃത്തിയാണ്, അതായത് നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതാണ് അത്. “അവന്‍റെ കല്പനകളെ   പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം” (1 യോഹന്നാൻ 5:3). പ്രിയ വായനക്കാരാ, നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും എന്നാൽ അവന്‍റെ മുമ്പാകെ അനുസരണയോടെ നടക്കാൻ ആഗ്രഹമോ അതിനുളള ശ്രമമോ ഇല്ലെങ്കിൽ,  നിങ്ങൾ നിങ്ങളെത്തന്നെ വഞ്ചിക്കുകയാണ്.

എന്നാൽ ദൈവത്തോടുള്ള അനുസരണം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ചില കടമകൾ യാന്ത്രികമായി നിർവ്വഹിക്കുക എന്നതല്ല. ഞാന്‍ ക്രിസ്തീയ മാതാപിതാക്കളാൽ വളർത്തപ്പെട്ടവനായിരിക്കാം,  ചില ധാർമ്മിക ശീലങ്ങൾ വളർത്തിയെടുത്തിട്ടുണ്ടായിരിക്കാം, പക്ഷേ ഞാൻ യഹോവയുടെ നാമം വൃഥാ എടുക്കുമ്പോൾ,  മോഷ്ടിക്കുമ്പോൾ,  മൂന്നാമത്തെയും എട്ടാമത്തെയും കൽപ്പനകൾ ഞാൻ അനുസരിക്കുന്നില്ല. അതുപോലെ, ദൈവത്തോടുള്ള അനുസരണം എന്നാൽ ദൈവജനത്തിന്‍റെ പ്രവർത്തനങ്ങൾക്ക് അനുസൃതമായി നടക്കുക എന്നല്ല അർത്ഥമാക്കേണ്ടത്. ശബത്ത് കർശനമായി ആചരിക്കുന്നവരുടെ ഇടയിൽ ജീവിക്കുകയുംഅവരെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുകയും, അല്ലെങ്കിൽ ഏഴ് ദിവസത്തിലൊരിക്കൽ വിശ്രമിക്കുന്നത് നല്ലതാണെന്ന് ചിന്തിച്ചുകൊണ്ട്, ആ ദിവസം എല്ലാ ജോലികളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്താലും നാം നാലാം കല്പന പാലിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്. അനുസരണം എന്നാൽ ന്യായപ്രമാണത്തിലെ ചില ക്രിയകൾ പരസ്യമായി നിർവ്വഹിക്കുക എന്നതല്ല,  മറിച്ച് ദൈവത്തിന്‍റെ അധികാരത്തിന് കീഴടങ്ങുക എന്നതാണ്. ദൈവത്തോടുള്ള അനുസരണം എന്നാൽ നമ്മുടെ ഹൃദയങ്ങളിൽ അവന്‍റെ കര്‍തൃത്വത്തെ അഗീകരിക്കുക എന്നതാണ്. ആജ്ഞാപിക്കാനുള്ള അവകാശം ദൈവത്തിനാനുള്ളതെന്നും അത് അനുസരിക്കുകയാണ് നമ്മുടെ കടമയെന്നും നാം മനസ്സിലാക്കണം. അത് ക്രിസ്തുവിന്‍റെ അനുഗ്രഹീത നുകത്തിന് കീഴിൽ നമ്മുടെ ആത്മാക്കളെ പൂർണ്ണമായി കീഴടക്കുന്നതാണ്.

ദൈവത്തെ സ്നേഹിക്കുന്ന ഹൃദയത്തിനു മാത്രമേ അവൻ ആവശ്യപ്പെടുന്ന അനുസരണം കാണിക്കാൻ കഴിയൂ. "നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്‍വിന്‍" (കൊലൊസ്സ്യർ 3:23). ശിക്ഷയെ ഭയന്ന് കാണിക്കുന്ന അനുസരണം നീചമാണ്. ദൈവാനുഗ്രഹം നേടുന്നതിനായി കാണിക്കുന്ന അനുസരണം സ്വാർത്ഥവും ജഡികവുമാണ്. എന്നാൽ സ്വീകാര്യവും ആത്മീയവുമായ അനുസരണം സന്തോഷത്തോടെ ദൈവത്തിന്‍റെ അധികാരത്തിന് കീഴടങ്ങുന്നതാണ്. ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിനും യാതൊരു അർഹതയുമില്ലാത്ത നമ്മോട് അവൻ കാണിക്കുന്ന കരുണയ്ക്കും നമ്മുടെ ഹൃദയത്തിന്‍റെ പ്രതികരണമാണ് ഈ അനുസരണം.

  1. ദൈവത്തെ അനുസരിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അറിയുക മാത്രമല്ല, അവന്‍റെ കല്പനകളോട് യഥാർത്ഥമായ സ്നേഹം നമ്മിൽ ഉളവാകുമ്പോൾ മാത്രമേ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുകയുള്ളൂ.

"യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ" (സങ്കീർത്തനം 1:2). താഴെ പറയുന്ന ചോദ്യങ്ങൾ സത്യസന്ധമായി നേരിടുക എന്നുള്ളത് നമ്മുടെ ഹൃദയത്തിന് ഒരു വലിയ പരീക്ഷയാണ്. നാം ദൈവത്തിന്‍റെ വാഗ്ദാനങ്ങളെ വിലമതിക്കുന്നതുപോലെ,  അവന്‍റെ  കല്പനകളെ വിലമതിക്കുന്നുണ്ടോ?  അങ്ങനെയല്ലേ നാം ചെയ്യേണ്ടത്? കാരണം ഇവ രണ്ടും അവന്‍റെ സ്നേഹത്തിൽ നിന്ന് ഉത്ഭവിച്ചവയാണ്. ക്രിസ്തുവിന്‍റെ വചനത്തെ നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കുന്നതാണ് എല്ലാ പ്രായോഗിക വിശുദ്ധിയുടെയും അടിസ്ഥാനം.

പ്രിയ വായനക്കാരാ, ഈ കാര്യം ശ്രദ്ധാപൂർവ്വം മനസ്സിലാക്കുക. താൻ  രക്ഷിക്കപ്പെട്ടുവെന്ന് കരുതുന്ന ഏതൊരു വ്യക്തിയും,  ദൈവകല്പനകളോട് ഹൃദയംഗമായ സ്നേഹം പുലര്‍ത്തുന്നില്ലെങ്കില്‍  അവൻ തന്നെത്താൻ വഞ്ചിക്കുകയാണ് ചെയ്യുന്നത്. സങ്കീർത്തനക്കാരൻ പറഞ്ഞു, “നിന്‍റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം!” (സങ്കീർത്തനം 119:97). “നിന്‍റെ കല്പനകൾ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.” (സങ്കീർത്തനം 119:127). അത് പഴയനിയമത്തിൽ അല്ലേ എന്ന് ആരെങ്കിലും ആക്ഷേപിക്കുകയാണെങ്കില്‍, ഞാൻ അവരോട് ഒരു മറു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. പഴയനിയമ കാലത്ത് പരിശുദ്ധാത്മാവ് ചെയ്തതിനെക്കാൾ, ഇപ്പോൾ വീണ്ടും ജനിച്ചവരുടെ ഹൃദയങ്ങളിൽ കുറച്ചു മാറ്റങ്ങൾ മാത്രമേ അവന്‍ വരുത്തുന്നുള്ളോ?  അങ്ങനെയെങ്കില്‍, ഒരു പുതിയ നിയമ വിശുദ്ധൻ ഉള്ളംകൊണ്ട് ഞാൻ ദൈവത്തിന്‍റെ ന്യായപ്രമാണത്തിൽ രസിക്കുന്നു” (റോമർ 7:22)  എന്ന് എഴുതിയിരിക്കുന്നു. പ്രിയ വായനക്കാരാ, നിങ്ങളുടെ ഹൃദയം “ദൈവത്തിന്‍റെ ന്യായപ്രമാണത്തിൽ” ആനന്ദിക്കുന്നില്ലെങ്കിൽ, നിങ്ങളിൽ എന്തോ കുറവുണ്ട്, നിങ്ങൾ ഇപ്പോഴും ആത്മീയമായി മരിച്ചവരാണെന്ന് പറയാനുള്ള സാധ്യത വളരെ കൂടുതലാണ്.

  1. ഒരു വ്യക്തിയുടെ ഹൃദയവും ഇച്ഛയും ദൈവത്തിന്‍റെ എല്ലാ കല്പനകൾക്കും വിധേയമാകുമ്പോൾ ആ വ്യക്തി വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവൻ ആകുന്നു.

ഭാഗികമായ അനുസരണം എന്നത് അനുസരണമേയല്ല. ശുദ്ധമായ മനസ്സ് ദൈവം വിലക്കുന്നതിനെ നിരസിക്കുകയും യാതൊരു ഒഴികഴുവുമില്ലാതെ അവൻ ആഗ്രഹിക്കുന്നത് ചെയ്യുകയും ചെയ്യുന്നു. നമ്മുടെ മനസ്സ് ദൈവത്തിന്‍റെ എല്ലാ കല്പനകളും അനുസരിക്കുന്നില്ലെങ്കിൽഅവ കല്പിച്ചു തന്ന ദൈവത്തെ നാം അനുസരിക്കുന്നില്ലെന്ന് അർത്ഥം. നമ്മുടെ കടമയെ അതിന്‍റെ പൂർണ്ണതയിൽ നാം അംഗീകരിക്കാതെ, അതിൽ ഒരു ഭാഗം മാത്രമേ ഇഷ്ടമുള്ളൂ എന്ന് പറയുന്നത് തെറ്റായ കാര്യമാണ്. ശുദ്ധിയുടെ നിയമം ഇല്ലാത്ത ആളുകള്‍ പോലും ദുർഗുണങ്ങളെ ഇഷ്ടപ്പെടാതെ സദ്‌ഗുണങ്ങൾ അനുഷ്ഠിക്കുന്നതിൽ സംതൃപ്തരാകുന്നത് നമുക്ക് കാണാം, കാരണം ദുർഗുണങ്ങൾ അയോഗ്യമാണെന്നും സദ്‌ഗുണങ്ങൾ യോഗ്യമാണെന്നും അവന്‍ ചിന്തിക്കുന്നതുകൊണ്ടാണ്. അത്  യോഗ്യമാണ് അല്ലെങ്കിൽ ഇത് യോഗ്യമല്ല എന്ന തോന്നൽ തനിക്കു വന്നത് താന്‍ ദൈവഹിതത്തിന് കീഴ്പ്പെട്ടതു കൊണ്ടല്ല.

യഥാർത്ഥ ആത്മീയ അനുസരണം നിഷ്പക്ഷമാണ്. പുതുക്കപ്പെട്ട ഹൃദയം ദൈവത്തിന്‍റെ കൽപ്പനകളില്‍ ചിലത് മാത്രം തിരഞ്ഞെടുക്കുന്നതല്ല. ഒരു പക്ഷേ അങ്ങനെ ചെയ്താൽ, ആ വ്യക്തി ദൈവഹിതത്തിനു പകരം സ്വന്തം ഇഷ്ടം നിറവേറ്റുകയാണ് ചെയ്യുന്നത്. ഈ വിഷയത്തെ ശ്രദ്ധാപൂർവ്വം മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ കാര്യങ്ങളിലും ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള ആത്മാർത്ഥമായ ആഗ്രഹം നമുക്കില്ലെങ്കിൽ, അവന്‍റെ  ഒരു കല്പനയിലും അവനെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം നമുക്കുണ്ടാകില്ല. നാം ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ചെയ്യുകയല്ല വേണ്ടത്, മറിച്ച് നാം നമ്മെത്തന്നെ ഉപേക്ഷിക്കുകയാണ് വേണ്ടത്. നാം അറിഞ്ഞും മനസ്സോടെയും ഏതെങ്കിലും പാപത്തിൽ ഏർപ്പെടുകയാണെങ്കിൽ, എല്ലാ കല്പനകളും ലംഘിച്ചതിന് നാം കുറ്റക്കാരാവും (യാക്കോബ് 2:10,11). നിന്‍റെ സകല കല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാൻ ലജ്ജിച്ചുപോകയില്ല” (സങ്കീർത്തനം 119:6). യോഹന്നാൻ 15:14-ൽ യേശു പറഞ്ഞു, ഞാൻ നിങ്ങളോടു കല്പിക്കുന്നത് ചെയ്താൽ നിങ്ങൾ എന്‍റെ സ്നേഹിതന്മാർതന്നെ.” ഞാൻ അവന്‍റെ  സുഹൃത്തല്ലെങ്കിൽ, ഞാൻ അവന്‍റെ ശത്രുവാണ് – മറ്റൊരു പോംവഴിയുമില്ല (ലൂക്കോസ് 19:27 കാണുക).

  1. അനുസരിക്കുന്നതിനുള്ള കൃപ പ്രാപിക്കുന്നതിനായി നമ്മുടെ ആത്മാവ്‌ ശുദ്ധഹൃദയത്തോടെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കപ്പെടുമ്പോൾ മാത്രമേ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നുള്ളൂ.

നാം വീണ്ടും ജനിക്കുമ്പോൾ പരിശുദ്ധാത്മാവ്, ദൈവകല്പനകൾക്ക് കീഴ്പ്പടുന്ന, വചനാനുസൃതമായി അനുസരണം കാണിക്കുന്ന ഒരു സ്വഭാവത്തെ നമ്മില്‍ ഉളവാക്കുന്നു. രക്ഷയിൽ ദൈവം നമ്മുടെ ഹൃദയത്തെ ജയിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അവനെ പ്രസാദിപ്പിക്കാനുള്ള ഹൃദയംഗമായ, ആഴമേറിയ ആഗ്രഹം നമ്മിൽ ഉളവാകുന്നു. എന്നാൽ ഈ പുതിയ സ്വഭാവത്തിന് അതിന്‍റേതായ ഒരു ശക്തിയില്ല, പഴയ സ്വഭാവം അല്ലെങ്കിൽ ‘ജഡം’ അതിനെതിരെ പോരാടുന്നു, പിശാചും അതിനെ എതിർക്കുന്നു. അപ്പോൾ ക്രിസ്ത്യാനി ഒരു ഞെട്ടലോടെ, നന്മ ചെയ്യുവാനുള്ള താല്പര്യം എനിക്കുണ്ട്, പക്ഷേ പ്രവര്‍ത്തിക്കുന്നതോ ഇല്ല ” (റോമർ 7:18) എന്ന തിരിച്ചറിവിലേക്ക് വന്നുചേരും. ഇതിനർത്ഥം അവൻ മുമ്പത്തെപ്പോലെ ഇപ്പോഴും പാപത്തിന് അടിമയാണെന്നല്ല, മറിച്ച് തന്‍റെ ആത്മീയ ആഗ്രഹങ്ങൾ എങ്ങനെ നിറവേറ്റണമെന്ന് അവന് പൂർണ്ണമായി അറിയില്ല എന്നാണ്. അതുകൊണ്ടാണ് അവൻ ഇങ്ങനെ പ്രാർത്ഥിക്കുന്നത്, നിന്‍റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ” (സങ്കീർത്തനം 119:35). “എന്‍റെ കാലടികളെ നിന്‍റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ” (സങ്കീർത്തനം 119:133).

ഈ വിശദീകരണങ്ങൾ നിങ്ങളുടെ മനസ്സിൽ ചില ചോദ്യങ്ങൾ ഉയർത്തിയേക്കാം. അവയ്ക്കുള്ള ഉത്തരങ്ങൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ജീവിതത്തിൽ ദൈവം നമ്മിൽ നിന്ന് സംപൂർണ്ണമായ അനുസരണം ആവശ്യപ്പെടുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?  ഞങ്ങളുടെ ഉത്തരം അതെ എന്നാണ്. ദൈവം അതിലും താഴ്ന്ന ഒരു നിലവാരം നമ്മുടെ മുന്നിൽ വെക്കുന്നില്ല (1 പത്രോസ് 1:15).  അപ്പോൾ ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് ആ നിലവാരത്തിലെത്താൻ കഴിയുമോ? അതെ എന്നും പറയാം, ഇല്ല എന്നും പറയാം! അവന്‍റെ ഹൃദയത്തിൽ എത്താൻ കഴിയും, കാരണം “കർത്താവ് ഹൃദയത്തെ നോക്കുന്നു” (1 ശമു. 16:7).  വീണ്ടും ജനിച്ച ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ ദൈവകല്പനകളോട് യഥാർത്ഥ സ്നേഹമുണ്ട്, അവയെല്ലാം അനുസരിക്കാൻ അവൻ പൂർണ്ണഹൃദയത്തോടെ ആഗ്രഹിക്കുന്നു. ഈ അർത്ഥത്തിൽ മാത്രമേ ഒരു ക്രിസ്ത്യാനി പ്രായോഗികമായി "നിഷ്കളങ്കൻ" ആകുന്നുള്ളൂ. പഴയനിയമത്തിലും (ഇയ്യോബ് 1:1; സങ്കീർത്തനം 37:37) പുതിയനിയമത്തിലും (ഫിലിപ്പിയർ 3:15)  "നിഷ്കളങ്കത" (നല്ല മനസ്സ്) എന്ന പദം ഈ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നു. ‘നിഷ്കളങ്കത’ എന്ന വാക്ക് ‘കാപട്യം’ എന്ന വാക്കിന്‍റെ വിപരീതമാണ്.

യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു” (സങ്കീർത്തനം 10:18). ഒരു വിശുദ്ധന്‍റെ ആഗ്രഹങ്ങൾ അവന്‍റെ ഹൃദയത്തിന്‍റെ ഭാഷയാണ്. “തന്‍റെ  ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും” (സങ്കീർത്തനം 145:19) എന്നതാണ് വാഗ്ദത്തം. എല്ലാ കാര്യങ്ങളിലും ദൈവത്തെ അനുസരിക്കുക, ക്രിസ്തുവിന്‍റെ സാദൃശ്യത്തിലേക്ക് പൂർണ്ണമായും രൂപാന്തരപ്പെടുക എന്നതാണ് ക്രിസ്ത്യാനിയുടെ ആഗ്രഹം, എന്നാൽ പുനരുത്ഥാനത്തിൽ (കർത്താവിന്‍റെ വരവിൽ) മാത്രമേ ഇത് യാഥാർത്ഥ്യമാകൂ. അതുവരെ, “ക്രിസ്തുവിന്‍റെ വിശുദ്ധന്മാരിൽ” നിലനിൽക്കുന്ന ആഗ്രഹത്തെ ക്രിസ്തുവിനുവേണ്ടിയുള്ള അവരുടെ “നിഷ്കളങ്കത”യായി ദൈവം കണക്കാക്കുന്നു (1 പത്രോസ് 2:5). അവൻ ഹൃദയങ്ങളെ അറിയുന്നതിനാൽ, അവന്‍റെ മക്കളുടെ ഹൃദയങ്ങളിൽ അവന്‍റെ കല്പനകളോടുള്ള അവരുടെ യഥാർത്ഥമായ സ്നേഹവും അവ പാലിക്കാനുള്ള അവരുടെ ആഗ്രഹവും അവൻ കാണുന്നു. അതുകൊണ്ട്, ദൈവം ആത്മാർത്ഥമായ ആഗ്രഹത്തെയും ആത്മാർത്ഥമായ പരിശ്രമത്തെയും പൂർണ്ണമായ അനുസരണത്തിന് തുല്യമായി അംഗീകരിക്കുന്നു (2 കൊരിന്ത്യർ 6:12). എന്നിരുന്നാലും, മുകളിൽ പറഞ്ഞ കാര്യങ്ങൾ വിശ്വസ്തരായവരുടെ (നിഷ്കളങ്കരായി ജീവിക്കുന്നവരുടെ) ആശ്വാസത്തിനും ഉറപ്പിനും വേണ്ടി മാത്രമാണ്, മനഃപൂർവ്വമായി അനുസരണക്കേടിൽ ജീവിക്കുന്നവരെ പിന്തുണയ്ക്കാനോ അവർക്ക് വ്യാജമായ സമാധാനം നൽകുവാനോ അല്ല.

വീണ്ടും ജനിച്ച ആത്മാവിന്‍റെ ‘ആഗ്രഹങ്ങൾ’ ആണ് എനിക്കുള്ളതെന്ന് എങ്ങനെ അറിയാമെന്ന് ആരെങ്കിലും ചോദിച്ചാൽ,  രക്ഷാകര കൃപ വിശുദ്ധിക്ക് അനുസൃതമായ ഒരു മനോഭാവം നമ്മിൽ ഉളവാക്കുന്നു എന്നതാണ് എന്‍റെ ഉത്തരം. “ആഗ്രഹങ്ങൾ” ഇങ്ങനെയാണ് പരീക്ഷിക്കപ്പെടേണ്ടത്: അവ സ്ഥിരവും, ദൃഢവും, അചഞ്ചലവുമാണോ? അവ ഹൃദയംഗമായതും, തീവ്രവുമാണോ, അത് “നീതിക്കുവേണ്ടിയുള്ള വിശപ്പും, ദാഹവും ഉളവാക്കുന്നുവോ?”  (മത്തായി 5:6)? അവ “ദൈവത്തിനായി വാഞ്‌ഛി”ക്കുന്നതാണോ? (സങ്കീർത്തനം 42:1) അവ പ്രായോഗികമായി ഫലപ്രദമാണോ? പലരും നരകത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു, പക്ഷേ അവരെ അനിവാര്യമായും നരകത്തിലേക്ക് നയിക്കുന്ന കാര്യങ്ങളെ അവർ ശക്തമായി വെറുക്കുന്നുമില്ല. അതായത് ദൈവത്തിനെതിരെ മനഃപൂർവ്വമായി അവര്‍ പാപം ചെയ്യുന്നു. പലർക്കും സ്വർഗത്തിൽ എത്താൻ ആഗ്രഹമുണ്ട്, പക്ഷേ അവിടേക്ക് നയിക്കുന്ന “ഇടുങ്ങിയ വഴി”യിലേക്ക് പ്രവേശിക്കാൻ മാത്രം ആഗ്രഹമില്ല. എന്നാല്‍, യഥാർത്ഥ ആത്മീയ ആഗ്രഹങ്ങളുള്ളവർ കൃപയുടെ പാതയിലൂടെ അവ നേടിയെടുക്കാൻ കഠിനമായി പരിശ്രമിക്കുകയും അവരുടെ മുമ്പിലുള്ള ലക്ഷ്യത്തിലേക്ക് പ്രാർത്ഥനാപൂർവ്വം മുന്നേറുകയും ചെയ്യുന്നു.

  1. അനുസരണത്തിന്‍റെ പ്രതിഫലം എല്ലാ ദിവസവും അനുഭവിക്കാൻ കഴിഞ്ഞാല്‍ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകും.

ദൈവഭക്തി സകലത്തിനും പ്രയോജനകരമാണ്” (1 തിമോത്തി 4:8). അനുസരണത്തിലൂടെയാണ് നാം നമ്മുടെ ആത്മാക്കളെ വിശുദ്ധീകരിക്കുന്നത് (1 പത്രോസ് 1:22). നമ്മുടെ അനുസരണക്കേട് നമ്മുടെ പ്രാർത്ഥനകൾക്ക് തടസ്സമാകുന്നതുപോലെ, അനുസരണം നമ്മുടെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നതിന് കാരണമാകുന്നു (യെശയ്യാവ് 59:5; യിരെമ്യാവ് 5:25). അനുസരണത്തിലൂടെ നമ്മുടെ ആത്മാക്കൾക്ക് ക്രിസ്തുവിന്‍റെ വിലയേറിയതും വളരെ അടുത്തുള്ളതുമായ വെളിപ്പെടുത്തൽ ലഭിക്കുന്നു (യോഹന്നാൻ 14:21). അനുസരണത്തിന്‍റെ  പാതയിൽ നടക്കുമ്പോൾ, “അതിന്‍റെ വഴികൾ ഇമ്പമുള്ള വഴികളും, അതിന്‍റെ പാതകളെല്ലാം സമാധാനവും ആകുന്നു” (സദൃശവാക്യങ്ങൾ 3:17) എന്ന് നമുക്ക് മനസ്സിലാകും. “അവന്‍റെ കല്പനകൾ ഭാരമുള്ളവയല്ല” (1 യോഹന്നാൻ 5:3), “അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്” (സങ്കീർത്തനം 19:11).

അദ്ധ്യായം ഏഴ്

തിരുവെഴുത്തുകളും ലോകവും

 

പുതിയനിയമത്തില്‍ ഈ   ‘ലോക’ ത്തെക്കുറിച്ചും, ലോകത്തോട് ഒരു ക്രിസ്ത്യാനിക്കുണ്ടായിരിക്കേണ്ട മനോഭാവത്തെക്കുറിച്ചും വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. അതിന്‍റെ യഥാർത്ഥ സ്വഭാവം എന്താണെന്ന് വ്യക്തമായി നിർവ്വചിക്കപ്പെട്ടിരിക്കുന്നു, വിശ്വാസിക്ക് അതിനെക്കുറിച്ച് ഗൗരവമായ മുന്നറിയിപ്പും നൽകിയിരിക്കുന്നു. ദൈവത്തിന്‍റെ വിശുദ്ധ വചനം സ്വർഗ്ഗത്തിൽ നിന്ന് വരുന്ന, “ഇരുണ്ട സ്ഥലത്ത് പ്രകാശിക്കുന്ന വിളക്കുപോലെയാണ്” (2 പത്രോസ് 1:19). ആ വചനത്തിന്‍റെ കിരണങ്ങൾ ഉപരിപ്ലവമായി മിനുക്കിയ ലൗകിക ആകർഷണങ്ങളിലേക്ക് തുളച്ചുകയറുകയും അവയുടെ യഥാർത്ഥ നിറം എന്താണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. ഏതു ലോകത്തിനു വേണ്ടിയാണോ ധാരാളം അദ്ധ്വാനവും സമ്പത്തും ചിലവഴിക്കുന്നത്, ഏത് ലോകത്തെയാണോ, മനുഷ്യർ ഉയർത്തിപ്പിടിക്കുകയും, മാന്യമായി കരുതുകയും ചെയ്യുന്നത്, ആ ലോകം, തിരുവെഴുത്തുകളിൽ ‘ദൈവത്തിന്‍റെ ശത്രു’ ആയിട്ടാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ദൈവമക്കൾ ലോകത്തെ "പിന്തുടരുന്നത്" വിലക്കിയിരിക്കുന്നത്, അതിനോടു സ്നേഹം പ്രകടിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നമ്മൾ നേരത്തെ ചർച്ച ചെയ്ത വിഷയങ്ങളെപ്പോലെ, ഇതും വളരെ പ്രാധാന്യമർഹിക്കുന്നതാണ്, അതിനാൽ ദൈവകൃപ തേടുന്ന, ഈ വിഷയത്തെക്കുറിച്ച് ആത്മാർത്ഥതയുള്ള ഒരു വായനക്കാരൻ/ വായനക്കാരി, സ്വയം വിലയിരുത്തുന്നത് വളരെയധികം പ്രയോജനകരമായിരിക്കും. ദൈവം തന്‍റെ മക്കളെ ഉദ്ദേശിച്ചു നൽകിയിട്ടുള്ള പ്രബോധനങ്ങളിൽ ഒന്ന് ഇപ്രകാരമാണ്: ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ”   (1 പത്രൊസ് 2:2).   നമ്മൾ ഓരോരുത്തരും ഈ വിഭാഗത്തിൽ പെടുന്നുണ്ടോ എന്ന് സത്യസന്ധമായും ഉത്സാഹത്തോടെയും കണ്ടെത്തുന്നത് നന്നായിരിക്കും. എന്നാൽ തിരുവെഴുത്തുകളെക്കുറിച്ചുള്ള അറിവ് നേടുന്നതിൽ മാത്രം നാം തൃപ്തരാകരുത്. നമ്മുടെ പ്രായോഗിക വളർച്ചയിലും, അനുഭവത്തിന്‍റെ  തലത്തിലും നാം ക്രിസ്തുവിന്‍റെ സ്വരൂപത്തിലേക്ക് മാറ്റപ്പടുന്നുണ്ടോ എന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ദൈവവചനം പഠിക്കുകയും അറിയുകയും ധ്യാനിക്കുകയും ചെയ്യുന്നതു കൊണ്ട് നാം  ലൗകിക മോഹങ്ങളിൽ നിന്ന് വിടുതൽ പ്രാപിക്കുന്നുണ്ടോ എന്നത് സ്വയം പരിശോധിക്കേണ്ട ഒരു വിഷയമാണ്.

  1. ലോകത്തിന്‍റെ യഥാർത്ഥ സ്വഭാവം കാണാൻ തക്കവണ്ണം നമ്മുടെ കണ്ണുകൾ തുറക്കപ്പെടുമ്പോൾ മാത്രമേ നാം  വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നുള്ളൂ.

ഒരു കവി ഇങ്ങനെ എഴുതി, ‘ദൈവം സ്വർഗ്ഗത്തിലാണ്, ലോകത്തിൽ എല്ലാം ശരിയാംവണ്ണം നടക്കുന്നു’ എന്ന്. ഒരു വശത്ത് അത് ശരിയാണ്, എന്നാൽ മറു വശത്ത് അത് ഗുരുതരമായ തെറ്റുമാണ്, കാരണം സർവ്വലോകവും ദുഷ്ടന്‍റെ അധീനതയിൽ കിടക്കുന്നു (1 യോഹന്നാൻ 5:19). പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിൽ പ്രകൃത്യാതീതമായ ജ്ഞാന ദൃഷ്ടി ഉളവാക്കുമ്പോൾ മാത്രമേ, “മനുഷ്യരുടെ ഇടയിൽ ഉന്നതമായത് ദൈവത്തിന്‍റെ മുമ്പാകെ അറപ്പത്രേ (ലൂക്കോസ് 16:15) എന്ന യാഥാർത്ഥ്യം നമുക്ക് ഗ്രഹിക്കാൻ കഴിയൂ. ഈ “ലോകത്തെ” ഒരു വലിയ വഞ്ചനയായി, ഉപയോഗശൂന്യമായ ഒരു പാഴ് വസ്തുവായി, വിലയില്ലാത്ത ഒരു ആഭരണമായി, ഒരു നീച വിഷയമായി, ഒരു ദിവസം കത്തിയെരിയാൻ പോകുന്ന ഒരു പദാർത്ഥമായി കാണാൻ നമ്മുടെ ആത്മാക്കള്‍ക്ക് കഴിയുമ്പോൾ നാം എത്ര ഭാഗ്യവാന്മാരാണ്.

എന്നാൽ ആദ്യം, ഒരു ക്രിസ്ത്യാനിയോട് സ്നേഹിക്കരുതെന്ന് പറഞ്ഞിരിക്കുന്ന “ലോകം” എന്താണെന്ന് നാം നിർവ്വചിക്കേണ്ടതുണ്ട്. വിശുദ്ധ തിരുവെഴുത്തുകളിൽ ഒന്നിലധികം അർത്ഥങ്ങളുള്ള ചുരുക്കം ചില പദങ്ങളിൽ ഒന്നാണ് ‘ലോകം’. എന്നിരുന്നാലും, ഉപയോഗിച്ചിരിക്കുന്ന സന്ദർഭം ശ്രദ്ധാപൂർവ്വം പരിശോധിച്ചാൽ, അത് ഏത് അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നമുക്ക് കണ്ടെത്താൻ കഴിയും. ഈ “ലോകം” അതിൽ തന്നെ പര്യാപ്തമായ ഒരു വ്യവസ്ഥയാണ്. എന്തെങ്കിലും വിഷയം ഉള്ളിലേക്ക് നുഴഞ്ഞുകയറിയാൽ അത് വേഗത്തിൽ സാംശീകരിക്കപ്പെടുന്നു. വീണുപോയ മനുഷ്യന്‍റെ ശാപഗ്രസ്തമായ സ്വഭാവം, മുഴുവൻ മനുഷ്യ സമൂഹത്തെയും ആ സ്വഭാവത്തിന് അനുസൃതമായി പ്രവർത്തിക്കുന്ന ഒരു വ്യവസ്ഥയാക്കി മാറ്റുന്നു. അതാണ് ‘ലോകം’. അതുകൊണ്ട്, അത് “ദൈവത്തോടു ശത്രുതയുള്ളതും ജഡപ്രകാരമുള്ളതുമായ മനസ്സിന്‍റെ” സംഘടിത രാജ്യമാണ്. അതുകൊണ്ട്  അത് ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് കീഴ്പെടുന്നില്ല, കീഴ്പെടാൻ കഴിയുന്നതുമല്ല (റോമർ 8:7). “ജഡിക മനസ്സ്” എവിടെയാണോ ഉള്ളത് അവിടെ ‘ലോകം’ ഉണ്ട്, അതുകൊണ്ട് ലോകം എന്നാൽ ‘ദൈവമില്ലാത്ത ലോകം’ എന്നാണ് അർത്ഥമാക്കുന്നത്.

  1. ഈ ലോകം എതിർക്കുകയും അതിജീവിക്കുകയും ചെയ്യേണ്ട ഒരു ശത്രുവാണെന്ന് നാം തിരിച്ചറിയുമ്പോൾ മാത്രമേ വചനത്തിൽ നിന്ന്  പ്രയോജനം നേടുന്നവർ ആകുന്നുള്ളൂ.

ഒരു ക്രിസ്ത്യാനി വിശ്വാസത്തിന്‍റെ നല്ല പോർ പൊരുതുവാൻ” വിളിക്കപ്പെട്ടിരിക്കുന്നു (1 തിമോത്തി 6:12), അതായത് പരാജയപ്പെടുത്തുവാനും കീഴടക്കുവാനും ശത്രുക്കളുണ്ട്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ വിശുദ്ധ ത്രിത്വം ഉള്ളതുപോലെ തന്നെ  ജഡം, ലോകം, പിശാച് എന്നീ ദുഷ്ട ത്രിത്വവും ഉണ്ട്. ഇവയുമായി മാരകമായ ഒരു യുദ്ധം ചെയ്യുവാനാണ് ദൈവപൈതൽ വിളിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ ‘മാരകമായത്’ എന്ന് പറയുന്നത്, ഈ വ്യക്തി അവരെ നശിപ്പിക്കും അല്ലെങ്കിൽ അവർ അവനെ നശിപ്പിക്കും എന്നതുകൊണ്ടാണ്. പ്രിയ വായനക്കാരാ, ഈ ലോകം ഒരു ഭയങ്കര ശത്രുവാണെന്ന് തിരിച്ചറിയുക. നിങ്ങൾ അതിനെ നിങ്ങളുടെ ഹൃദയത്തിൽ തോൽപ്പിച്ച് അതിന്‍റെ മേൽ വിജയം സാധിക്കുന്നില്ലങ്കിൽ, നിങ്ങൾ ദൈവമക്കളല്ല, കാരണം ദൈവത്തിൽ നിന്ന് ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു (1 യോഹന്നാൻ 5:4).

താഴെ പറഞ്ഞിരിക്കുന്ന കാരണങ്ങൾ, നാം ഈ ലോകത്തെ എന്തിന് കീഴടക്കണമെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ഒന്നാമതായി, അതിന്‍റെ പ്രലോഭനങ്ങൾ നമ്മുടെ ഗതിയെ വഴിതിരിച്ചുവിടുകയും, നമ്മുടെ ഹൃദയത്തെ ദൈവത്തെ സ്നേഹിക്കുന്നതിൽ നിന്ന് അകറ്റുകയും ചെയ്യുന്നു. കാരണം ദൃശ്യമായവ, അദൃശ്യമായവയില്‍ നിന്നുള്ള നമ്മുടെ ഹൃദയത്തിന്‍റെ ലക്ഷ്യത്തെ തെറ്റിക്കുന്നു. രണ്ടാമതായി, ഈ ലോകത്തിന്‍റെ  ആത്മാവ് ക്രിസ്തുവിന്‍റെ ആത്മാവിന് എതിരാണ്; അതുകൊണ്ടാണ് അപ്പോസ്തലൻ നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല... ദൈവത്തിൽ നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചത്” (1 കൊരിന്ത്യർ 2:12) എന്ന് എഴുതിയിരിക്കുന്നത്.  ദൈവപുത്രൻ ഈ ലോകത്തിലേക്ക് വന്നു, പക്ഷേ ലോകം അവനെ അറിഞ്ഞില്ല (യോഹന്നാൻ 1:10). അതുകൊണ്ടാണ് ലോകത്തിന്‍റെ ഭരണാധികാരികൾ അവനെ ക്രൂശിച്ചത് (1 കൊരിന്ത്യർ 2:8). മൂന്നാമതായി, ഈ ലോകത്തിലെ കാര്യങ്ങളും, ചിന്തകളും ആശങ്കകളും സ്വർഗ്ഗീയ ജീവിതവുമായി പരസ്പര വൈരുദ്ധ്യമുള്ളവയാണ്‌. ക്രിസ്ത്യാനികൾ മറ്റ് മനുഷ്യരെപ്പോലെ തന്നെ ആഴ്ചയിൽ ആറ് ദിവസവും ജോലി ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു; എന്നാൽ അങ്ങനെ ജോലി ചെയ്യുമ്പോൾ തന്നെ അവര്‍ നിരന്തരം ജാഗരൂകരായിരിക്കണം. അല്ലാത്തപക്ഷം, അവരുടെ ഉത്തരവാദിത്തങ്ങളുടെ പൂർത്തീകരണത്തേക്കാൾ സ്വാർത്ഥതാൽപര്യങ്ങൾ അവരെ ഭരിക്കാനും കീഴ്പ്പടുത്തുവാനും സാധ്യതയുണ്ട്.

"ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ" (1 യോഹന്നാൻ 5:4). ദൈവം നൽകുന്ന വിശ്വാസത്തിനല്ലാതെ മറ്റൊന്നിനും ലോകത്തെ ജയിക്കാനാവില്ല. എന്നാൽ നമ്മുടെ ഹൃദയം നിത്യതയുടെ അദൃശ്യമായ യാഥാർത്ഥ്യങ്ങളാൽ നിറയപ്പെടുമ്പോൾ മാത്രമേ ഈ ലോകത്തിന്‍റെ  ദുഷ്ടമായ സ്വാധീനത്തിൽ നിന്ന് അത് വിടുവിക്കപ്പെടുകയുള്ളൂ. വിശ്വാസത്തിന്‍റെ നേത്രങ്ങൾ ഭൗമിക വസ്തുക്കളുടെ യഥാർത്ഥ സ്വഭാവം വിവേചിച്ചറിയുമ്പോൾ അവ ശൂന്യവും അർത്ഥരഹിതവുമാണെന്നും അവയെ നിത്യതയുടെ മഹത്വപൂർണവും മനോഹരവുമായ കാര്യങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും നമുക്ക് മനസ്സിലാകുന്നു. ദൈവത്തിന്‍റെ പൂർണതയും അവന്‍റെ ഔന്നത്യവും നാം മനസ്സിലാക്കുമ്പോൾ, ഈ ലോകം ശൂന്യമായി നമുക്കു തോന്നുന്നു. തന്‍റെ  പാപങ്ങൾക്കു വേണ്ടി മരിച്ച്, നിരന്തരം തനിക്കുവേണ്ടി മധ്യസ്ഥത വഹിക്കുന്ന, തന്‍റെ നിത്യരക്ഷയ്ക്കായി വാഴുന്ന വീണ്ടെടുപ്പുകാരനെ കണ്ട് ഒരു ക്രിസ്ത്യാനി ഭയഭക്തിയോടെ, “നീ എനിക്ക് ഉള്ളതിനാൽ എനിക്ക് ഈ ലോകത്തിൽ ഒന്നും തന്നെ വേണ്ട” എന്ന് പറയുന്നു. 

ഇത് വായിക്കുന്ന താങ്കളുടെ അവസ്ഥ എന്താണ്? ഈ വാക്കുകളോട് നിങ്ങൾ യോജിച്ചേക്കാം, എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ അവസ്ഥ എന്താണ്? ജാതികൾ വലുതായി കണക്കാക്കുന്ന  കാര്യങ്ങളാൽ നിങ്ങൾ ആകർഷിക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടോ? ഒരു ലൗകിക വ്യക്തിക്ക്, തനിക്ക് പ്രിയപ്പെട്ട എന്തെങ്കിലും ഒരു വസ്തു തന്നിൽ നിന്ന് എടുത്തുകളയുന്നത് സഹിക്കാൻ കഴിയില്ല. താങ്കളുടെയും അവസ്ഥ അങ്ങനെയാണോ? അതോ ഒരിക്കലും നിങ്ങളിൽ നിന്ന് എടുത്തുകളയാൻ കഴിയാത്ത നിത്യമായ വിഷയങ്ങളിൽ  മാത്രമാണോ നിങ്ങള്‍ സന്തോഷവും ആനന്ദവും കണ്ടെത്തുന്നത്? ഈ ചോദ്യങ്ങൾ തള്ളിക്കളയാവുന്നവയല്ല. ദൈവമുമ്പാകെ ഇക്കാര്യങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുവാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. ഈ ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ സത്യസന്ധമായ മറുപടി നിങ്ങളുടെ യഥാർത്ഥ ആത്മീയ സ്ഥിതിയെ ആണ് സൂചിപ്പിക്കുന്നത്. അങ്ങനെ, നിങ്ങൾ "ക്രിസ്തുയേശുവിൽ ഒരു പുതിയ സൃഷ്ടി" ആണെന്ന് കരുതി നിങ്ങളെത്തന്നെ വഞ്ചിക്കുകയാണോ അല്ലയോ എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും.

  1. “ഈ ദുഷ്ടലോകത്തിൽ നിന്ന്” (ഗലാത്യർ 1:3) നമ്മെ വീണ്ടെടുക്കാൻ ആണ് ക്രിസ്തു മരിച്ചത് എന്ന് അറിയുമ്പോൾ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നു.

ദൈവപുത്രൻ വന്നത് ന്യായപ്രമാണം നിവർത്തിപ്പാൻ” മാത്രമല്ല (മത്തായി 5:17), മറിച്ച് നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുവാനും (മത്തായി 1:21), “പിശാചിന്‍റെ പ്രവൃത്തികളെ അഴിപ്പാനും (1 യോഹന്നാൻ 3:8), “വരുവാനിരിക്കുന്ന കോപത്തിൽ നിന്ന് നമ്മെ വിടുവിപ്പാനും (1 തെസ്സലൊനീക്യർ 1:10) കൂടിയാണ്. അവൻ വന്നത് “നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിപ്പാൻ” മാത്രമല്ല (മത്തായി 1:21), ഈ ലോകത്തിന്‍റെ അടിമത്തത്തിൽ നിന്നും, അതിന്‍റെ വഞ്ചനാപരമായ സ്വാധീനത്തിൽ നിന്നും നമ്മെ മോചിപ്പിക്കാനും കൂടിയാണ്. യിസ്രായേലുമായുള്ള ദൈവത്തിന്‍റെ ഇടപെടലുകൾ ഇതിനെ പ്രതിഫലിപ്പിക്കുന്നു. അവർ മിസ്രയീമിൽ അടിമകളായിരുന്നു: “മിസ്രയീം” എന്നത് ലോകത്തെ സൂചിപ്പിക്കുന്ന ഒരു രൂപകമാണ്. ഫറവോനു വേണ്ടി ഇഷ്ടികകൾ ഉണ്ടാക്കിക്കൊണ്ട് അവർ ക്രൂരമായ അടിമത്തത്തിൽ സമയം ചിലവഴിച്ചു. അവർക്ക് അവരെ മോചിപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ യഹോവ തന്‍റെ മഹാശക്തിയാൽ അവരെ മോചിപ്പിക്കുകയും ‘ഇരുമ്പുചൂളയി’ൽ നിന്ന് രക്ഷിക്കുകയും ചെയ്തു. ക്രിസ്തുവും സ്വന്തമായവർക്കു വേണ്ടി അതുതന്നെയാണ് ചെയ്യുന്നത്. ഈ ലോകത്തിന്‍റെ സ്വാധീനം അവൻ അവരുടെ ഹൃദയങ്ങളിൽ നിന്നു തകർത്തെറിയുകയും, അവരെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു, അതിന്‍റെ അംഗീകാരത്തെ സ്നേഹിക്കുന്നതില്‍ നിന്നും, ലോകം നിരസിക്കുമെന്ന ഭയത്തിൽ നിന്നും വിടുവിക്കുകയും ചെയ്യുന്നു.

ക്രിസ്തു തന്‍റെ ജനത്തിന്‍റെ പാപങ്ങൾക്കു വേണ്ടി തന്നെത്തന്നെ ബലിയായി അർപ്പിച്ചു. തൽഫലമായി, ഈ ലോകത്തിലെ ദുഷ്ടതയുടെ വിനാശകരമായ ശക്തിയിൽ നിന്നും സ്വാധീനത്തിൽ നിന്നും അവര്‍ വിടുവിക്കപ്പെടേണ്ടതിന്, ഈ ലോകത്തിന്‍റെ ഭരണാധികാരിയായ സാത്താനിൽ നിന്നും, സ്വാധീനിക്കുന്ന ആഗ്രഹങ്ങളിൽ നിന്നും, ലോകക്കാരായ മനുഷ്യരുടെ വ്യർത്ഥമായ നടപ്പിൽ നിന്നും അവർ വിടുവിക്കപ്പെടേണ്ടതിന് തന്നെത്താൻ സ്വയം അർപ്പിച്ചു കൊടുത്തു. ഈ ദൈവീക പരിപാടിയില്‍, വിശുദ്ധന്മാരിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവ് ക്രിസ്തുവിനോട് സഹകരിക്കുന്നു. അവൻ അവരുടെ ചിന്തകളെയും താത്പര്യങ്ങളെയും ലൗകിക കാര്യങ്ങളിൽ നിന്ന് അതിനപ്പുറത്തുള്ള സ്വർഗ്ഗീയമായ വിഷയങ്ങളിലേക്ക് തിരിക്കുന്നു. തന്‍റെ  ശക്തിയാൽ അവൻ, തങ്ങളുടെ ചുറ്റുമുള്ള അധാർമ്മികതയിൽ നിന്ന് അവരെ വിടുവിക്കുകയും സ്വർഗ്ഗീയ നിലവാരങ്ങൾക്ക് അനുസൃതമായി ജീവിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. ഒരു ക്രിസ്ത്യാനി കൃപയിൽ വളരുകയാണെങ്കിൽ, അവൻ അത് തിരിച്ചറിയുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും. ഇപ്പോഴത്തെ ദുഷ്ടലോകത്തിൽ നിന്നുള്ള പൂർണ്ണമായ മോചനത്തിനായി അവൻ ദൈവത്തോട് അപേക്ഷിക്കുകയും, അതിൽ നിന്നുള്ള പൂർണ്ണമായ വിടുതൽ തേടുകയും ചെയ്യും. ഒരുകാലത്ത് അവനെ ആകർഷിച്ചത് ഇപ്പോൾ വെറുപ്പുളവാക്കുന്നതാകും. തന്‍റെ നാഥന് ദുഷ്പേര് ഉണ്ടാക്കുന്ന ഈ ലോകത്തെ വിട്ടുപോകുന്ന നാളിനായി വേദനയോടെ കാത്തിരിക്കുകയും ചെയ്യും.

  1. നമ്മുടെ ഹൃദയങ്ങൾ ലോകത്തിൽ നിന്ന് വിടുവിക്കപ്പെടുമ്പോൾ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നു.

ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത് (1 യോഹന്നാൻ 2:15). ഒരു യാത്രക്കാരന് യാത്രയിൽ തടസ്സങ്ങൾ വരുന്നത് പോലെയും, ഓടുന്ന ഒരു വ്യക്തിക്ക് തന്‍റെ മേലുള്ള ഭാരം തടസ്സമായി വരുന്നതു പോലെയും, പറക്കുന്ന പക്ഷിക്ക് മുള്ളുകൾ തടസ്സമാകുന്നത് പോലെയുമാണ് ഒരു ക്രിസ്ത്യാനിക്ക് ഈ ലോകത്തോടുള്ള സ്നേഹം. അത് അവനെ പൂർണ്ണമായും വഴിതിരിച്ചുവിടുന്നു, കൂടുതലായി വഞ്ചിക്കുന്നു, ദൈവത്തിൽ നിന്ന് ബലമായി അകറ്റുന്നു (നഥാനിയേൽ ഹാർഡി, 1660). ഈ ലോക മോഹങ്ങളിൽ നിന്ന് ഹൃദയം ശുദ്ധീകരിക്കപ്പെടുന്നതുവരെ, ദൈവിക സന്ദേശങ്ങള്‍ക്ക് നാം ചെവി കൊടുക്കില്ല എന്നതാണ് വാസ്തവം. ഈ നശ്വരവും അവിവേകവുമായ കാര്യങ്ങളെ അതിജീവിക്കുന്നതുവരെ, നമുക്ക് അനുസരണയോടെ ദൈവത്തിന് കീഴടങ്ങാൻ കഴിയില്ല. ഗോളാകൃതിയിലുള്ള ഒരു വസ്തുവിനു മുകളില്‍ വെള്ളം ഒഴിച്ചാല്‍ അത് ഒഴുകി പോകുന്നതുപോലെ, ഭൗമികമായ മനസ്സിൽ നിന്ന് സ്വർഗ്ഗീയ സത്യങ്ങൾ ഒഴുകി പോകുകയേയുള്ളൂ.

ഈ ലോകം ക്രിസ്തുവിനെ തള്ളിക്കളഞ്ഞിരിക്കുന്നു, അതുകൊണ്ടാണ്  അവന്‍റെ നാമം എവിടെയൊക്കെ പ്രസംഗിക്കപ്പെട്ടാലും ജനങ്ങള്‍ ശ്രദ്ധിക്കാത്തത്. ലൗകികരായ ആളുകളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സ്വയം സംതൃപ്തിക്കുവേണ്ടിയുള്ളതാണ്. അവരുടെ അഭിലാഷങ്ങളും അവ നേടിയെടുക്കുന്നതിനുള്ള രീതികളും വ്യത്യസ്തമാണെങ്കിലും, സ്വയസംതൃപ്തിയാണ് അവരുടെ ലക്ഷ്യം. എന്നാൽ ക്രിസ്ത്യാനികൾ ഈ ലോകത്തിലാണ്. കർത്താവ് അവർക്കായി നിശ്ചയിച്ചിരിക്കുന്ന ആയുസ്സ് പൂർത്തിയാക്കുന്നതുവരെ അവർക്ക് അതിൽ നിന്ന് പുറത്തുവരാൻ കഴിയില്ല. ഇവിടെയാണ് അവർ ഉപജീവനമാർഗം കണ്ടെത്തേണ്ടത്, കുടുംബങ്ങളെ പോറ്റേണ്ടത്, മറ്റ് ലൗകിക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. എന്നാൽ ഈ ലോകം മാത്രമേ അവർക്ക് സന്തോഷം നൽകുന്നുള്ളൂ എന്ന രീതിയില്‍ അവർ അതിനെ സ്നേഹിക്കരുത്. അവരുടെ “സമ്പത്തും” “നിത്യഭവനവും” മറ്റെവിടെയോ ആണെന്നത് അവർ മറക്കരുത്.

വീണുപോയ മനുഷ്യന്‍റെ ഒരോ ആഗ്രഹങ്ങളെയും ഈ ലോകം തൃപ്തിപ്പെടുത്തുന്നു. അവനെ ആകർഷിക്കുവാന്‍ ഈ ലോകത്തിന്  നിരവധി മാർഗങ്ങളുണ്ട്. അവ അവന്‍റെ ശ്രദ്ധയെ ആകർഷിക്കുകയും അവന്‍റെ ഉള്ളിൽ അവയോട് സ്നേഹവും ആഗ്രഹവും ഉളവാക്കുകയും ചെയ്യുന്നു. അതിന്‍റെ ശേഷം അവ തീർച്ചയായും അവന്‍റെ ഹൃദയത്തിൽ അജ്ഞാതവും ആഴത്തിലുള്ളതുമായ ഒരു മുദ്ര പതിപ്പിക്കും. ഈ ആകർഷണം എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ മേൽ മാരകമാം വിധം സ്വാധീനം ചെലുത്തുന്നു. അവ ആകർഷണീയവും വശീകരണാത്മകവുമായി തോന്നിയേക്കാം, പക്ഷേ ഈ ലോകത്തിലെ എല്ലാ ആനന്ദങ്ങളും പരിശ്രമങ്ങളും ഈ ലോക ജീവിതത്തിൽ മാത്രം സന്തോഷം നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. അതുകൊണ്ടാണ്, ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും തന്‍റെ  ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം?” (മത്തായി 16:26), എന്ന് എഴുതിയിരിക്കുന്നത്. ഒരു ക്രിസ്ത്യാനി പരിശുദ്ധാത്മാവിനാൽ പഠിപ്പിക്കപ്പെടുന്നു. പരിശുദ്ധാത്മാവ് അവന്‍റെ ആത്മാവിന് ക്രിസ്തുവിനെ വെളിപ്പെടുത്തി കൊടുക്കുന്നു, അതുകൊണ്ട് അവന്‍റെ ചിന്തകൾ ഈ ലോകത്തിൽ നിന്ന് വഴിമാറിപ്പോകുന്നു. ഒരു കൊച്ചുകുട്ടി തന്‍റെ കൈയിലുള്ളതിനേക്കാൾ ആകർഷകമായ ഒരു വസ്തു കാണുമ്പോൾ തന്‍റെ കൈയിലുള്ളത് വലിച്ചെറിയുന്നതുപോലെ, ദൈവവുമായുള്ള കൂട്ടായ്മ അനുഭവിച്ച ഹൃദയം ഇങ്ങനെ പറയും. എന്‍റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നുഞാൻ അവന്‍റെ നിമിത്തം എല്ലാം ഉപേക്ഷിച്ച് ചവറ് എന്ന് എണ്ണുന്നു” (ഫിലിപ്പിയർ 3:8-11).

  1. ഈ ലോകത്തിൽ നിന്ന് വേർപെട്ട് നിൽക്കുമ്പോൾ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നു.

"ലോകസ്നേഹം  ദൈവത്തോടു  ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്‍റെ  സ്നേഹിതനാകാൻ ഇച്ഛിക്കുന്നവനെല്ലാം  ദൈവത്തിന്‍റെ ശത്രുവായി തീരുന്നു." (യാക്കോബ് 4:4). ഇതുപോലുള്ള ഒരു വാക്യം നമ്മുടെ ഹൃദയങ്ങളിലേക്ക് തുളച്ചുകയറുകയും നമ്മിൽ ഭയം ഉളവാക്കുകയും ചെയ്യുന്നു. ദൈവപുത്രനെ ക്രൂശിൽ തറച്ച ഈ ലോകത്തിന്‍റെ സുഖങ്ങൾക്കു വേണ്ടി,  എനിക്ക് എങ്ങനെ ഈ ലോകത്തിന്‍റെ സ്നേഹിതൻ ആകുവാൻ കഴിയും? അങ്ങനെ ചെയ്താൽ, ദൈവത്തിന്‍റെ ശത്രുക്കള്‍ക്കും എനിക്കും ഒരു വ്യത്യാസവും ഉണ്ടാകില്ല. പ്രിയ വായനക്കാരേ, ഈ വിഷയത്തിൽ ഒരു തെറ്റും വരുത്തരുത്. അതുകൊണ്ടാണ് ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ, പിതാവിന്‍റെ സ്നേഹം അവനിൽ ഇല്ല (1 യോഹന്നാൻ 2:15) എന്ന് എഴുതിയിരിക്കുന്നത്.

ദൈവജനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു, “ഇതാ, തനിച്ച് പാർക്കുന്നോരു ജനം, ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല (സംഖ്യാപുസ്തകം 23:9). വീണ്ടും ജനിച്ച വ്യക്തിയുടെയും ലൗകിക വ്യക്തിയുടെയും സ്വഭാവവിശേഷങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, ആഗ്രഹങ്ങൾ, സഹജ വാസനകൾ എന്നിവയെല്ലാം വ്യത്യസ്തമാണ്, അവയാണ് രണ്ടു കൂട്ടരേയും വേർതിരിച്ചു നിർത്തുന്നത്. നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലാണെന്ന് പ്രഖ്യാപിക്കുന്ന നമുക്ക്, വേറൊരു ആത്മാവിനാൽ നയിക്കപ്പെടുന്ന നമുക്ക്, വേറൊരു നിയമത്താൽ നിയന്ത്രിക്കപ്പെടുന്ന നമുക്ക്, വേറൊരു ദേശത്തേക്കു യാത്ര ചെയ്യുന്ന നമുക്ക്, ഇതെല്ലാം ഒന്നുമല്ലെന്നും നിസ്സാരമാണെന്നും കരുതുന്നവരോടൊപ്പം ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് നമ്മുടെ ഉള്ളിലുള്ളതെല്ലാം ക്രിസ്തീയ പ്രവാസികളുടെ സവിശേഷതകൾ ആകട്ടെ. യഥാർത്ഥത്തിൽ നാം “മാതൃകയുള്ള ഒരു ജനവും”, “ഈ ലോകത്തിന് അനുരൂപരാകത്തവരും” (റോമർ 12:2) ആയിരിക്കണം.

  1. ഈ ലോകം നമ്മെ വെറുക്കുമ്പോൾ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നു.

ഈ ലോകത്തില്‍ തങ്ങളുടെ യഥാർത്ഥ സ്ഥിതി മറച്ചുവെച്ചു കൊണ്ട് സ്വയം മാന്യരായി കാണിക്കുവാൻ നിരവധി തന്ത്രങ്ങൾ ആളുകള്‍ ഉപയോഗിക്കാറുണ്ട്. മര്യാദകൾ, പാരമ്പര്യങ്ങൾ, ദാനധർമ്മങ്ങൾ മുതലായവ ഇതിന് ഉദാഹരണങ്ങളാണ്. അതുപോലെ, സഭകളും, അവയുടെ പുരോഹിതന്മാരും മറ്റു നേതാക്കളും അവയിൽ വ്യാപിച്ചിരിക്കുന്ന അഴിമതിക്ക് സമാധാനം പറയേണ്ടതുണ്ട്. ഇതിന് ശക്തി പകരാൻ, ക്രിസ്തീയതയെ കൂട്ടിച്ചേർത്തു കൊണ്ട്, ഒരിക്കലും ക്രിസ്തുവിന്‍റെ ”നുകം” എടുക്കാൻ തയ്യാറല്ലാത്ത ആയിരക്കണക്കിന് ആളുകൾ, അവരുടെ നാവുകൊണ്ട്  അവന്‍റെ വിശുദ്ധ നാമത്തെ  ഉച്ചരിക്കുന്നു. ദൈവം അവരെക്കുറിച്ച് ഇങ്ങനെ പറയുന്നു, “ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു,  എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു.” (മത്തായി 15:8). അത്തരം ആളുകളോട് സത്യക്രിസ്‌ത്യാനികളുടെ മനോഭാവം എന്തായിരിക്കണം? തിരുവെഴുത്തുകൾ വളരെ വ്യക്തമായി നൽകുന്ന ഉത്തരം ഇങ്ങനെയാണ്, അങ്ങനെയുള്ളവരെ വിട്ടൊഴിയുക (2 തിമോത്തി 3:5),  അവരുടെ നടുവിൽ നിന്ന് പുറപ്പെട്ട്  വേർപെട്ടിരിപ്പിൻ (2 കൊരിന്ത്യർ 6:17). ഒരാള്‍ ഈ ദൈവീക കല്പ്പന അനുസരിക്കുമ്പോൾ എന്ത് സംഭവിക്കും? നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകയ്ക്കുന്നു” (യോഹന്നാൻ 15:19), എന്ന ക്രിസ്തുവിന്‍റെ വാക്കുകൾ സത്യമാണെന്ന് സ്ഥിരീകരിക്കപ്പെടുന്നു.

 ഏത് “ലോകത്തെ”ക്കുറിച്ചാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്? മുകളിൽ ഉദ്ധരിച്ച വാക്യം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു! ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കിൽ അത് നിങ്ങൾക്കുമുമ്പേ എന്നെ പകച്ചിരിക്കുന്നു എന്ന് അറിവിൻ” (യോഹന്നാൻ 15:18). ക്രിസ്തുവിനെ വെറുത്തതും, പീഡിപ്പിച്ചതും, കൊന്നതും എങ്ങനെയുള്ള “ലോകമാണ്”? ദൈവമഹത്വത്തിനായുള്ള കപടമായ എരിവ് പ്രകടിപ്പിച്ച മതവ്യവസ്ഥയാകുന്ന ലോകമായിരുന്നു അത്! ഇപ്പോഴും അങ്ങനെ തന്നെയാണ്. ക്രിസ്തുവിനെ അനാദരിക്കുന്ന ഈ ക്രിസ്തീയ ലോകത്തിനെതിരെ ഒരു ക്രിസ്ത്യാനി എതിരു തിരിയുമ്പോൾ, അവന്‍റെ  ഏറ്റവും കടുത്ത ശത്രുക്കൾ, ദയയില്ലാത്തവരും നീതികെട്ടവരുമായ എതിരാളികൾ, ആരാണെന്ന് അറിയാമോ, ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവർ തന്നെയാണ്!  “എന്‍റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.  സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പേയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ” (മത്തായി 5:11-12). പ്രിയ വായനക്കാരാ, ഈ മതപരമായ ലോകം നിങ്ങളെ വെറുക്കുമ്പോൾ, അത് ഒരു നല്ല അടയാളമാണ്, നിങ്ങൾ വചനത്തിൽ നിന്ന് പ്രയോജനം നേടുന്നു എന്നതിന്‍റെ ഉറപ്പായ ചിഹ്നമാണ്. എന്നിരുന്നാലും, നിങ്ങൾക്ക് ഇപ്പോഴും സഭകളിലോ യോഗങ്ങളിലോ ഉന്നതമായ സ്ഥാനമാനങ്ങൾ ഉണ്ടാവണം എന്നാണെങ്കിൽ, ദൈവത്തിൽ നിന്നുള്ള പുകഴ്ചയെക്കാൾ മനുഷ്യരുടെ മുഖസ്തുതിയിലാണ് നിങ്ങൾക്ക് കൂടുതൽ താൽപ്പര്യമെന്ന് ഭയപ്പെടാൻ എല്ലാ കാരണവുമുണ്ട്.

  1. ഈ ലോകത്തിനപ്പുറമായി ജീവിക്കാൻ കഴിയുമ്പോൾ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നു.

ഒന്നാമതായി, ഈ ലോകത്തിലെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അപ്പുറം. ലൗകികനായ ഒരു മനുഷ്യൻ, ഇന്ന് നിലവിലിരിക്കുന്ന ഇരിക്കുന്ന ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, മറ്റു ദുശ്ശീലങ്ങള്‍ എന്നിവയ്ക്ക്  അടിമയാണ്. എന്നാൽ ദൈവത്തോടുകൂടെ നടക്കുന്ന വ്യക്തി അങ്ങനെ അല്ല. ‘ദൈവപുത്രന്‍റെ സ്വരൂപത്തിലേക്ക് മാറ്റപ്പെടുക’ എന്നതാണ് അവന്‍റെ മുഴുവൻ ലക്ഷ്യവും. രണ്ടാമതായി, ഈ ലോകത്തിലെ വിചാരങ്ങൾക്കും ആകുലതകൾക്കും അപ്പുറം, വിശുദ്ധന്മാരെക്കുറിച്ച് പറയുന്നത്, സ്വർഗ്ഗത്തിൽ നിലനിൽക്കുന്ന  ഉത്തമ സമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞ്, സമ്പത്തുകളുടെ അപഹാരവും  സന്തോഷത്തോടെ സഹി ച്ചുവല്ലോ  (എബ്രായർ 10:34) എന്നാണ്. മൂന്നാമതായി, ഈ ലോകത്തിലെ ആകർഷണങ്ങൾക്കപ്പുറം. “യഹോവയിൽ സന്തോഷിക്കുന്നവർക്ക്” ഈ ലോകത്തിന്‍റെ തിളക്കമാർന്ന വിഷയങ്ങൾ എന്തിനാണ്? നാലാമതായി, ഈ ലോകത്തിന്‍റെ അഭിപ്രായങ്ങൾക്കും അംഗീകാരങ്ങൾക്കും അപ്പുറം. ലോകത്തെ ധിക്കരിച്ചുകൊണ്ട് സ്വതന്ത്രമായി ജീവിക്കാൻ നിങ്ങൾ പഠിച്ചിട്ടുണ്ടോ? നിങ്ങള്‍ പൂർണ്ണഹൃദയത്തോടെ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ലോകത്തിന്‍റെ അഭിപ്രായങ്ങളെ നിങ്ങൾ പൂർണ്ണമായും അവഗണിക്കും.

പ്രിയ വായനക്കാരാ, ഈ അദ്ധ്യായത്തിലെ വിഷയങ്ങളെ  അടിസ്ഥാനമാക്കി നിങ്ങൾ സ്വയം വിലയിരുത്താൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരം കണ്ടെത്തുക: ഒഴിവുസമയങ്ങളില്‍ ആദ്യം നിങ്ങളുടെ മനസ്സിലേക്ക് വരുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? നിങ്ങൾ കൂടുതലും എന്തിനെക്കുറിച്ചാണ്  ആലോചിക്കുന്നത്? രണ്ടാമതായി, നിങ്ങൾക്ക് പ്രിയപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഒരു വൈകുന്നേരം അല്ലെങ്കിൽ ഒരു കർതൃദിവസം ഉച്ചതിരിഞ്ഞ് എങ്ങനെ ചിലവഴിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? മൂന്നാമതായി, നിങ്ങൾ എപ്പോഴാണ് കൂടുതൽ വിഷമിക്കുന്നത് – ഈ ലോകത്തിലെ കാര്യങ്ങൾ നഷ്ടപ്പെടുമ്പോൾ ആണോ അല്ലെങ്കിൽ ദൈവവുമായുള്ള കൂട്ടായ്മ നഷ്ടപ്പെടുമ്പോൾ ആണോ? നിങ്ങളെ കൂടുതൽ ദുഃഖിപ്പിക്കുന്നത് എന്താണ്? – നിങ്ങളുടെ പദ്ധതികൾ തകരുമ്പോഴാണോ അതോ നിങ്ങളുടെ ഹൃദയം ക്രിസ്തുവിനോട് നിസ്സംഗത കാണിക്കുമ്പോൾ ആണോ? നാലാമതായി, നിങ്ങളുടെ പ്രിയപ്പെട്ട ചർച്ചാ വിഷയം എന്താണ്? ഇന്നത്തെ വാർത്തകളെക്കുറിച്ച് സംസാരിക്കാനാണോ അതോ ഏറ്റവും അഭിലക്ഷണീയനായ വ്യക്തിയെക്കുറിച്ച് സംസാരിക്കുന്ന ആളുകളെ കാണാനാണോ? അഞ്ചാമതായി, നിങ്ങളുടെ ‘നല്ല ഉദ്ദേശ്യങ്ങൾ’ ഫലവത്താകുന്നുണ്ടോ, അതോ അവ വെറും ദിവാസ്വപ്നങ്ങളായി മാത്രം മാറുന്നുവോ? മുമ്പത്തേക്കാൾ കൂടുതൽ സമയം മുട്ടിന്മേല്‍ നില്‍ക്കാന്‍ ചിലവഴിക്കുന്നുണ്ടോ അതോ കുറച്ചു സമയമാണോ ചിലവഴിക്കുന്നത്? വചനം ഇപ്പോഴും മധുരമുള്ളതാണോ, അതോ നിങ്ങളുടെ ആത്മാവിന് അതിനോടുള്ള രുചി നഷ്ടപ്പെട്ടോ?

 അദ്ധ്യായം എട്ട്  

  തിരുവെഴുത്തുകളും വാഗ്ദാനങ്ങളും

ദൈവജനത്തിന് വേണ്ടിയുള്ള  ദൈവത്തിന്‍റെ  വാഗ്ദാനങ്ങൾ

ദൈവം തന്‍റെ ജനത്തിന് പകർന്നു നൽകാൻ ആഗ്രഹിക്കുന്ന കൃപയെയും സമൃദ്ധിയേയും കുറിച്ചുള്ള അവന്‍റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നവയാണ്‌ ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ. നിത്യത തുടങ്ങി തന്‍റെ ജനത്തെ സ്നേഹിക്കുകയും, സകലവും അവർക്കായി മുൻകൂട്ടി ഒരുക്കുകയും ചെയ്ത ദൈവത്തിന്‍റെ ഹൃദയത്തിന്‍റെ പരസ്യമായ സാക്ഷ്യങ്ങളാണ് ഈ വാഗ്ദാനങ്ങൾ.   ഈ യുഗത്തിലും നിത്യതയിലും അവരുടെ പൂർണ്ണമായ രക്ഷയ്ക്ക് ആവശ്യമായതെല്ലാം ദൈവം തന്‍റെ പുത്രനിലൂടെ  നൽകിയിരിക്കുന്നു.   ഈ വാഗ്ദാനങ്ങളെക്കുറിച്ച് യഥാർത്ഥവും, വ്യക്തവും, ആത്മീയവുമായ അവബോധം നൽകുന്നതിനായി, ആകാശം മനോഹരങ്ങളായ നക്ഷത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നത് പോലെ, ദൈവവചനം ദൈവത്തിന്‍റെ വാഗ്ദാനങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു.   യേശുക്രിസ്തുവിൽ തങ്ങളെക്കുറിച്ചുള്ള ദൈവഹിതം എന്താണെന്ന് മനസ്സിലാക്കി അവനിൽ അഭയം പ്രാപിക്കുവാനും, തങ്ങളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി എല്ലായ്‌പ്പോഴും അവനുമായി കൂട്ടായ്മയിൽ ആയിരിപ്പാനും ഈ വാഗ്ദാനങ്ങൾ തന്‍റെ ജനത്തെ  സഹായിക്കുന്നു.   ദൈവിക വാഗ്ദാനങ്ങൾ, നന്മയെ ഇഷ്ടപ്പെടുന്നതിനും, തിന്മയെ നീക്കം ചെയ്യുന്നതിനുമുള്ള പ്രഖ്യാപനങ്ങൾ ആണ്.   ദൈവത്തിന് തന്‍റെ ജനത്തോടുള്ള സ്നേഹത്തെ വെളിപ്പെടുത്തുകയും വ്യക്തമാക്കുകയും ചെയ്യുന്ന അനുഗ്രഹീത വാക്കുകളാണ് അവ.   ദൈവത്തിന്‍റെ  സ്നേഹത്തിന് മൂന്ന് പടികളുണ്ട്.  ഒന്നാമത്തേത്, സ്നേഹം കാണിക്കുന്നതിലുള്ള അവന്‍റെ ഉദ്ദേശ്യവും  അവസാനത്തേത്, ആ ഉദ്ദേശം യഥാർത്ഥത്തിൽ നിറവേറ്റുക എന്നതുമാണ്;   ഇവ രണ്ടിനുമിടയിൽ, ഈ ഉദ്ദേശ്യം അത്  പ്രാപിക്കുന്നവരെ മുൻകൂട്ടി അറിയിക്കുക വഴി അവൻ തക്കസമയത്ത് കാണിക്കുന്ന സ്നേഹം അവർക്ക് വെളിപ്പെടുത്തുക മാത്രമല്ല, അവന്‍റെ കരുണയുടെ പദ്ധതി മുൻകൂട്ടി അറിയാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു, അങ്ങനെ അവർക്ക് അവന്‍റെ മധുരമായ സ്നേഹത്തിൽ വിശ്രമിക്കാനും അവന്‍റെ ഉറപ്പുള്ള വാഗ്ദാനങ്ങളിൽ സുഖമായി ഉറങ്ങാനും സാധിക്കും.  ഇവിടെ നമുക്ക് ഇങ്ങനെ പറയാൻ കഴിയും, ദൈവമേ, നിന്‍റെ വിചാരങ്ങൾ എനിക്ക് എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയത്!” (സങ്കീർത്തനം 139:17).

ഈ ദൈവീക വാഗ്ദാനങ്ങളെ 2 പത്രോസ് 1:4-ൽ വിലയേറിയതും അതിമഹത്തുമായ വാഗ്ദാനങ്ങൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.   ലണ്ടന്‍ നഗരത്തിന്‍റെ പ്രിയപ്പെട്ട പ്രാസംഗികനായ സ്പർജൻ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു- ‘മൂല്യവും ശ്രേഷ്ഠതയും വളരെ അപൂർവമായി മാത്രമേ ഒന്നിക്കാറുള്ളൂ, എന്നാൽ ഈ പ്രത്യേക അവസരത്തിൽ മാത്രം  അവ ഏറ്റവും ഉയർന്ന അളവിൽ ഒരുമിച്ചാക്കപ്പെട്ടിരിക്കുന്നു.’   യഹോവ തന്‍റെ വായ തുറന്ന് തന്‍റെ ഹൃദയത്തിലുള്ളത് വെളിപ്പെടുത്താന്‍ തയ്യാറാകുമ്പോൾ, അവൻ അത് തന്‍റേതായ രീതിയിൽ ചെയ്യും, പരമോന്നത ശക്തിയിലും ഗാംഭീര്യമുള്ള വാക്കുകളിലും അവൻ അത് പ്രകടിപ്പിക്കും.   സ്പർജൻ അഭിപ്രായപ്പെട്ടു,  ‘അവ (വാഗ്ദാനങ്ങൾ) മഹാനായ ഒരു ദൈവത്താൽ ഘോരമായ പാപികൾക്കുവേണ്ടി നൽകപ്പെട്ടതാണ്,  അവ വലിയ ഫലങ്ങൾ ഉളവാക്കുന്നു, വലിയ കാര്യങ്ങൾ ചെയ്യുന്നു.’   സ്വാഭാവിക ജ്ഞാനത്തിന് അവയുടെ വലിപ്പം ഗ്രഹിക്കാൻ കഴിയും, എന്നാൽ വീണ്ടും ജനിച്ച ഹൃദയത്തിന് മാത്രമേ അവയുടെ അവര്‍ണ്ണനീയമായ മൂല്യം അനുഭവിച്ചറിയുവാൻ കഴിയൂ.   അപ്പോൾ അവർക്കും സങ്കീർത്തനക്കാരനെപ്പോലെ പറയാൻ കഴിയും, തിരുവചനം എന്‍റെ അണ്ണാക്കിന് എത്ര മധുരം! അവ എന്‍റെ വായ്ക്ക് തേനിലും നല്ലത് (സങ്കീർത്തനം 119:103).

  1. വാഗ്ദാനങ്ങൾ ആർക്കുള്ളതാണെന്ന് മനസ്സിലാക്കുമ്പോൾ ആണ് നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നത്

അവ ക്രിസ്തുവിലുള്ളവർക്ക് മാത്രമുള്ളതാണ്. ദൈവത്തിന്‍റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവ അവനിൽ (ക്രിസ്തുവിൽ) ഉവ്വ് എന്നത്രേ... (2 കൊരിന്ത്യർ 1:20). പരിശുദ്ധനായ ദൈവത്തിനും പാപികൾക്കും മദ്ധ്യേ, ദൈവത്തെ തൃപ്തിപ്പെടുത്തിയ ഒരു മധ്യസ്ഥനിലൂടെയല്ലാതെ ഒരു ബന്ധവും ഉണ്ടാകാൻ സാധിക്കില്ല. അതുകൊണ്ട് ക്രിസ്തുവിനെ നിരസിക്കുന്നവർ ദൈവത്തോട് കരുണയ്ക്കു വേണ്ടി യാചിച്ചാലും, ഒരു മരത്തോട് പ്രാർത്ഥിച്ചാലും, രണ്ടും ഒരു പോലെ തന്നെയാണ്.

വാഗ്ദാനങ്ങളും വാഗ്ദത്തം ചെയ്യപ്പെട്ട വിഷയങ്ങളും; ഇവ രണ്ടും കർത്താവായ ക്രിസ്തുവില്‍ ഭരമേൽപ്പിക്കപ്പെടുകയും അവൻ മുഖാന്തരം വിശുദ്ധന്മാർക്ക് നൽകപ്പെടുകയും ചെയ്യുന്നു. ഇതാകുന്നു അവൻ നമുക്ക് തന്ന (ഏറ്റവും മികച്ച) വാഗ്ദത്തം: നിത്യജീവൻ തന്നെ (1 യോഹന്നാൻ 2:25). എന്നാൽ അതേ ലേഖനത്തിൽ, ഈ ജീവൻ അവന്‍റെ  പുത്രനിൽ ഉണ്ട് എന്നുള്ളത് തന്നെ (5:11) എന്ന് എഴുതിയിരിക്കുന്നു. അങ്ങനെയെങ്കില്‍,  ഇപ്പോഴും ക്രിസ്തുവില്‍  ഇല്ലാത്തവർക്ക് ഈ വാഗ്ദാനങ്ങൾ കൊണ്ട് എന്തു പ്രയോജനമാണ് കിട്ടുക? ഒന്നും കിട്ടുന്നില്ല. ക്രിസ്തുവിനു പുറത്തുള്ള മനുഷ്യൻ ദൈവകൃപയ്ക്ക് പുറത്താണ്. അതെ, അവൻ ദൈവകോപത്തിന് കീഴിലാണ്; ദൈവത്തിന്‍റെ ഭീഷണികൾ ആണ് അവനുള്ളത്, വാഗ്ദാനങ്ങളല്ല. ഏറ്റവും ഗൗരവമേറിയ വിഷയമെന്നു പറയുന്നത്, ക്രിസ്തുവില്ലാത്തവർ, “… യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്‍റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരുംക്രിസ്തുവിനോട് ദൂരസ്ഥരും ആണെന്നുള്ളതാണ്” (എഫെസ്യർ 2:12).  “ദൈവത്തിന്‍റെ മക്കൾ മാത്രമാണ് വാഗ്ദത്തത്തിന്‍റെ മക്കൾ (റോമർ 9:8). പ്രിയ വായനക്കാരാ, നിങ്ങളും അവരിൽ ഒരാളാണെന്ന് ഉറപ്പു വരുത്തുക.

അതേസമയം, രക്ഷിക്കപ്പെട്ടവർക്കും രക്ഷിക്കപ്പെടാത്തവർക്കും ഒരുപോലെ  ദൈവിക വാഗ്ദാനങ്ങൾ അശ്രദ്ധയായി പ്രയോഗിക്കുന്ന പ്രസംഗകരുടെ പാപം എത്രയോ വലുതാണ്! അവരുടെ അന്ധത എത്ര ഭയാനകം! അവർ “മക്കളുടെ അപ്പം എടുത്തു നായ്ക്കൾക്ക് ഇട്ടു കൊടുക്കുക” മാത്രമല്ല, ദൈവവചനത്തോട് കൂട്ടു ചേർത്ത്” പഠിപ്പിക്കുകയും ചെയ്യുന്നു (2 കൊരിന്ത്യർ 4:2), അതുവഴി അനേകരെ വഞ്ചിക്കുന്നു. അവരുടെ വാക്കുകൾ ശ്രദ്ധിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവരുടെ കുറ്റവും കുറഞ്ഞതല്ല. കാരണം, തിരുവെഴുത്തുകളിലെ സത്യങ്ങൾ സ്വയം അന്വേഷിച്ചു കണ്ടെത്തുവാനും, തങ്ങള്‍ വായിക്കുന്നതോ കേൾക്കുന്നതോ ആയ കാര്യങ്ങൾ പ്രത്യേക പ്രമാണങ്ങൾക്ക് അനുസരിച്ചാണോ അല്ലയോ എന്ന് പരിശോധിക്കുവാനുമുള്ള ഉത്തരവാദിത്തം ദൈവം അവരെ തന്നെയാണ് ഏല്പിച്ചിരിക്കുന്നത്. അവർ അത് ചെയ്യാൻ മടി കാണിച്ച്, തങ്ങളുടെ വഴികാട്ടികളെ അന്ധമായി പിന്തുടര്‍ന്നാല്‍ അവരുടെ   രക്തത്തിന് അവർ തന്നെ ഉത്തരവാദികളായിരിക്കും. സത്യത്തെ “വാങ്ങുകയാണ്” വേണ്ടത്  (സദൃശവാക്യങ്ങൾ 23:23), അതിനെ വില കൊടുത്തു വാങ്ങാത്തവർ വെറുംകൈയോടെ മടങ്ങി പോകുകയേ ഉള്ളൂ.

  1. ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ അവകാശമാക്കാൻ നാം പരിശ്രമിക്കുമ്പോൾ വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നു

ഇത് ചെയ്യുന്നതിന്, ആദ്യമായി വാഗ്ദാനങ്ങളുമായി പരിചയത്തിലാകുവാൻ ശ്രമം നടത്തേണ്ടതുണ്ട്. വാഗ്ദാനങ്ങൾ വിശുദ്ധന്മാരുടെ നിധിയാണെന്നും അവരുടെ അവകാശം ആ വാഗ്ദാനങ്ങളിലാണെന്നും അവർക്കറിയാമെങ്കിലും, തിരുവെഴുത്തുകളിൽ ഇനിയും അവർക്ക് അറിയില്ലാത്ത നിരവധി വാഗ്ദാനങ്ങൾ ഉണ്ടെന്നുള്ളത് ആശ്ചര്യകരമാണ്. ക്രിസ്ത്യാനികൾ ഇതിനകം തന്നെ അത്ഭുതകരമായ നിലയിൽ അനുഗ്രഹിക്കപ്പെട്ടവരാണ്, എന്നിരുന്നാലും അവരുടെ മൂലധനവും, അവരുടെ സമ്പത്തിന്‍റെ സിംഹഭാഗവും, വരുവാനിരിക്കുന്ന നിത്യതയിൽ ആണ് ലഭിക്കാൻ പോകുന്നത്. അവർ  ഇപ്പോൾ തന്നെ ആത്മാവ് എന്ന ‘അച്ചാരം’ പ്രാപിച്ചവരാണ് (2 കൊരിന്ത്യർ 1:22), എന്നാൽ ക്രിസ്തു അവർക്കായി വാങ്ങിയതിന്‍റെ ഏറ്റവും നല്ല ഭാഗം ഇപ്പോഴും ദൈവത്തിന്‍റെ വാഗ്ദാനങ്ങളിൽ ഉറങ്ങിക്കിടക്കുകയാണ്. അപ്പോൾ, അവന്‍റെ വാഗ്ദാനങ്ങളിൽ വെളിപ്പെടുത്തിയിരിക്കുന്ന അവന്‍റെ ഇഷ്ടം വിവേചിക്കുന്നതിലും, “ആത്മാവിനാൽ വെളിപ്പെടുത്തപ്പെട്ട” നല്ല കാര്യങ്ങൾ മനസ്സിലാക്കുന്നതിലും (1 കൊരിന്ത്യർ 2:10), അവരുടെ ആത്മീയ നിധിയുടെ ഒരു പട്ടിക തയ്യാറാക്കുന്നതിലും അവർ എത്രമാത്രം ഉണർന്ന് ഇരിക്കണം!

നിത്യ ഉടമ്പടിയിലൂടെ എനിക്ക് വേണ്ടി എന്താണ് ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് അറിയാൻ മാത്രമല്ല, എന്‍റെ മനസ്സിൽ അവയെക്കുറിച്ച് കൂടെക്കൂടെ അയവിറക്കാനും, ആ വാഗ്ദാനങ്ങളെക്കുറിച്ച് ധ്യാനിക്കാനും, അവയുടെ ആത്മീയ അർത്ഥം എനിക്ക് വെളിപ്പെടുത്തി തരാൻ കർത്താവിനോട് നിലവിളിക്കാനും വേണ്ടി ഞാൻ തിരുവെഴുത്തുകൾ പരിശോധിക്കണം. പൂക്കളെ സൂക്ഷിച്ച് നോക്കിയതുകൊണ്ട് മാത്രം തേനീച്ചക്ക് പൂക്കളിൽ നിന്ന് തേൻ എടുക്കാൻ കഴിയില്ല. അതുപോലെ, ഒരു ക്രിസ്ത്യാനിക്ക്  വാഗ്ദാനങ്ങളിൽ നിന്ന് യഥാർത്ഥ ആശ്വാസവും ധൈര്യവും പ്രാപിക്കണമെങ്കിൽ,  വിശ്വാസത്താൽ അവൻ അവയെ സ്വായത്തമാക്കുകയും, മനസ്സിനെ അവയിൽ തന്നെ ഉറപ്പിച്ചു നിർത്തുകയും വേണം. അലസന്മാരുടെ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താമെന്ന് ദൈവം ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല, എന്നാൽ “ഉത്സാഹികളുടെ പ്രാണനോ പുഷ്‍ടിയുണ്ടാകും(സദൃശവാക്യങ്ങൾ 13:4) എന്ന് അവന്‍ പ്രഖ്യാപിച്ചു. അതുകൊണ്ടാണ് ക്രിസ്തു യോഹന്നാൻ 6:27-ൽ ഇങ്ങനെ പറഞ്ഞത്, "നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്കു നിലനിൽക്കുന്ന ആഹാരത്തിനായി തന്നെ പ്രവർത്തിപ്പിൻ". വാഗ്ദാനങ്ങൾ നാം മനസ്സിൽ സൂക്ഷിച്ചാൽ, നമുക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് പരിശുദ്ധാത്മാവ് അവയെ നമ്മുടെ ഓർമ്മയിലേക്ക് കൊണ്ടുവരും.

  1. ദൈവത്തിന്‍റെ വാഗ്ദാനങ്ങളുടെ അനുഗ്രഹീത ഉദ്ദേശ്യം എന്താണെന്ന് നാം തിരിച്ചറിയുമ്പോൾ ആണ് വചനത്തിൽ നിന്ന് പ്രയോജനം നേടുന്നത്.

ദൈനംദിന ജീവിതത്തില്‍ ഇത് ഒരു സാധാരണ വിഷയമാണ് എന്ന കപട മനോഭാവം ചില ക്രിസ്ത്യാനികളെ ഭക്തിജീവിതം ആഗ്രഹിക്കുന്നതിൽ നിന്നും തടയുന്നു. അവർ അതിനെ വാസ്തവമായ ഒരു വിഷയമായി കാണാതെ, അസാധാരണമായ, സാങ്കൽപ്പികമായ, പ്രകൃത്യാതീതമായ വിഷയമായാണ് കാണുന്നത്. ആത്മീയ കാര്യങ്ങൾക്കും, വരുവാനിരിക്കുന്ന ജീവിതത്തിനും വേണ്ടി ആണ് അവർ ദൈവത്തിൽ ആശ്രയിക്കുന്നത്; എന്നാൽ യഥാർത്ഥ ദൈവഭക്തി ഇപ്പോഴത്തെ ജീവന്‍റെയും വരുവാനിരിക്കുന്നതിന്‍റെയും വാഗ്ദത്തമുള്ളതാകയാൽ  സകലത്തിനും പ്രയോജനകരമാകുന്നു (1 തിമോത്തി 4:8) എന്ന വസ്തുത അവർ പൂർണ്ണമായും മറക്കുന്നു. ദൈനംദിന ജീവിതത്തിലെ ചെറിയ ചെറിയ   വിഷയങ്ങളെക്കുറിച്ചു പ്രാർത്ഥിക്കുമ്പോൾ അവർ ഏതോ തെറ്റ് ചെയ്തതായി അവർക്ക് തോന്നുന്നു. അവരുടെ വിശ്വാസത്തിന്‍റെ  ആധികാരികതയെ ചോദ്യം ചെയ്യാൻ ഞാൻ ഈ ചെറിയ കാര്യം ചോദിക്കാൻ ധൈര്യപ്പെട്ടാൽ അവർ ഞെട്ടിപ്പോകും. ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങൾക്ക് ഈ വിശ്വാസം സഹായകരമാകുന്നില്ലെങ്കിൽ, മരണത്തോളം വലിയ പരീക്ഷകളിൽ അത് എങ്ങനെയാണ് സഹായകരമാകുന്നത്? (സി.എച്ച്.സ്പർജൻ)

ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്‍റെയും വരുവാനിരിക്കുന്നതിന്‍റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിനും പ്രയോജനകരമാകുന്നു” (1 തിമൊഥെയൊസ് 4:8). പ്രിയ വായനക്കാരാ, ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ എല്ലാ വിഷങ്ങള്‍ക്കും, എല്ലാ സാഹചര്യങ്ങള്‍ക്കും പര്യാപ്തമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതോ പഴയനിയമ വാഗ്ദാനങ്ങൾ യഹൂദന്മാർക്ക് മാത്രമുള്ളതാണെന്നും “നമ്മുടെ വാഗ്ദാനങ്ങൾ” ഭൗതിക അനുഗ്രഹങ്ങൾക്ക് വേണ്ടിയല്ല, ആത്മീയ അനുഗ്രഹങ്ങൾക്ക് മാത്രമാണെന്നും പറഞ്ഞു കൊണ്ട് ‘യുഗാന്തര ശാസ്ത്ര വാദികള്‍’ (Dispensationalists) ആരെങ്കിലും നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ? എത്രയോ ക്രിസ്ത്യാനികളാണ് എബ്രായർ   13:5-ൽ ആശ്വാസം കണ്ടെത്തുന്നത്? ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന വാക്കുകൾ യോശുവ 1:5 -ൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു! അതുപോലെ, 2 കൊരിന്ത്യർ 7:1-ൽ നമുക്ക് ഈ വാഗ്ദാനങ്ങൾ ഉണ്ട് എന്ന് പറയുന്നു. അവയിലൊന്ന് ലേവ്യപുസ്തകം 6:18-ൽ നിന്നും എടുത്തിട്ടുള്ളതാണ്.

ഒരുപക്ഷേ ചിലർ ചോദിച്ചേക്കാം, ‘ഇതിന് അവസാനം എവിടെയാണ്’, പഴയനിയമത്തിലെ ഏത് വാഗ്ദാനമാണ് എനിക്ക് അനുയോജ്യം? എന്നൊക്ക. മറുപടിയായി, സങ്കീർത്തനം 84:11 പറയുന്നു, “...നേരോടെ നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല.” നിങ്ങൾ യഥാർത്ഥത്തിൽ ‘നേരോടെ’ യാണ് നടക്കുന്നത് എങ്കിൽ, ആ അനുഗ്രഹീത വാഗ്ദാനത്തിന് നിങ്ങൾ അർഹനാണ്; അപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള ‘ഏതുനന്മയും’ അവൻ ചെയ്യുമെന്ന് കർത്താവിൽ ആശ്രയിക്കാൻ നിങ്ങൾ യോഗ്യനാണ്. ദൈവം നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ക്രിസ്തു യേശുവിൽ തീർത്തുതരും (ഫിലിപ്പിയർ 4:19). നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തിന് അനുയോജ്യമായ ഒരു വാഗ്ദത്തം ദൈവവചനത്തിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ, നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് അതിനെ സ്വായത്തമാക്കുക. പിതാവിന്‍റെ വാഗ്ദാനങ്ങള്‍ നിങ്ങളുടെ അടുക്കല്‍ എത്താത്തവിധം തടയുന്ന സാത്താന്‍റെ ഓരോ പ്രയത്നങ്ങളെയും ധൈര്യത്തോടെ എതിര്‍ക്കുക.

  1. ദൈവവചനത്തിലെ വാഗ്ദാനങ്ങളെ വിവേചിച്ചറിയാൻ കഴിയുമ്പോൾ മാത്രമാണ് നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നത്.

കർത്താവിന്‍റെ ജനത്തിൽ പലരും തങ്ങൾക്കല്ലാതെ മറ്റുള്ളവർക്ക് ബാധകമായിരിക്കുന്ന വാഗ്ദാനങ്ങൾ തങ്ങൾക്കായി സ്വയം പ്രയോഗിക്കുന്നു. തിരഞ്ഞെടുക്കപ്പട്ട്, വീണ്ടെടുക്കപ്പെട്ടവരുടെ വിഷയത്തിൽ കർത്താവായ യേശുക്രിസ്തുവിനോട് ചെയ്തിട്ടുള്ള ചില വാഗ്ദാന ഉടമ്പടികള്‍ നിരുപാധികമാണെന്ന് ഞാൻ വിശ്വസിക്കുന്നു; എന്നിരുന്നാലും, ചില വാഗ്ദാനങ്ങളിലെ അനുഗ്രഹങ്ങൾ, അവയോട് ചേർത്തുവച്ചിട്ടുള്ള വ്യവസ്ഥകൾ നാം പാലിച്ചാൽ മാത്രമേ നിറവേറുകയുള്ളൂ. അവൻ വാഗ്ദത്തം ചെയ്ത കാര്യങ്ങൾ നിറവേറുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുക മാത്രമാണ് നാം ചെയ്യേണ്ടത്. വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നാം പാലിച്ചാൽ മാത്രമേ ആ വാഗ്ദാനങ്ങൾ നമ്മുടെ വിഷയത്തിൽ നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കാൻ കഴിയൂ.

ദൈവത്തിന്‍റെ വാഗ്ദാനങ്ങളിൽ ഏറിയപങ്കും ചില പ്രത്യേക ലക്ഷണങ്ങളുള്ളവരെ ഉദ്ദേശിച്ചാണ് നൽകപ്പെട്ടിട്ടുള്ളത്. ഉദാഹരണത്തിന്: സങ്കീർത്തനം 25:9-ൽ കർത്താവ്  സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്‍റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു” എന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ ഞാൻ അവനുമായി കൂട്ടായ്മയിലല്ലെങ്കിൽ, എന്‍റെ സ്വന്തം ഇഷ്ടമാണ് പിന്തുടരുന്നതെങ്കില്‍, എന്‍റെ ഹൃദയം അഹങ്കാരത്താൽ നിറഞ്ഞിട്ടുണ്ടെങ്കി‍ൽ, ഈ വാക്യം നൽകുന്ന ആശ്വാസത്തിന് ഞാൻ യോഗ്യനല്ല. അതുപോലെ, യോഹന്നാൻ 15:7-ൽ കർത്താവ് പറഞ്ഞു, നിങ്ങൾ എന്നിലും എന്‍റെ വചനങ്ങൾ നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ അത് നിങ്ങൾക്ക് കിട്ടും.എന്നാൽ എനിക്ക് അവനുമായി ഒരു അനുഭവപരമായ കൂട്ടായ്മ ഇല്ലെങ്കിൽ, അവന്‍റെ കല്പനകൾക്കനുസൃതമായി ഞാൻ എന്‍റെ  ജീവിതത്തെ ക്രമീകരിക്കുന്നില്ലെങ്കിൽ, എന്‍റെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കില്ല. എന്നാൽ ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ അവന്‍റെ സൗജന്യ കൃപയാൽ മാത്രം നൽകപ്പെട്ടതാണെങ്കിലും, കൃപ നീതിയാൽ വാഴുന്നു (റോമർ 5:21) എന്ന് നാം എപ്പോഴും ഓർമ്മിക്കേണ്ടതാണ്. മാത്രമല്ല, ദൈവത്തിന്‍റെ കൃപ ഒരിക്കലും മനുഷ്യന്‍റെ ഉത്തരവാദിത്തത്തിന്  ഒഴികഴിവല്ല. ആരോഗ്യത്തെ സംബന്ധിക്കുന്ന പ്രമാണങ്ങൾ ഞാൻ അവഗണിച്ചാൽ, അനാരോഗ്യം ദൈവത്തിന്‍റെ ലൌകീക അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിൽ നിന്ന് എന്നെ തടയും; അതുപോലെ, ദൈവത്തിന്‍റെ നിർദ്ദേശങ്ങൾ ഞാൻ അവഗണിച്ചാൽ, ദൈവത്തിന്‍റെ  വാഗ്ദാനങ്ങളുടെ നിവൃത്തി ലഭിക്കാത്തതിന് ഞാൻ എന്നെത്തന്നെയാണ് നിന്ദിക്കേണ്ടത്.

 തന്‍റെ വിശുദ്ധിയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ഉപേക്ഷിക്കുന്ന വിധത്തില്‍ ദൈവം തന്‍റെ വാഗ്ദാനങ്ങള്‍ മൂലം തന്നെത്താൻ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് ആരും കരുതരുത്: അവൻ ഒരിക്കലും തന്‍റെ പൂർണതകളിൽ ഏതിനെയെങ്കിലും ഒന്നിനെ മറ്റൊന്നിനു വേണ്ടി  ഉപേക്ഷിക്കുന്നില്ല. അനുതപിക്കാത്തവർക്കും ശ്രദ്ധയില്ലാത്തവർക്കും ദൈവം തന്‍റെ രക്ഷയുടെ ഫലങ്ങൾ നൽകുകയാണെങ്കിൽ, ക്രിസ്തുവിന്‍റെ  ത്യാഗപരമായ പ്രവൃത്തി കൂടുതൽ ഗംഭീരമായി ചിത്രീകരിക്കപ്പെടുമെന്ന് ആരും കരുതരുത്. ഇവിടെ സത്യത്തിന്‍റെ സന്തുലിതാവസ്ഥ സംരക്ഷിച്ചു നിർത്തേണ്ട ആവശ്യം ഉണ്ട്; അയ്യോ, ഇക്കാലത്ത് ആ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നത് നാം എത്രയോ തവണ കാണുന്നു; ദൈവത്തിന്‍റെ കൃപയില്‍  പ്രശംസിക്കുന്നു എന്ന പേരിൽ മനുഷ്യർ അതിനെ “ദുഷ്കാമവൃത്തിക്ക് ഹേതുവാക്കിമാറ്റുന്നു (യൂദാ 4). കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കും (സങ്കീർത്തനം 50:15) എന്ന വാക്യം നാം എത്രയോ തവണ കേൾക്കുന്നു. എന്നാൽ അതിനു മുമ്പുള്ള വാക്യത്തിൽ എഴുതിയിരിക്കുന്ന അത്യുന്നതന് നിങ്ങളുടെ നേർച്ചകൾ കഴിക്കുക” എന്ന ഈ വാക്യം വളരെ അപൂർവമായി മാത്രമേ നാം കേൾക്കാറുള്ളൂ. ഞാൻ നിന്‍റെ മേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും (സങ്കീർത്തനം 32:8) എന്ന വാക്കുകൾ നാം പല തവണ കേൾക്കുന്നു. എന്നാൽ ഈ വാക്യത്തിന്‍റെ സന്ദർഭം നാം പലപ്പോഴും മറക്കുന്നു! ഈ വാഗ്ദാനം യഹോവയുടെ മുമ്പാകെ തങ്ങളുടെ “ലംഘനങ്ങൾ” ഏറ്റുപറയുന്നവർക്കു മാത്രമുള്ളതാണ് (സങ്കീർത്തനം 32:8). എന്നിൽ ഏറ്റുപറയാത്ത ഏതെങ്കിലും ലംഘനം ഉണ്ടെങ്കിൽ, അല്ലെങ്കിൽ ഞാൻ ദൈവത്തിനു പകരം മനുഷ്യനിൽ ആശ്രയിക്കുന്നവനാണെങ്കിൽ (സങ്കീർത്തനം 62:5), എന്നെ ഉപദേശിക്കാനും നയിക്കാനും തക്കവണ്ണം എന്‍റെ മേൽ ദൃഷ്ടി വയ്ക്കാൻ അവന് എങ്ങനെയാണ് കഴിയുക? അവനുമായുള്ള കൂട്ടായ്മയിൽ ആയിരിക്കുമ്പോൾ മാത്രമേ ഈ വാഗ്ദാനം എന്നിൽ നിറവേറ്റപ്പെടുകയുള്ളൂ. കാരണം, ഞാൻ അവനിൽ നിന്ന് അകലെയായിരിക്കുമ്പോൾ എന്നെ വഴിനടത്തുന്ന അവന്‍റെ  കണ്ണുകളെ എനിക്ക് എങ്ങനെ ആണ് കാണാൻ കഴിയുക?

  1. ദൈവത്തിന്‍റെ വാഗ്ദാനങ്ങളെ ഒരു ഉറപ്പായ സങ്കേതമാക്കാൻ കഴിയുമ്പോൾ ആണ് നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നത്.

ദൈവം തന്‍റെ വാഗ്ദാനങ്ങൾ നമുക്ക് നൽകുന്നത്, അവന്‍റെ കൃപയോടുകൂടിയ പദ്ധതി നമുക്കു വെളിപ്പെടുത്തുന്നതിലൂടെ അവന്‍റെ സ്നേഹം പ്രകടിപ്പിക്കുന്നതിന് മാത്രമല്ല, നമ്മുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കാനും നമ്മുടെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്താനും കൂടിയാണ്. ദൈവത്തിന് വേണമെങ്കിൽ, യാതൊരു വാഗ്ദാനവുമില്ലാതെ, ഒരു സൂചനയും നല്കാതെ, അവൻ ആഗ്രഹിച്ചതെല്ലാം നമുക്ക് നൽകാമായിരുന്നു. അങ്ങനെ ചെയ്‌തിരുന്നെങ്കിൽ നാം വിശ്വാസികളാകുമായിരുന്നില്ല; വാഗ്ദാനമില്ലാത്ത വിശ്വാസം നിൽക്കാൻ സ്ഥലമില്ലാത്ത കാലു പോലെയാണ്. നമ്മുടെ കാരുണ്യവാനായ പിതാവ് തന്‍റെ അനുഗ്രഹങ്ങൾ നാം ഇരട്ടിയായി അനുഭവിക്കണമെന്നാണ്  ആഗ്രഹിക്കുന്നത്: ആദ്യം വിശ്വാസത്താലും പിന്നീട് ഫലപ്രാപ്തിയിലും. ഇങ്ങനെ ചെയ്യുന്നതിലൂടെ, അവൻ നമ്മുടെ ഹൃദയങ്ങളെ ലൗകിക വിഷയങ്ങളിൽ നിന്ന് ആത്മീയ വിഷയങ്ങളിലേക്കും, നശ്വരമായ കാര്യങ്ങളിൽ നിന്ന് നിത്യമായ കാര്യങ്ങളിലേക്കും തിരിക്കുന്നു.

ഒരുപക്ഷേ വാഗ്ദാനങ്ങളേ ഇല്ലായിരുന്നുവെങ്കിൽ, വിശ്വാസത്തോടൊപ്പം പ്രത്യാശയും ഉണ്ടാകുമായിരുന്നില്ല. ദൈവം നമുക്ക് നൽകുമെന്ന് പ്രഖ്യാപിച്ച വിഷയങ്ങളുടെ യാഥാർത്ഥ രൂപമാണ് പ്രത്യാശ. വിശ്വാസം വാഗ്ദാനത്തിലേക്ക് നോക്കുന്നു, എന്നാൽ പ്രത്യാശ അതിന്‍റെ  നിവർത്തീകരണത്തിലേയ്ക്കാണ് നോക്കുന്നത്. അബ്രഹാമിനെക്കുറിച്ച് ഇങ്ങനെ പറയപ്പെട്ടു: “നിന്‍റെ സന്തതി ഇവ്വണ്ണം ആകും എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്ന് അവൻ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു. അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്‍റെ ശരീരം നിർജ്ജീവമായിപ്പോയതും സാറായുടെ ഗർഭപാത്രത്തിന്‍റെ  നിർജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.  ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിനു മഹത്വം കൊടുത്തു” (റോമർ 4:18-20). മോശയുടെ കാര്യത്തിലും നാം ഇതുതന്നെ കാണുന്നു. പ്രതിഫലം നോക്കിയതുകൊണ്ട് ഫറവോന്‍റെ പുത്രിയുടെ മകന്‍ എന്നു വിളിക്കപ്പെടുന്നത് നിരസിക്കയും, മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്‍റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു” (എബ്രായർ 11: 25,26). പൗലോസിന്‍റെ  കാര്യത്തിലും നമുക്ക് ഇതുതന്നെ കാണാം. അദ്ദേഹം പറഞ്ഞു, “ദൈവദൂതൻ പറഞ്ഞതുപോലെ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” (പ്രവൃത്തികൾ 27:25). പ്രിയ വായനക്കാരാ, നിങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണോ? നുണ പറയാൻ കഴിയാത്ത ദൈവത്തിന്‍റെ വാഗ്ദാനങ്ങളിൽ ആണോ നിങ്ങളുടെ എളിമയുള്ള ഹൃദയം വിശ്രമസ്ഥാനം കണ്ടെത്തുന്നത്?

  1. ദൈവത്തിന്‍റെ വാഗ്ദാനങ്ങളുടെ നിവൃത്തിക്കായി ക്ഷമയോടെ കാത്തിരിക്കാൻ കഴിഞ്ഞാൽ നമുക്ക് വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകാം.

ദൈവം അബ്രഹാമിന് ഒരു മകനെ വാഗ്ദാനം ചെയ്തു, പക്ഷേ അതിന്‍റെ  നിവർത്തിക്കായി അവൻ വർഷങ്ങളോളം കാത്തിരുന്നു. ശിമയോൻ, കർത്താവിന്‍റെ ക്രിസ്തുവിനെ കാണും മുമ്പേ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ഉണ്ടായിരുന്നു” (ലൂക്കൊസ് 2:26). എന്നിട്ടും അദ്ദേഹം മരണത്തിന്‍റെ വക്കിലെത്തിയപ്പോൾ ആണ് അത് നിറവേറിയത്. പ്രാർത്ഥന എന്ന വിത്ത് വിതയ്ക്കുന്ന സമയത്തിനും അതിന് ഉത്തരം എന്ന കൊയ്ത്ത് കൊയ്യുന്ന കാലത്തിനും ഇടയിൽ ഒരു നീണ്ട, കഠിനമായ ശൈത്യകാലമുണ്ട്. കർത്താവായ യേശു തന്നെ ആയിരത്തി തൊള്ളായിരം (ഇപ്പോൾ രണ്ടായിരം) വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രാർത്ഥനയ്ക്ക് (യോഹന്നാൻ 17) ഇതുവരെ പൂർണ്ണമായ ഉത്തരം ലഭിച്ചിട്ടില്ല. തന്‍റെ ജനത്തിനായുള്ള ദൈവത്തിന്‍റെ ഏറ്റവും ശ്രേഷ്ഠമായ വാഗ്ദാനങ്ങൾ അവർ മഹത്വീകരിക്കപ്പെടുന്നതുവരെ നിറവേറുകയില്ല. നിത്യത മുഴുവൻ തങ്ങളുടെ കൈവശമുള്ളവർ തിടുക്കം കൂട്ടേണ്ടതില്ലല്ലോ. “സ്ഥിരതയ്ക്ക് (patience) തികഞ്ഞ പ്രവർത്തിയുണ്ടാകുവാന്‍” ചിലപ്പോൾ ദൈവം നമ്മെ വാഗ്ദാനത്തിന്‍റെ നിവർത്തിക്കായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, നമുക്ക് അവനെ സംശയിക്കാതെ ഇരിക്കാന്‍ ശ്രമിക്കാം. ദർശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല” (ഹബക്കൂക് 2:3).

ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ട് അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്ന് ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു” (എബ്രായർ 11:13). ഇവിടെ വിശ്വാസത്തിന്‍റെ പൂർണ്ണമായ പ്രവൃത്തിയെ ഇങ്ങനെ വിവരിച്ചിരിക്കുന്നു: അറിവ്, വിശ്വാസം, സ്നേഹത്തോടെയുള്ള അനുസരണം. ഈ വാക്യത്തിൽ, "ദൂരെ നിന്ന് കണ്ട്" എന്ന പ്രയോഗം വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങളെ സൂചിപ്പിക്കുന്നു. അവർ അവയെ ‘നിഴലുകൾക്ക് പിന്നിലെ യാഥാർത്ഥ്യം’ ആയി മനസ്സിലാക്കുകയും അവയിൽ ദൈവത്തിന്‍റെ  ജ്ഞാനവും നന്മയും കണ്ടെത്തുകയും ചെയ്തു. ഈ വാഗ്ദാനങ്ങൾ ഒരിക്കലും അവരെ നിരാശപ്പെടുത്തില്ലെന്ന് ബോദ്ധ്യപ്പെടുകയും, സംശയിക്കാതെ അവയിൽ തങ്ങളും പങ്കുകാരാകുമെന്ന് വിശ്വസിക്കുകയും ചെയ്തു. “അഭിവന്ദിച്ചും” എന്നാല്‍ അവര്‍ തങ്ങളുടെ സന്തോഷവും ബഹുമാനവും വ്യക്തമാക്കി എന്നര്‍ത്ഥം. അവരുടെ ഹൃദയങ്ങൾ ആ വാഗ്ദാനങ്ങളോട് സ്നേഹപൂർവ്വം ഐക്യപ്പെടുകയും അവയ്ക്ക് സന്തോഷത്തോടെ ആതിഥ്യം നല്‍കുകയും ചെയ്തു. അവരുടെ യാത്രകളിലും, പരീക്ഷകളിലും, കഷ്ടപ്പാടുകളിലും ഈ വാഗ്ദാനങ്ങൾ ആണ് അവർക്ക് ആശ്വാസമായത്.

വാഗ്ദാനങ്ങളുടെ പൂർത്തീകരണം താമസിപ്പിക്കുന്നതിലൂടെ ദൈവം തന്‍റെ  നിരവധി ലക്ഷ്യങ്ങൾ നിറവേറ്റുന്നു. അത് അവരുടെ വിശ്വാസം  നിഷ്ക്കളങ്കമാണെന്ന് സ്പഷ്ടമായി തെളിയിക്കുന്നതിന് വിശ്വാസത്തെ പരീക്ഷിക്കുക മാത്രമല്ല; ക്ഷമ വളർത്തുകയും, പ്രത്യാശ പരിശീലിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു; എന്നു മാത്രമല്ല ദൈവഹിതത്തിന് കീഴടങ്ങി ഇരിക്കാൻ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. “ലോകത്തിൽ നിന്ന് വിടുവിക്കപ്പെടുന്ന പ്രക്രിയ ഇനിയും നമ്മിൽ പൂർത്തിയായിട്ടില്ല; നാം ഉപേക്ഷിക്കണമെന്ന് കര്‍ത്താവ് ആവശ്യപ്പെടുന്ന സുഖഭോഗങ്ങൾ നാം ഇപ്പോഴും പിന്തുടരുകയാണ്. തന്‍റെ മകനായ യിസ്ഹാക്കിന് മുലകുടി മാറിയപ്പോൾ അബ്രഹാം ഒരു വലിയ വിരുന്ന് ഒരുക്കി; നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് നമ്മോടും അങ്ങനെതന്നെയാവും ചെയ്യുക. ഗർവ്വമുള്ള ഹൃദയങ്ങളേ‌, കീഴടങ്ങുക. നിങ്ങളുടെ വിഗ്രഹങ്ങളെ ഉപേക്ഷിക്കുക, നിങ്ങളുടെ അനുരാഗങ്ങൾ ഉപേക്ഷിക്കുക, അപ്പോൾ വാഗ്ദാനം ചെയ്യപ്പെട്ട ആ സമാധാനം നിങ്ങള്‍ക്ക് ലഭിക്കും” (സി. എച്ച്. സ്പർജൻ).

  1. വാഗ്ദാനങ്ങൾ ശരിയാംവണ്ണം ഉപയോഗിക്കാൻ കഴിഞ്ഞാൽ നമുക്ക് വചനത്തിൽ നിന്ന് പ്രയോജനം നേടാം

ഒന്നാമതായി, ദൈവവുമായുള്ള നമ്മുടെ ഇടപാടുകളിൽ, അവന്‍റെ  കൃപാസനത്തെ നാം സമീപിക്കുന്നത് അവന്‍റെ വാഗ്ദാനങ്ങളെ  അടിസ്ഥാനമാക്കി അവനോട് അപേക്ഷിക്കുന്നതിനായിരിക്കണം. അവ നമ്മുടെ വിശ്വാസം നിലകൊള്ളുന്ന അടിത്തറയായി മാത്രമല്ല, നമ്മുടെ അപേക്ഷകളുടെ സാരാംശവുമായിരിക്കണം. അവന്‍റെ ഇഷ്ടപ്രകാരം നാം ചോദിച്ചാൽ, അവൻ നമ്മുടെ പ്രാർത്ഥന കേൾക്കും. അവൻ നമ്മുടെമേൽ പകരുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന ശ്രേഷ്ടമായ വിഷയങ്ങളിൽ അവന്‍റെ  ഇഷ്ടമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ, അവൻ നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ നാം മുറുകെ പിടിക്കുകയും അവ അവന്‍റെ  മുമ്പാകെ വയ്ക്കുകയും ചെയ്തു കൊണ്ട് “നിന്‍റെ വചനത്തെ ഉറപ്പിക്കേണമേ” (2 ശമുവേൽ 7:25) എന്ന് പ്രാർത്ഥിക്കുകയും വേണം. ഉല്പത്തി 32:12-ൽ തനിക്ക് നൽകിയ വാഗ്ദാനത്തിനായി യാക്കോബ് എങ്ങനെ അപേക്ഷിച്ചുവെന്ന് ശ്രദ്ധിക്കുക; പുറപ്പാട് 32:12-ൽ മോശയും അങ്ങനെ തന്നെ ചെയ്തു. സങ്കീർത്തനം 119:58-ൽ സങ്കീർത്തനക്കാരനും,    1 രാജാക്കന്മാർ 18:25-ൽ ശലോമോനും അങ്ങനെ തന്നെ ചെയ്തു.  പ്രിയ വായനക്കാരാ, നിങ്ങളും അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്.

രണ്ടാമതായി, ഈ ലോകത്തിലെ നമ്മുടെ ജീവിതത്തിൽ, വിശ്വാസ വീരന്മാർ ദൈവിക വാഗ്ദാനങ്ങൾ പരിശോധിക്കുകയും വിശ്വസിക്കുകയും അഭിവാദ്യം ചെയ്യുകയും മാത്രമല്ല, അവ അവരെ എങ്ങനെ സ്വാധീനിച്ചുവെന്നും, എബ്രായർ 11:13 നമ്മോട് പറയുന്നു. “അവർ ഭൂമിയിൽ അന്യരും പരദേശികളും ആയിരുന്നു എന്ന് ഏറ്റു പറഞ്ഞു”, അതായത് അവർ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പരസ്യമായ പ്രഖ്യാപനം നടത്തി എന്നാണ് ഇതിനർത്ഥം. ഈ ലോകത്തിലെ കാര്യങ്ങളിൽ തങ്ങള്‍ക്ക് താൽപ്പര്യമില്ലെന്ന് അവർ ഏറ്റു പറയുകയും, അവരുടെ പെരുമാറ്റത്തിലൂടെ അവർ അത് തെളിയിക്കുകയും ചെയ്തു; അവർ അവകാശമാക്കിയ വാഗ്ദാനങ്ങളിൽ അവർക്ക് പങ്ക് ലഭിച്ചു. അവരുടെ ഹൃദയം ഉയരത്തിലുള്ള കാര്യങ്ങളിലാണ് കേന്ദ്രീകരിച്ചിരുന്നത്. “നിന്‍റെ നിക്ഷേപം ഉള്ളേടത്ത്  നിന്‍റെ ഹൃദയവും ഇരിക്കും ” (മത്തായി 6:21).

പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്ക് ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക” (2 കൊരിന്ത്യർ 7:1); വാഗ്ദാനങ്ങൾ നമ്മിൽ അങ്ങനെയുള്ള സ്വാധീനമാണ് ചെലുത്തേണ്ടത്, നമ്മൾ വിശ്വസിക്കുന്നുവെങ്കിൽ അങ്ങനെ സംഭവിക്കും അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു” (2 പത്രൊസ് 1:4). ഈ സുവിശേഷവും അതിലെ വിലയേറിയ വാഗ്ദാനങ്ങളും ധാരാളമായും ശക്തമായും ചൊരിയപ്പെട്ടിരിക്കുന്നതാല്‍   ഹൃദയത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നു, അഭക്തിയും ലൗകികതയും ഉപേക്ഷിച്ച് സുബോധത്തോടെയും നീതിയോടെയും ദൈവഭക്തിയോടും കൂടി ജീവിക്കാൻ അവ നമ്മെ പഠിപ്പിക്കുന്നു (തീത്തോസ് 2:12,13). ദൈവിക സ്വാധീനത്തിൽ സുവിശേഷ വാഗ്ദാനങ്ങളുടെ ഫലങ്ങൾ വളരെ വലുതാണ്, അവയ്ക്ക് മനുഷ്യരെ ആന്തരികമായി ദൈവിക സ്വഭാവത്തിൽ പങ്കാളികളാക്കാനും ബാഹ്യമായി ഇന്നത്തെ ലോകത്തിന്‍റെ ദുഷ്ടതകളിൽ നിന്നും അനീതിയിൽ നിന്നും പിന്തിരിപ്പിയ്ക്കാനും ശക്തിയുണ്ട് (2 പത്രോസ് 1:4).

അദ്ധ്യായം ഒന്‍പത്

തിരുവെഴുത്തുകളും സന്തോഷവും

യഥാർത്ഥ സന്തോഷം ക്രിസ്തുവിൽ മാത്രമേ ലഭ്യമാകുകയുള്ളൂ.

ദുഷ്ടന്മാർ എല്ലായ്പ്പോഴും സന്തോഷത്തിനായി തിരച്ചില്‍ നടത്തുന്നു; പക്ഷേ അവർക്ക് അത് കണ്ടെത്താനാവുന്നില്ല; ഈ അന്വേഷണത്തില്‍ അവര്‍ തളർന്നു പോകുന്നതല്ലാതെ, ഫലിതം കിട്ടുന്നില്ല. അവരുടെ ഹൃദയങ്ങൾ കർത്താവിൽ നിന്ന് മാറിയിരിക്കുന്നതുകൊണ്ട്, സന്തോഷത്തിനായി മറ്റെവിടെയൊക്കെയോ തിരയുന്നു, പക്ഷേ അത് അവിടെയെങ്ങും കണ്ടെത്താനാവുന്നില്ല; അവർ യഥാർത്ഥ വിഷയത്തെ മാറ്റിവച്ചിട്ട് നിഴലിന്‍റെ പിന്നാലെ ശ്രദ്ധയോടെ ഓടുകയാണ് ചെയ്യുന്നത്. ഒടുവിൽ അവർക്ക് പരിഹാസം മാത്രമാകും ബാക്കിയാവുക.  ക്രിസ്തുവിൽ ദൈവമല്ലാതെ മറ്റൊന്നും യഥാർത്ഥത്തിൽ സന്തോഷകരമായി ഉണ്ടാകരുത് എന്നതാണ് ദൈവത്തിന്‍റെ സർവാധികാര തീരുമാനം (യിരെമ്യാവ് 2:13)). എന്നാല്‍ അവർ ഇത് വിശ്വസിക്കുന്നില്ല, അതിനാൽ അവർ ഓരോ വസ്തുവിലും, ഓരോ തകർന്ന പാത്രത്തിലും തിരഞ്ഞ് ഏറ്റവും മികച്ച സന്തോഷം എവിടെ കണ്ടെത്താനാകുമെന്ന് പരിശോധിക്കുന്നു. അവരെ ആകർഷിക്കുന്ന ഓരോ ലൗകിക വസ്തുവും- എന്നിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്താനാകുമെന്നാണ് പറയുന്നത്. പക്ഷേ അത് പെട്ടെന്ന് തന്നെ അവരെ നിരുത്സാഹപ്പെടുത്തുന്നു, എന്നിരുന്നാലും ഇന്നലെ അവരെ വഞ്ചിച്ച അതേ വിഷയം തന്നെ ഇന്ന് അവർ വീണ്ടും തിരയാൻ തുടങ്ങുന്നു. വളരെ പരിശ്രമങ്ങൾക്കു ശേഷം അവര്‍ ഒരു വസ്തുവിൽ ശൂന്യത കണ്ടെത്തിയാലും, വീണ്ടും മറ്റൊന്നിലേക്ക് തിരിഞ്ഞുകൊണ്ട്  ഈ വെള്ളം കുടിക്കുന്നവനെല്ലാം പിന്നെയും ദാഹിക്കും (യോഹന്നാൻ 4:13) എന്ന കർത്താവിന്‍റെ  വാക്കുകളെ അവർ സ്ഥിരീകരിക്കുന്നു.

ഇപ്പോൾ നാം മറ്റൊരു തരത്തിലുള്ള ആളുകളുടെ കാര്യം നോക്കുകയാണെങ്കിൽ, സന്തോഷിക്കുന്നതു തന്നെ പാപമാണെന്ന് ചില ക്രിസ്ത്യാനികള്‍ കരുതുന്നു എന്നതാണ്. ചില വായനക്കാർ ഇത് കേൾക്കുമ്പോൾ അത്ഭുതപ്പെടുമെന്നതിൽ സംശയമില്ല, കാരണം അവർ വളരെ അനുഗ്രഹീതമായ ഒരു അന്തരീക്ഷത്തിൽ വളർന്നവരാണ്, അതിന് അവർ തീർച്ചയായും നന്ദിയുള്ളവരായിരിക്കണം; അത്തരം ഭാഗ്യം ലഭിക്കാത്തവരെക്കുറിച്ച് ഞാൻ ഇവിടെ സംസാരിക്കുമ്പോൾ ദയവായി എന്നോട് പൊറുത്താലും. ദുഃഖിക്കുക എന്നത് മാത്രമാണ് അവരുടെ കടമയെന്നാണ് ചിലർ അവരെ പഠിപ്പിച്ചിരിക്കുന്നത്‌. ഈ പഠിപ്പിക്കൽ നേരിട്ടല്ല, മറിച്ച് ഉപദേശത്തിലൂടെയും, എല്ലായ്പ്പോഴും ദുഃഖിച്ചിരിക്കുന്നവരുടെ മാതൃക കാണിച്ചുകൊണ്ടുമാണ് അവര്‍ ചെയ്യുന്നത്. പിശാച് ആണ് പ്രകാശ ദൂതനായി പ്രത്യക്ഷപ്പെട്ട് സന്തോഷത്തിന്‍റെ വികാരങ്ങൾ കൊണ്ടുവരുന്നതെന്നാണ് അവർ വിശ്വസിക്കുന്നത്. നാം ജീവിക്കുന്ന, പാപത്താൽ നിറഞ്ഞ ഈ ലോകത്ത് സന്തോഷമായിരിക്കുക എന്നത് ഒരുതരം ദുഷ്ടതയാണെന്ന് അവർ വിശ്വസിക്കുന്നു. ക്ഷമിക്കപ്പെട്ട പാപങ്ങളുടെ കാര്യത്തിൽ സന്തോഷിക്കുന്നത് അഹങ്കാരമാണെന്ന് അവർ കരുതുന്നു. ക്രിസ്തീയ യുവാക്കളിലാരെങ്കിലും അങ്ങനെ ചെയ്താൽ, അവർ തീർച്ചയായും ദുഃഖത്തിന്‍റെ ചെളി കുണ്ടിൽ അസ്വസ്ഥതയോടെ നീന്തേണ്ടിവരുമെന്ന് അവരോട് പറയുന്നു. അങ്ങനെയുള്ള എല്ലാവരും ഈ അദ്ധ്യായം പ്രാർത്ഥനാപൂർവ്വം പരിഗണിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

"എപ്പോഴും സന്തോഷിപ്പിൻ" (1 തെസ്സലൊനീക്യർ 5:16) എന്നത് ദൈവ വചനത്തിലെ കല്പനയാണ്. ദൈവം കല്പിക്കുന്നത് ചെയ്യുന്നതു കൊണ്ട് തീര്‍ച്ചയായും ഒരു ദോഷവും വരില്ല. സന്തോഷിക്കുന്നതിന് ദൈവം ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ സാത്താനാണ് അങ്ങനെ  സന്തോഷിക്കുന്നതിൽ നിന്നും നമ്മെ തടയുന്നത്. ദൈവത്തിന്‍റെ ഒരു കല്പനയും നമ്മോട് ‘കർത്താവിൽ എപ്പോഴും ദുഃഖിതരായിരിക്കുവിൻ, വീണ്ടും ഞാൻ പറയുന്നു, ദുഃഖിതരായിരിക്കുവിൻ’ എന്ന് പറയുന്നില്ല. എന്നാൽ സങ്കീർത്തനം 33:1-ൽ, “നീതിമാന്മാരേ, യഹോവയിൽ  ഘോഷിച്ചുല്ലസിപ്പിൻ; സ്തുതിക്കുന്നത് നേരുള്ളവർക്കു ഉചിതമല്ലോ” എന്നു പറയാൻ ആണ് നമ്മെ പ്രേരിപ്പിക്കുന്നത്. പ്രിയ വായനക്കാരാ, നിങ്ങൾ ഒരു യഥാർത്ഥ ക്രിസ്ത്യാനിയാണെങ്കിൽ, ക്രിസ്തു നിന്‍റെതാണ് ; അവനിലുള്ളതെല്ലാം നിനക്കുള്ളതാണ്. അവൻ നൽകുന്ന സ്നേഹ വിരുന്നിനെതിരെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പാപം നിന്നെത്തന്നെ  പരിമിതപ്പെടുത്തുക എന്നുള്ളതാണ്. എന്‍റെ വാക്ക് ശ്രദ്ധിച്ചു കേട്ട് നന്മ അനുഭവിപ്പിൻ; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ (യെശയ്യാവ് 55:2) എന്ന് സ്വർഗ്ഗത്തിലുള്ളവരോടല്ല, ഭൂമിയിലെ വിശുദ്ധന്മാരോടാണ് പറഞ്ഞിരിക്കുന്നത്. ഇത് നമ്മെ ഏതൊക്കെ നിലയിലുള്ള ആലോചനകളിലേയ്ക്കാണ് നയിക്കുന്നത് എന്ന് താഴെ പരിശോധിക്കാം.

  1. സന്തോഷം ഒരു കടമയാണെന്ന് മനസ്സിലാക്കുമ്പോൾ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നു.

കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു (ഫിലിപ്പിയർ 4:4). സന്തോഷിക്കുക എന്നത് ദൈവമക്കൾക്കു നൽകിയിട്ടുള്ള വ്യക്തിപരവും, ശാശ്വതവും, ഇപ്പോൾ ചെയ്യേണ്ടതുമായ ഒരു കടമയായിട്ടാണ് പരിശുദ്ധാത്മാവ് ഇവിടെ പറഞ്ഞിരിക്കുന്നത്. സന്തോഷിക്കണോ ദുഃഖിക്കണോ എന്നത് നമ്മുടെ ഇഷ്ടത്തിന് വിടാതെ, സന്തോഷിക്കേണ്ടത് ഒരു കടമയാക്കുകയാണ് കർത്താവ് ഇവിടെ ചെയ്യുന്നത്. ആനന്ദിക്കാതിരിക്കുന്നത്  ഒരു പാപമായി കണക്കാക്കപ്പെടുന്നു. ഇത്തവണ, നിങ്ങൾ ഒരു സന്തോഷവാനായ ക്രിസ്ത്യാനിയെ കണ്ടുമുട്ടുമ്പോൾ, അയാളെ ശാസിക്കരുത്, മറിച്ച് സംശയത്തിൽ ജീവിക്കുന്ന നിങ്ങളെത്തന്നെ ശാസിക്കുക, ആ വ്യക്തിയുടെ സന്തോഷത്തിന്‍റെ ദൈവികമായ ഉറവിടത്തെ ചോദ്യം ചെയ്യാൻ തയ്യാറാകുന്നതിനുപകരം നിങ്ങളുടെ സ്വന്തം ദുർബലാവസ്ഥയെക്കുറിച്ച് വിചാരപ്പെടുക.

ഞാൻ ഇവിടെ പറയുന്നത് ശാരീരിക സന്തോഷത്തെക്കുറിച്ചല്ല, കാരണം അത് ഭൗതികമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭൂമിയിലെ സമ്പത്തുകളിൽ സന്തോഷം തേടുന്നത് വ്യർത്ഥമാണ്, കാരണം അവ പലപ്പോഴും ചിറകടിച്ചു പറന്നു പോകുകയേയുള്ളൂ. ചില ആളുകൾ അവരുടെ കുടുംബങ്ങളിൽ സന്തോഷം തേടുന്നു, പക്ഷേ അത് കുറച്ച് വർഷങ്ങൾ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ. നമുക്ക് ‘ശാശ്വതമായ സന്തോഷം’ ലഭിക്കണമെങ്കിൽ, അത് ശാശ്വതമായി നിലനില്‍ക്കുന്ന ഒന്നിൽ നിന്ന് വരണം. ഭ്രാന്തമായ സന്തോഷത്തെക്കുറിച്ചല്ല ഞാൻ ഇവിടെ സംസാരിക്കുന്നത്. വികാരഭരിതമായ സ്വഭാവമുള്ള ചില ആളുകൾ പകുതി ഭ്രാന്തന്മാരല്ലെങ്കിൽ സന്തോഷമുള്ളവരല്ല. എന്നാൽ ഇവിടെ ഞാൻ സംസാരിക്കുന്നത് കർത്താവിൽ ഉള്ള ശാന്തവും നിർമ്മലവുമായ ഹൃദയസന്തോഷത്തെക്കുറിച്ചാണ്. ദൈവത്തിന്‍റെ ഓരോ ഗുണങ്ങളെയും കുറിച്ച് നാം വിശ്വാസത്തോടെ ധ്യാനിക്കുമ്പോൾ, അത് ഹൃദയത്തെ സന്തോഷം കൊണ്ട് നിറയ്ക്കുന്നു. സുവിശേഷത്തിലെ ഓരോ വിഷയത്തേയും നാം യഥാർത്ഥത്തിൽ മനസ്സിലാക്കുമ്പോൾ അത് നമ്മിൽ സന്തോഷം ഉളവാക്കുന്നു.

സന്തോഷിക്കുക എന്നത് ഒരു ക്രിസ്ത്യാനിയുടെ കടമയാണ്. “സന്തോഷത്തിന്‍റെയും ദുഃഖത്തിന്‍റെയും വികാരങ്ങൾ എന്‍റെ നിയന്ത്രണത്തിലല്ല; സാഹചര്യങ്ങൾ നിർദ്ദേശിക്കുന്നതിനനുസരിച്ച് ഞാൻ പ്രവർത്തിക്കുന്നു,” എന്ന് ഒരുപക്ഷേ വായനക്കാരൻ ശക്തമായി തന്നെ പറഞ്ഞേക്കാം. എന്നാൽ ഞാൻ വീണ്ടും പറയുന്നു, “കർത്താവിൽ സന്തോഷിപ്പിൻ (ഫിലിപ്പിയർ 4:4) എന്നത് ദൈവത്തിന്‍റെ കല്പ്പനയാണ്, ആ കല്പ്പനയോട് അനുസരണം കാണിക്കുക എന്നുള്ളത്  നമ്മുടെ കൈകളിലാണ് ഉള്ളത്. എന്‍റെ വികാരങ്ങളെ നിയന്ത്രിക്കേണ്ടത് എന്‍റെ  ഉത്തരവാദിത്തമാണ്. ശരിയാണ്, ദുഃഖകരമായ ആലോനകളുടെ നടുവിൽ എനിക്ക് ദുഃഖിക്കാതിരിക്കാൻ കഴിയില്ല, എന്നാല്‍ അവയെക്കുറിച്ചു തന്നെ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കാതവണ്ണം എന്‍റെ മനസ്സിനെ എനിക്ക് നിയന്ത്രിക്കാൻ കഴിയും. ആശ്വാസത്തിനായി എന്‍റെ ഹൃദയം കർത്താവിനു മുന്നിൽ പകരാനും, എന്‍റെ എല്ലാ ഭാരങ്ങളും അവന്‍റെ  മേൽ വയ്ക്കാനും, അവന്‍റെ നന്മയെയും, അവന്‍റെ വാഗ്ദാനങ്ങളെയും, അവൻ എനിക്കായി ഒരുക്കിയിരിക്കുന്ന മഹത്തായ ഭാവിയെയും കുറിച്ച് ധ്യാനിക്കാനും അവന്‍റെ കൃപയ്ക്കായി അപേക്ഷിക്കാനും എനിക്ക് കഴിയും. ഞാന്‍ വെളിച്ചത്തിലേക്ക് പോയി നില്‍ക്കണോ, അതോ ഇരുട്ടിൽ ഒളിച്ചിരിക്കണോ എന്ന് ഞാൻ സ്വയം തീരുമാനിക്കണം. കർത്താവിൽ സന്തോഷിക്കാതിരിക്കുന്നത് ഒരു വലിയ ദൗർഭാഗ്യമാണ്; അത് ഏറ്റുപറഞ്ഞ് ഉപേക്ഷിക്കേണ്ട ഒരു തെറ്റാണ്.

  1. യഥാർത്ഥ സന്തോഷത്തിന്‍റെ രഹസ്യം കണ്ടെത്താൻ കഴിയുമ്പോൾ ആണ് നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നത്.

ആ രഹസ്യം 1 യോഹന്നാൻ 1:3,4 ൽ വെളിപ്പെടുത്തിയിരിക്കുന്നു: ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. നമ്മുടെ സന്തോഷം പൂർണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്ക് എഴുതുന്നു”. ദൈവവുമായുള്ള നമ്മുടെ കൂട്ടായ്മ എത്ര ചെറുതും ദുർബലവുമാണെന്ന് നാം പരിശോധിക്കുകയാണെങ്കില്‍, ഇത്രയധികം ക്രിസ്ത്യാനികൾ എന്തുകൊണ്ടാണ് സന്തോഷം ഇല്ലാത്തവരായിരിക്കുന്നതെന്ന് നമുക്ക് കണ്ടെത്താൻ കഴിയും. “എന്‍റെ രക്ഷിതാവും ദൈവവുമായ നിന്നില്‍ ലക്ഷ്യം വച്ച ദിവസം എത്ര സന്തോഷകരമായ ദിനമാണ്! ഈ പ്രകാശിക്കുന്ന ഹൃദയം സന്തോഷിക്കുകയും എല്ലാ ദിശകളിലേക്കും അതിന്‍റെ ആനന്ദം പ്രസരിപ്പിക്കുകയും ചെയ്യുന്ന ദിനമാണിത്” എന്ന് നാം പാടാറുണ്ട്.  അതെ, അത്തരം സന്തോഷം നിലനിർത്തണമെങ്കില്‍, നാം ഹൃദയത്തെയും മനസ്സിനെയും നിരന്തരം ക്രിസ്തുവിന് സമർപ്പിക്കണം. വിശ്വാസവും അതിന്‍റെ ഫലമായുണ്ടാകുന്ന സ്നേഹവും പെരുകുന്നിടത്ത് സന്തോഷവും  വര്‍ദ്ധിക്കുന്നു.

“കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ.” നമുക്ക് ‘എപ്പോഴും’ സന്തോഷിക്കാൻ കഴിയുന്ന മറ്റൊരു വിഷയമില്ല. എല്ലാ കാര്യങ്ങളും, എല്ലാ വസ്തുക്കളും മാറിക്കൊണ്ടിരിക്കുന്നതും അസ്ഥിരവുമാണ്. ഇന്ന്  സംതൃപ്തി നൽകിയ വിഷയം നാളെ ദുഃഖത്തിന് കാരണമായേക്കാം. എന്നാൽ കർത്താവ് എപ്പോഴും ഒരുപോലെയാണ്, അനുകൂലമായ സമയങ്ങളിലും അനുകൂലമല്ലാത്ത സമയങ്ങളിലും ഒരുപോലെ സന്തോഷിക്കാൻ അവന്‍ നമ്മെ സഹായിക്കുന്നു. അടുത്ത വാക്യം എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുക, “കർത്താവ് വരുവാൻ അടുത്തിരിക്കുന്നു” (ഫിലിപ്പിയർ 4:5). പുറമെയുള്ള വിഷയങ്ങളെക്കുറിച്ച് മിതത്വം പാലിക്കുക. അത് നമ്മെ സംതൃപ്തിപ്പെടുത്തുമ്പോള്‍ അതിന്‍റെ പുറകെ പോകുകയും അസംതൃപ്തി ഉണ്ടാകുമ്പോള്‍ വിചാരപ്പെടുകയും ചെയ്യരുത്. ലോകം നിങ്ങളെ നോക്കി ചിരിക്കുമ്പോൾ ആഹ്ലാദിക്കുകയും, ലോകം കോപം കാണിക്കുമ്പോൾ കലങ്ങിപ്പോകുകയും അരുത്. ബാഹ്യ സുഖങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയും എല്ലാ സാഹചര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുകയും ചെയ്യുക. കർത്താവ് തന്നെ നമ്മോട് അടുത്തിരിക്കുമ്പോൾ അവയാല്‍ എന്തിനാണ് ആക്രമിക്കപ്പെടുന്നത്?  ഒരുപക്ഷേ ഹിംസ അധികമായാലും, ലൗകികമായി വളരെ നഷ്ടം സംഭവിച്ചാലും കർത്താവാണ് നമുക്ക്  കഷ്ടകാലത്ത് ഏറ്റവും അടുത്ത തുണ (സങ്കീർത്തനം 46:1). തന്‍റെ മേൽ ഭാരം വയ്ക്കുന്നവരെ താങ്ങുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നവൻ നിങ്ങൾക്കായി കരുതുന്നു, അതിനാൽ "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്" (ഫിലിപ്പിയർ 4:6). ലൗകികരായ ആളുകൾ തുച്ഛമായ കാര്യങ്ങൾ പിന്തുടരുന്നു, എന്നാൽ ക്രിസ്ത്യാനികൾ അങ്ങനെ ചെയ്യരുത്.

എന്‍റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു” (യോഹന്നാൻ 15:11). ക്രിസ്തുവിന്‍റെ ഈ വിലയേറിയ വാക്കുകൾ ഹൃദയത്തിൽ ധ്യാനിക്കുകയും മനസ്സിൽ സൂക്ഷിക്കുകയും ചെയ്താൽ, അവയ്ക്ക് സന്തോഷമല്ലാതെ മറ്റെന്താണ് നൽകാൻ കഴിയുക? യേശുവിനെക്കുറിച്ചുള്ള അറിവും അവന്‍റെ സത്യത്തോടുള്ള സ്നേഹവും വർദ്ധിക്കുന്തോറും ഹൃദയം കൂടുതൽ കൂടുതൽ സന്തോഷിക്കുന്നു. “ഞാൻ നിന്‍റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്‍റെ വചനങ്ങൾ എനിക്കു സന്തോഷവും എന്‍റെ ഹൃദയത്തിന് ആനന്ദവും ആയി” (യിരെമ്യാവ് 15:16). കർത്താവിന്‍റെ വാക്കുകൾ ഭക്ഷിച്ചാൽ മാത്രമേ നമ്മുടെ ആത്മാക്കൾ നിറയപ്പെടുകയുള്ളൂ, നമ്മുടെ ഹൃദയങ്ങൾ അവനിൽ ആനന്ദത്തോടെ പാടുകയും ആർപ്പുവിളിക്കുകയും ചെയ്യുകയുള്ളൂ.

ഞാൻ ദൈവത്തിന്‍റെ പീഠത്തിങ്കലേക്ക്, എന്‍റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും” (സങ്കീർത്തനങ്ങൾ 43:4). യാഗപീഠം പ്രതീകമായിരിക്കുന്ന ക്രിസ്തുവിന്‍റെ അടുക്കലേക്ക് വിശ്വാസികൾ എത്ര സന്തോഷത്തോടും ആനന്ദത്തോടും കൂടെയാണ് വരേണ്ടത്! ദൈവത്തെക്കുറിച്ചുള്ള വ്യക്തമായ അറിവ് അവനിലുള്ള സന്തോഷം കൂടുതൽ ആഴത്തിലാക്കുകയാണ് വേണ്ടത്. ഇവിടെ സങ്കീർത്തനക്കാരൻ യാഗപീഠത്തെയല്ല ലക്ഷ്യമാക്കുന്നത്. കാരണം, വിഗ്രഹാരാധകരെപ്പോലെ ആചാരങ്ങളിലും പാരമ്പര്യങ്ങളിലും അദ്ദേഹം വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ഹൃദയം ആത്മീയ കൂട്ടായ്മയ്ക്കായി – ദൈവവുമായുള്ള കൂട്ടായ്മയ്ക്കായി – കൊതിക്കുന്നു. ആരാധനാക്രമങ്ങളിലും പാരമ്പര്യങ്ങളിലും കർത്താവ് ഇല്ലെങ്കിൽ അവ പിന്തുടരുന്നത് കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്? അവ ഒഴിഞ്ഞ കക്കകളും കളിമൺ പാത്രങ്ങളും മാത്രമാണ്. ദാവീദിനെ സംബന്ധിച്ചിടത്തോളം, കർത്താവ് വെറും ഒരു സന്തോഷമല്ല, മറിച്ച് അമിതാനന്ദമാണ്; സന്തോഷത്തിന്‍റെ ഉറവിടമല്ല, അത് ഉളവാക്കുന്നവനല്ല, അതിനെ പോഷിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്നവനുമല്ല, മറിച്ച് അവൻ തന്നെയാണ് ആ സന്തോഷം. ‘എന്‍റെ ആനന്ദവും ഉത്സാഹവും നീയാണ്’ എന്നതിന്‍റെ  അർത്ഥം എന്‍റെ സന്തോഷത്തിന്‍റെ സത്തയും എന്‍റെ സർവ്വസ്വവും നീ തന്നെയാണ് എന്നതാണ് (സി.എച്ച്. സ്പർജൻ).

അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്‍റെ പ്രയത്നം നിഷ്ഫലമായിപ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്‍റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും” (ഹബക്കൂക് 3:17-18). ലോകത്തിന് ഒട്ടും തന്നെ അറിയാത്ത ഒരു അനുഭൂതി ആണ് ഇത്; ദുഃഖകരമെന്നു പറയുന്നത്,  ക്രിസ്ത്യാനികളിൽ പലർക്കും ഈ  അനുഭവം പരിചയമില്ല എന്നുള്ളതാണ്! ശാശ്വതമായ ആത്മീയ സന്തോഷത്തിന്‍റെ ഉറവ  ദൈവത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്; അത് അവനിൽ നിന്നാണ് കവിഞ്ഞൊഴുകുന്നത്. “എന്‍റെ ഉറവുകൾ ഒക്കെയും നിന്നില്‍ ആകുന്നു” (സങ്കീർത്തനം 87:7) എന്ന് സഭ എപ്പോഴോ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ രഹസ്യം തിരിച്ചറിഞ്ഞ ആത്മാവ് എത്ര ഭാഗ്യമുള്ളത് .

  1. സന്തോഷത്തിന്‍റെ മഹത്തായ മൂല്യം നാം പഠിക്കുമ്പോൾ വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവര്‍ ആകുന്നു .

പക്ഷിക്ക് ചിറകുകൾ എങ്ങനെയാണോ അങ്ങനെയാണ് ആത്മാവിന് സന്തോഷം. ഭൂമിയിലുള്ള വിഷയങ്ങൾക്ക് മീതെ പറക്കാൻ അത് നമ്മെ സഹായിക്കുന്നു. നെഹെമ്യാവ് 8:10-ൽ ഇത് വ്യക്തമായി പറഞ്ഞിരിക്കുന്നു, യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ. നെഹെമ്യാവിന്‍റെ കാലം യിസ്രായേലിന്‍റെ ചരിത്രത്തിലെ വളരെ ദുഷ്‌കരമായ ഒരു സമയമായിരുന്നു. ഒരു ശേഷിപ്പ് ബാബിലോണിൽ നിന്ന് മോചിപ്പിക്കപ്പെടുകയും പാലസ്തീനിലേക്ക് മടങ്ങി വരുകയും ചെയ്തു. ഒരിക്കൽ തടവിലാക്കപ്പട്ടവരാൽ അവഗണിക്കപ്പെട്ടിരുന്ന ന്യായപ്രമാണം, പുതുതായി രൂപീകരിക്കപ്പെട്ട കൃപയുടെ സാമ്രാജ്യത്തിൽ ഒരു ഉടമ്പടിയായി സ്ഥാപിക്കപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ ചെയ്ത നിരവധി പാപങ്ങൾ ഓർത്ത്, വീണ്ടും ഒരു രാഷ്ട്രമായി രൂപീകരിക്കപ്പെടുകയും, അവരുടെ ഇടയിൽ ദൈവികാരാധനയും ദൈവികനിയമവും സ്ഥാപിക്കപ്പെടുകയും ചെയ്തതു കൊണ്ട് അവർ സ്വാഭാവികമായും നന്ദിയാൽ നിറഞ്ഞ്, കണ്ണുനീർ ഒഴുക്കി. അവരെ നന്നായി അറിയാവുന്ന  നേതൃത്വം, അവർ നിരുത്സാഹപ്പെട്ടാൽ, പ്രയാസപ്പെടുമെന്നും ജയിക്കാൻ അവർക്ക് കഴിയില്ലെന്നും അറിയാമായിരുന്നതുകൊണ്ട്, അവരോട് പറഞ്ഞു, “ഈ ദിവസം നമ്മുടെ കർത്താവിന് വിശുദ്ധമാണ്” (ദൈവത്തെ ആരാധിക്കുന്നതിനുള്ള ഒരു ദിവസമായി ഞങ്ങൾ ഈ ദിവസം ഒരു വിരുന്ന് നിര്‍ണ്ണയിച്ചിരിക്കുന്നു, അതിനാൽ ദുഃഖിയ്ക്കരുത്), “യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ.” പാപത്തിന്‍റെ ഏറ്റുപറച്ചിലും അതിനെക്കുറിച്ചുള്ള ദുഃഖവും ഇല്ലാതെ  നമുക്ക് ദൈവത്തോടു കൂടെ ആയിരിക്കാൻ കഴിയില്ല. എന്നിരുന്നാലും, നാം യഥാർത്ഥ മാനസാന്തരം പ്രാവർത്തികമാക്കുകയും ദൈവവുമായി ഒരു നല്ല ബന്ധം പുലർത്തുകയും ചെയ്യുമ്പോൾ, നാം പിമ്പിലുള്ളത് മറന്നും  മുമ്പിലുള്ളതിനായി ആഞ്ഞും കൊണ്ട് ലാക്കിലേക്ക് ഓടുന്നവരാകും (ഫിലിപ്പിയർ 3:13). നമ്മുടെ ഹൃദയങ്ങൾ സന്തോഷത്താൽ നിറയുമ്പോൾ നമുക്ക് സംതൃപ്തിയോടെ മുന്നോട്ട് പോകാൻ കഴിയും. മരിച്ച് അനങ്ങാതെ കിടക്കുന്ന തന്‍റെ പ്രിയപ്പെട്ട ഒരാളുടെ അടുത്തേക്ക് ഒരാൾ എത്തുന്നത് എത്ര വേദനയോടെയായിരിക്കും! എന്നാൽ അതേ വ്യക്തി താൻ വിവാഹം കഴിക്കാൻ പോകുന്ന വധുവിനെ കണ്ടുമുട്ടാൻ ആണ് പോകുന്നതെങ്കിലോ, ആ വ്യക്തിയുടെ ചലനങ്ങൾ എത്ര ആവേശത്തോടെയായിരിക്കും! ജീവിതത്തിലെ പോരാട്ടങ്ങളിൽ വിലാപങ്ങൾക്ക് സ്ഥാനമില്ല. നിരാശയുള്ളിടത്ത് അനുസരണത്തിനുള്ള ശേഷി ഒട്ടും തന്നെ ഉണ്ടാവില്ല. സന്തോഷമില്ലാതെ ആരാധന സാധ്യമല്ല.

പ്രിയ വായനക്കാരേ, ചെയ്യേണ്ട കാര്യങ്ങളുണ്ട്, മറ്റുള്ളവർക്ക് നൽകേണ്ട സേവനങ്ങളുമുണ്ട്. മറികടക്കാൻ പ്രലോഭനങ്ങളുണ്ട്, പോരാടാൻ യുദ്ധങ്ങളുമുണ്ട്; നമ്മുടെ ഹൃദയങ്ങൾ കർത്താവിൽ സന്തോഷിക്കുമ്പോൾ, നാം അവയ്ക്കുവേണ്ടി പ്രായോഗികമായും ഉത്സാഹത്തോടെയും പ്രവർത്തിക്കും. നമ്മുടെ ആത്മാക്കൾ ക്രിസ്തുവിൽ ഉന്മേഷഭരിതമാണെങ്കിൽ, നമ്മുടെ ഹൃദയങ്ങൾ സമാധാനം കൊണ്ടും സന്തോഷം കൊണ്ടും നിറഞ്ഞിരിക്കുകയാണെങ്കിൽ, നാം ചെയ്യേണ്ട  ജോലികൾ സുലഭമാകും. നമ്മുടെ കടമകൾ സന്തോഷകരവും, ദുഃഖം സഹിക്കുന്നതും, സഹിഷ്ണുതയുള്ളതുമാക്കാൻ നമുക്ക് കഴിയും. മുൻകാല പരാജയങ്ങളുടെ ഓർമ്മകൾക്കോ ശക്തമായ തീരുമാനങ്ങൾക്കോ നമ്മെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. രക്ഷകനെക്കുറിച്ച് തന്നെ ഇങ്ങനെ എഴുതിയിരിക്കുന്നു, തന്‍റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത് അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു (എബ്രായർ 12:2).

  1. സന്തോഷത്തിന്‍റെ ഉറവിടം ശ്രദ്ധാപൂർവ്വം മനസ്സിലാക്കാൻ കഴിയുമ്പോൾ ആണ് നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നത്.

വിശ്വാസമാണ് സന്തോഷത്തിന്‍റെ ഉറവിടം; പ്രത്യാശ നല്കുന്ന ദൈവം ... വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ” (റോമർ 15:13). സുവിശേഷത്തിന് നമ്മിൽ നിന്ന് എടുത്തുകളയാനും, നമുക്ക് നൽകാനും അത്ഭുതകരമായ ഒരു വ്യവസ്ഥയുണ്ട്- ക്രിസ്തീയ ഹൃദയങ്ങൾക്ക് നിശ്ചലവും സ്ഥിരവുമായ വെളിച്ചം നൽകുന്നതിനായി, സമാധാനത്തിന്‍റെ  വാക്കുകളിലൂടെ ദുഃഖിക്കുന്ന മനസ്സാക്ഷിയുടെ ദോഷ ഭാരം അത് നീക്കം ചെയ്യുന്നു. അത്  ശിക്ഷാവിധിയിൻ കീഴിലുള്ള ആത്മാവിൽ നിന്ന് ശിക്ഷാഭയത്തേയും മരണഭയത്തേയും നീക്കം ചെയ്യുന്നു. അത് ദൈവത്തെത്തന്നെ നമ്മുടെ ഹൃദയങ്ങളുടെ അവകാശിയും നമ്മുടെ കൂട്ടായ്മയുടെ അടിസ്ഥാനവുമാക്കുന്നു. നമ്മുടെ ആത്മാക്കൾ ദൈവത്തിൽ വിശ്രമം കണ്ടെത്തുന്നതിനാൽ സുവിശേഷം നമുക്ക് സന്തോഷം നൽകുന്നു. എന്നാൽ ഈ അനുഗ്രഹങ്ങൾ നാം വ്യക്തിപരമായി പ്രാപിക്കുമ്പോൾ മാത്രമേ അവ നമ്മുടേത് ആകുകയുള്ളൂ. അവയെ വിശ്വാസത്തോടെ സ്വീകരിക്കണം, അവയെ നാം സ്വീകരിക്കുമ്പോൾ നമ്മുടെ ഹൃദയം സമാധാനം കൊണ്ടും സന്തോഷം കൊണ്ടും നിറയുന്നു. ശാശ്വത സന്തോഷത്തിന്‍റെ രഹസ്യം സന്തോഷത്തിലേക്കുള്ള പാത തുറന്നിടുക എന്നതാണ്, നമ്മൾ ആരംഭിച്ചതുപോലെ തന്നെ തുടരുക എന്നതാണ്. അവിശ്വാസം ആ പാതയെ തടസ്സപ്പെടുത്തുന്നു. തെർമോമീറ്റർ അതിന്‍റെ ചുറ്റും അൽപ്പം ചൂടു കൂടുമ്പോൾ, അതിലെ മെർക്കുറിയും അല്പം ഉയരും. വിശ്വാസം ദുർബലമാണെങ്കിൽ, സന്തോഷം ശക്തമായിരിക്കില്ല. സുവിശേഷത്തിന്‍റെ  മൂല്യത്തെക്കുറിച്ചുള്ള പുതിയ അറിവിനായി ദിവസവും പ്രാർത്ഥിക്കുക. അതിലെ ദൈവിക വിഷയങ്ങളുടെ പുതിയ പ്രയോഗത്തിനായി പ്രാർത്ഥിക്കുക, അപ്പോൾ മാത്രമേ നമ്മുടെ സന്തോഷം നൂതനമാകുകയുള്ളൂ.

  1. നമ്മുടെ സന്തോഷം ശ്രദ്ധാപൂർവ്വം കാത്തുസൂക്ഷിക്കാൻ കഴിയുമ്പോൾ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നു.

“പരിശുദ്ധാത്മാവിലുള്ള സന്തോഷം” എന്നത് നമ്മുടെ സ്വാഭാവിക സന്തോഷത്തിൽ നിന്നും വ്യത്യസ്തമാണ്. ആശ്വാസപ്രദൻ നമ്മുടെ ഹൃദയങ്ങളിലും ശരീരങ്ങളിലും വസിച്ചുകൊണ്ട്, ക്രിസ്തുവിനെ നമ്മോട് പ്രഖ്യാപിക്കുകയും, പാപമോചനത്തിനും ശുദ്ധീകരണത്തിനുമുള്ള നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുകയും, ദൈവവുമായി നമ്മെ സമാധാനത്തിൽ  നിലനിർത്തുകയും ചെയ്യുന്നു; ക്രിസ്തുവിനെ നമ്മിൽ രൂപപ്പെടുത്തുകയും, നമ്മുടെ ആത്മാക്കളെ അവൻ ഭരിക്കത്തക്കവണ്ണം നമ്മെ അവന്‍റെ  നിയന്ത്രണത്തിലേയ്ക്ക് കൊണ്ടുവരുകയും ചെയ്യുന്നു. നമ്മെ പ്രലോഭിപ്പിക്കുന്ന യാതൊരു  സാഹചര്യങ്ങൾക്കും നമ്മുടെ ഉള്ളിലെ ഈ സന്തോഷത്തെ തടയാൻ കഴിയില്ല. കാരണം, “എപ്പോഴും കർത്താവിൽ സന്തോഷിപ്പിൻ” എന്നതാണ് കല്പ്പന. ഈ കല്പ്പന നൽകിയവന്‍ നമ്മുടെ ജീവിതത്തെ ആവരണം ചെയ്യുന്ന നിരാശയെക്കുറിച്ച്, നമ്മെ മൂടി നില്ക്കുന്ന പാപങ്ങളെയും ദുഃഖങ്ങളെയും കുറിച്ച്, എങ്ങനെയുള്ള  “മഹാകഷ്ടങ്ങളി” ൽ കൂടെയാണ് ദൈവരാജ്യത്തില്‍ നാം  പ്രവേശിക്കേണ്ടത് എന്നതിനെക്കുറിച്ച് എല്ലാം അറിയുന്നവനാണ്. സ്വാഭാവിക സന്തോഷം അനുഭവിക്കുന്നവർ പോലും ഈ ലൗകിക ഉത്കണ്ഠകളെ ഒരു പരിധിവരെ കാര്യമാക്കില്ല. എന്നാൽ ജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിൽ, അത് പെട്ടെന്ന് നിഷ്ഫലമായിപ്പോകുന്നു. സുഹൃത്തുക്കളുടെയോ ആരോഗ്യത്തിന്‍റെയോ നഷ്ടം അതിന് താങ്ങാനാവില്ല. എന്നാൽ ഇവിടെ പറയപ്പെടുന്ന സന്തോഷം ചില പ്രത്യേക സാഹചര്യങ്ങൾക്കോ ചിലതരം വ്യക്തിത്വങ്ങൾക്കോ മാത്രമായി പരിമിതപ്പെടുന്നില്ല; അത് നമ്മുടെ മാനസികാവസ്ഥയോ സാഹചര്യങ്ങളോ അനുസരിച്ച് മാറുന്ന അസ്ഥിരമായതല്ല.

ലാസറിന്‍റെ കല്ലറയിൽ യേശു കണ്ണുനീർ വാര്‍ത്തതുപോലെ, സഹജമായ സ്വഭാവം നമ്മിലും പുറത്തേക്ക് വരും. എന്നിരുന്നാലും, പൗലോസിനെപ്പോലെ നമുക്കും പറയാൻ കഴിയും, “ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ” (2 കൊരിന്ത്യർ 6:10) എന്ന്. ക്രിസ്ത്യാനിക്ക് നിരവധി കഠിനമായ ദുഃഖങ്ങൾ ഉണ്ടാകാം, അവന്‍റെ പദ്ധതികൾ നടപ്പിലാകാതെ വന്നേക്കാം, അവന്‍റെ പ്രതീക്ഷകൾ തകർന്നു പോയേക്കാം, ഭൂമിയിലെ അവന്‍റെ ജീവിതത്തിന് സന്തോഷവും മധുരവും കൊണ്ടുവന്ന പ്രിയപ്പെട്ടവർ മരണപ്പെട്ടേക്കാം, എന്നിരുന്നാലും, ഈ നിരാശയ്ക്കും ദുഃഖത്തിനും നടുവിലും, അവന്‍റെ കർത്താവ് അവനോട് പറയുന്നത് “സന്തോഷിക്ക” എന്നാണ്. ഫിലിപ്പിയിൽ ജയിലിൽ അടക്കപ്പെട്ട അപ്പൊസ്തലന്മാരുടെ കാര്യം നോക്കാം. അവരെ ചന്തസ്ഥലത്തേക്ക് വലിച്ചിഴച്ച് കാല്‍ ആമത്തിലിട്ട് പൂട്ടി, കോൽ കൊണ്ടുള്ള നിരവധി അടിയാൽ രക്തം വാർന്ന മുതുകുമായി വീണു കിടക്കുകയാണ്. പക്ഷേ അവർ എങ്ങനെ പ്രതികരിച്ചു? പിറുപിറുപ്പോടെയാണോ? അതോ ഈ ശിക്ഷ അർഹിക്കാൻ തങ്ങൾ എന്താണ് ചെയ്തതെന്ന് ചോദിച്ചു കൊണ്ടോ? അല്ല, “അർദ്ധരാത്രിക്കു പൗലോസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു (അപ്പൊ.പ്രവൃത്തികൾ 16:25). അവരുടെ ജീവിതത്തിൽ പാപം ചെയ്തതു കൊണ്ടല്ല, അവർ അനുസരണത്തിൽ നടക്കുന്നവരാണ്, അതുകൊണ്ട് പരിശുദ്ധാത്മാവിന് ക്രിസ്തുവിനു വേണ്ടി വലിയ കാര്യങ്ങൾ ചെയ്യാനും, അത് അവർക്ക് വെളിപ്പെടുത്താനും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടു അവർ അതിയായി സന്തോഷിക്കുന്ന നിലയിൽ കർത്താവ് വലിയ കാര്യം ചെയ്തു. നമ്മുടെ സന്തോഷം നിലനിർത്തണമെങ്കിൽ, നാം പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നവർ ആയിരിക്കരുത്.

നമ്മുടെ ഹൃദയങ്ങളിൽ ക്രിസ്തു മാത്രം സർവ്വോന്നതനായിരിക്കുമ്പോൾ, അത് സന്തോഷത്താൽ നിറയും. അവൻ നമ്മുടെ എല്ലാ ആഗ്രഹങ്ങളുടെയും കർത്താവാകുമ്പോൾ, അവൻ എല്ലാ പ്രേരണകളുടെയും അടിസ്ഥാനമാകുമ്പോൾ, അവൻ എല്ലാ അഭിനിവേശങ്ങളുടെയും യജമാനനാകുമ്പോൾ, ഹൃദയം സന്തോഷത്താൽ നിറയുകയും ചുണ്ടുകള്‍ സ്തുതിയാല്‍ നിറയപ്പെടുകയും ചെയ്യും. ഇത് നടക്കണമെങ്കിൽ നാം ഓരോ നിമിഷവും കുരിശ് എടുക്കുന്നവർ ആയിരിക്കണം; ദൈവം ഈ രണ്ടു കാര്യങ്ങളെയും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഒന്നില്ലാതെ മറ്റൊന്ന് പ്രായോഗികമാകുക അസാധ്യമാണ്. സ്വയം സമർപ്പണം, വലതുകൈ മുറിച്ചു കളയല്‍, വലതുകണ്ണ് പിഴുതെടുക്കല്‍ – ഇവയെല്ലാം പരിശുദ്ധാത്മാവ് നമ്മിൽ പ്രവേശിക്കുന്നതിനുള്ള വഴികളാണ് (അതായത്, തടസ്സങ്ങൾ നീക്കൽ).  അങ്ങനെ അവൻ നമ്മിൽ പ്രവേശിക്കുമ്പോൾ തന്നോടുകൂടെ, ദൈവത്തിന് സ്വീകാര്യമായ ഒരു പുഞ്ചിരി, അവന്‍റെ സ്നേഹം, അവന്‍റെ നിത്യസാന്നിധ്യം എന്നിങ്ങനെയുള്ള സന്തോഷങ്ങളും കൊണ്ടുവരുന്നു.   ഓരോ ദിവസവും നാം ആരംഭിക്കുന്നതിനുള്ള നമ്മുടെ പ്രചോദനത്തെ   ആശ്രയിച്ചിരിക്കും പല കാര്യങ്ങളും. ആളുകൾ നമ്മെ തലോടി  ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിച്ചാൽ നിരാശയായിരിക്കും ഫലം. നമ്മുടെ അഭിമാനം വളർത്താൻ ശ്രമിച്ചാൽ, അത് സംഭവിക്കാതെ വരുമ്പോൾ നമുക്ക് വേദന അനുഭവപ്പെടും. സ്വയത്തെ മറന്ന് മറ്റുള്ളവരുടെ സന്തോഷത്തിനായി പണി ചെയ്യുക എന്നതാണ് സന്തോഷത്തിന്‍റെ  രഹസ്യം. “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നത് ഭാഗ്യം” (പ്രവൃത്തികൾ 20:35), അതുകൊണ്ട് മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യുന്നതാണ് സന്തോഷകരമായ കാര്യം .

  1. സന്തോഷത്തിനുള്ള തടസ്സങ്ങൾ നീക്കാൻ നാം നിരന്തരം പരിശ്രമിക്കുമ്പോൾ വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നു

ക്രിസ്ത്യാനികളിൽ പലരും വളരെ കുറച്ച് മാത്രം സന്തോഷിക്കുന്നത്  എന്തുകൊണ്ടാണ്? അവർ വെളിച്ചത്തിൽ നിന്നുള്ളവരല്ലേ? ദൈവത്തിന്‍റെ  സ്വഭാവം, അവനുമായുള്ള നമ്മുടെ ബന്ധം, ഭാവിയിലെ നമ്മുടെ ലക്ഷ്യം എന്നിവയെ വിവരിക്കാൻ തിരുവെഴുത്തിൽ പലതവണ ഉപയോഗിച്ചിരിക്കുന്ന ‘വെളിച്ചം’ എന്ന വാക്ക് സന്തോഷത്തേയും ആനന്ദത്തേയും സൂചിപ്പിക്കുന്നു. പ്രകൃതിയിലെ മറ്റേതൊരു വസ്തു/വിഷയമാണ് പ്രകാശത്തേക്കാൾ ഉപയോഗപ്രദവും മനോഹരവുമായിരിക്കുന്നത്? “ദൈവം വെളിച്ചമാണ്, അവനിൽ ഇരുട്ട് ഒട്ടും ഇല്ല (1 യോഹന്നാൻ 1:5). നാം ദൈവത്തോടൊപ്പം വെളിച്ചത്തിൽ നടക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങൾ യഥാർത്ഥത്തിൽ സന്തോഷത്താൽ നിറയപ്പെടും. ചില കാര്യങ്ങൾ സംഭവിക്കാൻ നാം മനഃപൂർവ്വം അനുവദിക്കുന്നതിനാൽ ആണ് അവനുമായുള്ള നമ്മുടെ കൂട്ടായ്മയ്ക്ക് കോട്ടം സംഭവിക്കുകയും, നമ്മുടെ ആത്മാക്കൾ നിസ്സംഗതയും നിരാശയുമുളളതായിത്തീരുകയും ചെയ്യുന്നത്. അമിതമായ ആസക്തി, ലോകവുമായുള്ള സഖ്യം, വിലക്കപ്പെട്ട വഴികളിലൂടെയുള്ള നടപ്പ് – ഇവയെല്ലാം നമ്മുടെ ആത്മീയ ജീവിതത്തെ നശിപ്പിക്കുകയും  നിരാശാജനകമാക്കി തീർക്കുകയും ചെയ്യുന്നു.

ദാവീദിന് “എന്‍റെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരേണമേ” (സങ്കീർത്തനം 51:12) എന്ന് നിലവിളിക്കേണ്ടി വന്നു. അവൻ മടുത്തുപോകുകയും, സ്വന്തം മോഹങ്ങൾ നിറവേറ്റാൻ തുടങ്ങുകയും ചെയ്തു. പ്രലോഭനം നേരിട്ടപ്പോൾ, അതിനെ ചെറുത്തുനിൽക്കാൻ അവന് ശക്തിയില്ലാതെപോയി. അവൻ പ്രലോഭത്തിന് കീഴടങ്ങി, ഒരു പാപത്തിൽ നിന്ന് മറ്റൊന്നിലേക്ക് നയിക്കപ്പട്ടു. ദൈവവുമായുള്ള കൂട്ടായ്മ നഷ്ടപ്പെട്ട് അവൻ ഭ്രഷ്ടനായി പോയി. ഏറ്റുപറയാത്ത പാപം അവന്‍റെ മനസ്സാക്ഷിയെ വല്ലാതെ ഭാരപ്പെടുത്തി. ഓ പ്രിയ വായനക്കാരാ, അത്തരമൊരു കെണിയിൽ വീണു നമ്മുടെ സന്തോഷം നഷ്ടപ്പെടാതിരിക്കാൻ, നാം നമ്മെത്തന്നെ ഉപേക്ഷിക്കുകയും നമ്മുടെ ജഡത്തിന്‍റെ മോഹങ്ങളെയും വികാരങ്ങളെയും ക്രൂശിക്കുകയും വേണം. പ്രലോഭനങ്ങളെക്കുറിച്ച് നാം എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം. മുട്ടുമടക്കാൻ  കൂടുതൽ സമയം കണ്ടെത്തണം. ജീവജലത്തിന്‍റെ  ഉറവയിൽ നിന്ന് കൂടക്കൂടെ കുടിക്കുന്നവര്‍ ആകണം. നമ്മെത്തന്നെ പൂർണ്ണമായും കർത്താവിന് സമർപ്പിക്കുകയും വേണം.

  1. ദുഃഖത്തിനും സന്തോഷത്തിനും ഇടയിൽ ഒരു സന്തുലിതാവസ്ഥ ശ്രദ്ധാപൂർവ്വം നിലനിർത്താൻ കഴിയുമ്പോൾ ആണ് നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നത്.

ക്രിസ്തീയ വിശ്വാസത്തിന് സന്തോഷം ഉളവാക്കുന്ന പ്രവണതയുണ്ടെങ്കിൽ, അതേ അളവിൽ ദുഃഖം ഉളവാക്കുന്ന പ്രവണതയും ഉണ്ട്. ഈ ദുഃഖം പവിത്രവും, ശ്രേഷ്ഠവും, വീര്യമുള്ളതുമാണ്. “ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ” (2 കൊരിന്ത്യർ 6:10) എന്നതാണ് ക്രിസ്തീയ ജീവിതത്തിന്‍റെ നിയമം. വിശ്വാസം നമ്മുടെ അവസ്ഥയിലും, സ്വഭാവത്തിലും, പാപങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അതിന്‍റെ ഫലമായി ദുഃഖവും ഉണ്ടാകുന്നു. ക്ഷമയോടെ നിശബ്ദമായി ഉള്ള  ദുഃഖത്തിന്‍റെ നിഴല്‍ ഇല്ലാത്ത സന്തോഷത്തേക്കാൾ കൃത്രിമമായ, നിസ്സാരമായ, വെറുപ്പുളവാക്കുന്ന മറ്റൊന്നില്ല. ഞാൻ ആരാണെന്നും എന്തായിരിക്കണമെന്നും എനിക്കറിയാമെന്നതിനാൽ ദുഃഖം; ലോകത്തെ നോക്കുമ്പോഴെല്ലാം ചിരിയുടെയും സന്തോഷത്തിന്‍റെയും പിന്നിൽ കത്തുന്ന നരകാഗ്നി ഞാൻ കാണുന്നതിനാൽ ദുഃഖം. അത് കാണുമ്പോൾ, ആളുകൾ എങ്ങോട്ടാണ് ഓടുന്നതെന്ന് എനിക്ക് മനസ്സിലാകും, അതുകൊണ്ടാണ് എനിക്ക് ദുഃഖം തോന്നുന്നത്.

നിന്‍റെ ദൈവം തന്നെ, നിന്‍റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു” (സങ്കീർത്തനങ്ങൾ 45:7), മാത്രമല്ല “വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു…” എന്നും കൂടെ എഴുതപ്പെട്ടിരിക്കുന്നു. അവനെ ആത്മാർത്ഥമായി സ്വീകരിക്കുന്ന ഓരോ ഹൃദയത്തിലും അവൻ തന്‍റെ സുവിശേഷം നടപ്പിലാക്കുമ്പോൾ ഈ രണ്ട് സ്വഭാവസവിശേഷതകളും പ്രകടമാകുന്നു. ഒരു വശത്ത്, അത് (സുവിശേഷം) നമ്മുടെ ഭയങ്ങളെ ഇല്ലാതാക്കുന്നു, കൂട്ടായ്മയുടെ അനുഭവത്തിലേക്ക് നമ്മെ നയിക്കുന്നു, നമ്മെ പ്രത്യാശയാൽ നിറയ്ക്കുന്നു, സന്തോഷത്തിന്‍റെ തൈലം കൊണ്ട് നമ്മെ അഭിഷേകം ചെയ്യുന്നു. മറുവശത്ത്, നമ്മില്‍ ഉണ്ടെന്ന്, അത് നമ്മെ പഠിപ്പിക്കുന്ന കാപട്യം നിമിത്തവും, ജഡവും ആത്മാവും തമ്മിലുള്ള സംഘർഷം നിമിത്തവും, അത് നമ്മിൽ ഒരുതരം ദുഃഖം സൃഷ്ടിക്കുകയും, “അയ്യോ, ഞാൻ അരിഷ്ട മനുഷ്യൻ! (റോമർ 7:24) എന്ന്  നിലവിളിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇവ രണ്ടും പരസ്പരവിരുദ്ധമല്ല, മറിച്ച് പരസ്പര പൂരകമാണ്. കയ്പു ചീരയോടു കൂടെ അതു തിന്നേണം (പുറപ്പാട് 12:8).

 അദ്ധ്യായം പത്ത്

തിരുവെഴുത്തുകളും സ്നേഹവും

ക്രിസ്ത്യാനിയുടെ ഹൃദയം വചനത്തിന് കീഴടങ്ങുന്നു

തിരുവെഴുത്തുകൾ ജിജ്ഞാസയോടെ വായിക്കുമ്പോൾ നമ്മുടെ ആത്മാക്കൾ യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെടുന്നുവോ ഇല്ലയോ എന്ന് ഉറപ്പാക്കാനുള്ള ചില മാർഗ്ഗങ്ങൾ മുൻ അയങ്ങളിൽ ഞാൻ കാണിച്ചുതരാൻ ശ്രമിക്കുകയുണ്ടായി. അറിവ് നേടാനുള്ള ആഗ്രഹത്തെ ‘സത്യത്തോടുള്ള സ്നേഹം’ (2 തെസ്സലൊനീക്യർ 2:9) ആയി പലരും തെറ്റിദ്ധരിച്ചിരിക്കുന്നു, കൃപയിൽ വളരുക എന്നാൽ അവരുടെ അറിവിന്‍റെ  ഭണ്ഡാരം കുറച്ചുകൂടി നിറയ്ക്കുക എന്നാണെന്ന് വിചാരിച്ചു കൊണ്ട്  അവർ വഞ്ചിക്കപ്പെടുന്നു. ദൈവവചനം ധ്യാനിക്കുമ്പോൾ, അത് നമ്മുടെ ഉദ്ദേശ്യത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.  അത് അതിലെ വിഷയങ്ങളുമായി പരിചയത്തിലാകാനോ, അതിലെ വിവരങ്ങളിൽ പാണ്ഡിത്യം നേടുന്നതിനോ വേണ്ടി മാത്രമാണെങ്കിൽ നമ്മുടെ ആത്മാക്കളുടെ പൂന്തോട്ടം ഫലശൂന്യമായി കിടക്കുകയേയുള്ളൂ; എന്നാൽ വചനത്താൽ ശാസിക്കപ്പെടാനും തിരുത്തപ്പെടാനുമുള്ള പ്രാർത്ഥനാപൂർവ്വമായ ആഗ്രഹത്തോടെയും, ആത്മാവിനാൽ പരീക്ഷിക്കപ്പെടാനുള്ള പ്രതീക്ഷയോടെയും, നമ്മുടെ ഹൃദയങ്ങളെ അതിന്‍റെ  വിശുദ്ധ കല്പനകൾക്ക് അനുസൃതമാക്കാനുള്ള തീവ്രമായ ആകാംക്ഷയോടെയും നാം വാക്യം ധ്യാനിച്ചാൽ, നമുക്ക് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കാം.

വ്യക്തിപരമായ ദൈവഭക്തിയിൽ നാം എത്രത്തോളം പുരോഗമിക്കുന്നുവെന്ന് കണ്ടെത്തുന്നതിനുള്ള  സുപ്രധാന വിഷയങ്ങൾ, തിരിച്ചറിയുന്നതിനുള്ള പ്രയത്നം ഞാൻ മുൻ അദ്ധ്യായങ്ങളിൽ ചെയ്തിട്ടുണ്ട്. ഈ എഴുത്തുകാരനും വായനക്കാരനും സത്യസന്ധമായി സ്വയം പരീക്ഷിക്കാൻ വ്യത്യസ്തമായ മാനദണ്ഡങ്ങൾ നൽകപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള ചില പരീക്ഷകള്‍ ഉണ്ട്; പാപത്തെ അധികമായി വെറുക്കുകയും, പാപത്തിന്‍റെ  ശക്തിയിൽ നിന്നും മാലിന്യത്തിൽ നിന്നും ഞാൻ യഥാർത്ഥത്തിൽ വിമുക്തി പ്രാപിക്കുകയും ചെയ്യുന്നുണ്ടോ? ദൈവവുമായും  കര്‍ത്താവായ ക്രിസ്തുവുമായും ആഴത്തിലുള്ള ഒരു ബന്ധം ഞാന്‍ നേടിയെടുത്തിട്ടുണ്ടോ? എന്‍റെ പ്രാർത്ഥനാ ജീവിതം ആരോഗ്യകരമാണോ? ഞാൻ സൽപ്രവർത്തികൾ ധാരാളമായി ചെയ്യുന്നുണ്ടോ? എന്‍റെ അനുസരണം പൂർണ്ണവും സന്തോഷകരവുമാണോ? എന്‍റെ വഴികളിലും ഞാൻ സ്നേഹം കാണിക്കുന്ന വിഷയത്തിലും ലോകത്തിൽ നിന്ന് വ്യത്യസ്തനാണോ? ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ ശരിയായ രീതിയിൽ പ്രയോജനകരമായി ഉപയോഗിക്കാൻ പഠിക്കുകയും, അങ്ങനെ അവനിലുള്ള ആനന്ദമാണ് അനുദിനം എന്‍റെ ബലം എന്നു പറഞ്ഞു കൊണ്ട് ഞാന്‍ അവനിൽ സന്തോഷിക്കുകയും ചെയ്യുന്നുണ്ടോ? എന്‍റെ കാര്യത്തിൽ ഇതെല്ലാം വാസ്തവമാണെന്ന് പറയാന്‍ സാധിക്കുമ്പോള്‍ മാത്രമേ, എന്‍റെ  വചന പഠനം പ്രയോജനകരമാകുകയുള്ളൂ, അല്ലെങ്കിൽ ഞാൻ വചനധ്യാനം കൊണ്ട് ഒരു പ്രയോജനവും നേടുന്നില്ല എന്ന് അധികമായി ഭയപ്പെടേണ്ടതുണ്ട്.

ക്രിസ്തീയ സ്നേഹത്തെക്കുറിച്ച് ചിന്തിക്കാൻ ഒരു അദ്ധ്യായം മുഴുവൻ മാറ്റിവയ്ക്കാതെ ഈ ധ്യാനം അവസാനിപ്പിക്കുന്നത് ഉചിതമായിരിക്കയില്ല. ദൈവവചനത്തിന്‍റെ ധ്യാനാത്മക പഠനം എന്നെ ആത്മീയമായി എത്രമാത്രം സഹായിക്കുന്നുണ്ട് എന്നതിന്‍റെ മറ്റൊരു സൂചകം, സ്നേഹമാകുന്ന ഈ ആത്മീയ കൃപ, എത്രത്തോളം എന്നിൽ പ്രാവർത്തികമാക്കപ്പടുന്നുണ്ട് അല്ലെങ്കിൽ പ്രാവർത്തികമാക്കപ്പെടുന്നില്ല, എത്രത്തോളം സ്നേഹത്താൽ എന്‍റെ ജീവിതം ക്രമീകരിക്കപ്പെടുന്നുണ്ട് അല്ലങ്കിൽ ക്രമീകരിക്കപ്പെടുന്നില്ല എന്നതാണ്. തിരുവെഴുത്തുകൾ ശ്രദ്ധാപൂർവ്വം വായിക്കുന്ന ആർക്കും സ്നേഹത്തെക്കുറിച്ച് എത്രമാത്രം എഴുതിയിട്ടുണ്ടെന്ന് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല. അതുകൊണ്ട് ഒരു വ്യക്തിയുടെ സ്നേഹം യഥാർത്ഥത്തിൽ ആത്മീയമാണോ അല്ലയോ എന്ന് ശ്രദ്ധാപൂർവ്വം പ്രാർത്ഥനാപൂർവ്വം സ്ഥിരീകരിക്കുന്നത് നല്ലതാണ്; അത് ആരോഗ്യകരമായ അവസ്ഥയിലാണോ എന്നും, ശരിയായ രീതിയില്‍ അഭ്യസിക്കുന്നുണ്ടോ എന്നും തിരിച്ചറിയുന്നത് ശ്രേഷ്ടമായ കാര്യമാണ്.

ക്രിസ്തീയ സ്നേഹം എന്ന വിഷയത്തിന്‍റെ വ്യത്യസ്ത വശങ്ങൾ ഒരൊറ്റ അദ്ധ്യായത്തിന്‍റെ പരിധിക്കുള്ളിൽ പരിശോധിക്കുന്നത് വളരെ പ്രയാസമായിരിക്കും. ദൈവത്തോടും അവന്‍റെ ക്രിസ്തുവിനോടും നാം കാണിക്കുന്ന സ്നേഹം പരിശോധിച്ചുകൊണ്ട്  ആരംഭിക്കുന്നത് ഉചിതമായിരിക്കും. പക്ഷേ മുൻ അദ്ധ്യായങ്ങളിൽ ഈ വിഷയം നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്, അതിനാൽ നമുക്ക് ഇപ്പോൾ അത് വേണ്ടെന്നു വയ്ക്കാം. നമ്മുടെ കുടുംബങ്ങളോടും സഹമനുഷ്യരോടും നാം  കടപ്പെട്ടിരിക്കുന്ന സ്വാഭാവിക സ്നേഹത്തെക്കുറിച്ച് ധാരാളം പറയാൻ കഴിയും, പക്ഷേ ഇപ്പോൾ എന്‍റെ മനസ്സിലുള്ളതിനെക്കുറിച്ച് എഴുതേണ്ടത് ഇതിനെക്കാൾ കൂടുതൽ ആവശ്യമാണ്. അതിനാൽ ക്രിസ്തുവിലുള്ള സഹോദരങ്ങൾക്കിടയിൽ ഉണ്ടായിരിക്കേണ്ട ആത്മീയ സ്നേഹത്തെക്കുറിച്ചാണ് ഇവിടെ നാം അവലോകനം ചെയ്യുന്നത്.

  1. ക്രിസ്തീയ സ്നേഹത്തിന്‍റെ മഹത്വം മനസ്സിലാക്കുമ്പോൾ മാത്രമേ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നുള്ളൂ.

1 കൊരിന്ത്യർ 13-ാം അദ്ധ്യായത്തിലേതുപോലെ വ്യക്തമായി ഈ വിഷയം മറ്റൊരിടത്തും ഊന്നിപ്പറഞ്ഞിട്ടില്ല.   ഒരു ക്രിസ്ത്യാനിക്ക് ദൈവിക വിഷയങ്ങൾ വ്യക്തമായും വാചാലമായും സംസാരിക്കാൻ കഴിയുമെങ്കിലും, സ്നേഹമില്ലെങ്കിൽ, അവൻ ഒരു നിർജ്ജീവമായ, മുഴങ്ങുന്ന ചെമ്പ് പോലെ ആണെന്ന് പരിശുദ്ധാത്മാവ് ഇവിടെ നമ്മോട് പറയുന്നു. പ്രവചന വരം ഉള്ളവനായി സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിക്കാൻ കഴിഞ്ഞാലും, മലകളെ മാറ്റാൻ തക്ക വലിയ വിശ്വാസമുണ്ടെങ്കിലും, സ്നേഹമില്ലെങ്കിൽ അവൻ ആത്മീയമായി പ്രയോജനമില്ലാത്തവനാണ്. ഒരു വ്യക്തി തന്‍റെ എല്ലാ സ്വത്തുക്കളും ദരിദ്രരെ പോഷിപ്പിക്കാൻ വേണ്ടി നൽകാൻ കഴിയുന്നത്ര ദയാലുവായാലും, അല്ലെങ്കിൽ തന്‍റെ ശരീരത്തെ ബലിയായി സമർപ്പിക്കുന്നവനായാലും, സ്നേഹമില്ലെങ്കിൽ ഒരു പ്രയോജനവുമില്ല. സ്നേഹത്തിന് എത്രത്തോളം വിലയുണ്ടെന്നും അത് എനിക്ക് എത്രത്തോളം ആവശ്യമാണെന്നും എനിക്ക് സ്ഥിരീകരിക്കേണ്ടതുണ്ട്.

 നിങ്ങൾക്ക് തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്‍റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും (യോഹന്നാൻ 13:35) എന്ന് കര്‍ത്താവ് പറഞ്ഞു. കര്‍ത്താവ് സ്നേഹത്തെ ക്രിസ്തീയ ശിഷ്യത്വത്തിന്‍റെ  പ്രതീകമാക്കിയതു കൊണ്ടാണ് അതിന്‍റെ പ്രാധാന്യത നാം മനസ്സിലാക്കുന്നത്. നമ്മുടെ വിശ്വാസപ്രഖ്യാപനത്തിന്‍റെ യഥാർത്ഥതയ്ക്കുള്ള  ഒരു അനിവാര്യമായ പരീക്ഷയാണിത്; ക്രിസ്തുവിലുള്ള സഹോദരന്മാരെ സ്നേഹിക്കാതെ നമുക്ക് അവനെ സ്നേഹിക്കാൻ കഴിയില്ല, കാരണം അവരെല്ലാം ഒരേ "ജീവഭാന്ധത്തിൽ" കെട്ടപ്പെട്ടിരിക്കുന്നവരാണ് (1 ശമു. 25:29). അവൻ വീണ്ടെടുത്തവരോട് സ്നേഹം കാണിക്കുന്നത് കർത്താവായ യേശുവിനോടുള്ള നമ്മുടെ പ്രകൃത്യാതീതമായ ആത്മീയ സ്നേഹത്തിന് ഉറപ്പായ തെളിവാണ്. പരിശുദ്ധാത്മാവ് എവിടെയാണോ പ്രകൃത്യാതീതമായ ജനനം ഉളവാക്കുന്നത് അവിടെ, അവൻ ആ സ്വഭാവത്തെ പ്രായോഗികമാക്കുകയും വിശുദ്ധന്മാരുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും പെരുമാറ്റങ്ങളിലും പ്രകൃത്യാതീതമായ ഗുണങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു; അവയിലൊന്ന് ക്രിസ്തുവിനുവേണ്ടി അവനുള്ളവരെ സ്നേഹിക്കുക എന്നുള്ളതാണ്.

  1. ക്രിസ്തീയ സ്നേഹത്തിന്‍റെ വേദനാജനകമായ വളച്ചൊടിക്കലുകൾ തിരിച്ചറിയാൻ കഴിയുമ്പോൾ മാത്രമേ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നുള്ളൂ.

വെള്ളത്തിന് സ്വന്തം നിരപ്പിന് മുകളിലേക്ക് ഉയരാൻ കഴിയാത്തതുപോലെ, പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്‍റെ ഉപദേശങ്ങൾ കൈക്കൊള്ളുന്നില്ല... അത് അവന് ഗ്രഹിപ്പാൻ കഴിയുന്നതുമല്ല (1 കൊരിന്ത്യർ 2:14).   വീണ്ടും ജനിക്കാത്ത, നാമധേയ ക്രിസ്ത്യാനികൾ മാനുഷിക സ്നേഹത്തെയും സ്വാഭാവികമായുള്ള അടുപ്പത്തെയും ആത്മീയ സ്നേഹമായി തെറ്റിദ്ധരിച്ചാൽ നാം അതിശയിക്കേണ്ടതില്ല. എന്നാൽ ദൈവമക്കളിൽ ചിലർ അത്രത്തോളം താണ നിലയില്‍ ചിന്തിക്കുന്നു. കാരണം അവർ മാനുഷികമായ സൗഹൃദങ്ങളേയും, സ്നേഹനിർഭരമായ സംസാരങ്ങളേയും ക്രിസ്തീയ സ്നേഹമായി തെറ്റിദ്ധരിക്കുന്നു. ആത്മീയ സ്നേഹം സൗമ്യത, മൃദുത്വം എന്നൊക്കെയായി ചിത്രീകരിക്കപ്പെടുമ്പോഴും, അത് ശാരീരിക മര്യാദകളെക്കാളും ദയയേക്കാളും വളരെ ഉയരത്തിലാണ്.

മക്കളോട് യഥാർത്ഥ വാത്സല്യം കാണിക്കുന്നതും അവരെ ശിക്ഷിക്കുന്നതും- ഇവ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് എത്രയോ  ഭോഷന്മാരായ പിതാക്കന്മാർ ആണ് മക്കളുടെ മേൽ ശിക്ഷണത്തിന്‍റെ വടി ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനില്ക്കുന്നത്! എത്രയോ അമ്മമാർ, തങ്ങളുടെ കുട്ടികളെ ശിക്ഷിക്കുന്നതിനുപകരം, ധാർമ്മിക മന്ദതയ്ക്കും അച്ചടക്കമില്ലായ്മയ്ക്കും ‘സ്നേഹം’ എന്ന പദം പ്രയോഗിച്ചു കൊണ്ട് തങ്ങളുടെ വീടുകളിൽ സ്നേഹം വാഴുന്നുവെന്ന് വീമ്പിളക്കുന്നത് നമുക്ക് കാണാം! എന്നാൽ അനേക വിഷയങ്ങളിലും ബന്ധങ്ങളിലും, പലരുടെയും മനസ്സിനെ ഭരിക്കുന്നത് ഈ അപകടകരമായ ചിന്തയാണ്. ഒരു ദൈവദാസൻ, തങ്ങളുടെ ജഡികമായ ലൗകിക മോഹങ്ങളെ ശാസിച്ചാലും, ദൈവത്തിന്‍റെ വിട്ടുവീഴ്ചയില്ലാത്ത വാദങ്ങൾ ഉപയോഗിച്ച് അവയെ ഉറപ്പിച്ച് പറഞ്ഞാലും, ‘സ്നേഹമില്ലാത്തവൻ’ എന്ന കുറ്റം അവന്‍റെ മേൽ ചുമത്തപ്പെടുന്നു. അയ്യോ, ഈ പ്രധാനപ്പെട്ട വിഷയത്തിൽ എത്രയോ ആളുകളാണ് സാത്താനാല്‍ വളരെ ദാരുണമായി വഞ്ചിക്കപ്പെടുന്നത്!

  1. ക്രിസ്തീയ സ്നേഹത്തിന്‍റെ യഥാർത്ഥ സ്വഭാവം നമ്മെ പഠിപ്പിക്കുമ്പോൾ മാത്രമേ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നുള്ളൂ.

വിശുദ്ധരുടെ ആത്മാക്കളിൽ വിശ്വാസത്തോടും പ്രത്യാശയോടും കൂടെ ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു ആത്മീയ ദാനമാണ് ക്രിസ്തീയ സ്നേഹം (1 കൊരിന്ത്യർ 13:13)). അവർ വീണ്ടും ജനിക്കുമ്പോള്‍ അവരിൽ രൂപപ്പെടുന്ന വിശുദ്ധ സ്വഭാവമാണിത് (1 യോഹന്നാൻ 5:1). പരിശുദ്ധാത്മാവിനാൽ ദൈവത്തിന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് പകരപ്പെട്ടിരിക്കുന്നു (റോമർ 5:5). മറ്റുള്ളവരുടെ നന്മ അന്വേഷിക്കുക എന്നതാണ് അതിന്‍റെ തത്വം. ഇത് നമ്മിൽ സ്വാഭാവികമായി ഉള്ള സ്വസ്നേഹത്തിനും സ്വാർത്ഥതാല്പര്യങ്ങൾക്കും വിപരീതമാണ്. ഇത് ക്രിസ്തുവിന്‍റെ സാദൃശ്യമുള്ള എല്ലാവരോടുമുള്ള സ്നേഹപൂർവമായ മര്യാദ മാത്രമല്ല, മറിച്ച് അവരുടെ പുരോഗതിയെ പിന്തുണയ്ക്കാനുള്ള ശക്തമായ ആഗ്രഹവുമാണ്. ഏതോ വികാരത്താൽ പെട്ടെന്ന് ഉണർത്തപ്പെടുന്ന അസ്ഥിരമായ ഒരു പ്രവണതയല്ല, മറിച്ച് ‘ആഴക്കടലിന്‍റെ’ നിസ്സംഗതയ്ക്കോ ‘നദീപ്രവാഹങ്ങളുടെ’ പൊരുത്തക്കേടിനോ, ഒരിക്കലും കെടുത്തി കളയാനോ, മുക്കിക്കളയാനോ കഴിയാത്ത ദൃഢമായ ശക്തിയാണത്((ഉത്തമഗീതം 8:7)). തലത്തിൽ അവന്‍റെ സ്നേഹത്തേക്കാൾ വളരെ കുറവാണെങ്കിലും, അതിന് അതേ സത്തയാണ് ഉള്ളത്. ആ സ്നേഹത്തെക്കുറിച്ച് നാം വായിക്കുന്നു, “ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതു പോലെ അവസാനത്തോളം അവരെ സ്നേഹിച്ചു (യോഹന്നാൻ 13:1).

ക്രിസ്തീയ സ്നേഹത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് ശരിയായ ഗ്രാഹ്യം നേടുന്നതിനുള്ള ഏറ്റവും സുരക്ഷിതവും കൃത്യവുമായ മാർഗ്ഗം കർത്താവായ യേശുവിൽ ആ സ്നേഹം അതിന്‍റെ പൂര്‍ണ്ണതയിൽ എങ്ങനെ വെളിപ്പെട്ടുവന്നു എന്ന് പഠിക്കുക എന്നുള്ളതാണ്. ‘സമഗ്രമായ പഠനം എന്നുപറയുമ്പോൾ നാം ഇഷ്ടപ്പെടുന്ന ചില സംഭവങ്ങളിൽ അല്ലെങ്കില്‍ വാക്യഭാഗങ്ങളിൽ മാത്രം നമ്മുടെ പഠനം ഒതുക്കി നിര്‍ത്താതെ, അവനെ കുറിച്ച് നാല് സുവിശേഷങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ എല്ലാം പൂർണ്ണമായി പരിശോധിക്കണം. അങ്ങനെ ചെയ്യുമ്പോൾ, അവന്‍റെ സ്നേഹം അനുകമ്പയുള്ളതും, ഉത്തമമായതും, ആലോചനാത്മകവും, ആർദ്രവും, നിസ്വാർത്ഥവും, ത്യാഗപൂർണ്ണവും, മാറ്റമില്ലാത്തതും, ക്ഷമയുള്ളതുമാണെന്ന് മാത്രമല്ല, അതിൽ മറ്റു പല വശങ്ങളും ഉൾപ്പെടുന്നുവെന്ന് നാം കണ്ടെത്തുന്നു. ആ സ്നേഹത്തിന് അടിയന്തരമായ  അപേക്ഷ നിരസിക്കാൻ കഴിയും (യോഹന്നാൻ 11:6),  അമ്മയെ ശാസിക്കാൻ കഴിയും (യോഹന്നാൻ 2:4), ചാട്ടവാറുകൊണ്ട് അടിക്കാൻ കഴിയും (യോഹന്നാൻ 2:15), സംശയിക്കുന്ന ശിഷ്യന്മാരെ ശാസിക്കാൻ കഴിയും (ലൂക്കോസ് 24:25), കപടനാട്യക്കാരെ കുറ്റം വിധിക്കാൻ കഴിയും (മത്തായി 23:18-33). സ്നേഹം കഠിനമായി തോന്നാം  (മത്തായി 16:23), കോപം നിറഞ്ഞതുമാകാം (മർക്കോസ് 3:5). ആത്മീയ സ്നേഹം ശുദ്ധമാണ്; ദൈവത്തോട് വിശ്വസ്തത പുലർത്തുന്നതാണ്; എല്ലാ അനീതിയോടും വിട്ടുവീഴ്ചയില്ലാത്ത മനോഭാവം പുലർത്തുന്നതുമാണ്.

  1. ക്രിസ്തീയ സ്നേഹം ദൈവം ഉളവാക്കുന്നതാണെന്ന് മനസ്സിലാക്കുമ്പോൾ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നു.

 നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം.”   1 (യോഹന്നാൻ 3:14).  സഹോദരങ്ങളോടുള്ള സ്നേഹം വീണ്ടും ജനനത്തിന്‍റെ സ്വാഭാവിക ഫലമാണ്. ലോകസ്ഥാപനത്തിനുമുമ്പ് പിതാവായ ദൈവം നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു എന്നതിന്‍റെ അനുഗ്രഹീതമായ തെളിവാണ് പരിശുദ്ധാത്മാവ് നമ്മുടെ ആത്മാക്കളിൽ ഉളവാക്കിയ സ്നേഹം. ക്രിസ്തുവിനെയും അവനെ സംബന്ധിക്കുന്ന കാര്യങ്ങളെയും അവനിലുള്ള നമ്മുടെ സഹോദരങ്ങളെയും സ്നേഹിക്കുക എന്നത് തന്‍റെ  പരിശുദ്ധാത്മാവിലൂടെ നമ്മെയും കൂട്ടാളികളാക്കിയ ആ ദിവ്യ സ്വഭാവവുമായി പൊരുത്തപ്പെടുന്നതാണ്. സഹോദരങ്ങളോടുള്ള ഈ സ്നേഹം വീണ്ടും ജനിച്ചവർക്കല്ലാതെ മറ്റാർക്കും കാണിക്കാൻ കഴിയാത്ത ഒന്നാണ്, അവർക്കല്ലാതെ മറ്റാർക്കും അത് ശീലിക്കാൻ കഴിയില്ല, അല്ലെങ്കിൽ അപ്പോസ്തലൻ അത്രമാത്രം പ്രത്യേകമായി അതിനെക്കുറിച്ച് പ്രസ്താവിക്കുമായിരുന്നില്ല; അത് എങ്ങനെയെന്നാൽ, അത് ഇല്ലാത്തവർ വീണ്ടും ജനിക്കാത്തവർ തന്നെയാണ്. ‘തന്‍റെ സഹോദരനെ സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു’ (എസ്.ഇ. പിയേഴ്സ്).

സഹോദരങ്ങളോടുള്ള സ്നേഹം എന്നത് എന്‍റെ സ്വന്തം അഭിപ്രായങ്ങളോട് യോജിക്കുന്നവരെ അല്ലെങ്കില്‍ എന്നെ പോലെയുള്ള  വ്യക്തിത്വമുള്ളവരെ കണ്ടെത്തുന്നതിനെക്കാൾ അപ്പുറമാണ്. അത് വെറും സ്വാഭാവികമായ കാര്യമല്ല, മറിച്ച് ആത്മീയവും പ്രകൃത്യാതീതവുമായ ഒന്നാണ്. ക്രിസ്തുവിനെക്കുറിച്ചുള്ള വിഷയങ്ങൾ ഞാൻ ആരിലാണോ ഗ്രഹിക്കുന്നത് അവരിലേക്ക് എന്‍റെ ഹൃദയത്തെ പിടിച്ചു നിർത്തുന്നതാണത്; അതായത്, ദൈവപുത്രന്‍റെ സ്വരൂപം ഞാൻ ആരിലാണോ കാണുന്നത് അവരെ എല്ലാവരെയും സ്വീകരിക്കുന്നതാണത്. ക്രിസ്തുവിനെക്കുറിച്ചുള്ള വിഷയങ്ങൾ ഞാൻ അവരിൽ കാണുന്നതു കൊണ്ട് ക്രിസ്തുവിനു വേണ്ടി അവരെ സ്നേഹിക്കുക. എന്‍റെ  സഹോദരീസഹോദരന്മാരിൽ ക്രിസ്തു വസിക്കുന്ന കാരണത്താൽ പരിശുദ്ധാത്മാവ് എന്നെ ആകർഷിക്കുകയും അവരിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, യഥാർത്ഥ ക്രിസ്തീയ സ്നേഹം കേവലം ഒരു ദൈവിക ദാനം മാത്രമല്ല, മറിച്ച് അതിന്‍റെ നിലനിൽപ്പിനും   പ്രയോഗത്തിനും പൂർണ്ണമായും ദൈവത്തില്‍ മാത്രം അത് ആശ്രയിക്കുന്നു. ദൈവത്തിനും അവന്‍റെ ജനത്തിനും വേണ്ടി പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്ന ആ സ്നേഹം പ്രായോഗികമായി പ്രകടിപ്പിക്കാൻ നാം എല്ലാ ദിവസവും പ്രാർത്ഥിക്കണം.

  1. ക്രിസ്തീയ സ്നേഹം ശരിയായി പരിശീലിക്കുമ്പോൾ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നു.

ഇത് നമ്മുടെ സഹോദരങ്ങളെ പ്രീതിപ്പെടുത്തുന്നതോ, അല്ലെങ്കില്‍ അവരുടെ മുമ്പില്‍ നമ്മെ നല്ലവരായി കാണിക്കുന്നതോ അല്ല, മറിച്ച് അവരുടെ വളർച്ചയും പുരോഗതിയും ആഗ്രഹിച്ചു കൊണ്ട് പ്രവർത്തിക്കുന്നതാണ്. നാം ദൈവത്തെ സ്നേഹിച്ച് അവന്‍റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്ന് അതിനാൽ അറിയാം” (1 യോഹന്നാൻ 5:2). ദൈവത്തോടുള്ള എന്‍റെ വ്യക്തിപരമായ സ്നേഹത്തിന്‍റെ യഥാർത്ഥ പരീക്ഷ എന്താണ്? ഞാൻ അവന്‍റെ കല്പനകൾ പാലിക്കുന്നുണ്ടോ എന്നുള്ളതാണ് (യോഹന്നാൻ 14:15,21,24; 15:10,14 കാണുക). ദൈവത്തോടുള്ള എന്‍റെ യഥാർത്ഥതയും ശക്തിയും അളക്കുന്നത് എന്‍റെ വാക്കുകളാലോ എനിക്ക് അവനെക്കുറിച്ച് എത്ര ആവേശത്തോടെ പാടാൻ കഴിയും എന്നതിനാലോ അല്ല, മറിച്ച് അവന്‍റെ  വചനത്തോടുള്ള എന്‍റെ അനുസരണത്തിലൂടെയാണ്. എന്‍റെ സഹോദരങ്ങളുമായുള്ള എന്‍റെ ബന്ധത്തിനും ഇതേ നിയമം ബാധകമാണ്.

നാം ദൈവത്തെ സ്നേഹിച്ചു അവന്‍റെ കല്പനകളെ പ്രമാണിക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാൽ അറിയാം.” എന്‍റെ  സഹോദരീസഹോദരന്മാരുടെ തെറ്റുകളെ ഞാൻ ന്യായീകരിക്കുകയാണെങ്കിൽ, അവരെ പ്രസാദിപ്പിക്കാൻ എന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഞാൻ പ്രവർത്തിക്കുകയാണെങ്കിൽ, ഞാൻ അവരെ സ്നേഹിക്കുന്നില്ല. സഹോദരനെ നിന്‍റെ                                                                                   ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്‍റെ പാപം നിന്‍റെ മേൽ വരാതിരിപ്പാൻ അവനെ താൽപര്യമായി ശാസിക്കേണം” (ലേവ്യാപുസ്തകം 19:17). സ്നേഹം ദൈവികമായ രീതിയിൽ പ്രകടിപ്പിക്കണം, ദൈവത്തോടുള്ള സ്നേഹത്തെ ബലി അർപ്പിച്ചു കൊണ്ട് ആകരുത്; മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എന്‍റെ ഹൃദയത്തിൽ ദൈവത്തിന് ശരിയായ സ്ഥാനം നൽകുമ്പോൾ മാത്രമേ എനിക്ക് എന്‍റെ സഹോദരങ്ങളോട് ആത്മീയമായ സ്നേഹം പ്രകടിപ്പിക്കാൻ കഴിയൂ. യഥാർത്ഥ ആത്മീയ സ്നേഹം അവരെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നില്ല, മറിച്ച് ദൈവത്തെ പ്രസാദിപ്പിക്കുകയും  അവരെ സഹായിക്കുകയും ചെയ്യുന്നു; എന്നാൽ ദൈവകല്പനകളുടെ പാതയിൽ മാത്രമേ എനിക്ക് അവരെ സഹായിക്കാൻ കഴിയൂ.

പരസ്പരം തലയിലെടുത്തു വയ്ക്കുന്നതല്ല സഹോദരസ്നേഹം; നമ്മുടെ മുന്നിലുള്ള ഓട്ടത്തിൽ മുന്നേറാൻ തക്കവണ്ണം പരസ്പരം പ്രോത്സാഹിപ്പിച്ചുകൊണ്ട് 'യേശുവിനെ നോക്കി മുന്നേറാൻ സഹായിക്കുന്ന  പ്രോത്സാഹജനകമായ വാക്കുകൾ സംസാരിക്കുന്നത് (ക്രിസ്തുവിനോടുകൂടെയുള്ള നമ്മുടെ ദൈനംദിന നടപ്പിലൂടെ അവർക്ക് മാതൃകയായി കൊണ്ട്) വളരെ സഹായകരമാണ്. സഹോദര സ്നേഹം എന്നത് പവിത്രമായ ഒരു കാര്യമാണ്, അത് ഒരു ശാരീരിക പ്രവണതയോ, നാം നടക്കുന്ന പാതയോടുള്ള അശ്രദ്ധമായ മനോഭാവമോ അല്ല. ദൈവത്തിന്‍റെ കല്പനകൾ, അവന്‍റെ സ്നേഹത്തേയും അധികാരത്തേയും വ്യക്തമാക്കുന്ന വാക്കുകൾ ആണ്. അതുകൊണ്ട്  പരസ്പരം സ്നേഹം പ്രകടിപ്പിക്കാനുള്ള ശ്രമത്തിൽ അവയെ അവഗണിക്കുന്നത് യഥാർത്ഥത്തിൽ 'സ്നേഹം' അല്ല. നമ്മുടെ സ്നേഹപ്രകടനം ദൈവത്തിന്‍റെ വെളിപ്പെടുത്തപ്പെട്ട നിർദ്ദേശങ്ങളുമായി കർശനമായി പൊരുത്തപ്പെടുന്നതായിരിക്കണം. നാം “സത്യത്തിൽ സ്നേഹിക്കുന്നവരാകണം” (3 യോഹന്നാൻ 1).

  1. ക്രിസ്തീയ സ്നേഹത്തിന്‍റെ വ്യത്യസ്ത പ്രകടനങ്ങളെക്കുറിച്ച് നമ്മെ പഠിപ്പിക്കുമ്പോൾ മാത്രമേ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നുള്ളൂ.

നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കുകയും ആ സ്നേഹം എല്ലാ വിധത്തിലും പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് നമ്മുടെ നിയുക്ത കടമയാണ്. എന്നാൽ കൃപാസനത്തിങ്കൽ അവരുമായി യഥാർത്ഥമായും, ഫലപ്രദമായും, ആഡംബരമില്ലാതെയും കൂട്ടായ്മ ആചരിക്കുന്നതിലൂടെ മാത്രമേ ഇത് ചെയ്യാൻ കഴിയൂ. അതായത്, ലോകമെമ്പാടും ക്രിസ്തുവിലുള്ള സഹോദരീ സഹോദരന്മാരുണ്ട്, എന്നാൽ അവർ അനുഭവിക്കുന്ന പരീക്ഷകൾ, സംഘർഷങ്ങൾ, ദുഃഖങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. എന്നിരുന്നാലും, അവർക്കുവേണ്ടി, ആത്മാർത്ഥമായി അപേക്ഷകളിലൂടെയും പക്ഷവാദം കഴിക്കുന്നതിലൂടെയും എനിക്ക് അവരോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ട്, ദൈവമുമ്പാകെ എന്‍റെ ഹൃദയം പകരാൻ കഴിയും. ഒരു ക്രിസ്ത്യാനിക്ക് തന്‍റെ സഹയാത്രികരോടുള്ള സ്നേഹവാത്സല്യങ്ങൾ, തന്‍റെ  എല്ലാ താൽപ്പര്യങ്ങളും കർത്താവായ യേശുവിനെ പ്രതി അവർക്കുവേണ്ടി ചിലവഴിക്കുന്നതിലൂടെയും, തന്‍റെ ദയയും അനുകമ്പയും അവർക്ക് പ്രയോജനകരമായ നിലയിൽ ഉപയോഗിക്കുന്നതിലൂടെയും പ്രകടിപ്പിക്കാൻ കഴിയും.

എന്നാൽ ഈ ലോകത്തിലെ വസ്തുവക ഉള്ളവൻ ആരെങ്കിലും തന്‍റെ സഹോദരനു മുട്ടുള്ളതു കണ്ടിട്ട് അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്‍റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും? കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക” (1 യോഹന്നാൻ 3:17-18). ഈ ലോകത്തിലെ സ്വത്തുക്കളുടെ കാര്യത്തിൽ ദൈവജനത്തിൽ പലരും വളരെ ദുരിതത്തിലാണ്. ചിലപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അവര്‍ ആശ്ച്ചര്യപ്പെടാറുണ്ട്. അത് അവർക്ക് വലിയൊരു പരീക്ഷയാണ്. ദൈവം ഈ പരീക്ഷ അനുവദിക്കുന്നതിന്‍റെ ഒരു കാരണം, മറ്റ് വിശുദ്ധന്മാർക്ക് അവർ ദയ കാണിക്കുകയും, ദൈവം അവർക്കു നൽകിയ സമൃദ്ധിയിൽ നിന്ന് അവരുടെ ലൗകിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്യുക എന്നതാണ്. യഥാർത്ഥ സ്നേഹം ഏറ്റവും പ്രായോഗികമാണ്; ഒരു സഹോദരനെ അവന്‍റെ കഷ്ടപ്പാടുകളിൽ നിന്ന് മോചിപ്പിക്കാൻ ചെയ്യുന്ന ഏതു പ്രവൃത്തിയും അത് ചെറുതോ താഴ്ന്നതോ ആയി  കണക്കാക്കപ്പെടുന്നില്ല. സ്നേഹനിധിയായ കർത്താവ് ഈ ഭൂമിയിലായിരുന്നപ്പോൾ, അവൻ പുരുഷാരത്തിന്‍റെ ശാരീരിക വിശപ്പിനെക്കുറിച്ച് ചിന്തിച്ചു, തന്‍റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നത് ഒരു താഴ്ന്നകാര്യമായി അവന്‍ കണക്കാക്കിയില്ല (യോഹന്നാൻ 13:14).

കർത്താവിന്‍റെ ജനത്തിൽ ചിലർ വളരെ ദരിദ്രരായതിനാൽ മറ്റുള്ളവരുമായി പങ്കിടാൻ പോലും അവർക്ക് ഒന്നുമില്ല. അപ്പോൾ അവർ എന്താണ് ചെയ്യേണ്ടത്? വിശുദ്ധരുടെ ആശങ്കകൾ അപേക്ഷകളാക്കി മാറ്റാന്‍ സാധിക്കുമല്ലോ? അവർ എല്ലാ വിശുദ്ധന്മാർക്കും വേണ്ടി കൃപാസനത്തിങ്കൽ പക്ഷവാദം കഴിക്കണം. നമ്മുടെ സ്വന്തം സാഹചര്യങ്ങളെയും വിഷങ്ങളെയും അടിസ്ഥാനമാക്കി, മറ്റ് വിശുദ്ധരുടെ വികാരങ്ങൾ, ദുഃഖങ്ങൾ, പരാതികൾ എന്നിവ എങ്ങനെയുള്ളതാണെന്ന് നമുക്ക് മനസ്സിലാകും. അസംതൃപ്തിക്കും പിറുപിറുപ്പിനും എത്ര എളുപ്പത്തിൽ വഴങ്ങി പോകുന്നുവെന്ന് നമ്മുടെ കഠിനമായ അനുഭവത്തിൽ നിന്ന് നമുക്കറിയാം. നാം നിലവിളിച്ചപ്പോൾ കർത്താവ് തന്‍റെ സൗമ്യമായ കരം നമ്മുടെ മേൽ വെച്ചതെങ്ങനെയെന്നും, കർത്താവ് വിലയേറിയ ഒരു വാഗ്ദാനം നമ്മുടെ ഓർമ്മയിലേക്ക് കൊണ്ടുവന്നപ്പോൾ നമ്മുടെ ഹൃദയങ്ങള്‍ക്ക് എത്രമാത്രം സമാധനവും ആശ്വാസവും ലഭിച്ചു  എന്നും നമുക്കറിയാം. ദുരിതത്തിലായിരിക്കുന്ന തന്‍റെ എല്ലാ വിശുദ്ധന്മാരോടും ആ രീതിയിൽ കരുണ കാണിക്കാൻ നമുക്ക് അവനോട് അപേക്ഷിക്കാം. അവരുടെ ഭാരം നമുക്ക് നമ്മുടെതായി ഏറ്റെടുക്കാം, കരയുന്നവരോടൊപ്പം കരയാം, സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കാം. അങ്ങനെ ക്രിസ്തുവിലുള്ളവരോടുള്ള നമ്മുടെ യഥാർത്ഥമായ സ്നേഹം നമുക്ക് പ്രകടിപ്പിക്കാം, അവരെ നിത്യദയയോടെ ഓര്‍ക്കേണമേയെന്ന് കർത്താവിനോട് അപേക്ഷിക്കാം.

ശിഷ്യന്മാരോടുള്ള തന്‍റെ സ്നേഹം കർത്താവായ യേശു ഇങ്ങനെയാണ് വെളിപ്പെടുത്തുന്നത്: അവർക്കു വേണ്ടി പക്ഷവാദം ചെയ്യാൻ സദാ ജീവിച്ചു കൊണ്ട് (എബ്രായർ 7:35); അവരുടെ പ്രശ്നങ്ങളെയും ആശങ്കകളെയും  അവന്‍ തന്‍റേതായി കാണുന്നു. അവൻ അവർക്കുവേണ്ടി പിതാവിനോട് നിലവിളിക്കുന്നു. അവൻ ഒന്നും മറന്നു പോകുന്നില്ല; ഓരോ ഒറ്റപ്പെട്ട ആടിനെയും ആ നല്ല ഇടയൻ തന്‍റെ ഹൃദയത്തിൽ വഹിക്കുന്നു. അങ്ങനെ നമ്മുടെ സഹോദരങ്ങളുടെ വിവിധ ആവശ്യങ്ങൾക്കുവേണ്ടിയുള്ള നമ്മുടെ ദൈനംദിന പ്രാർത്ഥനകളിലൂടെ നമ്മുടെ സ്നേഹം പ്രകടിപ്പിക്കുന്നതിലൂടെ, നമ്മുടെ മഹാനായ മഹാപുരോഹിതനുമായുള്ള കൂട്ടായ്മയിലേക്ക് നാം കൊണ്ടുവരപ്പെടുകയാണ്. അതുമാത്രമല്ല, അതിലൂടെയാണ് വിശുദ്ധന്മാർ നമുക്ക് പ്രിയപ്പെട്ടവരാകുന്നത്; ദൈവത്തിന്‍റെ പ്രിയപ്പെട്ടവരായി അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് അവരോടുള്ള നമ്മുടെ സ്നേഹവും വാത്സല്യവും വർദ്ധിപ്പിക്കുന്നു. നമ്മുടെ ഹൃദയങ്ങളിൽ അവരോടുള്ള യഥാർത്ഥ സ്നേഹമില്ലാതെ, നമുക്ക് അവരെ നമ്മുടെ ഹൃദയങ്ങളിലൂടെ കൃപയുടെ സിംഹാസനത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ല.‌ നമ്മൾക്ക് ഇടർച്ചവരുത്തിയ ഒരു സഹോദരനോടുള്ള എതിർപ്പിന്‍റെ വികാരങ്ങളെ മറികടക്കാനുള്ള ഏക മാർഗ്ഗം അദ്ദേഹത്തിനുവേണ്ടി കൂടുതൽ പ്രാർത്ഥിക്കുക എന്നതാണ്.

  1. ക്രിസ്തീയ സ്നേഹം എങ്ങനെ ശരിയായി വളർത്തിയെടുക്കാമെന്ന് പഠിപ്പിക്കുമ്പോൾ മാത്രമേ നാം വചനത്തിൽ നിന്ന് പ്രയോജനം നേടുന്നവർ ആകുന്നുള്ളൂ.

ഇതിനായി രണ്ടോ മൂന്നോ നിയമങ്ങൾ ഞാൻ നിർദ്ദേശിക്കട്ടെ. ഒന്നാമതായി, എന്‍റെ സഹോദരങ്ങളുടെ സ്നേഹത്തെ പരീക്ഷിക്കത്തക്കവണ്ണം എന്നിൽ എത്രത്തോളം കുറവുണ്ടോ, അത്രത്തോളം എന്‍റെ സ്നേഹത്തെ പരീക്ഷിക്കാൻ തക്കവണ്ണം അവരിലും  കുറവുണ്ടെന്ന് ഞാൻ മനസ്സിലാക്കണം. ഈ വിഷയത്തിൽ നാമെല്ലാവരും മനസ്സിൽ പാലിക്കേണ്ട വലിയ മുന്നറിയിപ്പ് സ്നേഹത്തിൽ അന്യോന്യം പൊറുക്കുക എന്നതാണ് (എഫെസ്യർ 4:2). 1 കൊരിന്ത്യർ 13 ലെ ആത്മീയ സ്നേഹത്തിന്‍റെ ആദ്യ ഗുണം “സ്നേഹം ദീർഘമായി ക്ഷമിക്കുന്നു എന്നതാണ് (വാക്യം 4).

രണ്ടാമതായി, ഏതൊരു സദ്‌ഗുണവും വളർത്തിയെടുക്കാനുള്ള ഏറ്റവും നല്ല മാർഗം അത് പരിശീലിക്കുക എന്നതാണ്. പ്രവർത്തിയിൽ കാണിക്കാതെ അതിനെക്കുറിച്ച് സംസാരിച്ചിട്ടോ, ചർച്ച ചെയ്തിട്ടോ യാതൊരു പ്രയോജനവും ഇല്ല. ഇക്കാലത്ത് പലയിടത്തും സ്നേഹത്തിന്‍റെ  അഭാവത്തെ കുറിച്ച് വളരെയധികം പരാതികൾ ഉണ്ട്; എന്തുകൊണ്ട് ഞാൻ നല്ല മാതൃകയായിരിക്കണം എന്നതിന്‍റെ കാരണവും ഇതാണ്! മറ്റുള്ളവരുടെ ക്രൂരതയും നിസ്സംഗതയും നിങ്ങളുടെ സ്നേഹത്തിന് തടസ്സമാകാൻ അനുവദിക്കരുത്. എന്നാൽ “തിന്മയെ നന്മയാൽ ജയിക്കുക (റോമർ 12:21). ആഴ്ചയിൽ ഒരിക്കലെങ്കിലും 1 കൊരിന്ത്യർ 13 പ്രാർത്ഥനാപൂർവ്വം ധ്യാനിക്കുക.

മൂന്നാമതായി, എല്ലാറ്റിനുമുപരി, നിങ്ങളുടെ ഹൃദയം ദൈവസ്നേഹത്തിന്‍റെ വെളിച്ചത്തിലും ഊഷ്മളതയിലും ആനന്ദിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഒരേ ജാതിയിൽ പെട്ടത് അതേ ജാതിയിൽ പെട്ടതിനെ ജനിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ അചഞ്ചലവും, വാക്കു മാറാത്തതും, ആഴമേറിയതുമായ സ്നേഹം നിങ്ങള്‍ എത്രത്തോളം കൈവശമാക്കുന്നുവോ, അത്രത്തോളം നിങ്ങളുടെ ഹൃദയം അവന്‍റെ  ജനത്തോടുള്ള സ്നേഹത്താല്‍ നിറഞ്ഞു കവിയും. സഹോദര സ്നേഹത്തെക്കുറിച്ച് ഇത്രയധികം എഴുതിയ അപ്പോസ്തലൻ തന്‍റെ  യജമാനന്‍റെ മാർവ്വിടത്തിൽ ചാരിയിരുന്നവനായിരുന്നു എന്നത് ഇതിനുള്ള ഒരു മനോഹരമായ ഉദാഹരണമാണ്. തന്‍റെ കൃപയുടെ മഹത്വത്തിനും തന്‍റെ എല്ലാ പ്രിയപ്പെട്ടവരുടെയും പ്രയോജനത്തിനും വേണ്ടി, ഈ നിയമങ്ങൾ പാലിക്കാൻ ആവശ്യമായ കൃപ ഈ എഴുത്തുകാരനും (അവനെക്കാൾ കൂടുതല്‍ ആർക്കാണ് അത് വേണ്ടത്?) വായനക്കാരനും കർത്താവ് നൽകട്ടെ.