18
ദമ്മേശേക്‍ നിന്റെ പണിത്തരങ്ങളുടെ പെരുപ്പം നിമിത്തവും സകലവിധസമ്പത്തിന്റെയും പെരുപ്പം നിമിത്തവും ഹെല്‍ബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ടു നിന്റെ വ്യാപാരി ആയിരുന്നു.
19
വെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ടു വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
20
ദെദാന്‍ കുതിരപ്പുറത്തിടുന്ന വിശിഷ്ടപടം കൊണ്ടു നിന്റെ വ്യാപാരിയായിരുന്നു;
21
അരബികളും കേദാര്‍പ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികള്‍ ആയിരുന്നു; കുഞ്ഞാടുകള്‍, ആട്ടുകൊറ്റന്മാര്‍, കോലാടുകള്‍ എന്നിവകൊണ്ടു അവര്‍ നിന്റെ കച്ചവടക്കാരായിരുന്നു;
22
ശെബയിലെയും രമയിലെയും വ്യാപാരികള്‍ നിന്റെ കച്ചവടക്കാരായിരുന്നു; അവര്‍ മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്റെ ചരക്കിന്നു പകരം തന്നു.
23
ഹാരാനും കല്നെയും ഏദെനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു.
24
അവര്‍ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതെപ്പുകളും പരവതാനികളും ബലത്തില്‍ പിരിച്ച കയറുകളും നിന്റെ ചരക്കിന്നു പകരം തന്നു.
25
തര്‍ശീശ് കപ്പലുകള്‍ നിനക്കു ചരകൂ കൊണ്ടു വന്നു; നീ പരിപൂര്‍ണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീര്‍ന്നു.
26
നിന്റെ തണ്ടേലന്മാര്‍ നിന്നെ പുറങ്കടലിലേക്കു കൊണ്ടു പോയി; കിഴക്കന്‍ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.
27
നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പല്‍ക്കാരും മാലുമികളും ഔരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകല യോദ്ധാക്കളും നിന്റെ അകത്തുള്ള സര്‍വ്വജനസമൂഹത്തോടും കൂടെ നിന്റെ വീഴ്ചയുടെ നാളില്‍ സമുദ്രമദ്ധ്യേ വീഴും.
28
നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പല്‍കൂട്ടങ്ങള്‍ നടുങ്ങിപ്പോകും.
29
തണ്ടേലന്മാരൊക്കെയും കപ്പല്‍ക്കാരും കടലിലെ മാലുമികള്‍ എല്ലാവരും കപ്പലുകളില്‍നിന്നു ഇറങ്ങി കരയില്‍ നിലക്കും.
30
അവര്‍ കൈപ്പോടെ ഉറക്കെ നിലവിളിച്ചു തലയല്‍ പൂഴി വാരിയിട്ടു ചാരത്തില്‍ കിടന്നുരുളുകയും
31
നിന്നെച്ചൊല്ലി മൊട്ടയടിച്ച രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടെ കരകയും ചെയ്യും.
32
തങ്ങളുടെ ദുഃഖത്തില്‍ അവര്‍ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു വിലപിക്കുന്നതുസമുദ്രമദ്ധ്യേ നശിച്ചുപോയ സോരിനെപ്പോലെ ഏതൊരു നഗരമുള്ളു?